
'സാറേ, സാറ് ന്യൂസ് അറിഞ്ഞോ?' മാർഷലിന്റെ ഫോൺവിളി ആയിരുന്നു. 'എന്തു ന്യൂസ്?' ഞാൻ ചോദ്യം പൂർത്തിയാക്കുന്നതിന്റെ മുൻപേ ഫോണിലൂടെ ഞെട്ടിക്കുന്ന ആ വിവരം എന്റെ ചെവിയിൽ മുഴങ്ങി. ഡോ.ജോർജ് പി. എബ്രഹാം മരിച്ചു. ആത്മഹത്യയാണെന്ന് തോന്നുന്നു. മാർഷൽ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഞാൻ കേട്ടില്ല. മനസ്സിൽ ഒരു ശൂന്യതയാണ് പെട്ടെന്ന് അനുഭവപ്പെട്ടത്. ഒരു നിമിഷം ഞാൻ പകച്ചിരുന്നുപോയി. ഞാൻ കേട്ടത് സത്യമാകരുതേയെന്ന് പ്രാർഥിച്ചു. വീണ്ടും അടുത്ത ഫോൺവിളി. 'അറിഞ്ഞോ?' രമയുടെ ചോദ്യം ഒറ്റ വാക്കിൽ ഒതുങ്ങി. 'അറിഞ്ഞു'. എന്റെ ഉത്തരം യാന്ത്രികമായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഞാൻ സാവധാനം മുന്നോട്ടെടുത്തു. ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖം മാത്രമേ വഴിനീളെ ഞാൻ കാണുന്നുണ്ടായിരുന്നുള്ളൂ. അത് മറ്റാരുമല്ലായിരുന്നു. ഒരിക്കലും മായാത്ത, മങ്ങാത്ത ചിരിയുടെ ഉടമ. ഞാൻ എന്നും സ്‌നേഹത്തോടെ വിളിക്കുന്ന ജോർജ് പി. 'വി.പി.ജിയല്ലേ...' ആ ശബ്ദവും മറ്റാരുടേയുമല്ലായിരുന്നു.
30 വർഷങ്ങൾക്ക് മുൻപേ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പല വേദികൾ പങ്കിട്ടുണ്ടെങ്കിലും ജോർജ് പിയെ അടുത്തറിയുന്നത് ഞാൻ ലേക്‌ഷോർ ആശുപത്രിയിൽ വന്നതിന് ശേഷമാണ്. ചിരിക്കുന്ന മുഖങ്ങൾ അപൂർവമായി മാത്രം കാണുന്ന ആശുപത്രിയിൽ ചിരി മായാത്ത ഒരുമുഖം. അതാണ് എന്റെ മനസ്സിൽ പതിഞ്ഞത്, എന്നെ ആകർഷിച്ചത്. 'കൊച്ചിയിലേക്ക് സ്വാഗതം വി.പി.ജി.' കൈപിടിച്ച് കുലുക്കിക്കൊണ്ടുള്ള ആദ്യ സംഭാഷണം. ആശുപത്രിയുടെ ആരംഭകാലമായിരുന്നതിനാൽ ഡോക്ടർമാർക്ക് ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ലായിരുന്നു. കുറേയധികം സമയം കാന്റീനിൽ സൊറ പറഞ്ഞിരിക്കുമായിരുന്നു ഞങ്ങളെല്ലാവരും. അധികമൊന്നും സംസാരിക്കാതെ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരനായിരുന്നു ജോർജ് പി. ഇടയ്ക്ക് എഴുന്നേറ്റ് ഓപ്പറേഷൻ തീയേറ്ററിലേക്ക് ഓടിപ്പോകുന്ന ആ ചെറിയ വലിയ മനുഷ്യന്റെ ചിത്രമാണ് ഇന്നും എന്റെ മനസ്സിൽ. അങ്ങേർക്ക് നടക്കാനറിയില്ലേയെന്ന് ഞാൻ മനസ്സിൽ പലവട്ടം ചോദിച്ചിട്ടുണ്ട്.
ഡോക്ടർമാർ എന്ന നിലയിൽ തൊഴിൽപരമായി ഞങ്ങൾ ഇടപഴകുന്നത് കഴിഞ്ഞ ഇരുപതുവർഷമായിട്ടാണ്. 'യെസ് ജോർജ് പി. ആണ്. വി.പി.ജി. എന്തുണ്ട് വിശേഷം'. എന്റെ ഫോൺ വിളിക്കുള്ള സ്ഥിരം മറുപടിയാണത്. 'കത്തിവെക്കുകയാണോ? ഇപ്പോൾ സംസാരിക്കാൻ സമയമുണ്ടോ?' 'ഞാൻ ഡോണറെ (വൃക്കദാതാവ്) ചെയ്ത് കൊണ്ടിരിക്കുകയാണ്. തിരികെ വിളിക്കാം'. ഞങ്ങളുടെ സംഭാഷണം മിക്കവാറും ഇങ്ങനെ അവസാനിക്കും. പക്ഷേ, തിരികെയുള്ള വിളി ജോർജ് പി. ഒരിക്കൽപോലും തെറ്റിച്ചിട്ടില്ല. 'വി.പി.ജി പറ... എന്താ പ്രശ്‌നം'. രാവിലെ മുതൽ ഞങ്ങളെ അലട്ടിയിരുന്ന ഒരു കാൻസർരോഗിയുടെ പ്രശ്‌നം ഞാൻ പറഞ്ഞുതീരേണ്ട താമസം, മറുപടി വരും. 'ധൈര്യമായിട്ട് ഇങ്ങോട്ട് വിട്ടോ. തട്ടിയേക്കാം ആ ട്യൂമറിനെ' (കാൻസർ മുഴയെ). ഒരു ചിരിയോടെ ഫോൺ താഴെ വെക്കും. അത് വെറും വാക്കല്ല എന്ന് മനസ്സിലാക്കാൻ അധികനാൾ വേണ്ടിവന്നില്ല. ഏത് സങ്കീർണ ശസ്ത്രക്രിയയും ആ കൈകളിൽ സുരക്ഷിതം. എണ്ണിയാൽ തീരാത്ത എത്രയെത്ര കാൻസർരോഗികൾ ആ കൈകളിലൂടെ തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തിരിക്കുന്നു. അത്ര സുരക്ഷിതമായിരുന്നു ആ കൈകൾ. 'ദൈവത്തിന്റെ കൈകൾ...' ദുബായിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഉമ്മയുടെ വാക്കുകളാണിത്. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഭൂരിഭാഗം ഡോക്ടർമാരും വിധിയെഴുതിയ മകനെ രക്ഷിക്കാൻ ഇങ്ങനെ ഒരു അവതാരം ഭൂമിയിലുണ്ടായെന്ന് തിരിച്ചറിഞ്ഞ ഉമ്മയ്ക്ക് പറയാൻ മറ്റൊരു വിശേഷണമില്ലായിരുന്നു. ഏത് അസമയത്തും രോഗിയെ കാണാൻ ഓടിയെത്തുന്ന ഒരു നല്ല ഡോക്ടറെയാണ് രോഗികൾക്ക് നഷ്ടപ്പെട്ടത്. ഏതൊരു രോഗിയെയും രക്ഷപ്പെടുത്താൻ കെൽപ്പുള്ള കരങ്ങളാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്.
'കഴിഞ്ഞ ആഴ്ചയും അച്ഛൻ ഡോക്ടറോട് സംസാരിച്ചതല്ലേ... എനിക്കും വിശ്വസിക്കാനാകുന്നില്ല'. പപ്പായുടെ (ഗോകുലിന്റെ ഭാര്യാ പിതാവ്) പ്രോസ്റ്റേറ്റ് ഓപ്പറേഷൻ (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയ) രണ്ട് ദിവസം മുമ്പല്ലേ ചെയ്തത്'. ഗോകുലിന്റെ മുഖത്ത് അത്ഭുതഭാവം. കഴിഞ്ഞ ആഴ്ചയും രണ്ടോ മൂന്നോ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നാണറിഞ്ഞത്. അപ്പുവും സംഭാഷണത്തിൽ പങ്കുചേർന്നു. ബന്ധു സഹോദരിയെയും കൊണ്ട് കഴിഞ്ഞ ആഴ്ച എന്റെ ഒപിയിൽ വന്ന കാര്യം മനസ്സിലോർത്തു. 'നട്ടെല്ലിന്റെ ഓപ്പറേഷനൊക്കെ കഴിഞ്ഞ് ഇപ്പോൾ എങ്ങനെയുണ്ട്?' യദൃച്ഛയാ ചോദിച്ചതാണ് ഞാൻ. 'അതൊക്കെ എന്നേ മറന്നു. ഞാൻ ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ ഓടിനടക്കുന്നു. എന്നെക്കണ്ടാൽ രോഗിയാണെന്ന് തോന്നുന്നുണ്ടോ വി.പി.ജിക്ക്'. ചിരിച്ചുകൊണ്ടുള്ള ആ ചോദ്യത്തിന് ഇല്ല എന്ന മറുപടി മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. 'പണ്ടത്തേക്കാൾ ചെറുപ്പമായി ഇപ്പോൾ. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള ഓട്ടം കണ്ടിട്ടില്ലേ നിങ്ങളൊക്കെ'. കൂടെ വന്ന നഴ്‌സും ചിരിച്ചുകൊണ്ടുപറഞ്ഞു.
ഡോ. വി.പി.ഗംഗാധരൻ എഴുതുന്ന സ്നേഹഗംഗയുടെ മുൻലക്കങ്ങൾ വായിക്കാം.
പിന്നെ എന്തിന്? എന്തുപറ്റി ജോർജ് പി.യ്ക്ക്? എന്റെ മനസ്സിൽ ആ ചോദ്യം ഉയർന്നുകൊണ്ടേയിരുന്നു. ഉത്തരമില്ലാത്ത ചോദ്യം. കുറെയേറെ പരിചയമുള്ള സ്വരങ്ങൾ അതേറ്റ് പറയുന്ന പോലെ തോന്നി.
ഒരാളുടെയും മനസ്സ് വായിച്ചറിയാൻ സാധിക്കില്ല. മനസ്സിൽ ദുഃഖഭാരം പേറി ചിരിച്ചുകൊണ്ടു നടക്കുന്ന എത്രപേർ നമ്മുടെയിടയിൽ, അല്ലേ സാറേ. രമ്യ സിസ്റ്ററിന്റെ ഈ ചോദ്യത്തിന് ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല. പ്രായമായെന്ന് വിചാരിച്ച് ഒരാൾ അങ്ങനെ ചെയ്യുമോ? പ്രത്യേകിച്ചും സാറിന്റെ സ്വഭാവമുള്ള ഒരാൾ. കുടുംബത്തോടൊപ്പം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിച്ചിരുന്ന സാറെന്തിനിത് ചെയ്തു. ഒരു സാമ്പത്തിക പ്രശ്‌നവുമില്ലാത്ത സാറ് ഇങ്ങിനെ ചിന്തിക്കാൻ പോലും പാടില്ലായിരുന്നു. ആരോഗ്യപരമായി സാറിന് ഒരു പ്രശ്‌നമുള്ളതായി ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. സഹപ്രവർത്തകരിൽ പലരും മനസ്സ് തുറന്നു സംസാരിക്കുന്നുണ്ടായിരുന്നു.
'പത്തെഴുപത് വയസ്സായില്ലേ. ഇനി സാറിന് ഇതൊക്കെ നിർത്തി വീട്ടിൽ ഇരുന്നുകൂടെ'. ഒരു സഹപ്രവർത്തകന്റെ 'സ്‌നേഹത്തിൽ പൊതിഞ്ഞ' ഉപദേശമാണ് എന്നോട്. സ്‌നേഹത്തിൽ നിന്ന് വ്യത്യസ്തമായ മുഖവും ഭാവവും മനസ്സുമാണ് ആ വാക്കുകൾക്ക് പിന്നിലെന്ന് ഞാൻ മനസ്സിലാക്കി. വയസ്സന്മാരായ ഡോക്ടർമാരെയൊക്കെ പറഞ്ഞുവിടണം. യുവരക്തം കടന്നുവരണം. എന്നാലെ ഈ ആശുപത്രി രക്ഷപ്പെടുകയുള്ളൂ. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ ചെയർമാൻ ആവർത്തിച്ചുപറഞ്ഞെടാ... മറ്റൊരാശുപത്രിയിൽ ജോലി ചെയ്യുന്ന എന്റെ ഒരു പഴയ സഹപാഠി മനംനൊന്തു പറഞ്ഞു. എത്ര വർഷമായെന്നോ ഞാൻ ഈ ആശുപത്രിയിൽ 'കിള' തുടങ്ങിയിട്ട്. എന്നിട്ടും അവസാനം അയാൾ... പാലാക്കാരൻ സുഹൃത്ത് രോഷാകുലനായി. പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും. അതാണ് ലോകനിയമം... എന്റെ മനസ്സ് സമാധാനിപ്പിച്ചു.
വയസ്സ് എഴുപത് കഴിഞ്ഞു അച്ഛന്. ഇപ്പോഴും അച്ഛന്റെ ചായക്കടയിൽ പോകണം രാവിലെ തന്നെ. വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല. പറഞ്ഞ് ഞാൻ സഹികെട്ടു. 'വീട്ടിലിരുന്ന് മടുത്തു സാറേ, ഇവള് പറയുന്ന കേട്ടാൽ തോന്നും ഞാനെന്തോ മലമറിക്കാൻ പോവുകയാണെന്ന്. കുറച്ചുനേരം കടയിൽ പോയി രണ്ട് ദോശയും ചായയുമുണ്ടാക്കി കഴിക്കാൻ വരുന്നവരോട് നാട്ടുവർത്തമാനം പറഞ്ഞിരിക്കുമ്പോൾ കിട്ടുന്ന ഒരു മനഃസുഖം അത് ഇവർക്കൊന്നും മനസ്സിലാവില്ല. 15-ാമത്തെ വയസ്സിൽ തുടങ്ങിയ ജോലിയാണിത്. അതില്ലെങ്കിൽ ഞാനില്ല...' രാഘവൻ നായരുടെ കണ്ണ് നിറഞ്ഞു.
രാവിലെയായാൽ സ്‌കൂട്ടറുമെടുത്ത് ചന്തക്കവലയിലേക്കിറങ്ങും. ഉച്ച കഴിഞ്ഞേ പിന്നെ വീട്ടിലേക്കുള്ളൂ. നാലു മണികഴിഞ്ഞാൽ വീണ്ടും തഥൈവ. വയസ്സ് പത്തെഴുപതായി. ഇനിയെങ്കിലും മിണ്ടാതെ വീട്ടിലിരുന്നുകൂടെ? മകന്റെ ചോദ്യത്തിന് മാത്തൻ മറുപടി പറഞ്ഞില്ല. 70 വയസ്സ് കഴിഞ്ഞ ഹാഷിമിനോട് ആശുപത്രി അധികൃതർ കോർപ്പറേറ്റ് ഭാഷയിൽ പറഞ്ഞു. ഇതുവരെയുള്ള താങ്കളുടെ സേവനത്തിന് നന്ദി. മെയ് ഒന്നാം തീയതി മുതൽ ഈ സ്ഥാപനത്തിലെ താങ്കളുടെ സേവനം അവസാനിപ്പിക്കുന്നതായി അറിയിക്കുന്നു. ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇവരെല്ലാം ഈ സമൂഹത്തിൽ ജീവിച്ചവർ... ജീവിക്കുന്നവർ... വയസ്സ് 70 കഴിഞ്ഞാൽ, സമൂഹത്തിന് ഇവരെ വേണ്ട. വീട്ടുകാർക്കും വേണ്ടാതായാൽ... അവരെ കൂച്ചുവിലങ്ങിട്ട് നിർത്തിയാൽ... മനസ്സ് തകർന്നുപോകും.
എനിക്കും വയസ്സ് എഴുപത് കഴിഞ്ഞു. ഒരൊറ്റ ആഗ്രഹമേയുള്ളൂ. അവസാനശ്വാസം വരെ ജീവിക്കണം. എന്റെ ചേട്ടന്മാരെ, ചേച്ചിമാരെ... നിങ്ങൾ പാട്ടുപാടണം. നൃത്തം ചവിട്ടണം... വായിക്കണം... പഠിക്കണം... കളിക്കണം.. സിനിമ കാണണം.. കളികൾ കാണണം.. സൊറ പറഞ്ഞിരിക്കണം... ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യണം. എഴുപത് വയസ്സ് എന്നത് ഒരു കണക്ക് മാത്രം. മനസ്സ് എപ്പോഴും ചെറുപ്പമായിരിക്കണം. അപ്പോൾ ശരീരം താനെ ചെറുപ്പമായിക്കൊള്ളും. അനിവാര്യമായ മരണത്തെ ഭയപ്പെടാതെ ജീവിക്കണം... സ്വയം തീരുമാനിച്ചുറപ്പിച്ചതല്ല ജനനം. മരണവും അതുപോലെ തന്നെയായിരിക്കണം.
എന്നാലും ഉറ്റ സുഹൃത്തേ... ഇത് വേണ്ടായിരുന്നു. അനേകായിരങ്ങളെ അനാഥരാക്കിക്കൊണ്ട് അകാലികമായ ഈ തിരോധാനം. ഞങ്ങളുടെ ഹൃദയം തേങ്ങുന്നു. ദൈവമേ ജോർജ് പി. തിരികെ വരേണമേ... അനേകായിരം മനസ്സുകൾ പ്രാർഥിക്കുന്നുണ്ടാകും തീർച്ച. എന്റെ പ്രാർഥനയും അതു തന്നെ. അസംഭവ്യമെന്നറിഞ്ഞു കൊണ്ട് തന്നെയുള്ള പ്രാർഥന.
Content Highlights: dr vp gangadharan remembering dr george p abraham
Published: 17 Apr 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented