സ്ഥിരം തട്ടലും മുട്ടലുമായി തങ്ങളുടെ പ്രവൃത്തിമേഖലയില്‍ ജീവിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അപൂര്‍വമായെങ്കിലും ലഭിക്കുന്ന ചില തലോടലുകള്‍- അതുമതി അവരുടെ ജീവിതം അര്‍ഥവത്താക്കാന്‍, സന്തോഷകരമാക്കാന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ലഭിച്ച അത്തരം ചില ആഹ്ലാദാനുഭവങ്ങള്‍
പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ശക്തി നല്‍കുന്ന ഇന്ധനമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
"ഞാന്‍ പ്രദീപ്. ഇത് എന്റെ മകന്‍ ശരത്ത്. ഇവന്‍ ഫൈനല്‍ ഇയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇത് മകള്‍ ദീപ. ഡോക്ടറാണ്. എം.ഡിക്ക് പഠിക്കുന്നു. ഇത് ഭാര്യ, റിട്ടയേഡ് ടീച്ചറാണ്. പേര് രമ." സ്റ്റേജില്‍ നില്‍ക്കുന്ന കുടുംബാംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് പ്രദീപ് തുടര്‍ന്നു. "ഇതില്‍ നിങ്ങളെപ്പോലെ കാന്‍സര്‍ വിന്നര്‍ ശരത്താണ്. അവന് രണ്ടര വയസ്സുള്ളപ്പോളാണ് അസുഖം തിരിച്ചറിഞ്ഞത്. ഞങ്ങള്‍ അന്ന് സൗദിയിലായിരുന്നു. നല്ല തടിയുള്ള ഒരു അമുല്‍ ബേബിയായിരുന്നു മോന്‍. അതുകൊണ്ട് കഴുത്തില്‍ പൊങ്ങി വന്ന മുഴകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല. വിട്ടുമാറാത്ത പനിയുമായിട്ടാണ് ഞങ്ങള്‍ ഡോക്ടറെ സമീപിച്ചത്. അസുഖം കാന്‍സറാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തകര്‍ന്നു പോയി.
Also Read
"അന്നു രാത്രി തന്നെ കുടുംബസമേതം ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചുപോയതാണ്. തയ്യാറെടുത്തതുമാണ്. ശരത്തിനെ നഷ്ടപ്പെട്ടുള്ള ഒരു ജീവിതം ഞങ്ങള്‍ക്ക് സങ്കല്പിക്കാനാകുമായിരുന്നില്ല. രണ്ടു കുഞ്ഞുങ്ങളുടെയും മുഖത്തേക്കു നോക്കിയപ്പോള്‍..."
പ്രദീപിന്റെ തൊണ്ടയിടറി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ശരത്തും ദീപയും പ്രദീപിന്റെ കൈകളില്‍ മുറുകെ പിടിച്ചു. ഭാര്യ തൂവാല കൊണ്ട്, പ്രദീപിന്റെ കവിളുകളിലേക്ക് ഊര്‍ന്നുറങ്ങിയ കണ്ണുനീര് തുടച്ചു.
"കുഞ്ഞുങ്ങളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ഞങ്ങള്‍ തീരുമാനം മാറ്റി. ആ രാത്രി മുഴുവന്‍ പൂജാമുറിയിലും കത്തിച്ചുവെച്ച വിളക്കിനു മുന്നിലും ഇരുന്നു പ്രാര്‍ഥിച്ചു- ദൈവമേ ശക്തി തരണേ... ശരത്തിനെ തിരിച്ചു തരണേ... അടുത്ത ദിവസം തന്നെ തീരുമാനമെടുത്ത് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു പോന്നു. ഒരാഴ്ചയ്ക്കകം ചികില്‍സ ആരംഭിച്ചു. രണ്ടു രണ്ടര വര്‍ഷം നീണ്ടു നിന്ന ചികില്‍സ. ആശുപത്രിയില്‍ തന്നെയായിരുന്നു ജീവിതം. ഓങ്കോളജി കുടുംബത്തിലെ അംഗങ്ങളായി എന്നു പറയുന്നതായിരിക്കും ശരി. ഇവനെ ഞങ്ങള്‍ക്ക് തിരിച്ചു തന്നതിന് ദൈവത്തിനോടും ഡോക്ടര്‍മാരോടും കടപ്പെട്ടിരിക്കുന്നു. നന്ദിയോടെ സ്മരിക്കുന്നു. അതിനിടയില്‍ നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു പറ്റം ആരോഗ്യപ്രവര്‍ത്തകരുണ്ട്. ആശുപത്രി ജീവനക്കാരുണ്ട്. പ്രത്യേകിച്ച് ശരത്തിനെ പൊന്നു പോലെ...അല്ല സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിച്ച വാര്‍ഡിലെ നഴ്സുമാര്‍. ഫിലോമിന സിസ്റ്റര്‍. ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ഓങ്കോളജി വാര്‍ഡിലെ മമ്മി. ഇന്ന് നമ്മുടെ കൂടെ മമ്മിയില്ല. പക്ഷേ, ആ ഓര്‍മകള്‍... പിന്നെ സിബി, ടെറോഷ്യ... ആ പട്ടിക അങ്ങനെ നീണ്ടു പോകുന്നു. അവരോടൊക്കെയുള്ള കടപ്പാട്, നന്ദി, സ്നേഹം, ബഹുമാനം... എന്റെ, അല്ല ഞങ്ങളുടെ അവസാന ശ്വാസംവരെ അവരെ ആരെയും ഞങ്ങള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇവരൊക്കെയില്ലായിരുന്നുവെങ്കില്‍..."
പ്രദീപ് വിതുമ്പിക്കരഞ്ഞു. മറ്റു മൂന്നു പേരും കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു. സ്റ്റേജിലെ ലൈറ്റും അവിടെ നില്‍ക്കുന്നവരുടെ മുഖവും മങ്ങിവരുന്നതു പോലെ. എന്റെ കണ്ണീര്‍ തുടച്ചു കളഞ്ഞ്, ഞാന്‍ കണ്ണട നേരേ വച്ചു. "ശരത്തിന്റെ രണ്ടാം ജന്മമാണിത്. നിങ്ങള്‍ക്കു വേണ്ടി അവന്‍ ഒരു ഗാനമാലപിക്കും"- പ്രദീപ് മൈക്ക് ശരത്തിനു കൈമാറി. "ഞാന്‍ ഒരു കൊച്ചുകുട്ടി ആയിരുന്നല്ലോ. അതുകൊണ്ട് ആ ദിവസങ്ങളെക്കുറിച്ച് ചെറിയ ചില ഓര്‍മകളേയുള്ളൂ എന്റെ മനസ്സില്‍. അങ്കിള്‍ അന്നും ഇന്നും എന്റെ- ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായുണ്ട്. എന്റെ ഈ ഗാനം ഞാന്‍ അങ്കിളിനും എന്നെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്ന മമ്മിക്കും മറ്റു നഴ്‌സുമാര്‍ക്കുമായി സമര്‍പ്പിക്കുന്നു..." ശരത്ത് മനോഹരമായി പാടി.
*************
അമൂല്യമായ ഒരു ഓണക്കോടിയുടെ അനുഭവം മനസ്സിലേക്ക് ഓടിയെത്തി.
കഴിഞ്ഞ തിരുവോണത്തിനു തലേദിവസം. ജനമാകെ ഉത്രാടപ്പാച്ചിലില്‍. അന്ന് ഉച്ചവരെ ഓ.പി.യില്‍ തുടര്‍ പരിശോധനയ്ക്കു വരുന്ന രോഗികളുടെ തിരക്കുണ്ടായിരുന്നു. ഉച്ച കഴിയുമ്പോഴേക്ക് ഓ.പി. കഴിഞ്ഞു. "ഇനി ഓണം കഴിഞ്ഞ് വരുമ്പോള്‍ കാണാം. ഞങ്ങളെല്ലാവരുടെയും ഓണാശംസകള്‍ സാറിന്"- ശ്രുതി പറഞ്ഞു. "സാറിനെ കാണാന്‍ സമ്മതം ചോദിച്ച് ഒരാള്‍ പുറത്ത് കാത്തിരിപ്പുണ്ട്. നമ്മള്‍ കുറച്ചു മുന്‍പ് മരുന്നെഴുതിക്കൊടുത്ത ശാന്തമ്മ. കൂടെ ഭര്‍ത്താവുമുണ്ട്"- രമ്യ വാതില്‍ക്കല്‍ നിന്നു കൊണ്ടു പറഞ്ഞു. സങ്കോചത്തോടെയാണ് ശാന്തമ്മയും ഭര്‍ത്താവും മുറിയിലേക്ക് കടന്നുവന്നത്. "ഞങ്ങളൊരു കാര്യം പറഞ്ഞാല്‍ സാറ് ദേഷ്യപ്പെടരുത്. പറയുന്നത് ശരിയാണോ എന്നറിയില്ല. ചെയ്യുന്നത് തെറ്റാണെങ്കില്‍ സാറ് ക്ഷമിക്കണം." ഭര്‍ത്താവ് കൈയിലിരുന്ന ഒരു പഴയ തുണിസഞ്ചി ശാന്തമ്മയുടെ നേരേ നീട്ടി. ഞങ്ങളൊരു ഓണക്കോടി തന്നാല്‍ സാറ് സ്വീകരിക്കുമോ! അവരുടെ കണ്ണുകളില്‍ പരിഭ്രമമുണ്ടായിരുന്നു.
ഈ ജന്മത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വിലപ്പെട്ട ഓണക്കോടികളിലൊന്ന്- അറിയാതെ മനസ്സ് മന്ത്രിച്ചതാണ്. പക്ഷേ, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിപ്പോയി. പതറിയ ശബ്ദത്തോടെ ഞാന്‍ പറഞ്ഞു- "തീര്‍ച്ചയായും സന്തോഷത്തോടെ ഞാന്‍ ആ ഓണക്കോടി സ്വീകരിക്കും. ഈ ഓണത്തിന് ഞാന്‍ അതു തന്നെ ധരിക്കും." കൈയിലുണ്ടായിരുന്ന തുണി സഞ്ചിയില്‍ ഒരു ബ്രൗണ്‍ കവര്‍ പുറത്തെടുത്ത് ശാന്തമ്മ എന്റെ നേരെ നീട്ടി. ഞാന്‍ സ്ഥിരമായി വീട്ടില്‍ ഉടുക്കാറുള്ള കാവിമുണ്ട് അതിനിടയിലൂടെ തെളിഞ്ഞു കാണാമായിരുന്നു. തുണിസഞ്ചിയില്‍നിന്ന് അതിനൊപ്പം ഒരു ചെറിയ പ്ലാസ്റ്റിക്ക് കവര്‍ കൂടി പുറത്തേയ്ക്ക് എടുത്ത് അവര്‍ പറഞ്ഞു- "ഇത് സാറിന് ഏറ്റവും ഇഷ്ടപ്പെട്ട അവിയല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ക്കാനുള്ള മഞ്ഞള്‍പ്പൊടിയാണ്. വീട്ടിലെ മഞ്ഞള്‍ ഞങ്ങള്‍ തന്നെ പൊടിപ്പിച്ചതാണ്." സഫലമീ ജീവിതം എന്ന മനോഹരമായ ഗാനം ചെവിയില്‍ മുഴങ്ങുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
*****************
ഓണം കഴിഞ്ഞുള്ള ആദ്യത്തെ പ്രവൃത്തിദിവസം. ഗുരുവായൂരില്‍ നിന്നുള്ള സന്ധ്യ പരിശോധനയ്ക്കായി എന്റെ മുറിയിലേക്ക് കടന്നുവന്നു. കൈയിലുള്ള ഒരു ചോറ്റുപാത്രം നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു- "സാറിന് ഏറ്റവും ഇഷ്ടമുള്ള വിഭവം- അവിയലാണിത്. ഉച്ചയ്ക്ക് ഊണു കഴിക്കുമ്പോള്‍ എല്ലാവര്‍ക്കും കൂടി കഴിക്കാനാണിത്"- എന്റെ കൂടെ മുറിയിലുണ്ടായിരുന്ന സിസ്റ്റര്‍മാരെ നോക്കി സന്ധ്യ പറഞ്ഞു. കൈ കൊണ്ട് സൂപ്പര്‍ എന്ന് ആംഗ്യം കാണിച്ച് ഭര്‍ത്താവ് ബിനു പറഞ്ഞു- "സാറേ, രാവിലെ നാലു മണിക്ക് തുടങ്ങിയതാണ് സാറിനുള്ള സ്‌പെഷ്യല്‍ അവിയല്‍ പരിപാടി. കഷ്ണങ്ങള്‍ അരിയാന്‍ ഞാനും പിള്ളേരും കൂടി." മക്കളെ ചൂണ്ടിക്കാട്ടി ബിനു തുടര്‍ന്നു പറഞ്ഞു: "ടിവിയിലെ അഭിമുഖത്തില്‍ സാറ് പറഞ്ഞില്ലേ ഓണവിഭവങ്ങളില്‍ സാറിന് ഏറ്റവും ഇഷ്ടം അവിയലാണെന്ന്. അന്നു തുടങ്ങിയ തയ്യാറെടുപ്പാണ്."
"സാറേ ഉഗ്രന്‍ അവിയലാണ്. സാറിനോടുള്ള സ്‌നേഹം കൂടി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ്"- ഉച്ചയ്ക്ക് അവിയല്‍ നുണഞ്ഞു കൊണ്ട് ധന്യ പറഞ്ഞ വാക്കുകള്‍ തികച്ചും സത്യമായിരുന്നു.
"സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു... ഓരോ പ്രാര്‍ഥനയിലും സാറിനെയും കുടുംബത്തെയും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു, നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു... അഞ്ചു നേരവും നിസ്‌കരിക്കുമ്പോള്‍ സാറിനു വേണ്ടിക്കൂടി പ്രാര്‍ഥിക്കുന്നുണ്ട്..."
അങ്ങനെ നീണ്ടു പോകുന്ന പ്രാര്‍ഥനകള്‍. അതിനിടയില്‍ രസകരമായ ഒരു പ്രാര്‍ഥനയുണ്ട്.
**************
ചങ്ങനാശ്ശേരിക്കാരി ആലീസ് ഒരിക്കല്‍ എന്നോട് മനസ്സു തുറന്നു. "ഞാന്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കും സാറേ. എന്നും പ്രാര്‍ഥിക്കും. അപ്പോഴൊക്കെ സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയും പ്രാര്‍ഥിക്കും. ഞങ്ങളുടെ സാറിനെ ആ കൈകളില്‍ ഏല്പിക്കുന്നു, കാത്തുകൊള്ളണേ ദൈവമേ എന്ന് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കും. അതില്‍ കുറച്ചൊക്കെ സ്വാര്‍ഥതയുണ്ട് കേട്ടോ സാറേ. സാറില്ലെങ്കില്‍ പിന്നെ ആരുണ്ടാകും ഞങ്ങളെയൊക്കെ നോക്കാന്‍! ഒരു കാര്യം കൂടി പ്രാര്‍ഥിക്കും കേട്ടോ സാറേ... സാറിന്റെ കാലം കഴിഞ്ഞാല്‍ എന്നെ നോക്കാന്‍ നല്ലൊരു ഡോക്ടറെ കൂടി തരണമേ എന്ന്.."
കളങ്കമില്ലാത്ത മനസ്സില്‍നിന്ന് വന്ന യഥാര്‍ഥ ചിന്തകള്‍! വാക്കുകള്‍... ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഇനി മറ്റൊന്നും വേണ്ടല്ലോ എന്ന് തോന്നി.
സ്വര്‍ഗസ്ഥനായ, ഞങ്ങളുടെ പിതാവേ, എന്റെ ഡോക്ടറെ ആ കൈകളില്‍ ഏല്പിക്കുകയാണ്. സ്വീകരിക്കേണമേ.. എനിക്ക് മറ്റൊരു നല്ല ഡോക്ടറെ തരേണമേ... എന്നിങ്ങനെ പ്രാര്‍ഥിക്കുന്നവരും ഉണ്ടായിരിക്കുമോ...!
Content Highlights: drvp gangadharan column on cancer patients
Published: 28 Sept 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented