
സതീശന്‍, 82 വയസ്സ്
ഒ.പി. മുറിയുടെ തൊണ്ടയില്‍ മൈക്ക് പിടിപ്പിച്ചിരിക്കുന്ന വ്യക്തി എന്ന് ഞങ്ങള്‍ കളിയാക്കുന്ന രമ്യ ഒന്നുകൂടി ഉറക്കെ വിളിച്ചു; സതീശന്‍ 82 വയസ്സ്.
അദ്ദേഹം ഊണുകഴിക്കാന്‍ പോയിരിക്കുകയാണ്. അരമണിക്കൂറിനകം വരും. സിസ്റ്റര്‍ അടുത്ത രോഗിയെ വിളിച്ചോളു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ഒ.പി.യിലെ അവസാനത്തെ രോഗിയേയും കണ്ടു കഴിഞ്ഞു എന്നു രമ്യ പറഞ്ഞു നിര്‍ത്തേണ്ട താമസം. സതീശന്‍ മുറിക്കുള്ളിലേക്ക് കയറിവന്നു. സോറി സാര്‍, സ്വല്പം താമസിച്ചുപോയി. ഉണ്ണാന്‍ പോയതാണ്. വഴിയിലെങ്ങും ഓണത്തിന്റെ തിരക്കും. ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ടു പോയി. അതാണ് വരാന്‍ താമസിച്ചത്. ഇന്ന് അച്ഛന്റെ 82-ാം പിറന്നാളാണ്. സദ്യ വിളമ്പിവെച്ച് അമ്മ വിളിച്ചതുകൊണ്ടാണ് പെട്ടെന്ന് പോയി വരാമെന്ന് തീരുമാനിച്ചത്. സോറി സാര്‍, സ്വല്പം താമസിച്ചുപോയി. കൂടെ വന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
പിറന്നാള്‍ ആശംസകള്‍. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും കുറേ വര്‍ഷങ്ങള്‍ ജീവിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ. കൈപിടിച്ചു കുലുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. ഹാപ്പി ബര്‍ത്ത് ഡെ ആന്‍ഡ് വിഷിങ്ങ് യു എ ഹാപ്പി റിട്ടയേര്‍ഡ് ലൈഫ്. എന്റെ കൂടെയുണ്ടായിരുന്ന കുട്ടി ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. റിട്ടയേര്‍ഡ് ലൈഫോ, അച്ഛനോ - കൂടെയുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. 82-ാം വയസ്സില്‍ ഇന്ന് അച്ഛന്‍ ഐ.ഐ.ടി.യിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. മക്കള്‍ രണ്ടുപേരും ഒരുമിച്ച് പറഞ്ഞു. ''നല്ലൊരു ദിവസം - അച്ഛന്റെ പിറന്നാള്‍ ദിനം - വെറുതെ അച്ഛനെ കളിയാക്കല്ലേ - രമ്യ പരിഭവത്തോടെ പറഞ്ഞു. അല്ല സിസ്റ്ററേ, സത്യമാണ്. ഞാന്‍ ഐ.ഐ.ടി.യില്‍ മൂന്നു വര്‍ഷത്തെ ബി.എസ്സി. ഡാറ്റാ സയന്‍സ് കോഴ്‌സിന് ചേര്‍ന്നു. സതീശന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ വയസ്സുകാലത്തോ. ചുമ്മാ കളിതമാശ പറയാതെ സാറേ!. രമ്യ തിരിഞ്ഞു നടന്നു. ''അല്ല ഡോക്ടറെ സത്യമാണ്. സതീശന്‍ എന്റെ നേരെ തിരിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷ എഴുതി കിട്ടിയതാണ്.
Also Read
എങ്ങനെ, എങ്ങനെ?... എന്‍ട്രന്‍സ് പരീക്ഷയെഴുതി കിട്ടിയതാണെന്നോ? എന്ന് എഴുതി ഈ പരീക്ഷകള്‍? -ഞാന്‍ കൗതുകത്തോടെ ചോദിച്ചു.
സാറെനിക്ക് കീമോതെറാപ്പി തരാറുള്ളത് മൂന്ന് ആഴ്ചയില്‍ ഒരിക്കലല്ലേ. ആറുമാസം കീമോതെറാപ്പിയെടുത്തു. അതിനിടയില്‍ ഞാന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. സതീശന്റെ കണ്ണുകളില്‍ ചെറുപ്പത്തിന്റെ തിളക്കം! അപ്പോള്‍ കീമോതെറാപ്പിക്ക് ഇങ്ങനെയൊരു പാര്‍ശ്വഫലം കൂടിയുണ്ട്, അല്ലേ? എന്റെ ചോദ്യത്തിന് അതേ എന്ന അര്‍ത്ഥത്തില്‍ സതീശന്‍ തലയാട്ടി.
ഒന്നല്ല രണ്ടു പരീക്ഷ. മകന്റെ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുേനാക്കി. രണ്ടു ഘട്ടത്തിലായിരുന്നു പരീക്ഷ. ആദ്യത്തെ പരീക്ഷ കീമോതെറാപ്പി തുടങ്ങി അടുത്ത ദിവസമായിരുന്നു. അത് പാസ്സായപ്പോഴാണ് രണ്ടാംഘട്ടം പരീക്ഷ വന്നത്. അന്ന് സെക്യൂരിറ്റി അച്ഛനെ തടഞ്ഞു. ആള്‍മാറാട്ടം എന്ന് സംശയിച്ചാണ് തടഞ്ഞത്. പരീക്ഷ എഴുതാന്‍ വന്നവരെല്ലാം ചെറുപ്പക്കാരും ചെറുപ്പക്കാരികളും. അച്ഛന്‍ മാത്രം ഈ പ്രായത്തില്‍. 82-ാം വയസ്സില്‍. സംശയിച്ചതില്‍ തെറ്റില്ല, അല്ലേ സാറെ. ഹാള്‍ ടിക്കറ്റ് കാണിച്ച് പരീക്ഷാഹാളില്‍ കയറിയ അച്ഛനെ കണ്ട് കുട്ടികള്‍ കളിയാക്കിച്ചിരിച്ചു. ഒരു കൂസലുമില്ലാതെ ഞാന്‍ പരീക്ഷയെഴുതി. സതീശന്‍ തുടര്‍ന്നു.
അതിരാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് ഞാന്‍ പഠനമാരംഭിക്കും. ചിട്ടയായ പഠനം ഈ പ്രായത്തിലും. ഞാനത് തുടരും ഡോക്ടറേ... അവസാനത്തെ പരീക്ഷ എഴുതിയിട്ടാണ് ഞാന്‍ അവസാനത്തെ കീമോതെറാപ്പി എടുക്കാന്‍ വന്നത്. ചികിത്സയൊക്കെ കഴിഞ്ഞില്ലേ - ഇനി സുഖമായി പഠിക്കാം അല്ലേ? സതീശന്റെ വാക്കുകളിലുള്ള നിശ്ചയദാര്‍ഢ്യം എന്നെ അത്ഭുതപ്പെടുത്തി. അച്ഛന്റെ പ്രായത്തെ മാനിച്ചായിരിക്കണം ഐ.ഐ.ടി. അച്ഛന് ഫീസ് വേണ്ടെന്ന് അറിയിച്ചു. ഞാന്‍ പതുക്കെ എഴുന്നേറ്റ് നിന്നു. ഗ്രേറ്റ് - സതീശന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. ചുറ്റിലുള്ളവരെല്ലാം അത്ഭുതത്തോടെ സതീശനെ നോക്കിനില്‍ക്കുകയായിരുന്നു. പഠനസമയം കഴിഞ്ഞാല്‍ പിന്നെ എന്തു ചെയ്യും? എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സതീശന്റെ സഹോദരനാണ്. ജ്യേഷ്ഠന്‍ എന്റെകൂടെ ഓഫീസില്‍ വരും. ജോലിയില്‍ എന്നെ സഹായിക്കും. ഞാന്‍ ഒരു സ്ട്രക്ചറല്‍ എന്‍ജിനീയര്‍ ആണ്. വിശ്വസിക്കാന്‍ സാധിക്കുന്നില്ല, അല്ലേ സാറെ - രമ്യക്ക് അത്ഭുതം. ഞാനും എറണാകുളം മഹാരാജാസ് കോളേജിലാണ് പഠിച്ചത്. സാറും അവിടത്തെ പൂര്‍വ വിദ്യാര്‍ഥിയല്ലേ? സതീശന്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ രമ്യ പറഞ്ഞു. ഞാനും മഹാരാജാസുകാരി തന്നെ. നമ്മളൊക്കെ അങ്ങിനെയാണ് അല്ലേ സാറെ. അതിന് മറുപടിയെന്നോണം ഞാനും സതീശനും തലയാട്ടി.
അന്‍പത്തെട്ട് അല്ലെങ്കില്‍ അറുപത് വയസ്സ് തികയുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ടിവരുന്നരുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു. സഹപ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വം നല്‍കുന്ന യാത്രയയപ്പിലെ പ്രധാന സന്ദേശങ്ങള്‍ ചെവിയില്‍ മുഴങ്ങി. നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു, കുട്ടികളും പേരക്കുട്ടികളുമൊത്ത് സന്തോഷകരമായ ഒരു റിട്ടയേര്‍ഡ് ലൈഫ് ആശംസിക്കുന്നു, ശരീരത്തിനും മനസ്സിനും അല്ലലില്ലാത്ത ഒരു വിശ്രമജീവിതം നേരുന്നു - അങ്ങനെ നീണ്ടുപോകും ആ സന്ദേശങ്ങള്‍. ഉറ്റ സുഹൃത്തുക്കള്‍ പറയും പെന്‍ഷനും വാങ്ങി കൃത്യസമയത്ത് വീട്ടില്‍ നിന്ന് ആഹാരവും കഴിച്ച് സുഖമായ ജീവിതം. എന്തര് അണ്ണാ അണ്ണന്‍ ഭാഗ്യവാന്‍ തന്നെ. പത്തുനാല്‍പ്പത് വര്‍ഷം ഓടിയതല്ലേ. ഇനി അനങ്ങാതെ വീട്ടില്‍പ്പോയി വിശ്രമിക്കണം. രാവിലെ ബസ്സില്‍ തൂങ്ങിക്കിടന്നുള്ള ഓഫീസ് യാത്രയൊന്നും ഇനി വേണ്ടല്ലോ. ബസ്സിലെ സ്ഥിരം സഹയാത്രികന്റെ വാക്കുകള്‍. ഇതെല്ലാം കേട്ടുകഴിയുമ്പോള്‍ മനസ്സിലൊരു ചിന്ത വരും. അതേ, ഞാന്‍ വയസ്സനായി. ആര്‍ക്കും വേണ്ടാത്തവനായി എന്ന ചിന്ത മനസ്സിനെ വേട്ടയാടും. താന്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകുമോ എന്ന ചിന്ത കൂടി മനസ്സില്‍ കടന്നുകയറിയാല്‍... അതോടുകൂടി ശരീരത്തിനും മനസ്സിനും വയസ്സേറും. അക്ഷരാര്‍ഥത്തില്‍ വയസ്സനാകും.
ശിഷ്ടജീവിതം കഷ്ടജീവിതമാകുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ സാഹചര്യങ്ങള്‍ വീട്ടിലുണ്ടാകും. അമ്മച്ചിക്ക് ഇത് എന്തിന്റെ കേടാ വയസ്സുകാലത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നാല്‍ പോരേ. സ്‌നേഹത്തോടെ മൂത്തമകളും ശാസനാരൂപത്തില്‍ മരുമകളും പറുന്ന സ്ഥിരം 'ഡയലോഗ്'. അവിടെ ഭയങ്കരതിരക്കായിരിക്കും. അതിനിടയില്‍ ഈ വയസ്സുകാലത്ത് അച്ഛന്‍ ഉത്സവത്തിനൊന്നും പോകേണ്ട. ഞാനും ശോഭയും പിള്ളേരും പോയിട്ട് വേഗം വരാം. താക്കോലെടുത്തിട്ടുണ്ട്. അച്ഛന്‍ നേരത്തെ കഴിച്ചിട്ട് കിടന്നോ. മകന്‍ അച്ഛനെ ഒഴിവാക്കാന്‍ പ്രയോഗിക്കുന്ന ഒരു സ്ഥിരം 'ഡയലോഗ്'. പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും. ഇത്തരം അച്ഛനമ്മമാര്‍ മനസ്സിലോര്‍ക്കും നിങ്ങള്‍ക്കും ഇങ്ങിനെയൊരു കാലം വരും എന്ന് പറയാന്‍ സ്‌നേഹവും ഉള്ളിലെ ഭയവും അവരെ അനുവദിക്കില്ല.
എടാ, ഞാന്‍ പ്രാക്ടീസൊക്കെ നിര്‍ത്തി. അറുപത് വയസ്സായില്ലേ ഇനി രാവിലെ കുറച്ചുസമയം വീട്ടിലെ പ്രാക്ടീസ് മാത്രം. ഉച്ചകഴിഞ്ഞ് കിടന്നുറങ്ങും. എന്റെ ഒരു സഹപാഠിയുടെ വാക്കുകളാണിത്. നിര്‍ത്താറായില്ലേടാ നിന്റെ ഈ ഓട്ടം. പിള്ളേരാക്കെ വലുതായില്ലേ. സഹമുറിയനായിരുന്നവന്റെ ഉപദേശമാണ്. സാറേ, വയസ്സ് 65 കഴിഞ്ഞില്ലെ, ഇനി ഇതൊക്കെ നിര്‍ത്തി വീട്ടിലിരുന്നുകൂടേ. ഞങ്ങളൊക്കെയില്ലേ ഇനി ഇതേറ്റെടുത്ത് നടത്താന്‍. ഒരു സഹപ്രവര്‍ത്തകന്റെ ഈ വാക്കുകള്‍ സ്‌നേഹംകൊണ്ടല്ലെന്ന് മനസ്സിലാകും. പക്ഷേ, ഇതെല്ലാം എഴുപതോടടുത്ത നിന്റെ മനസ്സിനെ തളര്‍ത്തുന്നുണ്ടോ?
ഇല്ല, ഇല്ല, ഇല്ല എന്ന് തന്നെയാണുത്തരം. ഞാനിപ്പോഴും മനസ്സുകൊണ്ട് ചെറുപ്പമാണ്. പാട്ടും സിനിമയും കളികളും ജോലിയും ആസ്വദിച്ച് കൊണ്ടുതന്നെയുള്ള തിരക്കിട്ട ഒരു ജീവിതം. അതിനിടയില്‍ ഇത്തരം സതീശന്മാര്‍ വലിയ പ്രചോദനമാകുന്നു. 60 വയസ്സില്‍ കഥകളി അഭ്യസിച്ച് സ്റ്റേജിലെത്തിയ ഗിരിജാ വാര്യര്‍, 85-ാം വയസ്സിലും പറമ്പിലെ പണികളെല്ലാം ചെയ്ത് തീര്‍ത്ത് രാത്രിയുടെ അന്ത്യയാമത്തില്‍ വിംബിള്‍ഡണ്‍ ടെന്നീസ് ഫൈനല്‍ കാണാന്‍ ടിവി.യുടെ മുമ്പില്‍ സ്ഥാനം പിടിക്കുന്ന കുട്ടുപ്പന്‍ അങ്കിള്‍, അതേ പ്രായത്തില്‍ ദിവസവും രാവിലെ സൈക്കിള്‍ ചവിട്ടി മീന്‍ വാങ്ങാന്‍ പോകുന്ന കുട്ടി സാര്‍ ഇവരൊക്കെയാണ് എന്റെ ഹീറോസ്. ഇവരെപ്പോലെ ജീവിച്ചു മരിക്കാനാണെനിക്കിഷ്ടം.
60 വയസ്സിനുമേല്‍ സീനിയര്‍ സിറ്റിസണ്‍, 80 വയസ്സിനുമേല്‍ സൂപ്പര്‍സീനിയര്‍ സിറ്റിസണ്‍. ഇതെല്ലാം കണക്കുകള്‍ക്ക് വേണ്ടി മാത്രം. മനസ്സിനെ ഒരിക്കലും വയസ്സ് അറിയിക്കരുത്. മനസ്സ് ഒരിക്കലും വയസ്സനാകരുത്. മനസ്സിന് വയസ്സേറിയാല്‍ ശരീരം വയസ്സനാകും. രോഗങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ഇതുതന്നെ ധാരാളം. വിദേശരാജ്യങ്ങളിലെപ്പോലെ പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും നിത്യയൗവ്വനം ആഘോഷിക്കുന്ന ജനങ്ങള്‍ - സോഷ്യല്‍ സെക്യൂരിറ്റി എന്ന കുടക്കീഴില്‍ - നാം ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു, സത്യമല്ലേ?
Content Highlights: oncologist dr vp gangadharan health column
Published: 11 Sept 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented