തെക്കേ വീട്ടിലെ ചന്ദ്രൻ പിള്ള ഇന്നലെ രാത്രി മരിച്ചു. രാവിലെ പതിവുപോലെ രാഘവൻ ചെന്ന് കുലുക്കി വിളിച്ചു. പക്ഷേ, കണ്ണു തുറന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർ പപ്പു പറഞ്ഞത്. അതേ വാർഡിലെ തട്ടിൽ വീട്ടിലെ സ്ഥിരതാമസക്കാരനായ പീസ് എന്ന അപരനാമക്കാരൻ സൈക്കിളിൽ പാഞ്ഞുനടന്ന് നാട്ടുകാരെ മുഴുവൻ വിവരം അറിയിച്ചു. ചായക്കടകളിലും രാവിലത്തെ ചർച്ച ചന്ദ്രൻ പിള്ളയുടെ മരണകാരണമായിരുന്നു.
‘ഹൃദയാഘാതം കാരണം അങ്ങനെയൊരാൾ ഉറക്കത്തിൽ മരിച്ചുപോവുകയൊന്നുമില്ല’ - ചൂടുള്ള ചായ മോന്തിക്കൊണ്ട് ധർമൻ തന്റെ വൈദ്യശാസ്ത്ര വിവരം (വിവരക്കേട്) വിളിച്ചുപറഞ്ഞു.
തന്നെ... തന്നെ... അങ്ങനെ എങ്ങനെ ചാവണത്...- രാമന്നായർ പക്ഷം ചേർന്നു.
ആരെങ്കിലും കൊന്നതായിരിക്കുമോ? വല്ല വിഷമരുന്ന് മറ്റോ കൊടുത്ത്?- പണമിടപാടുകളിലൂടെയും മറ്റും പിള്ളയ്ക്ക് ധാരാളം ശത്രുക്കളുള്ളതാ. അവരാരെങ്കിലും?... ചർച്ച നീണ്ടുപോയി.
Also Read
എട്ടു മണിയായപ്പോഴേക്കും പിള്ളയുടെ വീട്ടുമുറ്റത്ത് ഒരു പന്തലുയർന്നു കഴിഞ്ഞിരുന്നു. അങ്ങിങ്ങായി കസേരകളിൽ ഇരിപ്പുറപ്പിച്ച് കുറച്ചു പേർ. വീട്ടിനകത്ത് ഇടയ്ക്കിടയ്ക്ക് സ്ത്രീകളുടെ കൂട്ടക്കരച്ചിൽ.
രണ്ടു മൂന്നു മണിക്കൂറിനകം ആ വീട്ടുമുറ്റം ഒരു ചെറിയ ഉത്സവപ്പറമ്പായി മാറിയിരുന്നു. ആളുകളെക്കൊണ്ടു നിറഞ്ഞു. വീട്ടുവാതിൽക്കൽ കൂട്ടംകൂടി നിന്ന കുറച്ചു പേർ ദുഃഖം കടിച്ചമർത്തി നിശ്ശബ്ദരായി നിലകൊണ്ടു. അവരൊഴികെ ബാക്കിയെല്ലാവരും ചെറിയ ചെറിയ കൂട്ടങ്ങളായി അവരുടേതായ ചർച്ചകളിൽ മുഴുകി വലിയ തിരക്കിലായിരുന്നു. അതിൽനിന്നെല്ലാം മാറി ഒരു മൂല ചേർന്ന് പഴകിയ ഒരു കസേര വലിച്ചിട്ട് അയൽക്കാരനായ ഞാനും ഇരിപ്പുറപ്പിച്ചു. പക്ഷേ, എന്റെ ശ്രദ്ധ മുഴുവനും മറ്റുള്ളവരുടെ സംഭാഷണത്തിലും ചേഷ്ടകളിലുമായിരുന്നു.
അവരൊക്കെ ഇടയ്ക്കിടെ ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ആർത്തുവിളിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ ഇരിക്കുന്നത് ഒരു മരണവീട്ടിൽ തന്നെയാണോ എന്ന് എനിക്കു സംശയം തോന്നി. നീ ഒരു പഴഞ്ചൻ മനഃസ്ഥിതിക്കാരനാണെന്ന് പറഞ്ഞ് മനസ്സ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങൾ ലഭിച്ചാൽ മാത്രമേ പരസ്പരം കാണാനും ബന്ധം പുതുക്കാനും സാധിക്കുകയുള്ളൂ അല്ലേ! മുന്നിലിരുന്ന രണ്ടു മധ്യവയസ്കരുടെ സംഭാഷണം ഞാൻ ശ്രദ്ധിച്ചു. ‘ഇപ്പോൾ പഴയതു പോലെയൊന്നുമല്ല ജീവിതം. പണ്ടൊക്കെ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും എല്ലാവർക്കും ധാരാളം സമയമുണ്ടായിരുന്നു. ഇപ്പോൾ ആർക്കാ അതിനൊക്കെ സമയം?. തിരക്കോടു തിരക്കല്ലേ എല്ലാവർക്കും! എത്ര നാളായി നിന്നെയൊന്നു കണ്ടിട്ട്! ഇന്നെങ്കിലും നിന്നെ കാണാൻ സാധിച്ചല്ലോ! ഇങ്ങനെയൊരു സന്ദർഭം കിട്ടിയില്ലായിരുന്നെങ്കിൽ...’ എഴുന്നേൽക്കാൻ തുടങ്ങിയ സുഹൃത്തിനെ മറ്റേയാൾ പിടിച്ച് കസേരയിലിരുത്തി വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അകത്ത് സ്ത്രീകളുടെ കരച്ചിൽ വീണ്ടും. അതിനിടയിൽ ഇവരുടെ ബാക്കി സംഭാഷണം കേൾക്കാൻ പറ്റിയില്ല.
‘ഈ കമ്മൽ നന്നായി ചേരുന്നുണ്ട് നിനക്ക്. ചേട്ടൻ ഇന്നലെ വിവാഹവാർഷികത്തിന് ഇതുപോലൊരെണ്ണം എനിക്കും കൊണ്ടത്തന്നു. എന്റെ ഈ പുത്തൻ സാരിയുമായി അത് മാച്ച് ചെയ്യാത്തതുകൊണ്ട് ഞാനത് ഊരി വീട്ടിൽ വെച്ചു...
നിന്റെ ഈ സാരി നിനക്ക് നന്നായി ചേരുന്നുണ്ട്’. കമ്മലുകാരിയും വിടാൻ ഭാവമില്ലായിരുന്നു. ‘എറണാകുളത്തെ പോത്തീസിൽ നിന്നാ വാങ്ങിയേ... ചേട്ടൻ അങ്ങനാ. ഇഷ്ടം കൂടുമ്പോൾ അഞ്ചാറ് സാരി ഒരുമിച്ച് വാങ്ങിക്കൊണ്ടുവരും’ - അവർ കുണുങ്ങിച്ചിരിച്ചു. അകത്തെ കരച്ചിൽ പൊടുന്നനെ ഉയർന്നപ്പോൾ ഇവരുടെ ചിരി മുങ്ങിത്താണു പോയി.
‘മോൻ അമേരിക്കയിലാ. ടെക്സസിൽ. മോള് യു.കെ.യിലാ. സെന്ട്രൽ ലണ്ടനിൽ. രണ്ടു പേർക്കും രണ്ടു പിള്ളേര് വീതം. അതായത് ഞങ്ങൾക്ക് നാലു കൊച്ചുമക്കൾ. അടുത്തിരുന്ന ഭാര്യയെക്കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ തുടർന്നു. എന്നും വീഡിയോ കോൾ വിളിക്കും. എന്നാ ഇംഗ്ലീഷാന്നോ പിള്ളേരുടെ! മദാമ്മമാര് തോറ്റുപോകും. മോൻ അവിടെ വീട് വാങ്ങിച്ചു. പിള്ളേരൊന്നും ഇനി തിരികെ വരത്തില്ല. ഇവിടെ വന്നിട്ട് എന്നാത്തിനാ?
കഴിഞ്ഞ ഡിസംബറിൽ ഞങ്ങൾ ടൂർ പോയിരുന്നു’. കേട്ടിരുന്നവരിൽ ഒരാൾ സംഭാഷണം ഏറ്റുപിടിച്ചു. ‘എന്റെ മോനും മോളും അങ്ങ് ആസ്ത്രേലിയേലാ... അവിടെയും അവർക്ക് ജീവിതം പരമസുഖം’. പിന്നെ ചർച്ച മുഴുവനും പുറംരാജ്യങ്ങളിലെ ജീവിതവും സുഖസൗകര്യങ്ങളും തങ്ങളുടെ മക്കളുടെ കഴിവുകളും അവരുടെ ഉയർന്ന ജീവിതനിലവാരവും... അങ്ങനെ നീണ്ടുനീണ്ടു പോയി. അകത്തെ മുറിയിൽ ഒരു പൊട്ടിക്കരച്ചിൽ. അത് പിള്ളയുടെ ഇളയ മോൾ വന്നതാണ്. ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.
ചുക്കുകാപ്പി വേണോ, കട്ടൻ വേണോ? പീസ് ഒരു തട്ടവുമായി ആളുകൾക്കിടയിലൂടെ നടന്നുനീങ്ങുന്നുണ്ടായിരുന്നു. നാരങ്ങാവെള്ളമൊന്നും ഇല്ലേടാ? ഗോപി നായർ പരിഭവിച്ചുകൊണ്ട് തുടർന്നു. അതൊക്കെ ഉറുമ്മീസ് മാമന്റെ തറവാട്ടുവീട്ടിലെ പരിപാടി കണ്ടുപഠിക്കണം. ചാണ്ടിപ്പിള്ള മരിച്ച ദിവസം ചായയ്ക്ക് ചായ, കാപ്പിക്ക് കാപ്പി, മോരുംവെള്ളം, ജ്യൂസുകൾ, കടികൾ പലതരം. ആർക്കുവേണം നിന്റെ കട്ടനും കിട്ടനും. ഇതൊന്നും നോക്കിനടത്താൻ നമ്മുടെ പിള്ളാച്ചന് ആരുമില്ലെന്നേ. പിള്ളാെരാക്കെ പിള്ളയ്ക്ക് ചുറ്റും ചടഞ്ഞുകൂടിയിരിക്കുകയല്ലേ. ആരൊക്കെ വന്നാലെന്താ പോയാലെന്താ അവർക്കൊരു ചേതവുമില്ല. കരുണൻ, ഗോപി നായരുടെ പക്ഷംചേർന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്കുതർക്കമായി. അകത്തെ മുറിയിൽനിന്ന് വീണ്ടും കരച്ചിൽ. തത്കാലം ആ വാക്പോരിന് വിരാമമായി.
‘പുത്തൻവീട്ടിലെ പരിപാടിയായിരുന്നു ഉഗ്രൻ... അവിടെ പിള്ളാരൊക്കെ അമേരിക്കയിലല്ലേ. അമ്മച്ചി മരിച്ചപ്പോൾ ആരും വന്നില്ലെങ്കിലുമെന്നാ... എന്നാ ഭംഗിയായിട്ടാ, അന്തസ്സായിട്ടാ അവർ മമ്മിയെ യാത്രയാക്കിയെ. ‘‘ഒരേ വേഷം കെട്ടിയ സുന്ദരന്മാരും സുന്ദരിമാരും - എന്നാ അന്തരെ പറയുന്നെ, ഇവന്റുമെന്റെന്നൊ, ഓയിന്റ്മെന്റെന്നോ - എന്നായാലെന്നാ ഇളയവൻ ജോർജുകുട്ടി ലക്ഷങ്ങൾ മുടക്കി കൊണ്ടുവന്നതല്ലയോ ഇവളുമാരെ. ക്യാമറയിലെടുത്തത് ശരിയായില്ലെന്നു പറഞ്ഞ് അച്ചനെക്കൊണ്ട് എത്ര വട്ടമാ അവളുമാര് കർമങ്ങൾ വീണ്ടും വീണ്ടും ചെയ്യിച്ചത് അല്ലേ. അമേരിക്കയിലാണെങ്കിലും മക്കൾ വാവിട്ടു കരയുന്നത് പുറത്തെ വലിയ വെളിച്ചക്കൂട്ടിൽ കാണാൻ എന്നാ ചന്തമായിരുന്നു. നമ്മുടെ ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ സിൽമ കാണുന്നതുപോലെ’ മറിയാമ്മച്ചേടത്തിയുടെ ഈ വാക്കുകൾ കേട്ട് ഈനാശുച്ചേട്ടൻ പൊട്ടിച്ചിരിച്ചു.
ഈവന്റ് മാനേജ്മെന്റ്, എൽ.ഇ.ഡി. വാൾ ഇതൊക്കെയാ അവള് ബബ്ബ ബബ്ബ പറഞ്ഞെ. ഇതുകേട്ട മറിയാമ്മച്ചേടത്തി നിഘണ്ടുവിൽ ഇല്ലാത്ത കുറേ വാക്കുകൾ വിളിച്ചുപറഞ്ഞു. പക്ഷേ, അകത്തെ കൂട്ടക്കരച്ചിലിനിടയിൽ അത് അധികമാരും കേട്ടില്ല.
ഇവിടെ നിപ്പയില്ലാത്തത് നന്നായി. നമ്മളൊക്കെ ഇവിടെയായതും നന്നായി. കോഴിക്കോട്ടായിരുന്നെങ്കിൽ നമുക്കിങ്ങനെ ഒത്തുചേരാൻ സാധിക്കുേമാ? നിപ്പ, കോവിഡ് പോലെയാകുമോ എന്തോ? അണ്ണന്റെ വാക്കുകൾ കേട്ട് കുറെപ്പേർ തിരിഞ്ഞുനോക്കി. എല്ലാവരുടെയും മുഖത്ത് ഒരു ഭീതി പ്രകടമായിരുന്നു. നിപ്പയോ, കോവിഡോ എനിക്കൊന്നിനേയും ഭയമില്ല. വയസ്സ് എൺപതായി, ഇനി എന്തിന് പേടിക്കണം. താനൊരു ഭീരുവല്ല എന്ന മട്ടിൽ രാജൻ മാഷ് തുടർന്നു. വയസ്സായവരാ ഇതിനെയൊക്കെ പേടിക്കേണ്ടത്. കണ്ണന്റെ ഈ വാക്കുകൾ അകത്തെ കരച്ചിലിനിടെ ആരും ശ്രദ്ധിക്കാതെ പോയി.
കോഹ്ലി എന്നാ തൂക്കാടാ തൂക്കണത്. ലൂസ് ബോളൊക്കെ ബൗണ്ടറി കടത്തി. പക്ഷേ, രാഹുലിന്റെ കളിയാടാ ഉഗ്രൻ. എന്നാ ടെക്നിക്കാ. എനിക്ക് ശ്രേയസ്സ് അയ്യരെയാ ഇഷ്ടം. പക്ഷേ, നമ്മുടെ സഞ്ജുവിന്റെ ദിവസമാണെങ്കിൽ അവന്റെ അടിക്ക് മുന്നിൽ ഇവരൊന്നും ഒന്നുമല്ല. ഇവരൊക്കെ എന്നതാ. ഗാവാസ്കറും കപിലും തെൻഡുൽക്കറും ദ്രാവിഡുമൊക്കെ കളിച്ചിരുന്ന കാലം. പ്രായഭേദമെന്യേ തർക്കം മൂത്ത് കയ്യാങ്കളിയിലെത്തുമോയെന്ന സ്ഥിതിയായി. വാതിൽക്കൽ നിന്നിരുന്നവർ വഴിമാറിക്കൊടുക്കുന്നത് കണ്ടപ്പോൾ തർക്കക്കാർ പതുക്കെ എഴുന്നേറ്റു. ഉറക്കെയുള്ള അകത്തെ കരച്ചിൽ തർക്കത്തിന് വിരാമമിട്ടു.
പിള്ളയുടെ മൃതദേഹം കുറെപ്പേർ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നുണ്ടായിരുന്നു. അതിനിടയിൽ കുറെപ്പേർ ഗേറ്റിനടുത്തേക്ക് ഓടുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെല്ലാം ശുഭ്രവസ്ത്രധാരികളായിരുന്നു. കാറിൽനിന്നിറങ്ങി ഒരു സമുന്നത രാഷ്ട്രീയ നേതാവ് ഇരുവശവും നോക്കി കൈകൾ കൂപ്പി കടന്നുവരുന്നത് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷഭാവം. ചുണ്ടുകളിൽ ഒരു ‘വിസ്താരമാ’ ചിരി. ഇടയ്ക്കിടയ്ക്ക് ആരെയൊക്കെയൊ നോക്കി അദ്ദേഹം വലതുകൈ വീശുന്നുണ്ടായിരുന്നു.
ചേട്ടാ, ഇത് മരണവീടാ - കല്യാണവീടല്ലാ. കൈയിലിരുന്ന തുണ്ടുകടലാസ് നോക്കി ശിങ്കിടി ചെവിയിൽ മന്ത്രിച്ചു. നേതാവിന്റെ മുഖഭാവം മാറി. കണ്ണുകളിൽ സങ്കടം, ചുണ്ടുകൾ വിതുമ്പി. ‘ഇത് മോനാ’. ശിങ്കിടിയുടെ വാക്കുകൾ കേൾക്കേണ്ട താമസം, നേതാവ് മകനെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു. അച്ഛന്റെ മരണം പാർട്ടിക്കും അതിലുപരി എനിക്കും ഒരു തീരാനഷ്ടം തന്നെയാണ്. നിങ്ങളുടെയൊക്കെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. കുതറിമാറാൻ ശ്രമിച്ച മകനെ ചൂണ്ടി ശിങ്കിടി പറഞ്ഞു. ചേട്ടാ, ഇതെന്റെ മോനാ. ഷോക്കടിച്ചപോലെ നേതാവ് ഞെട്ടി പുറകോട്ട് മാറി. ആ മുഖം വിളറി വെളുത്തിരുന്നു. പക്ഷേ, ആ അവസ്ഥ സെക്കൻഡുകൾ മാത്രം. നേതാവ് തന്റെ മാറ്റ് തെളിയിച്ചു. ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ അദ്ദേഹം ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നുനീങ്ങി തൊഴുകൈയോടെ. ഇവൻ താണ്ടാ ആമ്പിളൈ - നമ്മ ശിങ്കം. ശബ്ദം കേട്ട് കുറെപ്പേർ തിരിഞ്ഞുനോക്കി. അത് ചന്ദ്രൻപിള്ളയുടെ പശുക്കളെ പരിപാലിക്കുന്ന പളനിയപ്പന്റെ ശബ്ദമായിരുന്നു. പഴനിക്കാരൻ പളനിയപ്പൻ. ശിങ്കമല്ലടാ നിറംമാറുന്ന ഓന്ത് - ആരൊക്കെയോ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇതൊന്നും കാണാതെ, കേൾക്കാതെ ചന്ദ്രൻ പിള്ള തീജ്വാലകൾക്കിടയിൽ കത്തിയമർന്നു. മുഖംമൂടികളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി. റോഡിലേക്കിറങ്ങുന്ന നാട്ടുകാരുടെയിടയിലൂടെ ഞാനും പുറത്തേക്കിറങ്ങി. ഇനി എന്നാണാവോ ഇങ്ങനെയൊരു സന്ദർഭം കിട്ടുക ഒന്നു തമ്മിൽക്കാണാൻ. യാത്ര പറഞ്ഞ് പിരിയുമ്പോൾ മണിയൻചേട്ടൻ രാമനോട് പറഞ്ഞു: അതൊക്കെ കിട്ടും ചേട്ടാ. രാമൻ സമാധാനിപ്പിച്ചു. അറംപറ്റിയ വാക്കുകൾ, അന്ന് രാത്രി രാമൻ മരിച്ചു.
Content Highlights: drvp gangadharan column snehaganga
Published: 07 Oct 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented