കോഴിക്കോട് കോട്ടൺ മിൽ തൊഴിലാളിയായിരുന്ന തിരുവണ്ണൂർ വേലിക്കൽ അപ്പുട്ടി. നല്ലൊരു കലാസ്വാദകൻ കൂടിയായ അദ്ദേഹം ഒഴിവുവേളകൾ കലാപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു. തനിക്കും ഭാര്യ പെണ്ണുട്ടിക്കും പിറന്ന രണ്ടാമത്തെ മകൾ സാവിത്രിയെ കലാരംഗത്തേക്ക് ചങ്കൂറ്റത്തോടെ പറഞ്ഞയച്ചു. 1944 മേയ് 17-ന് ജനിച്ച സാവിത്രി ശ്രീധരൻ, അരങ്ങിലൂടെ കേരളമാകെ അറിയപ്പെടുന്ന നടിയായി. വെള്ളിത്തിരയിലും കൈയൊപ്പ് പതിപ്പിച്ച സാവിത്രി അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരവുമായി.

To advertise here,

കേരളത്തിൽ കമ്യൂണിസ്റ്റുവേട്ട വ്യാപകമായിരുന്ന നാൽപതുകളിൽ എ.കെ.ജിയുടെയും എ.വി. കുഞ്ഞമ്പുവിന്റെയും ഒളിവുജീവിതം കുറച്ചുനാളുകൾ പാർട്ടിപ്രവർത്തകൻ കൂടിയായിരുന്ന അപ്പുട്ടിയുടെ വീട്ടിലായിരുന്നു. അന്ന് സാവിത്രിക്കു രണ്ടര വയസ്സാണ് പ്രായം. 'അമ്മ അനിയത്തിയെ പ്രസവിച്ചുകിടക്കുന്ന കാലത്താണ് എ.കെ.ജിയും എ.വി. കുഞ്ഞമ്പുവും ഞങ്ങളുടെ വീട്ടിൽ ഒളിവിൽ താമസിക്കാനെത്തുന്നത്. അനിയത്തിക്കു 'സോയ' എന്ന പേരിട്ടത് കുഞ്ഞമ്പുസഖാവാണ്. ആ ദിവസങ്ങളിൽ എ.കെ.ജി. എനിക്ക് ഒരുപാടു കഥകൾ പറഞ്ഞുതരുമായിരുന്നു. മുടി ചീകി മെടഞ്ഞുതന്നിരുന്നത് എ.വി. കുഞ്ഞമ്പുവും. അങ്ങനെ കുറെ ദിവസം അവർ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ഉറക്കമുണർന്നു വരുമ്പോൾ രണ്ടുപേരെയും കാണാനില്ല. തലേന്നു രാത്രി സഖാക്കൾ വന്നു കൂട്ടിക്കൊണ്ടുപോയി എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ വല്ലാത്ത വിഷമമുണ്ടായി', കുട്ടിക്കാലത്തെക്കുറിച്ച് സാവിത്രിയുടെ ഓർമ.

'പിന്നീടും ഞാൻ എ.കെ.ജിയെ കണ്ടു, എന്റെ എട്ടാമത്തെ വയസ്സിൽ. തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയൻ വാർഷികത്തിന്റെ ഉദ്ഘാടനം എ.കെ.ജിയായിരുന്നു. എ.കെ.ജി. പ്രസംഗിച്ച ആ വേദിയിലായിരുന്നു നർത്തകിയായുള്ള എന്റെ അരങ്ങേറ്റം. വീണ്ടും ഒരു തവണകൂടി അദ്ദേഹത്തെ കാണാൻ ഭാഗ്യമുണ്ടായി. തൃക്കരിപ്പൂരിൽ നടന്ന നാടകമത്സരത്തിൽവെച്ച് കൊയിലാണ്ടിയിലെ ഒരു അമേച്വർ നാടകസമിതിയുടെ നാടകത്തിൽ അഭിനയിച്ചതിന് മികച്ച നടിയായി ഞാൻ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ പുരസ്‌കാരം എനിക്കു നല്കിയത് എ.കെ.ജിയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽനിന്നും അതേറ്റുവാങ്ങുമ്പോൾ, എ.കെ.ജി. പറഞ്ഞുതന്ന കഥകൾ കേട്ടുറങ്ങിയ ആ രണ്ടരവയസ്സുകാരിയെ ഞാൻ ഓർത്തു'.

ALSO READ | നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയ

തിരുവണ്ണൂർ സ്‌കൂളിലാണ് സാവിത്രി അഞ്ചാംക്ലാസ് വരെ പഠിച്ചത്. പിന്നീട് മീഞ്ചന്ത ദേവദാസ് സ്‌കൂളിൽ ചേർത്തു. എന്നാൽ പഠനം ഏറെ നാൾ നീട്ടിക്കൊണ്ടുപോകാൻ ജീവിതസാഹചര്യങ്ങളനുവദിച്ചില്ല. എട്ടാം ക്ലാസോടെ സ്‌കൂൾ ജീവിതത്തിനു കർട്ടൻ വീണു. കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞ ആ കാലത്തും അച്ഛന്റെ സ്വപ്‌നം സാവിത്രിയെ കലാകാരിയാക്കുക എന്നതായിരുന്നു.

അമ്മയും അമ്മൂമ്മയും എതിർത്തിട്ടും അപ്പുട്ടി മകളെ നൃത്തം പഠിക്കാൻ അയച്ചു. കല്യാണം കഴിപ്പിക്കുമ്പോൾ അച്ഛനുണ്ടായിരുന്നത് ഒരേയൊരു നിബന്ധന, ഭർത്താവ് കലയെ തടയാത്ത ആളായിരിക്കണം. 16-ാം വയസ്സിൽ വിവാഹിതയായ ശേഷമാണ് സാവിത്രി അരങ്ങിലേക്ക് എത്തുന്നത്. വളയനാട് കലാസമിതിയുടെ 'കറുത്ത വെള്ള'ത്തിലൂടെയാണ് നാടകയാത്ര ആരംഭിച്ചു. കറുത്ത വെള്ളം രണ്ടു വേദികളിൽ അവതരിപ്പിച്ചു. ഒരു വേദിക്കു പത്തു രൂപയായിരുന്നു പ്രതിഫലം. അവിടെ തുടങ്ങുകയായിരുന്നു സാവിത്രി ശ്രീധരൻ എന്ന അമേച്വർ നാടകനടിയുടെ അരങ്ങുയാത്രകൾ.

കോഴിക്കോട് ടൗൺഹാളിൽവെച്ചാണ് സാവിത്രി ആദ്യമായി പ്രൊഫഷണൽ നാടകം കാണുന്നത്. ആഹ്വാൻ സെബാസ്റ്റ്യനുവേണ്ടി വാസുപ്രദീപ് രചിച്ച് ശാന്താദേവിയും കുട്ട്യേടത്തി വിലാസിനിയും കുതിരവട്ടം പപ്പുവും കെ.ടി. സെയ്തുമൊക്കെ വേഷമിട്ട കടലാസു വിമാനം എന്ന ആ നാടകമാണ് നടിയാകണമെന്ന സാവിത്രിയുടെ ആഗ്രഹത്തെ തിരികൊളുത്തിയുണർത്തിയത്.

അച്ഛൻ അപ്പുട്ടിയുടെയും ഭർത്താവ് ശ്രീധരന്റെയും പിന്തുണ കലാജീവിതത്തിന് കരുത്തായി. ഇവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ എന്നും ചോറും കറിയും വെച്ച് വീട്ടിൽ കഴിച്ചുകൂടുന്ന സാധാരണ സ്ത്രീ മാത്രമാകുമായിരുന്നുവെന്ന് സാവിത്രി പറയാറുണ്ടായിരുന്നു. നാടകം കളിക്കാൻ പോകുമ്പോൾ അച്ഛനും ഭർത്താവും സാവിത്രിക്ക് കൂട്ടായി. സാവിത്രിയുടെ അഭിനയം കാണാൻ ശ്രീധരൻ മുൻനിരയിലുണ്ടാവും. സാവിത്രിയുടെ അഭിനയം കണ്ട് ശ്രീധരൻ പൊട്ടിച്ചിരിക്കുന്നത് കാണാൻ മറ്റു നടിമാർ കർട്ടിന് പിന്നിൽ മറഞ്ഞുനിൽക്കും.

20 വർഷത്തോളം അമച്വർ നാടകരംഗത്ത് പ്രവർത്തിച്ച ശേഷമാണ് പ്രൊഫഷണൽ മേഖലയിലേക്ക് കടക്കുന്നത്. 1964-ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യ അവാർഡ്. 1984-ൽ കെ.ടി. മുഹമ്മദിന്റെ 'ദീപസ്തംഭം മഹാശ്ചര്യ'ത്തിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടകത്തിലേക്ക് കടന്നു. കെ.ടിയുടെ കലിംഗ, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന, വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യയുമൊക്കെ സാവിത്രിക്ക് പ്രൊഫഷണൽ നാടകരംഗത്ത് ഇടമൊരുക്കി.

നാടകത്തിനുവേണ്ടിയുള്ള നിർത്താതെയുള്ള അലച്ചിൽ, ഒരിക്കലും അവസാനിക്കാത്ത കഷ്ടപ്പാടുകൾ-ഇതൊക്കെയുണ്ടായിട്ടും നാടകത്തെ സാവിത്രി വെറുത്തില്ല, വെറുക്കാൻ അവർക്കു കഴിയുമായിരുന്നില്ല. പത്തു രൂപയിൽ തുടങ്ങിയ നാടകാഭിനയത്തിന്റെ പ്രതിഫലം 500 രൂപയ്ക്കപ്പുറത്തേക്കു കടന്നിരുന്നില്ല. അൻപതു വർഷത്തിലേറെ നീണ്ട നാടകജീവിതംകൊണ്ട് സാവിത്രിക്ക് ഒന്നും സമ്പാദിക്കാനായില്ല.

ശ്രീധരന്റെ മരണശേഷം, നാടകമില്ലാതെ കഷ്ടപ്പെട്ട കാലത്ത് മാനാരിയിലുള്ള പന്ത്രണ്ടര സെന്റ് ഭൂമിയും വീടും സാവിത്രിക്ക് വിൽക്കേണ്ടിവന്നു. കച്ചവടമറിയാത്ത കലാകാരി, ഇന്ന് കോടികൾ വിലമതിക്കുന്ന ആ ഭൂമി സെന്റിനു വെറും രണ്ടു ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റത്. പിന്നീട് മകൻ സുനീഷിനൊപ്പം മാങ്കാവിലുള്ള ചെറിയ വീട്ടിലായിരുന്നു താമസം.

1995-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി കോഴിക്കോട് കോർപ്പറേഷനിലേക്ക് സാവിത്രി മത്സരിച്ചതും കൗൺസിലറായതും അവരുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവമാണ്. കൗൺസിലർ എന്ന നിലയിൽ അഞ്ചു വർഷംകൊണ്ട് നാടിനുവേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞു.

സിനിമ ഒരിക്കൽപ്പോലും സാവിത്രിയെ മോഹിപ്പിച്ചില്ല. നാടകം സിനിമയിലേക്കുള്ള ചവിട്ടുപടിയായി അവർ കണ്ടിട്ടുമില്ല. എന്നിട്ടും സിനിമ സാവിത്രിയെ തേടിയെത്തി. എം.ടി. വാസുദേവൻ നായരുടെ കടവിൽ സുഖമില്ലാത്ത ഒരു അമ്മയുടെ വേഷം ചെയ്തു.

മുസ്ലിം സ്ത്രീ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ സാവിത്രി പുലർത്തിയ മികവ് നാടകകാലത്തേ ശ്രദ്ധേയമായിരുന്നു. 'ഇത് ഭൂമിയാണ്' നാടകത്തിലെ ആയിഷ, 'കാഫിറിലെ' നബീസ, 'രാജസഭ'യിലെ ആയിഷക്കുട്ടി, എന്നിവ സാവിത്രിയുടെ മികച്ച കഥാപാത്രങ്ങളായിരുന്നു.

എം.ടി.യുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിക്കുന്നത്. അതുകഴിഞ്ഞ് 28 വർഷങ്ങൾക്ക് ശേഷമാണ് സാവിത്രി വീണ്ടുമൊരു ചിത്രം. ഭാഷയും ദേശവും കടന്ന നന്മയുടെ മനസ്സ് കുളിർപ്പിക്കുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ സൗബിൻ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തിന്റെ ഉമ്മവേഷത്തിലാണ് സാവിത്രി അഭിനയിച്ചത്. നാടകത്തോട് വിട പറഞ്ഞ് വിശ്രമത്തിലിരിക്കെയാണ് സുഡാനി ഫ്രം നൈജീരിയയിലേക്ക് ക്ഷണമെത്തുന്നത്.

സംവിധായകൻ സക്കരിയയുടെ നേതൃത്വത്തിൽ കുറച്ചു ചെറുപ്പക്കാർ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം സാവിത്രി പിന്മാറി. എന്നാൽ, അവർ പിന്മാറിയില്ല. ചിത്രം കണ്ടിറങ്ങിയപ്പോൾ ഞെട്ടിപ്പോയി എന്നായിരുന്നു സാവിത്രി പറഞ്ഞത്. പിന്നീട് ആഷിഖ് അബുവിന്റെ സിനിമ വൈറസിൽ സക്കരിയയുടെ ഉമ്മയായും അഭിനയിച്ചു.

സുഡാനി റിലീസാകുന്നതിന്റെ തലേദിവസം രാത്രി സാവിത്രിയോട് മക്കൾ പറഞ്ഞു: 'അമ്മേടെ സിനിമ കാണാൻ നമുക്ക് നാളെ പോകണം. ആദ്യ ഷോയ്ക്കുതന്നെ.' ആ രാത്രി സാവിത്രി കുറെ കരഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി അവർ സിനിമ കണ്ടിട്ട്. സിനിമയുടെ ലോകം എന്താണെന്നു പോലും അവർക്കറിയില്ല. ശ്രീധരനും സാവിത്രിയും ഒരുമിച്ചായിരുന്നു സിനിമയ്ക്കു പോയിരുന്നത്. ശ്രീധരന്റെ മരണശേഷം സാവിത്രി സിനിമ കണ്ടിട്ടില്ല. ശ്രീധരനൊന്നിച്ച് അവസാനം കണ്ട സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽവെച്ച് മോഹൻലാലിന്റെ ദേവാസുരമായിരുന്നു. ആ രാത്രിയിൽ ഒരിക്കൽ വെള്ളിത്തിരയിൽ കണ്ട ഒരുപാടു ചലച്ചിത്രങ്ങൾ സാവിത്രിയെ വന്നുപൊതിഞ്ഞു.

കോഴിക്കോട് അപ്‌സര തിയേറ്ററിൽ കുടുംബത്തോടൊപ്പമിരുന്ന് സുഡാനി കാണുമ്പോൾ ഓരോ രംഗങ്ങളിലും സാവിത്രിയുടെ ഹൃദയമിടിപ്പു കൂടുകയായിരുന്നു. തിയേറ്ററിൽ പൊട്ടിച്ചിരികളും കൈയടികളുമൊക്കെ ഉണ്ടായെങ്കിലും സാവിത്രി അതൊന്നും അറിഞ്ഞിരുന്നില്ല. 'സിനിമ കണ്ടവരെല്ലാം ഒരേ അഭിപ്രായമായിരുന്നു. ചേച്ചിമാർ രണ്ടുപേരും നന്നായിട്ടുണ്ട്. പിറ്റേ ദിവസംമുതൽ ഫോണിനു വിശ്രമമുണ്ടായില്ല. പരിചയമുള്ളവരും അല്ലാത്തവരുമായ എത്രയോ പേർ അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് വിളിക്കുന്നു. ഇപ്പോഴും ആ അഭിനന്ദനപ്രവാഹത്തിനു കുറവൊന്നുമില്ല. അൻപതു വർഷത്തിലധികമായി എത്രയോ നാടകങ്ങളിൽ അഭിനയിച്ചു. പക്ഷേ, അപ്പോഴൊന്നും ഇങ്ങനെയൊരു അഭിനന്ദനം ഉണ്ടായിട്ടില്ല. നാടകത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ പ്പോലും നാടകക്കാരല്ലാതെ ആരും എന്നെ വിളിച്ചിട്ടില്ല. മികച്ച സഹനടികൾക്കുള്ള സംസ്ഥാന അംഗീകാരം സുഡാനിയിലൂടെ എനിക്കും സരസയ്ക്കും ലഭിച്ചു. പിന്നീട് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ജൂറിയുടെ പ്രത്യേക പരാമർശംകൂടി എനിക്കു ലഭിച്ചപ്പോൾ ഞാനെല്ലാവർക്കും പ്രിയപ്പെട്ടവളായി.' സിനിമയിൽ വീണ്ടും അവസരങ്ങളുണ്ടായി. ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഒരു കടത്തനാടൻ കഥ, സൈറയും ഞാനും, പട, മാഹി, ഇട്ടിമാണി, ഏഴാം കടലിനുമപ്പുറം, മടപ്പള്ളി യുണൈറ്റഡ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

'ഇട്ടിമാണിയിലേക്കുള്ള അവസരം വന്നതും യാദൃച്ഛികമായിട്ടാണ്. ശ്രീധരേട്ടൻ മരിക്കുന്നതിനു മുൻപ് മോഹൻലാലിന്റെ ധാരാളം സിനിമകൾ ഒന്നിച്ചിരുന്ന് കണ്ടിട്ടുണ്ട്. ദേവാസുരത്തിനു ശേഷം ലാലിന്റെ ഒറ്റച്ചിത്രം പോലും തിയേറ്ററിൽ പോയി കണ്ടിട്ടില്ല. സുഡാനിയിലെ അഭിനയത്തിന് സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ അഭിനന്ദനമറിയിച്ചുകൊണ്ട് ആദ്യം വിളിച്ചവരിലൊരാൾ മോഹൻലാലായിരുന്നു. ലാലാണ് സംസാരിക്കുന്നതെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് വിശ്വസിക്കാനായില്ല. നാടകപ്രവർത്തകരോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും ദയയും ഒരുപാടു വായിച്ചറിഞ്ഞിട്ടുണ്ട്. സിനിമയിൽ വലിയ തിരക്കുള്ള നടനായിട്ടും നാടകത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് കേൾക്കുമ്പോൾ നാടകകലാകാരിയെന്ന നിലയിൽ എനിക്കത് ഏറെ സന്തോഷം പകർന്നിട്ടുണ്ട്. ഇട്ടിമാണിയിൽ എനിക്കും സരസയ്ക്കും വേഷമുണ്ടായിരുന്നു. അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും ലാലിനൊപ്പം അഭിനയിക്കാൻ കഴിയുകയെന്നു പറഞ്ഞാൽ അതു വലിയൊരു നേട്ടമല്ലേ. ലൊക്കേഷനിൽവെച്ച് അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്തൊരു അമ്പരപ്പായിരുന്നു. എന്നാൽ, ഞങ്ങളെ കണ്ടപാടേ സ്‌നേഹത്തോടെ കസേര വലിച്ചിട്ടു തന്ന് അതിലിരിക്കാൻ പറഞ്ഞു. ലോകമാദരിക്കുന്ന വലിയൊരു നടനാണെന്ന ഭാവംപോലും ആ മുഖത്തില്ലായിരുന്നു. സ്വന്തം സഹോദരങ്ങളോടു സംസാരിക്കുന്ന രീതിയിലായിരുന്നു ലാൽ ഞങ്ങളോടു സംസാരിച്ചത്. സിനിമയിലെ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചു ചോദിച്ചാൽ, ലാൽ ഞങ്ങളോടു കാണിച്ച സ്‌നേഹത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല', സാവിത്രിയുടെ വാക്കുകൾ.

സിനിമയിൽ പുതിയ അവസരങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും സാവിത്രിയുടെ മനസ്സിൽ ആർത്തിരമ്പിയിരുന്നത് അരങ്ങാണ്. ഇ.എം.എസ്. മന്ത്രിസഭയുടെ 60-ാം വാർഷിക വേളയിലാണ് സാവിത്രി ഒടുവിൽ അരങ്ങിലെത്തിയത്. തിരുവനന്തപുരത്ത് നിശാഗന്ധിയിൽ കോഴിക്കോട് കലിംഗ ഇത് ഭൂമിയാണ് അവതരിപ്പിച്ചപ്പോൾ അതിലെ ആമിനയായി നിറഞ്ഞാടി.