
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ഇരുട്ടിന്റെ മറവ് ആവശ്യമായ രാത്രിയില്‍ പരന്ന് കിടന്ന നിലാവെട്ടത്തിലൂടെ കള്ളന്‍മാരെ പോലെ ഞങ്ങള്‍ പതുങ്ങി നടന്നു. 'ശശ്... ശബ്ദമുണ്ടാക്കരുത്', കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വടക്കേലെ ഉമ്മ അടക്കിപ്പിടിച്ച് പറഞ്ഞു. ഏറ്റവും മുന്നില്‍ ഉമ്മ. അതിന് പിന്നില്‍ അദബിയാ കൊച്ചുമ്മയും ഉമ്മിച്ചയും. ഏറ്റവും പിന്നിലായി റജിയും റസിയും നിസാമും. ബിജുവും ഞാനും നിലാവ് കുടിച്ച് മത്തുപിടിച്ചവരെ പോലെ ആടിയാടി നടന്നു. വടക്കേ കണ്ടത്തിലേക്കാണ് ഞങ്ങളുടെ പോക്ക്. എല്ലാവരുടെയും കയ്യില്‍ സ്റ്റീല്‍ പ്ലെയിറ്റ് മുതല്‍ അലുമിനിയം ചരുവം വരെയുള്ള ചെറിയ പാത്രങ്ങളുണ്ട്.
കണ്ടത്തിന്റെ ഉടമ പരുക്കനായ ഒരു മനുഷ്യനായിരുന്നു. ഭാര്യ ഒരു സാധുസ്ത്രീയും. വീടിന്റെ തറ മെഴുക്കാന്‍ അല്‍പം ചെളിമണ്ണ് വേണം. സംഭവദിവസം രാവിലെ ഭാര്യയോടാണ് ആദ്യം ആവശ്യം ഉന്നയിച്ചത്. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്ത സദാ ഗൗരവക്കാരനായ ഭര്‍ത്താവ് കേള്‍ക്കാതെ അടക്കത്തില്‍, 'അങ്ങേരറിയാതെ നിങ്ങള് രാത്രി വന്ന് ആവശ്യത്തിനുള്ള ചെളിയെടുത്തോ'എന്ന ഭാര്യയുടെ അനുമതി ലഭിച്ചതും രാത്രിയാകാന്‍ വേണ്ടി മൂന്നു പെണ്ണുങ്ങളും കാത്തിരുന്നു. പിറ്റേന്ന് പുര മേയലാണ്. പുര മേഞ്ഞ് കഴിഞ്ഞാല്‍ ചെളി തേച്ച് തറ മെഴുക്കും. നല്ല പശയുള്ള ചെളിമണ്ണിനായി പ്രദേശത്തുള്ളവര്‍ ആശ്രയിച്ചിരുന്നത് അല്പം താഴ്ച്ചയിലുള്ള ആ വയലിനെയായിരുന്നു.
വയല്‍ക്കരയിലെത്തിയതും കണ്ണും കാതും തുറന്ന് വെച്ച് ജാഗരൂകരായി പരിസരമാകെ വീക്ഷിച്ച് പമ്മി പമ്മി വിളവെടുപ്പ് കഴിഞ്ഞ് തരിശായത് പോലെ കാണപ്പെട്ട വയലിലേക്ക് ഒരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ആ രാത്രിയും നിലാവും വയലും എന്നെ വല്ലാതെ മോഹിപ്പിച്ചു. നിലാവിനെ കുടിച്ച് വറ്റിക്കാനുള്ള ആര്‍ത്തിയോടെന്ന പോലെ പരന്നുകിടക്കുന്ന വയലും ആകാശമാകെ ഒഴുകിനടന്ന മഴയില്ലാ മേഘങ്ങളും വയലിന്റെ ഒത്ത നടുക്ക് നിരനിരയായി കാണപ്പെട്ട മണ്‍കൂനകളും വയല്‍ക്കരയിലെ വ്യക്ഷത്തലപ്പുകളുമെല്ലാം ചേര്‍ന്ന കാഴ്ച്ചയില്‍ മതിമയങ്ങി നിന്ന് ' രാത്രീല് വയല് കാണാന് എന്തൊരു രസവാന്ന്', ഞാന്‍ റസിയുടെ ചെവിയില്‍ അടക്കം പറഞ്ഞു. 'ശരിയാ... ദേ അങ്ങോട്ട് നോക്കിക്കേ, നല്ല രസോണ്ട്'. റസിയും നിസാമും എന്റെ അഭിപ്രായത്തെ ശരിവച്ചു. അതുവരെ മുതിര്‍ന്നവരെക്കാള്‍ പക്വതയുള്ളവരെ പോലെ ചെളിവാരല്‍ ഉദ്യമത്തിനോടൊപ്പംനിന്ന കുട്ടികള്‍ ശബ്ദമുണ്ടാക്കരുതെന്ന മുതിര്‍ന്നവരുടെ നിര്‍ദ്ദേശമൊക്കെ മറന്ന് നിലാവത്ത് കൊക്കി നടക്കുന്ന കോഴികളെ പോലെ വയലാകെ ചുറ്റിക്കറങ്ങി നടക്കാന്‍ തുടങ്ങി. വയല്‍ക്കരയിലുള്ള ഉടമസ്ഥന്റെ വീടും ആ പരിസരവുമൊക്കെ ചിരപരിചിതമായിരുന്നെങ്കിലും ആ രാത്രിക്കാഴ്ച്ചയോടെ വയലെനിക്ക് കുട്ടിക്കഥകളില്‍ വായിച്ചിട്ടുള്ള അത്ഭുതലോകമായി മാറുകയും ഓടി നടന്ന് ഒരോ മണ്‍കൂനകളെയും തൊട്ട് ഒന്നേ, രണ്ടേ എന്ന് എണ്ണാന്‍ തുടങ്ങുകയും ചെയ്തു. പാതിരാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് കുട്ടികളൊരുമിച്ച് ആ രാവിലൊരു ആഘോഷം പോലെ പെയ്തിറങ്ങി കൊണ്ടിരിക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ട് എല്ലാവരും ഞെട്ടിത്തരിച്ച് നിന്നു പോയത്.
ജസീന റഹീം എഴുതിയ കൂടുതൽ ഓർമക്കുറിപ്പുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലാവും നക്ഷത്രങ്ങളും മണ്ണും വിണ്ണും ചെളിയും കുട്ടികളുടെ കളിയും മുതിര്‍ന്നവരുടെ ആശങ്കകളുമൊക്കെയായി ജഗപൊകയായ അന്തരീക്ഷത്തില്‍ നിന്ന് പൊടുന്നനെ ജീവന്‍ വെച്ചത് പോലെ വയലിന്റെ ഒത്ത നടുക്കുണ്ടായിരുന്ന ഒരു മണ്‍കൂന ചലിക്കാന്‍ തുടങ്ങിയ കാഴ്ച്ചയായിരുന്നു അത്. തീര്‍ത്തും അപ്രതീക്ഷിതമായ ആ സംഭവം കണ്ട് പേടിച്ച് ഞങ്ങള്‍ 'അയ്യോ 'എന്ന് നിലവിളിച്ചു. മുതിര്‍ന്നവരും ആ കാഴ്ച കണ്ട് ഭയപ്പെട്ട് നിന്നു. പൊടുന്നനെ മണ്‍കൂനക്ക് പിന്നില്‍ നിന്ന് പൊട്ടിമുളച്ചത് പോലെ ആദ്യം ഒരു തല പൊന്തി വന്നു. അതിന് തൊട്ടുപിന്നാലെ ഒന്നൊന്നായി നാല് തലകള്‍കൂടി പൊന്തി വന്നത് കണ്ട്, പിടിക്കപ്പെട്ടത് പോലെ അദബിയാ കൊച്ചുമ്മ വയലരികില്‍ കുന്തിച്ചിരുന്നു. ശരീരമാകെ വെള്ളത്തുണി ചുറ്റി നിന്ന ഒരു തലയുടെ 'ഹാരാ ' എന്ന പേടി നിറഞ്ഞ ചോദ്യത്തിന് 'ഇത് ഞങ്ങളാന്ന്'ഞാന്‍ വിളിച്ച് കൂവിയതും ഉമ്മിച്ച എന്റെ വായ തപ്പിപ്പിടിച്ചു. 'അവരും ചെളിയെടുക്കാന്‍ വന്നോരാന്ന് തോന്നുന്നു'. മറ്റൊരു തല ആശ്വാസത്തോടെ പറയുന്നത് കേട്ട് പെണ്ണുങ്ങള്‍ മൂന്നും ദീര്‍ഘനിശ്വാസം വിട്ടു. പേടിക്കേണ്ടവരല്ല മുന്നിലെന്ന് മനസ്സിലായതോടെ തലകളൊന്നാന്നായി മുഖം വ്യക്തമാക്കിക്കൊണ്ട് നിലാവെട്ടത്ത് തെളിഞ്ഞ് വരാന്‍ തുടങ്ങി. വടക്കേ അറ്റത്തെ താറാമ്മത്ത, അനുജത്തി സുബൈദാത്ത, അവരുടെ നാത്തൂന്‍ മൈമൂനാത്ത തുടങ്ങിയവരെ തിരിച്ചറിഞ്ഞപ്പോള്‍ 'വല്ലാതങ്ങ് പേടിച്ച് പോയന്ന്' പെണ്ണുങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അവരും ചെളി കുഴിച്ചെടുക്കുകയായിരുന്നു. അവരുടെ പുര മേയല്‍ രണ്ട് ദിവസം മുന്‍പ് കഴിഞ്ഞിരുന്നു. എല്ലാവരുടേയും ഉദ്ദേശലക്ഷ്യം ഒന്നായത് കൊണ്ട് ആഘോഷത്തോടെ വട്ടമിട്ടിരുന്ന് പെണ്ണുങ്ങള്‍ ചെളികുത്തിയെടുക്കാന്‍ തുടങ്ങി. അദബിയാ കൊച്ചുമ്മ കയ്യില്‍ കരുതിയ കൂര്‍ത്ത മുനയുള്ള പിച്ചാത്തി വെച്ച് അല്‍പ്പമൊന്ന് കുഴിച്ചതും നല്ല പശയുള്ള ചെളിമണ്ണ് തെളിഞ്ഞ് വന്നു. അതില്‍ നിന്നും അല്‍പ്പമെടുത്ത് തിരുമ്മി പരിശോധിച്ച് ഉറപ്പ് വരുത്തി വടക്കേലെ ഉമ്മ ചെറിയ പാത്രങ്ങളില്‍ നിറച്ചുവെച്ചു. തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ സ്റ്റീല്‍ പ്ലെയിറ്റുകളില്‍ നിറച്ച ചെളിയുമായി കുട്ടികള്‍ മുന്‍പില്‍ നടന്നു പിന്നില്‍ മുതിര്‍ന്നവരും.
പിറ്റേ ദിവസം രാവിലെ തന്നെ പുര മേയാനുള്ള രണ്ട് കെട്ട് ഓലയും ചുമന്ന് വിജയന്‍ മൂപ്പന്‍ വന്നു. വീട്ടിലെ കട്ടിലും മേശയും കസേരയും ട്രങ്ക് പെട്ടിയും പുറത്തേക്കെടുത്തിട്ട് മേച്ചില്‍ ബഹളങ്ങളുമായി ഉമ്മിച്ച ഓടിനടന്നു. വീടിന്റെ മുന്‍വശത്തെ വാരിയില്‍ തൂങ്ങി മുകളിലേക്ക് ശടപടേന്ന് ചാടിക്കയറിയ വിജയന്‍ മൂപ്പന്‍ ഉത്തരത്തിന്റെ ഏറ്റവും മുകളില്‍ കയറിയിരുന്ന് പൊടിഞ്ഞ് തുടങ്ങിയ ഓലകള്‍ ഒന്നൊന്നായി താഴേക്കൊരു താളത്തില്‍ വീശിയിടാന്‍ തുടങ്ങി. മഴക്കാലത്ത് തീയെരിക്കാന്‍ വേണ്ടി ഉമ്മിച്ച ഓലകളെല്ലാം കുത്തിയൊടിച്ച് കെട്ടിവെച്ച് വീടിന്റെ പുറക്‌വശത്തെ ഓലച്ചുമരിനോട് ചേര്‍ത്ത് അടുക്കിവെച്ചു. ഓലകളെല്ലാം മാറ്റിയതോടെ വെളിച്ചം നിറഞ്ഞ മേല്‍മറയില്ലാത്ത വീട് താമസക്കാരുടെ രഹസ്യങ്ങള്‍ വെളിവാക്കുന്നത് പോലെ അടുക്കളപ്പുക മൂടി മുക്കാലും ഇരുണ്ടുപോയ ഉപ്പ് ഭരണിയും പഞ്ചാരക്കുപ്പിയും മുളകുപാട്ടയും അരിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകളുമൊക്കെ ആകാശത്തിന് കാട്ടി കൊടുത്തു. 'കണ്ണീ പൊടി വീഴും, മാറി നിക്ക് കൊച്ചേന്ന് 'പുര മേയാന്‍ തുടങ്ങുകയായിരുന്ന വിജയന്‍ മൂപ്പന്‍ പലയാവര്‍ത്തി വിളിച്ച് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ അന്നോളം ഇരുട്ടില്‍ പൂഴ്ത്തിവെച്ച കുഞ്ഞു സ്വപ്നങ്ങള്‍ തിരയുന്നത് പോലെ പുരയുടെ മുക്കും മൂലയും പരതി ഞാന്‍ നടന്നു. കുറച്ച് ദിവസം മുന്‍പ് വാരിയില്‍ തിരുകിവെച്ച് കാണാതായ അഞ്ച് രൂപാ നോട്ട് അറുത്തിട്ട ഓലകള്‍ക്കിടയില്‍ നിന്നും തിരിച്ച് കിട്ടിയപ്പോള്‍ സന്തോഷശബ്ദം പുറപ്പെടുവിച്ച് മൂന്നായി ആ നോട്ട് മടക്കിയെടുത്ത് മുണ്ടിന്റെ കോന്തലയില്‍ കെട്ടി വെച്ച് മേച്ചില്‍ക്കൂലി കൊടുക്കാന്‍ അഞ്ച് രൂപ കൂടി കിട്ടിയെന്ന് ഉമ്മിച്ച ആശ്വാസം കൊണ്ടു. പുതിയ ഓലയോടൊപ്പം പൊടിഞ്ഞ് തുടങ്ങാത്ത പഴയ ഓലയും കൂടി തിരുകിവെച്ച് മേച്ചില്‍ ജോലി പൂര്‍ത്തിയാക്കി താഴെയിറങ്ങിയ വിജയന്‍ മൂപ്പന്‍ വെളിയിലേക്ക് നീണ്ടുകിടന്ന ഓലയുടെ തുമ്പ് ഒരൊറ്റ നിരയാക്കി മുറിച്ച് ഷേപ്പ് ചെയ്ത് മേഞ്ഞ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചു. 'രണ്ട് കൊല്ലത്തോളം ഇനി മേയേണ്ടി വരത്തില്ല 'എന്നൊരു ഉറപ്പ് കൂടി നല്‍കി വിജയന്‍ മൂപ്പന്‍ കൂലിയും വാങ്ങിപ്പോകുമ്പോള്‍ ഒരു ഭാരമിറങ്ങിയത് പോലെ ഉമ്മിച്ച ദീര്‍ഘനിശ്വാസം വിട്ടു. കാരണം, മഴ മാനത്ത് കാണുമ്പോഴേ ഉമ്മിച്ചക്ക് ആവലാതിയാണ്. മഴ വീണ് തുടങ്ങിയാല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. പുരയ്ക്കകത്താണ് പിന്നെ മഴ. അടുക്കളപ്പാത്രങ്ങള്‍ നിരത്തി വെച്ച് മഴവെള്ളം പിടിച്ചാലും പാദം നനയാനുള്ള വെള്ളം വീടനകത്ത് കെട്ടിനില്‍ക്കും. അപ്പോള്‍ ഞാനും അനുജനും വാരിയില്‍ നിന്നും വീഴുന്ന മഴവെള്ളത്തില്‍ കടലാസ്‌തോണിയുണ്ടാക്കി ഒഴുക്കിവിട്ട് കളിക്കുന്ന തിരക്കിലാവും. അതിനിടയ്ക്ക് നഷ്ടമായ ജീവിത മേല്‍ക്കൂരയോര്‍ത്ത് കനത്ത മഴയിലും ഉമ്മിച്ച പുകഞ്ഞ് കത്തും. ശൂന്യതയിലേക്ക് മിഴികളയച്ച് കണ്ണീരിനാലുള്ള ഒരു ശില്പം പോലെയുള്ള ഉമ്മിച്ചയുടെ നില്‍പ്പിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കി തുടങ്ങിയ പ്രായമെത്തിയപ്പോള്‍ കുട്ടിക്കളികളിലുള്ള താത്പര്യം കുറഞ്ഞ് കുറച്ചൊക്കെ സ്വയം ഒതുങ്ങിക്കൂടുന്ന ഒരു അവസ്ഥയിലേക്ക് ഞാനും എത്തിച്ചേര്‍ന്നു.
വടക്കേലെ ഉമ്മയാണ് വീടിന്റെ തറ മെഴുക്കിത്തന്നത്. കൃത്യമായ അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുത്ത മണ്ണ് തറയില്‍ തേച്ച് ചിരട്ടയുടെ പിറകുവശം കൊണ്ട് പിടിപ്പിക്കും. പച്ചമണ്ണിന്റെ ഗന്ധവും കുളത്തിലിട്ട് അഴുകിച്ചെടുത്ത് മെടഞ്ഞെടുത്ത ഓല കൊണ്ട് മേഞ്ഞ മേല്‍ക്കൂരയുടെ മണവുമൊക്കെ കുറച്ച് നാള്‍ വീട്ടില്‍ തങ്ങിനില്‍ക്കും. സന്തോഷിക്കാന്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതിരുന്ന കുട്ടിക്കാലത്ത് ആഞ്ഞ് ശ്വസിച്ച് മണത്ത ആ ഗന്ധങ്ങളൊക്കെ ഇന്നും എന്റെ മൂക്കിന്‍തുമ്പിലുണ്ട്.
അന്നൊക്കെ ഞങ്ങളെ കൂടാതെ രണ്ട് ജീവികള്‍ കൂടി ഒരു അവകാശം പോലെ വീട് കയ്യടക്കിയിരുന്നു. രണ്ട് മഞ്ഞ ചേരകള്‍. അവര്‍ വീടിന്റെ മേല്‍കൂരയിലെ സ്ഥിരം കാഴ്ച്ചയായിരുന്നു. ചിലപ്പോള്‍ ഉത്തരത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നാടും. മനുഷ്യരെ ഭയമില്ലാത്തത് പോലെ മറ്റ് ചിലപ്പോള്‍ നീണ്ടുനിവര്‍ന്ന് കിടക്കും. ഒരു ദിവസം രാവിലെ ഞാന്‍ ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ കണ്ടത് അവരുടെ ലീലാവിലാസങ്ങളാണ്. അവറ്റകളെ കുടുംബത്തിലെ അംഗങ്ങളായി മനസ്സാ സ്വീകരിച്ചത് കൊണ്ടാവണം പേടി തോന്നിയില്ല. ഇതിന് മുന്‍പും തലയ്ക്ക് മുകളില്‍ പല പ്രാവശ്യം ആ ചേരകളെ കണ്ടിട്ടുണ്ട്. അതിന്റെ ധൈര്യത്തില്‍ കുറേനേരം അവരുടെ കളികളും കണ്ടു കിടന്നു. എന്നാല്‍, ഉമ്മിച്ച കമ്പും കോലുമെടുത്ത് ചേരകളെ ഓടിച്ച് വിട്ടു. 'മഞ്ഞ ചേര വീട്ടില്‍ അന്തിയുറങ്ങിയാല്‍ നല്ലതാന്ന് 'അപ്പോള്‍ വടക്കേലെ ഉമ്മ പറയുന്നത് കേട്ടു. ഇന്നും മഞ്ഞ ചേരകളെ എനിക്ക് വിശ്വാസമാണ്. തൊട്ടടുത്ത് കൂടി ഇഴഞ്ഞ് പോയാല്‍ പോലും ഭയം തോന്നാറില്ല.
പുര മേഞ്ഞ വകയില്‍ ഉമ്മിച്ചക്ക് അല്‍പം കടമുണ്ടായിരുന്നു. ആശ്രിത പെന്‍ഷന്‍ വക ലഭിക്കുന്ന തുക വാങ്ങി കടം വീട്ടിയതോടെ 'കയ്യിലൊരു അഞ്ച് പൈസയുമില്ലെന്ന്' ഉമ്മിച്ച കൊച്ചുമ്മയോടുമൊക്കെ പറയുന്നത് കേട്ടു. ആ ദിവസങ്ങളൊന്നില്‍ പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്നതും ഞാന്‍ മൂടിപ്പുതച്ച് കിടപ്പായി. ഉമ്മിച്ച നെറ്റിയില്‍ തൊട്ടു നോക്കിയപ്പോള്‍ പൊള്ളുന്ന ചൂട്. കഞ്ഞിയുണ്ടാക്കി വിളമ്പി മുന്നില്‍ വെച്ചു തന്നിട്ട് ഉമ്മിച്ച പുറത്തേക്ക് പോയി. അടുക്കളയില്‍ കിടന്ന കൊരണ്ടിയുടെ പുറത്തിരുന്ന് കഞ്ഞി ഊതി കൂടിക്കുന്നതിനിടയില്‍ ശരീരത്തിന് ഭാരം കുറഞ്ഞു വരുന്നത് പോലെ എനിക്ക് തോന്നി. വയ്യായ്ക കൂടി വന്നപ്പോള്‍ കൊരണ്ടിയില്‍ തലവെച്ച് അടുക്കളയില്‍ കുറച്ചു നേരം കിടന്നു. പിന്നെയും ഭാരം കുറഞ്ഞ് കുറഞ്ഞ് വരുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ കിടന്ന് നിലവിളിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉമ്മിച്ച എന്റെ കിടപ്പ് കണ്ട് നിലവിളിച്ചു. കൂട്ട നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി. സംഭവമറിഞ്ഞ് രണ്ടാം കുറ്റിയിലെ ചന്തയ്ക്കടുത്ത് ചെറിയ സ്റ്റേഷനറിക്കട നടത്തിക്കൊണ്ടിരുന്ന കബീര്‍ കൊച്ചാപ്പയും സലാം മാമയും കാര്‍ വിളിച്ച് കൊണ്ടുവന്ന് എന്നെ ആശുപത്രിയിലേക്ക് താങ്ങിയെടുത്തുകൊണ്ട് പോയി. സലാം മാമയുടെ മടിയിലാണ് ഞാന്‍ ഇരുന്നത്. ഇരിക്കാന്‍ കഴിയതെ ശരീരം ഒഴുകി താഴേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി. ആ നേരങ്ങളില്‍' പോളിയോ, എന്നൊരു വാക്ക് നിശ്ശബ്ദം ഞാന്‍ ഉരുവിട്ടു കൊണ്ടിരുന്നു. കാരണം അന്ന് ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു. ഭാരതി ടീച്ചര്‍ ക്ലാസില്‍ പോളിയോ എന്നാല്‍ തളര്‍വാതമാണെന്നൊക്കെ പറഞ്ഞ് ക്ലാസെടുത്തത് എന്റെ ഓര്‍മയിലുണ്ടായിരുന്നു. കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനക്കുശേഷം എന്നെ പരിശോധിച്ച ഗോപിനാഥന്‍ ഡോക്ടര്‍ എനിക്ക് പോളിയോ ബാധിച്ചതാണന്നും അതറിയാതെ ആ സമയത്ത് ഒരു ഇന്‍ജക്ഷന്‍ എടുത്തിരുന്നെങ്കില്‍ തളര്‍ന്നുപോകാന്‍ സാധ്യതയുണ്ടായിരുന്നു എന്നുമൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ ആറാമിന്ദ്രിയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് പോലെയുള്ള എന്റെ അനുഭവം ആരോടും പറഞ്ഞില്ല. അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്ന സമയത്തും ഒരോ റൗണ്ട്‌സിനും ചെറിയൊരു കൊട്ടുവടി പോലുള്ള ഇരുമ്പ് കമ്പുമായി വന്ന് മുട്ടുകള്‍ തട്ടി ഡോക്ടര്‍ പരിശോധിക്കുമ്പോഴും തളര്‍വാതം പിടിപെട്ട വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് എന്നെ കാണാനെത്തിയവരിലൂടെയുമൊക്കെ പോളിയോ എന്ന വാക്ക് ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരുന്നപ്പോള്‍ ഇതെങ്ങനെ എന്നൊരു കൗതുകം എന്നില്‍ വീര്‍പ്പുമുട്ടി നിന്നു. അന്ന് ആശുപത്രി വാര്‍ഡില്‍എന്നെ കൂടാതെ ധാരാളം മുതിര്‍ന്നവരും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നെ അഡ്മിറ്റ് ചെയ്തതിന്റെ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയേയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രണ്ട് കട്ടിലുകള്‍ക്കപ്പുറം കിടന്ന പെണ്‍കുട്ടിയുമായി എനിക്ക് ഒരു ചിരിക്കപ്പുറമായ പരിചയമൊന്നുമുണ്ടായില്ലങ്കിലും ഉമ്മിച്ചയും പെണ്‍കുട്ടിയുടെ അമ്മയും വളരെ വേഗം ചങ്ങാത്തത്തിലായി. ഒരു ദിവസം രാവിലെ കിടന്ന കിടപ്പില്‍ അവള്‍ മലമൂത്ര വിസര്‍ജനം നടത്തി. അതേ കിടപ്പില്‍ അവളുടെ ശ്വാസവും നിലച്ചു. നഷ്ടമായ ഏക മകളുടെ ചേതനയറ്റ മുഖത്ത് ഉമ്മ കൊടുത്ത് ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടുള്ള അമ്മയുടെ അലറി കരച്ചിലും പെരുകിയ വയറുമായി കട്ടിലില്‍ നിറഞ്ഞ് കിടന്ന അവളും ഒരു ഭയമായി ആ ആശുപത്രികാലങ്ങളില്‍ എന്നെ പിന്തുടരുകയും രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് പിച്ചും പേയുമൊക്കെ പറയുകയും ചെയ്യുന്നത് കണ്ട് ഭയന്ന് ഉമ്മിച്ച ഡോക്ടറോട് വിവരങ്ങള്‍ പറഞ്ഞു. കുട്ടികളുടെ മനസ്സ് വായിക്കാന്‍ കഴിവുള്ള ഗോപിനാഥന്‍ ഡോക്ടറുടെ സ്‌നേഹപൂര്‍ണമായ പരിചരണത്തിലൂടെ ഞാന്‍ കൂടുതല്‍ ഊര്‍ജസ്വലയായെങ്കിലും വാര്‍ഡില്‍ തങ്ങിനിന്ന മരണത്തിന്റെ മണം എന്നെ സദാ പിന്തുടര്‍ന്നു.
എന്റെ ആശുപത്രിവാസം ഉമ്മിച്ചയെ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദത്തിലാക്കി. പെന്‍ഷന്‍ കിട്ടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കായംകുളത്ത് തന്നെയുള്ള ബാങ്കിലേക്ക് പെന്‍ഷന്‍ നേരത്തെ ലഭിക്കാന്‍ എന്തെങ്കിലും വഴിയുണ്ടാകുമോ എന്നന്വേഷിച്ച് പോയി. കാഷ് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥനോട് സാഹചര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ ഉമ്മിച്ചയുടെ കയ്യില്‍ നിന്നും പാസ്ബുക്ക് വാങ്ങി ഇരുന്നൂറ് രൂപ ബുക്കില്‍ തിരുകി വെച്ച് നല്‍കിക്കൊണ്ട്, പെന്‍ഷന്‍ നല്‍കുമ്പോള്‍ ആ തുക മടക്കിയെടുക്കാം എന്ന് പറഞ്ഞ് ഉമ്മിച്ചയെ മടക്കി അയച്ചു. ഉമ്മിച്ച ബാങ്കില്‍ നിന്നും ആശുപത്രിയിലേക്കെത്തിയതും എന്റെ കട്ടിലിനരികില്‍ ആപ്പിളും മുന്തിരിയും ഓറഞ്ചുമൊക്കെയായി വന്നുനിന്ന ആളിനെ കണ്ട് ഉമ്മിച്ച അമ്പരന്നു. പണം നല്‍കിയ ബാങ്കുദ്യോഗസ്ഥനായിരുന്നു അത്. പിന്നീട് വീണ്ടും പെന്‍ഷന്‍ വാങ്ങാനായി ബാങ്കില്‍ പോയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ലഭിച്ച് കൊണ്ടിരുന്ന അതേ തുക ആ പ്രാവശ്യവും ലഭിച്ചതും ഉമ്മിച്ചയെ അമ്പരപ്പിച്ചു. പിന്നീടൊരിക്കല്‍ പോലും ആ ഉദ്യേഗസ്ഥനെ കണ്ടിട്ടില്ലങ്കിലും, ഉമ്മിച്ചയുടെ കല്യാണത്തോട് കൂടി നാടുവിട്ട് പോയ മൂത്ത സഹദോരനാണതെന്ന് വിശ്വസിച്ച് ' അതെന്റെ ബഷീറിക്കയായിരുന്നെന്ന് ' ഇന്നും ഉമ്മിച്ച തറപ്പിച്ച് പറയാറുണ്ട്. ഒരര്‍ഥത്തില്‍ സ്വയം വിശ്വസിച്ചുറപ്പിക്കുന്ന ചില കാര്യങ്ങള്‍ അങ്ങനെ തന്നെ മനസ്സില്‍ നിലനില്‍ക്കുന്നത് നല്ലതാണ്. കാരണം ജീവിതത്തിലെ മുള്‍മുനയുള്ള അനുഭവങ്ങളെ മറികടക്കാനും, ലോകംഇങ്ങനെയുമാണന്ന് സമാധാനിക്കാനും ഒരു പച്ചപ്പ്.നന്മയുടെപ്രതിരൂപമായ ആ മനുഷ്യനെ സ്വന്തം സഹോദരനായി ഇന്നും നെഞ്ചിലേറ്റി ജീവിക്കുന്ന ഉമ്മിച്ചയിലൂടെ ആ പച്ചപ്പ് എന്നെയും തൊടുന്നുണ്ട്.
Content Highlights: A poignant tale of a childhood memory in Kerala, where polio struck, leaving a lasting impact
Published: 27 Oct 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented