രുപതോളം കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആളാണ് ഞാന്‍. കുത്തിയും തുളച്ചും ഇളക്കിവിട്ട രക്തത്തുള്ളികള്‍ തെറിച്ച് വീണ എന്റെ കൈപ്പത്തികള്‍ ഓര്‍മകളുടെ ശ്മശാനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വന്ന്, പാമ്പിനെ പോലെ പത്തിവിടര്‍ത്തിയാടി  എത്രയോ പ്രാവശ്യം എന്നെ ആഞ്ഞ് കൊത്തിയിട്ടുണ്ട്. കൊത്തിയരിഞ്ഞിട്ട തലച്ചോറും കൈകളും കാലുകളുമൊക്കെ ഒരു പുകച്ചുരുളായി വളഞ്ഞു പുളഞ്ഞ് വന്ന് താഴേയ്ക്കും മേലേയ്ക്കും എന്നെ എറിഞ്ഞു  കളിച്ച് എത്രയോ പ്രാവശ്യം വിചാരണ ചെയ്തിട്ടുണ്ട്. ഹൃദയം നടുക്കുന്ന ആ സംഭവങ്ങള്‍ നടന്നത് എനിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ കെല്പില്ലാതിരുന്ന ഞാന്‍ രക്തക്കട്ടകളുടെ നടുക്ക്, തണുത്ത് വിറങ്ങിലിച്ചിരുന്നതും മുഖമില്ലാത്ത ഉടലുകള്‍ രക്തക്കഷ്ണങ്ങളായി ദേഹമാകെ പറ്റിപ്പിടിച്ചിരുന്നതും, ആ ഭാരവും ചുമന്ന്  വീട്ടിലേക്ക് വാടിത്തളര്‍ന്നെത്തിയതും. ശരീരത്തില്‍ പറ്റിപ്പിടിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ട്  എന്നെ വീടിനകത്തേക്ക് കയറ്റാതിരുന്നതും, ലൈഫ്‌ബോയ് സോപ്പിട്ട് തേച്ച് കുളിച്ച് രക്തപ്പാടുകള്‍ കഴുകിക്കളഞ്ഞെന്ന് ഉറപ്പ് വരുത്തിയിട്ട്  വീട്ടിലേക്ക് കയറാന്‍ അനുവദിച്ചതുമൊക്കെ ഇന്നലെ നടന്ന സംഭവങ്ങള്‍ പോലെ എന്റെ മനസില്‍ ഒരു നടുക്കമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

To advertise here,

ഞാന്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന കാലം. ഇനിയെന്ത് പഠിക്കണം, എവിടെ പഠിക്കണം എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ലാതെ, ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴാണ് നഴ്‌സിങ്ങോ ഫാര്‍മസിയോ പഠിപ്പിക്കാം എന്നൊരു ചിന്ത ഉമ്മിച്ചയില്‍ ഉടലെടുക്കുകയും എനിക്കും ആ മേഖലയിലൊരു താത്പര്യം തോന്നുകയും ചെയ്തത്. എന്നാല്‍, ആ കോഴ്‌സുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് വളരെയേറെ പണം ആവശ്യമായി വരുമെന്നറിഞ്ഞ് മറ്റെന്തെങ്കിലും പഠിക്കാം എന്ന തീരുമാനത്തില്‍ എത്തിയെങ്കിലും അപ്പോഴേക്കും കോളേജുകളിലൊക്കെ അഡ്മിഷനെടുക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ ഒരു വര്‍ഷം മറ്റെന്തിനെങ്കിലും വേണ്ടി ചെലവഴിക്കാം എന്ന തീരുമാനമെടുത്ത് നഗരത്തിലുള്ള ആശുപത്രിയിലേക്ക് ഒരു വര്‍ഷ നഴ്‌സിങ് പഠനത്തിനായി ഞാന്‍ പോയിത്തുടങ്ങി.

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ്ങ് പഠനത്തിന് എന്നെ കൂടാതെ നാല് പെണ്‍കുട്ടികളുമുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലന്നറിഞ്ഞിട്ടും കുറച്ചുനാള്‍ അവിടെ നിന്ന് പണി പഠിച്ചെടുത്താല്‍ അതേ സ്ഥാപനത്തില്‍ തുച്ഛമായ ശമ്പളത്തിലാണെങ്കിലും ജോലി കിട്ടും എന്നത് മാത്രമായിരുന്നു, തിയറി ഇല്ലാതെ പ്രാക്ടിക്കല്‍ മാത്രമുള്ള ആ വെറുതെ പഠിക്കല്‍ കോഴ്‌സിന്റെ ഏക ഗുണം. അഞ്ച് പേരില്‍ ഞാന്‍ മാത്രമായിരുന്നു സയന്‍സ് പഠിച്ചതും പാസായതും. മറ്റ് നാല് പേരും തേര്‍ഡ് ഗ്രൂപ്പില്‍ ജയിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു മേഖല തിരഞ്ഞെടുത്തതെന്ന് കോട്ടണ്‍ ചുരുട്ടി ബോളുകളാക്കി ടിന്നില്‍ നിറയ്ക്കുന്നതിനിടയിലൊരു നിരാശയോടെ പറഞ്ഞു. 

ജസീന റഹീം എഴുതിയ മറുപുറം കോളം വായിക്കാം.

ഗുരുകുല വിദ്യാഭ്യാസ കാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആശുപത്രി ദിനങ്ങള്‍. പഠനകാലത്തിന്റെ തുടക്കത്തില്‍ തന്നെ പകലും രാത്രിയും മാറി മാറി നിന്ന് പല ജോലികളും ചെയ്യേണ്ടി വന്നു. കണ്‍സള്‍ട്ടിങ് റൂമുകളിലെ ഫ്‌ളവര്‍ വേസില്‍ എല്ലാ ദിവസവും രാവിലെ ഇലയോ പൂക്കളോ നിറച്ച് അലങ്കരിക്കല്‍. ഒ.പിയുടെ വാതില്‍ക്കല്‍ നിന്ന് പേഷ്യന്റ്‌സിന്റെ പേരു വിളിച്ച് നമ്പര്‍ അനുസരിച്ച് അകത്തേയ്ക്ക് കടത്തിവിടല്‍. ഡോക്ടര്‍മാര്‍ വാര്‍ഡുകളിലേക്ക് റൗണ്ട്‌സിനായി പോകുന്ന നേരങ്ങളില്‍ അതിനുവേണ്ടി സജ്ജമായിരിക്കാന്‍ ഒരോ റൂമിന്റെ വാതില്‍ക്കലും ചെന്ന് മുട്ടിവിളിച്ചറിയിക്കുകയും കിടക്കവിരികള്‍ ഭംഗിയായി വിരിച്ചിടുകയും ചെയ്യല്‍. ലേഡീ ഡോക്ടറുടെ കാര്‍ ആശുപത്രി വളപ്പിലെത്തുമ്പോള്‍ കാറില്‍ നിന്നും ചായ നിറച്ച ഫ്‌ളാസ്‌ക്ക് ഉള്‍പ്പടെയുള്ള ബാഗ് എടുത്ത് കണ്‍ട്ടള്‍ട്ടിങ് റൂമിലേക്ക് ഡോക്ടറെ ആനയിക്കല്‍, എനിമാ ലായനി തയ്യാറാക്കല്‍ തുടങ്ങിയ പുറംപണികളാണ് ഏറെയും ചെയ്തിരുന്നതെങ്കിലും പ്രസവ റൂമിലും ഓപ്പറേഷന്‍ തീയേറ്ററിലുമൊക്കെ ഒപ്പം നില്‍ക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. ഒരു കെട്ടിടത്തില്‍ തന്നെ രണ്ട് നിലകളിലായിട്ടാണ് ഒപി, ഐപി വിഭാഗങ്ങളും ഓപ്പറേഷന്‍ തീയേറ്ററും പ്രസവമുറിയുമൊക്കെ പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികളുടെ വിഭാഗവും  ഗൈനക്കോളജിയുമാണ് അവിടെ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നതെങ്കിലും  
ഒരുവിധം എല്ലാ അസുഖങ്ങള്‍ക്കും ചികിത്സ തേടി അവിടെ ആള്‍ക്കാര്‍ വന്നിരുന്നു.

യൂണിഫോം നിര്‍ബന്ധമല്ലാതിരുന്ന പഠനകാലത്തിന്റെ തുടക്കത്തില്‍ കളര്‍ വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെത്തിയ എന്നെ പലരും ഡോക്ടറുടെ മകളായി തെറ്റിദ്ധരിക്കുകയും സിസ്റ്റര്‍മാര്‍ക്കൊപ്പം വാര്‍ഡുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ മകളെന്ന പരിഗണനയോടുകൂടിയുള്ള ആശ്ചര്യനോട്ടം എന്നിലേക്ക് നീളുകയും ചെയ്യുന്നത് പതിവായപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ഒരു ഭാരം ചുമക്കുന്നത് പോലെ എന്റെ ചുമലുകള്‍ കുനിഞ്ഞു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നോണം യൂണിഫോമിലേക്കുള്ള ഒരു മാറ്റം ആഗ്രഹിച്ച് ഒരു ദിവസം കണ്‍സള്‍ട്ടിങ് കഴിഞ്ഞ നേരം നോക്കി ലേഡീ ഡോക്ടറുടെ മുന്നില്‍ ചെന്ന് വിക്കി വിക്കി സാരി എന്ന ആഗ്രഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. 'നിനക്ക് സാരിയോ?'. എന്നൊരു പരിഹാസച്ചിരിയോടെ ഡോക്ടര്‍ എന്നെ കളിയാക്കിവിട്ടെങ്കിലും രണ്ട് ദിവസത്തിനുശേഷം വാര്‍ഡിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം റൗണ്ട്‌സിന് പോയപ്പോള്‍ 'ഇത് മകളാണോ' എന്ന ചോദ്യം അവര്‍ക്കും നേരിടേണ്ടി വന്നതിന്റെ പിറ്റേ ദിവസം സാരിയുടുത്ത് ജോലി ചെയ്യാനുള്ള അനുമതി എനിക്ക് ലഭിച്ചു. ആദ്യമായി വെള്ളസാരിയും  നീല ബ്ലൗസുണിഞ്ഞ് കണ്ണാടിയിലൂടെ എന്നെ കണ്ട ദിവസം യഥാര്‍ഥ സ്വത്വം തിരിച്ചുകിട്ടിയത് പോലെ ആശ്വസിച്ച്, ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പല പ്രാവശ്യം ഞാന്‍  വെറുതെ നടന്നു.

ആണ്‍ ഡോക്ടറുടെ ഒ.പി യില്‍ മിക്കപ്പോഴും എനിക്ക് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഭാര്യ ഗൈനക്കോളജിസ്റ്റ് ആയതിനാല്‍ പേഷ്യന്റ്‌സിനെ കിട്ടാന്‍ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഒ.പി യിലെ തിരക്കും വര്‍ധിച്ച് കൊണ്ടിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ കുട്ടികളുടെ വിഭാഗത്തില്‍ നല്ല തിരക്കുണ്ടാവും. കണ്‍സള്‍ട്ടിങ് റൂമില്‍ മണിക്കൂറുകളോളം നിന്ന് കാല് വല്ലാതെ വേദനിച്ചാലും ഇരിക്കാന്‍ കഴിയാതെ അസ്വസ്ഥതകളുടെ മൂര്‍ദ്ധന്യത്തില്‍  ചിലപ്പോഴൊക്കെ ഒരു കല്ലായി ഉരുണ്ടുപോകുന്നത് പോലെ കാലുകള്‍ എനിക്ക് വഴങ്ങാതെ നിന്നു. ആശുപത്രി ജീവനക്കാരുടെ മുന്നില്‍ എപ്പോഴും കൃത്യമായ അകലം പാലിച്ച് ഗൗരവത്തിന്റേയും ധാര്‍ഷ്ട്യത്തിന്റെയുമൊക്കെ കനത്ത ആവരണം ചൂടിനിന്ന ഡോക്ടര്‍ രോഗികളുടെ മുന്നില്‍ ഏറ്റവും മികച്ച ഡോക്ടറായി പ്രശംസ പിടിച്ചുപറ്റി.  കുഞ്ഞുങ്ങളെ പരിശോധിക്കുന്ന സമയത്ത് ഓരോരുത്തരുടേയും പേരെടുത്ത് വിളിക്കുകയും വളരെ ക്ഷമയോടെ അവര്‍ക്ക് മുന്നില്‍ സമയം ചെലവഴിക്കുകയും ചെയ്തു. മാതാപിതാക്കളുമായും വളരെ അടുത്ത ബന്ധം സൃഷ്ടിച്ചെടുത്ത ഡോക്ടറുടെ പ്രകൃതം, തന്റെ രോഗിയായ് വരുംകാലങ്ങളിലേക്കും ആ ബന്ധം ഊട്ടിയുറപ്പിച്ച് വെക്കാന്‍ സഹായിക്കുന്നതായിരുന്നു.

കൂടുതൽ പ്രീമിയം ലേഖനങ്ങളും കോളങ്ങളും വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

ഒരു ദിവസം മഞ്ഞപിത്തത്തിന്റെ വാക്‌സിനെടുക്കാനായി ഒരു കുഞ്ഞിനെയും കൊണ്ട് അമ്മ ഒപിയിലേക്ക് വന്നു. ഇരുന്നുറ്റി അന്‍പത് രൂപ എന്നെ ഏല്‍പ്പിച്ച് ആശുപത്രിക്ക് തൊട്ട് മുന്നിലുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനായി ഡോക്ടര്‍ എന്നെ പറഞ്ഞയച്ചു. ഇന്‍ജക്ഷന്‍ എടുക്കാനായി സഹായിക്കലും എന്റെ ജോലിയില്‍ പെടുന്നതായത് കൊണ്ട് അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന്റെ കാലുകള്‍ ഇന്‍ജക്ഷന്‍ എടുക്കാനായി അമര്‍ത്തിപ്പിടിച്ച് കൊടുത്തു. എന്നാല്‍ കുഞ്ഞ് കുതറി കരഞ്ഞതോടെ സിറിഞ്ചില്‍ കയറ്റിയ മരുന്നത്രയും പുറത്തേക്ക് തെറിച്ചു പോയി. വീണ്ടും ഇരുന്നൂറ്റി അന്‍പത് രൂപ മരുന്ന് വാങ്ങാനായി എനിക്ക് നേരെ നീട്ടിയപ്പോള്‍ ഡോക്ടര്‍ പല്ല് ഞെരിക്കുന്നത് കണ്ട് ഞാന്‍ ഭയപ്പെട്ടു. ഈ പ്രാവശ്യം കുറച്ച് ശക്കിയോടെ ആ കുഞ്ഞ് കാലുകള്‍ ഒതുക്കി വെക്കാന്‍ ഞാന്‍ സഹായിച്ചെങ്കിലും ഡോക്ടറുടെ കണ്ണുകളിലെ കോപം കണ്ട് എന്റെ ശരീരം വിറച്ചു. ഇന്‍ജക്ഷന്‍ കഴിഞ്ഞ് അവര്‍ പുറത്തേക്ക് പോയതും ബാസ്റ്റര്‍ഡ് എന്ന വിളിയോടെ ഡോക്ടര്‍ കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ് ദേഷ്യം തീരുന്നത് വരെ എന്നെ വഴക്ക് പറഞ്ഞ് കൊണ്ടിരുന്നു. പഠിക്കാനായി നില്‍ക്കുന്നത് കൊണ്ട് ശമ്പളമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍, ഇരുന്നുറ്റി അന്‍പത് രൂപയുടെ ചുമതല ഞാന്‍ ഏല്‍ക്കണമെന്ന് കൂടി ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ ലേഡീ ഡോക്ടര്‍ ഇടപെട്ട് ആ പ്രശ്‌നം പരിഹരിച്ചു. പക്ഷേ, ബാസ്റ്റര്‍ഡ് എന്ന വിളി കുപ്പിച്ചില്ലുകള്‍ കുത്തിക്കയറുന്നത് പോലെ എന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറി രക്തം വാര്‍ന്നു. എന്റെ ഓര്‍മയില്‍ ഇല്ലാത്ത പപ്പ മരിച്ചിട്ടും ജീവിക്കുന്നു എന്ന വിശ്വാസം കൊണ്ട് കൂടി ജീവിക്കാന്‍ ശ്രമിക്കുന്ന സമയത്ത് തന്ത ഇല്ലായ്മ എന്ന വാക്കിന്റെ കാഠിന്യത്താല്‍ ഞാന്‍ ഇല്ലാതായിത്തീരുന്നത് പോലെയും എന്റെ നെറുകയില്‍ നിന്നും അഗ്‌നി ആളുന്നത് പോലെയുമൊക്കെ എനിക്ക് തോന്നി. ഏതവസ്ഥയിലും സമരസപ്പെട്ട് മുന്നോട്ട് പോകാനുള്ള കഴിവ് ഇതിനോടകം ആര്‍ജിച്ചിരുന്നതിനാല്‍ ആ കറുത്ത ദിനത്തെയും ഞാന്‍ മറികടന്നെങ്കിലും പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ ഒരു വട്ടപ്പൂജ്യം പോലെ എന്റെ മുന്നിലും മനസ്സിലും  അദ്ദേഹത്തിന്റെ മുഖം തീരെ ഇല്ലാതായിത്തീർന്നു.

ഗൈനക്കോളജി വിഭാഗം പലപ്പോഴും ഗര്‍ഭാശയം പോലെ തന്നെ നിഗൂഢമായ രഹസ്യങ്ങള്‍ ആഴ്ന്നിറങ്ങിയ,  ഇടുങ്ങിയ ഒരിടമായിരുന്നു. മിക്ക ദിവസങ്ങളിലും ലേബര്‍ റൂമില്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീണു. 
അതിനോടൊപ്പം തന്നെ  പലപ്പോഴും ആവേശം നിറഞ്ഞ വിയര്‍പ്പിന്റെ പരിസമാപ്തിയെന്നത് പോലെ സ്പന്ദിച്ച് തുടങ്ങിയ ഭ്രൂണങ്ങളെ ചോരച്ചാലുകളായി ഒഴുക്കിവിട്ടു. ജീവിതത്തിന്റെയും മരണത്തിന്റെയും രക്ത നൂലുകള്‍ കെട്ടുപിണഞ്ഞ് കിടന്ന മുറിയില്‍ കട്ടി ചുകപ്പ് പൂക്കളെ പോലെ ചിതറിത്തെറിച്ച് വീണ കുഞ്ഞുങ്ങള്‍ രക്തോന്‍മാദമായി മനുഷ്യായുസിലേക്ക് ഒഴുകിപ്പടര്‍ന്നു. വെറുമൊരു ഓര്‍മയായി പോലും അവശേഷിക്കാതെ മണ്ണിലേക്ക് ഒഴുക്കിവിട്ട രൂപം വെക്കാത്ത ജീവന്റെ കണികകളാണ് ആകാശത്തിലെ ഇടി മിന്നലുകളെന്ന് ഞാനന്ന് വിശ്വസിച്ചിരുന്നു.

ആശുപത്രിയിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അബോര്‍ഷന്‍ ആവശ്യപ്പെട്ട് വന്ന യുവതിക്കൊപ്പം ലേഡീ ഡോക്ടര്‍ ലേബര്‍ റൂമിലേക്ക് പോകുമ്പോള്‍ എന്നെയും ഒപ്പംകൂട്ടി. പൊക്കമുള്ള ഇരുമ്പ് കട്ടിലില്‍ മലര്‍ന്ന് കിടന്ന യുവതിയുടെ അരികിലായി അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഒരു സ്റ്റീല്‍ ട്രേയില്‍ നിരത്തി വെച്ചിരുന്നു. രക്തമൊഴുക്കി വിടാനായി ഒരു ഉപകരണം കടത്തിവെച്ചതിനുശേഷം ഡോക്ടര്‍ എന്നെ അങ്ങോട്ടേക്ക് വിളിച്ചതോടെ എന്റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. പതിവ് കാഴ്ച്ചയ്ക്കപ്പുറം യാതൊരു ഭാവഭേദവുമില്ലാതെ ഒരോ ജോലികളില്‍ വ്യാപ്രതരായിരുന്ന നഴ്‌സുമാരും ഫോര്‍സെപ്‌സെടുത്ത് പണിക്ക് തുടക്കമിട്ട ഡോക്ടറുമൊക്കെ എന്റെ പരിഭ്രാന്തി കണ്ട് അടക്കി ചിരിച്ചു. കോലുപോലെയുള്ളരണ്ട് സ്റ്റീല്‍ ഉപകരണങ്ങളിലൊന്ന് ഗര്‍ഭാശയത്തിലേക്ക് കടത്തി ജീവന്റെ തുടുപ്പിനെ ഇളക്കി മാറ്റുകയും മറ്റൊന്ന് കൊണ്ട് അതിനെ തോണ്ടി പുറത്തേക്ക് കളയുകയും ചെയ്തു. ഒരേ താളത്തിലുള്ള ആ പ്രവൃത്തി കുറച്ച് സമയം നീണ്ടുനിന്നു. ജീവന്‍ ഏറ്റുവാങ്ങുന്ന അതേ കൈകള്‍ കൊണ്ട് ജീവനെ ഇല്ലാതാക്കുന്നതിലെ വൈദഗ്ദ്ധ്യം കണ്ട് അമ്പരന്ന് ഉപകരണവും പിടിച്ച് തറയില്‍ കുന്തിച്ചിരുന്ന എന്റെ കൈകളിലും മുഖത്തുമൊക്കെ രക്തത്തുള്ളികള്‍ തെറിച്ച് വീണു. താഴെ വെച്ച ബക്കറ്റിലേക്ക് ഒഴുകി വീണ രക്തച്ചാലിന്റെ രൂക്ഷഗന്ധവും ഭയപ്പെടുത്തുന്ന ആ കാഴ്ച്ചയുമൊക്കെ കണ്ട് ശരീരം കുഴഞ്ഞ് ഞാന്‍ വീണു. ശരീരമാകെ തെറിച്ച് വീണ രക്തവുമായി ലേബര്‍ റൂമിലെ കട്ടിലിലേക്ക് എല്ലാവരും ചേര്‍ന്ന് എന്നെ പിടിച്ച് കിടത്തി അല്‍പനേരം കഴിഞ്ഞ് ഞാന്‍ സാധാരണ നിലയിലായെങ്കിലും ഒരു കുഞ്ഞിന്റെ കരച്ചില്‍ പിന്തുടരുന്നതായി എനിക്ക് തോന്നി. പക്ഷേ,  ലേഡീ ഡോക്ടര്‍ ആ സംഭവത്തെ നിസാരവത്ക്കരിച്ച്  നഴ്‌സിങ് പഠനത്തിന് ഇതും അത്യന്താപേഷിതമാണന്ന്  പറഞ്ഞു. പിന്നെയും ഒരോ അബോര്‍ഷന്‍ നടക്കുമ്പോഴും യോനീ കവാടത്തിന്റെ കാവല്‍ക്കാരിയെ പോലെ ആ ഉപകരണവുമായി എന്നെ മുന്നിലിരുത്തി.

ഒരിക്കല്‍ അഞ്ച് മാസം പൂര്‍ത്തിയായ ഗര്‍ഭം കളയാന്‍ വേണ്ടി ഒരു യുവതി ആശുപത്രിയിലെത്തി. അതിന് വേണ്ടി എന്തൊക്കെയോ മരുന്നുകള്‍ കഴിച്ച യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഒരു ഉച്ചസമയത്ത് ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ യുവതിയുടെ മുറിയിലുണ്ടായിരുന്ന കൂട്ടിരൂപ്പ്കാരി 'വേഗം വാ' എന്ന നിലവിളിയോടെ നഴ്‌സ്മാരുടെ റൂമിലേക്ക് ഓടിയെത്തി. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍ എന്താണ് കാര്യമെന്നറിയാന്‍ റൂമിലേക്ക് ഓടിക്കിതച്ചെത്തിയപ്പോള്‍ ഞാന്‍ കണ്ടത് നിലത്ത് യുവതിയുടെ കാലുകളോട് ചേര്‍ന്ന് വീണുകിടന്ന ഒരു കുഞ്ഞു രൂപത്തേയാണ്. ഞാന്‍ നഴ്‌സ് റൂമിലെത്തി വിവരം പറഞ്ഞപ്പോള്‍ സ്റ്റീല്‍ ട്രേയില്‍ അതിനെ എടുത്ത് കൊണ്ടുവരാന്‍ പറഞ്ഞു. കൈയും കാലും തലയുമൊക്കെയായി രൂപം പ്രാപിച്ച ആണ്‍കുഞ്ഞിനെയെടുത്ത് സ്റ്റീല്‍ ട്രേയിലേക്കിടുമ്പോള്‍ വഞ്ചന നിറഞ്ഞ ലോകത്തിനെ ആ കുഞ്ഞുടല്‍ കുറ്റവിചാരണ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. നാലാമത്തെ കുട്ടിയാണ് ഇളയ കുട്ടിക്ക് ഒരു വയസ്സായത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുമ്പോള്‍ മൂത്രമൊഴിക്കാനായി എഴുന്നേറ്റപ്പോള്‍ താഴേക്ക് വീണ ഒരിറ്റ് മൂത്രത്തുള്ളി എന്നതിനപ്പുറം യാതൊരു ഭാവഭേദവും യുവതിയുടെ മുഖത്ത് കണ്ടില്ല.

മറ്റൊരിക്കല്‍ എട്ട് മാസമായ അവിഹിത ഗര്‍ഭം കളയാന്‍ വേണ്ടി വളരെ ദൂരെയുള്ള ഏതോ സ്ഥലത്ത് നിന്നും അമ്മയും മകളും ആശുപത്രിയിലേക്ക് വന്നു. അവിവാഹിതയായ മകളുടെ ഗര്‍ഭമോര്‍ത്ത് ആധി പിടിച്ചിരുന്ന അമ്മയെ സമാധാനിപ്പിച്ച ഡോക്ടര്‍ ആ ദൗത്യവും വളരെ ഭംഗിയായി നിര്‍വഹിച്ചു കൊടുത്തു. വളരെ രഹസ്യമായെന്ന പോലെ മുകളിലത്തെ മുറിയില്‍ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്ത് എന്തൊക്കെയോ മരുന്നുകള്‍ ചെയ്തു. പിറ്റേദിവസം നഴ്‌സുമാര്‍ക്കൊപ്പം ആ മുറിയിലേക്ക് പോയപ്പോള്‍ എട്ട് മാസം വരെ അറിഞ്ഞില്ലേ എന്ന സിസ്റ്ററുടെ ചോദ്യത്തിന് പതിനേഴുകാരിയായ മകള്‍ മാസത്തില്‍ ഏഴ് ദിവസം തീണ്ടാരത്തുണി കഴുകിയിടുകയും കയ്യാല ചാടി അപ്പുറത്തെ വീട്ടിലേക്കൊക്കെ പോവുകയും ചെയ്യാറുണ്ടായിരുന്നെന്നും പിന്നെ എങ്ങനെയാണ് ഈ സംഭവം അറിയുന്നതെന്നും ചോദിച്ച് കൈമലര്‍ത്തി.
കൃത്യം രണ്ടാം ദിവസം ആ പെണ്‍കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചു. അതൊരു ആണ്‍കുഞ്ഞായിരുന്നെന്നും വേസ്റ്റിനോടൊപ്പം കുഴിച്ച് മൂടുമ്പോള്‍ ചെറിയൊരു അനക്കം പോലെ തോന്നിയെന്നും ആശുപത്രി ജോലിക്കാരി ശാന്തേച്ചി പറയുന്നത് കേട്ടപ്പോള്‍ വര്‍ഷങ്ങളായി സന്താനസൗഭാഗ്യത്തിന് കാത്തിരിക്കുന്ന വീടിന്റെ അയല്‍പക്കത്തുള്ള റംലത്തയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞ് വന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഒന്‍പതിന് മാത്രമേ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. പ്രീഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ചവര്‍ പലരും കായംകുളം എം.എസ്. എം കോളേജിലേക്ക് പോകാനായി ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ അവരെ അഭിമുഖീകരിക്കാന്‍ കഴിയാതെആശുപത്രി മണവുമായി ഉറക്കം തൂങ്ങിയ കണ്ണുകളോടെ ഞാന്‍ നിന്നു. അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ മടിച്ച് പത്ത് മണി വരെ ആ സ്റ്റോപ്പില്‍ ഞാന്‍ നിന്നിട്ടുണ്ട്. ബസ്സിലേക്ക് കയറുമ്പോള്‍ എന്നെ പൊതിഞ്ഞ് നിന്നിരുന്നതെന്ന് തോന്നിയ ദുര്‍ഗന്ധം മറ്റുള്ളവരിലേക്കെത്തുമോ എന്ന് ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. അങ്ങനെ കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ഒളിച്ചോട്ടം പോലെ ആശുപത്രിയില്‍ ഒരു സൂചന പോലും കൊടുക്കാതെ 
നാല് യുഗങ്ങളുടെ ദൈര്‍ഘ്യം പോലെ നാല് മാസം കൊണ്ട് നഴ്‌സിങ് പഠനം ഞാന്‍ അവസാനിപ്പിച്ചു. കനത്ത ഏകാന്തതയും ഓര്‍മകളും എന്നെ വല്ലാതെ ഉലച്ചുകളഞ്ഞ നാളുകളായിരുന്നു അത്.

കാലങ്ങള്‍ക്കിപ്പുറം ഫാര്‍മസിസ്റ്റായതിന് ശേഷം ഫാര്‍മസിയിലേക്ക് ധാരാളം ആള്‍ക്കാര്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ചോദിച്ച് വന്നിട്ടുണ്ട്. അപ്പോഴെക്കെ അനുഭവങ്ങളുടെ രക്തപ്പാടുകള്‍ തൊട്ട് ചിലരെയെങ്കിലും ഞാന്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയൊരിക്കല്‍ പരിചയപ്പെടാനിടയായ യുവ മിഥുനങ്ങളാണ് മിനിയും അരുണും. 'ചേച്ചീ ഒരു പ്രഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡ് താ', ഫാര്‍മസിയിലേക്ക് തീരെ തിരക്കില്ലാത്ത ഒരു വൈകുന്നേരമാണ് അവര്‍ കടന്നുവന്നത്. ആശങ്ക നിറഞ്ഞ മുഖത്തോടെ പ്രഗ്‌നന്‍സി കിറ്റ് വാങ്ങി, ടെസ്റ്റ് ചെയ്യുന്ന വിധം ചോദിച്ച് മനസ്സിലാക്കി മടങ്ങാനൊരുങ്ങുമ്പോള്‍, എന്ത് കൊണ്ടോ എനിക്ക് അവരെ കൂടുതലായി പരിചയപ്പെടണമെന്ന് തോന്നി, എന്റെ താത്പര്യം മനസ്സിലാക്കിയിട്ടെന്ന പോലെ അവര്‍ വളരെയധികം എന്നോട് സംസാരിച്ചു.

ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ചേരാനുള്ള തയ്യാറെടുപ്പിലാണ് മിനി. ഭര്‍ത്താവ് അരുണ്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നതിനാല്‍ അതിന്റേതായ പല പ്രശ്‌നങ്ങളെയും ഇപ്പോഴും അവര്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു. സംസാരിക്കുമ്പോള്‍ മിനിയുടെ കണ്ണുകളിലാകെ ഒരു അങ്കലാപ്പ് നിറഞ്ഞ് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരുപക്ഷേ അമ്മയാകാന്‍ പോകുന്നതിന്റെ ഉത്കണ്ഠയാവാം എന്ന് കരുതി അവള്‍ പറഞ്ഞതെല്ലാം വളരെ ശ്രദ്ധയോടെ ഞാന്‍ കേട്ടുനിന്നു. ഒടുവില്‍ സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ ഇട വരട്ടെ എന്ന ആശംസകളോടെ അവരെ യാത്രയാക്കുമ്പോഴും മിനിയുടെ മുഖം വല്ലാതെ അസ്വസ്ഥമായിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

രണ്ട് ദിവസത്തിനുശേഷം ദമ്പതികള്‍ വീണ്ടും ഫാര്‍മസിയിലേക്ക് വന്നു. ഗൈനക്കോളജിസ്റ്റിനെ കാണാനായി ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് ചേച്ചിയെ കണ്ടപ്പോള്‍ ഫാര്‍മസിയിലേക്ക് കയറിയതാണന്ന് പറഞ്ഞ ദമ്പതികള്‍ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണന്ന് കൂടി പറഞ്ഞപ്പോള്‍ ഞാന്‍ അവരെ അഭിനന്ദിച്ചു. എന്നാല്‍,  അതിന്റേതായ യാതൊരു സന്തോഷവും അവരില്‍ പ്രകടമായിരുന്നില്ല എന്ന് മാത്രമല്ല തത്ക്കാലം ഇപ്പോള്‍ കുഞ്ഞ് വേണ്ട എന്ന തീരുമാനമെടുത്താണ് ഡോക്ടറെ കാണാന്‍ പോകുന്നത് എന്ന് കൂടി കേട്ടപ്പോള്‍ എനിക്ക് അതിയായ ദുഃഖം തോന്നി. ജീവിതത്തിന്റെ അപക്വതകളിലേക്കും പ്രതിസന്ധികളിലേക്കുമൊക്കെയുള്ള കുഞ്ഞുങ്ങളുടെ അപ്രതീക്ഷത വരവ്. ഗര്‍ഭകാലത്തെയും ജനിക്കാനിരിക്കുന്ന കുട്ടിയേയുമൊക്കെ അരക്ഷിതത്വത്തിലേക്ക് നയിക്കുമെന്ന പൂര്‍ണ ബോധ്യം ഇതിനോടകം എനിക്ക് കൈവന്നിരുന്നുവെങ്കിലും ജന്‍മ നിര്‍വ്യതിയില്‍ അമര്‍ന്ന് അമ്മേ അച്ഛാ എന്ന നിശ്ശബ്ദമായ വിളികളോടെ ഉദരത്തിലൊരു കണികയായി രൂപം പ്രാപിച്ച ജീവന്റെ തുടിപ്പ് മണിക്കൂറുകള്‍ക്കകം ഒരു കഷ്ണം രക്തക്കട്ടയായി പുറംതള്ളപ്പെടുന്നതോര്‍ത്ത് എന്റെ ഉള്ള് പിടഞ്ഞു. ' ശരിക്കും ഇതൊരു കൊലപാതകം തന്നെയല്ലേ'? 'മനസ്സില്‍ തോന്നിയത് മറച്ച് വെക്കാതെ അവരോട് തന്നെ ചോദിച്ചു, 'നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് ഒരു കൊലപാതകം തന്നെയാണ് ശരിക്കും ചിന്തിച്ചിട്ട് തന്നെയാണോ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്?'.  ഉണ്ടന്നോ ഇല്ലന്നോ അവര്‍ പറഞ്ഞില്ല. പക്ഷേ, അവരുടെ ഭാഗം ന്യായീകരിക്കാന്‍ അവര്‍ക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. 'അതേ ചേച്ചി ഞങ്ങള്‍ കുറേ നാള് പ്രണയിച്ചിട്ടാ കല്യാണം കഴിക്കുന്നത്. ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങള്‍  പലതുമുണ്ട്. മാത്രമല്ല, ഞങ്ങള് മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ട്. അത് കൂടാതെ ഇവള്‍ക്ക് ഉടനെ ജോലിക്ക് കയറണം. എനിക്ക് ഉടനെ ദക്ഷിണാഫ്രിക്കയിലേക്ക് പോകണം. എന്തായാലും ഞങ്ങളൊന്ന് സെറ്റിലായിട്ടേ കുഞ്ഞിന്റെ കാര്യം ആലോചിക്കുന്നുള്ളൂ. ഇപ്പഴത്തെ സ്റ്റേജില്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കാനേ കഴിയുന്നില്ല'. ആവശ്യമില്ലാത്ത സമയത്തെ ഗര്‍ഭധാരണം വേണമെന്നോ വേണ്ടന്നോ വെക്കുന്നത് അവരുടെ അവകാശമാണങ്കിലും  ദമ്പതികള്‍ പറയുന്നതൊക്കെയും നെഞ്ചിടിപ്പോടെ ഞാന്‍ കേട്ട് നിന്നു. ഇത് ആദ്യത്തെ അനുഭവമല്ല,  ഒരു പൂവ് നുള്ളിയെടുക്കുന്ന ലാഘവത്തോടെ ജീവന്റെ തുടിപ്പുകള്‍  ഇല്ലാതാക്കാന്‍ കഴിയുന്ന ദയാരാഹിത്യം ഇതിനോടകം എത്രയോ മനുഷ്യരില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ജലദോഷത്തിനോ തലവേദനയ്‌ക്കോ വേണ്ടി ഗുളിക വാങ്ങുന്ന ലാഘവത്തോടെ, അബോര്‍ഷനുള്ള ഗുളികയുണ്ടോ എന്ന അന്വേഷണവുമായി ആള്‍ക്കാര്‍ എത്തുന്നതും ഒരു സാധാരണ സംഭവമാണ്. എങ്കിലും എന്ത് കൊണ്ടോ യുവമിഥുനങ്ങളെ കൂടുതലായി കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി. സംസാരം നീണ്ടുപോയപ്പോള്‍ 'അപ്പോയിന്റ്‌മെന്റ് സമയമായി' എന്ന് ദമ്പതികളിലെ ഭര്‍ത്താവ് ധൃതി വെച്ചു. 'നിങ്ങടെ ആദ്യത്തെ കുഞ്ഞാ, ഒന്നൂടൊന്ന് ചിന്തിക്കണേ, ചെറുതുടുപ്പാണങ്കിലും നിങ്ങള് പറയുന്നതൊക്കെ ജനിക്കാനിരിക്കുന്ന കുഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടാവും'. ഞാന്‍ പറഞ്ഞത് കേട്ട് ആദ്യമായി ദമ്പതികളുടെ മുഖം പതറുന്നത് ഞാന്‍ കണ്ടു. അതോടെ ഈ വിഷയത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ സംസാരിക്കാനുള്ള ഒരു പ്രവേശനം സാധ്യമായി.

'കംപ്ലീറ്റ് സെറ്റിലായി കഴിഞ്ഞ് കുഞ്ഞ് വേണം എന്ന് തീരുമാനമെടുക്കുന്ന സമയത്ത് ഒരുപക്ഷേ അത് സാധ്യമായില്ലെങ്കിലോ?' എന്ന ഒരൊറ്റ ചോദ്യം കൂടിയായപ്പോള്‍ അവരുടെ കണ്ണുകളില്‍ മാനസിക പരിവര്‍ത്തനത്തിന്റേതായ നീര്‍ത്തുള്ളികള്‍ പൊടിഞ്ഞ് വന്നു. അവര്‍ അന്ന് തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. ഗര്‍ഭകാലത്തിന്റെ തുടക്കത്തിലെടുക്കേണ്ട കരുതലുകളെക്കുറിച്ച് മനസ്സിലാക്കി ശാന്തമായ മനസ്സോടെ അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം ദമ്പതികള്‍ വീണ്ടും ഫാര്‍മസിയിലേക്ക് വന്നു. അരുണിന്റെ കയ്യിലിരുന്ന് ഒരു കുഞ്ഞ് മിടുക്കന്‍ പരിചയഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു. അവനെ എടുക്കാനായി കൈകള്‍ നീട്ടുന്നതിന് മുന്‍പേ അവന്‍ എന്റെ കൈകളിലേക്ക് ഒറ്റച്ചാട്ടമായിരുന്നു, 'മോനേ നിന്റെ യഥാര്‍ത്ഥ അമ്മ ഇതാണ് കേട്ടോ' അരുണിന്റെ വിറയാര്‍ന്ന സ്വരത്തിന് മേല്‍ അവന്റെ കുഞ്ഞ് ചിരി പടര്‍ന്നു.

പിന്നിട് എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്ക് ശേഷം ദമ്പതികളെയും കൗതുകം കലര്‍ന്ന കണ്ണുകളുള്ള അവരുടെ മകനേയും ഞാന്‍ വീണ്ടും കണ്ടു. 'മോനേ നിന്റെ അമ്മ' അരുണ്‍ മകന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. മിനിയോട് ചേര്‍ന്ന് നിന്ന് ചെറിയ നാണത്തോടെ അവന്‍ എന്നെ നോക്കി ചിരിച്ചു. 'ചേച്ചീ അന്ന് നിങ്ങള് പറഞ്ഞതൊക്കെ സത്യമായിരുന്നു. ഇപ്പോള്‍ ഇവനാണ് ഞങ്ങളുടെ എല്ലാം. ജീവിതത്തില് എന്ത് പ്രശ്‌നമുണ്ടായാലും ഇവന്റടുത്ത് എത്തുമ്പോ എല്ലാം മറക്കും. ഇവനില്ലായിരുന്നെങ്കില്‍ ജീവിതം എങ്ങനെയായിത്തീര്‍ന്നേനെയെന്ന് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. പിന്നെ മറ്റൊരു കാര്യം ഇവന് നാല് വയസ്സ് കഴിഞ്ഞപ്പോ കൂട്ടായിട്ട് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് ഞങ്ങള് തീരുമാനമെടുത്തു. പക്ഷേ ഇതുവരെ മറ്റൊരു കുഞ്ഞ് കൂടി ഞങ്ങള്‍ക്ക് ജനിച്ചിട്ടില്ല. ഇപ്പോ അതിന് ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടോണ്ടിരിക്കുവാ'-അരുണ്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപികയായ മിനിയുടെ മുഖത്ത് നിറഞ്ഞ മൗനം ഞാന്‍ വായിച്ചെടുത്തു.  രണ്ടാമത്തെ കുഞ്ഞിന്റെ വരവ് വൈകുന്നതിന്റെ ആകുലതകള്‍ക്കൊപ്പം തന്നെ കണ്ണുകളില്‍ നിറഞ്ഞ് നിന്ന തെളിച്ചം കൊണ്ട് മിനി തന്നോട് ചേര്‍ന്ന് നിന്ന മകനെ ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു. മാതൃത്വത്തിന്റെ മൂര്‍ധന്യഭാവത്തിന് മുന്നില്‍ പ്രാര്‍ഥനകളോടെ ഞാന്‍ കണ്ണടച്ചു നിന്ന നിമിഷങ്ങളായിരുന്നു അത്.

Key Points:

  • The author`s journey into nursing, witnessing the complexities of life and death in a hospital setting.
  • The author`s experiences with abortion and the ethical dilemmas it presents.
  • The emotional toll of witnessing the loss of life and the impact on the author`s own sense of self.
  • The author`s personal growth and transformation through these experiences.