ലോക മാനസികാരോഗ്യ ദിനം – ഒക്ടോബർ 10

അവൻ എന്നും ക്ലാസിലെ ഒന്നാമനായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നതിനാൽ അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. വലിയ സ്വപ്നങ്ങളുമായി ജീവിച്ച മകനെക്കുറിച്ച് മാതാപിതാക്കൾക്കും വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ പതിനൊന്നാം ക്ലാസിന്റെ പകുതിയോടെ അവന്റെ പെരുമാറ്റ രീതികളിലൊക്കെ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. കൂട്ടുകൂടാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി പതുക്കെ കൂട്ടുകാരിൽ നിന്ന് അകന്നുതുടങ്ങി. ഇടവേളകളിൽ സുഹൃത്തുക്കളോടൊപ്പം ചിരിച്ചും സംസാരിച്ചും നടന്നിരുന്ന അവൻ പിന്നീട് പലപ്പോഴും ഒറ്റയ്ക്കിരിക്കാൻ തുടങ്ങി. എപ്പോഴും പ്രസന്നമായിരുന്ന മുഖത്ത് ചിലപ്പോൾ യാതൊരു വികാരപ്രകടനവുമില്ലാത്ത ഒരു ശൂന്യത നിറഞ്ഞുനിന്നു. ചില സമയങ്ങളിൽ ആരോടും സംസാരിക്കാതെ എന്തോ ആലോചിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ കാരണമൊന്നും വ്യക്തമല്ലാതെ തനിയെ ചിരിക്കുകയും ചെയ്യും. അവന്റെ ദിനചര്യയിലും മാറ്റങ്ങൾ വന്നു. ഉറക്കത്തിലും ഭക്ഷണത്തിലും ശ്രദ്ധയിലും വ്യത്യാസങ്ങൾ പ്രകടമായി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായി. ഒരിക്കൽ പുസ്തകങ്ങളുമായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന അവൻ പിന്നീട് പഠനത്തിൽ നിന്ന് പതുക്കെ അകന്നുപോയി. “അവൻ എന്തെങ്കിലും ആലോചിച്ചിരിക്കുകയായിരിക്കും… പ്രായത്തിന്റെ മാറ്റങ്ങളായിരിക്കാം,” എന്നായിരുന്നു ആദ്യമൊക്കെ പലരും കരുതിയത്. ക്രമേണ സ്കൂളിൽ പോകാനുള്ള താത്പര്യം പോലും അവനിൽ ഇല്ലാതായി. പഠനത്തോടും സുഹൃത്തുക്കളോടും ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളോടും അകന്നുപോയി. ദിവസത്തിന്റെ ഭൂരിഭാഗവും വീട്ടിൽ തന്നെ, ഒന്നും ചെയ്യാതെ ഇരിക്കാൻ തുടങ്ങി. മകന്റെ ഈ മാറ്റങ്ങൾ മാതാപിതാക്കൾക്കും ആദ്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. തുടക്കത്തിൽ ചികിത്സ തേടുന്നതിനുപകരം പ്രാർഥനയിലൂടെയും മതപരമായ ആചാരങ്ങളിലൂടെയും മകന്റെ പ്രശ്നങ്ങൾ മാറുമെന്ന പ്രതീക്ഷയിൽ അവർ പല വഴികളും പരീക്ഷിച്ചു. എന്നാൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അവസാനം, മകനെ ചികിത്സയ്ക്കായി ഒരു ആശുപത്രിയിൽ എത്തിക്കാൻ അവർ തീരുമാനിച്ചു. അവരുടെ കുടുംബത്തിന് അപരിചിതമായ ഒരു ആശുപത്രിയായിരുന്നില്ല അത്. അമ്മ വർഷങ്ങളായി അതേ ആശുപത്രിയിൽ തന്നെയാണ് മാനസികാരോഗ്യ ചികിത്സ എടുക്കുന്നത്. ഒരിക്കൽ അമ്മയെ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്ന അതേ ആശുപത്രിയിൽ പിന്നീട് മകനെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
അവിടെ നിന്ന് ആരംഭിച്ചത് മറ്റൊരു നീണ്ട യാത്രയായിരുന്നു. ചികിത്സ തുടങ്ങി. ആവശ്യമായ മരുന്നുകളും വിദഗ്ധപരിചരണവും ലഭിച്ചു. കുടുംബം പരമാവധി പിന്തുണ നൽകി. എന്നാൽ രോഗത്തിന്റെ സ്വഭാവം പോലെ തന്നെ ചികിത്സയും എളുപ്പമായിരുന്നില്ല. വർഷങ്ങൾ കടന്നുപോയി. പലതവണ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിവന്നു. ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകൾ, ചികിത്സാ ചെലവുകൾ, മരുന്നുകളുടെ ചെലവ്, രോഗലക്ഷണങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മാറ്റങ്ങൾ, ഓരോന്നും കുടുംബത്തിന്റെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. ചില ദിവസങ്ങളിൽ അവസ്ഥ മെച്ചപ്പെട്ടതായി തോന്നും. കുടുംബത്തിന് വീണ്ടും പ്രതീക്ഷയുണ്ടാകും. പക്ഷേ ചിലപ്പോൾ രോഗലക്ഷണങ്ങൾ വീണ്ടും തീവ്രമാവും. അങ്ങനെ വർഷങ്ങൾ കടന്നുപോയി.
ഇതിനിടയിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും പതുക്കെ തകർന്നുതുടങ്ങി. മകന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ മറ്റു ആവശ്യങ്ങൾക്കുമായി നിരന്തരം ചെലവഴിച്ചതിനൊപ്പം, മാനസിക സമ്മർദ്ദങ്ങളും മറ്റു പ്രശ്നങ്ങളും പിതാവിന്റെ ബിസിനസിനെയും ബാധിച്ചു. ഒരിക്കൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയായിരുന്ന ആ ബിസിനസും ഒടുവിൽ നഷ്ടത്തിലേക്ക് നീങ്ങി.
ഒരിക്കൽ ക്ലാസിൽ ഒന്നാമനായിരുന്ന, അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്ന, വലിയ സ്വപ്നങ്ങളുമായി മുന്നേറിയിരുന്ന ആ കുട്ടിയുടെ ജീവിതം ഇപ്പോൾ മറ്റൊരു ഘട്ടത്തിലാണ്. ഇന്ന് അവൻ ഒരു പുനരധിവാസ കേന്ദ്രത്തിലാണ്. അവിടെ അവൻ ജീവിതത്തെ വീണ്ടും പതുക്കെ ക്രമപ്പെടുത്താൻ ശ്രമിക്കുകയാണ്. നഷ്ടപ്പെട്ട ദിനചര്യ തിരിച്ചുപിടിക്കാൻ, മറ്റുള്ളവരുമായി വീണ്ടും ഇടപഴകാൻ, സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ, ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവരാൻ അവൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
‘ആളുകൾ എന്ത് വിചാരിക്കും?’ എന്ന് വിചാരിച്ചിരിക്കരുത്, മാനസികരോഗങ്ങൾക്കും ചികിത്സ വൈകരുത്
ഇത് ഒരൊറ്റ കുടുംബത്തിന്റെ കഥ മാത്രമല്ല. മാനസികാരോഗ്യം മനുഷ്യജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളെയും ബാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്. ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽ, ബന്ധങ്ങൾ, കുടുംബജീവിതം, സാമ്പത്തിക സുരക്ഷ, സാമൂഹിക പങ്കാളിത്തം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെയും മാനസികാരോഗ്യം സ്വാധീനിക്കുന്നു. രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് വിദഗ്ധചികിത്സ തേടുന്നതിലൂടെ സങ്കീർണതകൾ കുറയ്ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനുമാവും.
ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും മാനസിക രോഗിയായി മുദ്ര കുത്തുന്ന പ്രവണതയെ ഇല്ലാതാക്കുക, അതുപോലെ തന്നെ ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന ആശയവും ലോക മാനസികാരോഗ്യ ദിനം ഓരോ വർഷവും ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പലപ്പോഴും ചർച്ചകൾ മാനസിക രോഗങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവയിൽമാത്രം ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ മനുഷ്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാനസികാരോഗ്യ പ്രശ്നങ്ങൾ കാര്യമായ സ്വാധീനം ചെലുത്തി മനുഷ്യന്റെ വിഭവ ശേഷിയെ തന്നെ പ്രതികൂലമായി ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നുണ്ട്. അത് ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽജീവിതം, സാമ്പത്തിക സുരക്ഷ, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും, ജീവിതനിലവാരം, അതുപോലെ വ്യക്തിയുടെ ഭാവിജീവിതത്തെയും പ്രതീക്ഷകളെയും കാര്യമായി ബാധിച്ചേക്കാം.
അതുകൊണ്ടുതന്നെ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾക്കും അവരുടെ തുറന്നുപറച്ചിലുകൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതാനുഭവങ്ങൾ വ്യത്യസ്തമാണ്. അവരുടെ അനുഭവങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് കൂടുതൽ മാനുഷികവും അതോടൊപ്പം ഫലപ്രദവുമായ മാനസികാരോഗ്യ സേവനങ്ങളും നയങ്ങളും സാമൂഹിക പിന്തുണാ സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിന് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് 2026 ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശമായ “ജീവിതാനുഭവങ്ങൾ കേൾക്കാം; യഥാർത്ഥ മാറ്റങ്ങൾ സൃഷ്ടിക്കാം” (Lived Experiences Heard: Real Voices, Real Change) ഏറെ പ്രസക്തമാകുന്നത്. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന്, മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ കേൾക്കുന്നതിലേക്കും അവരുടെ ജീവിതാനുഭവങ്ങളെ മാനിക്കുന്നതിലേക്കും സമൂഹം മുന്നോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നത്.
മാനസികാരോഗ്യ ചികിത്സാരംഗത്ത് ഇന്നും പുറകിൽത്തന്നെ, മതിയായ ചികിത്സ ലഭ്യമാവാത്തതെന്ത്?
മാനസികാരോഗ്യവും സ്റ്റിഗ്മയും
മാനസികാരോഗ്യ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്റ്റിഗ്മ പലർക്കും ചികിത്സ തേടുന്നതിന് വിലങ്ങുതടിയാകാറുണ്ട്. “മാനസികരോഗമുള്ളവർ അക്രമകാരികളാണ്”, “ദുർബല മനസ്സുള്ളവർക്കാണ് രോഗം വരിക”, “മറ്റുള്ളവർ എന്ത് പറയും?”, “വിവാഹം നടക്കില്ല”, “കുടുംബത്തിന്റെ പേര് മോശമാകും”, “ജോലി നഷ്ടപ്പെടും”, “ഇവനെ വീട്ടിൽ വെച്ചാൽ പ്രശ്നമാകും” തുടങ്ങിയ ഭയങ്ങൾ കാരണം പലരും സ്വന്തം ബുദ്ധിമുട്ടുകൾ മറച്ചുവയ്ക്കുകയോ സഹായം തേടുന്നത് വൈകിപ്പിക്കുകയോ ചെയ്യുന്ന പ്രവണത കാണാറുണ്ട്. മാനസികാരോഗ്യ പ്രശ്നം സ്വഭാവദൗർബല്യമോ വ്യക്തിയുടെ തെറ്റോ കുടുംബത്തിന്റെ പരാജയമോ അല്ല. ശരീരത്തിന് അസുഖം വരുന്നതുപോലെ തന്നെ മനസ്സിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, സ്കിസോഫ്രീനിയ തുടങ്ങിയ പല മാനസികാരോഗ്യ അവസ്ഥകൾക്കും ഫലപ്രദമായ ഔഷധ ചികിത്സ, സൈക്കോതെറാപ്പി, സാമൂഹിക പിന്തുണ, പുനരധിവാസ സേവനങ്ങൾ എന്നിവ ലഭ്യമാണ്. നേരത്തെ സഹായം തേടുന്നത് പലപ്പോഴും ചികിത്സയിൽ സഹായകരമായ ഘടകമാണ്.
മാനസികാരോഗ്യ ചികിത്സയിൽ ചികിത്സകരെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് വർധിപ്പിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്യുന്നതിലൂടെ മാനസിക ബുദ്ധിമുട്ടുകൾക്ക് സഹായം തേടുന്നത് എളുപ്പമാവുന്നതോടെ ഒരു പരിധിവരെ മാനസിക രോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റുവാൻ സഹായിക്കും.
ചികിത്സയുടെ ചെലവും ഒരു പ്രധാന വിഷയം
മാനസികാരോഗ്യ ചികിത്സ ചിലപ്പോൾ ദീർഘകാലം തുടരേണ്ടിവരാം. മരുന്നുകൾ, ആശുപത്രി സന്ദർശനങ്ങൾ, യാത്രാച്ചെലവ്, കൗൺസലിംഗ്, പുനരധിവാസം, പരിചരണം എന്നിവ കുടുംബത്തിന് പലപ്പോഴും സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കാം. കുടുംബത്തിലെ ഒരാൾക്ക് ജോലി ഉപേക്ഷിച്ച് രോഗിയെ പരിചരിക്കേണ്ടിവരുന്നതും കുടുംബവരുമാനത്തെ ബാധിക്കാം. അതിനാൽ “ചികിത്സ ലഭ്യമാണോ?” എന്ന ചോദ്യത്തോടൊപ്പം “ചികിത്സ താങ്ങാനാകുന്ന രീതിയിൽ ലഭ്യമാണോ?” എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
പലതരത്തിലുള്ള സ്റ്റിഗ്മകൾ മൂലം സർക്കാർ സംവിധാനങ്ങളിലേക്ക് പോകാൻ പലരും മടിക്കാറുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ലഭിക്കുന്ന മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ പരിഹരിക്കാനാവും. ലഭ്യമായ സൗജന്യവും കുറഞ്ഞ ചെലവിലുള്ളതുമായ സേവനങ്ങൾ, ജില്ലാ മാനസികാരോഗ്യ പരിപാടികൾ, സർക്കാർ ആശുപത്രികളിലെ മാനസികാരോഗ്യ വിഭാഗങ്ങൾ, പുനരധിവാസ സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സൈക്കോതെറാപ്പിയും കൗൺസലിംഗ് സേവനങ്ങളും ആവശ്യമായവർക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുകയും വേണം.
മാനസികാരോഗ്യ രംഗത്തെ കള്ളനാണയങ്ങൾ
“വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ” എന്നുപറയുന്നതുപോലെ, മാനസികാരോഗ്യ ചികിത്സയിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് ശരിയായ പരിശീലനവും യോഗ്യതയും ഇല്ലാത്തവരുടെ ഇടപെടൽ. മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന ആശങ്കകളും ഭയങ്ങളും മുതലെടുക്കുന്ന “റീൽസ് വിദഗ്ധന്മാരുടെ” മേച്ചിൽപ്പുറമായി മാനസികാരോഗ്യ മേഖല മാറുന്നത് ആശങ്കാജനകമാണ്.
കൂൺപോലെ മുളച്ചുപൊങ്ങുന്ന തെറാപ്പി സെന്ററുകളെയും അവിടെ സേവനം നൽകുന്നവരെയും സമീപിക്കുമ്പോൾ അവരുടെ യോഗ്യത, പരിശീലനം, പ്രൊഫഷണൽ അംഗീകാരം, അവരുടെ സേവനങ്ങളുടെ ശാസ്ത്രീയ അടിത്തറ എന്നിവ പരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സഹായം തേടുമ്പോൾ, ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ചികിത്സാരീതികളും യോഗ്യതയുള്ള പ്രൊഫഷണലുകളുമാണ് തിരഞ്ഞെടുക്കേണ്ടത്.
മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം തന്നെ വ്യക്തിയുടെ രോഗപുരോഗതിയിലും ക്ഷേമത്തിലും വിദ്യാഭ്യാസം, കുടുംബപിന്തുണ, സാമ്പത്തിക സ്ഥിതി, തൊഴിൽ, താമസസ്ഥലം, സാമൂഹിക പിന്തുണ, സ്റ്റിഗ്മ, ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യം, ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം, പുനരധിവാസ സംവിധാനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ സ്വാധീനം ചെലുത്തിയേക്കാം.
അതുകൊണ്ടുതന്നെ, ചികിത്സയ്ക്കൊപ്പം വ്യക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യക്തികേന്ദ്രീകൃത സമീപനം മാനസികാരോഗ്യ മേഖലയിൽ അനിവാര്യമാണ്. മാനസികാരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല; വ്യക്തിക്ക് തന്റെ ജീവിതം അർത്ഥവത്തായി മുന്നോട്ടുകൊണ്ടുപോകാനും ബന്ധങ്ങൾ നിലനിർത്താനും സമൂഹത്തിൽ സജീവമായി ഇടപെടാനും കഴിയുന്ന ഒരു അവസ്ഥ കൂടിയാണ്.
(കേരള യൂണിവേഴ്സിറ്റിയിൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ.)
Content Highlights: Explore the significance of World Mental Health Day and the urgent need to address mental health stigma for a healthier society.
Published: 10 Oct 2026, 03:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented