മൃതദേഹത്തില്‍ റീത്ത് അര്‍പ്പിക്കാനോ അവസാനമായി കാണാനോ ഞാന്‍ കഴിയുന്നതും പോകാറില്ല. ആ കാഴ്ച മനസ്സില്‍ ആഴത്തില്‍ പതിയും. അദ്ദേഹം ജീവിച്ചിരുന്ന സമയത്തെ ചിത്രങ്ങളെല്ലാം മനസ്സില്‍ നിന്ന് മായും. എനിക്കാവശ്യം അദ്ദേഹം ജീവിച്ചിരുന്ന സമയത്തെ ചിത്രങ്ങളും അനുഭവങ്ങളുമാണ്. അദ്ദേഹം എന്നും എന്റെ മനസ്സില്‍ ജീവിക്കണം ഒരിക്കലും മരിക്കാത്ത ഓര്‍മകളായി. 'ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് നിന്റെ ഒരു സ്വാര്‍ത്ഥതയല്ലേ'. എന്റെ ഒരു ഉറ്റ സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ഞാന്‍ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.

To advertise here,

കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോക്ടര്‍ ജോര്‍ജ് ജേക്കബ് അന്തരിച്ചു. രാവിലെ പത്രത്തിലെ വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ എന്റെ സഹപാഠിയും സുഹൃത്തുമായ ജോര്‍ജിന്റെ ഫോണ്‍ കോള്‍ വന്നു. 'ഞാന്‍ കോട്ടയത്ത് സാറിന്റെ വീട്ടിലേക്ക് പോകുന്നു. നീ വരുന്നില്ലല്ലോ, അല്ലേ?' 'ഇല്ല'. എന്റെ ഉത്തരം യാന്ത്രികമായിരുന്നു. ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ശേഷം വീട്ടില്‍... വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാമ്പാടിയിലെ പള്ളിയില്‍... പത്രവാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.

ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പതിവ് പോലെ മനസ്സ് ശാന്തമായിരുന്നു. ഉറക്കത്തില്‍ ജോര്‍ജ് ജേക്കബ് സാറിന്റെ ശബ്ദം. എനിക്ക്  ഗംഗാധരനെ കാണണം. വെള്ള ഷര്‍ട്ട്, വരകളുള്ള ടൈ കഴുത്തില്‍... കണ്ണാടയുടെ മുകളിലൂടെയുള്ള നോട്ടം... അതാ സാറ് എന്റെ സമീപം കിടക്കയില്‍ വന്നിരുന്നു. വരില്ലേ... സാറിന്റെ ചോദ്യം വീണ്ടും. എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയ പോലെ. ഞാന്‍ ഞെട്ടിയുണര്‍ന്നു. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. ആറുമണി വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രാദേവി എന്നെ ഉപക്ഷേിച്ച് പോയിക്കഴിഞ്ഞിരുന്നെന്ന് മനസ്സിലായി. കിടക്കയില്‍ നിന്നെഴുന്നേറ്റപ്പോള്‍ മനസ്സില്‍ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാറിനെ കാണാന്‍ പോകണം.

ജോര്‍ജ് ജേക്കബ് സാറിനെ ആദ്യമായി കണ്ട ദിവസം മനസ്സില്‍ തെളിഞ്ഞുവന്നു. ആറടിക്ക് മേലെ ഉയരം... കറുത്ത പാന്റ്. തൂവെള്ള ഷര്‍ട്ട്. ചുവന്ന നിറത്തിലുള്ള വരകളുള്ള ടൈ കഴുത്തില്‍. അലക്കിത്തേച്ച വെളുത്ത ഫുള്‍ കൈയ്യന്‍ ഡോക്ടേര്‍സ് കോട്ട്... തിളങ്ങുന്ന കറുത്ത ഷൂസ്... ചെറിയ പുഞ്ചിരിയോടെ വാര്‍ഡിലേക്ക് കടന്നുവന്ന സാറ് രോഗികളുടെ ഹൃദയമിടിപ്പുകള്‍ക്കിടയില്‍ അസാധാരണമായി കേള്‍ക്കുന്ന മര്‍മരങ്ങള്‍ എന്നിവ ഞങ്ങളെ കേള്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയഭക്തി ബഹുമാനത്തോടെ മാത്രമേ ആദ്യകാലഘട്ടത്തില്‍ സാറിനെ വീക്ഷിക്കാറുള്ളൂവെങ്കിലും താമസിയാതെ തന്നെ ഭയം, ഭക്തി എന്നീ വികാരങ്ങള്‍ വിട്ടൊഴിഞ്ഞു. സാറിന്റെ സ്നേഹമസൃണമായ സമീപനമായിരുന്നു അതിന് കാരണം. ഞങ്ങള്‍ സാറിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു.

ഉച്ചയ്ക്കുശേഷം ക്ലാസ് മുറികളില്‍ വന്ന് ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് സാറ് പണ്ട് പഠിപ്പിച്ച പല കാര്യങ്ങളും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അതിന് കാരണം അന്ന് സാറ് തന്നിരുന്ന ചെറിയ ശിക്ഷകളാണ്. സാറ് എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തലേദിവസം പഠിപ്പിച്ചതിനെ ആസ്പദമാക്കി ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം പറയാത്ത ആളാണ് അന്നത്തെ കുട്ടികളുടെ ഹാജരെടുക്കേണ്ട ആള്‍. സാറ് ഹാജര്‍ പുസ്തകം അയാള്‍ക്ക് കൈമാറും. സാറിന്റെയടുത്ത് സ്റ്റേജില്‍ പോയി നിന്ന് ഓരോരുത്തരുടെയും പേര് വിളിച്ച് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തണം. വളരെ ചെറിയ ശിക്ഷയാണ്. പക്ഷേ ഞങ്ങള്‍ക്കൊക്കെ ചമ്മലാണ് അത് ചെയ്യാന്‍. അത് കൊണ്ട് തലേദിവസത്തെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയിട്ടെ ഞങ്ങള്‍ ക്ലാസ് മുറിയിലെത്തുകയുള്ളൂ.

അവസാന വര്‍ഷത്തെ എം.ബി.ബി.എസ്. പരീക്ഷ കഴിഞ്ഞ ദിവസം രാത്രി. ജോര്‍ജ് ജേക്കബ് സാറിന്റെ വീട്ടിലെത്തിയാല്‍ റിസള്‍ട്ടറിയാം. സീനിയര്‍ ബാച്ചിലെ ശ്രീധരന്‍ പറയേണ്ട താമസം ഞങ്ങളെല്ലാവരും സാറിന്റെ വീട്ടിലേക്കോടിയെത്തി. പേര് പറയുന്നവരോടൊക്കെ സാറ് ജനലിലൂടെ പറയുന്നുണ്ട്... 'പാസ്സായി...' എന്റെ കാര്യം ചോദിക്കുന്നതിന് മുന്‍പേ ഞാന്‍ ചോദിച്ചു. 'ചിത്രതാര...' 'അതെന്താ... അതെന്താ... സ്വന്തം കാര്യം ചോദിക്കുന്നതിന് മുന്‍പ്...' സാറിന്റെ ചിരിയില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് വന്നപ്പോള്‍ സാറിന്റെ മുഖത്ത് അതേ ചിരി. ഈ സംഭവം ചിത്രയോട് വിവരിച്ച് സാറ് ചിരിച്ചുകൊണ്ടിരുന്നു. ചെറിയ ഒരു ജാള്യതയോടെ ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

ഹൗസ് സര്‍ജന്‍സി കാലഘട്ടം. രണ്ട് ആഴ്ച കാര്‍ഡിയോളജി വാര്‍ഡില്‍. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജോലി. സീനിയര്‍ ഹൗസ് സര്‍ജന്‍സി കാലഘട്ടത്തില്‍ ഒരു മാസം കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി. 24 മണിക്കൂറും ആശുപത്രിയില്‍ തന്നെ ജീവിതം. അന്ന് ഹൃദയാഘാതത്തിന് ആന്‍ജിയോപ്ലാസ്റ്റി എന്ന ചികിത്സ ഇല്ല. ഹൃദയത്തിലെ വാല്‍വുകളുടെ തകരാറുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല. വാര്‍ഡില്‍ കിടക്കുന്ന രോഗികളെല്ലാം അത്യാസന്ന നിലയിലുള്ളവര്‍. എല്ലാ ദിവസവും രാത്രി ജോര്‍ജ് ജേക്കബ് സാര്‍ വാര്‍ഡില്‍ വരും. എല്ലാ രോഗികളെയും പരിശോധിക്കും. വെള്ള ഡബിള്‍ മുണ്ടും ഷര്‍ട്ടും വേഷം. കുറെയധികം സമയം ഞങ്ങളുടെ കൂടെയിരുന്ന് ഇ.സി.ജി.യുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കും. രാത്രിയുടെ ഏത് യാമത്തിലാണെങ്കിലും ഒരു രോഗിയുടെ അസുഖം കൂടിയാല്‍ സാറിനെ ഫോണില്‍ ബന്ധപ്പെടാം. നിമിഷങ്ങള്‍ക്കകം സാര്‍ ഓടിയെത്തും. ആ ആത്മാര്‍ത്ഥത കണ്ട് വളര്‍ന്ന ഞങ്ങളുടെ തലമുറയിലെ ഡോക്ടര്‍മാര്‍ക്ക് രോഗികളോടുള്ള സമീപനത്തില്‍ മറിച്ച് ചിന്തിക്കാനാകില്ല.

ഈ കാലഘട്ടത്തില്‍ നടന്ന രണ്ട് രസകരമായ സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. ഹൃദ്രോഗികളുടെ ഭക്ഷണക്രമം വിവരിച്ചുള്ള ഒരു നോട്ടീസ് വാര്‍ഡിലെ ചുമരില്‍ പതിച്ചിട്ടുണ്ട്. ഒരു കപ്പ് ഉപ്പുമാവ് ഓർ രണ്ട് ഇഡ്ഡലി ഓർ രണ്ട് കഷ്ണം റൊട്ടി.... ഇങ്ങനെ പോകുന്നു ഓരോ നേരത്തെ ആഹാരവും. ആഴ്ചകളായി വാര്‍ഡില്‍ കിടക്കുന്ന ഒരു രോഗിയോട് ഒരു കുശലാന്വേഷണത്തിന്റെ ഭാഗമായി സാറ് ചോദിച്ചു. 'ആഹാരമൊക്കെ എങ്ങിനെയുണ്ട്? വയര്‍ നിറയുമോ?' 'പ്രയാസമാണ് കഴിക്കാന്‍ സാറേ. ഇത്രയും കഴിക്കാന്‍ പ്രയാസമാണ്. പിന്നെ ഒരുവിധം കഴിച്ച് തീര്‍ക്കും'. രോഗി പറഞ്ഞു നിര്‍ത്തി. സാര്‍ ചോദിക്കുന്നതെപ്പോഴും ഒരു പ്രത്യേക രീതിയിലാണ്. 'അതെന്താ... അതെന്താ നിങ്ങള്‍ അങ്ങിനെ പറഞ്ഞത്, വിശപ്പില്ലേ'. ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ ആ രോഗി പറഞ്ഞു. 'ഒരു കപ്പ് ഉപ്പുമാവും രണ്ട് ഇഡ്ഡലിയും എങ്ങിനെയെങ്കിലും കഴിച്ചു തീര്‍ക്കാം. പിന്നെ റൊട്ടി, ദോശ ഇതെല്ലാം കൂടെ എങ്ങിനെ കഴിക്കും സാറേ...' സാറടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു. വരികള്‍ക്കിടയിലെ 'or' രോഗി കണ്ടില്ലെന്നുള്ളതാണ് സത്യം.

വാര്‍ഡില്‍ എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ട്. ജനലില്‍ക്കൂടെ തുപ്പരുത്. ഒരു രോഗി ജനലില്‍ കൂടെ തുപ്പുന്നതുകണ്ട ഉടനെ സാര്‍ ഓടിച്ചെന്ന് സാറിന്റേതായ പ്രത്യേക രീതിയില്‍ അയാളോട് ചോദിച്ചു. 'താന്‍... താന്‍... താന്‍ എന്താ ഈ കാണിച്ചേ... ഇങ്ങനെ ഇങ്ങനെ തുപ്പുമോ ആരെങ്കിലും'. ദേഷ്യമടക്കിക്കൊണ്ട് സാറ് ചോദിച്ചു. 'കാണട്ടെ... കാണട്ടെ... താന്‍ ഇനി ഒന്ന് തുപ്പിയേ... നീട്ടിത്തുപ്പിയേ'. അയാള്‍ ജനലിനടുത്ത് പോയി ഒന്നുകൂടെ നല്ലത് പോലെ നീട്ടിത്തുപ്പി. സാറ് നിഷേധാര്‍ത്ഥത്തിലാണ് പറഞ്ഞതെങ്കിലും രോഗിക്കത് മനസ്സിലായില്ല. ഈ സംഭവം കണ്ട് ഞങ്ങളെല്ലാവരും ചിരിച്ചു. പക്ഷേ സാര്‍ ചിരിച്ചില്ല. 

ഞാന്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയായി വന്ന കാലഘട്ടം. ഒന്ന് രണ്ട് പ്രൊഫസര്‍മാര്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും എന്നോട് പുച്ഛമായിരുന്നു. മുഖത്ത് നോക്കി കളിയാക്കുമായിരുന്നു. 'എം.ഡി. റേഡിയോതെറാപ്പി. ഇപ്പോള്‍ എം.ഡി. മെഡിസിന്‍. ഇയാള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ. ഇനി അടുത്തത് എന്താണാവോ? അനാട്ടമി എം.ഡി.യായിരിക്കും'. ഇക്കാലത്ത് ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ ഇതൊക്കെ മതി. 'ഗംഗാധരാ... ശരിയാകും. കുറേനാള്‍ ഈ മേഖലയില്‍ നിന്ന് മാറിനിന്നതല്ലേ'. ഹൃദയത്തിന്റെ മിടിപ്പുകളും താളങ്ങളും മര്‍മ്മരങ്ങളും എന്റെ ചെവികള്‍ക്ക് തിരിച്ചറിയാനാകാതെ ക്ലാസ് മുറികളില്‍ പകച്ചുനില്‍ക്കുമ്പോള്‍ സാറ് ചിരിച്ചുകൊണ്ട് പറയും. സമാധാനിപ്പിക്കും. പ്രോത്സാഹിപ്പിക്കും. മുന്നോട്ട് പോകാന്‍.

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഞാന്‍ ജോലി ചെയ്യുന്നകാലം. അന്ന് അതേ ആശുപത്രിയില്‍ സാറും ജോലി ചെയ്യുന്നുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിന്റെ തലവനായി. ഒരു രോഗിയെ എന്നെ കാണിക്കണമെങ്കില്‍ സാര്‍ വിളിക്കും. 'ഡോക്ടര്‍ ഗംഗാധരന്‍... ഹൗ ആര്‍ യു? കാന്‍ ഐ റെഫര്‍ എ പേഷ്യന്റ് ടു യു? വില്‍ യു സീ ഏബിള്‍ ടു സീ ടു ഡേ?' (ഡോക്ടര്‍ ഗംഗാധരന്‍, എന്തുണ്ട് വിശേഷം? ഞാനൊരു രോഗിയെ കാണാന്‍ വിടട്ടെ. ഇന്ന് കാണാന്‍ സാധിക്കുമോ?). എത്ര എത്ര അവസരങ്ങളില്‍ സാറ് എന്റെ ഒ.പിയില്‍ വന്ന് കാത്തിരുന്നിരിക്കുന്നു. ഒരു രോഗിയെ കാണിക്കാന്‍. പ്രൊഫഷണല്‍ ജീവിതത്തില്‍ മറ്റുള്ളവരെ തുല്യതയോടെ കാണാനും ബഹുമാനിക്കാനും ശീലിച്ച ഒരു വ്യക്തിത്വം. ഇതൊക്കെത്തന്നെയാണ് സാറിനെ വ്യത്യസ്തനാക്കുന്നത്.

എന്റെ മൂത്ത മകന്റെ വിവാഹപ്പിറ്റേന്നുള്ള വിരുന്നിന് സാറിനെ ക്ഷണിക്കാന്‍ പോയിരുന്നു. കാണാന്‍ സാധിച്ചില്ല. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ക്ഷണക്കത്ത് ഗേറ്റില്‍ തൂക്കിയിരുന്ന പത്രമിടുന്ന പെട്ടിയില്‍ നിക്ഷേപിച്ചിട്ട് ഞാന്‍ തിരികെ പോന്നു. ഒരു കര്‍മം നിര്‍വഹിച്ച സംതൃപ്തിയോടെ. ആ സുദിനത്തില്‍ ആദ്യം എത്തിയ വിരുന്നുകാരന്‍ സാറായിരുന്നു. ആ മനസ്സിന് മുന്‍പില്‍ നമിക്കാതെന്തുചെയ്യാന്‍. കാലില്‍തൊട്ടു വന്ദിക്കുമ്പോള്‍ ഞാന്‍ മകനോട് പറഞ്ഞു. മുജ്ജന്മ പുണ്യം. ഇന്ന് സാറിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ സാധിച്ചതിന് ദൈവത്തിനോട് നന്ദി.

'സാറെ, ജോര്‍ജ് ജേക്കബ് ഡോക്ടറുടെ വീടെത്തി'. സാരഥിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. ആളുകള്‍ക്കിടയിലൂടെ നടന്ന് ശവമഞ്ചത്തിനടുത്തെത്തി. ചിരിച്ചുകൊണ്ട് കിടക്കുന്ന സാറിന്റെ മുഖത്തെ പ്രസരിപ്പിന് ഒരു മാറ്റവുമില്ലെന്ന് തോന്നി. വീണ്ടും വീണ്ടും കാല്‍ തൊട്ടുവന്ദിച്ച് രണ്ട് കൈയ്യും കൂപ്പിനിന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. മനസ്സ് മന്ത്രിച്ചു. 'ജോര്‍ജ് ജേക്കബ് സാറിന് പകരം വെക്കാന്‍ ഇനിയൊരാള്‍ ഉണ്ടാകില്ല'. കാറിനടുത്തെത്തിയപ്പോള്‍ പുറകില്‍ നിന്ന് ആരോ വിളിക്കുന്ന പോലെ... 'ഡോക്ടര്‍ ഗംഗാധരന്‍... ക്യാന്‍ ഐ കം ടു ഷോ യു എ പേഷ്യന്റ് ഓഫ് മൈന്‍' (എന്റെ ഒരു രോഗിയെ കാണിക്കാന്‍ ഞാന്‍ വന്നോട്ടെ). ഞാന്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് തിരികെ സാറിന്റെയടുത്തേക്ക് ഓടിച്ചെല്ലണമെന്ന് തോന്നി. 'ഇതാ സാറേ ടിഷ്യു, കണ്ണും മുഖവും തുടയ്ക്ക്'. എന്റെ സാരഥി മനസ്സ് വായിച്ചറിഞ്ഞിരുന്നു. ഞങ്ങള്‍ അഭിമാനിക്കുന്നു. സാറിന്റെ അനേകായിരം ശിഷ്യഗണങ്ങളില്‍ ഒരാളാകാന്‍ സാധിച്ചതില്‍. ഒരശരീരി കണക്കെ കുറെ ശബ്ദങ്ങള്‍ ചുറ്റിനും കേള്‍ക്കുന്നുണ്ടായിരുന്നു. അതില്‍ എന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.