
'സാറേ, നമ്മുടെ റംലയുടെ നിക്കാഹ് ഇന്നലെ കഴിഞ്ഞു. ഇതാ ഫോട്ടോ...', എന്റെ നേരേ മൊബൈല്‍ ഫോണ്‍ നീട്ടിക്കൊണ്ട് രമ്യ പറഞ്ഞു. 'നല്ല ചേര്‍ച്ച അല്ലേ.. അവളുടെ മുഖത്ത് ഇപ്പോഴും ഒരു ദുഃഖഭാവമാണ്. ഉമ്മ കൂടെയില്ലാത്ത ദുഃഖം അവളെ അലട്ടുന്നുണ്ടാകും', കൂടെയുണ്ടായിരുന്ന നഴ്സുമാര്‍ അവരുടെ അഭിപ്രായം പങ്കുവെച്ചു. 'നിങ്ങളുടെയൊക്കെ മുഖത്തെ സന്തോഷവും ചിരിയും കണ്ടപ്പോള്‍ പുതുവര്‍ഷത്തില്‍ ശമ്പളം കൂട്ടിക്കിട്ടുമെന്ന് ഞാന്‍ വിചാരിച്ചു'.എന്റെ വാക്കുകള്‍ കേട്ട് അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, 'അതിനെക്കാള്‍ വലിയ സന്തോഷമാ സാറേ ഇവളുടെ നിക്കാഹ് കഴിഞ്ഞതില്‍... സാറിനും അങ്ങനെ തന്നെയല്ലേ?'
അതെ ആ സന്തോഷത്തില്‍ ചേരാന്‍ എനിക്ക് ആലോചിക്കാനില്ലല്ലോ!
നവംബറിലെ ആ ദിവസങ്ങളിലേക്ക് ഓര്‍മകള്‍ ഊളിയിട്ടെത്തി. മറക്കാനാകാത്ത രണ്ടു മൂന്ന് അനുഭവങ്ങള്‍. അതില്‍ ആദ്യമെത്തിയത് റംലയുടെ മുഖമായിരുന്നു. കൂടെത്തന്നെ ഉമ്മയുടെയും. 'എനിക്ക് ഇവളുടെ നിക്കാഹ് കണ്ടിട്ട്... പടച്ചോന്‍ നമ്മളെ കൈവിടൂല... എനിക്ക് എന്റെ കുട്ടീടെ നിക്കാഹ് കണ്ടിട്ട് മയ്യത്തായാല്‍ മതി. ആ ഒരു പൂതി മാത്രമേ മനസ്സിലൂള്ളൂ. അഞ്ചു നേരവും മുടങ്ങാതെ നിസ്‌കരിക്കുമ്പോളൊക്കെ മനസ്സില്‍ ആ ഒരൊറ്റ പ്രാര്‍ഥന...' ഉമ്മയുടെ വാചകങ്ങള്‍ മിക്കപ്പോളും അപൂര്‍ണങ്ങളായിരുന്നു. കണ്ഠമിടറി, കണ്ണീരോടെ ഉമ്മ പറയുന്ന വാക്കുകള്‍ ഞങ്ങള്‍ എത്രയോ വട്ടം കേട്ടിരിക്കുന്നു. അറിയാതെ ഞങ്ങളും പറഞ്ഞിട്ടുണ്ട് ഉമ്മയുടെ ആഗ്രഹം ദൈവം നടത്തിത്തരുമെന്ന്.
ഉമ്മയുടെ അസുഖം മൂര്‍ഛിച്ചത് വളരെ പെട്ടെന്നായിരുന്നു. റംലയുടെ ഉപ്പയും മാമയും ബന്ധുക്കളും ഒരുമിച്ച് ഒരു ദിവസം എന്നെ കാണാന്‍ വന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം മാമയാണ് സംഭാഷണത്തിന് തുടക്കമിട്ടത്. 'റംലേന്റെ നിക്കാഹ് ഫെബ്രുവരിയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതുവരെ അവളുടെ ഉമ്മയെ ഞങ്ങള്‍ക്ക് തരണം. ഡോക്ടര്‍ വിചാരിച്ചാല്‍ നടക്കും. ഞങ്ങള്‍ പ്രാര്‍ഥിക്കാം.' മാമ എന്റെ കൈയില്‍ മുറുകെ പിടിച്ചു. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍ നിസ്സഹായനാണ് എന്നു പറയാന്‍ തുടങ്ങിയതാണ്. പക്ഷേ, മനസ്സ് സമ്മതിച്ചില്ല. എല്ലാം നമ്മുടെ കൈയിലല്ലല്ലോ എന്നു പറഞ്ഞ് നിര്‍ത്തി.
'അതറിയാം ഡോക്ടറേ... പക്ഷ, അവക്കടെ ഒരാഗ്രഹം...' ഉപ്പ പറഞ്ഞു
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവരെല്ലാം എന്നെ കാണാന്‍ വീണ്ടും വന്നു. ഞാന്‍ വിളിച്ചു വരുത്തി എന്നതാണ് ശരി. മുഖവുരയൊന്നുമില്ലാതെ ഞാന്‍ വിഷയത്തിലേക്ക് കടന്നു, 'ഉമ്മയുടെ ആരോഗ്യനില പെട്ടെന്ന് വഷളായിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിലെ നിക്കാഹ് വരെ... സംശയമാണ്. അതൊന്ന് നേരത്തേയാക്കാന്‍... എന്തെങ്കിലും മാര്‍ഗം? അങ്ങനെയായാല്‍ നന്നായിരുന്നു', എന്റെയും വാചകങ്ങള്‍ പൂര്‍ണമാകുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
'അത്... അത് എങ്ങനെയെന്നറിയില്ല. സാധിക്കുമോ എന്നറിയില്ല. കുട്ടീന്റെ... പയ്യന്റെ വീട്ടുകാരും സമ്മതിക്കണ്ടേ...' മാമ തന്നെയാണ് മറുപടി പറഞ്ഞത്. ഉപ്പ മറ്റേതോ ലോകത്താണെന്ന് തോന്നി. 'എന്തായാലും ഓള്‍ക്ക് അവളുടെ ആഗ്രഹപ്രകാരം അതു കാണാന്‍... നമുക്ക് അവരുടെ വീട്ടുകാരെ ധരിപ്പിക്കാം', ഉപ്പ ആത്മധൈര്യം വീണ്ടെടുത്ത പോലെ തോന്നി.
അടുത്ത ദിവസം രാവിലെ തന്നെ ഉപ്പയും മാമയും എന്നെ കാണാന്‍ വീട്ടില്‍ വന്നു. 'ഇന്നലെ രാത്രി ഓളെ ഐ.സി.യു.വിലേക്ക് മാറ്റി. നിക്കാഹ് ഞമ്മള് നാളെത്തന്നെ നടത്താന്‍ തീരുമാനിച്ചു. അതിനുള്ള സൗകര്യം ആശുപത്രിയില്‍ ചെയ്തു തന്നാല്‍ മതി. പത്താള്... അതിനുള്ള അനുമതി..', ഉപ്പ കരയുകയായിരുന്നു.
ഐ.സി.യു.വിന്റെ അടുത്തുള്ള മുറി നമുക്ക് അലങ്കരിക്കാം സാറേ. പെണ്ണിനെ ഞാന്‍ ഒരുക്കാം. നമുക്ക് കാന്റീനില്‍ പറഞ്ഞ് നല്ലൊരു ഊണും സംഘടിപ്പിക്കാം. ഞങ്ങളുടെ കൂടെയുള്ള പലരും ഓരോ കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ അടുത്ത ദിവസത്തിനായി കാത്തിരുന്നു ഞങ്ങള്‍.
പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. ആ രാത്രി തന്നെ ഉമ്മയുടെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായി. സഫലീകരിക്കാത്ത ആഗ്രഹവുമായി ഉമ്മ മരണത്തിന് കീഴടങ്ങി. ഞങ്ങളെയെല്ലാം നോക്കി വിധി ഉറക്കെ പൊട്ടിച്ചിരിക്കുന്നതു പോലെ തോന്നി. മനുഷ്യപുത്രരേ, നിങ്ങള്‍ എന്റെ മുന്നില്‍ അബലര്‍, അശക്തര്‍, തൃണസമം. വിധിയുടെ ചിരി അകന്നു പോയിക്കൊണ്ടിരുന്നു.
************************
അടുത്ത ദിവസം രാവിലെ തലേ ദിവസത്തെ സംഭവവികാസങ്ങളെല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ടാണ് വീട്ടില്‍ രോഗികളെ പരിശോധിക്കാന്‍ തുടങ്ങിയത്. അതിനിടെ ഒരു അമ്മയും മകളും കടന്നു വന്നു, രോഗി വന്നിട്ടില്ല.
'ഞങ്ങള്‍ ഒരു പ്രധാന കാര്യം സംസാരിക്കാന്‍, തീരുമാനമെടുക്കാനാണ് വന്നത്. അച്ഛനാണ് സാറിന്റെ രോഗി. പാലക്കാട്ടു നിന്ന് രാജേട്ടന്‍ പറഞ്ഞയച്ച മണികണ്ഠന്‍. ഞാന്‍ മോളാണ്, നിത്യ. ടെക് ആണ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. ഇത് അമ്മ. തീരുമാനങ്ങള്‍ ഞാന്‍ തന്നെ എടുക്കണം. അതിന് സാറിന്റെ സഹായം വേണം. അമ്മ...' അതുവരെ ധൈര്യപൂര്‍വം സംസാരിച്ചു കൊണ്ടിരുന്ന നിത്യ അസ്വസ്ഥയാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. 'അമ്മയ്ക്ക് തീരുമാനമെടുക്കാന്‍ ശക്തിയില്ല. ഞങ്ങളുടെ എല്ലാം അച്ഛനായിരുന്നു. അതുകൊണ്ടു തന്നെ ഇതുവരെയുള്ള തീരുമാനങ്ങളെല്ലാം അച്ഛന്റേത് തന്നെയായിരുന്നു. പക്ഷേ, ഇപ്പോള്‍...' നിത്യ കരഞ്ഞു തുടങ്ങി. പെട്ടെന്നു തന്നെ കരച്ചില്‍ അടക്കി അവള്‍ പറഞ്ഞു 'എന്റെ വിവാഹമാണ് അടുത്തയാഴ്ച. അതിനുള്ള തിരക്കിട്ട ഓട്ടത്തിനിടയില്‍ അച്ഛന്‍ എല്ലാം മറച്ചുവെച്ചു. അതാണ് അസുഖം കൂടാന്‍ കാരണം. ഇന്ന് പാലക്കാട്ട് അച്ഛന്റെ ആഗ്രഹപ്രകാരം വിപുലമായ ഒരു പരിപാടി വെച്ചിരുന്നതാണ്. അച്ഛന് ചില രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. കൂട്ടുകാരെയെല്ലാം ക്ഷണിച്ചുകൊണ്ടുള്ള ഒരു ഒത്തുകൂടല്‍ നടത്താനിരുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ അത് ഞങ്ങള്‍ വേണ്ടെന്നു വെച്ചു. വിവാഹം ഒരു ചടങ്ങായി മാത്രം ഇവിടെ അടുത്തുള്ള ഏതെങ്കിലും ഒരു അമ്പലത്തില്‍ വെച്ച് നടത്താമെന്ന് തീരുമാനിച്ചു. അതുവരെ എന്റെ അച്ഛനെ.... ഞങ്ങള്‍ക്കു തരുമോ...'
ദൈവമേ... എന്തൊരു പരീക്ഷണം! ഞാന്‍ മനസ്സില്‍ വിചാരിച്ചു പോയി.
'പാലക്കാട്ട് നിശ്ചയിച്ചിരുന്ന വിവാഹം ചടങ്ങ് മാത്രമായി ഒതുക്കേണ്ട. പാലക്കാട്ട് നിശ്ചയിച്ചിരുന്ന പരിപാടി ഞങ്ങള്‍ ഇവിടെ എറണാകുളത്ത് നടത്തിത്തരാം. ഞങ്ങളുടെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുണ്ട്. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി. നല്ല കുറേ മനസ്സുകളുടെ കൂട്ടായ്മയാണത്. ഞങ്ങള്‍ മുന്‍കൈയെടുത്ത് അത് ആസൂത്രണം ചെയ്യാം. അതിന് ശ്രമിക്കട്ടേ?' എന്റെ ഈ വാക്കുകള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നുന്നു. ഒരു നിമിഷം അവര്‍ പരസ്പരം നോക്കിയിരുന്നു. അമ്മയാണ് ആ മൗനത്തിനു വിരാമമിട്ടത്.
'നന്ദി, ഡോക്ടറേ.. ഒരായിരം നന്ദി... ഞങ്ങള്‍ വീട്ടുകാരുമായി ഒന്ന് ആലോചിക്കട്ടെ. സാറിനെ നാളെ വിളിക്കാം'.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നിത്യ പറഞ്ഞു, 'അച്ഛന്‍ കല്യാണത്തിനു വേണം കേട്ടോ ഡോക്ടറേ'.
ഞാന്‍ ഉത്തരം പറഞ്ഞില്ല. തലേ ദിവസത്തെ അനുഭവം ഉത്തരം പറയാന്‍ അനുവദിച്ചില്ല.
അടുത്ത ദിവസം രാവിലെ തന്നെ നിത്യയുടെ ഫോണ്‍കോള്‍ വന്നു. 'ഡോക്ടറേ ഞങ്ങള്‍ വീട്ടുകാരുമായി സംസാരിച്ചു. അച്ഛന്റെ ഈ അവസ്ഥയില്‍ ഞങ്ങള്‍ക്കാര്‍ക്കും കല്യാണം ആഘോഷിക്കാനൊന്നും സാധിക്കില്ല. അതുകൊണ്ട് ചടങ്ങ് മാത്രം മതി എന്നു തീരുമാനിച്ചു. ഡോക്ടറുടെ ആ വലിയ മനസ്സിന് നന്ദി. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ വിവാഹച്ചടങ്ങിന് വരണം. വരില്ലേ...?'
അതിനും ഉത്തരം നല്‍കാന്‍ ഞാന്‍ ശക്തനല്ലായിരുന്നു.
****************
'അച്ഛാ നമ്മുടെ മരിച്ചുപോയ നന്ദിനിയുടെ മകളുടെ വിവാഹം ഇന്ന് നടന്നു. ഫോട്ടോ അയച്ചുതന്നിട്ടുണ്ട്. താഴെ ഒരു കുറിപ്പുമുണ്ട്', അപ്പു ഫോണ്‍ എന്റെ നേരേ നീട്ടി. വിവാഹവേഷത്തില്‍ വധൂവരന്മാര്‍. അടിക്കുറിപ്പില്‍ പറയുന്നു, 'ഇന്ന് അമ്മ ഞങ്ങളുടെ കൂടെയില്ല. അമ്മയുടെ ആഗ്രഹപ്രകാരം, വിവാഹം മാറ്റിവെക്കേണ്ടെന്ന് തീരുമാനിച്ചു. അമ്മ പറയാറുണ്ടായിരുന്നു, ആരെ അറിയിച്ചില്ലെങ്കിലും നീ സാറിനെയും മകനെയും വിവാഹക്കാര്യം അറിയിക്കണം എന്ന്. അതുകൊണ്ടാണ് ഇത് അയക്കുന്നത്. ആഘോഷങ്ങളൊന്നുമില്ലാത്ത കല്യാണമായിരുന്നു. അതുകൊണ്ടാണ് ആരെയും ക്ഷണിക്കാതിരുന്നത്. അമ്മയെ രക്ഷപ്പെടുത്താന്‍ സാധിക്കില്ല എന്നറിയാമായിരുന്നു. കുറേ നാളത്തേക്കെങ്കിലും അമ്മയെ ഞങ്ങള്‍ക്ക് തന്നതിന് ഒരായിരം നന്ദി. എന്നും ഞങ്ങളുടെ ഓര്‍മകളില്‍, പ്രാര്‍ഥനകളില്‍ സാറും മകനും നിങ്ങളുടെ ടീമും ഉണ്ടാകും'.
എന്റെ മനസ്സ് ശാന്തമായി. ഡോക്ടര്‍ ഒരു മനുഷ്യനാണ്. അമാനുഷികമായ ഒരു കഴിവും ഒരു ഡോക്ടര്‍ക്കുമില്ല. അതു മനസ്സിലാക്കി ജീവിക്കുക, പ്രവര്‍ത്തിക്കുക. ജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം. ജയത്തിലും പരാജയത്തിലും അമിതമായ സന്തോഷമോ ദുഃഖമോ വേണ്ട്. ശാന്തമായ മനസ്സിന്റെ ഉപദേശങ്ങള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. എല്ലാം മറന്ന് ശാന്തമായ മനസ്സോടെ ഞാന്‍ അടുത്ത രോഗിയെ വിളിച്ചു.
Content Highlights: dr vp gangadharan column on cancer survivors
Published: 12 Jan 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented