വിധിയുടെ സങ്കല്‍പവൈഭവത്താല്‍ മാറിപ്പോയ ജീവിതമായിരുന്നു എന്റെ പപ്പയുടേത്. ഒന്നര വയസില്‍ പപ്പയുടെ ഉമ്മ മരിച്ചതോടെ ഏറെക്കുറെ അനാഥമായ ജീവിതത്തില്‍ ഉമ്മുമ്മ (വാപ്പയുടെ ഉമ്മ) താങ്ങായെങ്കിലും മൂത്ത രണ്ട് സഹോദരന്‍മാരുള്‍പ്പെടെ മൂന്നുകുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന സാഹചര്യമില്ലാത്തതിനാല്‍ പപ്പ പൂര്‍ണമായും ഉമ്മുമ്മയുടെ സംരക്ഷണത്തിലും മൂത്ത സഹോദരന്‍മാര്‍ ബന്ധുവീടുകളിലായിട്ടും ഒക്കെയാണ് വളര്‍ന്നുവന്നത്. പപ്പയ്ക്ക് രണ്ടര വയസുള്ളപ്പോള്‍ പപ്പയുടെ വാപ്പ മറ്റൊരു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുമായി അടുപ്പത്തിലാവുകയും അതിനെ തുടര്‍ന്ന് നാട്ടില്‍ പ്രശ്നങ്ങളാവുകയും ചെയ്തപ്പോള്‍ അവരുമായി ഒളിച്ചോടി ഏതോ മലമ്പ്രദേശത്ത് കുറച്ചുനാള്‍ താമസിക്കുകയും പിന്നീട് കുപ്പായമിട്ട് ഇസ്ലാം മതം സ്വീകരിപ്പിച്ച് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു. അങ്ങനെ പപ്പയ്ക്ക് ഇളയവരായി മൂന്ന് സഹോദരങ്ങള്‍ കൂടി പിറന്നു.

To advertise here,

രണ്ടാനമ്മ എന്ന പേരിനെ ഏതര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കുംവിധം ജീവിതം കൂടുതല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായതോടെ എട്ടോ ഒന്‍പതോ വയസുമുതലേ കശാപ്പുശാലയിലും മറ്റും പപ്പ ജോലിക്ക് പോയിത്തുടങ്ങി. ഏക ആശ്രയമായിരുന്ന പപ്പയുടെ ഉമ്മുമ്മ കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീയായിരുന്നു. വിമ്മിട്ടം മാറാനായി എല്ലാ രാത്രികളിലും സ്ഥിരമായി അവര്‍ കറുപ്പ് എന്ന ലഹരിപദാര്‍ത്ഥം ഉപയോഗിച്ചിരുന്നു. ജോലി ചെയ്ത് കിട്ടുന്ന പൈസയ്ക്ക് എല്ലാ വൈകുന്നേരങ്ങളിലും ഉമ്മുമ്മയ്ക്ക് കറുപ്പ് വാങ്ങിക്കൊണ്ട് വരണമെന്ന നിബന്ധന പപ്പയുടെ ജീവിതത്തെ കൂടുതല്‍ കഠിനമാക്കി. കറുപ്പില്ലാതെ വീട്ടിലെത്തുന്ന ദിവസങ്ങളില്‍ അവര്‍ വല്ലാതെ ബഹളംവെക്കുകയും ശരീരോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. മറ്റെങ്ങോട്ടും ഓടിപ്പോകാന്‍ കഴിയാതെ ഒന്‍പത് വയസുകാരന്‍ ഇരുട്ടിലേക്ക് നോക്കി പകച്ചിരുന്ന രാത്രികളില്‍ ചന്ദ്രന്റെ മേലാപ്പിന് കീഴില്‍ ഓര്‍മയിലില്ലാത്ത ഉമ്മയുടെ മുഖം ആശ്വാസവാക്കുകളുമായി തെളിഞ്ഞ് വന്നു. 

സമപ്രായക്കാര്‍ സ്‌കൂളിലേക്ക് പഠിക്കാന്‍ പോകുന്നത് നിറകണ്ണുകളോടെ കണ്ടിരുന്ന ആ കാലത്ത് സ്വന്തമായി അക്ഷരങ്ങള്‍ പഠിച്ചെടുക്കുകയും കയ്യില്‍ കിട്ടുന്നതെന്തും വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വളരെ ചെറിയ പ്രായത്തിലേ കശാപ്പുശാലയിലെ ചുമടെടുപ്പ് കാരണം വന്നുചേര്‍ന്ന് ചെറിയ കൂനിലും തല നിവര്‍ത്തി നടക്കുമ്പോള്‍ അക്ഷരങ്ങളിലൂടെ കൈവന്ന ആത്മവിശ്വാസം മാംസപേശികളെ കൂടുതല്‍ ദ്യഢമാക്കുകയും എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണമെന്ന ആഗ്രഹത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. കശാപ്പുശാലയില്‍ ചുമടെടുത്തും വീട്ടിലെ പീഡനങ്ങള്‍ സഹിച്ചും പിന്നെയും മുന്നോട്ട് പോകുമ്പോള്‍ അറവുമാടുകളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത തന്റെ ജീവിതത്തെക്കുറിച്ച് പപ്പ കൂടുതല്‍ ബോധവാനാവുകയും, യാഥാര്‍ഥ്യങ്ങളില്‍ നിന്നും അന്യമായ വിദൂര മേച്ചില്‍പ്പുറങ്ങള്‍ തേടി മനസ്സ് അലയുകയും ചെയ്തു.

പതിനഞ്ച് വയസ്സ് പിന്നിട്ടപ്പോള്‍ പപ്പയ്ക്കുവേണ്ടി വീട്ടില്‍ വിവാഹം ആലോചിക്കാന്‍ തുടങ്ങി. ഇത് പപ്പയെ പരിഭ്രാന്തനാക്കി. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചതിനെ തുടര്‍ന്ന് ആലോചനയുമായി തെക്കുനിന്നും ഒരു പെണ്ണിന്റെ കൂട്ടര്‍ വീട്ടില്‍ വന്ന ദിവസം വീടിന് പിന്നില്‍ തന്നെയുള്ള ഒരു കുളത്തിന്റെ മറവു പറ്റി വൈകുന്നേരം വരെ പാത്തിരിക്കുകയും ഇരുട്ട് പരന്നപ്പോള്‍ ഓലകെട്ടിയമ്പലത്തിലുള്ള സഹദേവന്‍ എന്ന കൂട്ടുകാരനെയും ഒപ്പം കൂട്ടി എന്നെന്നേക്കുമായെന്ന പോലെ രണ്ടാംകുറ്റിയെന്ന നാടുവിട്ട് പപ്പ ഒളിച്ചോടി പോവുകയും ചെയ്തു. എവിടെ പോകണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയാതെ കായംകുളം റെയില്‍വേസ്റ്റേഷനില്‍ പകച്ച് നിന്നപ്പോള്‍ മുന്നില്‍ വന്നുനിന്ന ട്രെയിനിലേക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ കയറി. 

ട്രെയിന്‍ ചെന്നുനിന്ന അവസാന സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ നേരം പുലര്‍ന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കോയമ്പത്തൂര്‍ എന്നെഴുതിവെച്ച ബോര്‍ഡിന് മുന്നില്‍ ഇനിയെന്ത്?, എന്ന ചോദ്യത്തോടെ രണ്ട് കൗമാരക്കാര്‍ പരസ്പരം മുഖം നോക്കി നിന്ന ആ പുലര്‍ച്ചയില്‍ അനുഭവങ്ങളുടെ കാഠിന്യത്താല്‍ ഉരുവപ്പെട്ട മനസ്സും നിശ്ചയദാര്‍ഢ്യവും പിന്നെയും മുന്നോട്ട് നടക്കാനുള്ള ഊര്‍ജമായി. വിശപ്പും ദാഹവും കാരണം തളര്‍ന്ന് പോയിരുന്നെങ്കിലും അധ്വാനത്തിന്റെ തഴമ്പ് മുറ്റിയ കൈകളും ആത്മാഭിമാനത്തിന്റെ തലയെടുപ്പും സ്വാഭാവികമായ ശാന്തതയും കൊണ്ട് ജീവിതത്തിന് വ്യാഖ്യാനങ്ങള്‍ നല്‍കി. ക്ഷീണം മറന്ന് കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ കണ്ട ഹോട്ടലിലേക്ക് കയറി എന്തെങ്കിലും ജോലി ലഭിക്കുമോ എന്നവര്‍ അന്വേഷിച്ചു. 

സാമാന്യം നല്ല രീതിയില്‍ കച്ചവടം നടക്കുന്ന ഒരു ഹോട്ടലായിരുന്നു അത്. അതീവ ദൈവഭക്തനായിരുന്ന കടയുടെ ഉടമ ആ നാട്ടുകാരന്‍ തന്നെയായിരുന്നു. ക്ഷീണിച്ചവശരായി മുന്നില്‍ നിന്ന കൗമാരക്കാരെ നോക്കി കുറച്ചുനേരം ആലോചിച്ചശേഷം കിടക്കാന്‍ അല്‍പം സ്ഥലവും കഴിക്കാന്‍ ഭക്ഷണവും നല്‍കി രണ്ട് പേരെയും ജോലിക്കെടുത്തു. അതോടെ ജീവിതത്തിന് മുന്നിലെ ചോദ്യചിഹ്നത്തിന് തത്ക്കാല വിരാമമായി. പകലിരുട്ടുവോളം ഹോട്ടലില്‍ ജോലി ചെയ്യേണ്ടി വന്നെങ്കിലും മരുഭൂമിയില്‍ പൊടുന്നനെ പൊട്ടിമുളച്ച പച്ചപ്പിന് നടുവില്‍ പുതിയ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത് പോലെ സമാധാനത്തോടെയും ആശ്വാസത്തോടെയും കഴിഞ്ഞ നാളുകളായിരുന്നു അത്. ആ ദിവസങ്ങളില്‍ ഹിന്ദിയും തമിഴും പഠിച്ചെടുത്ത് സംസാരിക്കാന്‍ തുടങ്ങിയത് പപ്പയുടെ സൗഹ്യദവലയങ്ങളെ വിപുലമാക്കി. 

കൂടുതൽ പ്രീമിയം ലേഖനങ്ങളും അനുഭവകഥകളും വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

കടയില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. അവരുമായൊക്കെ സംസാരിക്കുന്നതിലൂടെ ആ സമയത്ത് കോയമ്പത്തൂരില്‍ ഇന്റര്‍വ്യൂ ചെയ്ത് പട്ടാളത്തിലേക്ക് ആളുകളെ എടുക്കുന്നതായി അറിയുകയും പപ്പയും കൂട്ടുകാരനും ആ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സ്വന്തമായി പഠിച്ചെടുത്ത അക്ഷരങ്ങളും ഭാഷയും ആത്മവിശ്വാസവും ഇന്റര്‍വ്യൂവിന് തുണയാവുകയും പപ്പയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു. പക്ഷേ, കൂട്ടുകാരനായ സഹദേവന് ജോലി ലഭിക്കാഞ്ഞത് പപ്പയെ ദുഃഖിതനാക്കിയെങ്കിലും പിന്നെയും മൂന്ന് മാസത്തോളം പപ്പക്കൊപ്പം നിര്‍ത്തി കൂട്ടുകാരനെ സംരക്ഷിക്കുകയും തത്ക്കാലാവശ്യങ്ങള്‍ക്കുള്ള പണം നല്‍കി നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു .

വര്‍ഷങ്ങള്‍ക്ക് ശേഷം പട്ടാളക്കാരനായി 

തിരിച്ചെത്തിയ പപ്പ നാട്ടില്‍ അത്ഭുതമാവുകയും ആദരവോടെയും അത്ഭുതത്തോടെയും നാട് പപ്പയെ സ്വീകരിക്കുകയും ചെയ്തു. ഒപ്പം നാടുവിട്ട കൂട്ടുകാരന്‍ സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലിക്ക് കയറിയിരുന്നു. അവര്‍ തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ വളര്‍ന്നു. കൂട്ടുകാരന്‍ ഒരു സ്‌കൂള്‍ അധ്യാപികയെ വിവാഹം കഴിച്ച് സമാധാനപരമായ ഒരു ജീവിതത്തിലേക്ക് പ്രവേശിച്ചത് പപ്പയെ കൂടുതല്‍ സന്തോഷവാനാക്കി. പപ്പ ചൊല്ലി പഠിപ്പിച്ച സഹദേവന്‍ അപ്പച്ചിവാപ്പയും  വിജയമ്മ അപ്പച്ചിയുമായി എന്റെ ജീവിതത്തിലും അവര്‍ പ്രിയപ്പെട്ടവരായി. പപ്പ പട്ടാളത്തില്‍ നിന്നും കൊണ്ടുവന്ന് കൂട്ടുകാരന് സമ്മാനിച്ച കമ്പിളിപുതപ്പിന്റെ ഒരു തുണ്ട് അടുത്ത സമയത്ത് സഹദേവന്‍ അപ്പച്ചിവാപ്പ മരണപ്പെടുന്നത് വരെ തലയണക്കടിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു, ആത്മസ്നേഹിതന്റെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത് പോലെ. 

തികഞ്ഞ ആദര്‍ശവാദിയായിരുന്നു പപ്പ. വിവാഹസമയത്ത് ഉമ്മിച്ചയുടെ കാതില്‍ അരപ്പവന്റെ ഒരു കമ്മല്‍ സമ്മാനമായി വാങ്ങി മുട്ടനുമ്മ അണിയിച്ചിരുന്നു. എന്നാല്‍, ഉമ്മിച്ചയെ മാത്രം ധനമായി മതിയെന്ന് പറഞ്ഞ് കൊണ്ട് കമ്മല്‍ തിരികെ ഏല്‍പ്പിച്ച് പപ്പ വാങ്ങി അണിയിച്ച ആഭരണങ്ങളോടെയാണ് ഉമ്മിച്ചയെ കായംകുളത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയത്. വിവാഹപ്പിറ്റേന്ന് കായംകുളത്തെ സിനിമാ തിയേറ്ററില്‍ ഉമ്മിച്ചയെയും കൂട്ടി സിനിമ കാണാന്‍ പോയത് കണ്ട് ബന്ധുക്കളുടെ നെറ്റി ചുളിഞ്ഞെങ്കിലും പപ്പയെ എതിര്‍ത്തുപറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. സ്ത്രീസ്വാതന്ത്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാനായിരുന്നത് കൊണ്ട് കുടുംബത്തിലുണ്ടായിരുന്ന സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ശ്രമിക്കുകയും പലര്‍ക്കും ജോലി കണ്ടെത്തി നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും പ്രവ്യത്തികളിലെ ഔന്നത്യവും കൊണ്ട് പപ്പ നാടാകെ നിറഞ്ഞ് നില്‍ക്കുന്ന കാലമായിരുന്നു അത്. 

എന്നാല്‍ ജീവിതത്തിന്റെ എല്ലാ കണക്ക്കൂട്ടലുകളേയും തെറ്റിച്ചുകൊണ്ട് ഖേദം നിറഞ്ഞണഞ്ഞ ഒരൊറ്റ നക്ഷത്രം പോലെ വളരെ ചെറുപ്പത്തില്‍ തന്നെ പപ്പ ഭൂമിയില്‍ നിന്നും മാഞ്ഞുപോയി. ഹൃദയാഘാതമായിരുന്നു മരണകാരണം. ധാരാളം ആഗ്രഹങ്ങള്‍ ബാക്കി വെച്ചിട്ടാണ് പപ്പ ഈ ഭൂമി വിട്ടുപോയത്. ജീവിതത്തിലെ സമ്പാദ്യം സ്വരുക്കൂട്ടി, ഭേദപ്പെട്ട വീട് എന്ന ആഗ്രഹത്തോടെ കെട്ടിപ്പൊക്കിയ തറയിൽ തത്ക്കാലം താമസിക്കാനായി കെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലില്‍ നിന്നാണ് പപ്പ യാത്രയായത്. കണക്കുകൂട്ടിവെച്ച വരുംകാലങ്ങളുടെ ഉയരത്തില്‍ നിന്ന് അഗാധമായ ഗര്‍ത്തത്തിലേക്ക് വീണു പോയ ആ നാളുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാതെ കാലങ്ങളോളം ഉമ്മിച്ച പകച്ച് നിന്നു.

നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ചെയ്ത ഉമ്മിച്ചയെ പട്ടാളത്തില്‍ നിന്ന് ആശ്രിത നിയമനത്തിലൂടെ പുണെയിലേക്ക് ജോലിക്ക് വിളിച്ചെങ്കിലും മക്കളെ പിരിഞ്ഞ് നില്‍ക്കണമെന്ന ആശങ്കയും അന്യദേശത്ത് ഒറ്റയ്ക്ക് താമസിക്കേണ്ടിവരും എന്ന ഭയവുമൊക്കെ കൊണ്ട് ജോലി വേണ്ടന്നുവെച്ചു. 'ജോലി നിര്‍ത്തി വരുന്നു' എന്ന് എഴുതിക്കൊടുത്തിട്ട് വന്നതിനാല്‍ പെന്‍ഷന്‍ ശരിയായി കിട്ടാനും നാളുകളെടുത്തു. ഇരുന്നൂറ് രൂപയായിരുന്നു പെന്‍ഷന്‍ തുകയായി ആദ്യം ലഭിച്ചിരുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ആ സമയത്ത് അയലത്തെ സ്ത്രീകള്‍ ഉമ്മിച്ചയ്ക്ക് ഒരു ആശയം പറഞ്ഞുകൊടുത്തു. 'നീ രാവിലെ എന്തേലുമൊക്കെ പലഹാരങ്ങളുണ്ടാക്ക്, ഞങ്ങള്‍ വാങ്ങാം', ചുറ്റിനുമുള്ള സ്ത്രീകളുടെ പ്രോത്സാഹനത്താല്‍ ആദ്യം നാഴി അരിയില്‍ പരീക്ഷണം തുടങ്ങി. 

അന്ന് വീട്ടില്‍ കറന്റ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അരക്കല്ലിലായിരുന്നു അരി ആട്ടിയെടുത്തിരുന്നത്. ആദ്യ ദിവസം ഉണ്ടാക്കിയ പലഹാരം വളരെ വേഗം വിറ്റുപോയി. പിന്നീട് അരിയുടെ അളവ് കൂടിക്കൂടി വന്നു. ജീവിതത്തിന് പുതിയൊരു താളം കൈവന്നു. ദിവസത്തിന്റെ പകുതിയിലധികം സമയം ഒരോരോ ജോലികളില്‍ ഉമ്മിച്ച വ്യാപൃതയായി. വീടിന്റെ പിന്നിലെ പറമ്പ് തൂത്തെടുക്കുന്ന കരിയിലകളായിരുന്നു ആദ്യമൊക്കെ വിറകിന് പകരമായി ഉപയോഗിച്ചിരുന്നത്. വൈകിട്ട് നാലുമണിക്ക് തുടങ്ങുന്ന അരിയാട്ടല്‍ രാത്രി വരെ നീളുമായിരുന്നെങ്കിലും അധ്വാനം കൊണ്ട് ജീവിതത്തിന് നിറം പിടിപ്പിക്കുവാന്‍ കഴിയുമെന്ന് തന്നെ ഉമ്മിച്ച വിശ്വസിച്ചിരുന്നു. മണ്ണെണ്ണ വിളക്കിനോടൊപ്പം എരിഞ്ഞ് കത്തി, രാവിലെ ദോശക്കൊപ്പം നല്‍കാനുള്ള ചമ്മന്തിക്കായി മൂന്നും നാലും തേങ്ങ അരച്ചുവെച്ച് ജോലികളെല്ലാം ഒതുക്കി കിടക്കുമ്പോള്‍ പാതിരാത്രി കഴിയുമായിരുന്നു.

അന്നൊക്കെ വീടിന്റെ പുലര്‍ച്ചകള്‍ക്ക് പലഹാര മണമായിരുന്നു. ദോശക്കല്ലിലേക്ക് മാവ് കോരിയൊഴിക്കുമ്പോള്‍ ഉയരുന്ന ശൂ ശൂ ശബ്ദങ്ങളും ചമ്മന്തിക്ക് കടുക് താളിച്ചൊഴിക്കുമ്പോള്‍ പരന്ന മണം പിടിച്ച് ഉണര്‍ന്നുകിടന്ന പുലര്‍ച്ചകളുമൊക്കെ കൊണ്ട് വീടിന് പുതുജീവന്‍ കൈവന്നു. ഞങ്ങളുടെ പ്രദേശത്തെ പല വീടുകളുടേയും ദിവസത്തിന്റെ തുടക്കം തന്നെ ഉമ്മിച്ചയുണ്ടാക്കുന്ന പലഹാരങ്ങളിലൂടെയായി. നാഴി അരിയില്‍ നിന്ന് പത്ത് കിലോ അരിയുടെ വരെ പലഹാരങ്ങള്‍ വിറ്റുപോകാന്‍ തുടങ്ങിയപ്പോഴേക്കും അരി ആട്ടാന്‍ വേണ്ടി മില്ലിനെ ആശ്രയിച്ചു. കറന്റ് ലഭിച്ച് കഴിഞ്ഞപ്പോള്‍ പലഹാരങ്ങള്‍ വിറ്റ് കിട്ടിയ പൈസ കൂട്ടി വെച്ച് ഒരു ഗ്രൈന്‍ഡര്‍ വാങ്ങുകയും ജോലികള്‍ ഒന്നു കൂടി എളുപ്പമാവുകയും ചെയ്തു. ചൂടും പുകയുമേറ്റ് കരുവാളിച്ച മുഖവുമായി ജീവിതത്തോട് പൊരുതി മുന്നേറുമ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ ഉമ്മിച്ച വാങ്ങി നല്‍കി. 

പക്ഷേ, പപ്പ കെട്ടിയ ഫൗണ്ടേഷന് അനുസ്യതമായി ഒരു വീട് കെട്ടിപ്പൊക്കാന്‍ ഉമ്മിച്ചയ്ക്ക് ശേഷി ഇല്ലാത്തതിനാല്‍ ഫൗണ്ടേഷന്‍ പൂര്‍ണമായും ഇളക്കി മാറ്റി ചെറിയൊരു വീട് ഘട്ടം ഘട്ടമായി കെട്ടിപ്പൊക്കി . ആ കാലങ്ങളിലൊക്കെ  അനുഭവിച്ച അരക്ഷിതത്ത്വം കൊണ്ടാവാം ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉമ്മിച്ച അസ്വസ്ഥയാകുകയും പപ്പയുമായി കഴിഞ്ഞ ജീവിതത്തിന്റെ നല്ല നാളുകള്‍ എണ്ണിപ്പറഞ്ഞ് കരയുകയുമൊക്കെ ചെയ്തിരുന്നു. ജീവിതത്തിന്റെ സമസ്തവുമായിരുന്ന പപ്പയുടെ ഓര്‍മ്മകള്‍ കൊണ്ട് കണ്ണീരണിഞ്ഞ ഉമ്മിച്ചയുടെ മുഖം കാണുമ്പോഴൊക്കെ ശബ്ദമില്ലാത്ത പക്ഷിയെ പോലെ മേഘങ്ങളും കടലുകളുമൊക്കെ കടന്നു കയറി മനുഷ്യരില്ലാത്ത ഒരു ലോകത്ത് പോയി ഒളിച്ചിരിക്കണമെന്ന് ഞാന്‍ വല്ലാതെ കൊതിച്ചിരുന്നു.

അന്ന് രണ്ടാംകുറ്റിയില്‍ പുള്ളിക്കണക്കിലേക്ക് തിരിയുന്ന വളവില്‍ ഒരു പലചരക്ക് കടയുണ്ടായിരുന്നു. നാരായണന്‍ എന്നായിരുന്നു കടയുടമയുടെ പേരെങ്കിലും അന്ന് എഴുപത്തിയഞ്ച് വയസ്സൊക്കെ പിന്നിട്ട ആ മനുഷ്യനെ 'തീട്ടം' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. തീട്ടത്തിന്റെ കട എന്ന പേരിലാണ് പ്രദേശമാകെ ആ കട അറിയപ്പെട്ടിരുന്നതും. ചിന്തകള്‍ കെട്ടുപോയ പാതയില്‍ നിന്നുയര്‍ന്ന തീട്ടം വിളികളെ ആത്മീയമായ ഔന്നത്യത്തില്‍ നിന്ന് യാതൊരു ഭാവഭേദവുമില്ലാതെ ആ മനുഷ്യന്‍ ഉള്‍ക്കൊണ്ടിരുന്നു. പപ്പയുടെ മരണശേഷം വീട്ടിലേക്ക് അരിയും പലചരക്ക് സാധനങ്ങളുമൊക്കെയായി വന്ന വ്യദ്ധനായ ആ മനുഷ്യന്‍ ഇനിയും എന്ത് സാധനങ്ങള്‍ വേണമെങ്കിലും കടയിലേക്ക് വരാന്‍ മടിക്കരുത് എന്ന ആശ്വാസവാക്കുകള്‍ കൂടി ചൊരിഞ്ഞ് മടങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട്, അപരിചിതനായ മനുഷ്യന്‍ മുന്നില്‍ നിന്ന് കരയുന്നത് എന്തിനാവും എന്ന അതിശയത്തോടെ ഞാന്‍ നോക്കി നിന്നു. 

പുതിയ കാലത്ത് നിരന്തരം പ്രയോഗിക്കപ്പെടുന്ന അമേധ്യമെന്ന വാക്കിനോടൊപ്പം ആ മനുഷ്യനെ പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിന്റെ അവിഭാജ്യ ഘടകമാണ് തീട്ടമെന്നും അതില്ലാതെ മനുഷ്യന് നിലനില്‍പ്പ് തന്നെയില്ല എന്ന ഉയര്‍ന്ന ചിന്തകളുമൊക്കെ കൊണ്ടാവണം, മനുഷ്യരുടെ ആവിഷ്‌ക്കാരതലങ്ങളില്‍ ഒന്നിനെ സാത്വികനായ ആ മനുഷ്യന്‍ നിസ്സംഗത കൊണ്ട് നേരിട്ടതെന്ന് ഇന്നെനിക്ക് തോന്നാറുണ്ട്. വീട്ടിലൊര് പറ്റ് ബുക്കുണ്ടായിരുന്നു. അതുമായി എപ്പോള്‍ ചെന്നാലും മടി കൂടാതെ സാധനങ്ങള്‍ നല്‍കുമായിരുന്ന ആ മനുഷ്യന്‍ അന്ന് ഞങ്ങളുടെ ജീവിതത്തിലെ കനിവിന്റെ കരങ്ങളായിരുന്നു. വീട്ടില്‍ പലഹാരങ്ങളുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങിയതില്‍ പിന്നെ പച്ചരിയും തേങ്ങയുമൊക്കെ വാങ്ങാനായി ഞാനും അനിയനുമൊക്കെ പലപ്പോഴും ആ കടയിലേക്ക് പോകുമായിരുന്നു. 

പശയുള്ള പച്ചരിക്ക് കുറച്ച് മാവേ ലഭിക്കുകയുള്ളെന്ന് ഉമ്മിച്ചയില്‍ നിന്നും അറിഞ്ഞത് കൊണ്ട് കടയില്‍ പല തരത്തിലുള്ള അരികള്‍ നിറച്ച് വെച്ച ചാക്കില്‍ നിന്ന് പശയില്ലാത്ത അരി നോക്കി തിരഞ്ഞെടുക്കാന്‍ പഠിച്ചതും കടയുടെ മുന്നിലെ പലകത്തട്ടില്‍ വില്‍പ്പനയ്ക്കായി പൊതിച്ച് അടുക്കി വെച്ചിരുന്ന തേങ്ങ കുലുക്കി നോക്കി കേടായതാണെങ്കില്‍ അതും തിരിച്ചറിയാന്‍ പഠിച്ചതുമായിരുന്നു ജീവിക്കാന്‍ വേണ്ടി പഠിച്ച ജീവിതത്തിലെ ആദ്യ പാഠങ്ങള്‍. മുതിര്‍ന്നവരിലുള്ള സൂക്ഷ്മത തീരെ ചെറിയ കുട്ടിയായിരുന്ന എന്റെ പ്രവൃത്തികളില്‍ കണ്ടത് കൊണ്ടാവാം അന്ന് അതിശയത്തോടെ പലരും ഞാന്‍ തേങ്ങ തിരഞ്ഞെടുക്കുന്നതൊക്കെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

പപ്പയുടെ മരണം കഴിഞ്ഞ് ഒരു ഘട്ടം വരെ അമര്‍ഷവും തിരികെ വരാത്തതിന്റെ നിരാശയും ഭയവുമൊക്കെ കൊണ്ട് പപ്പയെ വല്ലാതെ ഞാന്‍ അകറ്റി നിര്‍ത്തിയെങ്കിലും പത്ത് വയസ്സൊക്കെ കഴിഞ്ഞപ്പോള്‍ പപ്പയുടെ കൈപിടിച്ച് നടക്കാനും അഛന്‍ കരുതലിന്റെ വെളിച്ച വിരിപ്പും പുതച്ച് ആ തോളിലേക്ക് തലചായ്ച്ച് കിടക്കാനൊക്കെ വല്ലാതെ കൊതിച്ചിരുന്നു. അച്ഛന്‍മാരുടെ സ്നേഹവും ലാളനയുമേറ്റ് കൈപിടിച്ച് നടക്കുന്ന കുട്ടികളാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാരാണെന്ന് എനിക്ക് തോന്നിയിരുന്നു. വളര്‍ന്ന് വരുംതോറും അച്ഛന്‍ ചിന്തകള്‍ ശക്തമായിക്കൊണ്ടിരുന്നു. ഞാന്‍ ഫാര്‍മസിയൊക്കെ തുടങ്ങിയതില്‍ പിന്നെ മരുന്ന് വാങ്ങാനായി കടയിലെത്തുന്ന വ്യദ്ധന്‍മാരെ എന്റെ പപ്പ ജീവിച്ചിരുന്നാലുള്ള വയസുമായി താരതമ്യപ്പെടുത്തി വ്യദ്ധനായ പപ്പയെ ഞാന്‍ അവരിലൂടെ കണ്ടു.

പലരുമായും സ്നേഹ സംഭാഷണങ്ങള്‍ നടത്തുകയും ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് കരുതലിന്റെ മകള്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തു. അങ്ങനെയാണ് കടയില്‍ സ്ഥിരമായി മരുന്ന് വാങ്ങാനായെത്തുന്ന എഴുപത്തഞ്ചൊക്കെ കഴിഞ്ഞ വ്യദ്ധനെ ഞാന്‍ പരിചയപ്പെടുന്നത്. സംസാരിക്കുന്നതിനിടയില്‍ വിക്സ് മിഠായിയും ഏലാദി മിഠായിയുമൊക്കെ കവര്‍ പൊട്ടിച്ചെടുത്ത് 'കഴിക്കച്ഛാ' എന്നു പറഞ്ഞ് ഞാന്‍ നല്‍കുമായിരുന്നു. ഒരു ദിവസം രാവിലെ  ബാങ്കില്‍ നിന്നും പെന്‍ഷനും വാങ്ങി  കടയിലേക്ക് വന്ന വ്യദ്ധന് പതിവുപോലെ  മരുന്നുകളെടുത്ത് നല്‍കുന്നതിനിടയില്‍  ഒരു ഏലാദി മിഠായിയെടുത്ത് കവര്‍ പൊട്ടിച്ച് നല്‍കിയപ്പോള്‍ വ്യദ്ധന്‍ അല്‍പനേരമൊന്ന് സംശയിച്ച് നിന്നു. പിന്നീട് പരമ രഹസ്യമെന്നോണം 'മോള് ഇതൊന്ന് വായിലേക്ക് ഇട്ടിട്ട് എനിക്ക് താ' എന്ന് പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാന്‍ ജീവശ്ചവമായി നിന്ന് പോയി.

അച്ഛന്‍ സ്നേഹത്തെ മുതലെടുക്കാന്‍ ശ്രമിച്ച വ്യദ്ധന്‍ ആ നേരം ഒരു ഭയമായി എന്നില്‍ വളര്‍ന്നു. കുഞ്ഞുങ്ങള്‍ക്ക് മിഠായി ഒക്കെ കൊടുത്ത് പീഡിപ്പിക്കുന്ന വാര്‍ത്തകളിലേക്കൊക്കെ മനസ്സ് പോവുകയും മുന്നില്‍ നിന്ന വ്യദ്ധനും അങ്ങനെയൊരു മുഖമായി എന്നെ ആക്രമിക്കാന്‍ വരുന്നത് പോലെ തോന്നുകയും ചെയ്തപ്പോള്‍ അറിയാതെ ടാബ്ലറ്റ് സ്ട്രിപ്പുകള്‍ കട്ട് ചെയ്ത് കൊടുക്കുന്ന കത്രികയില്‍ എന്റെ പിടി മുറുകി. ഇതിനോടകമുണ്ടായ എന്റെ ഭാവമാറ്റങ്ങള്‍ കണ്ട് ഭയന്നുപോയ വ്യദ്ധന്‍ മരുന്ന് വാങ്ങാതെ സ്ഥലം കാലിയാക്കിയിരുന്നു. അനുഭവങ്ങള്‍ തന്നെയാണല്ലോ ജീവിതത്തിന്റെ ഒന്നാംപാഠം. അമിതാവേശങ്ങളല്ല ജീവിതത്തെ വഴിനടത്തേണ്ടതെന്നും ആവശ്യം വേണ്ടുന്ന മാറ്റിനിര്‍ത്തലുകളും യുക്തിപരമായ ചിന്തകളുമൊക്കെക്കൂടി ചേര്‍ന്നതാണ് ജീവിതമെന്നും പഠിപ്പിച്ച ഒരു അനുഭമായിരുന്നു അത്.