ജീവിതം വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമവഴികളിലെ ചുടുകല്ലുകളില്‍ ചവിട്ടി ദൂരേക്ക് ദൂരേക്ക് പോകുന്നകരിനീല കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കാണുന്നു. ഒളിച്ച് കളിക്കാന്‍ അവള്‍ക്കൊരു ഇടം വേണം. ഒറ്റയ്ക്ക് കളിക്കുമ്പോള്‍ ജയത്തിന്റെ ആരവങ്ങളില്ല. തോറ്റതിന്റെ അപമാനവുമില്ല. ഉള്ളത് കളിക്കുന്നു എന്ന ബോധ്യം മാത്രം. എന്നാല്‍ പൊടുന്നനെ അവള്‍ ആകാശത്തേക്കുയരുന്നു. ഇതും ഒരു കളിയാണോ എന്ന് അവള്‍ ആശ്ചര്യപ്പെടുന്നു. താഴേക്ക് താഴേക്ക് നോക്കുന്നു. മണ്‍പരപ്പില്‍ മൂര്‍ച്ചയേറിയ കല്ലുകള്‍ക്ക് മുകളിലൊരു പുല്‍മെത്ത. പകുതി ദുഃഖത്താലും പകുതി സന്തോഷത്താലും അവള്‍ തേങ്ങിക്കരയുന്നു. ഇടക്കെപ്പോഴോ ശബ്ദം നഷ്ടമാകുന്നു. വീണ്ടും ശബ്ദം തിരിച്ചുകിട്ടുന്നു. കുട്ടിക്കളിയിലെ അര്‍ത്ഥമില്ലാത്തൊരു പാട്ട് അവള്‍ പാടുന്നു.
അക്കുത്തിക്കുത്താനവരമ്പേ കല്ലേ കൊത്ത് കരിങ്കൊത്ത്. ചീപ്പ് വെള്ളം താറാമക്കടെ കയ്യേലൊരു വാങ്ക്. എന്തും പൂവ്? മുരിക്കും പൂവ്. ചോദ്യവും ഉത്തരവുമുള്ള കുട്ടിപ്പാട്ടിന്റെ അവസാനത്തിലെത്തുമ്പോള്‍ അപ്രത്യക്ഷമാകുന്ന ഒരാളുടെ മനസ്സിലെ ഓർമകളും പുതിയത് നേരിടാനുള്ള പരിചയവുമായി അവള്‍ യൗവ്വനത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. ഇനിയും എഴുതാനുണ്ടല്ലോ എന്ന ഓർമപ്പെടുത്തലോടെ അവള്‍ എന്നെ നോക്കുന്നു..

To advertise here,

അന്ന് ഞാന്‍ ബെംഗളൂരുവിലായിരുന്നു. ജീവിതത്തില്‍ പൊടുന്നനെ അണിഞ്ഞ വ്യത്യസ്തമായ വേഷത്തിന്റെ ഉത്തരവാദിത്ത്വങ്ങളും പേറി സത്യാ ഗ്ലോബല്‍ സിറ്റിയുടെ കവാടത്തില്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്.
'ഹലോ ജസീനയല്ലേ'
'അതേ ആരാണ്'
'ഞാന്‍ മാതൃഭൂമിയില്‍ നിന്നും നൗഷാദാണ്'

മറുതലക്കലെ ശബ്ദം മനസ്സിലാക്കിയതും ഒരു നിമിഷം എന്റെ ശബ്ദം ഒച്ചയില്ലാതെ വിറച്ചു. എന്തോ നല്ലത് സംഭവിക്കാന്‍ പോകുന്നതിന്റെ തുടക്കമാവാം ഈ വിളി. മനസ്സ് പറഞ്ഞു.
ചുറ്റിനും വിറയാര്‍ന്ന് പരക്കുന്ന പ്രകാശം. അത് സര്‍ഗാത്മകതയുടേത് തന്നെയാണ്. ജീവിതത്തില്‍ അണിയേണ്ടി വന്ന വേഷങ്ങള്‍ പലതുമുണ്ടെങ്കിലും അകം നിറഞ്ഞ് സന്തോഷിക്കുന്നത് അക്ഷരങ്ങളോട് കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭങ്ങളിലാണ്. വായനക്കിടയില്‍ ദൈവത്തെ കണ്ടെത്തിയ നിമിഷങ്ങളെ കൂട്ടി വെച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നൗഷാദ് സാര്‍ ഒരു പുസ്തകം ചെയ്തിരുന്നു. ദൈവമേ നീ ആരുടെ തോന്നലാണ്? ഒരു ചോദ്യചിഹ്നത്തോടെ അവസാനിക്കുന്ന പേരാണ് ആ പുസ്തകത്തിലേക്ക് ആദ്യമായി എന്നെ അടുപ്പിച്ചത്.
ആത്മീയമായും തത്ത്വചിന്താപരമായും എന്നില്‍ പ്രഭാവം ചെലുത്തിയ ഒരു പുസ്തകമായിരുന്നു അത്. വിളിച്ചത് എന്തിനെന്നറിയാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പുസ്തകത്തെ ക്കുറിച്ചായിരുന്നു. ഞാന്‍ പറഞ്ഞതൊക്കെയും ഏതാനും മിനിറ്റുകള്‍ കേട്ടതിനുശേഷം ഞാന്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ എഴുതിക്കൊണ്ടിരുന്ന മറുപുറം എന്ന പംക്തി മാതൃഭൂമി ബുക്‌സ് പുസ്തമാക്കുന്നു എന്ന് അറിയിച്ച് സംസാരം അവസാനിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ വായിച്ച ഓസ്ട്രിയന്‍ കവിയായ റെയ്നര്‍ മരിയ റില്‍ക്കെയുടെ ഏതാനും വരികള്‍ മനസ്സിലേക്ക് വന്നു. ദൈവമേ ഞാന്‍ മരിച്ചാല്‍ എന്ന കവിതയിലെ
ഞാനഥവാ മരിച്ചു പോയാല്‍, എന്തു ചെയ്യും നീ ദൈവമേ?
ഞാന്‍, നിന്റെ മണ്‍കൂജ, വീണുടഞ്ഞാല്‍?
ഞാന്‍, നിന്റെ പാനീയം, പുളിച്ചു പോയാല്‍?
റില്‍ക്കയുടെ വരികള്‍ പോലെ,
ദൈവമേ ഞാനില്ലാതായാല്‍ ?
പെട്ടന്നവസാനിക്കാത്ത സ്വപ്നം
പോലെ, ഒരു പുസ്തകം കൂടി...
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത. വായിക്കാമോ തുറക്കാമോ എന്ന് മുന്നിലെത്തുന്നഒരോ മനുഷ്യരോടും മിണ്ടുന്ന പുറംചട്ടയുള്ളൊരു പുസ്തകം ആ യാത്രക്കിടയില്‍ ഞാന്‍ സങ്കല്‍പ്പിച്ചു. ട്രെയിനിന്റെ ജാലകക്കാഴ്ചകള്‍ക്കും പതിവിലുമേറെ മനോഹാരിത. ആഹ്ലാദത്തിന്റെ ഉദ്യാനങ്ങള്‍. പച്ചക്കൊടുമുടിക്ക് മേല്‍ നൃത്തം വെയ്ക്കുന്ന വെളുത്ത മേഘങ്ങള്‍. അസ്തമയ സൂര്യന്റെ വലിയ ചുവന്ന വട്ടം ചക്രവാളത്തിലേക്ക് താഴ്ന്നു പോകാതെ ശാന്തവും ദ്യഢവുമായ ഒരുഉറക്കത്തിലേക്ക് വഴുതുന്നത്വരെ എന്റെ നെറുകില്‍ കത്തി നിന്നു. മുന്‍പും എന്റെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് പ്രസാധകരെ ഞാന്‍ തേടി കണ്ടുപിടിക്കുകയായിരുന്നു. പുസ്തക സംബന്ധമായി എന്നെ തേടി ആരെങ്കിലും സമീപിക്കുമെന്ന് വിദൂര ചിന്തയില്‍ പോലും ഇല്ലാതിരുന്നതിനാലാവണം അപ്രതീക്ഷിതമായി എത്തിയ ഒരു ഫോണ്‍ കോള്‍ എന്നെ അത്രയധികം ആവേശഭരിതയാക്കിയത്.

ജീവിതത്തിന് അനന്തമായ നിറങ്ങളാണ്! അനുഭവങ്ങളുടെ കാഠിന്യമനുസരിച്ച് നിറങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. സ്നേഹത്തിന്റെ പച്ച, സന്തോഷത്തിന്റെ മഞ്ഞ, ദുഃഖത്തിന്റെ നീല, പ്രതീക്ഷയുടെ വെള്ള. അങ്ങനെ അങ്ങനെ നീളുന്ന വര്‍ണങ്ങള്‍.

മറുപുറത്തിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മറുപുറം എന്ന പംക്തി എഴുതിത്തുടങ്ങിയതില്‍ പിന്നെ എന്റെ ജീവിതത്തിലും പല നിറങ്ങളുമുണ്ടായി. അറിയാത്ത മനുഷ്യരുടെ അകമഴിഞ്ഞ സ്നേഹം ഒരോ ദിവസങ്ങളിലേക്കും പടര്‍ന്നുകയറുന്ന വള്ളിച്ചെടി പോലെ എന്നെ ചുറ്റിവരിഞ്ഞു. നോട്ടിഫിക്കേഷനായി മെയില്‍ ഫോള്‍ഡറില്‍ കത്തിനിന്ന ഒരോ ചുവന്ന വട്ടവും ഒരോ ഹൃദയമാണെന്ന് ഞാന്‍ വിശ്വസിച്ചു. മെയിലുകള്‍ തുറക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ നിന്നും ഒരോ സൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്ന് വന്നു. പല മനുഷ്യരുടേയും സന്താപങ്ങളും സന്തോഷങ്ങളും പ്രതീക്ഷകളും ഗൃഹാതുരത്വവുമൊക്കെ നിറഞ്ഞ കുറിപ്പുകള്‍ വായിച്ചുകഴിയുമ്പോള്‍ ഞാനും അവരിലൊരാളായി. അത് നല്‍കിയ ആത്മവിശ്വാസം ദിവസങ്ങളെ കൂടുതല്‍ ഉത്സാഹഭരിതമാക്കി.

പുസ്തകത്തിന്റെ അവസാന ഘട്ടത്തിലാണ് ബ്ലര്‍ബിനെക്കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങിയത്. അത് കുറിപ്പുകള്‍ പൂര്‍ണമായും വായിച്ച ഒരാളില്‍ നിന്നാവണം എന്ന ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് കടന്ന് വന്നത് സച്ചി മാഷിന്റെ മുഖമാണ്. കവി സച്ചിദാനന്ദന്‍.

ഒരിക്കല്‍ പോലും സച്ചിമാഷിനോട് ഞാന്‍ സംസാരിച്ചിട്ടില്ല. നേരിട്ട് കണ്ടിട്ടുമില്ല. അദ്ദേഹത്തിന്റെ ചില കവിതകളിലെ ധൈഷണിക ചായ്‌വുകള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പലയാവര്‍ത്തി വായിച്ച കവിതകളുടെ പരിചയത്തില്‍ ഇടയ്‌ക്കൊക്കെ മെസേജുകളായി അഭിപ്രായം അറിയിക്കാറുണ്ടായിരുന്നു. ആ പരിചയത്തില്‍, മാതൃഭൂമി ഡോട്ട് കോമില്‍ വരുന്ന മറുപുറം പംക്തി പതിവായി ഞാന്‍ മാഷിന് അയച്ച് കൊടുക്കാറുണ്ടായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച മറുപടിയുടെ ധൈര്യത്തില്‍ പുസ്തകത്തിന് ബ്ലര്‍ബ് നല്‍കുമോ എന്ന് വോയിസ് മെസ്സേജ് അയച്ച് മറുപടിക്കായി കാത്തിരുന്നു. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തില്‍ നിന്നും അനുകൂലമായ മറുപടി ലഭിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്തും സച്ചി മാഷ് പുസ്തകത്തിന് വേണ്ടി എഴുതി നല്‍കിയ വാക്കിന്റെ തുള്ളികള്‍ ഒരു കടലോളം പോന്ന ആഴമായി തൊടുമ്പോള്‍ മനുഷ്യനായിരിക്കുക എന്നത് എത്ര നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. കാരണം അതിന് പിന്നില്‍ മാഷ് പോലും അറിയാത്തൊരു കഥയുണ്ട്.

ഓണ്‍ലൈന്‍ മാഗസിനിലുമൊക്കെ ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങിയ സമയമായിരുന്നു അത്. അന്ന് നാട്ടിലെ സാഹിത്യ പരിപാടിയില്‍ അതിഥിയായി വന്ന് പരിചയപ്പെട്ട സാഹിത്യ മേഖലയിലുള്ള വ്യക്തിക്ക് മാഗസിനില്‍ വന്ന കവിതകളിലൊന്ന് അയച്ച് കൊടുത്തു. ഭാവിയില്‍ ഒരു പുസ്തകത്തിന് അവതാരിക നല്‍കേണ്ടി വരുമോ എന്ന ഭയത്താലാവണം കവിതയ്ക്ക് മറുപടിയായി ലഭിച്ച സച്ചി മാഷ് ആയിടെ അവതാരിക നല്‍കുന്നതുമായി സംബന്ധിച്ച് നടത്തിയൊരു സംഭാഷണത്തിന്റെ യൂട്യൂബ് ലിങ്കായിരുന്നു.

placeholder
സുധീർ പെരുമ്പിലാവ്, ജസീന റഹീം, രമ്യ തുറവൂർ, അനൂപ് ദാസ് എന്നിവർ കനകക്കുന്നിൽ നടന്ന മാതൃഭൂമി അക്ഷരോത്സവത്തിൽ

മറുപുറം എഴുതി പൂര്‍ത്തിയാക്കി പുസ്തകത്തിനായി കാത്തിരിക്കുമ്പോഴാണ് നൗഷാദ് സാറില്‍ നിന്നും പിന്നീടും വിളി വന്നത്. തിരുവനന്തപുരത്ത് കനക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു സെഷനുമുണ്ട്. പച്ചയായ ജീവിതം പച്ചയായ എഴുത്ത് എന്ന സെഷനില്‍ സുധീര്‍ പെരുമ്പിലാവും രമ്യ തുറവൂരും പങ്കെടുക്കുമെന്നും അനൂപ് ദാസ് മോഡറേറ്ററാകുമെന്നും പിന്നീട് അറിഞ്ഞു. എന്നെ സംബന്ധിച്ച് അതും അത്ഭുതം നിറഞ്ഞ ഒരു വാര്‍ത്ത ആയിരുന്നു. കാരണം, 'ക'യുടെ കഴിഞ്ഞ അഞ്ച് എഡിഷനുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. നാല് ദിവസങ്ങളായി നടക്കുന്ന അക്ഷരോത്സവത്തില്‍ ഏതെങ്കിലും ഒരു ദിവസമെങ്കിലും പങ്കെടുക്കണമെന്നത് ഒരു നിര്‍ബന്ധം പോലെ എന്നെ പിടികൂടിയിരുന്നു. അതിനാല്‍ സമയം കണ്ടെത്തി 'ക' യുടെ വാതിലില്‍ എത്തുമ്പോഴേ ഹൃദയം ആര്‍ദ്രമാകും. ചുറ്റിനും സാഹിത്യത്തിന്റെ മണമുള്ള കാറ്റ്. എഴുത്തുകാരും വായനക്കാരും പുസ്തകങ്ങളും ഒന്നായി നിറയുന്ന അനുഭവം. കഴിഞ്ഞ 'ക' യിലും ഞാന്‍ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന കാലത്തിലേക്ക് ഓര്‍ത്തു വെക്കുന്നതിനായി എന്ന പോലെ ഒരു അനുഭവം എന്നെ അന്ന് അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

രാവിലെ പത്തിന് തിരുവനന്തപുരത്ത് ഇറങ്ങി ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള ട്രെയിനില്‍ തിരിച്ചുപോകാം എന്ന് പദ്ധതിയിട്ടാണ് അന്നെത്തിയത്. ഓടി നടന്ന് എല്ലാ വേദികളും കയറിയിറങ്ങി. ചില സെഷനുകളുടെ ആദ്യം കണ്ടു. ചിലതിന്റെ അവസാനവും. ഇടയ്ക്ക് എഴുത്തുകാരനായ ഇ സന്തോഷ്‌കുമാറിനെ കണ്ടു. പരിചയപ്പെട്ടു. ധ്യതിയില്‍ കുറച്ച് പുസ്തകങ്ങള്‍ വാങ്ങി മടങ്ങാനൊരുങ്ങുമ്പോഴാണ് ബെന്യാമിന്‍ സ്പീക്കേഴ്സ് ലോഞ്ചിലേക്ക് കയറിപ്പോകുന്നത് കണ്ടത്. എനിക്കൊപ്പമുണ്ടായിരുന്ന ഭാഷാ വിദ്യാര്‍ഥി അന്‍സി വാങ്ങിയ പുസ്തകങ്ങള്‍ക്ക് ബെന്യാമിന്റെ കൈയൊപ്പ് എന്ന ആഗ്രഹം പറഞ്ഞു. എന്നാ പിന്നെ ഇപ്പം തന്നെ ഞാന്‍ വാങ്ങിത്തരാമെന്നും പറഞ്ഞ് അവളുടെ കൈയും പിടിച്ച് ബെന്യാമിന്റെ പുറകെ സ്പീക്കേഴ്സ് ലോഞ്ചിലേക്ക് കയറാന്‍ തുടങ്ങിയതും വാതില്‍ക്കല്‍ നിന്ന സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞു. അപ്പോഴാണ് അത് സ്പീക്കേഴ്സ് ലോഞ്ചാണന്നും എല്ലാവര്‍ക്കും പ്രവേശനമില്ലന്നും അറിഞ്ഞത്. പിന്നീട് ബെന്യാമിനും ബ്ലെസിയുമൊക്കെ ചേര്‍ന്ന സെഷന് തൊട്ടു മുന്‍പ് വേദിയിലെത്തി പുസ്തകത്തില്‍ ഒപ്പിട്ട് വാങ്ങി മടങ്ങുമ്പോള്‍ അടുത്ത എഡിഷന് വരുമ്പോള്‍ വൈകുന്നേരം വരെ നില്‍ക്കണമെന്ന് ഞാനും അന്‍സിയും ചേര്‍ന്ന് പദ്ധതിയിട്ടു.

placeholder
സുധീർ പെരുമ്പിലാവ്, രമ്യ തുറവൂർ ബിന്ദു എന്നിവർക്കൊപ്പം മാതൃഭൂമി അക്ഷരോത്സവവേദിയിൽ

ഏതാനും മാസങ്ങള്‍ക്കുശേഷം ആറാമത്തെ എഡിഷനിലും ഞാനെത്തി. എനിക്കൊപ്പം ബിന്ദുവും യമുനടീച്ചറും സീനത്തുമുണ്ടായിരുന്നു. അകത്തേക്ക് കടക്കുമ്പോള്‍ 'ക'യുടെ കവാടത്തില്‍ എന്റെ മുഖം കണ്ടു. കുറഞ്ഞ നാളുകള്‍ കൊണ്ട് അപ്രതീക്ഷിതമായി എഴുതിത്തുടങ്ങിയ കുറിപ്പുകള്‍. വളരെ പെട്ടന്നൊരു പുസ്തകം. മുളക്കൂട്ടത്തിനരികിലുള്ള മനോഹരമായ വേദിയില്‍ പുസ്തക പ്രകാശനം. 'ക'യുടെ സെഷനില്‍ സംസാരിക്കാനൊരു അവസരം. കൂടാതെ 'ക'യുടെ ആറാം എഡിഷനിലെ പുസ്തകത്തെക്കുറിച്ചുള്ള സംസാരം തുടങ്ങിയത് സുധീര്‍ പെരുമ്പിലാവും ഞാനും ചേര്‍ന്ന സെഷനിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. പുസ്തകത്തിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ കണ്ഠമിടറി, വാക്കുകള്‍ മുറിഞ്ഞു. ഭൂതകാലത്തിന്റെ പൊള്ളുന്ന പാതകള്‍ വാക്കുകളിലൂടെ മറികടക്കാന്‍ കുറച്ച് സമയത്തേക്ക് സംസാരം നിര്‍ത്തിവെക്കേണ്ടി വന്നു. സ്പീക്കേഴ്സ് ലോഞ്ചിലേക്ക് ആതിഥേയത്വം സ്വീകരിച്ച് കടക്കുമ്പോള്‍ ജീവിതത്തിന്റെ നിശ്ചിത ഭാഗങ്ങളും അത്ഭുതങ്ങള്‍ തന്നെയാണല്ലോ എന്ന് വീണ്ടും ഓര്‍ത്തു. 'ക'യിലും ഒതുങ്ങാത്ത അത്ഭുതങ്ങള്‍ ഒരു പുസ്തകത്തിലൂടെ വീണ്ടും നീണ്ടു.

placeholder
യമുന , സീനത്ത് സുധീർ , അംജിത ക യിൽ

'ക'യും പുസ്തക പ്രകാശനവുമായൊക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ഫാമിലി ഗ്രൂപ്പില്‍ പങ്കുവെക്കുമായിരുന്നു. സംഭവങ്ങളെല്ലാം കണ്ടപ്പോള്‍ ഉമ്മിച്ചയുടെ അനുജത്തി നസി കൊച്ചുമ്മയ്ക്ക് ഞാനൊരു സെലിബ്രിറ്റി ആയെന്ന് തോന്നി. പുള്ളിക്കാരി എന്നെ ഫോണ്‍ ചെയ്തു. നീയ്യ് വല്യ സെലിബ്രിറ്റിയായിപ്പോയല്ലോ എന്ന് പറഞ്ഞായിരുന്നു സംസാരത്തിന്റെ തുടക്കം. അങ്ങനെയൊന്നുമില്ല കൊച്ചുമ്മാ...  ഞാന്‍ വിനീതയായി.'അങ്ങനെയൊന്നും നീ പറയല്ല്. നീ എഴുതിയത് കൊറച്ചൊക്കെ ഞാന്‍ വായിച്ചു. നീമുട്ടനുമ്മയെക്കുറിച്ചെഴുതി. മഹ്റൂവിക്കായെക്കുറിച്ച് എഴുതി. അങ്ങനെ സകലമാന ആള്‍ക്കാരെക്കുറിച്ചും എഴുതി. നീ ഒരാളെക്കുറിച്ച് കൂടി എഴുതണം സാവിത്രിഎന്നാ അവരുടെപേര്. നീ അത്യാവശ്യവായിട്ട് ഇവിടെ വരെ വരികേം വേണം.' ആകെ ട്വിസ്റ്റ് കലര്‍ത്തിയാണ് കൊച്ചുമ്മായുടെ സംസാരം. സംഗതിയൊട്ടും എനിക്ക് പിടികിട്ടിയതുമില്ല. കൊച്ചുമ്മായുടെ വിളി തുടര്‍ന്നു. നീയ് സെലിബ്രിറ്റിയാ നിനക്ക് ചിലത് ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞായിരുന്നു ഒരോ സംസാരത്തിന്റേയും തുടക്കം. അങ്ങനെ ഒരു ദിവസം കണ്ണനല്ലൂരിലുള്ള കൊച്ചുമ്മയുടെ വീട്ടില്‍ ഞാന്‍ പോയി. മുട്ടനുമ്മയെ കണ്ടു. അവിടെ കൊച്ചുമ്മ ഒരോ വിളികള്‍ക്കിടയിലും ഓർമപ്പെടുത്തിക്കൊണ്ടിരുന്ന സാവിത്രി അക്കയും ഉണ്ടായിരുന്നു. 'ഇതെന്റെ ചേട്ടത്തിയുടെ മോള് സെലിബ്രിറ്റിയാ, എന്ത് വിചാരിച്ചാലും നടക്കും. 'കൊച്ചുമ്മ സാവിത്രി അക്കയ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് കൊച്ചുമ്മ തന്നെ ഒരു ഓട്ടോ വിളിച്ച് വരുത്തി എന്നെയും കൂട്ടി സാവിത്രി അക്കയുടെ വീട്ടിലേക്ക് പോയി. കുറേ ഇടവഴികളൊക്കെ കറങ്ങി ഓട്ടോ സാവിത്രി അക്കയുടെ വീടിന് മുന്നിലെത്തി. വാടക വീടാണ്. പകുതി പൊളിഞ്ഞ് കിടക്കുന്നൊരു വീട്. ഓട്ടോയുടെ ശബ്ദം കേട്ടതും വീടിനകത്ത് നിന്നും മുപ്പതോളം വയസ്സും ഒന്നോ രണ്ടോ വയസ്സുള്ള കുട്ടികളുടെ ബുദ്ധിയുമായി ഒരു യുവതി ഇറങ്ങിവന്നു. എന്നെ കണ്ട് ഓടി വന്നവള്‍ കെട്ടിപ്പിടിച്ചു. മോളേ എന്ന് വിളിച്ചുള്ള വാതോരാതെയുള്ള സംസാരം. അവള്‍ പലതും പറഞ്ഞു. കൂട്ടത്തില്‍ ഒരു വീട് എന്ന ആഗ്രഹവും. 'എനിക്കൊരു വീട് വെച്ച് തരുവോ ചോരാത്ത വീട്'. ഇടയ്ക്കിടക്ക് അവള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. മകളുടെ വര്‍ത്തമാനം കേട്ട് കാന്‍സര്‍രോഗി കൂടിയായ സാവിത്രി അക്ക കരഞ്ഞു. 'ഞാന്‍ മരിച്ചാലും എന്റെ കുഞ്ഞിന് എന്തേലും വേണം. മൂന്നു സെന്റ് വസ്തുവൊണ്ടെങ്കീ വീട് വെക്കാന്‍ സഹായിക്കാമെന്ന് പഞ്ചായത്തീന്ന് പറഞ്ഞു'. പക്ഷേ ഞങ്ങക്ക് വസ്തു ഇല്ലല്ലോ'. സാവിത്രി അക്കയുടെ കണ്ണുനീര്‍ എന്റെ കവിളിലും ചാലുകളായി. മറ്റൊന്നും ചിന്തിക്കാതെ വസ്തു വാങ്ങി നല്‍കാം എന്ന് ഞാന്‍ ഉറപ്പ് നല്‍കി. തിരിച്ച് വരുമ്പോള്‍ അമ്മയുടേയും മകളുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം കണ്ടു. എനിക്ക് എന്ത് ചെയ്യണമെന്ന ആശങ്കയും.

placeholder
കൊല്ലം ഗവ മോഡൽ ഹൈസ്ക്കൂളിലെ വിദ്യാർഥികൾ

സാവിത്രി അക്കയെ ഓർമപ്പെടുത്തിയുള്ള കോള്‍ മിക്ക ദിവസങ്ങളിലും നസി കൊച്ചുമ്മയില്‍ നിന്നും വന്നു കൊണ്ടിരുന്നു. ഒരു പരിഹാരമുണ്ടാക്കാമെന്ന് ഞാനും പറഞ്ഞ് കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൊല്ലം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ ഷാജഹാന്‍ സാറിന്റെ വിളി വരുന്നത്. പുതിയ പുസ്തകത്തെ ക്കുറിച്ചുള്ള അന്വേഷണത്തിനൊക്കെ ശേഷം സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിലേക്ക് അതിഥിയായിഎന്നെ ക്ഷണിച്ചു. 1875 ല്‍ അയില്യം തിരുനാള്‍ രാമവര്‍മ്മയാല്‍ സ്ഥാപിതമായ ചരിത്ര പ്രധാന്യമുള്ള സ്‌കൂളാണ്. ആദ്യത്തെ പെണ്‍പള്ളിക്കൂടമെന്ന ഖ്യാതിയാലും അറിയപ്പെടുന്ന സ്‌കൂളാണ്. പ്രോഗ്രാമിന് പോകാനായി തയ്യാറെടുക്കുന്നതിനിടയ്ക്കും കൊച്ചുമ്മയുടെ കാള്‍ വന്നു. നിനക്ക് ഈസിയായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണന്ന് പിന്നെയും എന്നെ ഓർമിപ്പിച്ചു. കുറച്ച് ദിവസങ്ങളായി ഒരു വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി എന്ത് ചെയ്യാന്‍ പറ്റും എന്ന അന്വേഷണങ്ങളിലായിരുന്നു ഞാനും. സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും ഒരു വീടെന്ന ചിന്തയില്‍ മനസ്സ് അലഞ്ഞുകൊണ്ടേയിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞ് വിഷയം ഷാജഹാന്‍ സാറിന്റെ മുന്‍പില്‍ ഞാന്‍ അവതരിപ്പിച്ചു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫാമിലി ഗ്രൂപ്പില്‍ തന്നെയുള്ളവരും സാറുമൊക്കെ ചേര്‍ന്ന് അവര്‍ കണ്ടുവെച്ചിരുന്ന വീടിന് അഡ്വാന്‍സ് നല്‍കി കരാറെഴുതി. വിഷയം ഷാജഹാന്‍ സാര്‍ പലരോടും പറഞ്ഞു ഒരു വീടെന്ന സ്വപ്നത്തിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. അതിന് കാരണമായത് ഒരു പുസ്തകത്തിലൂടെ എന്നെ സെലിബ്രിറ്റിയാക്കിയ കൊച്ചുമ്മയും.

പുതിയ പുസ്തകം ഉമ്മിച്ചയേയും ഏറെ സന്തോഷിപ്പിച്ചു. പുസ്തകത്തിന്റെ സമര്‍പ്പണമായി കുറിച്ചിട്ട വാക്കുകളെക്കുറിച്ച് പറഞ്ഞ് ഉമ്മിച്ച ഹൃദയം നിറഞ്ഞ് ചിരിച്ചു. മഴയിലാടുന്ന കുഞ്ഞുപുഴുവിന്റെ
നനവുള്ള സന്തോഷത്തോടെ ആ നിമിഷങ്ങളെ അപ്പോള്‍ ഞാന്‍ ചേര്‍ത്ത്പിടിച്ചു. പുസ്തകം മുഴുവനായി വായിച്ചതിന് ശേഷവും ഉമ്മിച്ചയുടെ വിളി വന്നു. 'എന്റെ മോളേ നിനക്ക് ഇപ്പോഴും എല്ലാം ഓർമയുണ്ടല്ലേ 'എന്ന് പറഞ്ഞ് കരഞ്ഞു. അപ്പോള്‍ ഉമ്മിച്ചയുടെ സന്തോഷത്തില്‍ ഉണ്ടെന്നുറപ്പുള്ള സ്നേഹത്തിനുള്ളില്‍ ഞാനൊരുമുകിലായി ഉയര്‍ന്നു. ഓർമകളിലൂടെ തളിര്‍ക്കുന്ന ഒരു കാട് കൂടിയാണല്ലോ ജീവിതം....