
എപ്പോഴായിരുന്നു എഴുത്തിന്റെ തുടക്കം? എങ്ങനെയാണ് എഴുതി തുടങ്ങിയത്?
കുടുംബത്തിന്റെ പിന്തുണയോട് കൂടിയാണോ എഴുതുന്നത്?
എഴുത്തുമായി ബന്ധപ്പെട്ട് നിരന്തരം നേരിടുന്ന ചോദ്യങ്ങളില്‍ ചിലതാണിത്.
ഇതില്‍ ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പലതാണ്. കാരണം ആ ചോദ്യങ്ങളിലേക്ക് സ്വയം സഞ്ചരിക്കുമ്പോള്‍ പണ്ടു പണ്ടേ ഞാന്‍ എഴുതിത്തുടങ്ങിയതാണെന്നൊരു തോന്നല്‍. അങ്ങനെയൊരു തോന്നല്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സത്യത്തില്‍ ഞാനൊന്നും എഴുതിയിട്ടില്ല താനും. പക്ഷേ, എഴുത്തും വായനയുമായി പുലബന്ധം പോലും ഇല്ലാതിരുന്ന കാലത്തേ ഉള്ളില്‍ മുനിഞ്ഞ് കത്തിയ അക്ഷരവെട്ടം ഈ നിമിഷങ്ങളുടെ സാക്ഷ്യത്തില്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന
ഉത്തമബോധ്യം ഇന്നെനിക്കുണ്ട്.
പഠിക്കാനായി കായംകുളത്ത് നിന്ന് ട്രെയിനിലായിരുന്നു കൊല്ലം എസ്.എന്‍ കോളേജിലേക്ക് പോയിക്കൊണ്ടിരുന്നത്. ട്രെയിനില്‍ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. അങ്ങനെയാണ് സുബിതയെ ഞാന്‍ പരിചയപ്പെടുന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിനായി പോയിക്കൊണ്ടിരുന്ന സുബിത ട്രെയിനില്‍ തന്നെ സ്ഥിരമായി കൊല്ലത്തേക്ക് പോയിക്കൊണ്ടിരുന്ന ഒരു യുവാവുമായി പ്രണയത്തിലായി. എഴുതുകയും വായിക്കുകയും ചെയ്യുന്ന വിവരമുള്ള കാമുകന്‍ സുബിതയ്ക്ക് പല കവിതകളും എഴുതിക്കൊടുത്തെങ്കിലും പുള്ളിക്കാരിക്ക് യാതൊന്നും മനസ്സിലായില്ല. ഒടുവില്‍ ചില കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നു. കുറച്ചൊക്കെ എനിക്ക് മനസ്സിലായി. കുറച്ച് കൂടി ഭാവന കലര്‍ത്തി സുബിതയ്ക്ക് കവിതകള്‍ ഞാന്‍ വിശദീകരിച്ച് കൊടുത്തു. കോളേജ് മാഗസിനിലേക്ക് സൃഷ്ടികള്‍ ആവശ്യപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ സുബിത വഴി കാമുകനോട് ഞാനൊരു കവിത ആവശ്യപ്പെട്ടു. കാമുകന്‍ എഴുതി നല്‍കിയ ഇംഗ്ലീഷ് കവിത കണ്ട് യാതൊന്നും പിടികിട്ടാതെ ഞാന്‍ കണ്ണും മിഴിച്ച് നിന്നു. പക്ഷേ, അര്‍ഥമറിയാത്ത ആ കവിത ഞാന്‍ ഉപേക്ഷിച്ചില്ല. മാഗസിനിലേക്ക് ആ കവിത നല്‍കുകയും സൈക്കിള്‍ എന്ന കവിത എന്റെ പേരില്‍ അന്ന് അച്ചടിച്ച് വരികയും ചെയ്തു. അതോടെ സഹപാഠികള്‍ക്കിടയില്‍ ഇംഗ്ലീഷ് എഴുത്തുകാരിയെന്ന നിലയില്‍ എനിക്കല്‍പ്പം വിലയും നിലയുമുണ്ടായി. അങ്ങനെയാണ് ആദ്യമായി എന്റെ പേര് ഒരു മാഗസിനില്‍ അച്ചടിച്ച് വരുന്നത്.
Also Read
പഠിക്കുന്ന സമയത്ത് മലയാളത്തിനോട് എനിക്ക് വല്ലാത്തൊരു പ്രതിപത്തിയുണ്ടായിരുന്നു. പാഠപുസ്തകങ്ങള്‍ വെറുതെ ഒന്ന് വായിച്ചാലും എന്റെ ആശയങ്ങള്‍ കൂടി കലര്‍ത്തിയെഴുതി ഉത്തരക്കടലാസുകള്‍ നിറച്ച് മാര്‍ക്ക് വാങ്ങിയിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മാധവിക്കുട്ടിയുടെ നെയ്പായസത്തില്‍ നിന്നുള്ള അഞ്ച് മാര്‍ക്കിന്റെ ചോദ്യത്തിന് നാലോ അഞ്ചോ പേപ്പറുകളില്‍ നെയ്പായസത്തിലെ കുടുംബനാഥന്റെ മനോവ്യാപാരങ്ങള്‍ എന്റെ ഭാവന കൂടി കലര്‍ത്തി എഴുതിക്കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാതെ സമയം നഷ്ടപ്പെട്ട് പോയതും അന്ന് മലയാളത്തിന് വളരെയധികം മാര്‍ക്ക് കുറഞ്ഞതുമൊക്കെ ഇന്ന് ചിരിയുണര്‍ത്തുന്ന ഓര്‍മകളാണ്.
കൊല്ലം എസ്.എന്‍ കോളേജില്‍ വെച്ചാണ് സാഹിത്യവുമായി ബന്ധപ്പെട്ട പ്രശസ്തരായ മൂന്നു പേരെ ഒരുമിച്ച് ആദ്യമായി ഞാന്‍ കാണുന്നത്. ഒരു കവിയരങ്ങില്‍ പങ്കെടുക്കാനായി വന്നതായിരുന്നു അവര്‍. വി. മധുസൂധനന്‍ നായരും സാവിത്രി രാജീവനും മാങ്ങാട് രത്‌നാകരനും ഒപ്പം അപ്രശസ്തരായ രണ്ടോ മൂന്നോ കവികളുമുണ്ടായിരുന്നു. ഒന്നാം വര്‍ഷ പൊളിറ്റിക്‌സ് ക്ലാസ്‌റൂമിന് മുന്നിലെ നീളമുള്ള വരാന്തയില്‍ അഞ്ചോ ആറോ കസേരകള്‍ നിരത്തിയിട്ട് അതിനുമുന്നില്‍ മേശയും ഒരു മൈക്കും ഒരുക്കിയിരുന്നു. ഇതായിരുന്നു കവിയരങ്ങിന്റെ വേദി. ആദ്യമായി കവിത ചൊല്ലിയത് മധുസൂദനന്‍ നായരായിരുന്നു. നാറാണത്ത് ഭ്രാന്തന്‍ എന്ന കവിത. അന്ന് ഞാന്‍ ശ്രദ്ധിച്ചത് കവിതയുടെ വരികളായിരുന്നില്ല. കവിയുടെ മുഴക്കമുള്ള ശബ്ദവും ആലാപന സൗകുമാര്യവും കവിത ചൊല്ലുമ്പോഴുള്ള കവിയുടെ മുഖഭാവങ്ങളുമായിരുന്നു. അതിനുശേഷം വി മധുസൂദനന്‍ നായരെന്ന പേര് കേള്‍ക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്തൊരു ആരാധന തോന്നിയിട്ടുണ്ട്. സാവിത്രി രാജീവന്‍ അന്നൊരു ഗദ്യ കവിതയാണ് ചൊല്ലിയത്. അടുക്കളയില്‍ തേഞ്ഞ് തീരുന്നൊരു ഉപകരണമാണ് ഞാന്‍ (അങ്ങനെയാണ് ഓര്‍മ) എന്ന് തുടങ്ങുന്ന വരികള്‍ ചൊല്ലിയപ്പോള്‍ ആദ്യം ഞാന്‍ ശ്രദ്ധിച്ചത് കമ്മലുകളണിയാത്ത കവയത്രിയുടെ കാതുകളാണ്. ഒരു കമ്മല് കൂടി അണിഞ്ഞിരുന്നെങ്കില്‍ നല്ല ഭംഗിയായേനെ എന്ന് ചിന്തിച്ച് കവിത കേട്ട് കൊണ്ടിരുന്നപ്പോള്‍ വരികളുടെ ആന്തരികാര്‍ത്ഥത്തെ ക്കുറിച്ച് ഞാന്‍ കൂടുതലായി ചിന്തിച്ചില്ലെങ്കിലുംഅതൊരു സ്ത്രീപക്ഷ കവിതയാണെന്ന് മനസ്സിലായിരുന്നു. കവിതാ പാരായണം കഴിഞ്ഞപ്പോള്‍ ബാഗില്‍ കരുതിയിരുന്ന ഡയറിയുമായി ഞാന്‍ കവികളുടെ മുന്നിലേക്ക് ചെന്നു. സ്‌നേഹം നിറഞ്ഞ കൈയ്യൊപ്പുകള്‍ വാങ്ങിയശേഷം കവയത്രി സാവിത്രീ രാജീവനോട് 'മാഡം മാരീഡാണോ' എന്ന് ഒരു രഹസ്യം പോലെ ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കേട്ട് പുഞ്ചിരി തൂകിയതല്ലാതെ അതിന് മറുപടിയൊന്നും നല്‍കിയില്ലെങ്കിലും ആദ്യമായി ഒരു കവയത്രിയെ മുന്നില്‍ കണ്ട സന്തോഷത്തോടെയാണ് ഞാനന്ന് കാമ്പസ് വിട്ടത്. രണ്ട് വര്‍ഷം മുന്‍പ് മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ സ്‌പെഷ്യല്‍ പെണ്‍പതിപ്പില്‍ സാവിത്രി രാജീവന്റെ പേരിനോടൊപ്പം എന്റെ പേരും മാസികയുടെ മുന്‍പേജില്‍ അച്ചടിച്ച് വന്നത് കണ്ടപ്പോള്‍ കാലം എന്തൊക്കെ സസ്പന്‍സുകളാണ് കാത്തുവെച്ചിരുന്നതെന്ന് ഞാനോര്‍ത്തു.
പൊളിറ്റിക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പാട്ടൊരുക്കിയപ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഞാന്‍ ആ പാട്ടിലിടപെട്ട് വരികള്‍ സൃഷ്ടിച്ചെടുക്കുകയുണ്ടായി. വളരെ യാദൃച്ഛികമായ ഒരു സംഭവമായിരുന്നു അതെങ്കിലും ആ പാട്ട് അന്ന് കാമ്പസില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യുപകാരമെന്നോണം മൂന്നാം വര്‍ഷ വിദ്യാര്‍ഥികളൊരുക്കിയ വെല്‍ക്കം സോങ്ങിന്റെ ടീമിലേക്ക് പാടാനായി എന്നെയും അവര്‍ കൂട്ടിയതാണ് ഓര്‍മയിലെ ആദ്യത്തെ എഴുത്തനുഭവം.
ജസീന റഹീമിന്റെ കൂടുതൽ ഓർമക്കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് വിദേശത്തേക്കൊക്കെ പോയതില്‍ പിന്നെ വിരസമായ ജീവിതത്തിനിടയില്‍ മംഗളവും മനോരമയും ഞാന്‍ വായിക്കാന്‍ തുടങ്ങി. എന്റെ ഒരോ പ്രവൃത്തിയിലും കര്‍ശന നിയന്ത്രണങ്ങളുള്ള കാലമായിരുന്നു അത്. ഭര്‍ത്താവിന്റെ ഏറ്റവും ഇളയ അനുജനെ ഞാന്‍ വായനക്കായി കൂട്ടുപിടിച്ചു. ഏഴാം ക്ലാസുകാരനായിരുന്ന അനുജന്‍ സ്‌കൂള്‍ വിട്ട് വരുന്നവഴി വീടനടുത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് ജ്യേഷ്ഠത്തിക്ക് വായിക്കാനാണെന്ന് പറഞ്ഞ് മാസിക വാങ്ങി ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ച് വെച്ച് എനിക്ക് കൊണ്ട് തന്നു. അന്ന് സ്വകാര്യമായി ഒരു ഇടമൊന്നും വീട്ടിലെനിക്ക് ഉണ്ടായിരുന്നില്ല. വീടിന് പുറത്ത് പശുവിന് പുളിയരിപ്പൊടിയൊക്കെ വേവിക്കുന്ന ഒരു കൊട്ടിലുണ്ടായിരുന്നു. തീയെരിക്കാനായി കൂട്ടിയിട്ട കരിയിലകളുടെ മറവിലിരുന്ന് പുളിയരിപ്പൊടിക്ക് തീയെരിക്കുകയും കാലുകള്‍ വിടര്‍ത്തി വെച്ച് നൈറ്റിക്കുള്ളില്‍ മാസിക വെച്ച് വായിക്കുകയു ചെയ്തു. അടുത്തെവിടെങ്കിലും കാല്‍പെരുമാറ്റം കേട്ടാല്‍ കാലുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് മാസിക മറച്ചുവെച്ച് ഒന്നും അറിയാത്തത് പോലെയിരുന്ന് പുളിയരിപ്പൊടി ഇളക്കിക്കൊടുത്തു. അങ്ങനെ വായന മുന്നോട്ട് പോകവെ മാസികയുടെ പേരില്‍ കുഞ്ഞനുജന്‍ എന്റെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എന്റെ പാത്രത്തില്‍ നിന്ന് മീന്‍ കഷ്ണങ്ങള്‍ അധികാരത്തോടെ എടുക്കുകയും. എന്ത് പലഹാരം ഞാന്‍ കഴിച്ചാലും അതില്‍ നിന്നും പകുതി കൊടുക്കണമെന്ന നിബന്ധനകള്‍ കൂടി വരുകയും എനിക്ക് മേല്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെ ഞങ്ങള്‍ തമ്മില്‍ വഴക്കായി. മാലോകര്‍ കേള്‍ക്കെ, ഞാന്‍ മംഗളവും മനോരമയും വായിക്കാറുണ്ടെന്ന് ആ വഴക്കിനിടയില്‍ വിളിച്ച് കൂവിയതോടെ എന്റെ മാസികാ വായന നിന്നു. അതായിരുന്നു എന്റെ ആദ്യത്തെ വായനാ അനുഭവം.
വവ്വാക്കാവില്‍ ഫാര്‍മസി തുടങ്ങിയതില്‍ പിന്നെ ഇല്ലാത്ത മരുന്നുകളുടെ ലിസ്റ്റ് എഴുതിവെക്കുന്ന നോട്ട് ബുക്കില്‍ വെറുതെയിരിക്കുന്ന സമയങ്ങളില്‍ ഞാന്‍ മനസ്സില്‍ തോന്നുന്ന വരികളൊക്കെ കുറിച്ചിട്ടു. ഒരിക്കല്‍ ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനായെത്തിയ എന്റെ നാട്ടുകാരന്‍ തന്നെയായ എസ്.ജയന്‍ എന്ന സംഗീത സംവിധായകന്‍ ഷോര്‍ട്ടേജ് ബുക്കിലെഴുതിയ വരികള്‍ ശ്രദ്ധിക്കുകയും വരികള്‍ക്ക് ഒരു പാട്ടിന്റെ താളമുണ്ടെന്ന് പറയുകയും ചെയ്തു. ആ വാക്കുകള്‍ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. ഉടന്‍ തന്നെ ഒരു ആല്‍ബത്തിന്റെ വര്‍ക്ക് വരുന്നുണ്ട് അറിയിക്കാം എന്ന് പറഞ്ഞ് അദ്ദേഹം പോയി. കൃത്യം ഒരാഴ്ച്ചക്കുശേഷം സാറിന്റെ ഫോണ്‍ വന്നു. ' മ്യൂസിക്കിന് അനുസരിച്ച് വരികളെഴുതണം പറ്റുമോ 'അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും രണ്ടാമതൊന്നാലോചിക്കാതെ പറ്റും എന്ന് ഞാന്‍ മറുപടി നല്‍കി. മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് കുറച്ച് നാളുകളായെങ്കിലും എന്റെ കയ്യില്‍ അന്നുള്ളത് ചെറിയ നോക്കിയ ഫോണായിരുന്നു. ഇന്റര്‍നെറ്റ് ഞാന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ മ്യൂസിക്ക് എങ്ങനെ എനിക്ക് കൈമാറും എന്ന ആശങ്കയില്‍ നിന്ന ജയന്‍ സാറിനോട് മ്യൂസിക് ഒന്ന് മൂളി കേള്‍പ്പിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. താനാനാനാ എന്നൊരു താളത്തില്‍ അദ്ദേഹം വരികളുടെ മീറ്റര്‍ പറഞ്ഞ് തന്നത് ഷോര്‍ട്ടേജ് ബുക്കില്‍ ഞാന്‍ കുറിച്ചിട്ടു. പിന്നീട് ആ താളവും മനസ്സിലിട്ട് ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങി. ട്യൂണ്‍ കിട്ടി ആദ്യ ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. രണ്ടാമത്തെ ദിവസം പുലര്‍ച്ചെ വീടിന്റെ മുറ്റമടിച്ച് കൊണ്ടിരുന്നപ്പോള്‍ ആ വരികള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ചൂല് നിലത്തിട്ട് വീടിനകത്തേക്ക് ഓടിക്കയറി മകന്റെ ഹോംവര്‍ക്ക് ബുക്കില്‍ മനസ്സില്‍ രൂപപ്പെട്ട വരികള്‍ ഞാന്‍ കുറിച്ചിട്ടു. നോക്കിയ ഫോണിലൂടെ മംഗ്ലീഷില്‍ ആദ്യത്തെ നാല് വരികള്‍ ഞാന്‍ സാറിന് മെസേജ് ചെയ്തു. വരികള്‍ സാറിനിഷ്ടപ്പെട്ടു വീണ്ടും ബാക്കി വരികള്‍ കൂടി എഴുതാന്‍ പറഞ്ഞപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടി. അന്ന് തന്നെ ബാക്കി വരികള്‍ കൂടി മെസേജായി അയച്ച് കൊടുത്തു. പിന്നിട്ട് ആ വരികള്‍ ഓര്‍മ്മചെപ്പ് എന്ന ആല്‍ബത്തില്‍ ഗായകന്‍ എസ് സുദീപ് പാടി പുറത്ത് വന്നു. അതായിരുന്നു എഴുത്തിലെ എന്റെ ആദ്യ വഴിത്തിരിവ്.
കൂടുതൽ ഓർമക്കുറിപ്പുകളും പ്രീമിയം ലേഖനങ്ങളും തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ആ ഗാനം പുറത്തിറങ്ങിയതിനുശേഷം സിനിമാ പാട്ടെഴുതാന്‍ എനിക്ക് അതിയായ മോഹമുണ്ടായി. ജയന്‍ സാര്‍ തന്നെ ഒരു സിനിമയ്ക്ക് പാട്ടെഴുതിച്ചെങ്കിലും സിനിമ നടന്നില്ല. അങ്ങനെയിരിക്കെയാണ് (ഏതോ മാഗസിന്‍ വഴിയാണന്നാണ് ഓര്‍മ്മ) ജാസി ഗിഫ്റ്റിന്റെ നമ്പര്‍ എനിക്ക് കിട്ടിയത്. പാട്ടെഴുതാനുള്ള അതിയായ മോഹത്താല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചെങ്കിലും അന്ന് വിളിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ കുറച്ചുനാള്‍ ആ നമ്പറും സേവ് ചെയ്ത് ഞാന്‍ നടന്നു. അപ്പോഴാണ് ഓച്ചിറയില്‍ ഒരു പ്രോഗ്രാമിന് അദ്ദേഹം എത്തുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. സകല ധൈര്യവും സംഭരിച്ച് ഒരു ദിവസം അദ്ദേഹത്തിനെ ഞാന്‍ ഫോണ്‍ ചെയ്തു.
ജാസി: ഹലോ ആരാണ്.
ഞാന്‍: (വിക്കി വിക്കി) ഞാനാണ് സാര്‍.
ജാസി: ഞാനോ. ആരാണന്ന് വ്യക്കമായി പറയൂ.
ഞാന്‍: വവ്വാക്കാവില്‍ നിന്നാണ് സാര്‍
ജാസി: ആട്ടെ, എന്താ കാര്യം
ഞാന്‍: സാര്‍, എനിക്കൊരാഗ്രഹമുണ്ട് അത് പറയാനാണ് ഞാന്‍ വിളിച്ചത്'
ജാസി: എനിക്ക് കുറേ തിരക്കുകളുണ്ട്, വേഗം കാര്യം പറഞ്ഞാല്‍ നന്നായിരുന്നു.
ഞാന്‍: സാര്‍, എനിക്കൊരു പാട്ടെഴുതണം. ഞാനൊരു പാട്ടെഴുതിയിട്ടുണ്ട്. സാര്‍ മ്യൂസിക്ക് തന്നാല്‍ വരികളെഴുതാന്‍ പറ്റുമെന്ന് എനിക്കുറപ്പുണ്ട്.
ജാസി: ക്ഷമിക്കണം, നിങ്ങളുടെ പേരെന്താണ്.
ഞാന്‍: ജസീന എന്നാണ് സാര്‍
ജാസി: ആ ജസീന, തത്ക്കാലം ഞാന്‍ പാട്ടൊന്നും ചെയ്യുന്നില്ല. വിളിച്ചതില്‍ സന്തോഷം'.
ഞാന്‍: അയ്യോ സാറേ ഫോണ്‍ വെക്കല്ലേ എനിക്കൊരാഗ്രഹം കൂടെ പറയാനുണ്ട്.
ജാസി: സോറി ഞാന്‍ തിരക്കിലാണ്'
ഞാന്‍: (ജാസിയെ തുടരാന്‍ അനുവദിക്കാതെ) സാര്‍ ഓച്ചിറെ വരുമ്പം ഞാനെഴുതിയ വരികളൊന്ന് കാണുമോ. അഞ്ചോളം പാട്ടുകള്‍ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്.
ജാസി: ഹാ, ആ സമയത്ത് വിളിച്ചാ മതി.
ജാസി ഗിഫ്റ്റ് ഓച്ചിറയില്‍ വരുന്നതിന് മുന്‍പ് ഞാന്‍ മൂന്ന് പാട്ടുകള്‍ കൂടി എഴുതി. എട്ടു പാട്ടുകളും വൃത്തിയായി വെള്ളപേപ്പറില്‍ എഴുതി വെച്ച് അദ്ദേഹത്തെ വീണ്ടും ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ നോക്കട്ടെ സമയമുണ്ടെങ്കില്‍ നോക്കാം എന്ന് പറഞ്ഞു. അങ്ങനെ ആങ്ങളയുടെ കൈവശം എട്ട് പാട്ടുകളും അദ്ദേഹത്തെ കാണിക്കാനായി എഴുതി കൊടുത്തുവിട്ട് നെഞ്ചിടിപ്പോടെ ഞാന്‍ കാത്തിരുന്നു. ഫയല്‍ ചെയ്ത് കൊടുത്ത് വിട്ട പാട്ടെഴുതിയ പേപ്പറുകള്‍ വാങ്ങി നോക്കാം എന്ന് പറഞ്ഞ് ആങ്ങളയെ അദ്ദേഹം തിരിച്ചയച്ചു. വരികള്‍ വായിച്ച് ജാസി ഗിഫ്റ്റ് വിളിക്കുമെന്ന പ്രതീക്ഷയോടെ മൂന്ന് ദിവസം ഞാന്‍ കാത്തിരുന്നു. നാലാമത്തെ ദിവസം ആകാംക്ഷ അടക്കാനാവാതെ വീണ്ടും അദ്ദേഹത്തെ ഞാന്‍ വിളിച്ചു.
ജാസി: ഹലോ.
ഞാന്‍: (വളരെ പരിചയമുള്ള ഒരാളെ പോലെ) സാര്‍ ഞാന്‍ ജസീനയാണ്. പാട്ടെഴുതുന്ന..
എന്റെ വാക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ജാസി ഗിഫ്റ്റ് പറഞ്ഞ് തുടങ്ങി.
ജാസി: ആ ജസീന വരികള്‍ ഞാന്‍ നോക്കി. കുഴപ്പമില്ല , ആട്ടെ ജസീന വായിക്കാറുണ്ടോ.
തീര്‍ത്തും അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാനൊന്ന് പതറി. ബെന്യാമിന്റെ ആടുജീവിതമാണ് മുഴുവനായി വായിച്ചിട്ടുള്ള ഏക പുസ്തകം.
ഞാന്‍: ആടുജീവിതം വായിച്ചിട്ടുണ്ട്.
ജാസി: എം.ടി യുടെ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ?
ഞാന്‍: വായിച്ചിട്ടില്ല.
ജാസി: എന്നാല്‍ രണ്ടാമൂഴം മുതല്‍ ഇനി വായിച്ച് തുടങ്ങൂ'
ഞാന്‍: താങ്ക്യൂ സാര്‍ താങ്ക്യൂ
എന്റെ താങ്ക്യൂ കേള്‍ക്കുന്നതിന് മുന്‍പ് ജാസി ഗിഫ്റ്റ് കോള്‍ കട്ട് ചെയ്തു.
പിന്നീടൊരിക്കലും ജാസി ഗിഫ്റ്റിനെ ഞാന്‍ വിളിക്കുകയോ ജാസി എന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. സിനിമയില്‍ പാട്ടെഴുതുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കിയത് കൂടി കൊണ്ടാവാം ആ സംഭവത്തോടെ പാട്ടെഴുത്തെന്ന എന്റെ മോഹത്തിന് മങ്ങലേറ്റു.
എസ്.എന്‍.കോളേജില്‍ പഠിക്കുന്ന സമയത്ത് കാമ്പസിലെ ത്രിവേണി ഗാര്‍ഡനില്‍ എല്ലാ വൈകുന്നേരങ്ങളിലും എന്‍.എസ് എസിലെ വോളണ്ടിയേഴ്‌സ് ഒരുമിച്ച് കൂടുമായിരുന്നു. അങ്ങനെയാണ് സുവോളജിയിലെ മനോജ് നാരായണനെ ഞാന്‍ പരിചയപ്പെടുന്നത്. കവിതകളെഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുന്ന മനോജ് നാരായണന്റെ ബുക്കില്‍ നിന്നും ഒരിക്കല്‍ ഒന്‍വിയുടെ കവിത ഞാന്‍ എന്റെ ഡയറിയിലേക്ക് പകര്‍ത്തിയെഴുതി. ഞാനും ആ സമയത്ത് എന്തൊക്കെയോ ഡയറിയില്‍ കുത്തിക്കുറിച്ചിട്ടിരുന്നു. ഒരിക്കല്‍ മരുന്ന് വാങ്ങാന്‍ കടയിലെത്തിയ പോലീസുദ്യോഗസ്ഥന്‍ കൂടിയായ പ്രസന്നന്‍ വേളൂരിനോട് സംഭാഷണമധ്യേ ആല്‍ബം സോങ്ങ് എഴുതിയ കാര്യം ഞാന്‍ പറയുകയും ഞാനെഴുതിയ ചില വരികള്‍ കാണിക്കുകയും ചെയ്തു. ആ സമയത്ത് അദ്ദേഹമൊരു കവിതാ പുസ്തകമിറക്കാനുള്ള ആലോചനയിലായിരുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ എഴുതിയതൊക്കെ ചേര്‍ത്ത് ഒരു പുസ്തകമാക്കുകയും അദ്ദേഹത്തിന്റെ പുസ്തകത്തിനോടൊപ്പം എന്റെ പുസ്തകവും പ്രകാശനം ചെയ്യാമെന്നും പറഞ്ഞു. പിന്നീട് പുസ്തകത്തിന്റെ പണികള്‍ വളരെ വേഗം നടന്നു.
കവിതകളെഴുതിക്കൊടുക്കുകയും പുസ്തകവുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുകയും ചെയ്യുന്നതൊഴികെ പുസ്തകസംബന്ധമായി യാതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പ്രസന്നന്‍ വേളൂര്‍ വഴി ചിത്രകാരന്‍ കൂടിയായ ലക്ഷ്മണ്‍ മാധവാണ് എഴുതിയ കവിതകള്‍ പുസ്തകരൂപത്തിലാക്കാന്‍ മുന്നില്‍നിന്നത്. ലക്ഷ്മണ്‍ മാധവ് തന്നെ അവതാരിക എഴുതുകയും കവര്‍ ഡിസൈന്‍ ചെയ്തുതരികയും ചങ്ങന്‍കുളങ്ങരയിലെ ഐക്യ കേരള ഗ്രന്ഥശാലയെ പുസ്തക പ്രസാധകരാക്കി സെറ്റ് ചെയ്ത് തരികയും ചെയ്തു. പുസ്തകത്തിന്റെ അവസാന ഘട്ടത്തില്‍ അഞ്ചോളം കവിതകള്‍ കൂടിയുണ്ടെങ്കിലേ ഒരു പുസ്തകമാക്കാന്‍ കഴിയുകയുള്ളൂ എന്ന് ലക്ഷ്മണ്‍ മാധവ് പറഞ്ഞപ്പോള്‍ അഞ്ച് കവിതകള്‍ ഉടനെ എങ്ങനെയെഴുതുമെന്ന് ഞാന്‍ ആശങ്കയിലായി. അപ്പോഴാണ് ഫാര്‍മസിക്ക് മുന്നിലെ ബദാം മരത്തില്‍ താമരമൊട്ടുകള്‍ പോലെ കൂമ്പി നില്‍ക്കുന്ന വെള്ള കൊക്കുകളെ വഴിവിളക്കിന്റെ വെട്ടത്തില്‍ ഞാന്‍ കണ്ടത്. ആ രാത്രി കാഴ്ച്ച വളരെപ്പെട്ടന്ന് തന്നെ നിഷിദ്ധരാത്രി, എന്ന പേരില്‍ ഞാനൊരു കവിതയാക്കി.
രാത്രിയുടെ നിഗൂഢതയിലേക്ക്
കൃത്രിമ സൂര്യന്റെ നുഴഞ്ഞുകയറ്റം
പകലെവിടെയോ ഇരതേടി
രാത്രിയിലെ സ്വകാര്യതയിലേക്ക്
ചേക്കേറാന്‍ തിടുക്കമായ ഇണക്കിളികള്‍ക്ക്
രാത്രി നിഷേധിച്ച്, ഒന്നുമറിയാത്ത
ഭാവത്തില്‍ ആകാശംമുട്ടെ
കത്തിനില്‍ക്കുന്ന ഹൈമാസ്റ്റ് ലൈറ്റ്
എന്റെ നിമിഷകവിത ലക്ഷ്മണ്‍ മാധവിനിഷ്ടപ്പെട്ടു. ഏറ്റവും കുറഞ്ഞത് നാല്‍പ്പത് പേജുകളില്ലാതെ ഒരു പുസ്തകമിറക്കാന്‍ പറ്റില്ല. അതിന് ഇനിയും നാല് കവിതകള്‍ വേണം. എന്ത് ചെയ്യും?. പെട്ടന്നാണ് കോളേജ്കാലത്തെ ആ പഴയ ഡയറിയെക്കുറിച്ച് ഞാന്‍ ഓര്‍ത്തത്. ഡയറി തപ്പിയെടുത്ത് തുറന്ന് നോക്കിയപ്പോള്‍ പണ്ടെഴുതിയ വരികളില്‍ നാല് കവിതയ്ക്കുള്ള വകയുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ആ കൂട്ടത്തില്‍ കണ്ട ഒഎന്‍വിയുടെ യാത്ര എന്ന കവിതയും ഞാനെഴുതിയതാണന്ന് കരുതി പുസ്തകത്തിന് വേണ്ടി പേപ്പറിലേക്ക് പകര്‍ത്തിയെഴുതി വെച്ചു.
പുസ്തകം എന്ന ആലോചന തുടങ്ങിയതില്‍ പിന്നെ എനിക്കൊരു പുതിയ ശീലമുണ്ടായി. ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനെത്തുന്നവരോട് പുസ്തകമിറങ്ങുന്ന കാര്യം പറയുകയും അച്ചടിക്കാന്‍ കൊടുക്കാനായി പേപ്പറില്‍ എഴുതിവെച്ച കവിതകള്‍ പലരെയും ഞാന്‍ കാണിക്കുകയും ചെയ്തു. കവിത ഇഷ്ടമില്ലാത്തവരെയും പിടിച്ചുനിര്‍ത്തി ഞാന്‍ കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചു. പലരും ഗംഭീരം, അസാധ്യം എന്നൊക്കെ പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. പതിവ് പോലെ സാഹിത്യവുമായി കുറച്ചൊക്കെ ബന്ധമുള്ള ഒരാള്‍ മരുന്ന് വാങ്ങാനെത്തിയതും എന്റെ കവിതകളെടുത്ത് അയാള്‍ക്ക് ഞാന്‍ വായിക്കാന്‍ കൊടുത്തു. പുള്ളിക്കാരന്‍ പോകാന്‍ അല്‍പ്പം ധൃതിയുണ്ടെന്ന് പറഞ്ഞിട്ടും ഞാനതൊന്നും മൈന്‍ഡ് ചെയ്തതേയില്ല. മരുന്ന് വേണോ എങ്കില്‍ കവിത വായിച്ചേ മതിയാവൂ എന്നതായിരുന്നു എന്റെ ലൈന്‍. പുള്ളിക്കാരന്‍ പാതി മനസ്സോടെ കവിത വായിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒഎന്‍വിയുടെ യാത്ര എന്ന കവിതയെടുത്ത് വേര്‍പിരിയാന്‍ മാത്രമൊന്നിച്ച് നാം വേദനകള്‍ പങ്കുവെക്കുന്നു. ഈ വേദനകള്‍ ഏറ്റ് വാങ്ങുന്നു എന്ന വരികള്‍ അല്‍പ്പം ഉറക്കെ ചൊല്ലിയിട്ട് ഇതും നിങ്ങളുടെ പുസ്തകത്തില്‍ വരുമോ എന്ന് ചോദിച്ചു. ഉറപ്പായും വരുമെണ് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു. 'ഇത് നിങ്ങളെഴുതിയതാ'? അയാളുടെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. പിന്നെ ഞാനെഴുതാതെ എന്റെ പുസ്തകത്തിന് വേണ്ടി നാട്ടുകാരാരെങ്കിലും എഴുതുമോ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും പുസ്തകം ഇറങ്ങി കഴിഞ്ഞ് ഒരു കോപ്പി അയാള്‍ക്കും വിറ്റ് പോകണ്ടതാണന്ന് ചിന്തിച്ച് ഞാന്‍ മിണ്ടാതെ നിന്നു. എന്റെ നില്‍പ് കണ്ട് ടിയാന്‍ ആദ്യമൊന്ന് ചിരിച്ചു. പിന്നെ നാലുപാടും നോക്കി സ്വരം താഴ്ത്തി 'ഇത് ഒഎന്‍വിയുടെ കവിതയാ, തത്ക്കാലം ഇത് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി. ഇതങ്ങ് മാറ്റിയേക്കെന്ന് വളരെ അനുഭാവത്തോടെ പറഞ്ഞപ്പോള്‍ എന്റെ കവിത എങ്ങനെ ഒഎന്‍വിയുടേതാകുമെന്ന് ആദ്യം ഞാന്‍ തര്‍ക്കിച്ചു. പുള്ളിക്കാരന്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ സംഗതി പുറത്താരും അറിയരുതെന്ന അപേക്ഷയോടെ കക്ഷിയുടെ മുന്നില്‍ ഞാന്‍ കൈകൂപ്പി നിന്നു. പക്ഷേ, പുസ്തകമിറങ്ങുന്നതിന് മുന്‍പ് തന്നെ പുള്ളിക്കാരന്‍ എന്നെ ചതിച്ചു. ഒഎന്‍വിയുടെ കവിത അടിച്ചുമാറ്റി പുസ്തകം ചെയ്യുന്നു എന്ന് അയാള്‍ ഒരു സുഹ്യദ് സംഘത്തിലിരുന്ന് പറഞ്ഞത് പുസ്ത പ്രകാശന ദിവസം അയാളുടെ സുഹ്യത്തുക്കളിലൊരാള്‍ വളരെ രഹസ്യമായി 'മറ്റാരും ഇതറിയല്ല്' എന്ന മുന്നറിയപ്പോടെ എന്നോട് പറഞ്ഞു. അതോടെ ഞാന്‍ ആകെ ടെന്‍ഷനിലായി. എന്നെ അപമാനിച്ചാലും സാരമില്ല സത്യസന്ധമായി ഞാന്‍ എഴുതിയ എന്റെ കവിതകളെ ഇതിന്റെ പേരില്‍ ആരെങ്കിലും അപമാനിക്കുമോ എന്ന് ഭയന്ന് ശ്വാസംപിടിച്ച് ഞാന്‍ നടന്നു.
ചങ്ങന്‍കുളങ്ങരയിലെ അല്‍ഹന ആഡിറ്റോറിയത്തിലായിരുന്നു പുസ്തക പ്രകാശനം. എന്റെ പുസ്തകമായ കടവാവലും പ്രസന്നന്‍ വേളൂരിന്റെ അരംപുല്ലും ഒരേ വേദിയില്‍ വെച്ചാണ് പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന ദിവസം രാവിലെ എന്റെ പുസ്തകം പരിചയപ്പെടുത്തുന്ന ആളിന്റെ ഒരു കോള്‍ വന്നു. കവിതകള്‍ നന്നായി വായിച്ചിട്ടില്ലെന്നും മറുപടി പ്രസംഗത്തില്‍ കവിതയെക്കുറിച്ച് കൂടുതലായി പറയണമെന്നും എന്നോട് പറഞ്ഞു. ലക്ഷ്മണ്‍ മാധവ് എഴുതിത്തന്ന മറുപടി പ്രസംഗം എങ്ങനെയെങ്കിലും കാണാതെ പഠിച്ച് വെച്ചിരുന്ന എന്നെ സംബന്ധിച്ചടത്തോളം അതൊരു വമ്പന്‍ ടാസ്‌ക്കായിരുന്നെങ്കിലും എതിര്‍ത്തൊന്നും ഞാന്‍ പറഞ്ഞില്ല.
കല്യാണം വിളിക്കുന്നത് പോലെ കാണുന്നവരോടൊക്കെ പുസ്തക പ്രകാശനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതിനാല്‍ ഓഡിറ്റോറിയത്തിന്റെ ഹാള്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നു. കൊട്ടിയത്ത് നിന്നും കായംകുളത്ത് നിന്നുമൊക്കെ എന്റെ ബന്ധുക്കളും പ്രസന്നന്‍ വേളൂരിന്റെ ബന്ധുക്കളും എത്തിയിരുന്നു. കുടുംബത്തില്‍ ആദ്യമായി ഒരു എഴുത്തുകാരിയുണ്ടാകുന്നു എന്ന സന്തോഷത്തോടെയാണ് പലരും എത്തിയത്.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വിജയകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ച് കഴിഞ്ഞ് ജോബി സാര്‍ (പേര് സാങ്കല്പികം) പുസ്തകം പരിചയപ്പെടുത്താനായി എഴുന്നേറ്റു. ഒരു മണിക്കോറോളം നീണ്ട രാഷ്ട്രീയ പ്രസംഗത്തിന് ശേഷം ജസീനാ റഹീമിന്റെ കവിതയില്‍ പ്രണയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ഒരു പ്രസ്താവനയോട് കൂടി എന്തോ അപരാധം കേട്ടമട്ടില്‍ എന്റെ ബന്ധുക്കള്‍ കൂട്ടത്തോടെ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. അന്ന് ഡിവൈഎസ്പി ആയിരുന്ന എന്റെ അയല്‍ക്കാരന്‍ കൂടിയായിരുന്ന നസീം ഞാനെഴുതിയ ഒന്ന് രണ്ട് കവിതകള്‍ വിശകലനം ചെയ്തത് ആ അവസരത്തില്‍ ആശ്വാസമായി.
ആദ്യ കവിതാസമാഹാരമായ കടവാവല്‍ പുറത്തിറങ്ങിയതില്‍ പിന്നെ കവയത്രി എന്ന പേര് എന്നിലേക്ക് വന്നുചേര്‍ന്നു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സെക്രട്ടറി വിജയകുമാര്‍ പല പ്രോഗ്രാമുകളിലും പങ്കെടുപ്പിച്ചത് ഒന്നു കൂടി എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പക്ഷേ, വന്നുചേര്‍ന്ന കവയത്രി എന്ന വിശേഷണം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി. ഞാനതിന് അര്‍ഹയല്ല എന്ന തോന്നല്‍ കാരണം എഴുത്തുകാരി എന്ന വിളികള്‍ക്ക് മുന്നില്‍ ഞാന്‍ നിശബ്ദയായി നിന്നു. കടവാവല്‍ ഇറങ്ങുന്നത് വരെ ഞാന്‍ കവിതാ പുസ്തകങ്ങളോ കഥകളോ ഒന്നും വായിച്ചിരുന്നില്ല. ആടുജീവിതം എന്ന നോവല്‍ മാത്രമായിരുന്നു വായനാ അനുഭവമായി മുന്നിലുണ്ടായിരുന്നത്. അങ്ങനെ ഒരു നിരാശ ബാധിച്ച മനസ്സുമായി മുന്നോട്ട് പോകുമ്പോഴാണ് സത്യാനന്ദന്‍ എന്ന റിട്ടയര്‍ ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ ഞാന്‍ പരിചയപ്പെടുന്നത്. ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനെത്തിയ അദ്ദേഹം എന്റെ പുസ്തകത്തെ കുറിച്ച് അറിഞ്ഞിരുന്നു. അന്ന് ഫാര്‍മസിയുടെ കൗണ്ടറില്‍ എന്റെ പുസ്തകം വില്‍ക്കാനായി അടുക്കിവെച്ചിട്ടുമുണ്ടായിരുന്നു. മരുന്നൊക്കെ വാങ്ങിയതിനുശേഷം അടുക്കിവെച്ച പുസ്തകത്തില്‍ നിന്നും ഒരു പുസ്തകമെടുത്ത് അദ്ദേഹം വായിക്കാന്‍ തുടങ്ങി. നല്ല വായനാശീലമുണ്ടായിരുന്ന അദ്ദേഹം പുസ്തകം മടക്കി വെച്ചിട്ട് എന്നോട് ഒരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കടവാവല്‍ അല്ല
കടവാതിലാണ് ശരിയായ ഉച്ചാരണം എന്ന് പറഞ്ഞായിരുന്നു തുടക്കം.
'ആട്ടെ, കുഞ്ഞ് പുസ്തകങ്ങള്‍ വായിക്കാറുണ്ടോ '
ഇല്ലന്ന് ഞാന്‍ പറഞ്ഞു.
'ആശാന്റെയും ഉള്ളൂരിന്റേയും ഏതെങ്കിലും കവിതകള്‍ വായിച്ചിട്ടുണ്ടോ?'
സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടുള്ളതല്ലാതെ മഹാകവികളുടെ കവിതകളെക്കുറിച്ച് യാതൊരു ധാരണയുമില്ലന്ന് ഞാന്‍ പറഞ്ഞു.
'രമണന്‍ ആരാണ് എഴുതിയതെന്നറിയാമോ'
ചങ്ങമ്പുഴ ഞാന്‍ ആവേശത്തോടെ പറഞ്ഞു. ഒരുത്തരമെങ്കിലും പറയാന്‍ കഴിഞ്ഞല്ലോ ആശ്വാസമായി എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് അടുത്ത ചോദ്യം വന്നത്.
'മലയാളത്തിലെ വ്യത്തങ്ങള്‍ അറിയാമോ'
അതിനെക്കുറിച്ചും പഠിച്ചിരുന്ന സമയത്തെ അറിവേയുള്ളെന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞതെല്ലാം വളരെ ക്ഷമയോടെ കേട്ടതിനുശേഷം അദ്ദേഹം പറഞ്ഞു.
'കുഞ്ഞേ സിദ്ധിയും സാധനയുമുണ്ട്. സിദ്ധി ജന്മനാ വന്നുചേരുന്നതാണ്. അതായത് പ്രകൃതി നല്‍കുന്നത് എന്നാല്‍ സാധനയെന്നാല്‍ കഠിന പ്രയത്‌നം തന്നെയാണ്. ധാരാളം വായിക്കുക. എങ്കിലേ പദസമ്പത്തുണ്ടാകൂ.കുഞ്ഞ് എഴുതിയത് വായിച്ചപ്പോള്‍ തന്നെ വായന തീരെയില്ലന്ന് എനിക്ക് മനസ്സിലായി 'പുതിയൊരു വെളിച്ചത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ ഞാന്‍ അദ്ദേഹത്തെ കേട്ടു നിന്നു. അദ്ദേഹം പോയതിനുശേഷം കൗണ്ടറിന് പുറത്തിരുന്ന എന്റെ പുസ്തകം അടുക്കിക്കെട്ടി ഞാന്‍ മാറ്റിവെച്ചു. കൂടുതല്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ പരിമിതികളെ ക്കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കി. അതിന് ശേഷം കടവാവലിനെക്കുറിച്ച് ആരോടും ഞാന്‍ വാചാലയായില്ല. പുസ്തകമാര്‍ക്കും നല്‍കുകയും ചെയ്തില്ല. പുസ്തകമിറങ്ങി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫാര്‍മസിക്ക് മുന്നില്‍ സ്ഥിരമായി വൈകുന്നേരങ്ങളില്‍ കപ്പലണ്ടി കച്ചവടം ചെയ്യുന്ന ആളില്‍ നിന്നും പത്ത് രൂപയ്ക്ക് ഞാന്‍ കപ്പലണ്ടി വാങ്ങി. കപ്പലണ്ടി കൊറിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊതിഞ്ഞ് നല്‍കിയ പേപ്പര്‍ ഏതോ ഒരു പരിചയത്തോടെ എന്നെ നോക്കി ചിരിച്ചത്. പേപ്പര്‍ നന്നായി നിവര്‍ത്തി നോക്കിയപ്പോള്‍ കടവാവലിലെ അധ്യായം എന്ന കവിത കൂടിയാണ് ഞാന്‍ കഴിച്ച് കൊണ്ടിരുന്നതെന്ന് മനസ്സിലായത്. ഡാവിന് ചെന്ന് കപ്പലണ്ടിക്കാരന്‍ കീറിക്കൊടുക്കുന്ന പേപ്പറുകള്‍ ഞാന്‍ നോക്കി. കടവാവലിന്റെ കവര്‍ പേജ് ഒഴികയുള്ള ഭാഗങ്ങള്‍ കീറി കപ്പലണ്ടി പൊതിഞ്ഞ് കൊടുത്തിരുന്നു. എന്റെ പരുങ്ങിനില്‍പ്പ് കണ്ടപ്പോള്‍ കപ്പലണ്ടിക്കാരന് കാര്യം മനസ്സിലായി. ഒരു ചിരിയോടെ അയാള്‍ പറഞ്ഞു 'നിങ്ങടെ പുസ്തകവാ ഇല്ലിയോ എനിക്ക് കവറ് കണ്ടപ്പഴേ മനസ്സിലായി. തൂക്കി മേടിച്ച പേപ്പറിനോടൊപ്പം കിട്ടിയതാ'. ആ സംഭവവും എഴുത്ത് ജീവിതത്തിലെ വലിയൊരു തിരിച്ചറിവായിരുന്നു.
കടവാവല്‍ ഇറങ്ങിയതിനുശേഷം ഞാന്‍ എഴുത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങി. എഴുതിയ കവിതകള്‍ പല മാസികകളിലും അച്ചടിച്ച് വന്നു. അങ്ങനെ നാല്‍പതോളം കവിതകളൊക്കെ അച്ചടിച്ച് വന്നെങ്കിലും വീണ്ടുമൊരു കവിതാ പുസ്തകമെന്ന ചിന്ത കടന്ന് വന്നതേയില്ല. അത് കൊണ്ട് തന്നെ ആദ്യത്തെയും അവസാനത്തെയും കവിതാ സമാഹാരമായി ഇന്നും മുന്നിലുള്ളത് കടവാവല്‍ മാത്രമാണ്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ റേഡിയോ 91.2 വിന് വേണ്ടി ഞാന്‍ കഥകള്‍ എഴുതി അവതരിപ്പിച്ചിരുന്നു. ആ സമയത്തെ മറക്കാനാവാത്ത ഒരു പാറ്റ അനുഭവം എനിക്കുണ്ട് അതിങ്ങനെയാണ്.
എന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളും എന്റെ കാഴ്ച്ചകളും അനുഭവങ്ങളുമൊക്കെയാണ് ഞാന്‍ കഥകളാക്കി എഴുതി അവതരിപ്പിച്ച് കൊണ്ടിരുന്നത്. അങ്ങനെയാണ് പ്രീഡിഗ്രിക്കും ഡിഫാമിനുമൊക്കെ പഠിക്കുന്ന സമയത്തെ ലാബിലെ അനുഭവങ്ങള്‍ ഒരു കഥയായി ഞാന്‍ എഴുതാന്‍ തുടങ്ങിയത്. അന്നൊക്കെ ലാബുകളില്‍ തവളകളെയും പാറ്റകളെയുമൊക്കെ കീറിമുറിച്ച് വെച്ചാണ് പഠിച്ചിരുന്നത്. ഫാര്‍മസിയിലെ ലാബിന്റെ മൂലയില്‍ ഒരു ബക്കറ്റില്‍ തവളകളെയിട്ട് അടച്ച് വെച്ചിരുന്നു. വരിയായി നിന്ന് ഒരോരുത്തരായി ബക്കറ്റിലേക്ക് കൈയ്യിട്ട് തവളയെ പിടിക്കും. തലയുടെ പിന്‍ഭാഗം നിലത്തടിച്ച് ബോധം കെടുത്തലാണ് അടുത്ത പണി. ഒടുവില്‍ തവളകളെ മലര്‍ത്തിക്കിടത്തി നാല് കാലിലും മൊട്ടുസൂചി കുത്തിത്തറച്ച് വെക്കണം. ഡിസക്ഷന്‍ ബോക്‌സിലെ ഉപകരണങ്ങള്‍ കൊണ്ട് നെടുകെ പള്ള കീറുകയും ആന്തരികാവയവങ്ങളുടെ പേര് വളരെ ചെറുതായി എഴുതി മൊട്ടുസൂചിയില്‍ കുത്തി അതാത് അവയവങ്ങളുടെ ഭാഗത്ത് വെക്കുകയും വേണം. ഇതായിരുന്നു പ്രൊസീജിയര്‍. ഫാര്‍മസി കോളേജിലെ പരീക്ഷാ സമയത്ത് വളരെ നേരത്തെ ശ്രമത്തിന് ശേഷം ബക്കറ്റില്‍ കയ്യിട്ട് ഞാനൊരു തവളയെ എടുത്തു. അത് എന്റെ കയ്യില്‍ നിന്നും ചാടിപ്പോയി മറ്റൊരു കോളേജില്‍ നിന്നും എക്‌സാമിനറായെത്തിയ അധ്യാപകന്റെ മുന്നിലൂടെ ചാടി നടക്കാന്‍ തുടങ്ങി. എക്‌സാമിനറോടുള്ള പേടി കാരണവും ഇനിയും തവളയെ എങ്ങനെ പിടികൂടുമെന്നും ആലോചിച്ച് വിഷമിച്ച് നിന്നപ്പോള്‍ എക്‌സാമിനര്‍ പുച്ഛഭാവത്തില്‍ എന്നെ നോക്കി. ഒടുവില്‍ അറ്റന്‍ഡറുടെ സഹായത്തോടെ തവളയെ പിടികൂടിയെങ്കിലും തവളയുടെ കാലില്‍ പിടിച്ച് തല നിലത്തടിക്കുന്നതോര്‍ത്ത് എന്റെ ശരിരം വിറച്ചു. ഒടുവില്‍ ആ പാതകത്തിന് എന്നോട് ക്ഷമിക്കണമെന്ന് തവളയോട് ഒരായിരം വട്ടം മാപ്പ് ചോദിച്ച് രണ്ടും കല്‍പ്പിച്ച് ഒരൊറ്റ അടി കൊടുത്തു. തവള ബോധം കെട്ട ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ എന്റെ പ്രവൃത്തികള്‍ സശ്രദ്ധം വീക്ഷിച്ച് നിന്ന എക്‌സാമിനര്‍ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നത് കണ്ടു.
കീറി മുറിച്ച് വച്ച തവളകളുടെ ഹൃദയമിടിപ്പും പാറ്റകളുടെയും മണ്ണിരയുടെയുമൊക്കെ ആന്തരികാവയവങ്ങളുടെ ഘടനയുമൊക്കെ ഒരു കഥയായി രൂപപ്പെട്ട് വന്നപ്പോള്‍ ആ കഥയില്‍ ഞാന്‍ അല്‍പ്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്തു. ചൈനക്കാരുടെ ഭക്ഷ്യവിഭവമായ വെട്ടിലിനും പാറ്റക്കും തവളക്കുമൊക്കെ ഇന്ത്യയിലെ മനുഷ്യര്‍ വില കല്‍പ്പിക്കാത്തതും കൂടാതെ പാറ്റ ഫ്രൈ, മണ്ണിര ജ്യൂസ്. വെട്ടിലുപ്പേരി, ഇത്യാദി വിഭവങ്ങള്‍ ഇന്ത്യന്‍ തീന്‍മേശകളില്‍ വിളമ്പി വെച്ചിരിക്കുന്ന ഒരു കാലം വരുന്നതും ഇന്ത്യയിലെ ഒരു കാമുകനും കാമുകിയും കോവളം ബീച്ചിലൂടെ വെട്ടിലുപ്പേരി ചവച്ച് നടക്കുന്നതുമൊക്കെ വിഭാവനം ചെയ്ത കഥ വികസിച്ച് കൊണ്ടിരുന്നു. എഴുത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് പാറ്റയുടെആന്തരികാവയങ്ങളിലേക്ക് കഥാഗതി മാറിയപ്പോള്‍ പാറ്റയെക്കുറിച്ചുള്ള സകല അറിവുകളും എന്നില്‍ നിന്നും മാഞ്ഞ് പോയതായി ഞാനറിഞ്ഞു. അതോടെ എന്റെ എഴുത്തിന് സഡന്‍ബ്രേക്ക് വീണു. രക്തയോട്ടമില്ലാത്ത ജീവിയാണ് പാറ്റ ഇത് മാത്രമേ എന്റെ ഓര്‍മയില്‍ വരുന്നുള്ളൂ. എന്ത് ചെയ്യും? ഞാനാകെ കണ്‍ഫ്യൂഷനടിച്ച് ഇരിക്കുമ്പോഴാണ് ഫാര്‍മസിയിലേക്ക് (എന്റെ രചനകളിലധികവും സംഭവിച്ചിട്ടുള്ളത് ഫാര്‍മസിയില്‍ വെച്ചാണ്) സുതാര്യമായ പ്ലാസ്റ്റിക് കവറില്‍ അഞ്ചാറ് പാറ്റകളെയും പിടിച്ചിട്ട് പ്രായമായൊരു സ്ത്രീ കടന്നു വന്നത്. ഫാര്‍മസിയുടെ കൗണ്ടറിന് മുന്നില്‍ അവര്‍ പാറ്റാ പാക്കറ്റ് വെച്ചു. എനിക്ക് മുന്നിലൂടെ കവറിലുള്ള പല വലുപ്പങ്ങളിലുള്ള ആറോളം പാറ്റകള്‍ ഓടിക്കളിക്കുന്നത് കുളിര്‍മയോടെ ഞാന്‍ നോക്കി നിന്നു. അത് എന്റെ എഴുത്ത് ജീവിതത്തിലെ തന്നെ നല്ലൊരു നിമിത്തമായി എനിക്ക് തോന്നി.
കൊച്ചുമകള്‍ക്ക് വയറുവേദനയ്ക്ക് മരുന്ന് വാങ്ങാനായി വന്നതായിരുന്നു ആ സ്ത്രീ.
'പാറ്റയെ എന്ത് ചെയ്യാനാ'?
എന്റെ ചോദ്യം കേട്ടതും 'യ്യോ ഒന്നും പറയണ്ടാടി കുഞ്ഞേ' എന്ന് പറഞ്ഞ് ആ സ്ത്രീ പറഞ്ഞു തുടങ്ങി.
'എന്റെ മൂത്തമോടെ എളയോള് കായംകുളം എം.എസ്. എമ്മില് ഡിഗ്രിക്ക് പഠിക്കുവാ, ഇന്നലെ വിളിച്ചട്ട് അവള് പറയ്ന്ന് അവക്ക് പഠിക്കാന്‍ പാറ്റായെ വേണോന്ന്'.. വീട്ടിലാണേ പാറ്റായില്ല എല്ലാത്തിനേം മരുന്നടിച്ച് കൊന്നാരുന്ന്. ഇത് പിന്നെ എന്റെ നടുക്കത്തെ മോടെ വീട്ടി പോയി എത്ര നേരത്തെ പണി കൊണ്ട് പിടിച്ചതാന്ന് അറിയാവോടീ കൊച്ചേ. തല്ലിക്കൊന്ന് എടുക്കാനെളുപ്പവാ. പക്ഷേ, അവക്ക് ജീവനോടെ വേണം അതാ നാശവായത്. ഇതിന്റെ പൊറകെ പോയത് കൊണ്ട് എന്റെ ളുഹറ് കളാ ആയി. വേഗം മരുന്ന് താ ഇതിനെ കൊണ്ട് ഞാന്‍ കൊടുക്കട്ടെ
അല്ലേ മനുഷ്യന് ചെവിതല കേക്കത്തില്ല'
ഉമ്മുമ്മയുടെ വാക്കുകള്‍ കേട്ട് വീണ്ടും എന്റെ ഹൃദയം തുടിച്ചു. എന്റെ സംശയ നിവാരണങ്ങള്‍ക്കായി ദൈവം ആ ഉമ്മയെ മുന്നില്‍ കൊണ്ട് നിര്‍ത്തിയതാണന്ന് എനിക്ക് തോന്നി.
'കൊച്ചുമോടെ നമ്പര്‍ ഒന്ന് തരുവോ, എനിക്കും പഠിക്കുന്ന ചില സംശയങ്ങള് ചോദിക്കാനാ'.
അതിനെന്താ തരാവല്ലോ എന്ന് പറഞ്ഞ് ഉമ്മുമ്മ ഉടന്‍ തന്നെ നമ്പര്‍ തന്നു. ഉമ്മുമ്മ ഫാര്‍മസിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ കൊച്ചു മകളെ വിളിച്ചു.
പാറ്റയുടെ ശരീരഭാഗങ്ങളെക്കുറിച്ച് മനസ്സിലാക്കി കഥയെഴുതി പൂര്‍ത്തിയാക്കുകയും പിറ്റേ ദിവസമത് റേഡിയോയില്‍' ഇന്ത്യന്‍ മെനുവിലെ പാറ്റ, എന്ന പേരില്‍ അവതരിപ്പിക്കുകയും ചെയ്തു.
അധികമൊന്നും എഴുതിയിട്ടില്ലങ്കിലും എന്റെ എഴുത്ത് വഴികളില്‍ നിയോഗം പോലെ ഓരോ മനുഷ്യരിങ്ങനെ വന്നുചേരാറുണ്ട്. അങ്ങനെ സംഭവിച്ചതായിരുന്നു രണ്ടാമത്തെ പുസ്തകമായ കോവിഡ് എന്റെ ഗന്ധര്‍വനും. കോവിഡ് ബാധിച്ച് മരണവാര്‍ത്തകള്‍ നിരന്തരം കേട്ട് കൊണ്ടിരുന്ന സമയത്താണ് എനിക്കും കോവിഡ് ബാധിച്ചത്. പള്‍സ് റേറ്റ് കുറയുകയും ശ്വാസംമുട്ടലൊക്കെ അനുഭവപ്പെടുകയും ചെയ്തപ്പോള്‍ ആംബുലന്‍സില്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ ദിവസം തന്നെ രാത്രിയില്‍ പൊസറ്റീവായ കൊറോണ എന്ന് എഫ്ബിയില്‍ ഞാനൊരു കുറിപ്പിട്ടു. അത് കണ്ട് ഏഷ്യാനെറ്റിലെ കെ. പി.റഷീദ് വേറിട്ട രീതിയിലെ എഴുത്ത് ഇനിയും എഴുതാന്‍ പറ്റുമോ എന്ന ചോദിച്ചു. ആ ചോദ്യമാണ് ആശുപത്രി ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്ന് പിന്നീട് പുസ്തകമായ കോവിഡ് എന്റെ ഗന്ധര്‍വ്വന്‍. എന്ന രണ്ടാമത്തെ പുസ്തകം.
മറുപുറവും ഒരു നിമിത്തമാണ്. ജീവിതം എഴുതുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. മറുപുറത്തിന്റെ ആദ്യ കുറിപ്പായ സാരിയില്‍ ഓടിത്തോറ്റ ജീവിതം എഴുതി എട്ട് മാസങ്ങളോളം ഞാന്‍ കയ്യില്‍ തന്നെ സൂക്ഷിച്ച് വച്ചു. പിന്നീടും അല്‍പം മടിയോടെയാണ് ആ കുറിപ്പ് ഞാന്‍ കൊടുക്കുന്നത്. പക്ഷേ ആ കുറിപ്പിന് വന്ന പ്രതികരണങ്ങള്‍ എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അപ്പോള്‍ ഇനിയും എഴുതാനുണ്ടല്ലോ എന്നൊരു തോന്നല്‍ എനിക്കുണ്ടാവുകയും ഇനിയും എഴുതിക്കോട്ടെയെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചതാണ് ഈ കുറിപ്പുകളും. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ വളരെ ആശ്ചര്യത്തോടെ ഓര്‍ക്കാറുണ്ട്. ഇതൊക്കെയും സംഭവിക്കേണ്ടത് തന്നെയായിരുന്നുവെന്ന് അപ്പോള്‍ എന്റെ ഉള്ളിലിരുന്ന് ആരോ പറയും. ആ നിമിഷം എന്റെ കണ്ണുകള്‍ നിറയും പ്രപഞ്ചത്തിനോട് നന്ദി പറയുന്നത് പോലെ.
Content Highlights: Jasina Rahim Malayalam literature writer poet author writing journey Kadavaval Covid Ente Gandharvan
Published: 18 Nov 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented