
'അവക്കെന്താ ആവാത്തെ'?.
ക്ലാസിലാകെ അടക്കംപറച്ചില്‍ കുശുകുശുപ്പ്. പത്തിലെത്തിയിട്ടും വയസ്സറിയിക്കാത്ത പെണ്ണിനെ ചുറ്റിപ്പറ്റി വീട്ടിലും നാട്ടിലും സ്‌കൂളിലുമൊക്കെ പല സംസാരങ്ങളുമുണ്ടായി. മാലോകരുടെ അടക്കംപറച്ചിലില്‍ പെണ്ണ് മച്ചിയായിപ്പോകുമോ എന്ന സംശയം നിഴലിച്ച് നിന്നു.'നീണ്ടുനീണ്ട് കൊന്നത്തെങ്ങ് പോലെ മോളോട്ട് പോവ്വാന്നല്ലോ, എന്നിട്ടും ആവാത്തതെന്ത്? ഇങ്ങനെയൊക്കെയുള്ള കുനിഷ്ട് ചോദ്യങ്ങള്‍ കേട്ട് മടുത്ത് വീടിന്റെ പടിഞ്ഞാറേ വശത്തുള്ള തോട്ടിലേക്ക് എടുത്ത് ചാടിയാലോ എന്ന് പോലും എനിക്ക് തോന്നി. മാസം തോറും ഗര്‍ഭപാത്രത്തില്‍ അണ്ഡമെന്ന മുട്ട ഉത്പാദിപ്പിക്കപ്പെടും എന്ന് ബയോളജി ക്ലാസില്‍ എട്ടാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. വീട്ടില്‍ ഉമ്മിച്ചയും കൂട്ടുകാരികളും കൂടിയിരുന്ന് സൊറ പറഞ്ഞ് കൊണ്ടിരുന്ന ഒരു വൈകുന്നേരത്ത് പെണ്‍മുട്ടയും ആണ്‍മുട്ടയും സംയോജിച്ചാണ് പ്രത്യുല്‍പാദനം നടക്കുന്നതെന്ന് ഒരു പ്രാസംഗികയുടെ മട്ടില്‍ ഞാന്‍ പറയുകയുണ്ടായി. അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. കൊച്ച് വായില്‍ വലിയ വര്‍ത്തമാനം പറയുന്നേന് നിന്റെ ചുണ്ടില്‍ കാന്താരി മുളക് തേക്കുമെന്ന് പറഞ്ഞ് ഉമ്മിച്ച എന്നെ ഭീഷണിപ്പെടുത്തുകയും അത് കേട്ടിരുന്ന ബാക്കി പെണ്ണുങ്ങള്‍ 'ദുനിയാവിന്റെയൊരു പോക്കേ, എന്തൊക്കെ കേക്കണം. ഇതൊക്കെ ലോകാവസാനത്തിന്റെ ലക്ഷണവാന്ന് 'മുക്കത്ത് വിരല്‍വെച്ച് അതിശയോക്തി കലര്‍ത്തി പറയുകയും ചെയ്തതോടെ എന്റെ ആത്മവിശ്വാസം കുറഞ്ഞു. മുതിര്‍ന്ന് വരുംതോറും ശരീരത്തുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചൊക്കെ പിന്നീടെനിക്ക് പല സംശയങ്ങളുണ്ടായിരുന്നെങ്കിലും കത്തി നീറുന്ന എരിവ് പേടിച്ച് എല്ലാം ഉള്ളിലൊതുക്കി ഞാന്‍ നടന്നു. 'എന്റെ മോക്ക് പതിമൂന്ന് തെകയുന്നേന് മുമ്പായി, നിന്റെ മോളേ ആയുര്‍വേദാശുപത്രീ കൊണ്ടുപോയി കാണിക്ക് വേഗമാവും'. എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ അപരന്റെ ആകുലതകളില്‍ സായൂജ്യം പൂണ്ടുള്ള അയല്‍ക്കാരിയുടെ വാക്കുകള്‍ കേട്ട് ഉമ്മിച്ച താടിക്ക് കൈയും കൊടുത്തിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കറിയാവുന്ന ശരീരശാസ്ത്രത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലിക്കണമെന്ന് തോന്നിയെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ഓര്‍മയിലേക്ക് വന്നപ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നുപോയി.
വയസ്സറിയിക്കാത്തതിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുള്ള മനുഷ്യരുടെ മുള്ളും മുനയും വെച്ച ചോദ്യങ്ങളും ക്ലാസിലെ അടക്കിപ്പിടിച്ച സംസാരങ്ങളുമൊക്കെ വല്ലാത്ത തൊല്ലയായപ്പോള്‍ ആയോ'? എന്ന ചോദ്യത്തിന് 'ആയി' എന്ന് ഞാന്‍ ഉത്തരം പറഞ്ഞ് തുടങ്ങി. ആകാഞ്ഞിട്ടും ആയി എന്നുള്ള മറുപടി അവിശ്വസനീയതയോടെ എല്ലാവരും കേട്ടിരുന്നു. പക്ഷേ, അത് സാധൂകരിക്കാനുള്ള തെളിവുകള്‍ പലരും ആവശ്യപ്പെട്ടതോടെ ഞാനാകെ പരുങ്ങലിലായി. സാധാരണ ഗതിയില്‍ ഏഴ് ദിവസം വീട്ടിലിരുന്ന് എണ്ണപ്പലഹാരങ്ങള്‍ തിന്ന് മിനുങ്ങിയ കവിളുമായി ക്ലാസിലേക്കെത്തെത്തുന്ന കുട്ടികളുടെ ദേഹത്ത് പൊന്നിന്റെ മിനുക്കമുണ്ടാവും. ഒറ്റനോട്ടത്തില്‍ തന്നെ പെണ്‍കുട്ടികളിലെ മാറ്റം ആണ്‍കുട്ടികള്‍ക്ക് പോലും മനസ്സിലാകുമായിരുന്നു. ഒരു ക്ലാസ് പോലും നഷ്ടപ്പെടാത്ത പത്താം ക്ലാസ് ദിവസങ്ങളില്‍ എപ്പോള്‍ 'ആയി ' എന്ന ചോദ്യമുടലെടുക്കുകയും അതിനെ ചുറ്റിപ്പറ്റി ക്ലാസിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. പുതിയ സംഭവവികാസങ്ങളോരോന്നും മനസ്സിലാക്കിയെങ്കിലും യാതൊന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ നടന്നു.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വേനലവധിക്കാലത്ത് മുതിരക്കണ്ടത്തിലുകാരുടെ സ്‌ക്വയര്‍ വസ്തുവില്‍ സൈക്കിള്‍യജ്ഞക്കാര്‍ വന്ന് തമ്പടിച്ച് താമസമായി. പകല്‍ മുഴുവന്‍ ഭക്ഷണം പാകം ചെയ്യലും ഉറക്കവുമായി അവര്‍ തമ്പില്‍ തന്നെ കഴിച്ചുകൂട്ടി. സന്ധ്യയോട് കൂടി അവര്‍ പല പരിപാടികളും അവതരിപ്പിച്ച് കാണികളെ കയ്യിലെടുത്തു. സന്ധ്യയ്ക്ക് മുന്‍പ് വീട്ടിലെ ജോലികളെല്ലാമൊതുക്കി സ്ത്രീകളും കുട്ടികളും പരിപാടി നടക്കുന്ന സ്ഥലത്ത് ഒത്തുകൂടി. മുട്ടയും മാങ്ങയും തേങ്ങയും മുതല്‍ വാഴക്കുലയും കോഴിയും വരെ പലരും കളിക്കാര്‍ക്ക് കൊടുക്കാനായി കയ്യില്‍ കരുതിവെച്ചിരുന്നു. പരിപാടി കഴിയുമ്പോള്‍ ലേലവുമുണ്ടാവും. സംഭാവന നല്‍കിയ ആളുടെ പേര് മൈക്കിലൂടെ വിളിച്ചുപറഞ്ഞശേഷം നന്ദി പ്രകടനത്തോടെയാണ് ഒരോ ലേലംവിളിയും തുടങ്ങിയിരുന്നത്. ഒത്ത ഉയരമുള്ള, സുമുഖനായ സലീം എന്ന യുവാവായിരുന്നു ടീമിന്റെ നേതാവ്. ലൂസ് പാന്റും കടും ചുവപ്പ് ഷര്‍ട്ടുമിട്ട് തലയിലൊരു തോര്‍ത്തും കെട്ടി സിനിമാ നടന്‍മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും അനുകരിച്ച് കയ്യടികള്‍ വാങ്ങിക്കൂട്ടുന്ന സലീമിന് ധാരാളം ആരാധകരുണ്ടായി. സ്വപ്നത്തിലെ രാജകുമാരനാണന്ന് പോലും പല പെണ്‍കുട്ടികളും സലീമിനെക്കുറിച്ച് പറയുകയുണ്ടായി. പതിവ് പോലെ നിലത്ത് ചമ്രംപടഞ്ഞിരുന്ന് പരിസരം മറന്ന് സലീമിന്റെ ഡാന്‍സ് കണ്ട് കൊണ്ടിരുന്നപ്പോള്‍ എന്റെ മടിയിലൊരു വെള്ളിത്തിളക്കം കണ്ടു. പതുക്കെ ആ വെള്ളിത്തിളക്കം അനങ്ങാന്‍ തുടങ്ങുന്നത് കണ്ട് ഇരുന്ന സ്ഥലത്ത് നിന്നും അല്‍പം പോലും ചലിക്കാതെ ഞാന്‍ ശ്വാസംപിടിച്ചിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ കനം കുറഞ്ഞ വെള്ളി പാദസരം പോലെയുള്ള എന്തോ ഒന്ന് എന്റെ മടിയിലൂടെ താഴേക്ക് ഇഴഞ്ഞിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോയി. പൊടുന്നനെ ആള്‍ക്കുട്ടത്തിനിടയില്‍ ബഹളങ്ങളുണ്ടായി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആരോ അതിനെ തല്ലിക്കൊന്ന് ഒരു വടിയില്‍ തോണ്ടിയെടുത്ത് ആള്‍കൂട്ടത്തിനിടയിലൂടെ നടന്ന് എല്ലാവരേയും കാണിച്ചശേഷം ഒരു കുഴി തോണ്ടി അതിനെ കുഴിച്ചിട്ടു. അത് സര്‍പ്പമായിരുന്നെന്ന് പലരും പറയുകയും സര്‍പ്പദോഷമുണ്ടാകുമോ എന്ന് ഭയപ്പെടുകയും ചെയ്തു. ദുഃഖം നിറഞ്ഞ രാത്രി ആയിരുന്നത്. എന്റെ മടിയില്‍ വട്ടം ചുറ്റിക്കിടന്ന വെള്ളി നൂലിനെയോര്‍ത്ത് (അത് ഏതിനം പാമ്പാണന്ന് ഇന്നും അറിയില്ല) അന്ന് ഞാന്‍ ഉറങ്ങിയതേയില്ല. അവസാന പിടച്ചിലിന് മുമ്പ് എന്റെ മടിയിലെ ചൂട് പറ്റിക്കിടന്ന പാമ്പിനോടുള്ള അനുകമ്പയാല്‍ എന്റെ ഹൃദയമുരുകി. പിറ്റേ ദിവസം രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ തുടയിലൂടെ എന്തോ ഒഴുകിയിറങ്ങുന്നതായി തോന്നി കുളിമുറിയില്‍ കയറി ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് പാമ്പ് ഇഴഞ്ഞിറങ്ങുന്നത് പോലെ വാലും ഉടലും തലയുമൊക്കെയായി ഒഴുകിയിറങ്ങുന്ന രക്കച്ചാലുകളാണ്. കുറേസമയം ആ കാഴ്ചയും ആസ്വദിച്ച് ഞാന്‍ നിന്നു. പിന്നീട് യാതൊരു പരിഭ്രമവും കൂടാതെ ഉമ്മിച്ചയോട് ചെന്ന് സംഭവം പറഞ്ഞപ്പോള്‍ ദോശ ചുട്ടുകൊണ്ടിരിക്കുകയായിരുന്ന ഉമ്മിച്ച ഏങ്ങിക്കരയാന്‍ തുടങ്ങി. ദോശ വാങ്ങാന്‍ വന്നവര്‍ ഉമ്മിച്ചയുടെ കരച്ചിലിന്റെ കാര്യമറിയാതെ അമ്പരന്ന് നിന്നു.
ജസീന റഹീമിന്റെ കൂടുതൽ ഓർമക്കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പഴയ ചരിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍ വീണ്ടും ആവര്‍ത്തിച്ചു. കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ച്ചകള്‍ക്ക് ശേഷം വിശേഷമൊന്നുമായില്ലേ? എന്ന ചോദ്യം വീട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ ചോദിച്ചുതുടങ്ങി. വിശേഷമൊന്നുമില്ല എന്ന ഉത്തരത്തില്‍ സംത്യപ്തരാവാതെ അതിനെതുടര്‍ന്ന് പിന്നീട് പല ചോദ്യങ്ങളുമുണ്ടായി. കല്യാണം കഴിഞ്ഞ് കൃത്യം ഒരു മാസത്തിനകം ഗര്‍ഭിണികളായ പല പെണ്‍കുട്ടികളുടേയും പേരെടുത്ത് പറഞ്ഞ് താരതമ്യം ചെയ്യുകയും എനിക്കെന്തോ കാര്യമായ കുഴപ്പമുണ്ടെന്നുവരെ പലരും സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയി. പീരിയഡാവാന്‍ രണ്ടാഴ്ച ബാക്കിനില്‍ക്കുമ്പോഴായിരുന്നു ഭര്‍ത്താവിന്റെ യാത്ര. കണ്ണിലെണ്ണയൊഴിച്ച് ദിവസങ്ങളെണ്ണി വിശേഷമറിയാന്‍ വീട്ടുകാര്‍ കാത്തിരുന്നെങ്കിലും പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാതെ ആ മാസം കടന്നുപോയപ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ സ്വന്തക്കാരുടെ മുഖം വിളറി വെളുത്തു.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫ് ജീവിതം മതിയാക്കി ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെത്തുകയും രണ്ട് മാസം കഴിഞ്ഞിട്ടും വിശേഷങ്ങളൊന്നും സംഭവിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ചുറ്റിനുമുള്ളവരുടെ നെഞ്ചിടിപ്പ് കൂടി. അപ്പോഴേക്കും വവ്വാക്കാവ് ആയിഷ മജീദ് കോളേജ് ഓഫ് ഫാര്‍മസിയില്‍ ഞാന്‍ പഠിക്കാനായി പോയിത്തുടങ്ങിയിരുന്നു. 'വിശേഷമാകാത്തതെന്ത്, എന്ന ചോദ്യം കേട്ട് മടുത്തപ്പോള്‍ വിശേഷമായി എന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞുതുടങ്ങി. അതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലല്ലോ എന്നായി അടുത്ത ചോദ്യം. എങ്ങനെയീ ഊരാക്കുടുക്കില്‍ നിന്നും രക്ഷനേടും എന്ന ആധിയോടെ നടക്കുമ്പോള്‍ കൃത്യം ആ മാസം തന്നെ വിശേഷം സംഭവിച്ചു. ഫാര്‍മസിയിലെ പഠനത്തോടൊപ്പം ഗര്‍ഭകാലവും തുടങ്ങി. വീട്ടിലെ ജോലികളെല്ലാം ഒതുക്കിവെച്ചിട്ട് വേണം പഠിക്കാന്‍ പോകേണ്ടതെന്ന നിബന്ധന ഗര്‍ഭകാലത്തും പാലിക്കപ്പെടേണ്ടതുണ്ടായിരുന്നു. ആഞ്ഞ് നടന്നാല്‍ അഞ്ച് മിനിറ്റ് കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഫാര്‍മസി കോളേജിലേക്ക് എത്താന്‍ കഴിയുമായിരുന്നെങ്കിലും എല്ലാ ദിവസങ്ങളിലും അഞ്ചോ പത്തോ മിനിറ്റൊക്കെ വൈകിയാണ് ഞാന്‍ ക്ലാസിലെത്തിയിരുന്നത്. വീട്ടിലെ ഉത്തരവാദിത്തങ്ങളും ഗര്‍ഭവും പഠനവുമെല്ലാം ഒരുമിച്ചായപ്പോള്‍ ഞാന്‍ തളര്‍ന്നു. ഫാര്‍മസി കൊളേജിലെ സഹപാഠികളുടേയും അധ്യാപകരുടേയുമൊക്കെ പിന്തുണയോടുകൂടി ഗര്‍ഭകാലവും പഠനവും മുന്നോട്ട് പോയെങ്കിലും പരീക്ഷയടുത്ത സമയത്തെ പ്രസവം പഠനത്തെ കാര്യമായി ബാധിക്കുകയും എല്ലാ വിഷയത്തിനും തോറ്റുപോവുകയും ചെയ്തു. അത് കൊണ്ട് തന്നെ രണ്ടാം വര്‍ഷ പഠനം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് വീട്ടിലിരുന്ന് ഒന്നാം വര്‍ഷ പരീക്ഷകളെല്ലാം എഴുതി പാസ്സായി കോളേജിലേക്ക് വീണ്ടും പഠനത്തിനായി പോകുമ്പോള്‍ മോന് ഒരു വയസ്സായിരുന്നു പ്രായം. രണ്ടാം വര്‍ഷ പഠനത്തിനായി കോളേജിലെത്തി കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ രണ്ടാമതും ഗര്‍ഭിണിയായി. ഗര്‍ഭം, കുഞ്ഞ്, വീട്, പഠനം... എടുത്താല്‍ പൊങ്ങാത്ത ഭാരം ചുമന്ന് വീണ്ടും തളര്‍ന്നു. ആ സമയങ്ങളില്‍ ഉമ്മിച്ച സഹായത്തിനായി എത്തി. രണ്ടാമത്തെ ഗര്‍ഭം അലസിപ്പിച്ചു കളയാന്‍ പലരും ഉപദേശിച്ചെങ്കിലും അതൊന്നും കേട്ടതായി പോലും ഞാന്‍ ഭാവിച്ചില്ല. പക്ഷേ, കോളേജില്‍ ആരോടും രണ്ടാമത്തെ ഗര്‍ഭധാരണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞില്ല. ഏറ്റവും അടുത്ത കൂട്ടുകാരിയോട് മാത്രം ഗര്‍ഭത്തെക്കുറിച്ച് പറഞ്ഞു. മാസങ്ങള്‍ പോകുംതോറും വയറ് അല്‍പാല്‍പമായി വീര്‍ത്ത് വന്നെങ്കിലും പരമ രഹസ്യമായി ഞാനതിനെ സാരിയില്‍ പൊതിഞ്ഞ് വെച്ച് നടന്നു. ലാബുകളില്‍ വെച്ച് പലപ്പോഴും തലക്കറക്കമുണ്ടായി. ചിലപ്പോഴൊക്കെ ഛര്‍ദിച്ചു. അധ്യാപകരില്‍ പലരും എന്റെ വിളറി വെളുത്ത മുഖം കണ്ട് തിരിച്ചും മറിച്ചും പലതും ചോദിച്ചിട്ടും ഞാനൊന്നും വിട്ടു പറഞ്ഞില്ല. ഗര്‍ഭം എട്ട് മാസം പൂര്‍ത്തിയായപ്പോള്‍ സ്റ്റഡിലീവ് തുടങ്ങിയത് വലിയ അനുഗ്രഹമായി. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ആറാമത്തെ ദിവസം പരീക്ഷ തുടങ്ങി. തൈലത്തിന്റെയും കഷായത്തിന്റേയുമൊക്കെ മണത്തോടെ പരീക്ഷാഹാളിലേക്ക് ചെന്നപ്പോള്‍ ബിനി ടീച്ചര്‍ അതിശയത്തോടെ കുറച്ച് സമയം എന്നെ നോക്കി നിന്നു. 'എന്തോ ഒരു മാറ്റം. എന്ത് പറ്റി' യെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ 'ടീച്ചറേ ഡെലിവറി കഴിഞ്ഞ് ഞാന്‍ വരികയാണന്ന് പറഞ്ഞതു കേട്ട് ടീച്ചറാകെ അമ്പരന്നുനിന്നു. ഉമ്മിച്ചയുടെ സഹായം പൂര്‍ണമായും ലഭിച്ചിരുന്നതിനാല്‍ സ്റ്റഡി ലീവിന്റെ സമയം ഞാന്‍ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ആദ്യം ഒരുവിധം നന്നായി പരീക്ഷയെഴുതി ഹാളില്‍ നിന്നും ഇറങ്ങുമ്പോള്‍ ടീച്ചറുടെ മുഖത്ത് അതേ അമ്പരപ്പ് വീണ്ടും ഞാന്‍ കണ്ടു.
കൂടുതൽ ഓർമക്കുറിപ്പുകളും പ്രീമിയം ലേഖനങ്ങളും തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ സമാന്യം നല്ല മാര്‍ക്കോടെ എല്ലാ വിഷയങ്ങളും ഞാന്‍ പാസ്സായിരുന്നു. പിന്നെയും ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ മൂന്ന് മാസ ട്രെയിനിങ്ങിനായി ഞാന്‍ പോയിത്തുടങ്ങിയത്. മൂന്നാമത്തെ ഗര്‍ഭത്തിന്റെ തുടക്കകാലത്തായിരുന്നു ഞാന്‍ ആ ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയത്. അടുത്ത സമയത്ത് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിസംഗമത്തില്‍ ഫാര്‍മസി പഠനത്തോടൊപ്പം മൂന്നു പ്രസവം കൂടി നടന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹയായവള്‍ എന്ന് സഹപാഠികള്‍ സദസ്സിന് മുന്നില്‍ എന്നെ പരിചയപ്പെടുത്തുകയുണ്ടായി. അത് കേട്ട് സദസ്സാകെ ആര്‍ത്ത് ചിരിച്ചപ്പോള്‍ അവരേക്കാള്‍ ഉച്ചത്തില്‍ ഞാന്‍ ചിരിച്ചു. കാരണം എനിക്കല്ലാതെ മറ്റാര്‍ക്കാണ് കടന്നുവന്ന ആ ജീവിത നിമിഷങ്ങളെ ചിരിയും വര്‍ണങ്ങളും ചാലിച്ച് കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുന്നത്?.
Content Highlights: Jasina Raheem shares her incredible story of balancing pregnancy, motherhood, and a pharmacy degree
Published: 10 Nov 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented