
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ദാരുണമായ സംഭവത്തിൽ, മാതാപിതാക്കൾ വിലകൂടിയ ഐഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് ഒരു കൗമാരക്കാരൻ കടുത്ത നിരാശയിലാകുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കുന്നിൻമുകളിലേക്ക് പോകുകയും ചെയ്തു. മകനെ പിന്തിരിപ്പിക്കാൻ മാതാപിതാക്കളും നാട്ടുകാരും പോലീസും മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് മകൻ താഴേക്ക് ചാടുകയും അവനെ രക്ഷിക്കാൻ ശ്രമിച്ച പിതാവും താഴേക്ക് വീഴുകയും ചെയ്തു; പിന്നീട് മാതാവും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നാമോരുത്തരും പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കൾ വലിയ ആശങ്കയോടെയാണ് ഈ വാർത്ത കേട്ടത്. ഇന്നത്തെ കാലത്തു സ്മാർട്ട് ഫോണും ഇന്റർനെറ്റും മനുഷ്യ ജീവിതത്തിൽ വ്യക്തിയുടെ പ്രധാന ഭാഗം തന്നെ ആയി മാറിയിരിക്കുന്നു. ഈ സമയത്ത് ഇന്റർനെറ്റും മൊബൈൽ ഫോണുമൊക്കെ ആരോഗ്യപരമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ഏറി വന്നിരിക്കുകയുമാണ്.
ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ ഉപയോഗത്തെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ, കോവിഡിന് മുൻപും ശേഷവും എന്ന നിലക്ക് തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വ്യക്തി ജീവിതത്തിൽ ജോലി, ആശയവിനിമയം, വിനോദം, വിവരശേഖരണം, സാമ്പത്തിക ഇടപാടുകൾ തുടങ്ങി ജീവിതത്തിന്റെ മിക്ക മേഖലകളിലും ഇന്റർനെറ്റ് വലിയ സൗകര്യങ്ങൾ നൽകുന്നു, അതിനെ സ്മാർട്ട് ഫോണുകൾ വളരെ എളുപ്പമാക്കുന്നു. എന്നാൽ ഇത്രയും ഉപകാരപ്രദമായ സാങ്കേതികവിദ്യ തന്നെ ഉപയോഗം നിയന്ത്രണം വിടുമ്പോൾ വ്യക്തിയുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും കുടുംബബന്ധങ്ങളെയും പഠനത്തെയും ജോലിയെയും തന്നെ ബാധിക്കുന്ന പ്രശ്നമായി മാറാം. എന്നാൽ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക എന്നതിനപ്പുറം ആരോഗ്യകരമായ ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ ഉപയോഗ ശീലങ്ങളെ നിത്യ ജീവിതത്തിൽ പ്രവർത്തികമാക്കുകയാണ് പ്രധാനം.
എപ്പോഴാണ് ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ ഉപയോഗം പ്രശ്നമാകുന്നത്?
ഒരു വ്യക്തിക്ക് ഇന്റർനെറ്റ് , സ്മാർട്ട് ഫോൺ ഉപയോഗത്തിൻ്റെ അളവ് നിയന്ത്രിക്കാൻ കഴിയാതെ വരികയും അതിൻ്റെ ഫലമായി മാനസിക വിഷമവും ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളിൽ തടസ്സവും ഉണ്ടാകുകയും ചെയ്യുമ്പോഴാണ് അതിനെ പ്രശ്നകരമായ ഇന്റർനെറ്റ് ഉപയോഗം, അല്ലെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗം എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തി കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നു എന്നത് മാത്രം പ്രശ്നകരമായ ഉപയോഗത്തിൻ്റെ തെളിവല്ല. പഠനത്തിനോ ജോലിക്കോ ആവശ്യമായ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നതും വിനോദത്തിനായി ഉപയോഗിക്കുന്നതും വ്യത്യസ്തമാണ്. പ്രധാനപ്പെട്ടത് ഉപയോഗത്തെ നിയന്ത്രിക്കാനുള്ള കഴിവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ്. താഴെ പറയുന്ന കാര്യങ്ങൾ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വന്തം ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്.
•മുമ്പത്തേക്കാൾ കൂടുതൽ സമയം ഇന്റർനെറ്റിൽ/ഫോണിൽ ചെലവഴിക്കേണ്ടി വരിക.
•ഉപയോഗം കുറയ്ക്കാനോ നിർത്താനോ പലതവണ ശ്രമിച്ചിട്ടും കഴിയാതിരിക്കുക.
•ഇന്റർനെറ്റുപയോഗം കുറയ്ക്കുമ്പോൾ അസ്വസ്ഥതയോ പ്രകോപനമോ അനുഭവപ്പെടുക.
•തീരുമാനിച്ചതിലും കൂടുതൽ സമയം ഓൺലൈനിൽ തുടരുക.
•ഓൺലൈനിൽ ആയിരിക്കുന്നതിനെക്കുറിച്ച് നിരന്തരം ചിന്തിക്കുക.
ഇത്തരം ലക്ഷണങ്ങളോടൊപ്പം പഠനം, ജോലി, ഉറക്കം, കുടുംബബന്ധങ്ങൾ, സാമൂഹികബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയെ കാര്യമായി ബാധിക്കുകയാണെങ്കിൽ പ്രശ്നത്തെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി പ്രശ്നകരമായ ഇന്റർനെറ്റ് ഉപയോഗവുമായി ഉത്കണ്ഠ (anxiety), വിഷാദം (depression), മാനസിക വിഷമം (Psychological Distress), ഏകാന്തത, ജീവിതസംതൃപ്തിയിലെ കുറവ്, മാനസിക ക്ഷേമത്തിലെ കുറവ് തുടങ്ങിയ നിരവധി മാനസിക ഘടകങ്ങളുടെ ബന്ധം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ “കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നു” എന്നതിനെ ഒരു ചെറിയ ശീലമായി മാത്രം കാണാതെ, അതിന്റെ പിന്നിൽ സമ്മർദ്ദം, ഏകാന്തത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ്, ജീവിതത്തിലെ അസംതൃപ്തി തുടങ്ങിയ ഘടകങ്ങളുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.
എന്തുകൊണ്ടാണ് നിയന്ത്രണം നഷ്ടപ്പെടുന്നത്?
പ്രശ്നകരമായ ഇന്റർനെറ്റ് ഉപയോഗം ഒരൊറ്റ കാരണത്താൽ ഉണ്ടാകുന്നതല്ല. വ്യക്തിത്വ സവിശേഷതകൾ, ജീവശാസ്ത്രപരമായ ഘടകങ്ങൾ, മാനസിക ഘടകങ്ങൾ, കുടുംബ-സാമൂഹിക സാഹചര്യങ്ങൾ, ഇന്റർനെറ്റിന്റെ എളുപ്പത്തിലുള്ള ലഭ്യത, ആവർത്തിച്ചുള്ള ഉപയോഗം തുടങ്ങിയ പല ഘടകങ്ങളും ഇതിൽ പങ്കുവഹിക്കാം. ചിലർക്ക് യഥാർത്ഥ ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാനുള്ള മാർഗമായി ഇന്റർനെറ്റ് മാറാം. പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഓൺലൈൻ ലോകത്തെ ആശ്രയിക്കുമ്പോൾ, വീണ്ടും സമ്മർദ്ദമുണ്ടാകുമ്പോൾ അതേ വഴിയിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുന്നു.“എനിക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും നിർത്താം” എന്ന ചിന്ത പ്രശ്നകരമായ ഉപയോഗമുള്ള വ്യക്തികളിൽ ചില തെറ്റായ ചിന്തകൾ രൂപപ്പെടാം. ഉദാഹരണത്തിന്, “ഓൺലൈനിലാണ് എനിക്ക് കൂടുതൽ സന്തോഷം.” “ഓൺലൈൻ ലോകത്താണ് എന്നെ ആളുകൾ അംഗീകരിക്കുന്നത്.” “കുറച്ച് സമയം കൂടി ഉപയോഗിച്ചാൽ ഒന്നും സംഭവിക്കില്ല.” “ഇത് ആരെയും ദോഷകരമായി ബാധിക്കുന്നില്ല.” ഇത്തരം ചിന്തകൾ ഇന്റർനെറ്റ് സ്മാർട്ട് ഫോൺ ഉപയോഗത്തെ കൂട്ടുന്നുണ്ട്. ഇത്തരം ചിന്തകളെ ചിന്തകളെ ചോദ്യം ചെയ്യാനും യാഥാർഥ്യബോധത്തോടെ വിലയിരുത്താനും മാറ്റിയെടുക്കാനും ചികിത്സയിൽ Cognitive Behaviour Therapy പോലുള്ള സമീപനങ്ങൾ ഉപയോഗിക്കുന്നു.
നിയന്ത്രിക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണ്?
സ്വന്തം ഉപയോഗരീതി മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഒരു ദിവസം എത്ര സമയം ഫോൺ/കമ്പ്യൂട്ടർ ഉപയോഗിക്കുന്നു? ഏത് സമയത്താണ് കൂടുതലായി ഉപയോഗിക്കുന്നത്? എന്തിനാണ് ഉപയോഗിക്കുന്നത്? ഉപയോഗിക്കുന്നതിന് മുമ്പ് എന്താണ് അനുഭവപ്പെടുന്നത്? ഉപയോഗിച്ചതിന് ശേഷം എന്താണ് അനുഭവപ്പെടുന്നത്? പഠനം, ജോലി, ഉറക്കം, കുടുംബം എന്നിവയെ അത് ബാധിക്കുന്നുണ്ടോ? ഇവ രേഖപ്പെടുത്തുന്നത് ഉപയോഗത്തിന്റെ യഥാർത്ഥ മാതൃക മനസ്സിലാക്കാൻ സഹായിക്കും. ചികിത്സയിൽ ദൈനംദിന ഇന്റർനെറ്റ് ഉപയോഗ രേഖ (Daily Internet Log) പോലുള്ള രേഖപ്പെടുത്തൽ രീതികളും ഉപയോഗിക്കുന്നത് മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായകരമാണ്. അങ്ങനെ ചെറിയ മാറ്റങ്ങൾ പോലും വലിയ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ചില പ്രായോഗിക മാർഗങ്ങൾ
1. സമയപരിധി നിശ്ചയിക്കുക
പ്രത്യേകിച്ച് സോഷ്യൽ മീഡിയ, ഗെയിമിംഗ്, വിനോദം എന്നിവയ്ക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുക.
2. ഇടവേളകൾ എടുക്കുക
ദീർഘനേരം തുടർച്ചയായി ഓൺലൈനിൽ ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
3. അറിയിപ്പുകൾ നിയന്ത്രിക്കുക
ആവശ്യമില്ലാത്ത മൊബൈൽ ആപ്പുകളിൽ നിന്നുള്ള തൽക്ഷണ അറിയിപ്പുകൾ (Push notifications) ഓഫ് ചെയ്യുന്നത് വീണ്ടും വീണ്ടും ഫോൺ പരിശോധിക്കുന്ന ശീലം കുറയ്ക്കാൻ സഹായിക്കും.
4. ഉറങ്ങുമ്പോൾ ഫോൺ ഒഴിവാക്കുക
ഫോൺ കിടക്കയ്ക്കരികിൽ വെക്കുന്നതിന് പകരം അകലെയുള്ള സ്ഥലത്ത് വയ്ക്കുക. ആവശ്യമെങ്കിൽ അലാറം ക്ലോക്ക് ഉപയോഗിക്കാം.
5. യഥാർത്ഥ ജീവിതത്തിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുക
വ്യായാമം, വായന, കുടുംബത്തോടൊപ്പമുള്ള സമയം, സുഹൃത്തുക്കളുമായുള്ള നേരിട്ടുള്ള ഇടപെടൽ, ഹോബികൾ എന്നിവയ്ക്ക് കൂടുതൽ സമയം നൽകുക.
6. ബദൽ പ്രവർത്തനങ്ങൾ കണ്ടെത്തുക
ഫോൺ ഉപയോഗിക്കണമെന്ന ശക്തമായ തോന്നൽ ഉണ്ടാകുമ്പോൾ നടക്കുക, സംഗീതം കേൾക്കുക, ധ്യാനം ചെയ്യുക, മറ്റൊരാളുമായി സംസാരിക്കുക തുടങ്ങിയ ആരോഗ്യകരമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ മാറ്റാം. അവതരണത്തിൽ ധ്യാനവും സാമൂഹിക ബന്ധങ്ങളും ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ നിർദേശിക്കുന്നു.
4. ഗാഡ്ജറ്റുകൾ വയ്ക്കാൻ ഒരു പൊതു ഇടം
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്ജറ്റുകൾ ഉപയോഗിക്കാത്ത സമയത്ത് പ്രത്യേകം ഒരു സ്ഥലത്ത് സൂക്ഷിക്കുക. ആവശ്യസമയത് ഉപയോഗിച്ചതിന് ശേഷം യഥാസ്ഥാനത്തു തിരികെ വയ്ക്കാനും ശ്രമിക്കുക. ഇതിലൂടെ ഉപയോഗിക്കാനുള്ള പ്രലോഭനം കുറയ്ക്കാനും ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിക്കാനും സഹായിക്കും.
“ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ഇടവേള (Digital Detox) എന്നാൽ എന്താണ്?
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഇടയ്ക്കിടെ ബോധപൂർവം ഇടവേള എടുക്കുന്നതാണ് സാധാരണയായി “Digital Detox” എന്ന് പറയുന്നത്. ഇത് എല്ലാവരും പൂർണ്ണമായി ഫോൺ ഉപേക്ഷിക്കണം എന്നർത്ഥമല്ല. ആവശ്യപ്പെടാത്ത അറിയിപ്പുകൾ ഓഫ് ചെയ്യുക, ഉറങ്ങുമ്പോൾ ഫോൺ ഒഴിവാക്കുക, വ്യായാമത്തിനിടയിൽ airplane mode ഉപയോഗിക്കുക, ക്രമേണ ഒരു ദിവസം ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഇടവേള എടുക്കാൻ ശ്രമിക്കുക തുടങ്ങിയ മാർഗങ്ങൾ ഇതിൽ പ്രധാനമാണ്.
കുട്ടികളെയും കൗമാരക്കാരെയും എങ്ങനെ സഹായിക്കാം?
കുട്ടിയോട് “ഫോൺ ഉപയോഗിക്കരുത്” എന്ന് മാത്രം പറയുന്നത് എല്ലായ്പ്പോഴും ഫലപ്രദമാകണമെന്നില്ല. എന്തുകൊണ്ടാണ് കുട്ടി കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നത് എന്ന് മനസ്സിലാക്കണം. പഠന സമ്മർദ്ദമാണോ? സുഹൃത്തുക്കളുമായുള്ള പ്രശ്നമാണോ? ഏകാന്തതയാണോ? ഗെയിമിംഗിനോടുള്ള അമിത ആകർഷണമാണോ? അംഗീകാരം ലഭിക്കണമെന്ന ആഗ്രഹമാണോ? വ്യക്തിത്വത്തിലുണ്ടാവുന്ന തകരാറുകൾ ആണോ എന്നെല്ലാം തിരിച്ചറിഞ്ഞതിന് അനുസരിച്ചു വേണം പരിഹാര മാർഗങ്ങൾ കണ്ടുപിടിക്കാൻ.
കുറ്റപ്പെടുത്തുന്നതിനേക്കാൾ തുറന്ന സംഭാഷണമാണ് കൂടുതൽ പ്രയോജനകരം. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ഒരുമിച്ച് സന്തോഷത്തോടെ ചെലവഴിക്കുന്ന സമയം (Quality time) വർധിപ്പിക്കുകയും പ്രശ്നകരമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് ശരിയായ അറിവ് നൽകുകയും ചെയ്യുന്നത് കുടുംബാധിഷ്ഠിത ഇടപെടലുകളുടെ പ്രധാന ഭാഗങ്ങളാണ്.
മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കില്ല
മൊബൈൽ ഫോൺ അഡിക്ഷൻ നിയന്ത്രിക്കുന്നത് ഒരു ശീലം മാറ്റുന്ന പ്രക്രിയയാണ്. ആദ്യം “എനിക്ക് പ്രശ്നമൊന്നുമില്ല” എന്ന നിലപാടായിരിക്കാം. പിന്നീട് പ്രശ്നം തിരിച്ചറിയാം. അതിനുശേഷം മാറ്റത്തിനായി തയ്യാറെടുക്കുകയും പ്രവർത്തിക്കുകയും പുതിയ ശീലം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യാം.
ചിലപ്പോൾ പഴയ രീതിയിലേക്ക് വീണ്ടും മടങ്ങാനും സാധ്യതയുണ്ട്. ഇതിനെ പുനരാവർത്തനം (Relapse) എന്ന് വിളിക്കുന്നു. അതിനാൽ ഒരു ദിവസം വീണ്ടും കൂടുതൽ സമയം ഫോൺ ഉപയോഗിച്ചുവെന്ന കാരണത്താൽ ശ്രമം പൂർണ്ണമായി ഉപേക്ഷിക്കേണ്ടതില്ല. പകരം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി വീണ്ടും നിയന്ത്രണത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്.
എപ്പോൾ വിദഗ്ധ സഹായം തേടണം?
സ്വന്തമായി നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത അവസ്ഥ, പഠനത്തിലോ ജോലിയിലോ വലിയ ഇടിവ്, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഉറക്കത്തിലെ തകരാർ, ശക്തമായ മാനസിക വിഷമം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു മനഃശാസ്ത്രഞ്ജന്റെയോ മനോരോഗ വിദഗ്ദന്റെയോ സഹായം തേടുന്നത് ഉചിതമാണ്.
കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (Cognitive Behaviour Therapy (CBT)) പ്രശ്നകരമായ ഇന്റർനെറ്റ് ഉപയോഗത്തിൽ ഉപയോഗിക്കുന്ന പ്രധാന ചികിത്സാ സമീപനങ്ങളിലൊന്നാണ്. പെരുമാറ്റത്തിലെ മാറ്റം, ചിന്തകളെ തിരിച്ചറിയുകയും പുനഃക്രമീകരിക്കുകയും ചെയ്യുക, പ്രശ്നപരിഹാരവും സമ്മർദ്ദങ്ങളെ നേരിടാനുള്ള കഴിവുകൾ (coping skills)-ഉം വികസിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മാറ്റത്തിനുള്ള വ്യക്തിയുടെ തയ്യാറെടുപ്പും പ്രചോദനവും വർധിപ്പിക്കാൻ Motivational Enhancement Therapyയും Motivational Interviewing പോലുള്ള സമീപനങ്ങളുമാണ് ചികിത്സകർ സാധാരണ ഉപയോഗിക്കുക.
ഇന്റർനെറ്റ്/ സ്മാർട്ട് ഫോണുകൾ നമ്മുടെ ശത്രുവല്ല. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ അത് അറിവിന്റെയും ആശയവിനിമയത്തിന്റെയും വളർച്ചയുടെയും ശക്തമായ ഉപകരണമാണ്. പ്രശ്നം ഇന്റർനെറ്റ് ഉണ്ടെന്നതിലല്ല; അതിന്റെ ഉപയോഗത്തിന്മേലുള്ള നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിലാണ്. ഞാൻ എത്ര മണിക്കൂർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു?” എന്നത് മാത്രമല്ല ഇന്റർനെറ്റ് ഉപയോഗം എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ, അതോ ഞാൻ ഇന്റർനെറ്റ് ഉപയോഗത്തെ നിയന്ത്രിക്കുന്നുണ്ടോ?” എന്നതാണ്. സാങ്കേതികവിദ്യയെ ഉപേക്ഷിക്കേണ്ടതില്ല. സാങ്കേതികവിദ്യയോടൊപ്പം ആരോഗ്യകരമായി ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
നിയന്ത്രിതമായ ഡിജിറ്റൽ ജീവിതം — മെച്ചപ്പെട്ട മാനസികാരോഗ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.
കേരള സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.
Content Highlights: Uncontrolled smartphone and internet usage severely impacts mental health, relationships, and daily life., Recognizing the signs of problematic internet use is the first step toward regaining control.
Published: 24 Aug 2026, 02:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented