
ഓണം കഴിഞ്ഞുള്ള ദിവസമായിരുന്നു അന്ന്.
ഓണത്തിന്റെ തിരക്കുകളും സന്തോഷങ്ങളും പതുക്കെ ഓർമകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന സമയം.
70 വയസ്സ് കഴിഞ്ഞ ഒരാളായിരുന്നു അന്നത്തെ ആദ്യരോഗി. റെഗുലർ ഹെൽത്ത് ചെക്ക് അപ്പിനായാണ് അദ്ദേഹം വന്നത്.
പ്രമേഹമുള്ളതൊഴിച്ചാൽ വേറെ കാര്യമായ മെഡിക്കൽ ഹിസ്റ്ററി ഒന്നുമില്ല. 70 വയസായെങ്കിലും പൊതുവെ ആ പ്രായത്തിലുള്ള ആളുകളേക്കാൾ ആരോഗ്യവാനാണ്. അത്യാവശ്യം ഭക്ഷണ ക്രമീകരണങ്ങളും വ്യത്യയാമവും എല്ലാം ചെയ്തു ശരീരം നോക്കുന്നയാളാണ്. പക്ഷേ, വല്ലാത്തൊരു ആധി ആ മുഖത്ത് കാണാനുണ്ടായിരുന്നു.
ഫാമിലി ഹിസ്റ്ററി ചോദിച്ചപ്പോഴാണ് പേരക്കുട്ടിക്ക് രക്തത്തിൽ കാൻസറാണ്. ലുക്കീമിയ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മോൾക്ക് 8 വയസ്സാണ്, ഏഴാമത്തെ വയസിൽ ചെവിയിൽ വേദന വന്നു. മരുന്നൊന്നും എടുത്തു വേദന മാറാതെ വന്നപ്പോൾ നടത്തിയ ചെക്കപ്പിലാണ് അസുഖം മനസിലായത്. ഇപ്പോഴും ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. അത് മുത്തച്ഛന്റെ മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു.
എന്തുകൊണ്ടായിരിക്കും ഡോക്ടർ അങ്ങനെ വന്നത്? അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ ചോദ്യം മാത്രമായിരുന്നില്ല, അതിനു പിന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഞങ്ങളെന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ഡോക്ടർ ഈ അസുഖം ഞങ്ങളുടെ കുഞ്ഞുമോന് വന്നത്?
ഞങ്ങൾ അവനു കൊടുത്ത ഭക്ഷണം കൊണ്ടായിരിക്കുമോ? മകൾ അവനെ ഗർഭിണിയായിരിക്കുമ്പോഴാണ് അവളുടെ അമ്മ, എന്റെ ഭാര്യ മരിച്ചത്. അതിൽ വല്ലാണ്ട് വിഷമിച്ചിരുന്നു ഞങ്ങൾ. അതിനിടയിൽ എന്റെ മകളെ എനിക്ക് ശരിയായി നോക്കാനും പറ്റിയില്ല.. അതെങ്ങാനുമായിരിക്കുമോ അവന് ഇങ്ങനെ വരാൻ കാരണം? അസുഖം വന്നിട്ടും ഞങ്ങൾക്ക് ഇത് നേരത്തെ കണ്ടെത്താനും കഴിഞ്ഞില്ല.
ഒരു മുത്തച്ഛന്റെ ഹൃദയം മുറിഞ്ഞ ചോദ്യങ്ങളും ആവലാതികളുമായിരുന്നു അത്. യഥാർഥത്തിൽ അത് ആ കുടുംബത്തിന്റെ മുഴുവൻ ചോദ്യങ്ങളായിരുന്നു. ഡോക്ടറായിരിക്കുമ്പോൾ നമ്മൾ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ പഠിച്ചിട്ടുണ്ടാവും. ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, ഏതു പരിശോധകൾ ചെയ്യണം, ചികിത്സാരീതികൾ... പക്ഷെ, ചില ചോദ്യങ്ങൾ വരുമ്പോൾ മുന്നിലുള്ള പുസ്തകങ്ങൾക്കൊന്നും പലതിനും ഉത്തരം തരാൻ കഴിയില്ല.
അത്തരമൊരു കുഴപ്പിക്കുന്ന ചോദ്യമായിരുന്നു അത്.
നിങ്ങൾ ആ കുഞ്ഞിനെ നോക്കിയതിലോ മകളെ നോക്കിയതിലോ ഉള്ള കുഴപ്പം കൊണ്ടൊന്നും ആയിരിക്കില്ല ഈ അസുഖങ്ങൾ വരുന്നത്.
ഇത് നിങ്ങളുടെ തെറ്റാണെന്നു കരുതരുത്.
അദ്ദേഹം ഒന്നും പറഞ്ഞില്ല. എല്ലാ രോഗങ്ങളുടെയും കാരണം നമുക്ക് കണ്ടുപിടിക്കാൻ പറ്റണമെന്നില്ല. പക്ഷേ, കാരണം കണ്ടു പിടിക്കാത്തതുകൊണ്ട് ചികിത്സയിലുള്ള പ്രതീക്ഷ നഷ്ടപ്പെടേണ്ടതില്ല. വേണ്ടസമയത്ത് നല്ല ചികിത്സ കൊടുത്ത് അവനെ സന്തോഷം നൽകുന്ന കാര്യങ്ങൾ കൊടുക്കൂ. അതാണ് ഏറ്റവും നല്ലത്.
അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്ക്രീനിംഗ് റിപ്പോർട്ടുകൾ വന്നു.
കാൻസറിന്റെ ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. അടുത്ത വർഷം ടെസ്റ്റുകൾ റിപ്പീറ്റ് ചെയ്താൽ മതിയെന്നു പറഞ്ഞു. ഒപിയിൽനിന്ന് എഴുന്നേറ്റു വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ഒന്നുകൂടി എന്നെ നോക്കി, അദ്ദേഹത്തിന്റെ മുഖത്തൊരു ഭയം പോലെ. ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആണ് ധൈര്യമായിരിക്കൂ എന്ന് ഞാൻ ഒന്നുകൂടി പറഞ്ഞു.
പക്ഷെ, അതായിരുന്നില്ല അദ്ദേഹത്തിന്റെ ഭയം. മനസില്ലാമനസോടെ അദ്ദേഹം എന്നോട് ചോദിച്ചു: പേരക്കുട്ടിയിൽനിന്ന് മറ്റുള്ളവർക്ക് കാൻസർ പകരുമോ?
എനിക്ക് ഇപ്പോ വന്നിട്ടില്ല എന്ന് മനസിലായി. ഏകദേശം എത്ര കാലം കൊണ്ടാണ് ഇത് വരിക ഡോക്ടർ? ഞങ്ങൾക്കെല്ലാവർക്കും ഇനി വരില്ലേ അല്ലേ?
ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് ഞാൻ നിശബ്ദയായി. അത് കാൻസറിനെക്കുറിച്ചുള്ള ഒരു സംശയം മാത്രമായിരുന്നില്ല; ഒരാളെ രോഗം ബാധിച്ചാൽ ആ രോഗം കുടുംബത്തിന്റെ ഭാവിയെയും ബാധിക്കുമോ എന്ന ഭയമായിരുന്നു. അദ്ദേഹത്തോട് ഒന്നുകൂടി സംസാരിക്കാൻ തീരുമാനിച്ചു.
കുറച്ചു ദിവസങ്ങൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല മാഡം. പക്ഷെ, ഈ ഓണത്തിന് എല്ലാവരും ഒരുമിച്ചുണ്ടാവണമെന്നത് എന്റെ തീരുമാനമായിരുന്നു. അതുകൊണ്ടു തന്നെ ഈ ഓണം ഞങ്ങൾക്കെല്ലാവർക്കും ഒരു ആഘോഷത്തെക്കാൾ അപ്പുറമായിരുന്നു. കാൻസർ പകർന്നാലും കുഴപ്പമില്ലെന്നുവെച്ച് ഞാൻ എന്റെ കൊച്ചുമോനെ മതിയാവോളം കെട്ടിപിടിച്ചിട്ടുണ്ടായിരുന്നു..
കുറച്ചുസമയമെടുത്താണ് അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമായത്. അത്യാവശ്യം കാര്യങ്ങളെല്ലാം അറിയുന്ന വിദ്യാഭ്യസമുള്ള ഒരാളായിരുന്നു അദ്ദേഹം.
രോഗിയോടൊപ്പം ഇരിക്കുന്നതുകൊണ്ടും ഭക്ഷണം പങ്കിടുന്നതുകൊണ്ടും സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതുകൊണ്ടും കാൻസർ മറ്റൊരാളിലേക്ക് പകരില്ല എന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. പക്ഷേ, പകരുന്ന മറ്റുചിലതുണ്ട്. ഭയം, തെറ്റായ വിവരങ്ങൾ, അറിവില്ലായ്മ, മിഥ്യാധാരണകൾ തുടങ്ങിയവ. അതുകൊണ്ടുതന്നെ കാൻസറിന് എതിരെയുള്ള പോരാട്ടത്തിൽ ചികിത്സ മാത്രം പോരാ ശരിയായ അറിവും വേണം.
രോഗിയുടെ ശരീരത്തിലെ കാന്സറിനെ ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കാൻസറിനെ കുറിച്ചുള്ള ഭയത്തെയും ചികിത്സിക്കുന്നത്. സാങ്കേതികവിദ്യ എത്ര മുന്നോട്ടു പോയാലും ചില മിഥ്യധാരണകൾ സമൂഹത്തിൽ പിന്നെയും ജീവിച്ചു കൊണ്ടിരിക്കും. അവയെ തോല്പിക്കണമെങ്കിൽ പുതിയ ചികിത്സകൾ മാത്രം പോരാ. അറിവുകൾ ഓരോരുത്തരിലുമെത്തണം, ആരോഗ്യത്തെക്കുറിച്ചു സംസാരിക്കണം, ഭയപ്പെടുന്നതിനു മുൻപ് അറിയണം.
അന്ന് അദ്ദേഹം ചോദിച്ച കാൻസർ പടരുമോ എന്നുള്ള ചോദ്യം എന്റെ മനസിലുണ്ട്. പലരും പലപ്പോഴായി ഈ ചോദ്യം ചോദിക്കാറുമുണ്ട്.
മിഥ്യയും സത്യവും
- മിഥ്യ: കാൻസർ പകർച്ചവ്യാധിയാണ്
- സത്യം: കാൻസർ പകർച്ചവ്യാധിയല്ല
- മിഥ്യ: കാൻസർ ഒരു പാരമ്പര്യ രോഗമാണ്
- സത്യം: 5 ശതമാനം കാൻസർ മാത്രമാണ് പാരമ്പര്യമായി കാണുന്നത്
- മിഥ്യ: ശരീങ്ങളിൽ കാണുന്ന മുഴകളെല്ലാം കാൻസറാണ്
- സത്യം: എല്ലാ മുഴകളും കാൻസറല്ല
- മിഥ്യ: സ്തനാർബുദം സ്ത്രീകളിൽ മാത്രം കണ്ടുവരുന്നു
- സത്യം: പുരുഷന്മാരിലും സ്തനാർബുദം വരാം
- മിഥ്യ: പ്രത്യേക ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ സ്ക്രീനിംഗ് ചെയ്യണ്ട ആവശ്യമില്ല
- സത്യം: 2 വർഷം കൂടുമ്പോഴെങ്കിലും സ്ക്രീനിംഗ് ചെയ്യേണ്ടതാണ് (പ്രത്യേകിച്ച് 30 വയസു കഴിഞ്ഞാൽ).
- മിഥ്യ: കാൻസർ ചികിത്സിച്ചു മാറ്റാൻ പറ്റാത്ത രോഗമാണ്
- സത്യം: നേരത്തെ കണ്ടെത്തിയാൽ ഒട്ടുമിക്ക കാൻസറും ചികിൽസിച്ചു ഭേദമാക്കാവുന്നതാണ്
- മിഥ്യ: ബയോപ്സി എടുക്കുമ്പോൾ കാൻസർ പടരാൻ സാധ്യതയുണ്ട്
- സത്യം: ബയോപ്സി എടുക്കുമ്പോൾ കാൻസർ പകരില്ല, രോഗം നിർണയിക്കാനും ചികിത്സയെ സഹായിക്കാനും ബയോപ്സി ചെയ്യേണ്ടത് അത്യാവശ്യമാണ്
- മിഥ്യ: സസ്യ ഔഷധങ്ങൾ കൊണ്ട് കാൻസർ ചികിൽസിക്കാം
- സത്യം: കാൻസർ ഭേദമാക്കാൻ സസ്യ ഔഷധത്തിനു സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിവുകളില്ല
Content Highlights: Explore common cancer myths and facts to enhance awareness and dispel misconceptions about this disease affecting millions worldwide.
Published: 11 Sept 2026, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented