മനോജ് ഒരു കാര്യം ചെയ്യ്, കുറേ സ്വര്‍ണവും ഒരു നല്ല തുക സ്ത്രീധനവും വാങ്ങി ഒരു കല്യാണം കഴിക്ക്. അമ്മയുടെ ചികിത്സയും നടക്കും കുറേ കടവും വീട്ടാം...

To advertise here,

സാറല്ലേ പതിനഞ്ചു വര്‍ഷം മുമ്പ് ഇവളെ രക്ഷിച്ചത്. അതോണ്ട്, സാറിനോടാ ആദ്യം ഇവള്‍ടെ വിശേഷം പറയണേ. അടുത്തതിന്റെ അടുത്ത വെള്ളിയാഴ്ച ഇവള്‍ടെ കല്യാണമാണ്. ചെക്കന്‍ ഗള്‍ഫിലാ. അവന് ലീവില്ല. അതുകൊണ്ട് എല്ലാം പെട്ടെന്നായിരുന്നു. ഇവളെ ഒന്ന് ഇറക്കി വിട്ടാ... എന്റെ എല്ലാ ഭാരവും ഒഴിഞ്ഞു. മോന്‍... അവന്റെ കാര്യം നോക്കിക്കോളും. സാറ് വരണം. രണ്ടു പേരെയും അനുഗ്രഹിക്കണം. അത് ഞങ്ങളുടെ കുടുംബത്തിന്റെ ഒരാഗ്രഹമാ. ഞാന്‍ ഒന്നുറങ്ങിയിട്ട് വര്‍ഷങ്ങളായി സാറേ. ഇവള്‍ക്ക് വയസ്സ് 25 കഴിഞ്ഞു. ജോലിയുമുണ്ട്. അത്യാവശ്യത്തിനുള്ള പൊന്നും പണവുമൊക്കെ ഞാന്‍ സ്വരൂപിച്ചു വെച്ചിട്ടുമുണ്ട്. പക്ഷേ, രാത്രി കിടന്നാല്‍ ഉറക്കം വരില്ല. ആലോചനകള്‍ മുറയ്ക്ക് വരാറുണ്ട്. എല്ലാ ശരിയായെന്ന് സന്തോഷിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ഫോണ്‍കോള്‍ വരും - ഞങ്ങള്‍ ഈ ആലോചന തുടരുന്നില്ല എന്ന് പറഞ്ഞുകൊണ്ട്. ആദ്യമൊക്കെ ഞാന്‍ കാരണം തിരക്കുമായിരുന്നു. സ്ത്രീധനം തന്നെയാണ് എപ്പോഴും പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഞാന്‍ പിന്നെ ആ അന്വേഷണത്തിന് മുതിരാറില്ല. 15ദിവസം കൂടി കഴിഞ്ഞാല്‍, ഇവളെ ഗള്‍ഫുകാരന്റെ കൈ പിടിച്ച് ഇറക്കി വിട്ടാല്‍ എനിക്കൊന്ന് സുഖമായിട്ടുറങ്ങാം.

എന്റെ മുഖത്തെ ചിരി കണ്ടിട്ടാവണം അയാള്‍ തുടര്‍ന്നു. സാറിന് ഇതൊന്നും മനസ്സിലാവില്ല. രണ്ട് ആണ്‍മക്കളല്ലേ സാറിന്! ഒന്നെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍...

വിവാഹത്തിന് തീര്‍ച്ചയായും വരാം എന്നു സമ്മതിച്ച് ഞാന്‍ ആ സംഭാഷണത്തിന് വിരാമമിട്ടു. വന്ദിച്ച് അനുഗ്രഹം വാങ്ങി അവള്‍ യാത്രയായപ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു- സ്വന്തം വീടും വീട്ടുകാരും നഷ്ടപ്പെടുന്ന പെണ്‍കുട്ടി. അന്യവീട്ടില്‍ ചേക്കേറാന്‍ പോകുന്ന പെണ്‍കുട്ടി. അവള്‍ക്ക് നല്ലതു വരട്ടെ!

എന്തൊരു വിചിത്രമായ ലോകം, സമൂഹം, മനുഷ്യര്‍, ആചാരങ്ങള്‍... എന്റെ ചിന്തകള്‍ കാടുകയറി. '' ഇവളെ ഒന്ന് ഇറക്കി വിട്ടാ...'' ആ അച്ഛന്റെ വാക്കുകള്‍ എന്റെയുള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. 25 വര്‍ഷം കൂടെത്തന്നെ ഉണ്ടായിരുന്ന മകള്‍, താന്‍ വളര്‍ത്തി വലുതാക്കിയ തന്റെ സ്വന്തം മകള്‍. ആ മകളെക്കുറിച്ച് ഒരച്ഛന്‍ ഇങ്ങനെ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. നമ്മുടെ സമൂഹത്തിലെ പുഴുക്കുത്തുകളാണ് അത് സൂചിപ്പിക്കുന്നത്. മകളെ ഇറക്കി വിടണം- ഇതുവരെ ഒരു പരിചയവുമില്ലാത്ത ആ മരുമകന് രാജകീയ സ്വീകരണവും നല്‍കണം. അങ്ങനെ ഇറക്കിവിടേണ്ടവരാണോ സ്വന്തം പെണ്‍മക്കള്‍!

മൂത്തമകന്‍ ഗോകുലിന്റെ കല്യാണ ദിവസത്തെ ചില സംഭവങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. വിവാഹം കഴിഞ്ഞ് ഗോകുലും ഉമയും കാറില്‍ വീട്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ റോഡിന്റെ ഇരുവശത്തും നിന്ന് ഉമയുടെ അച്ഛനമ്മമാരും സഹോദരിമാരും ബന്ധുക്കളും നെഞ്ചത്തടിച്ച് അലറിക്കരയുന്നുണ്ടായിരുന്നു. അത് വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളിലെ ഒരു ആചാരം മാത്രമാണെന്ന് പിന്നീടൊരിക്കല്‍ അവള്‍ എനിക്ക് വിശദീകരിച്ചു തരികയും ചെയ്തു. ഒരു പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോവുകയാണെന്നു വിചാരിച്ച് നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഞങ്ങളെ മര്‍ദിക്കാതിരുന്നത് ഭാഗ്യം എന്നു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചു.

പെട്ടെന്ന് ചിരി നിര്‍ത്തി അവള്‍ പറഞ്ഞു - അച്ഛാ, അവിടെ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയയയ്ക്കുമ്പോള്‍ വീട്ടുകാര്‍ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലിക്കാരോടുള്ള സമീപനത്തെക്കാള്‍ മോശമായിരിക്കും പലപ്പോഴും വീട്ടുകാര്‍ക്ക് മരുകളോടുള്ളത്. സ്ത്രീധന പ്രശ്‌നങ്ങള്‍, അതിനെത്തുടര്‍ന്നുള്ള ഗാര്‍ഹിക പീഡനങ്ങള്‍... ദുസ്സഹമാണ് അവരുടെയൊക്കെ ജീവിതം.

നീയെന്തേ ഇതുവരെ സ്ത്രീധത്തിന്റെ ആദ്യഗഡു എനിക്ക് തരാത്തേ? ഈ ചോദ്യം ഞാന്‍ അവളോടു ചോദിച്ചത് അവളെന്റെ മകള്‍ തന്നെയെന്ന് അവള്‍ക്കും എനിക്കും അറിയാവുന്നതു കൊണ്ടായിരുന്നു.

ഇതുപോലെ അനുസരണയില്ലാത്ത ഒരച്ഛന്റെ കൂടെ താമസിക്കുന്നതിന് എനിക്ക് ഇങ്ങോട്ടു തരണം പൈസ - അവള്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. ഓരോ പെണ്‍കുട്ടിക്കും ഇങ്ങനെ ഉത്തരം നല്‍കാന്‍ സാധിക്കുമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു പോയി. രണ്ടാമത്തെ മരുമകളായി പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ദേതുവും ഞങ്ങളുടെ മകള്‍ തന്നെയായി. അങ്ങനെ ഇപ്പോള്‍ ഞങ്ങള്‍ക്ക് നാലു മക്കളുണ്ട്. രണ്ടാണും രണ്ടു പെണ്ണും.

അങ്ങനെയല്ല, അച്ഛാ.. ഞങ്ങള്‍ രണ്ട് പെണ്‍മക്കള്‍. ദേതുവിനെ ചേര്‍ത്തുപിടിച്ച് ഉമ പറയും. ഇത് ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍. ഗോകുലും അപ്പുവും. അവര്‍ അച്ഛന്റെ മരുമക്കള്‍... ദേതുവും ഒപ്പം ചേരും.

കോഴിക്കോട്ടു നിന്ന് ഒരു ഹ്രസ്വ സന്ദര്‍ശനത്തിന് വീട്ടിലെത്തിയ ബേബിച്ചേച്ചി ഒരിക്കല്‍ പറഞ്ഞു - രണ്ടു പെണ്‍കുട്ടികള്‍ ഈ വീട്ടില്‍ വന്നപ്പോള്‍ ഈ വീടിന് ഒരു മെനയുണ്ട് കേട്ടോ! വമ്പന്‍ കാറ്, ആറക്ക ശമ്പളം, സ്വന്തം പേരില്‍ ഒരു ഫ്ലാറ്റ് ഇതൊക്കെയുണ്ടെങ്കിലേ മകളെ വിവാഹം ചെയ്തു കൊടുക്കൂ എന്ന് ശഠിക്കുന്ന അച്ഛനമ്മമാരും നമ്മുടെയിടയില്‍ ധാരാളമുണ്ട്. മകനു വേണ്ടി കല്യാണ മാര്‍ക്കറ്റില്‍ ഇറങ്ങിയ ഒരച്ഛന്റെ വാക്കുകളാണിത്.

പണത്തിന്റെയും പത്രാസിന്റെയും പേരില്‍ എത്രയെത്ര വിവാഹമോചനങ്ങള്‍!, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍... മനസ്സ് അസ്വസ്ഥമായിരുന്നു...
സാറെന്താ ആലോചിച്ചു കൊണ്ടിരിക്കുന്നേ...

അടുത്ത രോഗിയെയും കൊണ്ട് മുറിയിലേക്കു കടന്നു വന്ന മേഴ്‌സി സിസ്റ്റര്‍ ചോദിച്ചു. നല്ല ചുമയുണ്ടല്ലോ! രണ്ടു ദിവസം ലീവെടുത്ത് സാറ് വിശ്രമിക്ക്. സിസ്റ്ററിനോട് മറുപടിയൊന്നും പറയാതെ ഞാന്‍ ഫയല്‍ നോക്കിക്കൊണ്ടിരുന്നു. സാറേ.. ഞാന്‍ മനോജ്. ഇതെന്റെ അമ്മ ജാനു. ഇത് പെങ്ങളാണ്.

ശബ്ദം കേട്ട് ഞാന്‍ മുഖമുയര്‍ത്തി നോക്കി. അമ്മയ്ക്കാണ് സാര്‍ ഇപ്പോള്‍ അസുഖം. ഞാന്‍ സാറിന്റെ രോഗിയായിരുന്നു, 20 വര്‍ഷം മുമ്പ്. ഇപ്പോള്‍ ഗള്‍ഫില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ അമ്മയെ ചികില്‍സിക്കാന്‍ എനിക്ക് കഴിയും സാറേ. അഞ്ചു വയസ്സു കാരനായിരുന്ന എന്റെ ജീവന്‍ തിരികെ തന്നതു പോലെ ഞങ്ങളുടെ അമ്മയുടെയും... മനോജും പെങ്ങളും വിതുമ്പുകയായിരുന്നു.

ഇവരുടെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി സാറേ. കുറേ കടബാധ്യതകള്‍ ബാക്കി വെച്ചിട്ടാണ് പോയത്. ഒരു വര്‍ഷമേ ആയുള്ളൂ ഇവന്‍ ഗള്‍ഫില്‍ പോയിട്ട്. അതിന്റെ ബാധ്യതകള്‍ വേറേയും ഉണ്ട്. ചികില്‍സിക്കാന്‍ പ്രയാസമാണ് സാറേ- ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
അവരുടെ സങ്കടാവസ്ഥ കണ്ട് ഒരു നിമിഷം ഞങ്ങളും പകച്ച് ഇരുന്നു പോയി.

നമുക്ക് ഇവരെ എങ്ങനെയെങ്കിലും സഹായിക്കണം സാറേ. സാറ് തീരുമാനമെടുത്തു കഴിഞ്ഞെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. രേണു സിസ്റ്റര്‍ എന്നെ നോക്കി ചിരിച്ചു.

മനോജ് ഒരു കാര്യം ചെയ്യ്, കുറേ സ്വര്‍ണവും ഒരു നല്ല തുക സ്ത്രീധനവുമായി വാങ്ങി ഒരു കല്യാണം കഴിക്ക്. അമ്മയുടെ ചികില്‍സയും നടക്കും കുറേ കടവും വീട്ടാം. അപ്രതീക്ഷിതമായി എന്നില്‍ നിന്ന് കേട്ട ഈ വാക്കുകള്‍ എല്ലാവരെയും അമ്പരപ്പു നിറഞ്ഞ മൗനത്തിലാഴ്ത്തി.
വേണ്ട സാറേ... അതൊരിക്കലും വേണ്ട. മറ്റൊരാളുടെ പണം വാങ്ങി ഞങ്ങളുടെ കടം വീട്ടേണ്ട. അതും ഇവനു വേണ്ടി സ്ത്രീധനം വാങ്ങി. ഒരുപെണ്‍കുട്ടിയുടെ ശാപവും ഏറ്റുവാങ്ങി... അതു വേണ്ട. ഒരിക്കലുമില്ല. അമ്മ ജാനു പൊട്ടിത്തെറിച്ചു. വാ മക്കളേ നമുക്ക് പോകാം. മകളുടെ കൈ പിടിച്ച് എഴുന്നേല്‍ക്കുന്നതിനിടെ അവര്‍ പറഞ്ഞു- ഇവളെയും ഞാന്‍ അങ്ങനെ ആരുടെയും കൈയില്‍ പിടിച്ച് ഏല്പിക്കുകയില്ല. പറ്റിയ ഒരാളെ കണ്ടെത്തുന്നതു വരെ ഇവള്‍ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാകും. ഇവളെ ഒരു വില്പനച്ചരക്കാക്കി കല്യാണച്ചന്തയിലേക്ക് അയക്കാന്‍ ഇല്ല സാറേ... ഞാനും ഇവനും സമ്മതിക്കില്ല. ശരിയാണെന്ന മട്ടില്‍ മനോജും തലയാട്ടി.

സാറെന്താ അങ്ങനെ പറഞ്ഞത്! സംശയത്തോടെ എന്റെ മുഖത്തേക്കു നോക്കിയ രേണു സിസ്റ്ററിനോട് ഞാന്‍ പറഞ്ഞു- നമ്മള്‍ ആ അമ്മയെ ചികില്‍സിക്കും എന്ന് തീരുമാനമെടുത്ത ശേഷമാണ് ഞാന്‍ അത് പറഞ്ഞത്. അവരുടെ മനസ്സ് അളക്കാന്‍ വേണ്ടി മാത്രം പറഞ്ഞെന്നേ ഉള്ളൂ. എന്തു നല്ല അമ്മ! തിരിച്ചറിയാനാകാത്ത കുറേ സ്ത്രീശബ്ദങ്ങള്‍ അത് ഏറ്റു പറയുന്നതായി എനിക്കു തോന്നി.

അടുത്ത ദിവസം ഞാന്‍ അവധിയെടുത്തു. പനി തന്നെ കാരണം. അച്ഛാ, തബിയത് കൈസാ ഹേ! (എങ്ങനെയുണ്ട് ആരോഗ്യം?) അച്ഛാ, എങ്ങനെയുണ്ട് പനി... ഇപ്പോള്‍ എങ്ങനെയുണ്ട്! ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുക്കാന്‍ സിസ്റ്റര്‍ വരുന്നുണ്ട്, പനി കുറഞ്ഞോ? മാറി മാറി വരുന്ന ഫോണ്‍കോളുകള്‍ അതെല്ലാം മക്കളുടെ സ്‌നേഹം തുളുമ്പുന്ന മനസ്സുകളില്‍ നിന്നുള്ള അന്വേഷണങ്ങളായിരുന്നു. അതെ, ഞങ്ങളുടെ നാലു മക്കളുടെ സ്‌നേഹം തുളുമ്പുന്ന അന്വേഷണങ്ങള്‍.

ഞാന്‍ രേണു സിസ്റ്ററിനെ ഫോണ്‍ചെയ്ത് ഇന്നലത്തെ ആ അമ്മയെ വിളിച്ച് ചികില്‍സാകാര്യങ്ങള്‍ സംസാരിക്കണമെന്ന് ഓര്‍മിപ്പിച്ചു.