'കുട്ടിക്കാലത്ത് ഖബറുകള്‍ കാണുന്നത് എനിക്ക് ഭയമായിരുന്നു. ദൈവത്തിന്റെ കറുത്ത ഉമ്മകളാണ് ഒരോ ഖബറുകളുമെന്ന് അന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. കാരണം എന്റെ മനസ്സില്‍ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപംകൊണ്ടത് ദൈവത്തിലൂടെയാണ്. അന്തരീക്ഷത്തിലൂടെയും തീയിലൂടെയും കടലിലൂടെയുമൊക്കെ  ചുറ്റിത്തിരിയുന്ന ദൈവം പെട്ടെന്ന് ഒരു ദിവസം മനുഷ്യരെ വിഴുങ്ങുന്നു. അങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പൊടുന്നനെ ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്നു. അതാണ് മരണം. പപ്പയുടെ മരണശേഷമാണ് എന്റെ മനസ്സില്‍ അങ്ങനെയൊക്കെയുള്ള ചില ചിന്തകള്‍ രൂപപ്പെട്ടത്.

To advertise here,

മരണത്തിനും ജീവിതത്തിനുമിടയിലെ കുഞ്ഞാടുകളെ പോലെ ആദ്യമായി പപ്പയുടെ ഖബറ് കാണാന്‍ പോയ ദിവസം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതൊരു കറുത്ത ദിവസമായിരുന്നു. ആദ്യമായാണ് ഞാന്‍ ശ്മശാനഭൂമി കാണുന്നത്. 'ദാ അവിടെയാ ഇക്കാടെ ഖബറ് 'ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സലാം മാമ ഖബര്‍ കാണിച്ചു തന്നു. ജീവിച്ചിരുന്നവരുടെ അസ്ഥികളും ആകാംക്ഷകളും സ്വപ്നങ്ങളുമൊക്കെ അടക്കം ചെയ്ത ആറടി മണ്ണ്. പപ്പ ഇവിടെയാണോ?
ഇനി എപ്പോഴെങ്കിലും വരുമോ?'' ഒരു കുഞ്ഞ് പെണ്‍കുട്ടി തന്റെ സംശയങ്ങള്‍ കാറ്റിനോട് ചോദിച്ചു. കുഞ്ഞിന്റെ കണ്ണിലെ നീര്‍ത്തുള്ളികള്‍ കണ്ടാവണം കാറ്റ് മണ്ണിനോട് കുഞ്ഞിന്റെ ചോദ്യം ആവര്‍ത്തിച്ചു.

Also Read

മണ്ണാകട്ടെ നിശബ്ദമായി കുഞ്ഞിന്റെ പാദങ്ങള്‍ നന്നേ തണുപ്പിച്ച് മറുപടി പറഞ്ഞു. 'നിന്റെ പപ്പ ഒരിക്കലും വരില്ലല്ലോ കുഞ്ഞേ'. പാപത്തിന്റേയും ജന്മത്തിന്റേയുംഅനന്തമായ വഴികള്‍ വിചാരണയ്ക്ക് വെക്കുന്ന സ്ഥലമാണ് ഖബറുകള്‍ എന്ന്  ആ പെണ്‍ക്കുട്ടിക്ക് അന്ന് അറിയുമായിരുന്നില്ല. ഖബറിന് മുന്‍പില്‍ തിരി കത്തിച്ച് വച്ച് യാസീനോതി പ്രാര്‍ഥിച്ച് തിരിച്ച് മടങ്ങുമ്പോള്‍ ഉമ്മിച്ച തേങ്ങിക്കരയുന്നുണ്ടായിരുന്നു.

വിളറിയ പച്ചനിറം പോലെ കാണപ്പെട്ട ആ പള്ളിപ്പറമ്പ് പിന്നീട് എനിക്ക് ഭയമായിരുന്നു. അവിടേക്ക് പോകാന്‍ മടിച്ചു. കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍ ഉള്‍പ്രേരണയാല്‍ പപ്പയുടെ ഖബറ് തേടി വീണ്ടും പള്ളിമുറ്റത്തേക്ക് പോയി. പള്ളിപ്പറമ്പ് അപ്പോഴേക്കും ആകെ മാറിയിരുന്നു. കാട് കയറി ഇരുണ്ടുകിടന്ന പള്ളിപ്പറമ്പ്. പേര് മാഞ്ഞ് തുടങ്ങിയ മീസാന്‍ കല്ലുകള്‍. പപ്പയുടെ ഖബറിന് പ്രത്യേകിച്ച് അടയാളമൊന്നും ഇല്ലാതിരുന്നതിനാല്‍ എവിടെയാണ് ഖബറെന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയാതെ കണ്ണടച്ച് നിന്ന് പ്രാര്‍ഥിച്ചപ്പോള്‍, പണ്ട് ഒരു കുഞ്ഞുപെണ്‍കുട്ടി കാറ്റിനോട് ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും അന്തരീക്ഷത്തില്‍ അലയടിക്കുന്നത് പോലെ തോന്നി. പപ്പ ഇവിടെ തന്നെയാണോ ഇപ്പോഴും? ആദിയും അന്തവുമില്ലാത്ത ഒരു ചോദ്യമാണല്ലോ അത്. 'ഹേയ് നിനക്കറിയില്ലേ, ഒടുക്കമില്ലാത്ത തുടര്‍ച്ചയാണ് മരണം'. ഒരോ ഖബറുകളും അന്ന് എന്നോട് മിണ്ടുന്നത് പോലെ തോന്നി. എന്തുകൊണ്ടോ ആ പള്ളിപ്പറമ്പ് പിന്നീടും ഭയങ്കരമായ ഒരു അസ്വസ്ഥതയായി എന്നെ പിന്തുടര്‍ന്നു. എല്ലാ തരത്തിലുമുള്ള ഭയം പരിചിതമായിട്ടും മരണത്തിന്റെ കനപ്പെട്ട ഭയം ഇരുള്‍ പോലെ എന്നെ മൂടിനിന്നു.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇന്ന് എന്റെ വീടിന്റെ ഒരു മതിലിനപ്പുറം ശ്മശാനഭൂമിയാണ്. എന്നെ വിവാഹം കഴിച്ച് കൊണ്ടുവരുമ്പോള്‍ തരിശായിക്കിടന്ന സ്ഥലമാണ്. കാലക്രമേണ അവിടെ ഒരു ചെറിയ പള്ളി വന്നു. വളരെ വേഗം പള്ളി വളര്‍ന്നു. പള്ളിക്ക് ചുറ്റുമുണ്ടായിരുന്ന വീടും വസ്തുക്കളും ഒന്നൊന്നായി വാങ്ങി പള്ളിപ്പറമ്പാക്കി നിരത്തിയിട്ടു. വവ്വാക്കാവിലെ സുപ്രധാനമായ ഒരു പള്ളിയായി ഇന്നറിയപ്പെടുന്ന കടത്തൂര്‍ മസ്ജിദ്  ശ്മശാനഭൂമിയായി കൂടി മാറിയതോടെ ഖബറുകള്‍ വര്‍ദ്ധിച്ച് വന്നു. ഒരു ചിരിക്കപ്പുറം മാഞ്ഞുപോയ ധാരാളം മനുഷ്യര്‍ മണ്‍കൂനകള്‍ക്കിടയില്‍ ഉറങ്ങുന്നത് ഒരു മതിലനപ്പുറം നിന്ന് കാണുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ പല തരത്തില്‍ എന്നിലേയ്ക്ക് കടന്നുവന്നു. 'എന്റെ ഭാര്യക്കുള്ള മരുന്നാ, ഡോസ് കറക്ട് തന്നല്ലേ'?  ഭാര്യയുടെ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്ന ഭര്‍ത്താവിന്റെ ഖബര്‍ കുഴിക്കുമ്പോള്‍ മഴ പെയ്തിരുന്നു. മുകളില്‍ ടാര്‍പ്പായ വലിച്ചുകെട്ടിയാണ് കുഴി തോണ്ടിയത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുന്‍പ് ഊര്‍ജ്ജസ്വലനായി എന്റെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ മനുഷ്യനാണ്. അങ്ങനെ എത്രയെത്ര പരിചിത മുഖങ്ങള്‍. എന്ത് കൊണ്ടോ ആ ഖബറുകളൊന്നും എന്നെ ഭയപ്പെടുത്തിയില്ല. പള്ളിപ്പറമ്പും ഒരു പൂന്തോട്ടം പോലെ തോന്നിപ്പിച്ചു. ഖബറുകളുടെ തലക്കലും കാല്‍ച്ചുവട്ടിലും പല പല വൃക്ഷങ്ങള്‍, ചന്ദനവും ആത്തയും മാവും തുളസിയും റോസും ചെമ്പകവുമൊക്കെ ഖബറുകള്‍ക്ക് തണലായി വിരിഞ്ഞ് നിന്നു. പൂത്തും കായ്ച്ചും നില്‍ക്കുന്ന വ്യക്ഷങ്ങള്‍ക്കും ചെടികള്‍ക്കുമൊക്കെ ഇടയില്‍ സ്വസ്ഥമായി ഉറങ്ങുന്നവര്‍. എങ്ങും കിളികളുടെ കലപിലകള്‍. ഒറ്റ നോട്ടത്തില്‍ ഒരു പൂന്തോട്ടമെന്ന് തോന്നിപ്പിക്കുന്ന ശ്മശാനഭൂമി. അര്‍ദ്ധരാത്രിയിലും വീട്ടിലേക്കുള്ള വഴി അതിരിടുന്ന ശ്മശാനഭൂമിയെ നോക്കി യാതൊരു ഭയവുമില്ലാതെ നടന്ന് പോയിട്ടുണ്ട്. അത്രയ്ക്കും ശാന്തത. ജീവിച്ചിരിക്കുന്നവരേക്കാളധികം മരിച്ചവരിലുള്ള വിശ്വാസം കൂടിയാണ് എന്റെ ഭയമില്ലായ്മയുടെ കാരണങ്ങളില്‍ ഒന്ന്.

എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു സ്വപ്നം വീണ്ടും ഖബറുകളുടെ ഭയം വര്‍ദ്ധിപ്പിച്ചു. അത് അടുത്ത സമയത്ത് മരണപ്പെട്ട ഒരു സ്ത്രീയുടെ ഖബറായിരുന്നു. വാതില്‍ക്കല്‍ ഒരു മുട്ട് കേള്‍ക്കുന്നു. ഉറക്കപ്പിച്ചോടെ ചെന്ന് ഞാന്‍ വാതില്‍ തുറന്നു. 'ദാഹിക്കുന്നു കുറച്ച് വെള്ളം താ'. പുറംതിരിഞ്ഞ് നിന്ന് ഒരു സ്ത്രീ ചോദിക്കുന്നു. നിറം മങ്ങിയ വസ്ത്രം. മുടിപ്പുതച്ചാണ് നില്‍പ്പ്. 'ഈ രാത്രിയില്‍ നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്'? ചോദ്യം കേട്ടതായി ഭാവിക്കാതെ സ്ത്രീ മുഖം വ്യക്തമാകുന്ന രീതിയില്‍ എനിക്ക് നേരെ തിരിഞ്ഞു. മുഖത്തിന് പകരം തിളങ്ങുന്ന നാല് കണ്ണുകള്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ചുറ്റിനും ആഴത്തിലുള്ള കുഴി. നാവനക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ ഖബറുമായി ബന്ധപ്പെട്ട് ചില സംസാരങ്ങള്‍ ഞാന്‍ കേട്ടിരുന്നു. വിവാഹം കഴിക്കാതെ മറ്റൊരു മതത്തില്‍ പെട്ട പുരുഷനോടൊത്തായിരുന്നു സ്ത്രീയുടെ ജീവിതം. ഏറെ വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് ജീവിച്ചു. കുട്ടികളുണ്ടായില്ല. സ്ത്രീ അസുഖബാധിതയായി. കുറച്ച് നാള്‍ ഒപ്പം ജീവിച്ച പുരുഷന്‍ അവരെ ശുശ്രൂഷിച്ചു, പിന്നീട് അയാളെക്കുറിച്ചും വിവരമില്ലാതായി. ആരോഗ്യസ്ഥിതി വളരെ മോശമായപ്പോള്‍ സഹോദരിമാരുടെ സംരക്ഷണയില്‍ അവര്‍ കഴിഞ്ഞു, കുറച്ച് നാളുകള്‍ക്ക് ശേഷം അവര്‍ മരണപ്പെട്ടു. അപ്പോഴാണ് അടുത്ത പ്രശ്‌നം. ജനനവും ജീവിതവും മരണവും മതവുമൊക്കെ ഒരു വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. മതം വിട്ടുപോയി മറ്റൊരു മതത്തില്‍ ജീവിച്ച വ്യക്തിക്ക് നിയമപരമായി പള്ളിക്കാട്ടിലെ ആറടി മണ്ണിന് അവകാശമില്ല. പിന്നെ എവിടെ അടക്കും? ഒടുവില്‍ പള്ളിക്കമ്മറ്റി അനുവാദം കൊടുത്തു. മയ്യത്ത് നമസ്‌കാരമില്ലാതെ സ്ത്രീയുടെ ശരീരം അടക്കം ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്ത പെണ്‍കുട്ടിയുടെ ഖബര്‍ തുറന്ന്‌ അതിലാണ് സ്ത്രീയെ അടക്കം ചെയ്തത്. അത് ശരിയോ തെറ്റോ എന്ന ചര്‍ച്ചക്കള്‍ നീണ്ടു. ആ ഖബറിനെക്കുറിച്ചുള്ള ഒരോ ചര്‍ച്ചയും മനസ്സില്‍ വീണ്ടും ഭയത്തിന്റെ വിത്തുകള്‍ പാകി. അടുത്തടുത്ത് വരുന്ന ട്രെയിനിന്റെ ചൂളംവിളി. പാളത്തിലേക്ക് തല ചേര്‍ത്തുവെച്ച് കിടക്കുന്ന പെണ്‍കുട്ടി. വേര്‍പെട്ട ഉടല്‍. അവളോട് ചേരാന്‍ എങ്ങുനിന്നോ വന്ന് ചേര്‍ന്ന് സ്ത്രീ. കുറച്ച് ദിവസങ്ങള്‍ വേണ്ടിവന്നു ആ ഭയത്തില്‍ നിന്നും മുക്തി നേടാന്‍. മറവിയുടെ ഒരു വാതിലിലൂടെ ആ സ്ത്രീയും പെണ്‍കുട്ടിയും പതുക്കെ അപ്രത്യക്ഷയായി. കരിയിലക്കിളികള്‍ കൂട്ടത്തോടെ പറന്നിറങ്ങി ശ്മശാനഭൂമിയാകെ പാറി നടക്കുന്നു. മരണവും ജീവിതവും എന്തെന്നറിയാതെ.