സിനിമപോലെ ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു നടൻ ഫൈസൽ മാലിക്കിന്റെ ജീവിതം. അഭിനയമോഹവുമായി മുംബൈയിലെത്തിയ ഫൈസലിന് ഒന്നും എളുപ്പമായിരുന്നില്ല. എന്നാൽ, ജീവിത്തിലുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഫൈസലിനെ ഇന്ന് എത്തിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിലേ ഏറ്റവും വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നിലേക്കാണ്. തിയേറ്ററിൽ പ്രദർശനം തുടരുന്ന 'രാമായണ' സിനിമയ്‌ക്കൊപ്പം കുംഭകർണനായെത്തിയ ഫൈസൽ മാലിക്കും കൈയടി നേടുന്നു.

To advertise here,

സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്‌(അലഹാബാദ്) സ്വദേശിയാണ് ഫൈസൽ മാലിക്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമായിരുന്നു. കുട്ടിക്കാലത്ത് അമ്മ വീട്ടിലേക്കുള്ള യാത്രയിൽനിന്നാണ് ഫൈസലിന് സിനിമാമോഹം ഉണ്ടാവുന്നത്. ഉത്തർപ്രദേശിലെ മച്ച്‌ലിശഹറിലാണ് ഫൈസലിന്റെ അമ്മ വീട്. അമ്മാവൻ ടൗണിൽ ഒരു കൊട്ടകയുടെ മാനേജർ. അവധിക്കാലത്ത് ഇവിടെയെത്തുന്ന ഫൈസൽ, പ്രൊജക്ടർ റൂമിൽനിന്ന് അമിതാഭ് ബച്ചന്റെയും മിഥുൻ ചക്രവർത്തിയുടെയും സിനിമകൾ കണ്ടു.

പഠനത്തിൽ പിന്നാക്കമായിരുന്നതിനാൽ സ്വന്തം വഴി കണ്ടെത്താനാണ് ഫൈസൽ മുംബൈയിലേക്ക് വണ്ടി കയറിയത്. അഭിനയ മോഹവുമായെത്തിയ ഫൈസലിന് മുംബൈയിലെ ജീവിതം ദുസ്സഹമായിരുന്നു. പത്തുരൂപ നൽകി റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയ നാളുകൾ ഫൈസൽ ഓർത്തെടുക്കും.

മുംബൈയിലെത്തിയ ഫൈസൽ മാലിക്ക് ഉപജീവനത്തിനായി പ്രൊഡക്ഷൻ ഹൗസുകളിൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ക്യാമറയിൽ ടേപ്പുകൾ ഇടുന്നത് മുതൽ ഫ്‌ലോർ മാനേജ്‌മെന്റ് വരെ എല്ലാ ജോലിയും ചെയ്തു. അസിസ്റ്റന്റ് എഡിറ്റർ, പ്രൊമോ പ്രൊഡ്യൂസർ, റിയാലിറ്റി ഷോ പ്രൊഡ്യൂസർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ച് അനുഭവസമ്പത്ത് നേടി. അവിടെനിന്ന് നടനായും ഒ.ടി.ടി. ഷോകളുടെ നിർമാതാവായും ഫൈസൽ മാലിക് വളർന്നു.

ആകസ്മികമായി ക്യാമറയ്ക്ക് മുന്നിൽ

2012-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ഗ്യാങ്സ് ഓഫ് വസേപ്പൂർ' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കവേയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രീകരണത്തിനിടെ ഒരു അറവുശാലയിലെ രംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന നടൻ ദുർഗന്ധം സഹിക്കാനാവാതെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി. ഷൂട്ടിങ് പൂർത്തിയാക്കാൻ, അനുരാഗ് കശ്യപ് ഫൈസലിനോട് പോലീസ് യൂണിഫോം ധരിച്ച് അഭിനയിക്കാൻ നിർബന്ധിക്കുകയായിരുന്നു.

അങ്ങനെ 'ഗോപാൽ സിങ്' എന്ന പോലീസ് ഉദ്യോഗസ്ഥനായി ഫൈസൽ ക്യാമറയ്ക്ക് മുന്നിലെത്തി. പങ്കജ് ത്രിപാഠിയുമൊന്നിച്ചുള്ള ആ രംഗത്തിലെ 'കാ ബാത് കർ രഹേ ഹൈൻ' എന്ന ഒറ്റ ഡയലോഗ് തരംഗമായി മാറി. ട്രോളുകളിലും ടീഷർട്ടുകളിലും ആ ഡയലോഗ് ഇടംപിടിച്ചതോടെ ഫൈസൽ മാലിക്കിന്റെ ജീവിതം മാറിമറിഞ്ഞു. പിന്നീട് 'ഫ്രോഡ് സൈയാൻ' എന്ന ചിത്രത്തിലും പോലീസ് വേഷം അവതരിപ്പിച്ചു. തുടർച്ചയായി പോലീസ് വേഷങ്ങൾ തേടിയെത്തിയതോടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ അദ്ദേഹം അവ നിരസിച്ചു.

'പഞ്ചായത്തി'ലൂടെ പാൻ- ഇന്ത്യൻ

‘വസേപ്പൂരി’ലെ വൈറൽ പ്രകടനം കണ്ടാണ് നിർമാതാക്കളായ ടി.വി.എഫ്. 'പഞ്ചായത്ത്' എന്ന വെബ് സീരീസിലേക്ക് ഫൈസലിനെ സമീപിക്കുന്നത്. ഫുലേര ഗ്രാമത്തിലെ ഉപപ്രധാൻ (വൈസ് പ്രസിഡന്റ്) ആയ 'പ്രഹ്ലാദ് പാണ്ഡെ' (പ്രഹ്ലാദ് ചാ) എന്ന കഥാപാത്രമാവാനായിരുന്നു ക്ഷണം.

അലഹാബാദിലെ ഗ്രാമീണ പശ്ചാത്തലം സ്വന്തം ജീവിതാനുഭവത്തിൽ ഉള്ളതിനാൽ പ്രഹ്ലാദിനെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. ആദ്യ സീസണിൽ തമാശകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച പ്രഹ്ലാദ്, രണ്ടാം സീസണിന്റെ അവസാനത്തിൽ മകൻ നഷ്ടപ്പെടുമ്പോൾ നിലതെറ്റി കരയുന്ന രംഗത്തിലൂടെ കോടിക്കണക്കിന് ആളുകളുടെ ഉള്ളുതൊട്ടു. സഹോദരങ്ങളെയും കോവിഡ് കാലത്ത് പിതാവിനെയും നഷ്ടപ്പെട്ട സ്വന്തം ജീവിതത്തിലെ ആഴത്തിലുള്ള വേദനയാണ് പ്രഹ്ലാദ് എന്ന കഥാപാത്രത്തിലേക്ക് ഫൈസൽ ആവാഹിച്ചത്.

മലയാളത്തിൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രത്തിലെ ദിനേഷ് സിങ് എന്ന കഥാപാത്രത്തിലൂടെ ഫൈസൽ മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. 'സ്‌മോക്', 'റിവോൾവർ റാണി', 'മേം ഓർ ചാൾസ്' എന്നീ ചിത്രങ്ങളിലും വെബ് സീരീസുകളിലും സഹനിർമാതാവായി. മഹേഷ് നാരായണനുമായി ചേർന്ന് വെബ് സീരീസും പദ്ധതിയിട്ടിരുന്നു.