ദാമ്പത്യജീവിതത്തിൽ പങ്കാളികൾക്കിടയിൽ സ്‌നേഹവും കരുതലും നിലനിൽക്കുമ്പോഴും ലൈംഗികബന്ധങ്ങളിൽ അസംതൃപ്തിയും അകൽച്ചയും അനുഭവപ്പെടുന്ന സാഹചര്യങ്ങളുണ്ട്. പുറത്തുനിന്ന് നോക്കുന്നവർക്ക് സന്തോഷകരമായ കുടുംബജീവിതമാണെന്ന് തോന്നാം. മക്കളുടെ കാര്യങ്ങൾ നോക്കുന്നു, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നു, പരസ്പരം കരുതലും കാണിക്കുന്നു. എന്നാൽ സ്വകാര്യജീവിതത്തിൽ തുറന്നുപറയാൻ കഴിയാത്ത ചില ബുദ്ധിമുട്ടുകൾ ഇരുവരും അനുഭവിക്കുന്നുണ്ടാകാം.

To advertise here,

ലൈംഗികബന്ധങ്ങളിൽ പങ്കാളി താൽപര്യം കാണിക്കുന്നില്ലെന്നതായിരിക്കും ഒരാളുടെ പരാതി. മറ്റൊരാൾക്കാകട്ടെ, സ്വന്തം മാനസികാവസ്ഥയോ ശാരീരിക ബുദ്ധിമുട്ടുകളോ മനസ്സിലാക്കാതെ പങ്കാളി ലൈംഗികബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തുന്നുവെന്ന പരിഭവമായിരിക്കും. ചില ദമ്പതികൾക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് തുറന്നുസംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. സംസാരിക്കാൻ ശ്രമിച്ചാൽ തർക്കമുണ്ടാകുമെന്ന ആശങ്ക കാരണം ഇരുവരും വിഷയം ഒഴിവാക്കുന്നു. ഒടുവിൽ ലൈംഗികജീവിതത്തിലെ പ്രശ്‌നം വൈകാരികമായ അകൽച്ചയിലേക്കും നയിക്കുന്നു.

Read Also: വിറ്റാമിൻ ഡി കുറയുന്നത് എല്ലുകളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെയും തകർക്കും 

ദാമ്പത്യ കൗൺസിലിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ഒരു പ്രധാന കാര്യമുണ്ട്. ലൈംഗികാഭിലാഷക്കുറവ് എന്ന ഒറ്റ പരാതിയുമായി എത്തുന്ന ദമ്പതികളുടെ പ്രശ്‌നങ്ങൾ വിശദമായി മനസ്സിലാക്കുമ്പോൾ, അതിനു പിന്നിൽ പലപ്പോഴും ഒന്നിലധികം കാരണങ്ങളുണ്ടായിരിക്കും. എല്ലാ ലൈംഗികപ്രശ്‌നങ്ങളുടെയും കാരണം ദാമ്പത്യത്തിലെ സ്‌നേഹക്കുറവല്ല. അതുപോലെ ലൈംഗികബന്ധങ്ങളിൽ പങ്കാളികൾ സജീവമല്ലാത്തതുകൊണ്ടുമാത്രം അവരുടെ ബന്ധം തകർച്ചയിലാണെന്നും പറയാനാവില്ല. പ്രശ്‌നം എവിടെനിന്നാണ് ആരംഭിച്ചതെന്നും ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈംഗികാഭിലാഷം കുറയുന്നതെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.

ലൈംഗികബന്ധം സന്തോഷത്തിനുപകരം ഒരു കടമയായി മാറുമ്പോൾ ദാമ്പത്യത്തിൽ ലൈംഗികബന്ധം പങ്കാളിയോടുള്ള നിർബന്ധിത ഉത്തരവാദിത്തമാണെന്ന ധാരണ ഇന്നും പലരിലുമുണ്ട്. പങ്കാളിയുടെ ആവശ്യങ്ങൾ നിരസിക്കുന്നത് തെറ്റാണെന്നും അതുവഴി ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നും ചിലർ ഭയപ്പെടുന്നു. ലൈംഗികബന്ധത്തിന് തയ്യാറാകാതിരുന്നാൽ പങ്കാളി മറ്റൊരു ബന്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയും ചിലർക്കുണ്ടാകാം.ഇത്തരം ഭയങ്ങൾ കാരണം സ്വന്തം താൽപര്യവും മാനസികാവസ്ഥയും പരിഗണിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരുമുണ്ട്. പങ്കാളിയോടുള്ള സ്‌നേഹവും പരിഗണനയും കാരണം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും, നിരസിച്ചാൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭയത്താൽ സ്വന്തം ഇഷ്ടമില്ലാതെ വഴങ്ങുന്നതും രണ്ടാണ്.

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളും ഈ വ്യത്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലൈംഗികബന്ധങ്ങളെ നിരന്തരം ഒരു കടമയായി കാണേണ്ടിവരുന്ന സാഹചര്യം ചിലരിൽ കുറഞ്ഞ ലൈംഗികസംതൃപ്തിയുമായും ലൈംഗികവേദന പോലുള്ള ബുദ്ധിമുട്ടുകളുമായും ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം, ലൈംഗികബന്ധത്തിനുള്ള പരസ്പര സമ്മതം കേവലം എതിർപ്പില്ലാതിരിക്കുന്ന അവസ്ഥയല്ല എന്നതാണ്.

ഒരാൾക്ക് തന്റെ താൽപര്യങ്ങളും അസ്വസ്ഥതകളും തുറന്നുപറയാനും താൽപര്യമില്ലാത്തപ്പോൾ നിരസിക്കാനും കഴിയുന്ന സാഹചര്യം ദാമ്പത്യത്തിലുണ്ടാകണം. പങ്കാളിയെ സന്തോഷിപ്പിക്കണമെന്ന ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ അതിനുവേണ്ടി സ്വന്തം ബുദ്ധിമുട്ടുകൾ നിരന്തരം അവഗണിക്കേണ്ടിവരുന്നത് ആരോഗ്യകരമായ ലൈംഗികബന്ധത്തിന്റെ ലക്ഷണമല്ല.ലൈംഗികബന്ധം സ്‌നേഹം തെളിയിക്കാനുള്ള പരീക്ഷണമോ നിർബന്ധിത ബാധ്യതയോ ആയി മാറുമ്പോൾ അതിലെ സ്വാഭാവിക സന്തോഷം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

'ഇന്ന് വേണ്ട' എന്ന മറുപടി എന്തുകൊണ്ടാണ് ചിലരെ ഇത്രയധികം വേദനിപ്പിക്കുന്നത്?ലൈംഗികബന്ധത്തിനായി സമീപിക്കുമ്പോൾ പങ്കാളി നിരസിക്കുന്നത് ചിലരിൽ വലിയ മാനസികപ്രയാസമുണ്ടാക്കാറുണ്ട്. തന്നോടുള്ള ആകർഷണം നഷ്ടപ്പെട്ടുവെന്നോ പങ്കാളി തന്നെ അവഗണിക്കുകയാണെന്നോ മറ്റാരോടെങ്കിലും താൽപര്യമുണ്ടെന്നോ ഉള്ള സംശയങ്ങൾ ഉയർന്നേക്കാം.എന്നാൽ ലൈംഗികബന്ധത്തിനുള്ള താൽപര്യമില്ലായ്മ എല്ലായ്‌പ്പോഴും പങ്കാളിയോടുള്ള വിരക്തിയുടെ പ്രകടനമാകണമെന്നില്ല.ഒരാൾ ക്ഷീണിതനായിരിക്കാം, മാനസികസമ്മർദത്തിലായിരിക്കാം, ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടാകാം. ചിലപ്പോൾ പ്രത്യേകിച്ചൊരു കാരണമില്ലാതെയും ആ സമയത്ത് ലൈംഗികബന്ധത്തിനുള്ള ആഗ്രഹമുണ്ടാകണമെന്നില്ല.ഇവിടെ നിരസിക്കുന്നതിന്റെ രീതിക്കും അതിനോടുള്ള പ്രതികരണത്തിനും പ്രാധാന്യമുണ്ട്.

Read Also: എല്ലാം വ്യക്തിപരമായി എടുക്കുന്നവരാണോ നിങ്ങൾ? വൈകാരിക അച്ചടക്കം ശീലമാക്കാം 

ലൈംഗികബന്ധത്തിനുള്ള താൽപര്യമില്ലായ്മ കുറ്റപ്പെടുത്തലിലൂടെയോ അവഹേളനത്തിലൂടെയോ പ്രകടിപ്പിക്കപ്പെടുമ്പോൾ പങ്കാളിയിൽ കൂടുതൽ നീരസവും അകൽച്ചയും ഉണ്ടാകാമെന്ന് സമീപകാല മനഃശാസ്ത്ര ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.അതേസമയം, പങ്കാളിയുടെ വികാരങ്ങളെ പരിഗണിച്ചുകൊണ്ട് സ്‌നേഹപൂർവം താൽപര്യമില്ലായ്മ അറിയിക്കുന്നത് പരസ്പരമുള്ള ധാരണ നിലനിർത്താൻ സഹായിച്ചേക്കാം.'ഇന്ന് എനിക്ക് തീരെ സുഖമില്ല', 'നമ്മൾ കുറച്ചുനേരം ഒരുമിച്ചിരുന്ന് സംസാരിച്ചാലോ?' എന്നിങ്ങനെ സ്വന്തം അവസ്ഥ വ്യക്തമാക്കാൻ കഴിയണം.അതോടൊപ്പം ആ മറുപടി കേൾക്കുന്നയാൾക്ക് നിരാശ തോന്നിയാലും പങ്കാളിയുടെ തീരുമാനത്തെ ബഹുമാനിക്കാനുള്ള പക്വതയുണ്ടാകണം.ഒരു ദിവസത്തെ ലൈംഗികബന്ധം നിരസിക്കുന്നത് പങ്കാളിയെ നിരസിക്കുന്നതിന് തുല്യമല്ല.ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് ചില ദാമ്പത്യങ്ങളിൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്.

ആഗ്രഹങ്ങൾ തുറന്നുപറയാൻ പോലും കഴിയാത്ത ദമ്പതികൾ

ലൈംഗികജീവിതത്തിലെ അസംതൃപ്തിക്കു പിന്നിൽ പലപ്പോഴും പങ്കാളിയുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുണ്ടാകാം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പരസ്പരം ലൈംഗികമായി എന്താണ് ഇഷ്ടപ്പെടുന്നതെന്നോ എന്താണ് അസ്വസ്ഥതയുണ്ടാക്കുന്നതെന്നോ തുറന്നുസംസാരിച്ചിട്ടില്ലാത്ത ദമ്പതികളുണ്ടാകാം. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് മോശമാണെന്ന സാമൂഹികധാരണയും അതിനൊരു കാരണമാണ്.ചിലർക്ക് സ്വന്തം ലൈംഗിക ആവശ്യങ്ങൾ തുറന്നുപറയുന്നത് നാണക്കേടായി തോന്നാം. മറ്റുചിലർക്ക് പങ്കാളി തന്നെ തെറ്റിദ്ധരിക്കുമെന്ന ആശങ്കയുണ്ടാകാം. ഇതിന്റെ ഫലമായി പരസ്പരം ഇഷ്ടമില്ലാത്ത കാര്യങ്ങൾപോലും വർഷങ്ങളോളം തുടരപ്പെടാം. സന്തോഷകരമായ ലൈംഗികജീവിതത്തിന് ആവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ഇരുവർക്കും തിരിച്ചറിയാനാകാതെ പോകുകയും ചെയ്യും.ഇവിടെ ആശയവിനിമയത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതുണ്ട്.

2022-ൽ Journal of Family Psychology പ്രസിദ്ധീകരിച്ച വിപുലമായ ഗവേഷണാവലോകനം ലൈംഗികകാര്യങ്ങളെക്കുറിച്ച് തുറന്നും ആരോഗ്യകരമായും ആശയവിനിമയം നടത്തുന്ന ദമ്പതികൾക്കിടയിൽ ഉയർന്ന ലൈംഗികസംതൃപ്തിയും ബന്ധത്തിലെ സംതൃപ്തിയും കാണപ്പെടുന്നതായി വ്യക്തമാക്കുന്നു.എത്രതവണ സംസാരിക്കുന്നു എന്നതിനേക്കാൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നതിനാണ് കൂടുതൽ പ്രാധാന്യമെന്നും പഠനം സൂചിപ്പിക്കുന്നു.ലൈംഗികജീവിതത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ പരാതികൾ ഉന്നയിക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ മാത്രമാകരുത്.പങ്കാളിയുടെ താൽപര്യങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം സ്വന്തം ആവശ്യങ്ങളും അസ്വസ്ഥതകളും വ്യക്തമാക്കാനും കഴിയണം.എല്ലാ കാര്യങ്ങളിലും ഒരേ ഇഷ്ടമുള്ളവരാകണമെന്നില്ല ദമ്പതികൾ. എന്നാൽ വ്യത്യസ്തമായ ആവശ്യങ്ങളെ പരസ്പരം ബഹുമാനിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ കഴിയണം.

ഒരാൾ സംസാരിക്കാൻ ശ്രമിക്കുന്നു; മറ്റൊരാൾ ഒഴിഞ്ഞുമാറുന്നു

ചില ബന്ധങ്ങളിൽ ഒരാൾ ലൈംഗികജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കാൻ ശ്രമിക്കുന്നുണ്ടാകാം. എന്നാൽ മറ്റൊരാൾ അത്തരം സംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നു.സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം തർക്കമുണ്ടാകുമെന്ന ഭയമോ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമെന്ന ആശങ്കയോ ഇതിനു പിന്നിലുണ്ടാകാം.മറുവശത്ത്, പ്രശ്‌നം പരിഹരിക്കാൻ പങ്കാളി തയ്യാറാകുന്നില്ലെന്ന തോന്നൽ ആദ്യത്തെ വ്യക്തിയുടെ അസംതൃപ്തി വർധിപ്പിക്കും. ഒരാൾ പ്രശ്‌നം ചർച്ച ചെയ്യാൻ കൂടുതൽ നിർബന്ധിക്കുമ്പോൾ മറ്റൊരാൾ കൂടുതൽ പിന്മാറുന്നു. ഈ പിന്മാറ്റം ആദ്യത്തെ വ്യക്തിയെ വീണ്ടും കൂടുതൽ സമ്മർദം ചെലുത്താൻ പ്രേരിപ്പിക്കുന്നു.ഇങ്ങനെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾതന്നെ പുതിയ സംഘർഷങ്ങൾക്ക് കാരണമാകാം.ദാമ്പത്യബന്ധങ്ങളിലെ ആശയവിനിമയത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇത്തരം രീതികൾ കുറഞ്ഞ ലൈംഗികസംതൃപ്തിയുമായും ബന്ധത്തിലെ അസ്വസ്ഥതകളുമായും ബന്ധപ്പെട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ലൈംഗികപ്രശ്‌നങ്ങൾ തുറന്നുസംസാരിക്കണമെന്ന നിർദേശം മാത്രം നൽകിയാൽ മതിയാകില്ല. പരസ്പരം കുറ്റപ്പെടുത്തലുകളില്ലാതെ സംസാരിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.

പങ്കാളി പറയുന്നത് പൂർണമായി കേൾക്കാനും അയാളുടെ വികാരങ്ങളെ മനസ്സിലാക്കാനും ശ്രമിക്കണം.ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പങ്കാളിക്ക് ആ സമയത്ത് ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റൊരു സമയം കണ്ടെത്താം. എന്നാൽ പ്രശ്‌നം ചർച്ച ചെയ്യുന്നത് അനിശ്ചിതമായി മാറ്റിവെക്കുകയും ചെയ്യരുത്.

പങ്കാളിയുടെ സന്തോഷം മാത്രം പരിഗണിക്കുമ്പോൾ സ്വന്തം സന്തോഷം നഷ്ടപ്പെടുന്നുണ്ടോ?

ദാമ്പത്യത്തിൽ ലൈംഗികബന്ധം പരസ്പര സന്തോഷവും സംതൃപ്തിയും നൽകേണ്ട ഒന്നാണ്. എന്നാൽ ചിലരുടെ ലൈംഗികജീവിതത്തിൽ പങ്കാളിയുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും മാത്രമായിരിക്കും പരിഗണന ലഭിക്കുന്നത്.സ്വന്തം ലൈംഗികസംതൃപ്തിയെക്കുറിച്ച് ചിന്തിക്കാനോ അതേക്കുറിച്ച് സംസാരിക്കാനോ കഴിയാത്തവരുണ്ടാകാം. ലൈംഗികബന്ധത്തിനിടെ പങ്കാളിക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതുപോലും ചില ദമ്പതികൾക്ക് പരിചിതമായിരിക്കണമെന്നില്ല. കാലക്രമേണ ഇത്തരം അസമത്വങ്ങൾ ലൈംഗികബന്ധങ്ങളോടുള്ള താൽപര്യം കുറയാൻ കാരണമായേക്കാം. പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ സ്വന്തം താൽപര്യങ്ങൾ നിരന്തരം അവഗണിക്കേണ്ടിവരുന്നത് ലൈംഗികസംതൃപ്തിയെ പ്രതികൂലമായി ബാധിച്ചേക്കാം.ഇത് ദാമ്പത്യത്തിലെ ഒരു പ്രധാന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പങ്കാളിയുടെ സന്തോഷത്തിനായി ശ്രമിക്കുന്നത് നല്ലതാണ്. എന്നാൽ അതിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും അസ്വസ്ഥതകളും നിരന്തരം അവഗണിക്കേണ്ടിവരുന്നുവെങ്കിൽ ബന്ധത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടാം.ലൈംഗികജീവിതത്തിൽ സ്ത്രീയുടെയും പുരുഷന്റെയും താൽപര്യങ്ങൾക്കും സംതൃപ്തിക്കും തുല്യപരിഗണന ലഭിക്കണം.

ശാരീരിക അടുപ്പത്തോടുള്ള വിരക്തിക്കു പിന്നിൽ തിരിച്ചറിയപ്പെടാത്ത പ്രശ്‌നങ്ങളുണ്ടാകാംപങ്കാളിയോടുള്ള ലൈംഗിക താൽപര്യം കുറയുമ്പോൾ ചിലർ അതിന്റെ യഥാർഥ കാരണങ്ങൾ അന്വേഷിക്കാതെ ബന്ധത്തിലെ വൈകാരികപ്രശ്‌നങ്ങളാണ് കാരണമെന്ന് കരുതാറുണ്ട്.എന്നാൽ ലൈംഗികാഭിലാഷം കുറയുന്നത് എല്ലായ്‌പ്പോഴും മാനസികമോ ദാമ്പത്യപരമോ ആയ കാരണങ്ങൾ കൊണ്ടല്ല.

ലൈംഗികബന്ധത്തിനിടയിലെ വേദന, യോനിയിലെ വരൾച്ച, ഉദ്ധാരണപ്രശ്‌നങ്ങൾ, രതിമൂർച്ഛയിലെത്താനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചിലരിൽ ലൈംഗികബന്ധങ്ങളോടുള്ള താൽപര്യം കുറയ്ക്കാം.

ഒരു വ്യക്തിക്ക് ആവർത്തിച്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ അനുഭവം വീണ്ടും ഉണ്ടാകുമെന്ന ആശങ്ക കാരണം ശാരീരിക അടുപ്പം ഒഴിവാക്കാൻ ശ്രമിച്ചേക്കാം.

അതുപോലെ ഉദ്ധാരണപ്രശ്‌നങ്ങളോ മറ്റു ലൈംഗികപ്രവർത്തന ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്ന ഒരാൾ പരാജയപ്പെടുമെന്ന ഭയത്താൽ ലൈംഗികബന്ധങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും സാധ്യതയുണ്ട്.പങ്കാളിക്ക് ഇത് താൽപര്യക്കുറവായോ അവഗണനയായോ തോന്നാം.

ഹോർമോൺ മാറ്റങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങൾ, ഉറക്കക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയും ഇതുമായി ബന്ധപ്പെട്ടിരിക്കാം. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ, മുൻകാല മാനസികാഘാതങ്ങൾ, സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധം എന്നിവയും ചിലരിൽ സ്വാധീനം ചെലുത്താം.അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ വിലയിരുത്തുമ്പോൾ ശാരീരികവും മാനസികവും ബന്ധപരവുമായ ഘടകങ്ങൾ ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ട്. ശാരീരികമായ ഒരു ആരോഗ്യപ്രശ്‌നത്തെ പങ്കാളിയുടെ സ്‌നേഹക്കുറവായോ സ്വഭാവദോഷമായോ തെറ്റിദ്ധരിക്കുന്നത് ദാമ്പത്യത്തിൽ അനാവശ്യമായ അകൽച്ച സൃഷ്ടിച്ചേക്കാം.ലൈംഗികബന്ധത്തിൽ വേദന അനുഭവപ്പെടുമ്പോൾ അതു സഹിച്ച് തുടരുന്നതല്ല പരിഹാരം. ആവശ്യമായ വൈദ്യപരിശോധനയും ചികിത്സയും സ്വീകരിക്കണം.

ലൈംഗികാഭിലാഷം ഉണ്ടാകുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്‌

ലൈംഗികബന്ധത്തിന് മുമ്പുതന്നെ രണ്ടുപേർക്കും ഒരുപോലെ ശക്തമായ ആഗ്രഹമുണ്ടായിരിക്കണം എന്നൊരു പ്രതീക്ഷ പല ബന്ധങ്ങളിലുമുണ്ട്. എന്നാൽ എല്ലാവരിലും ലൈംഗികാഭിലാഷം ഒരേ രീതിയിലല്ല അനുഭവപ്പെടുന്നത്. ചിലർക്ക് ലൈംഗികബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ സ്വാഭാവികമായി ആഗ്രഹം അനുഭവപ്പെടാം. മറ്റു ചിലർക്ക് സുരക്ഷിതവും സമ്മർദരഹിതവുമായ സാഹചര്യത്തിൽ പങ്കാളിയോടൊപ്പം സ്‌നേഹപൂർവം സമയം ചെലവഴിക്കുമ്പോഴോ പരസ്പര സമ്മതത്തോടെയുള്ളഅടുപ്പത്തിലൂടെയോ ആയിരിക്കും താൽപര്യം അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള ലൈംഗികാഭിലാഷത്തെ റെസ്പോൺസീവ് ഡിസയർ എന്നാണ് വിശേഷിപ്പിക്കുന്നത്. ലൈംഗികാഭിലാഷം എല്ലായ്‌പ്പോഴും ഒരേ ക്രമത്തിൽ രൂപപ്പെടണമെന്നില്ല. ബന്ധത്തിന്റെ സാഹചര്യവും വ്യക്തിപരമായ അനുഭവങ്ങളും ഇതിനെ സ്വാധീനിക്കാം. എന്നാൽ പിന്നീട് താൽപര്യം ഉണ്ടായേക്കാമെന്ന സാധ്യത, ആഗ്രഹമില്ലാത്ത ഒരാളെ ലൈംഗികബന്ധത്തിലേക്ക് നിർബന്ധിക്കാനുള്ള ന്യായീകരണമാകരുത്.പങ്കാളിയുടെ സമ്മതവും സൗകര്യവും ഓരോ ഘട്ടത്തിലും പ്രധാനമാണ്. ദമ്പതികൾ തമ്മിലുള്ള ഇത്തരം വ്യത്യാസങ്ങളെ ശരിയായി മനസ്സിലാക്കുമ്പോൾ അനാവശ്യമായ സംശയങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കാൻ സഹായിക്കും.

അടുപ്പം നിലനിർത്താൻ ലൈംഗികബന്ധങ്ങൾ മാത്രം മതിയോ?

ലൈംഗികബന്ധം ദാമ്പത്യത്തിലെ അടുപ്പം പ്രകടിപ്പിക്കാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമായിരിക്കാം. എന്നാൽ ലൈംഗികബന്ധം മാത്രമാണ് ദാമ്പത്യത്തിലെ എല്ലാ അടുപ്പത്തിന്റെയും മാനദണ്ഡമെന്ന് കരുതുന്നത് ശരിയല്ല.പങ്കാളിയോട് സ്വാഭാവികമായി സംസാരിക്കാൻ കഴിയുക, സ്വന്തം ബുദ്ധിമുട്ടുകൾ പങ്കുവെക്കാൻ കഴിയുക, പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുക,ഒരുമിച്ചുള്ളസമയങ്ങളിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയവയ്ക്കും പ്രാധാന്യമുണ്ട്.ചില ദമ്പതികൾക്കിടയിൽ ലൈംഗികബന്ധം ഇല്ലാത്ത സമയങ്ങളിൽ പോലും ശാരീരികമായ സ്‌നേഹപ്രകടനങ്ങൾ കുറവായിരിക്കും. ഒരു ആലിംഗനത്തിനോ സ്‌നേഹപൂർവമായ സ്പർശത്തിനോ പിന്നാലെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുമെന്ന ആശങ്ക ചിലരെ അത്തരം അടുപ്പങ്ങളിൽനിന്നുപോലും പിന്തിരിപ്പിച്ചേക്കാം.ഇത്തരം സാഹചര്യങ്ങളിൽ എല്ലാ ശാരീരിക സ്‌നേഹപ്രകടനങ്ങളെയും ലൈംഗികബന്ധത്തിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കാതിരിക്കുന്നത് സഹായകരമാണ്.പരസ്പര സമ്മതത്തോടെ ചേർന്നിരിക്കാനും കൈകോർത്തുനടക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും കഴിയുന്ന സാഹചര്യം നിലനിർത്തണം.

ദാമ്പത്യത്തിലെ ശാരീരിക അടുപ്പം എന്തായിരിക്കണം, അതിന്റെ പരിധികൾ എന്തായിരിക്കണം, ഏതൊക്കെ കാര്യങ്ങളാണ് ഇരുവർക്കും സന്തോഷം നൽകുന്നത് തുടങ്ങിയവ പരസ്പരം മനസ്സിലാക്കാൻ കഴിയണം.

ലൈംഗികജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം എവിടെനിന്ന് തുടങ്ങണം?

ദാമ്പത്യത്തിലെ ലൈംഗിക അസംതൃപ്തി പരിഹരിക്കുന്നതിനുള്ള ആദ്യപടി ബന്ധത്തിന്റെ യഥാർഥ അവസ്ഥ തിരിച്ചറിയുന്നതാണ്.

പങ്കാളികളിൽ ആർക്കാണ് ലൈംഗികാഭിലാഷം കുറഞ്ഞിരിക്കുന്നത് എന്നതുമാത്രമല്ല പരിശോധിക്കേണ്ടത്.

എപ്പോഴാണ് മാറ്റം ആരംഭിച്ചത്? അതിനു മുമ്പ് എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ? ലൈംഗികബന്ധങ്ങളിൽ അസ്വസ്ഥതയുണ്ടോ? പരസ്പരമുള്ള വിശ്വാസവും ആശയവിനിമയവും എങ്ങനെയുണ്ട്?

ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്.

അതോടൊപ്പം ലൈംഗികജീവിതത്തെക്കുറിച്ചുള്ള ഇരുവരുടെയും പ്രതീക്ഷകളിലും വ്യത്യാസങ്ങളുണ്ടാകാം.

ഒരാൾക്ക് ലൈംഗികബന്ധങ്ങളുടെ ആവർത്തനത്തിനായിരിക്കും കൂടുതൽ പ്രാധാന്യം. മറ്റൊരാൾക്ക് അതിൽ ലഭിക്കുന്ന വൈകാരിക അടുപ്പമോ ശാരീരികസംതൃപ്തിയോ ആയിരിക്കും പ്രധാനം.

ഇരുവരുടെയും ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ ഒരാളുടെ പ്രതീക്ഷകൾ മാത്രം നടപ്പിലാക്കുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരമാകണമെന്നില്ല.

ലൈംഗികബന്ധങ്ങളിലെ സംതൃപ്തി ഒരു ദിവസത്തെ അനുഭവംകൊണ്ടോ ബന്ധങ്ങളുടെ എണ്ണംകൊണ്ടോ മാത്രം അളക്കാനാവില്ല.

ദമ്പതികളുടെ ലൈംഗികജീവിതത്തെക്കുറിച്ചുള്ള വിപുലമായ പഠനങ്ങൾ വ്യക്തിയുടെ മാനസികാവസ്ഥ, പങ്കാളിയുടെ പ്രതികരണങ്ങൾ, ബന്ധത്തിലെ സംഘർഷങ്ങൾ, പരസ്പര പരിഗണന തുടങ്ങിയ ഘടകങ്ങളെല്ലാം ലൈംഗികസംതൃപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്.

അതുകൊണ്ട് ലൈംഗികജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേവലം ലൈംഗികബന്ധങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഒതുങ്ങരുത്.

പരസ്പരമുള്ള സമ്മർദങ്ങൾ കുറയ്ക്കാനും വിശ്വാസം മെച്ചപ്പെടുത്താനും ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയാനും സ്വന്തം ആവശ്യങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കാനും കഴിയേണ്ടതുണ്ട്.

കൗൺസിലിങ്ങും ചികിത്സയും എപ്പോഴാണ് വേണ്ടത്?

ലൈംഗികബന്ധങ്ങളിലുള്ള താൽപര്യക്കുറവ് എല്ലാ സാഹചര്യങ്ങളിലും ഒരു രോഗാവസ്ഥയല്ല. ചില വ്യക്തികൾക്ക് സ്വാഭാവികമായി ലൈംഗികാഭിലാഷം കുറവായിരിക്കാം. ചില ജീവിതഘട്ടങ്ങളിൽ താൽക്കാലിക മാറ്റങ്ങളും അനുഭവപ്പെടാം. എന്നാൽ ലൈംഗികപ്രശ്‌നങ്ങൾ കാരണം ഒരാൾക്ക് നിരന്തരമായ മാനസികപ്രയാസം അനുഭവപ്പെടുകയോ ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ പരിശോധിക്കുന്നത് പ്രധാനമാണ്.

ലൈംഗികബന്ധങ്ങളോടുള്ള ഭയം, നിരന്തരമായ വേദന, ഉദ്ധാരണപ്രശ്‌നങ്ങൾ, ലൈംഗിക ഉത്തേജനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, മുൻകാല മാനസികാഘാതങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിലും വിദഗ്ധസഹായം ആവശ്യമായേക്കാം. ഇത്തരം പ്രശ്‌നങ്ങൾക്ക് എല്ലാവർക്കും ഒരേ ചികിത്സയല്ല വേണ്ടിവരുന്നത്.

ചിലർക്ക് വൈദ്യപരിശോധനയും ശാരീരിക ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള ചികിത്സയുമായിരിക്കും ആവശ്യം. മറ്റു ചിലർക്ക് വ്യക്തിഗത കൗൺസിലിങ്ങോ ദാമ്പത്യ കൗൺസിലിങ്ങോ ലൈംഗിക തെറാപ്പിയോ സഹായകരമാകും.

ബന്ധത്തിൽ നിർബന്ധമോ ഭീഷണിയോ ലൈംഗികാതിക്രമമോ ഉണ്ടെങ്കിൽ ആദ്യം ഉറപ്പാക്കേണ്ടത് വ്യക്തിയുടെ സുരക്ഷയാണ്. അത്തരം സാഹചര്യങ്ങളിൽ സംയുക്ത കൗൺസിലിംഗ് എല്ലായ്‌പ്പോഴും അനുയോജ്യമാകണമെന്നില്ല.

ഓരോ ദമ്പതികളുടെയും പ്രശ്‌നങ്ങൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങളുടെയും ശാരീരികാരോഗ്യത്തിന്റെയും മാനസികാവസ്ഥയുടെയും ബന്ധത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തണം.

ദാമ്പത്യത്തിലെ അടുപ്പം നഷ്ടപ്പെടാതിരിക്കാൻ...

ലൈംഗികജീവിതത്തിൽ ഒരിക്കലും മാറ്റങ്ങളുണ്ടാകരുതെന്ന പ്രതീക്ഷ യാഥാർഥ്യബോധമുള്ളതല്ല. ജീവിതസാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ലൈംഗികാഭിലാഷങ്ങളിലും വ്യക്തിപരമായ ആവശ്യങ്ങളിലും മാറ്റങ്ങളുണ്ടാകാം.

എന്നാൽ ആ മാറ്റങ്ങളെക്കുറിച്ച് പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് പലപ്പോഴും കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നത്. ലൈംഗികബന്ധങ്ങളിൽ താൽപര്യം കുറഞ്ഞ പങ്കാളിയെ കുറ്റപ്പെടുത്തുന്നതിനുപകരം അതിനു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. അതുപോലെ പങ്കാളിയുടെ ലൈംഗിക ആവശ്യങ്ങളെയും അതുമായി ബന്ധപ്പെട്ട വിഷമങ്ങളെയും നിസ്സാരവൽക്കരിക്കാനും പാടില്ല.

ലൈംഗികബന്ധം ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ അത് ആഗ്രഹിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തിക്കുണ്ട്. ഈ രണ്ടിനെയും ബഹുമാനിക്കുമ്പോഴാണ് ദാമ്പത്യത്തിലെ ലൈംഗികബന്ധങ്ങൾ കൂടുതൽ ആരോഗ്യകരമാകുന്നത്.

പരസ്പരമുള്ള ഇഷ്ടങ്ങൾ തുറന്നുപറയാനും അസ്വസ്ഥതകൾ പങ്കുവെക്കാനും ആവശ്യമായപ്പോൾ സഹായം തേടാനും കഴിയുന്ന ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സാധ്യതകളും കൂടുതലായിരിക്കും.

ദാമ്പത്യജീവിതത്തിലെ ലൈംഗികസംതൃപ്തി നിലനിർത്തേണ്ടത് സ്ത്രീയുടെയോ പുരുഷന്റെയോ മാത്രം ഉത്തരവാദിത്തമല്ല. ഇരുവരുടെയും ആഗ്രഹങ്ങളും സംതൃപ്തിയും മാനസികക്ഷേമവും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

ലൈംഗികബന്ധം ഒരു ബാധ്യതയായി അനുഭവപ്പെടുന്ന സാഹചര്യം മാറി, പരസ്പര സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഗമായി അത് നിലനിൽക്കുമ്പോഴാണ് അതിന് കൂടുതൽ അർത്ഥമുണ്ടാകുന്നത്.

ദാമ്പത്യത്തിൽ ശാരീരികമായി എത്രതവണ അടുത്തുവരുന്നു എന്നതിനൊപ്പം, ആ അടുപ്പത്തിൽ രണ്ടുപേർക്കും എത്രത്തോളം സന്തോഷവും പരിഗണനയും സുരക്ഷിതത്വവും അനുഭവപ്പെടുന്നു എന്നതും പ്രധാനമാണ്.

ഒടുവിൽ ഓരോ ദമ്പതികളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.

പങ്കാളിയിൽനിന്ന് നമുക്ക് എന്താണ് ലഭിക്കേണ്ടതെന്ന് മാത്രം ചിന്തിക്കുന്നതിനപ്പുറം, ആ ബന്ധത്തിൽ പങ്കാളിക്ക് എന്താണ് അനുഭവപ്പെടുന്നതെന്ന് മനസ്സിലാക്കാൻ നാം എത്രത്തോളം ശ്രമിക്കുന്നുണ്ട്?

ഒരുപക്ഷേ ആ തിരിച്ചറിവായിരിക്കാം നഷ്ടപ്പെട്ടുപോകുന്ന പല ദാമ്പത്യ അടുപ്പങ്ങളെയും വീണ്ടെടുക്കുന്നതിനുള്ള ആദ്യപടി.