
'പത്തറുപത്തഞ്ചു വയസ്സായി, എനിക്കിനി ചികിത്സയൊന്നും വേണ്ട. സാറെന്നെ വെറുതേ വിട്ടേച്ചാ മതി. ഞാന്‍ ശിഷ്ടകാലം സുഖമായി ജീവിച്ച് വീട്ടിക്കെടന്ന് മരിച്ചോളാം. സാറൊരു സഹായം മാത്രം ചെയ്തു തന്നാല്‍ മതി, എന്റെ പേര് വെട്ടിയേര്.' പത്തനംതിട്ടക്കാരി രാജമ്മയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. ഒ.പി.യില്‍ എന്റെ ചുറ്റും നിന്നിരുന്ന നഴ്‌സുകുഞ്ഞുങ്ങള്‍ അവരുടെ അടുത്തേക്ക് നടന്നു. അവരെ തട്ടിമാറ്റിക്കൊണ്ട് രാജമ്മ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ രാജമ്മയുടെ കൈപിടിച്ച് അകത്തേക്കു കയറിവന്നു. പറ്റില്ല സാറേ... ഇവള് ചികിത്സയൊന്നും വേണ്ടെന്നൊക്കെ പറയും. ഞങ്ങള്‍ക്കിവളെ വേണം. ഞങ്ങളുടെ കൊക്കിനു ജീവനുണ്ടെങ്കില്‍ ഇവളെ ഒരസുഖത്തിനും വിട്ടുകൊടുക്കില്ല...
ആരാ ഈ ഞങ്ങള്‍? എന്റെ ചോദ്യത്തിന് അവരുടെ മറുപടി പെട്ടെന്നായിരുന്നു - ഞാനും എന്റെ രണ്ടു പെണ്‍മക്കളുമാണ് സാറേ.
അവരെവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പ് ഒരു പാവാടക്കാരി മുറിയിലേക്ക് കടന്നു വന്നു. സംഭാഷണം കേട്ടിട്ടാകണം, അവള്‍ രാജമ്മയെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു- എനിക്കെന്റെ അമ്മയെ വേണം. എപ്പോഴും കൂടെ വേണം. അമ്മയില്ലാതെ എനിക്ക് കിടക്കാന്‍ പേടിയാ, രാത്രി ഒറ്റയ്ക്ക്.
Also Read
അവള്‍ രാജമ്മയുടെ മടിയിലേക്ക് ചാഞ്ഞു.
ചേച്ചിയെവിടെ? മടിയില്‍ കിടന്ന അവളുടെ തല ഉയര്‍ത്തിക്കൊണ്ട് രാജമ്മ ചോദിച്ചു.
ഞാനിവിടെത്തന്നെയുണ്ടേ... ചിരിച്ചുകൊണ്ട്, തട്ടമിട്ട ഒരു പതിനെട്ടു വയസ്സുകാരി മുറിയിലേക്ക് കടന്നു വന്നു. എന്താ അമ്മയുടെ പ്രശ്‌നം? ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതി.
ഒരു ആധികാരികതയാണ് അവളുടെ വാക്കുകളില്‍ നിഴലിച്ചത്. പെട്ടെന്ന് അവളുടെ മുഖഭാവം മാറി. കണ്ണുകള്‍ നിറഞ്ഞു. ഈ അമ്മ ഞങ്ങളുടെ പൊന്ന് അമ്മയാ സാറേ... അമ്മയെ ഞങ്ങള്‍ക്ക് വേണം. എന്തു ചെലവുവന്നാലും ഞങ്ങള്‍ സഹിക്കും. ഡോക്ടര്‍ എനിക്ക് വാക്ക് തരുമോ... അമ്മയെ ഞങ്ങള്‍ക്ക് തിരികെ തരുമെന്ന്. അവള്‍ എന്റെ നേരേ കൈനീട്ടി.
കഥയറിയാതെ ആട്ടം കാണുന്ന എന്റെ മനസ്സ് വായിച്ചറിഞ്ഞതു പോലെ അവര്‍ പറഞ്ഞു- ഞാന്‍ സുബൈദ. ഇത് എന്റെ രണ്ടു മക്കള്‍, ഷംലയും റംലയും. ഈ രണ്ടു മക്കളെയും ഞാന്‍ പ്രസവിച്ചു എന്നതു ശരിയാണ്. പക്ഷേ, പ്രസവിച്ചതു കൊണ്ടു മാത്രം അമ്മയാവില്ലല്ലോ അല്ലേ സാറേ! സാഹചര്യങ്ങള്‍ കൊണ്ടാണ്- ഒരമ്മയുടെ സ്‌നേഹം കൊടുത്തു വളര്‍ത്തിയത് - എന്റെ മക്കളെ വളര്‍ത്തിയത് ഞങ്ങളുടെ അയല്‍പക്കക്കാരിയായ ഈ രാജമ്മയാണ്. ഞാന്‍ മക്കള്‍ക്കു വേണ്ടി ഗൾഫില്‍ ജോലി ചെയ്തു എന്നതു ശരിയാണ്. പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്ക് കൊടുത്തു വളര്‍ത്തേണ്ട സ്‌നേഹം... അത് നല്‍കാന്‍ എനിക്കായില്ല. അത് ആവശ്യത്തിലധികം നല്‍കിയ രാജമ്മ അവര്‍ക്ക് അമ്മയായി. എനിക്കതില്‍ ഒരു സങ്കടവുമില്ല സാറേ! കുട്ടിക്കാലം മുതല്‍ ഞാനും രാജമ്മയും സുഹൃത്തുക്കളാണ്. സമപ്രായക്കാര്‍. ഒരുമിച്ച് കളിച്ചുവളര്‍ന്നവര്‍. ഒരേ പാത്രത്തില്‍ ഉണ്ടും ഒരേ കിടക്കയില്‍ ഉറങ്ങിയുമൊക്കെ ഒന്നായി വളര്‍ന്നവര്‍. എന്റെ മക്കളെ അന്യരായി കാണാന്‍ അവളുടെ നല്ല മനസ്സിനായില്ല. എന്റെ മക്കളും അതുപോലെ തന്നെ. സാറ് കണ്ടില്ലേ... രാജമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞതും അവര്‍ ഓടിയെത്തി. കഥ കേട്ടിട്ട് സാറിന് ബോറടിക്കുന്നുണ്ട് അല്ലേ?
എന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തിരുന്നത് എന്നറിയാതെ സുബൈദ വാക്കുകള്‍ നിര്‍ത്തി.
അമ്മയും അച്ഛനും കൂടെയില്ലാതിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു എന്ന് ഉറക്കെ വിളിച്ചു പറയണം എന്ന് എനിക്കു തോന്നി. ഇരിങ്ങാലക്കുടയിലെ ജീവിതം മനസ്സില്‍ തെളിഞ്ഞു വന്നു. വെട്ടിയാട്ടില്‍ എന്ന ഒരു വീട് അയല്‍വക്കത്തില്ലായിരുന്നെങ്കില്‍, അവിടെ എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും അമ്മമാരും അമ്മൂമ്മമാരും സഹോദരങ്ങളുമില്ലായിരുന്നെങ്കില്‍..., ഇന്നും എനിക്ക് അത് ഓര്‍ക്കാന്‍ പോലും ശക്തിയില്ല. വിശാലച്ചേച്ചി, വാവച്ചേച്ചി, രാധന്‍ ചേട്ടന്‍, രഘുച്ചേട്ടന്‍, വിമലച്ചേച്ചി... അങ്ങനെ എത്രയെത്ര ചേട്ടന്മാരും ചേച്ചിമാരും. കളിക്കൂട്ടുകാര്‍ ഒട്ടനേകം പേരും.
എന്താ ഗംഗേ, അമ്മയുടെ വിശേഷം? നിന്റെ അമ്മ സരസ്വതിയും ഞാനും കളിക്കൂട്ടുകാരാ. ഗംഗയും പത്മജയും എന്റെ മക്കള്‍ തന്നയല്ലേ... ഇത് അയല്‍വക്കത്തെ വാരിയത്തെ ലക്ഷ്മിക്കുട്ടി വാരസ്യാരുടെ വാക്കുകള്‍. ഇവരെല്ലാവരും തന്നെയാണ് അന്ന് ഗംഗയുടെ മനസ്സിന് ശാന്തത നല്‍കിയിരുന്നത്, കുളിര്‍മ നല്‍കിയിരുന്നത്. അമ്മ കൂടെയില്ല എന്ന ദുഃഖം ഒരു പരിധിവരെയെങ്കിലും എന്റെ മനസ്സിലെ ഉലയ്ക്കാതിരുന്നത് ഇരിങ്ങാലക്കുടയിലെ പേഷ്‌കാര്‍ റോഡും അവിടത്തെ അയല്‍പക്കങ്ങളുമാണെന്ന് മനസ്സ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
പിന്നീട് ജീവിതം വൈക്കത്തേക്ക് പറിച്ചുനട്ടപ്പോള്‍ എനിക്കു നഷ്ടപ്പെട്ടത് ഇരിങ്ങാലക്കുടയും നല്ല അയല്‍പക്കങ്ങളുമാണ്. അമ്മ കൂടെയില്ലാത്ത ദുഃഖം അറിയാത്ത ദിവസങ്ങളില്ല. എത്രയെത്ര രാത്രികളില്‍ ഞാനും ചേച്ചിയും കെട്ടിപ്പിടിച്ച് കരഞ്ഞ് ഉറങ്ങിയിരിക്കുന്നു! രാത്രികള്‍, കൂട്ടുകാരില്ല, കളികളില്ല... ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങള്‍. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ഇരിങ്ങാലക്കുടയില്‍ എത്തി. അന്ന് അങ്ങനെയതു സംഭവിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു മാനസികരോഗിയാകുമായിരുന്നോ എന്ന് പിന്നീട് പലവട്ടം ചിന്തിച്ചിട്ടുണ്ട്.
തിരുപ്പൂരുകാരെ നീ മറന്നോ... അത് അമ്മയുടെ ശബ്ദമാണ്. എന്റെ മനസ്സ് അതിനകം തിരുപ്പൂര് എത്തിക്കഴിഞ്ഞിരുന്നു. കൊച്ചു ഗംഗയ്ക്ക് കടലമിഠായിയും സേമിയ ഐസും വാങ്ങിത്തരാറുള്ള അയല്‍വീട്ടിലെ ചെട്ടിയാരമ്മ, അയല്‍വക്കക്കാരായ രാമനാഥയ്യര്‍, മക്കള്‍ നന്ദു, സീത, ജയന്തി... ഇവരെയൊക്കെ എങ്ങനെ മറക്കും! അവരെയൊന്നും ഞാന്‍ മറന്നതല്ല അമ്മേ! അന്നൊക്കെ അമ്മ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട്.. ബാക്കി വാക്കുകള്‍ അമ്മയുടെ ചിരിയില്‍ മുങ്ങിപ്പോയി.
രാത്രി ഒരുപിടി ചോറ് എനിക്കു വേണ്ടി മാറ്റിവെക്കാന്‍ വത്സയോട് പറഞ്ഞേക്കണേ... അഡയാറില്‍ പഠിക്കുന്ന കാലം മനസ്സില്‍ തെളിഞ്ഞുവന്നു. അല്‍വക്കക്കാരനായ കൃഷ്ണകുമാറിന്റെ വീട്ടിനു മുന്നിലൂടെ എന്റെ പഴയ സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് പായുമ്പോള്‍ രാത്രിയിലെ ഊണ് തരപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു വാചകമാണിത്. കൃഷ്ണകുമാറും വത്സയുമായിരുന്നു മിക്ക ദിവസങ്ങളിലും അന്നദാതാക്കള്‍. ഡല്‍ഹിയില്‍ സാവിയും സതീഷും അമ്മുവുമടങ്ങുന്ന അയല്‍വക്കം. ഒരുമിച്ചിരുന്നുള്ള ഊണും സൊറ പറച്ചിലും. സതീഷിന്റെ അമ്മ ഞങ്ങളുടെയെല്ലാം അമ്മയായി മാറിയ കുറേ നല്ല നാളുകള്‍.
അപ്പോള്‍, അച്ഛന്‍ തിരുവനന്തപുരത്തെ അയല്‍ക്കാരെ മറന്നോ? അച്ഛന്‍ മറന്നാലും ഞങ്ങള്‍ക്ക് അവരെ മറക്കാന്‍ സാധിക്കില്ല. അത് ഗോകുലിന്റെയും അപ്പുവിന്റെയും ശബ്ദമായിരുന്നു. എനിക്ക് എങ്ങനെ അവരെ മറക്കാന്‍ സാധിക്കും! കുട്ടപ്പന്‍ അങ്കിളും ആന്റിയും, ജേക്കബ് അങ്കിളും ആന്റിയും... ഇന്നും എന്റെ മക്കള്‍ക്കും രമയ്ക്കും അവരെക്കുറിച്ചു പറയുമ്പോള്‍ നൂറുനാവാണ്.
അതെ, നല്ല അയല്‍പക്കം- അതായിരുന്നു പഴയ കാലം. പരസ്പരം അറിഞ്ഞും സഹായിച്ചുമുള്ള ജീവിതം. ഇന്നോ! പരസ്പരം അറിയാത്ത, അറിയാന്‍ മെനക്കെടാത്ത, അറിയാന്‍ ആഗ്രഹിക്കാത്ത, അടുക്കാത്ത അയല്‍വക്കങ്ങള്‍. വഴക്കും വക്കാണവുമായി ജീവിതം ദുസ്സഹമാക്കുന്ന അയല്‍പക്കങ്ങള്‍. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന മട്ടില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളും കൂടിയാകുമ്പോള്‍ അയല്‍ക്കാര്‍ ശത്രുക്കളാകുന്നു. ചേരിതിരിഞ്ഞ് മത്സരിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്നു.
നിന്റെ ഇപ്പോഴത്തെ അയല്‍ക്കാര്‍ ആരൊക്കെയാണ് അത് എന്നോടുള്ള ചോദ്യമായി മനസ്സിലുണ്ട്. ഉത്തരം നല്‍കാന്‍ എളുപ്പമല്ലാത്ത ചോദ്യമാണത്. കുറേ മുഖങ്ങള്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്നു തോന്നി.
Content Highlights: dr vp gangadharan column on cancer survivors
Published: 27 Dec 2023, 12:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented