'ടാര്‍ഗറ്റുകളെക്കുറിച്ച് എഴുതിയപ്പോള്‍ സാറ് പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പക്ഷേ അതെല്ലാം ടാര്‍ഗറ്റുകളുമായി ബന്ധപ്പെട്ട മാനസിക പീഡനങ്ങളായിരുന്നു. അതില്‍ ബാങ്ക് ജീവനക്കാരുടെ ജീവിതവും ടാര്‍ഗറ്റുകളുമാണ് സാറ് കൂടുതല്‍ പ്രതിപാദിച്ചിരുന്നത്. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ഞങ്ങളെ സാറ് മറന്നുപോയി. വിദ്യാര്‍ഥികളായ ഞങ്ങളെ സാറ് ഓര്‍ത്തതേയില്ല. പി.എച്ച്.ഡി. സ്‌കോളേഴ്സ് എന്ന ഓമനപ്പേരില്‍ അറിയുന്ന ഞങ്ങളുടെ പീഡനകഥകളും സാര്‍ വിസ്മരിച്ചു. സാറിന്റെ മേഖലയെക്കുറിച്ച് സാറെന്താ മൗനം പാലിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായി മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലും പഠിക്കുന്ന ഞങ്ങളെയും സാറ് മറന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ പഠിക്കുന്ന ഞങ്ങളുടെ പ്രശ്നങ്ങളും സാറിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല'. ഇതെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കിടെ എനിക്ക് വന്ന കുറെ ഫോണ്‍ മെസേജുകളുടെയും ഇമെയിലുകളുടെയും ഉള്ളടക്കമാണ്.

To advertise here,

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സാനി തന്റെ 35-ാം വയസ്സില്‍ ജോലി ഉപേക്ഷിക്കാന്‍ ഒരു മാസത്തെ മുന്‍കൂര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. 'കലശലായ കഴുത്തുവേദനയും നടുവേദനയുമാണ് ഡോക്ടറേ. ഓര്‍ത്തോ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം കുറിച്ചത് വിശ്രമമാണ്. എന്റെ ജോലിയുമായി ബന്ധപ്പെട്ടതാണ് പ്രശ്നമെന്നദ്ദേഹം തറപ്പിച്ച് പറഞ്ഞു. കഴിഞ്ഞ 10 മാസമായി എല്ലാ ദിവസവും ഞാന്‍ 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. അതും മുഴുവന്‍ സമയവും കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍. വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്നുള്ള ജോലി) എന്ന ഓമനപ്പേരിലാണ് ഇത്രയും സമയം ജോലി ചെയ്യിക്കുന്നത്. ഓഫീസിലാണെങ്കില്‍ വൈകീട്ട് 5 മണിക്ക് പണി നിര്‍ത്തി പുറത്തിറങ്ങാം'. 

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ എന്തിന് സമയബന്ധിതമായി ജോലി ചെയ്യണം. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഒരു സൗജന്യമായി ഇതൊക്കെ കാണണ്ടേ. ടീം ലീഡറുടെ ഉപദേശമാണ്. 'ഇന്ത്യയിലെ കമ്പനികള്‍ക്ക് വേണ്ടി അമേരിക്കക്കാര്‍ ഉണര്‍ന്നിരിക്കുന്ന സമയത്താണ് ഞാന്‍ ജോലി ചെയ്യുന്നത് എന്ന് കൂടെ ഡോക്ടര്‍ മനസ്സിലാക്കണം. ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെല്ലാം... അത് സാധിച്ചില്ലെങ്കില്‍ പിരിച്ചുവിടല്‍ ഭീഷണി'.

സ്‌കൂള്‍ വിദ്യാര്‍ഥികളെക്കുറിച്ച് പറയുകയാണെങ്കില്‍...പഴയ തലമുറക്കാരന്‍... പഴഞ്ചന്‍ ചിന്താഗതിക്കാരന്‍... ആധുനിക ജീവിതത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലാത്തവന്‍...പറയുന്നതിനും എഴുതുന്നതിനും എന്ത് പ്രസക്തി എന്ന് ചിന്തിക്കുന്നവരുണ്ടാകുമെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് 
ഇത് എഴുതുന്നത്. സ്‌കൂളുകള്‍ മാറി. വിദ്യാര്‍ഥികള്‍ മാറി. അധ്യാപകര്‍ മാറി. രക്ഷിതാക്കളും മാറി. സ്‌കൂള്‍ അന്തരീക്ഷമോ പാടേ മാറി. ആര് ശരി, ആര് തെറ്റ് എന്ന് വാദിച്ചിട്ട് കാര്യമില്ല. തെറ്റുകളാണ് കൂടുതല്‍ സംഭവിക്കുന്നത് എന്നതാണ് ശരി. ഞാന്‍ പഠിച്ചിരുന്ന കാലം. അതിനി ഉണ്ടാകില്ല. ഇന്നും എന്നും ഓര്‍ക്കാന്‍ മധുരിക്കുന്ന ഓര്‍മകള്‍ മാത്രം. ഒന്നിനൊന്ന് മെച്ചപ്പെട്ട അധ്യാപകര്‍. സൗഹാര്‍ദ്ദപരമായ സ്‌കൂള്‍ അന്തരീക്ഷം. പൂര്‍ണമായും കുട്ടികളെ അധ്യാപകര്‍ക്ക് വിട്ടുകൊടുക്കുന്ന രക്ഷിതാക്കള്‍. കളിച്ചും രസിച്ചും പഠിച്ചും ആസ്വദിച്ചും ഇണങ്ങിയും പിണങ്ങിയും ജീവിച്ചിരുന്ന കാലഘട്ടം. കാലം മാറി. ഞാന്‍ രണ്ട് കുട്ടികളുടെ അച്ഛനായി. 

യു.കെ.ജി.യില്‍ പഠിച്ചിരുന്ന മകന് വേണ്ടി എനിക്ക് സ്‌കൂളുകളില്‍ നിന്ന് വിളി വരും. ഹി ഈസ് നോട്ട് അപ് ടു ദ മാര്‍ക്ക് (അവന്‍ പോരാ എന്ന് രത്നച്ചുരുക്കം) കുറെ ആഴ്ചകളില്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ഞാനൊരിക്കല്‍ ടീച്ചറോട് ചോദിച്ചു. 'എന്താ ടീച്ചറെ പ്രശ്നം?' 'അവന്‍ പഠിക്കുന്നത് പോരാ, വീട്ടിലിരുത്തി പഠിപ്പിക്കണം'. ചിത്ര വീട്ടില്‍ ഇല്ലാതിരുന്ന ദിവസങ്ങളായിരുന്നു അത്. യു.കെ.ജി.യില്‍ എന്തോന്ന് നോട്ട് അപ് ടു ദ മാര്‍ക്ക് എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്. ചിത്ര തിരികെയെത്തി അവനെ പഠിപ്പിച്ച് സ്‌കൂളിലേക്കയച്ചു. ആ ആഴ്ചയും വിളി വന്നു. അറിയാവുന്ന ഉത്തരങ്ങള്‍ പോലും അവന്‍ പറഞ്ഞില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ചിത്ര അവനോട് ചോദിച്ചു. 'നീ ഉത്തരങ്ങളെല്ലാം എന്നോട് പറഞ്ഞതാണല്ലോ. പിന്നെ എന്താ സ്‌കൂളില്‍'. ദേഷ്യത്തോടെ അവന്‍ പറഞ്ഞു. 'ആ ടീച്ചറോട് ഞാന്‍ ഒരു ഉത്തരവും പറയില്ല. ക്ലാസില്‍ ആരെങ്കിലും ഒരു പാട്ടുപാടാന്‍ പറഞ്ഞാല്‍ ഞാന്‍ ചാടി എഴുന്നേല്‍ക്കും. പക്ഷേ ടീച്ചര്‍ എന്നെക്കൊണ്ട് പാടിക്കില്ല. എന്നും ഒരു കുട്ടിയെക്കൊണ്ട് തന്നെയേ പാടിക്കുകയുള്ളൂ. പിന്നെ ആ ടീച്ചറുടെ ഒരു ചോദ്യത്തിനും ഞാന്‍ മറുപടി പറയില്ല'. ടീച്ചര്‍ ആ കുരുന്ന് മനസ്സ് കാണാതെ പോയി. ടീച്ചറിന് അവനെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയി.

ആ തലമുറയും മാറിക്കഴിഞ്ഞു. അനാരോഗ്യകരമായ മത്സരബുദ്ധിയാണ് കുട്ടികളെ പരസ്പരം ശത്രുക്കളാക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരു പറ്റം രക്ഷിതാക്കളും. കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും പരസ്പരം പോരടിക്കും. നിഘണ്ടുവിലില്ലാത്ത തരംതാഴ്ന്ന വാക്കുകളും വൃത്തികെട്ട പ്രവര്‍ത്തികളും കൊണ്ട് മറ്റുള്ളവരുടെ വ്യക്തിത്വത്തെ അപമാനിക്കുക, അവഹേളിക്കുക. ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ട് പോകുന്ന അധികൃതരും അധ്യാപകരും രക്ഷാകര്‍ത്താക്കളും. സ്‌കൂള്‍ അന്തരീക്ഷമാകെ മലിനീകരിക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ഒരു കൊച്ചുമിടുക്കി, ഒന്നാം ക്ലാസുകാരി കാവ്യ. തലേദിവസമാണ് അവള്‍ക്ക് വലിയ അപകടകാരിയല്ലാത്ത ഒരു കാന്‍സര്‍ സ്ഥിരീകരിച്ചത്. അവള്‍ക്ക് നല്‍കേണ്ട ചികിത്സയെക്കുറിച്ചും അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തതിന് ശേഷം ഞാന്‍ അവള്‍ അന്നു തന്നെ എടുക്കേണ്ട കീമോതെറാപ്പി മരുന്നെഴുതിയ കുറിപ്പ് അമ്മയെ ഏല്പിച്ചു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്മമാര്‍ക്കുണ്ടാകാറുള്ള ആശങ്കകളും സംശയങ്ങളും സ്വാഭാവികം. എന്റെ കുഞ്ഞ് രക്ഷപ്പെടുമോ ഡോക്ടറേ, അവളെ എനിക്ക് തിരികെക്കിട്ടുമോ, അവളുടെ മുടി പോകുമോ?, രൂപം വികൃതമാകുമോ? കാവ്യയുടെ അമ്മയുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതും ഇത്തരം ചോദ്യങ്ങളാണ്. പക്ഷേ, ഇതില്‍ നിന്ന് വ്യത്യസ്തമായി തികച്ചും അപ്രതീക്ഷിതമായി കേട്ട ഒരു ചോദ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. സാറേ അടുത്ത ആഴ്ച ഇവള്‍ക്ക് വര്‍ഷാവസാന പരീക്ഷയാണ്. അതെഴുതാന്‍ സാധിക്കുമോ? കരഞ്ഞുകൊണ്ട് അമ്മ തുടര്‍ന്നു. ക്ലാസിലെ ഒന്നാം റാങ്കുകാരിയാണവള്‍... അടുത്തവര്‍ഷം സ്‌കൂള്‍ വാര്‍ഷികത്തിന് മെഡല്‍ വാങ്ങിക്കേണ്ട കുട്ടിയാണവള്‍... പരീക്ഷ എഴുതിയില്ലെങ്കില്‍... അവര്‍ പൊട്ടിക്കരഞ്ഞു. ഒന്നാം ക്ലാസല്ലേ എന്ന് ഞാനും നഴ്സുമാരും ഒരുമിച്ചു പറഞ്ഞതൊന്നും അവരുടെ കരച്ചില്‍ നിര്‍ത്താന്‍ മാത്രം ശക്തമല്ലായിരുന്നു.

അടുത്തവര്‍ഷം 10-ാം ക്ലാസിലേക്കായി. അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആധിയാണ്. നിതിന്റെ അമ്മയുടെ വാക്കുകളാണിത്. പേരുകള്‍ വ്യത്യസ്തമാകും, പക്ഷേ അമ്മമാരുടെ ആധിയില്‍ വ്യത്യാസമൊന്നുമില്ല. രാവിലെ 6.30 മുതല്‍ 7.30 വരെ ട്യൂഷന്‍. എട്ടിന് സ്കൂളിലെത്തണം. 3.30 വരെ സ്കൂളിൽ. 4.30 മുതല്‍ ആറു വരെ സ്പെഷ്യല്‍ കോച്ചിംഗ്. 6.30 മണിയോടെ തിരികെ വീട്ടിലെത്തുന്ന അവനെയും കാത്ത് അമ്മ വീട്ടുമുറ്റത്ത് തന്നെയുണ്ടാകും. വേഗം കാപ്പി കുടിച്ച് നാളത്തെക്കുള്ള ഹോംവര്‍ക്ക് ചെയ്യാന്‍ നോക്ക്. A2 ഫ്‌ളാറ്റിലെ ശങ്കറിനെ കണ്ടുപഠിക്ക്, കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ 'ടോപ്പറല്ലേ' അവന്‍. എന്‍ട്രന്‍സ് പരീക്ഷയിലും അവന്‍ തകര്‍ക്കും. ഡോക്ടറാകും. നീ ഇവിടെ ഇങ്ങിനെയിരുന്നോ. ഇത്തരം എത്രയെത്ര നിതിനും ശങ്കറും അമ്മമാരും. ഇവരുടെയെല്ലാം മനസ്സില്‍ ഒരു ടാര്‍ഗറ്റ് ഉണ്ടെന്നുള്ളത് സത്യം. കുട്ടികള്‍ക്ക് ടാര്‍ഗറ്റ് വേണ്ടേ? ഉത്തരം ലളിതം. ടാര്‍ഗറ്റ് വേണം. പക്ഷേ ജീവിതം ടാര്‍ഗറ്റുകള്‍ക്ക് വേണ്ടി ഹോമിക്കപ്പെടരുത്.

സുനിതേ, എന്റെ വീട്ടില്‍ ഇന്ന് കുറച്ച് അതിഥികള്‍ വരുന്നുണ്ട്. അവര്‍ക്ക് സഫയറില്‍ നിന്ന് ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും വെജിറ്റബിള്‍ കുറുമയും വേണം. 15 പേരുണ്ട്. ഫ്രൂട്ട് ജ്യൂസും കൂടെ പറഞ്ഞേക്കണം. സ്വി​​​ഗ്​ഗിയിൽ പറഞ്ഞാല്‍ മതി. ലില്ലി ടീച്ചറെ ഇത് ചെയ്ത് തരാന്‍ മനസ്സില്ല എന്ന് പറയാന്‍ തുടങ്ങിയതാണ് സുനിത. തന്റെ പി.എച്ച്.ഡി. ഗൈഡിനോട് അങ്ങിനെ പറഞ്ഞാല്‍ ഭവിഷ്യത്തുകളെന്തായിരിക്കുമെന്ന് പെട്ടെന്ന് തന്നെ മനസ്സില്‍ തെളിഞ്ഞുവന്നു. 'ശരി, മാഡം..' മറുപടി താമസിച്ചില്ല. മനസ്സിന്റെ ഭാരം പിന്നീട് സുനിത ഇറക്കിവെച്ചത് ഭര്‍ത്താവിനെയും കുട്ടികളെയും ശകാരിച്ചിട്ടാണ്. റങ്ങാന്‍ കിടന്നപ്പോള്‍ ഭര്‍ത്താവിനോട് പറഞ്ഞു.  'സോറിട്ടാ'. കുട്ടികള്‍ നീറുന്ന മനസ്സുമായി ഉറങ്ങിക്കഴിഞ്ഞിരുന്നു.

പ്രൊഫസര്‍ വരുന്നതും കാത്ത് ആശുപത്രി കെട്ടിടത്തിന് മുന്‍പില്‍ കാത്ത് നില്‍ക്കുന്ന ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, പ്രൊഫസറുടെ കാറിന്റെ വാതില്‍ തുറക്കാന്‍ മത്സരിക്കുന്നവര്‍, അദ്ദേഹത്തിന്റെ ബാഗ് മുറിയിലെത്തിക്കാന്‍ തത്രപ്പെടുന്നവര്‍, അദ്ദേഹത്തിന്റെ വളര്‍ത്തുനായയോടൊപ്പം രാവിലത്തെ ഓട്ടത്തില്‍ അദ്ദേഹത്തെ അനുഗമിക്കുന്നവര്‍, അദ്ദേഹത്തോടൊപ്പം യാത്ര പോയി എസ്റ്റേറ്റ് ജോലിയില്‍ സഹായിക്കുന്ന ഭാവിയിലെ ബിരുദാനന്തര ബിരുദക്കാര്‍. ആ യാത്രയില്‍ കാറിന്റെ ഇന്ധനം നിറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍... ഇവരുടെയെല്ലാം ലക്ഷ്യം പ്രൊഫസറെ പ്രീതിപ്പെടുത്തുക ബിരുദാനന്തര ബിരുദം നേടുക എന്നത് മാത്രമായിരുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന് ആശ്വസിക്കാം. ഇതെല്ലാം പഴങ്കഥ. ഇന്ന് കാലം മാറി. ഇന്ന് പ്രൊഫസര്‍മാര്‍ക്കാവശ്യം വിമാനടിക്കറ്റുകളും ഉല്ലാസ യാത്രകളും റിസോര്‍ട്ടുകളിലെ താമസങ്ങളുമൊക്കെയായി മാറി. പക്ഷേ വിദ്യാര്‍ഥികളുടെ ലക്ഷ്യം മാത്രം മാറിയിട്ടില്ല.

മെഡിക്കല്‍ വിദ്യാര്‍ഥികളും മാറിക്കഴിഞ്ഞു. പഠിക്കാതെ, ജോലി ചെയ്യാതെ ബിരുദാനന്തര ബിരുദവും നേടാം എന്ന് അവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പഠനം പുസ്തകങ്ങളിലും കംപ്യൂട്ടറുകളിലും മാത്രമൊതുങ്ങുന്നു. രോഗികളെ സ്പര്‍ശിക്കുന്നതും പരിശോധിക്കുന്നതും അനാവശ്യമാണെന്ന ചിന്താഗതിയിലേക്ക് മാറികൊണ്ടിരിക്കുന്നു. വിദ്യാര്‍ഥികളെ ശാസിക്കുക, ശകാരിക്കുക, ഭീഷണിപ്പെടുത്തുക, പഴി വാങ്ങുക എന്ന നിലയിലേക്ക് അധ്യാപകരും അധഃപതിച്ചിരിക്കുന്നു. ബിരുദാനന്തര ബിരുദം നേടി സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ എത്തിപ്പെടുമ്പോള്‍ ഭാവിയില്‍ അവര്‍ തങ്ങളുടെ പ്രൊഫഷണല്‍ വൈരികള്‍ എന്ന മട്ടില്‍ കണ്ട് പെരുമാറുന്ന അധ്യാപകരും വിരളമല്ല.

ഒരു കാര്യം വ്യക്തം. ജീവിതത്തില്‍ എല്ലാവരും എന്തിനോ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ലക്ഷ്യം കാണാത്ത ഏതോ ഒരു ടാര്‍ഗറ്റിന് വേണ്ടി. ആ ഓട്ടത്തിനിടയില്‍ മറന്നുപോകുന്നത് ജീവിതമാണ്. ഓടി ഓടി തളര്‍ന്ന് വീഴുമ്പോള്‍... താന്‍ ജീവിക്കാന്‍ മറന്നു പോയല്ലോ എന്ന കുറ്റബോധം മനസ്സില്‍... പക്ഷേ താമസിച്ചുപോയി.

കീ... കീ... കീ.. ശബ്ദം വെച്ചുകൊണ്ട് എന്നും രാവിലെ ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന അണ്ണാന്‍കുഞ്ഞ്. അവന്റെ ടാര്‍ഗറ്റ് വീട്ടുമുറ്റത്തെ മാവിലെ പാതി തിന്ന മാമ്പഴമാണ്. മനുഷ്യാ, നീ മണ്ടനാകുന്നു. ടാര്‍ഗറ്റിന് വേണ്ടി ജീവിതം മറന്ന നീ മരമണ്ടന്‍....