
എന്റെ ഏകാന്ത നിമിഷങ്ങളിലേക്ക് ഒരു പൂമ്പാറ്റയെ പോലെ ഇന്നും അവൾ പറന്ന് വരാറുണ്ട്. ചിലപ്പോഴൊക്കെ ചാരപുള്ളികളുള്ള ചിറക് വിടർത്തി മരണത്തിൽ നിന്നൊരു ഉയിർത്തെഴുന്നേൽപ്പ് ആഗ്രഹിക്കുന്നത് പോലെ എനിക്ക് മുന്നിലവൾ ചുറ്റി പറക്കും. മറ്റ് ചിലപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ 'നിനക്ക് എന്നെ രക്ഷിക്കാമായിരുന്നില്ലേ' എന്നൊരു ഏങ്ങലോടെ എന്റെ നെഞ്ചിലേക്ക് ചാരും. ആ നേരങ്ങളിൽ അവളുടെ മരണത്തിന് കാരണക്കാരിയായി ഞാനുമുണ്ടായിരുന്നു എന്ന ചിന്തയിൽ ചെളി നിറഞ്ഞ നടുച്ചുഴിയിൽ പെട്ടത് പോലെ മുങ്ങിത്താണ് ശ്വാസംകിട്ടാതെ ഞാൻ പിടയും.
കായംകുളത്ത് എവിടെയോ ആയിരുന്നു അവളുടെ വീട്. രണ്ടാംകുറ്റിയിലുള്ള അവളുടെ ബന്ധുവീട്ടിൽ വെച്ചാണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. ഇളം കറുപ്പ് കലർന്ന നിറമുള്ള അവളുടെ മുഖം വിളറിയിരുന്നു. തിളക്കമുള്ള കണ്ണുകളുമുള്ളഅവളുടെ മുഖത്തെ സ്ഥായീഭാവം വിഷാദത്തിന്റെതായിരുന്നു. അത് കൊണ്ടാവണം എന്റെ അപരയാണന്നൊരു തോന്നലിൽ ആദ്യ കാഴ്ചയിൽ തന്നെ അവളോട് മിണ്ടാൻ ഞാൻ തുനിഞ്ഞത്.
'എന്താ പേര്'
'ആമിന'
എന്റെ ചോദ്യത്തിന് അവളുടെ ഉമ്മയാണ് മറുപടി നൽകിയത്. എന്നെ ശ്രദ്ധിക്കാതെ ദൂരേയ്‌ക്കെവിടേക്കോ നോട്ടമയച്ച് നിൽക്കുന്ന പെൺകുട്ടിയോട് ഉള്ളിലെനിക്കപ്പോൾ ചെറിയൊരു നീരസം തോന്നി. 'ഓ പെണ്ണിന്റെ ജാഡ കണ്ടില്ലേ' എന്ന് മനസ്സിൽ പറഞ്ഞ് വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും അവളുടെ പതുങ്ങിയ ശബ്ദം കേട്ടത്.
'നിന്റെ പേരെന്താ'
വർധിച്ച സന്തോഷത്തോടെ ഒട്ടും അമാന്തിക്കാതെ ഞാൻ മറുപടി നൽകി
'ജസീന'
'ആമിന, ജസീന, രണ്ട് പേരിലും 'ന' ഉണ്ട്. അതുപറഞ്ഞവൾ കുലുങ്ങി ചിരിച്ചു. അവളുടെ ചിരിക്കൊപ്പം ഞാനും ചേർന്നു. വീടിന് പിന്നിൽ ഏക്കറുകളോളം പരന്ന് കിടക്കുന്ന വടക്കേകാരുടെ പറമ്പ് ചൂണ്ടിക്കാണിച്ച് നമുക്ക് അവിടെ ചെന്നിരിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അൽപ്പമൊന്ന് മടിച്ചുനിന്ന ശേഷം പറമ്പിലേക്ക്എനിക്കൊപ്പം നടന്ന് വരുന്നതിനിടയിൽ അവൾ പറഞ്ഞു
'എനിക്ക് പത്ത് വയസൊണ്ട്, നെനക്കോ'? വയസ്സിനെക്കുറിച്ച് അന്നെനിക്ക് കൃത്യമായ ധാരണയില്ലായിരുന്നെങ്കിലും ഒരു ഊഹത്തിൽ ഞാനും പത്തെന്ന് പറഞ്ഞു.
'അപ്പം നമ്മക്ക് രണ്ട് പേർക്കും ഒരേ വയസ്സാ'. എന്ന് പറഞ്ഞ്പിന്നെയുമവൾ ചിരിച്ചു.
പറമ്പിൽ ധാരാളം അറവുമാടുകളെ കഴുത്തിൽ കുരുക്കിട്ട് നിരനിരയായി കുറുക്കികെട്ടിയിരുന്നു. ' മുന്നിൽ കിടക്കുന്ന കച്ചി തിന്നാതെ തലകുമ്പിട്ട് നിൽക്കുന്ന മൃഗങ്ങളെ മാരാരിതോട്ടം ചന്തയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ ലോറിയിൽ കയറ്റി കൊണ്ട് വന്നതാണന്നും, ഒരോ ദിവസത്തെയും ഊഴം കാത്ത് നിൽക്കുന്ന മൃഗങ്ങൾക്ക് മരണം മുൻകൂട്ടി അറിയാൻ കഴിയുന്നത് കൊണ്ടാണ് കച്ചി തിന്നാതെ തലകുനിച്ച് നിൽക്കുന്നതെന്നും ഞാനവളോട് പറഞ്ഞപ്പോൾ 'അയ്യോ പാവം' എന്ന് പറഞ്ഞ് അറവുമാടുകളുടെ ദയനീയമായ അവസ്ഥയിലേക്കവൾ സങ്കടം പൊഴിച്ചു. പറമ്പിൽ ഞങ്ങളെ കൂടാതെ ധാരാളം കുട്ടികളുണ്ടായിരുന്നു. ചെറിയ കൂട്ടമായി പല കളികളിലും ഏർപ്പെട്ടിരുന്ന കുട്ടികൾക്ക് നടുവിലൂടെ നടന്ന് ഞങ്ങളും ഒരു കളിയിൽ ഏർപ്പെട്ടു. ധാരാളം ശലഭങ്ങളുള്ള പറമ്പായിരുന്നു അത്. ശലങ്ങളുടെ പിന്നാലെ നടന്ന് അവൾ എണ്ണാൻ തുടങ്ങി. 'ഒന്നേ, രണ്ടേ, ഒന്നാമത്തെ ശലഭം എന്റെ, രണ്ടാമത്തേത് നിന്റെ ' അവൾ പറഞ്ഞത് അംഗീകരിച്ച് കൊടുക്കാൻ ഞാൻ തയ്യാറായില്ല ' അല്ലല്ല ഒന്നും രണ്ടും മൂന്നും ശലഭങ്ങൾ എന്റെ, ബാക്കിയെല്ലാം നീയെടുത്തോ '. ശലഭങ്ങളെ ചൊല്ലി പിണങ്ങുന്നതിനിടയിൽ വരകൾ പോലെ പറമ്പാകെ പാറി നടന്ന നീണ്ടവാലുകളുള്ള പക്കിയെ പിടിക്കാനായി പതുങ്ങി പതുങ്ങി പക്കികൾക്ക് പിറകേ അവൾ നടക്കാൻ തുടങ്ങി. കുറെ ശ്രമിച്ചപ്പോൾ ഇളം മഞ്ഞ നിറമുള്ളൊരു പക്കിയുടെ ചിറകിൽ പിടുത്തം കിട്ടി. കുഞ്ഞൊരു കല്ല് കൈവെള്ളയിലെടുത്ത് വെച്ച് പക്കിയെ കൊണ്ട് അതെടുപ്പിക്കാനായി അടുത്ത ഞങ്ങളുടെ ശ്രമം. കളികൾക്കിടയിൽ പക്കിയുടെ ചിറകുകൾ പറിഞ്ഞ് അത് താഴെക്കിടന്ന് പിടക്കാൻ തുടങ്ങി. അത് കണ്ട് സങ്കടപ്പെട്ട് നിന്ന അവളുടെ മുഖമാണ് ഇന്നുമെന്റെ മനസ്സിൽ ആഴമുള്ള ഒരു നോവായി പതിഞ്ഞ് കിടക്കുന്ന അവളെക്കുറിച്ചുള്ള ഓർമകളിൽ ആദ്യത്തേത്.
ഞാൻ പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് പ്രദേശവാസികളിൽ ചിലർ ചേർന്ന് തമിഴ്‌നാട്ടിലുള്ള ഏർവാടി പള്ളിയിലേക്ക് പോകാൻ തീരുമാനിച്ചു. ആ കൂട്ടത്തിൽ അവളും കുടുംബവുമുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല പ്രാവശ്യം അവൾ ബന്ധുവീട്ടിൽ വരികയും ചിലപ്പോഴൊക്കെ അവളെ ഞാൻ കാണുകയും ചെയ്യാറുണ്ടായിരുന്നു. കാണുമ്പോഴൊക്കെ അവൾക്ക് പറയാൻ പല കഥകളുമുണ്ടായിരുന്നു. എന്നാൽ, ഏഴാം ക്ലാസൊക്കെ കഴിഞ്ഞപ്പോൾ അവൾ ബന്ധുവീട്ടിലേക്ക് വരാതായി. കുറച്ച് നാൾ നിശ്ശബ്ദമായി അവളെ ഞാൻ അന്വേഷിച്ചെങ്കിലും നീണ്ട നാളുകളുടെ വിടവ് നൽകിയ മറവിയിലൂടെ എന്നിൽ നിന്നും പതുക്കെ അവൾ മാഞ്ഞ് തുടങ്ങി. അത് കൊണ്ടാവാം രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ ആദ്യം എനിക്കവൾ തീർത്തും അപരിചിതയായി തോന്നി. അവളുടെ രൂപം മാറിയിരുന്നു. ഒന്നു കൂടി മെലിഞ്ഞ് അതീവ ക്ഷീണിതയായി അവൾ കാണപ്പെട്ടു. അവൾക്ക് എന്തോ രോഗം ബാധിച്ചിട്ടുണ്ടെന്നും, അത് മാറാനായി ഏർവാടിയിൽ നേർച്ച പറഞ്ഞിട്ടുണ്ടെന്നും അത് വീട്ടാനായിട്ടാണ് യാത്രയെന്നുമൊക്കെ അവളുടെ ഉമ്മ യാത്രയിലുടനീളം പലരോടും പറയുന്നത് ഞാൻ കേട്ടിരുന്നു. എന്നാൽ, അവളതൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്തായിരുന്നു. ട്രെയിനും ബസ്സുമൊക്കെ മാറി മാറിക്കയറിയുള്ള യാത്ര ഞാൻ ശരിക്ക് ആസ്വദിച്ചെങ്കിലും, ആ യാത്ര അവളെ കൂടുതൽ ക്ഷീണിതയാക്കി. തമിഴ്‌നാട്ടിലെ തരിശായി കിടന്ന മണൽ ഭൂമിയിൽ പടർന്ന് പന്തലിച്ച് നിന്ന ഏതോ ഒരിനം ചെടിയും, ഇടക്കിടെ കണ്ട ചെമ്മരിയാടിന്റെ കൂട്ടവും, തമിഴ് മണമുള്ള കാറ്റും, ചുട്ടുപൊള്ളുന്ന വെയിലും കേരളത്തിൽ നിന്നും വിഭിന്നമായ ഭൂപ്രകൃതിയും കാറ്റാടിപ്പാടങ്ങളുമൊക്കെ കടന്ന് തിരക്കില്ലാത്ത റോഡിലൂടെയുള്ള യാത്ര എനിക്ക് ആദ്യാനുഭവമായിരുന്നു. ഇടയ്ക്ക് പാതവക്കിൽ കൂട്ടമായി മേയുന്ന ചെമ്മരിയാടിൻ കൂട്ടത്തെ കണ്ടപ്പോൾ 'ഇതിനെയും അറുക്കാനായി വളർത്തുന്നതാണോ ' എന്ന് അവൾ എന്നോട് ചോദിച്ചു. അധികം മിണ്ടാതെ അത് വരെ ഉമ്മയ്ക്കൊപ്പം ഒതുങ്ങികൂടിയിരുന്ന അവൾ ആ കാഴ്ച്ചയിൽ ഉള്ളുലഞ്ഞത് പോലെ പിന്നീട് എന്നോട് മിണ്ടാൻ തുടങ്ങി. കാറ്റാടിപ്പാടങ്ങളിൽ നിന്നാണ് തമിഴ്‌നാട്ടിൽ കറണ്ട് ഉത്പാദിപ്പിക്കുന്നതെന്ന് ഞാൻ പറഞ്ഞപ്പോൾ അതെങ്ങനെയെന്ന ആശ്ചര്യത്തോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു. ക്ഷീണം മറന്ന് അവളും യാത്ര ആസ്വദിക്കുന്നുണ്ടെന്ന് അപ്പോൾ എനിക്ക് തോന്നി.
നട്ടുച്ചയ്ക്കാണ് ഞങ്ങൾ ഏർവാടിയിലെത്തിയത്. നല്ല വിശപ്പുണ്ടായിരുന്നു. പോകുന്ന വഴിക്ക് നിരത്തിൽ ഇരുവശത്തുമായി മധുരപലഹാരങ്ങൾ വിൽക്കാനായി കൂട്ടിവെച്ചിരുക്കുന്നത് കണ്ടു. ജിലേബിയും ലഡുവുമൊക്കെ എന്റെ ഇഷ്ടപലഹാരങ്ങളായിരുന്നെങ്കിലും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പലഹാരങ്ങൾ കണ്ട് എനിക്ക് ഓക്കാനം വന്നു. തമിഴ്‌നാട്ടിലായിരുന്നിട്ടും പള്ളിയിലേക്ക് പോകുന്ന വഴിയിൽ, മുറികൾ വാടകയ്ക്ക് കൊടുക്കപ്പെടുമെന്ന്, മലയാളത്തിൽ പല സ്ഥലത്തും എഴുതിവെച്ചിരിക്കുന്നത് കണ്ടു. അത് കൊണ്ട് വളരെ വേഗം ഞങ്ങൾക്ക് അവിടെ നാല് മുറികൾ തരപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. അവളും കുടുംബവും എടുത്ത മുറിക്ക് തൊട്ടടുത്തായിട്ടായിരുന്നു ഞങ്ങളുടെ മുറി. വളരെ വേഗം കുളിച്ച് റെഡിയായി പള്ളിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് മലയാളികളിൽ ചിലർ പള്ളിയിൽ നിന്നും നേർച്ച ചോറ് വാങ്ങി വരുന്നത് കണ്ടത്. 'വേഗം ചെന്നാ ങ്ങക്കും കിട്ടും 'അത് കേട്ട് വിശപ്പിന്റെ കാഠിന്യം കൊണ്ട് ഞങ്ങളുടെ നടത്തത്തിന്റെ വേഗത കൂടി. പള്ളികകത്ത് പാത്രങ്ങളുമായി ആളുകൾ ക്യൂനിൽക്കുന്നത് കണ്ട് ഞങ്ങളും ആ വരിയിൽ സ്ഥാനം പിടിച്ചു. നേർച്ച ചോറാണ്. ബിരിയാണിയോട് അത്രയിഷ്ടമില്ലാഞ്ഞിട്ടും വിശപ്പിന്റെ കാഠിന്യം കൊണ്ട് വലിയ ചെമ്പ് പാത്രത്തിൽ നിന്നുയർന്ന ബിരായാണി മണം എന്നെ വല്ലാതെ കൊതിപ്പിച്ചു. മലപ്പുറത്തുള്ള കുടുംബത്തിന്റെ വകയായി നൽകിയ നേർച്ചച്ചോറുണ്ട് എല്ലാവരുടേയും ഉച്ചവിശപ്പടങ്ങി. പുറത്ത് ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. നടക്കുമ്പോൾ പാദങ്ങൾ മണലിൽ പുതഞ്ഞ് ചുട്ടുപൊള്ളി. നടന്ന് മഖ്ബറയ്ക്ക് മുന്നിലെത്തി എല്ലാവരും പ്രാർഥനാനിർഭരരായി നിന്നു. അവിടെ അപ്പോൾ കണ്ട വിശ്വാസികളിലധികവും തമിഴരായിരുന്നു. അവരിൽ ചിലർ നിശബ്ദമായി കണ്ണീരൊഴുക്കി. ചിലർ വാവിട്ട് കരഞ്ഞു. മറ്റ് ചിലർ നെഞ്ചത്തലച്ച് തങ്ങളുടെ ദുഃഖങ്ങൾ ഒരോന്നായി പറഞ്ഞ് കരഞ്ഞ് തളർന്ന് വീണു. എല്ലാം കണ്ട് അന്തംവിട്ട് നിന്ന എന്നോട് യാസീൻ ഓതി പ്രാർഥിക്കാൻ പറഞ്ഞ് ചെറിയ യാസീൻ ബുക്ക് ഉമ്മിച്ച എനിക്ക് നേരെ നീട്ടി. ഞാൻ യാസീൻ ബുക്ക് തുറന്ന് വെച്ച് ഓതാൻ തുടങ്ങിയെങ്കിലും ചുറ്റിനും നടക്കുന്ന സംഭവങ്ങളിലേക്ക് എന്റെ കണ്ണും കാതും തുറന്നിരുന്നു. യാസീൻ ഓതി കഴിഞ്ഞ് പള്ളിയിലെ മഖാമിന് മുൻപിലിരുന്ന് മനുഷ്യരൂപങ്ങൾ വിൽക്കുന്ന ഫക്കീറിന്റടുക്കലേക്ക് പോയി ആമിനയുടെ ഉമ്മ എന്തൊക്കെയോ രൂപങ്ങൾ വാങ്ങി. അത് ഫക്കീർ അവളുടെ തലയിൽ വെച്ച് പ്രാർഥിക്കുന്നത് കണ്ടു. അടുത്തത് എന്റെ ഊഴമായിരുന്നു എന്റെ തലയിലും പച്ചപ്പട്ട് വെച്ച് ഓതുകയും കൈവെള്ളയിൽ മന്ത്രിച്ച ജലം കുടിക്കാനായി പകർന്ന് നൽകുകയും ചെയ്തു. നേർച്ചകളെല്ലാം കഴിച്ച് ഞങ്ങൾ എല്ലാവരും റൂമിലേക്ക് പോയി ഒന്നുറങ്ങി യാത്രാക്ഷീണം മാറ്റി വൈകിട്ട് ആറ് മണിയോട് കൂടി വീണ്ടും പള്ളിയിലേക്ക് എത്തിയപ്പോൾ പള്ളി അന്തരീക്ഷമാകെ മാറിയിരുന്നു. ഉച്ചയ്ക്ക് കണ്ടതിൽ നിന്നും തീർത്തും വിഭിന്നമായ അന്തരീക്ഷവും ബഹളങ്ങളും കണ്ട് ഞാൻ ഭയപ്പെട്ട് നിന്നു. ഏക്കറുകളോളം പരന്നു കിടന്ന പള്ളിപറമ്പിൽ നിറയെ ഖബറുകളായിരുന്നു. ' ഖബറിൽ ചവിട്ടാതെ നടക്കണേ 'കൂടെയുള്ളവർ ഓർമപ്പെടുത്തി. യുദ്ധത്തിൽ വീരമൃത്യു വരിച്ച ശുഹദാക്കളുടെ ഖബറുകൾ ഒന്നൊന്നായി മണ്ണിന് മുകളിൽ തെളിഞ്ഞ് വന്നതെന്നാണ് വിശ്വാസം. ശുഹദാക്കൻമാരുടെ ഖബറുകൾക്ക് നടുവിൽ ഞങ്ങളിരുന്നു. 'ധാരാളം ആൾക്കാർ ചികിത്സ തേടിയെത്തിയിരുന്ന സ്ഥലം കൂടിയായിരുന്നു ഏർവാടി. അതിന് പിന്നിലൊരു വിശ്വാസമുണ്ടായിരുന്നു.
രാമനാഥപുരത്തെ രാജാവിന് കുഷ്ഠരോഗം വരികയും അത് മാറാതെ വന്നപ്പോൾ ഏർവാടി മഖാമിലെത്തി അവിടുത്തെ മണ്ണ് കലക്കി കുടിച്ചു രോഗം മാറിയതോടെ അത്ഭുത സംഭവം നാടാകെ പരന്നു. അതേസമയം വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടാവാതെ വിഷമിച്ചിരുന്ന രാജ്ഞിയും ഏർവാടിയിലെ മണ്ണ് കലക്കി കുടിച്ചത് കാരണം ഗർഭിണിയാവുകയും ചെയ്തു. ഇതോടെ ജനങ്ങൾ ഏർവാടിയിലേക്ക് കൂട്ടം കൂട്ടമായി എത്താൻ തുടങ്ങി. ഏതു കേസും തീരുമാനമാക്കുന്ന കോടതിയായി ഏർവാടി പള്ളി മാറിയെന്നുമാണ് വിശ്വാസം.
ആ വിശ്വാസമനുസരിച്ച് പാതിരാത്രിയിൽ കുതിരപ്പുറത്തെത്തുന്ന ഷേഖ് പള്ളി പരിസരത്തുള്ളവരുടെ കേസ് എടുത്ത് പരിഹരിച്ച് അനുഗ്രഹിച്ച് പോകുമ്പോൾ രാത്രിയിൽ രോഗം മാറിയതായി സ്വപ്നം കാണിക്കുകയും പിറ്റേ ദിവസം അസുഖം പൂർണമായും ഭേദമാകുകയും ചെയ്യുമത്രേ. ഷൈഖ് തങ്ങളുടെ അനുഗ്രഹം തേടി ധാരാളം ആൾക്കാർ പള്ളിപരിസരത്ത് കിടന്നാണ് ഉറങ്ങിയിരുന്നത്. എന്നാൽ, മനോനില നഷ്ടപ്പെട്ടവർ (ബാധ കൂടിയതന്നാണ് അവരുടെ വിശ്വാസം) പള്ളി പരിസരത്ത് സൃഷ്ടിച്ച ഭീകരാന്തരീക്ഷം ശരിക്കും എന്നെ ഭയപ്പെടുത്തി. ചിലർ മണ്ണ് മാന്തി കുഴിയിൽ തല വെച്ച് സ്വയം മണ്ണ് മൂടി കുനിഞ്ഞ് കിടക്കുന്നത് കണ്ട് ഭയന്ന് ഞാൻ നിലവിളിച്ചു. രക്തരക്ഷസ് ബാധിച്ചതെന്ന് സ്വയം അവകാശപ്പെട്ട് ബഹളം വെച്ച് കൊണ്ടിരുന്ന ഒരു സ്ത്രീ തന്നെ തളയ്ക്കാനായി ശ്രമിക്കുന്ന പള്ളിയിലടങ്ങിയ ശുഹദാക്കൻമാരുടെ പേരെടുത്ത് തെറി വിളിക്കുകയും തല ശക്തമായി ഖബറിന് മുന്നിലെ ഗ്രില്ലിൽ ഇടിക്കുകയും ചെയ്യുന്നത് കണ്ട് ഭയന്ന് ചുരുണ്ട് കൂടി ഇരുന്നപ്പോഴാണ്. ആരോഗ്യവാനായ, കാലിൽ ചങ്ങലയിട്ട ഒരു യുവാവ് ഞങ്ങളുടെ തലയ്ക്ക് മുകളിൽക്കൂടി ചാടി ഓടിപ്പോയത്. എല്ലാം കണ്ടും കേട്ടും ശ്വാസം നിലച്ചത് പോലെ കണ്ണടച്ച് ഞാനിരുന്നു.
അന്ന് പാതിരാത്രിയോടെ ഞങ്ങൾ റൂമിലേക്ക് തിരിച്ച് പോയെങ്കിലും ആമിനയും കുടുബവും അന്ന് പള്ളിമുറ്റത്ത് ഉറങ്ങാൻ തന്നെ തീരുമാനിച്ചു. അവളുടെ ഉപ്പയാകട്ടെ ഇതുമായിട്ടൊന്നും യാതൊരു ബന്ധമില്ലാത്തത് പോലെ നിശ്ശബ്ദനായി ഉമ്മയുടെ പ്രവൃത്തികളോരോന്നും കണ്ടു നിന്നു. പിറ്റേ ദിവസം വൈകിട്ടാണ് പിന്നീട് ഞാൻ അവളെ കാണുന്നത്. നിർജീവമായ കണ്ണുകളുമായി അവൾ എന്നെ നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. എന്നാൽ അവളുടെ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെതായ ഒരു തിളക്കം കണ്ടു. കാരണം മകളുടെ രോഗശമനത്തിനിയുള്ള പ്രതിവിധി കോഴിക്കോട്ടുള്ള ഒരു തങ്ങളുടെ രൂപത്തിൽ എത്തിയതായിരുന്നു കാരണം. പള്ളി പരിസരത്ത് വെച്ച് കണ്ട് പരിചയപ്പെട്ട തങ്ങൾ മകളുടെ ചികിത്സ ഏറ്റെടുത്തെന്നും കുറച്ച് നാൾ ഏർവാടിയിൽ കഴിയേണ്ടി വരുമെന്നും പറഞ്ഞ അവർ ഞങ്ങൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിവരാതെ ഏർവാടിയിൽ തങ്ങി. അവളോട് യാത്ര പറയുമ്പോൾ എന്ത് കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണത് ഞാൻ കണ്ടെങ്കിലും യാത്ര പറയാതെ ഞാൻ നാട്ടിലേക്ക് തിരിച്ചു. അതോടെ അവളെയും കുടുംബത്തെയും കുറിച്ച് വിവരങ്ങളൊന്നും അറിയാതെയായി. ഏകദേശം ഒരു മാസമൊക്കെ പിന്നിട്ടപ്പോൾ അവളുടെ ഉമ്മയും ബാപ്പയും അവളില്ലാതെ ഏർവാടിയിൽ നിന്ന് മടങ്ങിയെത്തി. ഒരാഴ്ച്ച മുൻപ് അവൾ മരിച്ച് പോയെന്നും ഏർവാടിയിൽ തന്നെ അവളെ ഖബറടക്കുകയും ചെയ്‌തെന്ന് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞെങ്കിലും, ആ മണ്ണിൽ അടങ്ങാൻ കഴിഞ്ഞത് ഭാഗ്യമാണന്ന് പറഞ്ഞ് അവർ ആശ്വസിച്ചു. അവളുടെ ബന്ധുക്കളുമത് അംഗീകരിച്ചു.
അവളുടെ മരണമറിഞ്ഞ് ഞാൻ വാവിട്ട് കരഞ്ഞു. എന്റെ കണ്ണുനീരിൽ ബലിയാടിനെ പോലെ തല വെച്ച് നീണ്ട് നിവർന്ന് അവൾ കിടന്നു. അപ്പോൾ അവളുടെ കണ്ണുകൾക്ക് ചോരയുടെ നിറമായിരുന്നു. വർഷങ്ങൾക്കിപ്പുറവും വീണ്ടും ഉയിർപ്പുണ്ടെന്ന് വിശ്വസിക്കുന്ന മണ്ണിൽ നിന്ന് ഒരായിരം ചോദ്യങ്ങളോടെ അവൾ എന്നിലേക്കും ഇന്നും വിരൽചൂണ്ടുന്നത് പോലെ എന്റെ ഭയം വർധിക്കാറുണ്ട്. അന്ന് എങ്ങോട്ടും ഓടാനാകാതെ കറുത്ത ശിരസ്സുകൾക്ക് നടുവിൽ അവൾ തല കുനിച്ചിരിക്കുന്നതോർത്ത് കടന്നുപോയ ദുഃസ്വപ്നങ്ങളുടെ പാതിരാവുകൾ പിന്നിട്ടെങ്കിലും എന്ത് പറഞ്ഞും വിധിയെ പഴിക്കുന്ന മനുഷ്യരുടെ നടുവിൽ ശരണം പ്രാപിക്കാതെ അവളുടെ ആത്മാവ് ഇന്നും അലഞ്ഞ് നടക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.
ജഗന്നാഥന്റെ റാണി
റാണി എന്റെ ഭർത്താവിന്റെ ബന്ധുവാണ്. കൊല്ലത്ത് ജോനകപ്പുറത്തായിരുന്നു അവളുടെ വീട്. എന്റെ വിവാഹം കഴിഞ്ഞ സമയത്ത് കൊല്ലത്തെ ബന്ധുവീട് സന്ദർശിച്ച വേളയിലാണ് അവളെ ആദ്യമായി ഞാൻ കാണുന്നത്. സൗന്ദര്യത്തിന്റെ മൂർത്തിമത് ഭാവം എന്നൊക്കെ പറയുന്നത് പോലെ ആരും ഒരു നിമിഷം നോക്കി നിന്ന് പോകുന്ന സൗന്ദര്യവും സാമർഥ്യവുമുള്ള ഒരു പതിനഞ്ചുകാരി പെൺകുട്ടിയായിരുന്നു അവൾ. ആദ്യ കാഴ്ച്ചയിൽ തന്നെ ഒരു രവിവർമ്മ ചിത്രം പോലെ അവളെന്റെ ഹൃദയം കവരുകയും ആ സൗന്ദര്യത്തിന്റെ ആരാധികയായി ഞാൻ മാറുകയും ചെയ്തു. ഒരു ദിവസം ഉമ്മയ്ക്കും സഹോദരിക്കുമൊപ്പം വവ്വാക്കാവിലേക്ക് അവൾ വന്നപ്പോൾ ഒരാഴ്ച്ചയോളം എനിക്കൊപ്പം അവൾ ഭർത്യവീട്ടിൽ നിന്നു. വവ്വാക്കാവിൽ നിന്നും അവൾ പോയി മാസങ്ങൾക്ക് ശേഷം വീട്ടിലെ ഫോണിലേക്ക് അവളുടെ ഉമ്മയുടെ ഒരു കാൾ വന്നു. പനി കൂടി അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തെന്ന് പറഞ്ഞുള്ളകാൾ ആയിരുന്നു അത്. പനിയാണല്ലോ പേടിക്കേണ്ട കാര്യമുണ്ടാവില്ല എന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് അവളുടെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഞാൻ അറിയുന്നത്.
ഒരു സന്ധ്യയ്ക്ക് തുടങ്ങിയ പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പനി കുറയാത്തതിനെ തുടർന്ന് റാണിയെ കൊല്ലത്ത് ചാക്കോയുടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മരുന്നുകളിലും ഇൻ ജക്ഷനുകളിലുമൊക്കെ ഭേദമാകാത്ത പനിയുമായി വീട്ടിലെത്തിയ രാത്രിയിൽ അവളൊരു ദു:സ്വപ്നം കണ്ടു. വീടിന്റെ അടുക്കള വാതിലിലൂടെ തല മൊട്ടയടിച്ച ഒരു സ്ത്രീ തന്റെ അടുത്ത് വന്ന് നിന്ന് തുറിച്ച് നോക്കുന്ന സ്വപ്നത്തിൽ ഞെട്ടി ഉണർന്ന് അവൾ ബഹളം വെച്ചു. അതോടെ പനി കൂടുതൽ ശക്തമാവുകയും അവളുടെ ഭാവം മാറുകയുമൊക്കെ ചെയ്യുന്നത് കണ്ട്. തന്റെ മകളെ ഏതോ ദുശ്ശക്തി ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച അവളുടെ ഉമ്മ, ഭൂതാവേശത്തിൽ നിന്നും രക്ഷ നേടാൻ എച്ചിചൂലെടുത്ത് അവൾ കിടന്ന കട്ടിലിന്റെ അടിയിലേക്കിട്ടു. പക്ഷേ, അന്ധവിശ്വാസത്തിന്റെ ചൂൽമുനകളൊടിച്ച് കളഞ്ഞ് താളം തെറ്റിയ മനസ്സോടെ ആ രാത്രിയെ കത്തിമുനയാക്കി അവൾ സ്വന്തം നെഞ്ചിൽ കുത്തിയിറക്കി പലതും പുലമ്പികൊണ്ടിരുന്നു. പൊടുന്നനെ അവൾക്ക് വീണ്ടും ഭാവമാറ്റമുണ്ടായി. മന്ത്രിച്ച് നൽകിയ ജലം തട്ടിത്തെറിപ്പിച്ച് തന്നെ ഉടൻ തന്നെ ബീമാപ്പള്ളിയിലേക്ക് കൊണ്ടു പോകണം എന്നാവശ്യപ്പെട്ട് അവൾ ബഹളം കൂട്ടാൻ തുടങ്ങി. കസേരയിലേക്ക് അവളെ ബലമായി പിടിച്ചിരുത്തിയെങ്കിലും കൈകളും കാലുകളും വളർന്ന് ഭാരം വർദ്ധിക്കുന്നതായി തോന്നിയതോടെ അവളുടെ മുഖം വലിഞ്ഞ് മുറുകുകയും സ്വയം മാന്തിപ്പറിക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖത്താൽ മരണപ്പെട്ട റാണിയുടെ ജേഷ്ടത്തിയെ ബീമാപള്ളിയിൽ നടയിരുത്തിയിരുന്നതായി മാത്രമുള്ള കേട്ടറിവായിരുന്നു ബീമാപള്ളിയെക്കുറിച്ച് റാണിക്കുണ്ടായിരുന്നത്. എന്നിട്ടും പള്ളിയിലേക്ക് പോകണമെന്ന അർധരാത്രിയിലെ ശാഠ്യത്തിന്റെ പൊരുളറിയാൻ നേരം പുലരുന്നതിന് മുൻപ് റാണിയെ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ റാണി മറ്റൊരാളായി മാറി സ്വയം പ്രഹരമേൽപ്പിക്കാൻ തുടങ്ങി. തല ഭിത്തിയിലടിച്ചും കുത്തിമറിഞ്ഞുമൊക്കെയുള്ള ബഹളം കാരണം കൈകളും കാലുകളും ബന്ധിച്ച് മഖാമിന്റെ മുന്നിൽ കിടത്തിയെങ്കിലും അവിടുന്ന് ഉരുണ്ട് വന്നവൾ പുറത്തേക്ക് വീണു. ഒടുവിൽ ചങ്ങലയിൽ ബന്ധിച്ച് ഒരു മുറിയിൽ അവളെ അടച്ചിട്ടപ്പോൾ 'എനിക്ക് ഭ്രാന്തില്ല എന്നെ ഒന്നും ചെയ്യല്ലേയെന്ന്' അവൾ അലറി വിളിച്ചു. അതി സുന്ദരിയായ കൗമാരക്കാരിയുടെ ദുരവസ്ഥ കണ്ടു നിന്നവരുടെയൊക്കെ കരളലയിപ്പിച്ചു.
വൈകുന്നേരങ്ങളിൽ കാലിലെ ചങ്ങലയഴിച്ച് വെച്ച് മുറിക്ക് പുറത്തേക്ക് അവളെ ഇറക്കുമായിരുന്നു. പതിവ് പോലെ ഒരു സന്ധ്യക്ക് കാലിലെ ചങ്ങലയഴിച്ച സമയത്ത് അവൾ കല്ലടി മസ്താന്റെ ഖബറിലേക്ക് എല്ലാവരുടേയും പിടിവിടുവിച്ച് കുതറിയോടി ചെന്നപ്പോഴാണ് ആ മുഖം ആശ്വാസമെന്നത് പോലെ കണ്ടത്'. അത് തന്റെ കളികൂട്ടുകാരനായ ജഗന്നാഥന്റെ മുഖമായിരുന്നു. ജഗന്നാഥനെ കണ്ടതും എന്നെ രക്ഷിക്കണേയെന്ന് പറഞ്ഞ് ആ മാറിലേക്കവൾ അലച്ച് വീണു. തന്റെ കൂട്ടുകാരിയെ കാണാനായി മാത്രം കിലോമീറ്ററുകൾ യാത്ര ചെയ്‌തെത്തിയ ജഗന്നാഥന്റെ നെഞ്ചിൽ ആ വാക്കുകൾ തറച്ചു. മാസങ്ങളായുള്ള പള്ളിയിലെ വാസം അവളുടെ ശോഭ കെടുത്തിയെങ്കിലും ജഗന്നാഥന്റെ മനസ്സിലെ റാണിയായ് അവൾ ആ സംഭവത്തോടെ ഇടം പിടിച്ചു.
മാസങ്ങൾ പിന്നിട്ടിട്ടും ഭേദമാകാത്ത അസുഖവുമായി കാൽ ചങ്ങലയിൽ കഴിയുന്ന പെൺകുട്ടിയെ കാണാനായി റാണിയുടെ ഒരു ബന്ധു പള്ളിയിലെത്തുകയും, റാണിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന തീരുമാനം കടുപ്പിക്കുകയും ചെയ്തതോടെ ജഡകുത്തിയ, ഇടതൂർന്ന ചുരുളൻ മുടി മുറിച്ചു കളഞ്ഞ് തല മൊട്ടയടിച്ച് അവളെ പേരൂർക്കടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ഉറക്കം നഷ്ടപ്പെട്ട് കണ്ണുകൾ കുഴിഞ്ഞും, ശരീരം ശോഷിച്ചും ശരീരമാകെ കെട്ടുപിണഞ്ഞ് കിടന്ന ഭയത്തിന്റെ പാമ്പുകളിൽ നിന്നും രക്ഷപ്പെടാനെന്നോണം ശക്തമായി കുതറിയുമൊക്കെ നിന്ന അവളെ ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങിയതോടെ മാസങ്ങൾക്ക് ശേഷം അവൾക്ക് നഷ്ടമായ ഉറക്കം തിരിച്ച് കിട്ടി. ഒരു കിളിക്കുഞ്ഞിന്റെ ലാഘവത്തോടെ പതുക്കെ അവൾ ജീവിതത്തിലേക്ക് പിച്ച വെക്കാൻ തുടങ്ങി.
വീട്ടിലെത്തിയ ശേഷം അവളെ കാണാനായി ജഗന്നാഥൻ പലപ്പോഴും അവളുടെ വീട്ടിലെത്തി. ഒരു കത്തിലൂടെ തന്റെ ഇഷ്ടം അവളെ അറിയിച്ചു. ഒരു ചൂടുറ്റ പക്ഷിയുടെ തണൽ കിട്ടിയത് പോലെ റാണി ആഹ്ദിളാദിച്ചു. ശപിക്കപ്പെട്ട രോഗത്തിന്റെ പിടിയിൽ നിന്നും അവൻ തെളിച്ച സ്വപ്നങ്ങളിലേക്ക് അവൾ നടന്ന് കയറാൻ തുടങ്ങി. ഒരുമിച്ച് ജീവിതം തുടങ്ങാൻ തീരുമാനിച്ച് അധികം കഴിയാതെ ജഗന്നാഥൻ റാണിയുമായി സ്ഥലം വിട്ടു അവർ ഒരുമിച്ച് ജീവിതം തുടങ്ങുകയും അവർക്കൊരു മകൾ പിറക്കുകയും ചെയ്തു. ഇതിനിടയ്ക്ക് രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ റാണിയെ കണ്ടിരുന്നു. വീര്യം കൂടിയ മരുന്നുകളുടെ പാർശ്വഫലം കൊണ്ടാവാം പല്ലുകളൊക്കെ കറുത്ത് ദുഃസ്വപ്നങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് പോലെ കാണപ്പെട്ട അവൾ പഴയ റാണി തന്നെയെന്ന് വിശ്വസിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി.
ഒരു ദിവസം കൊല്ലം ജോനകപുറത്തെ അവരുടെ വീട്ടിൽ അവൾക്കൊപ്പം കുറച്ച് സമയം ഞാൻ ചെലവഴിച്ചു. ആ നേരമത്രയും അവൾ ജഗന്നാഥനെക്കുറിച്ച് വാചാലയായി. വളരെ വില കൂടിയ മരുന്നുകൾ കൃത്യമായി വാങ്ങി നൽകുന്ന ജഗൻ. കൗമാരക്കാരിയായ മകളുടെ പ്രിയപ്പെട്ട അച്ഛനായ ജഗൻ. താളം തെറ്റിയ മനസ്സിന് സ്വപ്നങ്ങൾ പകർന്ന് നൽകിയ ജഗൻ. ഒടുവിൽ കുഞ്ഞു വീട്ടിലെ കട്ടിലനടിയിൽ നിന്നും ചെറിയൊരു ഇരുമ്പ് പെട്ടി തുറന്ന് ചെറിയൊരു കവർ അവൾ പുറത്തെടുത്തു. 'ഇത് ജഗന്നാഥൻ ആദ്യമായി എനിക്ക് തന്ന ക്രിസ്മസ് കാർഡാന്ന്' പറഞ്ഞപ്പോൾ ഒരു നിമിഷം പഴയ റാണിയുടെ നക്ഷത്രശോഭയുള്ള മുഖം വീണ്ടും ഞാൻ കണ്ടു.
പക്ഷേ, ഇതെഴുതുന്ന സമയം വരെയും ജഗന്നാഥനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലങ്കിലും റാണിയുടെ ജീവിതത്തിലൂടെ ഞാനറിഞ്ഞ ജഗൻ ഞാൻ വളരെയധികം ബഹുമാനിക്കുന്ന പുരുഷൻമാരിൽ ഒരാളായി വളർന്നു നിൽക്കുന്നു. ടൈൽസ് പണി ചെയ്ത് തന്റെ ഭാര്യയേയും മകളേയും അന്തസ്സായി പോറ്റുന്ന പുരുഷൻ എന്ന പരിവേഷം കൊണ്ടല്ല മറിച്ച് ശുദ്ധമായ സ്‌നേഹം കൊണ്ട് തന്റെ കൂട്ടുകാരിയുടെ ജീവിതത്തിന് അർത്ഥവും വെളിച്ചവുമായി നിറഞ്ഞുനിൽക്കുന്ന മനുഷ്യനോടുള്ള ആദരമാണത്.
Content Highlights: jaseena rahim shares memory about Friendship, Emotional note, marupuram
Published: 20 Oct 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented