വിവാഹേതര ബന്ധങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ ആദ്യം ഉയരുന്ന ചോദ്യങ്ങൾ മിക്കവാറും ലൈംഗികതയുമായി ബന്ധപ്പെട്ടതായിരിക്കും. പങ്കാളിയിൽനിന്ന് ലൈംഗികസംതൃപ്തി ലഭിക്കാത്തതുകൊണ്ടാണോ മറ്റൊരു ബന്ധത്തിലേക്ക് പോയത്? അതോ പുതിയൊരു വ്യക്തിയോടുള്ള ശാരീരിക ആകർഷണമാണോ കാരണം? എന്നാൽ വിവാഹേതര ബന്ധങ്ങളുടെ പിന്നിലെ കാരണങ്ങൾ ഇത്ര ലളിതമല്ല.

To advertise here,

ദാമ്പത്യജീവിതത്തിൽ ആവശ്യമായ സാമ്പത്തികസുരക്ഷിതത്വവും കുടുംബപരമായ പിന്തുണയും സ്‌നേഹവും ലഭിച്ചിട്ടും മറ്റൊരു ബന്ധത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുണ്ട്. മറുവശത്ത്, വർഷങ്ങളായി വൈകാരികമായ അവഗണനയും ലൈംഗിക അസംതൃപ്തിയും അനുഭവിച്ചിട്ടും സ്വന്തം ദാമ്പത്യബന്ധത്തോടുള്ള പ്രതിബദ്ധത നിലനിർത്തുന്നവരുമുണ്ട്.

അപ്പോൾ വിവാഹേതര ബന്ധങ്ങളിലേക്ക് ആളുകളെ നയിക്കുന്ന യഥാർഥ കാരണങ്ങൾ എന്തൊക്കെയാണ്? ദാമ്പത്യ കൗൺസിലിങ്ങിനായി എത്തുന്നവരുടെ പ്രശ്‌നങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. വിവാഹേതര ബന്ധങ്ങൾക്കു പിന്നിൽ ലൈംഗികാഭിലാഷം മാത്രമല്ല, പരിഗണന ലഭിക്കുന്നില്ലെന്ന തോന്നൽ, അംഗീകാരത്തിനുള്ള ആഗ്രഹം, വൈകാരിക അകൽച്ച, ആത്മാഭിമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പരിഹരിക്കപ്പെടാത്ത ദാമ്പത്യസംഘർഷങ്ങൾ തുടങ്ങി വ്യത്യസ്തമായ ഘടകങ്ങൾ ഉണ്ടാകാം.

Read Also:സ്‌നേഹമുണ്ട്, പക്ഷേ ശാരീരിക അടുപ്പം ഒരു ബാധ്യതയായി മാറുമ്പോൾ...

അതേസമയം, വിവാഹേതര ബന്ധങ്ങൾക്ക് പിന്നിൽ എപ്പോഴും ദാമ്പത്യത്തിലെ പോരായ്മകളാണെന്നു കരുതുന്നതും ശരിയല്ല. വ്യക്തിപരമായ മനോഭാവങ്ങളും ബന്ധത്തോടുള്ള പ്രതിബദ്ധതക്കുറവും അവസരങ്ങളും പുതുമ തേടാനുള്ള താൽപര്യവും ചിലരെ സ്വാധീനിക്കാം.

മനഃശാസ്ത്ര ഗവേഷണങ്ങൾ വിവാഹേതര ബന്ധങ്ങളിലേക്ക് നയിക്കുന്ന എട്ട് വ്യത്യസ്ത പ്രേരണകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌നേഹക്കുറവ്, അവഗണന, ലൈംഗികാഭിലാഷം, ആത്മാഭിമാനം ഉയർത്താനുള്ള ആഗ്രഹം, പ്രതികാരം, പ്രതിബദ്ധതക്കുറവ്, പുതുമ തേടൽ, പ്രത്യേക സാഹചര്യങ്ങളുടെ സ്വാധീനം എന്നിവയെല്ലാം അതിലുൾപ്പെടുന്നു.

ഇവയിൽ ഏതെങ്കിലുമൊന്നാണ് എല്ലാവരുടെയും പ്രധാന കാരണമെന്ന് പറയാനാവില്ല. ചിലരിൽ ഒന്നിലധികം കാരണങ്ങൾ ഒരേസമയം പ്രവർത്തിച്ചേക്കാം.

എന്നാൽ പലരും തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ചില വിവാഹേതര ബന്ധങ്ങളുടെ തുടക്കം ശാരീരികമായ ആഗ്രഹത്തിലല്ല, തന്നെ മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരാളുടെ സാന്നിധ്യത്തിൽ ലഭിക്കുന്ന വൈകാരിക ആശ്വാസത്തിലായിരിക്കും.

ഒരേ വീട്ടിൽ ജീവിച്ചിട്ടും മനസ്സുകൊണ്ട് അകന്നുപോകുന്നവർ

ദാമ്പത്യജീവിതത്തിൽ വൈകാരികമായ അവഗണന അനുഭവപ്പെടുന്നത് ചിലരെ കാര്യമായി ബാധിക്കാറുണ്ട്.

ഭാര്യയും ഭർത്താവും ഒരേ വീട്ടിൽ താമസിക്കുന്നു. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നു. മക്കളുടെ ആവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നു. എന്നാൽ പരസ്പരം മനസ്സുതുറന്ന് സംസാരിക്കാനോ ഒരാളുടെ വിഷമങ്ങൾ മറ്റൊരാൾക്ക് കേൾക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകാം.

ദാമ്പത്യജീവിതം ക്രമേണ ഉത്തരവാദിത്തങ്ങൾ പങ്കിട്ടുനടത്തുന്ന ഒരു സംവിധാനമായി മാത്രം മാറുന്നു.

Read Also:വിറ്റാമിൻ ഡി കുറയുന്നത് എല്ലുകളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെയും തകർക്കും 

പങ്കാളി തനിക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നോ തന്റെ വികാരങ്ങൾ മനസ്സിലാക്കുന്നില്ലെന്നോ ഉള്ള തോന്നൽ ഒരാളിൽ വളർന്നുവരാം. ഈ സാഹചര്യത്തിൽ തന്നെ ശ്രദ്ധയോടെ കേൾക്കുന്ന, തന്റെ ചെറിയ വിശേഷങ്ങൾ പോലും അന്വേഷിക്കുന്ന, അഭിപ്രായങ്ങൾക്ക് വിലനൽകുന്ന മറ്റൊരാളുമായി അടുപ്പം രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

ആദ്യഘട്ടത്തിൽ ഇത് സാധാരണ സൗഹൃദം മാത്രമായിരിക്കാം.

എന്നാൽ പിന്നീട് സ്വന്തം പങ്കാളിയോട് പങ്കുവെക്കാത്ത കാര്യങ്ങൾ പുതിയ സുഹൃത്തിനോട് തുറന്നുപറയാൻ തുടങ്ങുന്നു. അയാളുടെ സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നു. അയാളോടൊപ്പം സംസാരിക്കുമ്പോൾ കൂടുതൽ സന്തോഷവും ആശ്വാസവും അനുഭവപ്പെടുന്നു.

ഇങ്ങനെ വൈകാരികമായ അടുപ്പം വളരുകയും ബന്ധം നിലനിർത്തുന്നതിനായി ചില കാര്യങ്ങൾ പങ്കാളിയിൽനിന്ന് മറച്ചുവെക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ അത് ദാമ്പത്യത്തിലെ വിശ്വാസത്തെ ബാധിച്ചേക്കാം. സമീപകാലത്ത് വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പുരുഷന്മാരെ അഭിമുഖം നടത്തിയ ഒരു സാമൂഹികശാസ്ത്ര പഠനത്തിലും ലൈംഗികതയ്ക്കപ്പുറം അംഗീകാരവും ശ്രദ്ധയും വൈകാരിക പിന്തുണയും തേടുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ വൈകാരിക അവഗണന അനുഭവപ്പെടുന്നു എന്നതുകൊണ്ടുമാത്രം എല്ലാവരും വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്നില്ല. അതിനോട് ഓരോ വ്യക്തിയും എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്.

'എന്നെ മനസ്സിലാക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ' എന്ന തോന്നൽ

മനുഷ്യർക്ക് സ്‌നേഹം ലഭിക്കണമെന്നതുപോലെ പ്രധാനമാണ് തങ്ങളുടെ വ്യക്തിത്വവും വികാരങ്ങളും അംഗീകരിക്കപ്പെടണമെന്ന ആഗ്രഹവും. പങ്കാളിയിൽനിന്ന് നിരന്തരം കുറ്റപ്പെടുത്തലുകളും അവഗണനയും അനുഭവപ്പെടുന്ന ഒരാൾക്ക് ആത്മവിശ്വാസം കുറഞ്ഞേക്കാം. തന്റെ അഭിപ്രായങ്ങൾക്കോ നേട്ടങ്ങൾക്കോ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ഉണ്ടാകാം.

അത്തരമൊരു സാഹചര്യത്തിൽ മറ്റൊരാളിൽനിന്ന് ലഭിക്കുന്ന ചെറിയൊരു അഭിനന്ദനമോ പ്രത്യേക പരിഗണനയോ പോലും വലിയ വൈകാരിക സന്തോഷം നൽകാം. 'നിങ്ങളോട് സംസാരിക്കുമ്പോൾ സന്തോഷം തോന്നുന്നു', 'നിങ്ങൾ വളരെ കഴിവുള്ള ആളാണ്', 'നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്' എന്നിങ്ങനെയുള്ള വാക്കുകൾക്ക് ചില സാഹചര്യങ്ങളിൽ പ്രതീക്ഷിക്കുന്നതിലധികം സ്വാധീനമുണ്ടാകാം.

പ്രത്യേകിച്ച് സ്വന്തം മൂല്യത്തെക്കുറിച്ച് സംശയങ്ങളുള്ളവർക്കോ നിരന്തരം അംഗീകാരം തേടുന്നവർക്കോ ഇത്തരം ശ്രദ്ധ കൂടുതൽ ആകർഷകമായി അനുഭവപ്പെടാം. ഇവിടെ പുതിയ വ്യക്തിയോടുള്ള ആകർഷണത്തിനൊപ്പം, അയാളുടെ സാന്നിധ്യത്തിൽ തനിക്ക് അനുഭവപ്പെടുന്ന ആത്മവിശ്വാസവും പ്രധാന ഘടകമായിരിക്കാം. എന്നാൽ ഒരാളുടെ ആത്മാഭിമാനം മറ്റുള്ളവർ നൽകുന്ന അംഗീകാരത്തെ മാത്രം ആശ്രയിച്ചിരിക്കുമ്പോൾ പുതിയ ബന്ധങ്ങളിലും സമാനമായ പ്രശ്‌നങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്.

എല്ലാം നൽകിയിട്ടും പങ്കാളിയോട് വിരക്തി തോന്നുന്നതെന്തുകൊണ്ട്?

ദാമ്പത്യജീവിതത്തിലെ സംതൃപ്തിയെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ചിലർ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുന്നു. സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കുന്നു. മക്കളെയും പങ്കാളിയെയും പരിഗണിക്കുന്നു. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും പങ്കാളിയിൽനിന്ന് സ്‌നേഹമോ അടുപ്പമോ ലഭിക്കുന്നില്ലെന്ന പരിഭവം അവർക്കുണ്ടാകാം.

മറുവശത്ത്, മറ്റേയാൾക്ക് ഇതെല്ലാം ലഭിക്കുന്നുണ്ടെങ്കിലും വൈകാരികമായോ ലൈംഗികമായോ സംതൃപ്തി അനുഭവപ്പെടുന്നുണ്ടാകണമെന്നില്ല.

ഇവിടെ രണ്ടുപേരുടെയും അനുഭവങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

സാമ്പത്തികമായ പിന്തുണയും കുടുംബത്തോടുള്ള ഉത്തരവാദിത്തബോധവും ദാമ്പത്യത്തിലെ പ്രധാനപ്പെട്ട ഗുണങ്ങളാണ്. എന്നാൽ അതുകൊണ്ടുമാത്രം ഒരാളുടെ എല്ലാ വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളും നിറവേറ്റപ്പെടണമെന്നില്ല.

അതുപോലെ, ലൈംഗികജീവിതത്തിൽ അസംതൃപ്തിയുണ്ടെന്ന കാരണത്താൽ പങ്കാളിയുടെ എല്ലാ നല്ല ഗുണങ്ങളെയും അവഗണിക്കുന്നതും ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ജീവിതത്തിൽ ഇല്ലാത്തതിനെക്കുറിച്ച് മാത്രം ചിന്തിക്കാതെ, ഇതിനകം നമുക്കുള്ള നല്ല കാര്യങ്ങളെയും തിരിച്ചറിയാൻ കഴിയുന്നതാണ് സംതൃപ്തിബോധത്തിന്റെ ഒരു പ്രധാന ഘടകം. ഒരു പങ്കാളി വർഷങ്ങളായി നൽകുന്ന സ്‌നേഹവും കരുതലും പിന്തുണയും അവഗണിക്കപ്പെടുകയും, ബന്ധത്തിലെ ഒരൊറ്റ കുറവ് മാത്രം എല്ലാ ചിന്തകളെയും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം.

ചിലപ്പോൾ ലൈംഗിക അസംതൃപ്തിയാണ് ആ കുറവ്.

ലൈംഗികജീവിതത്തിൽ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാത്ത ഒരാൾക്ക് കാലക്രമേണ പങ്കാളിയോടുതന്നെ നീരസമോ വിരക്തിയോ രൂപപ്പെടാം. മുമ്പ് വിലമതിച്ചിരുന്ന നല്ല ഗുണങ്ങൾപോലും പിന്നീട് ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാൽ ഇതിനെ ലൈംഗിക അസംതൃപ്തി ഒരു ചെറിയ പ്രശ്‌നമാണെന്ന നിലയിൽ കാണരുത്. ലൈംഗികസംതൃപ്തി ദാമ്പത്യത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരിക്കാം. 2025-ൽ പ്രസിദ്ധീകരിച്ച ഒരു പഠനവും ലൈംഗികജീവിതത്തിലെ അസംതൃപ്തിയും ദാമ്പത്യത്തിലെ കുറഞ്ഞ സംതൃപ്തിയും വിവാഹേതര ബന്ധങ്ങളിലേക്കുള്ള താൽപര്യവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ട് ഒരു പങ്കാളി നൽകുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുന്നതിനൊപ്പം ബന്ധത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ അവയും തിരിച്ചറിയണം. സംതൃപ്തിബോധം എന്നത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വയം വിശ്വസിപ്പിക്കലല്ല. നിലവിലുള്ള നന്മകളെ വിലമതിക്കുമ്പോൾതന്നെ പരിഹരിക്കേണ്ട കുറവുകളെക്കുറിച്ച് തുറന്നുസംസാരിക്കാൻ കഴിയുന്നതാണ്.

ദാമ്പത്യബന്ധങ്ങളിൽ നന്ദിയും അംഗീകാരവും പരസ്പരം പ്രകടിപ്പിക്കുന്നതും ബന്ധത്തിലെ സംതൃപ്തിയും തമ്മിലുള്ള അനുകൂല ബന്ധം സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ നന്ദിയുള്ളവരായിരിക്കണമെന്ന് പറഞ്ഞ് ഒരാളുടെ യഥാർഥമായ വൈകാരികപ്രയാസങ്ങളെയോ ലൈംഗിക ആവശ്യങ്ങളെയോ നിസ്സാരവൽക്കരിക്കാനും പാടില്ല.

പങ്കാളിയുടെ നല്ല ഗുണങ്ങളെ തിരിച്ചറിയുകയും ബന്ധത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങളെ തുറന്നുസമ്മതിക്കുകയും ചെയ്യുമ്പോഴാണ് കൂടുതൽ യാഥാർഥ്യബോധമുള്ള ദാമ്പത്യസംതൃപ്തി സാധ്യമാകുന്നത്.

സംസാരിക്കാതിരിക്കുന്ന പ്രശ്‌നങ്ങൾ മറ്റൊരാളോട് പങ്കുവെക്കുമ്പോൾ

ദാമ്പത്യബന്ധത്തിലെ എല്ലാ പ്രശ്‌നങ്ങളും വലിയ വഴക്കുകളിലൂടെയോ തർക്കങ്ങളിലൂടെയോ മാത്രമല്ല പ്രകടമാകുന്നത്. ചില ദമ്പതികൾ തമ്മിൽ കാര്യമായ വഴക്കുകളൊന്നുമുണ്ടാകില്ല. എന്നാൽ പരസ്പരം സംസാരിക്കുന്നത് വീട്ടുചെലവുകൾ, കുട്ടികളുടെ പഠനം, ജോലി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മാത്രമായിരിക്കും.

സ്വന്തം ആഗ്രഹങ്ങളെയും വിഷമങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള സംഭാഷണങ്ങൾ കുറഞ്ഞുപോകാം. പങ്കാളി തന്റെ വികാരങ്ങൾ കേൾക്കാൻ തയ്യാറാകില്ലെന്ന മുൻവിധി രൂപപ്പെടുമ്പോൾ ചിലർ അത്തരം വിഷയങ്ങൾ സംസാരിക്കുന്നതുതന്നെ അവസാനിപ്പിക്കും.

ഈ സാഹചര്യത്തിൽ ശ്രദ്ധയോടെ കേൾക്കുന്ന ഒരു സുഹൃത്തിന്റെ സാന്നിധ്യം വലിയ ആശ്വാസമായി അനുഭവപ്പെട്ടേക്കാം.

എന്നാൽ ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ ഒരു മൂന്നാമത്തെ വ്യക്തിയോട് പങ്കുവെക്കുന്നതിൽ സ്വതവേ തെറ്റില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൗൺസിലർമാരുടെയും പിന്തുണ പലപ്പോഴും ആവശ്യമാണ്. പ്രശ്‌നമാകുന്നത് ആ ബന്ധം ക്രമേണ രഹസ്യസ്വഭാവമുള്ളതാകുകയും പങ്കാളിയുമായുള്ള വിശ്വാസത്തിനും പരസ്പരം അംഗീകരിച്ചിട്ടുള്ള ബന്ധപരിധികൾക്കും വിരുദ്ധമായി മാറുകയും ചെയ്യുമ്പോഴാണ്. ഇവിടെയാണ് ആരോഗ്യകരമായ സൗഹൃദവും ദാമ്പത്യത്തിലെ വിശ്വാസം ലംഘിക്കുന്ന വൈകാരികബന്ധവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്.

ലൈംഗിക അസംതൃപ്തിയെ നിസ്സാരമായി കാണരുത്

വിവാഹേതര ബന്ധങ്ങൾക്ക് പിന്നിൽ വൈകാരിക കാരണങ്ങൾ പ്രധാനമാണെന്ന് പറയുമ്പോൾ ലൈംഗിക അസംതൃപ്തിയുടെ പങ്കിനെ അവഗണിക്കാനും കഴിയില്ല. ലൈംഗികാഭിലാഷത്തിൽ വലിയ വ്യത്യാസങ്ങളുള്ള ദമ്പതികളുണ്ട്. ഒരാൾക്ക് കൂടുതൽ ലൈംഗിക അടുപ്പം ആഗ്രഹിക്കുമ്പോൾ മറ്റൊരാൾക്ക് അത്രയും താൽപര്യമുണ്ടാകണമെന്നില്ല. ചിലരിൽ ശാരീരിക ആരോഗ്യപ്രശ്‌നങ്ങളോ ഹോർമോൺ മാറ്റങ്ങളോ മരുന്നുകളുടെ പാർശ്വഫലങ്ങളോ ലൈംഗികജീവിതത്തെ ബാധിച്ചേക്കാം. മറ്റു ചിലരിൽ മുൻകാല അനുഭവങ്ങളും മാനസികപ്രയാസങ്ങളും ബന്ധത്തിലെ സംഘർഷങ്ങളുമാകാം കാരണം. ലൈംഗികജീവിതത്തെക്കുറിച്ച് പരസ്പരം തുറന്നുസംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകാം.

പങ്കാളി തന്റെ ആവശ്യങ്ങളെ മനസ്സിലാക്കുന്നില്ലെന്നോ നിരന്തരം അവഗണിക്കുന്നുവെന്നോ ഉള്ള തോന്നൽ ഒരാളിൽ വളർന്നുവന്നേക്കാം. എന്നാൽ ലൈംഗിക അസംതൃപ്തി അനുഭവപ്പെടുന്നത് വിവാഹേതര ബന്ധത്തിലേർപ്പെടാനുള്ള ന്യായീകരണമാകുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുറന്ന സംഭാഷണം, ആവശ്യമായ വൈദ്യചികിത്സ, വ്യക്തിഗത കൗൺസിലിംഗ്, ദാമ്പത്യ കൗൺസിലിംഗ് തുടങ്ങിയ വഴികൾ സ്വീകരിക്കാവുന്നതാണ്.

ലൈംഗികബന്ധം പങ്കാളിയുടെ നിർബന്ധിത ബാധ്യതയല്ലെന്നതും മനസ്സിലാക്കണം. ഇരുവരുടെയും സമ്മതവും സന്തോഷവും ശാരീരികവും മാനസികവുമായ സൗകര്യവും പ്രധാനമാണ്.

പ്രതികാരവും അടിഞ്ഞുകൂടിയ കോപവും

ചില വിവാഹേതര ബന്ധങ്ങളുടെ പിന്നിൽ വൈകാരിക അവഗണനയോ ലൈംഗിക അസംതൃപ്തിയോ മാത്രമായിരിക്കണമെന്നില്ല. പങ്കാളിയോടുള്ള കോപവും പ്രതികാരമനോഭാവവും കാരണമാകാം.

പങ്കാളി മുമ്പ് വിശ്വാസവഞ്ചന നടത്തിയിട്ടുണ്ടാകാം. നിരന്തരമായ അപമാനങ്ങളോ അവഗണനയോ അനുഭവപ്പെട്ടിട്ടുണ്ടാകാം.

അത്തരം സാഹചര്യങ്ങളിൽ പങ്കാളിയെ വേദനിപ്പിക്കണമെന്നോ താനും മറ്റൊരു ബന്ധത്തിന് യോഗ്യനാണെന്ന് തെളിയിക്കണമെന്നോ ഉള്ള ചിന്തകൾ ചിലരിലുണ്ടാകാം. എന്നാൽ പ്രതികാരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ബന്ധങ്ങൾ ആദ്യത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകണമെന്നില്ല. മറിച്ച്, വിശ്വാസത്തകർച്ചയും കുറ്റപ്പെടുത്തലുകളും കൂടുതൽ സങ്കീർണമാക്കാനും സാധ്യതയുണ്ട്.

വേദനാജനകമായ അനുഭവങ്ങളോടുള്ള പ്രതികരണം എങ്ങനെയായിരിക്കണം എന്നത് ഓരോ വ്യക്തിയും ബോധപൂർവം തീരുമാനിക്കേണ്ട കാര്യമാണ്. വിവാഹത്തിലെ പ്രതിബദ്ധതയും വ്യക്തിപരമായ മൂല്യബോധവും വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്ന എല്ലാവരും അസന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്നവരല്ല.

ചിലർക്ക് സ്വന്തം വിവാഹബന്ധത്തിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് തോന്നുമ്പോഴും മറ്റൊരാളോടുള്ള ആകർഷണത്തെ പിന്തുടരാൻ താൽപര്യമുണ്ടാകാം. ഇവിടെ വ്യക്തിയുടെ പ്രതിബദ്ധതയും ധാർമിക നിലപാടുകളും ബന്ധത്തെക്കുറിച്ചുള്ള പ്രതീക്ഷകളും പ്രധാനമാണ്.

ഒരാൾക്ക് പുതിയൊരു വ്യക്തിയോട് ആകർഷണം തോന്നുന്നത് സ്വാഭാവികമായ ഒരു മനുഷ്യാനുഭവമായിരിക്കാം. എന്നാൽ ആ ആകർഷണത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നത് വ്യക്തിയുടെ തീരുമാനമാണ്. എല്ലാ ആകർഷണങ്ങളും പ്രണയബന്ധങ്ങളായി മാറേണ്ടതില്ല. അതുപോലെ ഒരാളോട് ആകർഷണം തോന്നുന്നതുകൊണ്ടുമാത്രം നിലവിലുള്ള പങ്കാളിയോടുള്ള സ്‌നേഹം ഇല്ലാതായെന്നും പറയാനാവില്ല.

ദാമ്പത്യത്തിലെ പ്രതിബദ്ധത എന്നത് മറ്റാരോടും ഒരിക്കലും ആകർഷണം തോന്നരുതെന്ന അവസ്ഥയല്ല. അത്തരം സാഹചര്യങ്ങളിൽ ബന്ധത്തിന്റെ വിശ്വാസവും പരസ്പരം അംഗീകരിച്ചിട്ടുള്ള അതിരുകളും എങ്ങനെ സംരക്ഷിക്കുന്നു എന്നതുകൂടിയാണ്.

സോഷ്യൽ മീഡിയയും പുതിയ ബന്ധങ്ങളുടെ സാധ്യതകളും

മുമ്പത്തെ അപേക്ഷിച്ച് ഇന്ന് പുതിയ ആളുകളുമായി പരിചയപ്പെടാനും ആശയവിനിമയം നടത്താനും കൂടുതൽ അവസരങ്ങളുണ്ട്.

ജോലിസ്ഥലത്തെ സഹപ്രവർത്തകർ, പഴയ സുഹൃത്തുക്കൾ, സാമൂഹികമാധ്യമങ്ങൾ, ഓൺലൈൻ കൂട്ടായ്മകൾ തുടങ്ങിയവയിലൂടെയെല്ലാം പുതിയ ബന്ധങ്ങൾ രൂപപ്പെടാം.

ഇത്തരം പരിചയങ്ങൾ സ്വാഭാവികമായ സാമൂഹികബന്ധങ്ങളാണ്. അവയെല്ലാം വിവാഹേതര ബന്ധങ്ങളിലേക്ക് നയിക്കുമെന്ന് കരുതേണ്ടതില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ സാധാരണ സൗഹൃദമായി ആരംഭിക്കുന്ന ആശയവിനിമയം ക്രമേണ സ്വകാര്യവും രഹസ്യസ്വഭാവമുള്ളതുമായി മാറാം.

പങ്കാളിയിൽനിന്ന് സന്ദേശങ്ങൾ മറച്ചുവെക്കുക, മറ്റൊരാളുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ച് മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുക, പങ്കാളിയോട് പങ്കുവെക്കേണ്ട പ്രധാന വിഷയങ്ങളിൽനിന്ന് അകന്നുനിൽക്കുക തുടങ്ങിയവ ബന്ധത്തിലെ വിശ്വാസത്തെ ബാധിക്കാം. ശാരീരികബന്ധമില്ലാത്തതുകൊണ്ടുമാത്രം ഒരു രഹസ്യബന്ധം ദാമ്പത്യത്തെ ബാധിക്കില്ലെന്ന് പറയാനാവില്ല.

അതേസമയം, ഓരോ ദമ്പതികളും സ്വകാര്യതയെയും സൗഹൃദങ്ങളെയും വൈകാരിക അടുപ്പത്തെയും വ്യത്യസ്തമായ രീതികളിൽ മനസ്സിലാക്കിയേക്കാം. അതുകൊണ്ട് ബന്ധത്തിലെ പരിധികളെക്കുറിച്ച് പരസ്പര ധാരണയുണ്ടാകേണ്ടത് പ്രധാനമാണ്.

പുതിയ ബന്ധത്തിൽ എല്ലാം മനോഹരമായി തോന്നുന്നതെന്തുകൊണ്ട്?

വിവാഹേതര ബന്ധങ്ങളിൽ ചിലർ അനുഭവിക്കുന്ന മറ്റൊരു പ്രധാന കാര്യം പുതിയ ബന്ധത്തിന്റെ പുതുമയും ആവേശവുമാണ്.

വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന പങ്കാളിയുമായി ബന്ധപ്പെട്ട് കുടുംബ ഉത്തരവാദിത്തങ്ങളും സാമ്പത്തികപ്രയാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും ദൈനംദിന സംഘർഷങ്ങളുമുണ്ടാകും.

എന്നാൽ പുതിയ ബന്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം ഉത്തരവാദിത്തങ്ങൾ താരതമ്യേന കുറവായിരിക്കാം.

അതിനാൽ പുതിയ വ്യക്തിയോടൊപ്പമുള്ള സമയം കൂടുതൽ സന്തോഷകരവും സമ്മർദരഹിതവുമായി അനുഭവപ്പെടാം.

നിലവിലുള്ള പങ്കാളിയുടെ കുറവുകളെക്കുറിച്ചുള്ള ചിന്തകൾക്കിടയിൽ പുതിയ വ്യക്തിയുടെ നല്ല ഗുണങ്ങൾ മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തേക്കാം.

ഇവിടെ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളെയാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്. ഒന്ന്, വർഷങ്ങളായി യഥാർഥ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും പ്രതിസന്ധികളും പങ്കുവെച്ച് മുന്നോട്ടുപോകുന്ന ബന്ധം. മറ്റൊന്ന്, ജീവിതത്തിലെ പല ഉത്തരവാദിത്തങ്ങളും ഇനിയും പങ്കുവെക്കേണ്ടിവന്നിട്ടില്ലാത്ത പുതിയ ബന്ധം.പുതിയ ബന്ധത്തിലെ ആവേശത്തെ ദീർഘകാല ദാമ്പത്യത്തിലെ യാഥാർഥ്യങ്ങളുമായി നേരിട്ട് താരതമ്യം ചെയ്യുമ്പോൾ തെറ്റായ തീരുമാനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. പുതുമയുടെ ആകർഷണം യഥാർഥമായിരിക്കാം. എന്നാൽ ആ ബന്ധം ദീർഘകാലം എങ്ങനെ നിലനിൽക്കുമെന്ന് അതുകൊണ്ടുമാത്രം വിലയിരുത്താനാവില്ല.

വിവാഹേതര ബന്ധം കണ്ടെത്തുമ്പോൾ തകരുന്നത് വിശ്വാസം മാത്രമല്ല

പങ്കാളിയുടെ വിവാഹേതര ബന്ധം തിരിച്ചറിയുന്നത് ചിലർക്ക് വലിയ മാനസികാഘാതമാകാറുണ്ട്. വർഷങ്ങളായി വിശ്വസിച്ചിരുന്ന വ്യക്തി തന്നെ വഞ്ചിച്ചുവെന്ന തിരിച്ചറിവ് ആത്മവിശ്വാസത്തെയും വ്യക്തിപരമായ സുരക്ഷിതത്വബോധത്തെയും ബാധിക്കാം.

ഉറക്കക്കുറവ്, നിരന്തരമായ ചിന്തകൾ, ഉത്കണ്ഠ, ദേഷ്യം, സങ്കടം, സംശയം, ആത്മാഭിമാനക്കുറവ് തുടങ്ങിയവ അനുഭവപ്പെടാം. ചിലർക്ക് സംഭവത്തെക്കുറിച്ചുള്ള ചിന്തകൾ ആവർത്തിച്ച് മനസ്സിലേക്ക് വരികയും പങ്കാളിയുടെ ഓരോ പെരുമാറ്റത്തെയും സംശയത്തോടെ നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യാം. വിശ്വാസവഞ്ചനയുമായി ബന്ധപ്പെട്ട മാനസികാഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ചില വ്യക്തികളിൽ ഗുരുതരമായ സമ്മർദലക്ഷണങ്ങൾ അനുഭവപ്പെടാമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള പ്രതികരണമുണ്ടാകണമെന്നില്ല.

ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യമുണ്ട്. പങ്കാളി വിശ്വാസവഞ്ചന നടത്തിയതുകൊണ്ട് വഞ്ചിക്കപ്പെട്ട വ്യക്തിയുടെ മൂല്യമോ കഴിവോ ആകർഷണശേഷിയോ കുറയുന്നില്ല.

ബന്ധത്തിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നാലും വിശ്വാസവഞ്ചന നടത്താനുള്ള തീരുമാനം അതിൽ ഏർപ്പെട്ട വ്യക്തിയുടെ ഉത്തരവാദിത്തമാണ്.വിവാഹേതര ബന്ധത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ആ പ്രവൃത്തിയെ ന്യായീകരിക്കുന്നതിന് തുല്യമല്ല. അതുപോലെ ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിശോധിക്കുമ്പോൾ വഞ്ചിക്കപ്പെട്ട പങ്കാളിയുടെ മേൽ അതിന്റെ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാനും പാടില്ല.

വിവാഹേതര ബന്ധത്തിനു ശേഷവും ദാമ്പത്യം നിലനിർത്താനാകുമോ?

വിശ്വാസവഞ്ചന കണ്ടെത്തിയ എല്ലാ ദാമ്പത്യബന്ധങ്ങളും വിവാഹമോചനത്തിൽ അവസാനിക്കണമെന്നില്ല.

ചില ദമ്പതികൾ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. മറ്റു ചിലർ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. എന്നാൽ വിവാഹേതര ബന്ധത്തിനു ശേഷം പഴയ വിശ്വാസം തിരിച്ചുപിടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

വിശ്വാസവഞ്ചന നടത്തിയ വ്യക്തി തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പങ്കാളിക്കുണ്ടായ വേദന മനസ്സിലാക്കുകയും ചെയ്യണം.തെറ്റുകൾ മറച്ചുവെക്കുകയോ വീണ്ടും ആവർത്തിക്കുകയോ ചെയ്തുകൊണ്ട് വിശ്വാസം തിരിച്ചുപിടിക്കാനാവില്ല.

പുതിയ ബന്ധവുമായി ബന്ധപ്പെട്ട അതിരുകൾ വ്യക്തമാക്കുക, ആവശ്യമായ സുതാര്യത പുലർത്തുക, തെറ്റിദ്ധാരണകൾ പരിഹരിക്കുക, പങ്കാളിയുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുക തുടങ്ങിയവ പ്രധാനമാണ്.

2025-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ അവലോകനവും വിശ്വാസം പുനർനിർമിക്കുന്നതിൽ ഉത്തരവാദിത്തം ഏറ്റെടുക്കൽ, സത്യസന്ധമായ ആശയവിനിമയം, വ്യക്തമായ അതിരുകൾ, സ്ഥിരതയുള്ള പെരുമാറ്റമാറ്റങ്ങൾ എന്നിവയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, വഞ്ചിക്കപ്പെട്ട പങ്കാളി ഉടൻ ക്ഷമിക്കണമെന്നോ ബന്ധം തുടരണമെന്നോ നിർബന്ധിക്കരുത്.

വിശ്വാസം പുനഃസ്ഥാപിക്കാൻ എത്ര സമയം ആവശ്യമായിവരുമെന്നത് വ്യക്തികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ബന്ധങ്ങളിൽ കൗൺസിലിങ്ങിന്റെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചേക്കാം. മറ്റു ചില സാഹചര്യങ്ങളിൽ വേർപിരിയലായിരിക്കും ഇരുവർക്കും കൂടുതൽ ആരോഗ്യകരമായ തീരുമാനം. ബന്ധം തുടരണമോ അവസാനിപ്പിക്കണമോ എന്ന തീരുമാനത്തിൽ വ്യക്തിയുടെ സുരക്ഷിതത്വവും മാനസികക്ഷേമവും സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ട്.

കുട്ടികളെ മറക്കരുത്

വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പലപ്പോഴും ദമ്പതികൾക്കിടയിൽ മാത്രം ഒതുങ്ങാറില്ല. വീട്ടിലെ നിരന്തരമായ സംഘർഷങ്ങൾ, കുറ്റപ്പെടുത്തലുകൾ, പരസ്പരമുള്ള അവിശ്വാസം എന്നിവ കുട്ടികളുടെ മാനസികാവസ്ഥയെയും ബാധിച്ചേക്കാം.

കുട്ടികളെ പങ്കാളിക്കെതിരെയുള്ള തെളിവുകൾ കണ്ടെത്താനോ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതുപോലെ മുതിർന്നവർക്കിടയിലെ ലൈംഗികവും വൈകാരികവുമായ പ്രശ്‌നങ്ങളുടെ വിശദാംശങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്നതും അവരെ അനാവശ്യമായ സമ്മർദത്തിലാക്കാം. ദമ്പതികൾ ഒരുമിച്ച് തുടരുകയോ വേർപിരിയുകയോ ചെയ്താലും കുട്ടികളുടെ സുരക്ഷിതത്വവും വൈകാരികക്ഷേമവും മുൻഗണനയായി നിലനിർത്തേണ്ടതുണ്ട്.

നിയമപരമായ വശങ്ങളും അറിയണം

2018-ലെ Joseph Shine v. Union of India കേസിൽ സുപ്രീം കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യഭിചാരത്തെ കുറ്റകരമാക്കിയിരുന്ന 497-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു.

അതോടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം എന്നതുമാത്രം അടിസ്ഥാനമാക്കി പഴയ നിയമപ്രകാരം ക്രിമിനൽ ശിക്ഷ നൽകുന്ന സാഹചര്യം അവസാനിച്ചു.

എന്നാൽ വിവാഹേതര ബന്ധങ്ങൾക്ക് വിവാഹമോചനം ഉൾപ്പെടെയുള്ള കുടുംബനിയമ നടപടികളിൽ പ്രസക്തിയുണ്ടാകാം. ബാധകമായ വ്യക്തിനിയമത്തിനും കേസിലെ സാഹചര്യങ്ങൾക്കും അനുസരിച്ചായിരിക്കും നിയമപരമായ വിലയിരുത്തൽ.

കുട്ടികളുടെ സംരക്ഷണാവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം മാത്രം നിർണായകമാകണമെന്നില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമാണ് പ്രധാന പരിഗണന.

ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ സംശയങ്ങൾക്കായി യോഗ്യതയുള്ള അഭിഭാഷകന്റെ ഉപദേശം തേടുന്നതാണ് ഉചിതം.

പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബന്ധത്തെ പരിഗണിക്കണം

വിവാഹേതര ബന്ധങ്ങൾ രൂപപ്പെടാതിരിക്കാൻ ദമ്പതികൾ പരസ്പരം നിരന്തരം സംശയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതില്ല.

പകരം ബന്ധത്തിൽ തുറന്ന സംഭാഷണത്തിനും പരസ്പര പരിഗണനയ്ക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.

പങ്കാളി നമ്മുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതിനൊപ്പം, പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കാൻ നമ്മൾ എത്രത്തോളം ശ്രമിക്കുന്നുണ്ട് എന്നും പരിശോധിക്കണം.

തന്റെ നേട്ടങ്ങൾ അംഗീകരിക്കപ്പെടണമെന്ന ആഗ്രഹം പോലെ പങ്കാളിയുടെ പരിശ്രമങ്ങളെയും അംഗീകരിക്കാൻ കഴിയണം.

ലൈംഗികജീവിതത്തിലെ പ്രശ്‌നങ്ങൾ മറച്ചുവെക്കാതെ തുറന്നുസംസാരിക്കണം. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ ചികിത്സ തേടണം. പരിഹരിക്കപ്പെടാത്ത ദാമ്പത്യസംഘർഷങ്ങൾ ഉണ്ടെങ്കിൽ അവ നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കാൻ ശ്രമിക്കണം.

അതോടൊപ്പം ദാമ്പത്യബന്ധത്തിനപ്പുറവും ആരോഗ്യകരമായ സൗഹൃദങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും നിലനിർത്തുന്നത് പ്രധാനമാണ്. ഒരാളുടെ എല്ലാ വൈകാരിക ആവശ്യങ്ങളും ഒരൊറ്റ പങ്കാളിയിലൂടെ മാത്രം നിറവേറ്റപ്പെടണമെന്ന പ്രതീക്ഷ യാഥാർഥ്യബോധമുള്ളതല്ല. എന്നാൽ സൗഹൃദങ്ങളും വ്യക്തിപരമായ ബന്ധങ്ങളും ദാമ്പത്യത്തിലെ വിശ്വാസത്തെയും പരസ്പരം അംഗീകരിച്ചിട്ടുള്ള അതിരുകളെയും മാനിച്ചുകൊണ്ടായിരിക്കണം.

കൗൺസിലിങ്ങിനായി സമീപിക്കുന്ന ദമ്പതികളുടെ പ്രശ്‌നങ്ങൾ വിലയിരുത്തുമ്പോൾ വൈകാരികവും മാനസികവും സാമൂഹികവും ലൈംഗികവും ശാരീരികവുമായ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഒരാൾക്ക് വേണ്ടത് കൂടുതൽ വൈകാരിക അടുപ്പമായിരിക്കാം. മറ്റൊരാൾക്ക് പരിഹരിക്കപ്പെടാത്ത ലൈംഗികപ്രശ്‌നങ്ങൾക്കുള്ള ചികിത്സയായിരിക്കാം. വേറൊരാൾക്ക് ആത്മാഭിമാനവും വ്യക്തിപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ടതുണ്ടാകാം. ഓരോ പ്രശ്‌നത്തിനും അതിന്റേതായ കാരണങ്ങളും പരിഹാരവഴികളുമുണ്ടാകും.

ഒടുവിൽ, നഷ്ടപ്പെട്ടതിനെ മാത്രം നോക്കി ഉള്ളതെല്ലാം നഷ്ടപ്പെടുത്തരുത്

വിവാഹേതര ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വൈകാരിക അവഗണനയെയും ലൈംഗിക അസംതൃപ്തിയെയും മാത്രം കാരണങ്ങളായി കാണുന്നത് ശരിയല്ല. ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകൾ, ജീവിതാനുഭവങ്ങൾ, ബന്ധത്തോടുള്ള പ്രതിബദ്ധത, തീരുമാനങ്ങൾ, ലഭിക്കുന്ന അവസരങ്ങൾ എന്നിവയെല്ലാം ഇതിൽ സ്വാധീനം ചെലുത്താം. അതേസമയം ദാമ്പത്യജീവിതത്തിൽ വൈകാരിക അടുപ്പത്തിനും അംഗീകാരത്തിനും ലൈംഗികസംതൃപ്തിക്കും നൽകേണ്ട പ്രാധാന്യം മനസ്സിലാക്കേണ്ടതുമുണ്ട്.

നമ്മുടെ പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങൾ സ്വാഭാവികമായി ലഭിക്കേണ്ടവയാണെന്ന് കരുതി അവഗണിക്കുന്നതും, ലഭിക്കാത്ത ചില കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ മാത്രം മുഴുകുന്നതും ബന്ധത്തിലെ സംതൃപ്തിയെ ബാധിക്കാം. എന്നാൽ സംതൃപ്തിബോധം എന്നത് സ്വന്തം ആവശ്യങ്ങളെ അടിച്ചമർത്തുകയോ അപമാനങ്ങളും അവഗണനയും സഹിച്ചുജീവിക്കുകയോ ചെയ്യുന്നതല്ല. നമുക്കുള്ളതിന്റെ മൂല്യം തിരിച്ചറിയുന്നതിനൊപ്പം ഇല്ലാത്തതിനെക്കുറിച്ചും പരിഹരിക്കേണ്ട പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യകരമായി സംസാരിക്കാൻ കഴിയണം.

ഒരിക്കൽ സന്തോഷത്തോടെ ആരംഭിച്ച ദാമ്പത്യത്തിൽ പിന്നീട് ചില കാര്യങ്ങൾ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കാം. ലൈംഗികജീവിതത്തിൽ അസംതൃപ്തിയുണ്ടെങ്കിൽ തുറന്നുസംസാരിക്കാം. വൈകാരികമായ അകൽച്ചയുണ്ടെങ്കിൽ അതിനെ പരിഹരിക്കാൻ ശ്രമിക്കാം.

എന്നാൽ നിലവിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി മറ്റൊരു രഹസ്യബന്ധത്തിലേക്ക് കടക്കുന്നത് പുതിയ വേദനകൾക്കും വിശ്വാസത്തകർച്ചയ്ക്കും കാരണമായേക്കാം. ഒരു ബന്ധത്തിൽ നമുക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം, ആ ബന്ധത്തിൽ ഇതിനകം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളെയും തിരിച്ചറിയാൻ കഴിയണം. അതുപോലെ പങ്കാളിക്ക് നമ്മിൽനിന്ന് ലഭിക്കാത്തത് എന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കണം.

ദാമ്പത്യത്തിലെ സന്തോഷം നിലനിർത്താൻ സ്‌നേഹം മാത്രം മതിയാകണമെന്നില്ല. പരസ്പര പരിഗണനയും വൈകാരിക അടുപ്പവും ലൈംഗികസംതൃപ്തിയും വിശ്വാസവും വ്യക്തിപരമായ ഉത്തരവാദിത്തബോധവുമെല്ലാം അതിൽ പ്രധാനമാണ്.

ഒടുവിൽ ഓരോരുത്തരും സ്വയം ചോദിക്കേണ്ട രണ്ടു ചോദ്യങ്ങളുണ്ട്.

എന്റെ പങ്കാളിയിൽനിന്ന് എനിക്ക് എന്തൊക്കെയാണ് ലഭിക്കാത്തത്?

അതേസമയം, ആ പങ്കാളി എന്റെ ജീവിതത്തിന് നൽകിക്കൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളെ ഞാൻ എത്രത്തോളം തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്?

ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് പല ദാമ്പത്യബന്ധങ്ങളിലെയും തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള തുടക്കമായേക്കാം. കാരണം, ദാമ്പത്യത്തിലെ സന്തോഷം നഷ്ടപ്പെടുന്നത് ചിലപ്പോൾ ഇല്ലാത്ത കാര്യങ്ങൾകൊണ്ടു മാത്രമല്ല; നമുക്കുള്ളതിന്റെ മൂല്യം തിരിച്ചറിയാതെ പോകുന്നതുകൊണ്ടുകൂടിയാണ്.