അടുത്ത തവണ ആരെങ്കിലും നമ്മുടെ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ഉടന്‍ മറുപടി പറയാന്‍ തിടുക്കപ്പെടേണ്ട. ഒരു നിമിഷം നിര്‍ത്തി ആലോചിക്കുക. ഒരുപക്ഷേ അയാള്‍ പറയുന്നതില്‍ കാര്യമുണ്ടായിരിക്കാം.അല്ലെങ്കില്‍ പതിവുപോലെ നമുക്ക് ഒരു നല്ല ന്യായീകരണം കണ്ടെത്താം!

തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ? ഇല്ല. തെറ്റ് സമ്മതിക്കുന്ന മനുഷ്യരുണ്ടോ? ഇല്ലേയില്ല. തല്ലിക്കൊന്നാലും നമ്മൾ മലയാളികൾക്ക് തെറ്റ് സമ്മതിനക്കാൻ വല്ലാത്ത വൈക്ലബ്യമാണ്.ഒരു തെറ്റ് പറ്റിയാൽ ഉടൻ തിരുത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ തെറ്റിനേക്കാൾ വേഗത്തിൽ എത്തുന്നത് അതിനുള്ള വിശദീകരണമാണ്. തെറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുമ്പ് എന്തുകൊണ്ട് തെറ്റു പറ്റി എന്നതിന്റെ വിശദമായ റിപ്പോർട്ട് തയ്യാറായിരിക്കും. ചിലർക്ക് തെറ്റ് ചെയ്യാനുള്ള കഴിവിനേക്കാൾ അത് ന്യായീകരിക്കാനുള്ള കഴിവാണ് കൂടുതൽ!
നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. രാവിലെ ഓഫീസിൽ വൈകിയെത്തിയാൽ ട്രാഫിക്കാണ് കുറ്റക്കാരൻ. വീട്ടിൽ വൈകിയെത്തിയാൽ ഓഫീസിലെ ജോലിയാണ് കാരണം. പോക്കറ്റ് പെട്ടെന്ന് കാലിയായാൽ വിലക്കയറ്റമാണ് അതിന് കാരണം. പണം സൂക്ഷിക്കാനാവാത്തതിന് കുറ്റം ശമ്പളം കുറവാണ് എന്നതാണ്. തടി കൂടുന്നതിന് വീട്ടിലെ രുചികരമായ വിഭവങ്ങളാണ് കുറ്റക്കാർ. വ്യായാമം ചെയ്യാത്തതിന് സമയക്കുറവ്.ചുരുക്കത്തിൽ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാർ മറ്റുപലരുമാണ്. മറ്റുപലതുമാണ്. ആ കാരണങ്ങളിൽ നമ്മൾ മാത്രമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത!
Read Also :നമ്മുടെ ജീവിതത്തിൽ ഉപദേശകർ കൂടുന്നു, തീരുമാനമെടുക്കുന്നവർ കുറയുന്നു!
തെറ്റ് എന്റെത്, കാരണം ലോകത്തിന്റെത്!
റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ഗതാഗതനിയമം ലംഘിച്ചാൽ ചിലർക്ക് അതിൽ വലിയ കുറ്റബോധമൊന്നും ഉണ്ടാകാറില്ല. പോലീസുകാരൻ പിടിച്ചാൽ മാത്രമാണ് പ്രശ്‌നം. അപ്പോൾ ഉടൻ വിശദീകരണം വരും. ''സാർ, അത്യാവശ്യമായിരുന്നു!''എന്താണ് അത്യാവശ്യം എന്നു ചോദിച്ചാൽ അതിനും ഉത്തരമുണ്ട്. ഓഫീസിൽ എത്തണം, കുട്ടിയെ സ്‌കൂളിൽനിന്ന് വിളിക്കണം, ആശുപത്രിയിൽ പോകണം, വീട്ടിൽ അതിഥികളുണ്ട്. ഓരോരുത്തർക്കും ഓരോ അത്യാവശ്യം. പക്ഷേ റോഡിലുള്ള മറ്റുള്ളവർക്കും അത്യാവശ്യങ്ങളുണ്ടെന്ന കാര്യം നമ്മൾ മറക്കും. സ്വന്തം വാഹനം തെറ്റായിടത്ത് പാർക്ക് ചെയ്താൽ അതിന് ന്യായീകരണമുണ്ട്. മറ്റൊരാൾ അങ്ങനെ ചെയ്താൽ അയാൾക്ക് സാമൂഹികബോധമില്ല! ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. മറ്റുള്ളവരുടെ തെറ്റുകൾ കാണാൻ നമുക്ക് പ്രത്യേക കണ്ണടയുണ്ട്. സ്വന്തം തെറ്റുകൾ കാണാൻ ആ കണ്ണട എവിടെയോ കാണാതാകും.
വീട്ടിലും ഇതുതന്നെ!
ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചാൽ തെറ്റുകൾ ന്യായീകരിക്കുന്നതിൽ ഇരുവർക്കും പ്രത്യേക കഴിവുണ്ടെന്ന് മനസ്സിലാകും.ഭർത്താവ് വീട്ടിലെത്താൻ വൈകിയാൽ ഓഫീസിൽ വലിയ ജോലിയുണ്ടായിരുന്നു. ഭാര്യ വൈകിയാൽ വീട്ടിലെ കാര്യങ്ങൾ വേറെആര് നോക്കുമെന്ന കുറ്റപ്പെടുത്തൽ. ഭർത്താവ് സാധനങ്ങൾ വാങ്ങാൻ മറന്നാൽ മറവിരോഗം. ഭാര്യ മറന്നാൽ അത് ശ്രദ്ധക്കുറവ് കാരണം. ഭർത്താവ് ചെലവാക്കിയാൽ അത്യാവശ്യത്തിനാണ്. ഭാര്യ ചെലവാക്കിയാൽ അനാവശ്യ ആഡംബരം. കുട്ടികളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. സ്വന്തം കുട്ടി പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ചോദ്യപേപ്പർ നിലവാരമില്ലാത്തതാണ്. അയൽവീട്ടിലെ കുട്ടിക്ക് മാർക്ക് കുറഞ്ഞാൽ പഠനത്തിൽ ശ്രദ്ധയില്ലാത്തതാണ്. സ്വന്തം കുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പഠനാവശ്യത്തിന്. അയൽവീട്ടിലെ കുട്ടി ഉപയോഗിച്ചാൽ മൊബൈൽ അഡിക്ഷൻ! നമ്മുടെ ന്യായീകരണങ്ങൾക്ക് അതിരുകളില്ല. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ചിലപ്പോൾ ഈ കഴിവ് സഹായിക്കുമായിരിക്കും. പക്ഷേ എല്ലാ കാര്യത്തിലും ന്യായീകരണം മാത്രം മതിയാകില്ലല്ലോ!
Read Also:വീട്ടിൽ എല്ലാവർക്കും പാസ്വേഡുണ്ട്, മനസ്സ് തുറക്കാൻ ആർക്കും പറ്റുന്നില്ല!
ഓഫീസിലെ ന്യായീകരണ വിദഗ്ധർ!
ഓഫീസുകളിൽ തെറ്റ് പറ്റിയാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആളെ കണ്ടെത്തുക എന്നത് വലിയൊരു ദൗത്യമാണ്. ഫയൽ വൈകിയാൽ മറ്റൊരു വിഭാഗം മറുപടി പറയണം. തീരുമാനം വൈകിയാൽ അനുമതി ലഭിച്ചില്ലെന്ന് പറയാം. ഒരു കത്ത് അയക്കാൻ മറന്നാൽ അത് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു. ചിലപ്പോൾ ഫയൽ എവിടെയാണെന്ന് ആർക്കും അറിയില്ല. പക്ഷേ ഫയൽ വൈകിയതിന്റെ കാരണം എല്ലാവർക്കും അറിയാം!ഒരു ജോലി വിജയിച്ചാൽ അതിന്റെ നേട്ടം പങ്കിടാൻ ആളുകൾ മുന്നോട്ടുവരും. പരാജയപ്പെട്ടാൽ ഉത്തരവാദിത്വം പങ്കിടാൻ ആരുമുണ്ടാകില്ല. വിജയത്തിന് കൂട്ടുത്തരവാദിത്വം. പരാജയത്തിന് വ്യക്തിപരമായ വിശദീകരണം!എന്തായാലും, ഒരു കാര്യം ഉറപ്പാണ്. തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരേക്കാൾ അതിന് വിശദീകരണം നൽകുന്നവർക്ക് ഓഫീസുകളിൽ ക്ഷാമമില്ല.
സാമൂഹിക മാധ്യമങ്ങളിലെ ന്യായീകരണ മഹോത്സവം!
സാമൂഹിക മാധ്യമങ്ങൾ വന്നതോടെ തെറ്റുകൾ ന്യായീകരിക്കാനുള്ള അവസരങ്ങൾ വർധിച്ചു. ഒരു അഭിപ്രായം പറഞ്ഞാൽ അതിന്റെ പേരിൽ വിമർശനം വരും. അപ്പോൾ അഭിപ്രായം തിരുത്തുന്നതിനുപകരം അതിനെ വിശദീകരിക്കാൻ പുതിയ കുറിപ്പ്. അതിനും വിമർശനം വന്നാൽ മറ്റൊരു കുറിപ്പ്. ഒടുവിൽ ആദ്യത്തെ വിഷയത്തേക്കാൾ വലിയ ചർച്ച ന്യായീകരണത്തെക്കുറിച്ചാകും.ചിലർക്ക് ക്ഷമാപണം നടത്തേണ്ടിവന്നാലും അതിൽ ഒരു ചെറിയ നിബന്ധനയുണ്ടാകും.''എന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു.''അതായത്, വാക്കുകൾ തെറ്റായിരുന്നില്ല. കേട്ടവർക്ക് എന്തോ തോന്നിപ്പോയതാണ്!മറ്റൊരു വിഭാഗം പറയും:''ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.''പറഞ്ഞത് എന്താണെന്നതല്ല, ഉദ്ദേശിച്ചത് എന്താണെന്നതാണ് പ്രധാനമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ കേൾക്കുന്നയാൾക്ക് ഉദ്ദേശ്യം വായിച്ചെടുക്കാനുള്ള പ്രത്യേക യന്ത്രമൊന്നുമില്ലല്ലോ!
മാപ്പ് പറയുന്നതിന് എന്താണ് ഇത്ര ബുദ്ധിമുട്ട്?
തെറ്റ് സമ്മതിക്കുന്നത് ഒരുതരം തോൽവിയാണെന്ന് ചിലർ കരുതുന്നു. ക്ഷമ ചോദിച്ചാൽ തങ്ങളുടെ വില കുറഞ്ഞുപോകുമെന്നാണ് ധാരണ. അതുകൊണ്ട് തെറ്റ് സമ്മതിക്കുന്നതിനുപകരം വിശദീകരണങ്ങളുടെ വലിയൊരു മതിൽ പണിയും.എന്നാൽ സത്യത്തിൽ, തെറ്റ് സമ്മതിക്കുന്നതിലൂടെ ഒരാളുടെ വില കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. തെറ്റുകൾ സംഭവിക്കാം. പക്ഷേ അവ തിരിച്ചറിയാനും തിരുത്താനും തയ്യാറാകുന്നതാണ് പക്വത.ഒരാൾക്ക് നമ്മളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അയാളുടെ പരാതി കേൾക്കുകയാണ്. ഉടൻ പ്രതിരോധത്തിലേക്ക് കടക്കേണ്ടതില്ല. ചിലപ്പോൾ നമ്മൾ കാണാത്ത ഒരു തെറ്റ് മറ്റൊരാൾക്ക് വ്യക്തമായി കാണാൻ കഴിയും.എല്ലാ വിമർശനങ്ങളും ശരിയാകണമെന്നില്ല. എല്ലാ പരാതികളും ന്യായമായിരിക്കണമെന്നുമില്ല. പക്ഷേ വിമർശനം കേൾക്കുമ്പോഴേക്കും മറുപടി തയ്യാറാക്കുന്ന തിരക്കിൽ അതിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുത്.നമ്മൾ പറയുന്ന ഓരോ വിശദീകരണവും സത്യമാകണമെന്നില്ല. ചിലപ്പോൾ അത് നമ്മുടെ മനസ്സിനെ ആശ്വസിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരിക്കും.
സ്വയം ന്യായീകരിക്കുന്നതിൽനിന്ന് സ്വയം തിരുത്തുന്നതിലേക്ക്!
ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ചെറിയ ചില ശീലങ്ങൾ മതി. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുക. മറ്റൊരാളുടെ പരാതി കേൾക്കുമ്പോൾ ഇടയ്ക്ക് കയറി വിശദീകരിക്കാതിരിക്കുക. സ്വന്തം തെറ്റിന് സാഹചര്യങ്ങളെ മാത്രം കുറ്റപ്പെടുത്താതിരിക്കുക.ഒരിക്കൽ ഒരു പരീക്ഷണം നടത്തിനോക്കൂ. ഒരു ദിവസം സംഭവിക്കുന്ന ചെറിയ തെറ്റുകൾക്കുപോലും ന്യായീകരണം പറയാതിരിക്കുക. വൈകിയെത്തിയാൽ വൈകിയെന്ന് സമ്മതിക്കുക. മറന്നുപോയാൽ മറന്നെന്ന് പറയുക. വാക്കുകൊണ്ട് ഒരാളെ വേദനിപ്പിച്ചാൽ അതിന് ക്ഷമ ചോദിക്കുക.
വിശ്വസിക്കൂ, അതൊരു വലിയ ആശ്വാസമായിരിക്കും. തെറ്റു മറയ്ക്കാൻ ചെലവഴിക്കുന്ന ഊർജം അതു തിരുത്താൻ ഉപയോഗിക്കാം.ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തെറ്റുകൾ ചെയ്യാതിരിക്കലല്ല. തെറ്റുകൾ ചെയ്താൽ അത് സമ്മതിക്കാനുള്ള മനസ്സുണ്ടാകലാണ്.നമ്മളെല്ലാവരും ചിലപ്പോഴൊക്കെ തെറ്റു ചെയ്യും. പക്ഷേ തെറ്റുകൾ സമ്മതിക്കാത്തവരാകുമ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്.
തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് അസാധാരണമായ കഴിവ്!ഒരു കാര്യം കൂടി ഓർക്കുക. തെറ്റുകൾക്ക് ന്യായീകരണം കണ്ടെത്തുന്നതിൽ നമ്മൾ എത്ര മിടുക്കരായാലും ജീവിതത്തിന് അതിന്റെ കണക്കുകളുണ്ട്. അവിടെ വിശദീകരണങ്ങൾ സ്വീകരിക്കില്ല. ഫലം മാത്രമേ പരിഗണിക്കൂ. അതുകൊണ്ട് അടുത്ത തവണ ആരെങ്കിലും നമ്മുടെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഉടൻ മറുപടി പറയാൻ തിടുക്കപ്പെടേണ്ട. ഒരു നിമിഷം നിർത്തി ആലോചിക്കുക. ഒരുപക്ഷേ അയാൾ പറയുന്നതിൽ കാര്യമുണ്ടായിരിക്കാം.അല്ലെങ്കിൽ പതിവുപോലെ നമുക്ക് ഒരു നല്ല ന്യായീകരണം കണ്ടെത്താം! പക്ഷേ അതിനുമുമ്പ് ഒരു കാര്യം ചോദിക്കാം: നമ്മൾ തെറ്റുകൾ തിരുത്തുകയാണോ, അതോ തെറ്റുകൾക്ക് ന്യായീകരണം കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണോ?
Content Highlights: Analyze how justifications for mistakes are prevalent in offices and social media, overshadowing the importance of accepting responsibility.
Published: 13 Nov 2026, 01:09 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented