തിരുവണ്ണൂരിലെ കോട്ടൺമിൽ തൊഴിലാളിയായിരുന്ന വേലിക്കൽ അപ്പൂട്ടിയുടെയും ഭാര്യ പെണ്ണമ്മയുടെയും രണ്ടാമത്തെ മകളായി 1944 മേയ് 17-ന് ജനിച്ച സാവിത്രി നൃത്തച്ചുവടുകളിൽ നിന്നാണ് അരങ്ങിലേക്കെത്തുന്നത്. സ്ത്രീകൾ അരങ്ങിലെത്താൻ മടിച്ചിരുന്ന കാലത്ത് സഹൃദയനായ പിതാവ് മകളെ കലയുടെ വഴിയിലേക്ക് നയിക്കുകയായിരുന്നു.

To advertise here,

മീഞ്ചന്ത ദേവദാസ് സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നൃത്താഭ്യാസം തുടങ്ങി. പിതാവ് തന്നെ ആദ്യ ഗുരു. തിരുവണ്ണൂർ കോട്ടൺമില്ലിലായിരുന്നു അരങ്ങേറ്റം. അതുകാണാൻ എ.കെ.ജിയും എത്തി. പിന്നീട് തൃക്കരിപ്പൂരിൽനിന്ന് മികച്ച നടിക്കുന്ന അവാർഡ് എ.കെ.ജിയിൽ നിന്ന് വാങ്ങാനും സാവിത്രിക്ക് ഭാഗ്യമുണ്ടായി.

മീഞ്ചന്തയിലെ കലാസാഗർ മ്യൂസിക് ക്ലാബാണ് സാവിത്രിക്ക് തട്ടകമായത്. അവിടെ നൃത്തപഠനം പൂർത്തിയാക്കിയ സാവിത്രി പലയിടത്തും നൃത്തം അവതരിപ്പിച്ചു. ഈ സമയത്താണ് അഭിനയത്തോടുള്ള അടുപ്പമുണ്ടാവുന്നത്. വിലാസിനിയുടെയും ശാന്താദേവിയുടെയുമൊക്കെ അഭിനയം കണ്ട് സാവിത്രിയും അഭിനയത്തിന്റെ വഴിക്കെത്തി.

ദേവദാസ് സ്കൂളിന്റെ വാർഷികത്തിന് കെ.പി രാമൻനായർ സംവിധാനം ചെയ്ത 'ഞങ്ങൾ പുതിയവർ' എന്ന നാടകം അവതരിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചു. അതിൽ കുട്ടിയുടെ റോളിലായിരുന്നു അരങ്ങേറ്റം. പതിനാറാം വയസ്സിലായിരുന്നു വിവാഹം. ശ്രീധരനെന്ന സഹൃദയനെ വിവാഹം കഴിച്ചതോടെ സാവിത്രിയുടെ കലാജീവിതവും അനായാസമായി.

1961-ൽ മാങ്കാവ് വളയനാട് കലാസമിതിക്കുവേണ്ടി വി.കെ മേനോൻ രചിച്ച്, സംവിധാനം ചെയ്ത 'കറുത്ത വെള്ള'ത്തിലെ നായികാ വേഷം അവർക്ക് നാടക രംഗത്ത് സ്ഥിര പ്രതിഷ്ട നൽകി. തുടർന്ന് കാൽനൂറ്റാണ്ട് കാലം സാവിത്രി അമേച്ച്വർ നാടകങ്ങളുടെ ജീവനാഡിയായി.

കോഴിക്കോട്ട പ്രധാനപ്പെട്ട കലാസമിതിയിലെയെല്ലാം സ്ഥിരം നാടക നടിയായിരുന്നു ഒരുകാലത്ത് സാവിത്രി. സി.എൽ ജോസ്, പറവൂർ ജോർജ്, മരട് രഘുനാഥ്, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവരുടെയെല്ലാം നാടകത്തിൽ അഭിനയിച്ചു. പലവട്ടം പല സംഘടനകളുടെയും നാടകമത്സരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആഹ്വാൻ സെബാസ്റ്റ്യൻ മ്യൂസിക്കൽ അക്കാദമിയാണ് സാവിത്രി ശ്രീധരനെ പ്രൊഫഷണൽ നാടകരംഗത്തേക്ക് എത്തിക്കുന്നത്. എം.ടി, തിക്കോടിയൻ, കെ.ടി മുഹമ്മദ്, ടി.ദാമോദരൻ എന്നിവർ ചേർന്നെഴുതി ബേബി സംവിധാനം ചെയ്ത വഴിയമ്പലമായിരുന്നു ആദ്യ നാടകം. പിന്നീട് കലിംഗ തീയേറ്റേഴ്സിൽ കെ.ടിയുടെ ദീപസ്തംഭം മഹാശ്ചര്യം, ഇതുഭൂമിയാണ്, കാഫിർ, സൃഷ്ടി എന്നീ നാടകങ്ങളിൽ അഭിനയിച്ചു.

1987-ൽ വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യ, വിൽസൺ സാമുവലിന്റെ സംഗമം തീയേറ്റേഴ്സ് എന്നിവയോടൊത്തെല്ലാം നാടകരംഗത്ത് സജീവമായി. ഇനിയും ഉണരാത്തവൻ, മഹാഭാരതം, അരവിന്ദൻ സാക്ഷിയാണ്, ക്ഷണിക്കുന്നു കുടുംബ സമേതം തുടങ്ങി പല മികച്ച നാടകങ്ങളുടെയും ഭാഗമാകാൻ സാവിത്രിക്ക് കഴിഞ്ഞു.

1992-ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് രാജസഭ എന്ന നാടകത്തിലൂടെ സവിത്രിക്ക് ലഭിച്ചു. മലബാർ സുകുമാരൻ ഭാഗവതർ സ്മാരക അവാർഡ്, നിലമ്പൂർ ബാലൻ അവാർഡ്, പെരുമ്പാവൂർ ആര്യ അവാർഡ് തുടങ്ങി മറ്റ് അവാർഡുകൾക്കും സാവിത്രി അർഹയായി.

2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ സാവിത്രിയുടെ അഭിനയ മികവിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. നാടകങ്ങളിലൂടെ മുസ്ലിം കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചതായിരുന്നു സിനിമയിലേക്ക് അവർക്ക് അവസരമൊരുക്കിയത്.

ആ വർഷത്തെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡിനും അവർ അർഹയായി. ദേശീയ തലത്തിൽ പ്രത്യേക പരാമർശം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചു. ഇതോട പല സിനിമകളിലേക്കും അവർക്ക് അവസരമൊരുങ്ങി. കോഴിക്കോട് നഗരത്തിലെ നിറസാന്നിധ്യമായി മാറി.

ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഇട്ടിമാണി, പട, പാപ്പൻ, മേ ഹൂം മൂസ, ക്രിസ്റ്റി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.