
ഫെബ്രുവരി നാല്. ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ലോകമെമ്പാടും അന്നേ ദിവസം കാന്‍സര്‍ ദിനമായിട്ട് ആചരിക്കുന്നു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പ്രത്യേക സന്ദേശം ജനങ്ങളിലെത്തിക്കുന്നതും ഇതിന്റെ ഒരു ഭാഗമാണ്. 2025-27 വര്‍ഷങ്ങളിലേക്കുള്ള സന്ദേശം 'United by Unique' (അദ്വിതീയമായി ഒന്നിച്ചു) എന്നതായിരുന്നു. ഓരോ കാന്‍സര്‍ രോഗിക്കും വ്യത്യസ്തമായ കഥകള്‍ പറയാനുണ്ട്. സധൈര്യം രോഗത്തെ നേരിട്ടവര്‍, സ്വന്തമെന്ന് വിശ്വസിച്ചിരുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും ഉപേക്ഷിച്ച് പോയവര്‍, നെഞ്ചോട് ചേര്‍ത്തുപിടിച്ച് ജീവിക്കാന്‍ പ്രചോദനം തന്നവര്‍... ഇവരുടെ അനുഭവങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ സമൂഹത്തിലേക്കെത്തുമ്പോള്‍, അത് പലരുടെയും സ്വന്തം അനുഭവം തന്നെയായിരിക്കും. എന്തിനെയും ഏതിനേയും നേരിടാനുള്ള ഒരു മനഃശക്തി രോഗികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ അത്തരം സാക്ഷ്യങ്ങള്‍ക്ക് സാധിക്കും. സഹതാപമല്ല കാന്‍സര്‍രോഗികള്‍ക്ക് വേണ്ടതെന്നും അനുതാപമണ് നാം അവരോട് വെച്ചുപുലര്‍ത്തേണ്ടതെന്നുമുള്ള സന്ദേശവും വ്യംഗ്യഭാഷയില്‍ ഇതിലൂടെ സമര്‍ഥിക്കുന്നുണ്ട്. കാന്‍സറിനെ തടയാനും പ്രാരംഭദശയില്‍ കണ്ടുപിടിച്ച് വേണ്ടവിധത്തില്‍ ചികിത്സിക്കാനും സമൂഹത്തെ ബോധവാന്മാരാക്കുക എന്നതു മാത്രമല്ല ഈ ദിനാചരണത്തിന്റെ ലക്ഷ്യം. രോഗിയെപ്പോലെ അവരുടെ രോഗവും ചികിത്സയും വ്യത്യസ്തമാണെന്നുള്ളതും അതുകൊണ്ട് തന്നെ അവരോടുള്ള സമീപനത്തിലും നാം വ്യത്യസ്തത പുലര്‍ത്തണമെന്നതും ഈ ദിനത്തിലെ സന്ദേശങ്ങളുടെ ഉള്ളടക്കം തന്നെയാണ്. ഈ ഉദ്ദേശങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന ഒരനുഭവമാണ് ഇക്കഴിഞ്ഞ കാന്‍സര്‍ദിനത്തില്‍ എനിക്കുണ്ടായത്.
2025 ഫെബ്രുവരി നാല്. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് എന്റെ ഫോണില്‍ കുറേയധികം സന്ദേശങ്ങള്‍ വന്നിരുന്നു. ജീവിതത്തിലേക്ക് തിരികെ വന്ന കാന്‍സര്‍രോഗികളുടെ നന്ദി പ്രകടനമായിരുന്നു ഒട്ടുമിക്ക സന്ദേശങ്ങളുടെയും കാതല്‍. അതിനിടയില്‍ വ്യത്യസ്തമായ ഒരു സന്ദേശം എന്റെ ശ്രദ്ധയാകര്‍ഷിച്ചു. 'ഞാന്‍ ജിഷ. ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു. സാര്‍ ഫ്രീ ആകുമ്പോള്‍ എന്നെ ഒന്ന് വിളിക്കണം'. ഇതേ സന്ദേശം ഒരു മണിക്കൂറിനിടയില്‍ വീണ്ടും വീണ്ടും വന്നതായി കണ്ടത് കൊണ്ട് ഞാന്‍ ഉടനെ തന്നെ ആ നമ്പറുമായി ബന്ധപ്പെട്ടു. അസുഖസംബന്ധമായ ഒരു പ്രശ്‌നമായിരിക്കുമെന്ന് വിചാരിച്ചാണ് ഞാന്‍ വിളിച്ചത്. 'ഞാന്‍ ജിഷയാണ്. സാറിന്റെ പേഷ്യന്റ് (രോഗി). ഒരു സങ്കടം പറയാന്‍ വേണ്ടിയാണ് വിളിച്ചത്. കഴിഞ്ഞ മാസം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കായി ഞാന്‍ ഇന്റര്‍വ്യൂവിന് പോയിരുന്നു. രണ്ടാം റാങ്ക് കിട്ടി. രണ്ട് ഒഴിവുകളുമുണ്ടായിരുന്നു. സ്ഥിരമായ ഒരു ജോലി. അതും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. ഇന്നോ നാളെയോ നിയമന ഉത്തരവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എനിക്ക്...' ഒരു പൊട്ടിക്കരച്ചിലാണ് തുടര്‍ന്ന് ഫോണിലൂടെ കേട്ടത്. സംഭാഷണം തുടര്‍ന്നത് ഒരു പുരുഷശബ്ദമായിരുന്നു. 'ഞാന്‍ വിഷ്ണു. ജിഷയുടെ ഭര്‍ത്താവാണ്. ആരോഗ്യപരമായ കാരണത്താല്‍ അവളെ അയോഗ്യയാക്കി ജോലി നിഷേധിച്ചിരിക്കുന്നു. 'ഷീ ഈസ് മെഡിക്കലി അണ്‍ഫിറ്റ്' എന്നാണ് എഴുതിയിരിക്കുന്നത്'. വീണ്ടും ജിഷയുടെ ശബ്ദം. 'അഞ്ചുവര്‍ഷം മുമ്പാണ് സ്തനാര്‍ബുദത്തിന് ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ മാസം തുടര്‍പരിശോധനയ്ക്ക് വന്നപ്പോള്‍ സാര്‍ പറഞ്ഞത് അടുത്ത മാസം ഞാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഹോര്‍മോണ്‍ ഗുളികയും നിര്‍ത്താമെന്നാണ്. പിന്നെ ഇവരെങ്ങിനെ എന്നെ ഇങ്ങനെ...' വീണ്ടും ജിഷയുടെ കരച്ചില്‍. 'ഇതിലും ഭേദം അസുഖം വന്ന് മരിക്കുകയായിരുന്നു' ജിഷ ഭര്‍ത്താവിനോട് ശബ്ദമടക്കി പറഞ്ഞത് ഞാന്‍ ഫോണിലൂടെ കേട്ടതാണ് അവസാന വാചകം. ഫോണ്‍ സംഭാഷണം അതോടുകൂടി അവസാനിച്ചു. 'നാളെ രാവിലെ 11 മണിക്ക് ആശുപത്രിയില്‍ വരൂ. ജിഷയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചിട്ട് നമുക്ക് ഒരു തീരുമാനമെടുക്കാം'. ഈ സന്ദേശത്തോടെ ഞാന്‍ ഫോണ്‍ മേശപ്പുറത്ത് വെച്ചു.
അടുത്ത ദിവസം ആശുപത്രിയില്‍ ജിഷ വന്നില്ല. വിഷ്ണുവാണ് രേഖകളുമായിട്ട് വന്നത്. ആശുപത്രി രേഖകളെല്ലാം പരിശോധിച്ചശേഷം ഞാന്‍ പറഞ്ഞു. 'ജിഷയുടെ അസുഖം പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. വേണ്ടവിധത്തില്‍ ചികിത്സയും തുടര്‍പരിശോധനയും ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ അസുഖത്തിന്റെ ലാഞ്ചന പോലും കണ്ടിട്ടുമില്ല. അടുത്ത മാസത്തോടെ അവള്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയും തുടരേണ്ടതില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങിനെ അവളെ...' 'സാറും അവളെ തള്ളിപ്പറഞ്ഞാലോയെന്ന് വിഷമിച്ചാണ് അവള്‍ വരാതിരുന്നത്. ഞാന്‍ അവളോട് ഉടനെ തന്നെ വരാന്‍ പറയാം'. അയാള്‍ മുറി വിട്ടിറങ്ങി നടന്നുനീങ്ങി.
Also Read
കരഞ്ഞ് വീങ്ങിയ മുഖവും കണ്ണുകളുമായി രണ്ട് മണിക്കൂറിനകം ജിഷ എന്റെ മുറിയിലെത്തി. 'എന്റെ അസുഖം മാറിയതല്ലേ, പിന്നെയും എന്താ എല്ലാവരും എന്നോടിങ്ങനെ... കാന്‍സര്‍ രോഗിയെന്ന് മുദ്ര കുത്തിയിരിക്കുകയല്ലേ... ഇതൊരിക്കലും മാറില്ലേ സാറേ'.
'അതിന് ജിഷയ്ക്ക് ഇപ്പോള്‍ കാന്‍സറൊന്നുമില്ലല്ലോ. ആരോഗ്യപരമായ കാരണം പറഞ്ഞുകൊണ്ട് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഒരു വകുപ്പുമില്ല'. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഒരു ലേഡി ഡോക്ടറാണ് അവസാനം എന്നോട് സംസാരിച്ചത്. അവരുടെ സംസാരത്തില്‍ തന്നെ എന്തോ ഒരു പന്തികേടുള്ള പോലെ എനിക്ക് തോന്നിയിരുന്നു. അവരെന്നെ പരിശോധിച്ച് നോക്കിയൊന്നുമില്ല. എന്നിട്ട് വെറുതെ എന്നെ അയോഗ്യയാക്കി'. ജിഷയുടെ മുഖത്ത് അനീതിയോടുള്ള രോഷം പ്രകടമായിരുന്നു.
'നമുക്ക് കോടതിയെ സമീപിച്ചാലോ'. ഞാനാണ് ഈ ആശയം അവരുടെ മുന്നിലേക്കിട്ടത്. 'അത് വേണം സാറേ'. ഭര്‍ത്താവിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. ജിഷ മൗനം പാലിച്ചതേയുള്ളൂ.
പിന്നീടുള്ള സംഭവങ്ങളെല്ലാം ഒരു സിനിമാസ്റ്റൈലിലായിരുന്നു. ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാനും അവരുടെ അഭിപ്രായം ആരായാനും കോടതി ഉത്തരവിട്ടു. ഇതിനൊരു തീരുമാനമാകുന്നതുവരെ നിയമനങ്ങള്‍ വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഒരു പരീക്ഷയ്ക്ക് ഇരിക്കുന്ന അനുഭവമായിരുന്നെന്നാണ് ജിഷ പറഞ്ഞത്. തലങ്ങും വിലങ്ങും ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നത്രെ. അത് കഴിഞ്ഞ് എന്നെ കാണാന്‍ വന്ന അവള്‍ വ്യത്യസ്തയായിരുന്നു. പിന്നീട് അവള്‍ കരഞ്ഞിട്ടില്ല. ശബ്ദം പതറിയിട്ടില്ല. അനീതിക്കെതിരേ പോരാടാന്‍ ദൃഢനിശ്ചയം ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഭാവമാണ് അവളില്‍ പ്രകടമായത്. 'എനിക്ക് വേണ്ടിയല്ല സാര്‍ എന്റെ യുദ്ധം. എല്ലാ കാന്‍സര്‍രോഗികള്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്കെതിരേ 'അയോഗ്യര്‍' എന്ന വാള്‍ ഇനി ഉയരരുത്. ഏതറ്റം വരെയും ഞാന്‍ പോരാടും സാര്‍'. ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു.
അടുത്ത വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ജിഷയുടെ ഫോണ്‍വിളി. 'അവര്‍ നമ്മളെ തോല്പിച്ചു കളഞ്ഞല്ലോ സാറേ. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച അഞ്ചുമണിക്കകം ഞാന്‍ ഒരു പെറ്റ് സ്‌കാന്‍ ചെയ്ത് അതിന്റെ റിപ്പോര്‍ട്ടും സി.ഡിയോടും കൂടെ അവരുടെ ഓഫീസില്‍ എത്തിക്കണം. കൂടാതെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരുടെയും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും പരിശോധനാരേഖകളും അതോടുകൂടി ഹാജരാക്കണം. ഇതെങ്ങിനെ സാധിക്കും സാര്‍'. അവളുടെ വാക്കുകളില്‍ നിരാശാബോധം പ്രകടമായിരുന്നു. 'അര മണിക്കൂറിനകം ഞാന്‍ തിരികെ വിളിക്കാം'. അത് ചെയ്ത് കൊടുക്കണം എന്റെ മനസ്സും ശരീരവും തയ്യാറെടുത്തുകഴിഞ്ഞിരുന്നു.
ഇതുവരെ അനുഭവിച്ചതെല്ലാം വിവരിച്ചുകഴിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഒരൊറ്റ സ്വരത്തില്‍ പറഞ്ഞു. 'നമുക്കത് സാധിച്ചുകൊടുക്കാം'. തിങ്കളാഴ്ച രാവിലെ പെറ്റ് സ്‌കാന്‍ ചെയ്തു. രണ്ട് മണിയോടെ റിപ്പോര്‍ട്ടും സി.ഡി.യും തയ്യാര്‍. മറ്റ് സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കൃത്യസമയത്ത് തന്നെ ആവശ്യപ്പെട്ട എല്ലാ രേഖകളും ബോര്‍ഡിന് മുന്നിലെത്തിച്ചു.
മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ സമയക്കുറവ് മൂലം ബോര്‍ഡ് കൂടാനായില്ല. അടുത്ത ദിവസം കോടതിയില്‍ ഉന്നയിച്ച ഒഴിവുകഴിവ് അതായിരുന്നു. അതു കേട്ട കോടതി ഒരു അന്തിമദിനം നിശ്ചയിച്ചു. സരസമായ കുറച്ചു പരാമര്‍ശങ്ങളുമുണ്ടായിരുന്നത്രെ.
സമയപരിധി നിശ്ചയിച്ചുകൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുള്ള കളി ഒരുവട്ടം കൂടെ അവര്‍ കളിച്ചു. പക്ഷേ, അപ്പോഴേക്കും ജിഷ പക്വതയുള്ള ഒരു കളിക്കാരിയായി മാറിയിരുന്നു.
'സാറേ ഇന്ന് കോടതിയില്‍ കേസുണ്ടായിരുന്നു. ഞാന്‍ ആരോഗ്യപരമായി അയോഗ്യയല്ല എന്ന സര്‍ട്ടിഫിക്കറ്റാണ് അധികാരികള്‍ കൊടുത്തത്'. ജിഷയുടെ വാക്കുകള്‍ ഫോണിന്റെ ഉച്ചഭാഷിണിയില്‍ സഹപ്രവര്‍ത്തകരെ കേള്‍പ്പിച്ചു. ഒരു യുദ്ധം ജയിച്ചതിന്റെ സന്തോഷം. അനീതിക്കെതിരേ പോരാടിയതിന്റെ ആവേശം. ഒരു നല്ല കാര്യം ചെയ്യാന്‍ സാധിച്ചതില്‍ ദൈവത്തിന് സ്തുതി. പ്രതികരണങ്ങള്‍ വിവിധങ്ങളായിരുന്നു.
കഴിഞ്ഞ ദിവസം കുറച്ചു മധുരപലഹാരങ്ങളുമായി ജിഷ ആശുപത്രിയില്‍ വന്നു. കയ്യില്‍ നിയമന ഉത്തരവുമുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി. കൈകൂപ്പി അവള്‍ നിന്നു. രണ്ട് തുള്ളി കണ്ണീര്‍ മേശപ്പുറത്തിരുന്ന കടലാസില്‍ വീണു. അതിന് താഴെ വലിയ അക്ഷരത്തില്‍ ഉണ്ണി ഡോക്ടറെഴുതി. 'ഇത് ആനന്ദക്കണ്ണീര്‍'.
എല്ലാവരും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. നിമിഷനേരം കൊണ്ട് എന്റെ മനസ്സിലൂടെ മൂന്ന് മുഖങ്ങള്‍ കടന്നുപോയി. എല്ലാവരും കാന്‍സറിനെ ചെറുത്ത് തോല്പിച്ചവര്‍. എല്‍.കെ.ജി. ക്ലാസില്‍ അഡ്മിഷന്‍ നിരസിക്കപ്പെട്ട അലക്‌സ്, പ്രൊബേഷന്‍ സമയത്ത് ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ റാണി, ഇവരുടെ ഉത്തരവുകള്‍ തിരുത്തിക്കാന്‍ സാധിച്ചു. അവര്‍ ചിരിച്ചു. അവശേഷിക്കുന്ന മൂന്നാമത്തെ മുഖം ഒരു പ്രമോഷന്‍ നിരസിക്കപ്പെട്ടതുമായി ബന്ധപ്പെട്ടതായിരുന്നു. പ്രമുഖയായ ഒരു എഴുത്തുകാരി, കോളേജ് അധ്യാപിക, പ്രൊഫസറായി നിയമിക്കാനുള്ള ഇന്റര്‍വ്യൂ. പണ്ട് കാന്‍സര്‍രോഗിയായിരുന്നു എന്ന ഒരൊറ്റ കാരണത്താല്‍ അവസാന നിമിഷം തഴയപ്പെട്ടു. അവരുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ സാധിച്ചില്ല. മനസ്സില്‍ ഇന്നും ഒരു തീരാദുഃഖമായി അവരെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം അവശേഷിക്കുന്നു.
Content Highlights: World Cancer Day Story By Dr VP Gangadharan
Published: 25 Apr 2025, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented