ലോക ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം(July 27)

ജൂലൈ 27 ലോക ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനമായി ആചരിക്കുന്നു. തലയിലും കഴുത്തിലുമുണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്തിയാൽ ഭൂരിഭാഗം രോഗികളിലും ഫലപ്രദമായി ചികിത്സിക്കാൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
ഈ ദിനത്തിൽ ഓർമ്മ വരുന്നൊരാളെ പരിചയപ്പെടുത്താം. മുടിയും താടിയും നീട്ടി വളർത്തി, ഒരു വല്ലാത്ത അവസ്ഥയിലാണ് കിരൺ ആദ്യമായി എന്റെ ക്ലിനിക്കിൽ വന്നത്. ക്ഷീണവും ഉറക്കമില്ലായ്മയും മടുപ്പും അയാളുടെ മുഖത്ത് വ്യക്തമായിരുന്നു. അടുത്ത കാലത്തൊന്നും ഇത്രയും തളർന്ന അവസ്ഥയിൽ ഒരാൾ ഒറ്റയ്ക്ക് ക്ലിനിക്കിൽ വന്നിട്ടില്ല.
ഇരിക്കാൻ പറഞ്ഞപ്പോൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ ജീവിതം പറഞ്ഞു തുടങ്ങി.
“ഡോക്ടർ… ഞാൻ കിരൺ, ബാംഗ്ലൂരിലാണ് എംബിഎ പഠിക്കുന്നത്. നാട്ടിൽ നിന്ന് രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ജീവിതം ആഘോഷിക്കാൻ തീരുമാനിച്ചു. പാർട്ടികൾ… പബ്ബുകൾ… അതിനിടയിൽ ഒരു സിഗരറ്റും.”
അച്ഛൻ ഗൾഫിലായിരുന്നതിനാൽ പണത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം തുടങ്ങിയ പുകവലി പിന്നീട് ജീവിതത്തിന്റെ ഭാഗമായി. പഠനം കഴിഞ്ഞെങ്കിലും ശീലം അവസാനിച്ചില്ല. അതിനിടയിൽ ഒരു പ്രണയവും ജീവിതത്തിലേക്ക് വന്നു.
സന്തോഷം, ടെൻഷൻ, പൊസസീവ്നസ്, വേർപാട്… ഓരോ വികാരത്തിനും ഒടുവിൽ കൈയിൽ ഉണ്ടായിരുന്നത് ഒരു സിഗരറ്റായിരുന്നു. പിന്നാലെ ബ്രേക്കപ് ആയത് കിരണിനെ തകർത്തു. മദ്യവും പുകവലിയും മാത്രമായി ജീവിതം ചുരുങ്ങി. നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും പഴയ കിരണിനെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
വീട്ടുകാർ, സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവരും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഒരു വിധത്തിൽ മദ്യപാനം നിർത്താൻ കഴിഞ്ഞു. പക്ഷേ പുകവലി… അതൊരു പിടിവാശിയായി മാറിയിരുന്നു.
വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയുള്ള ദിവസങ്ങൾ. ഡിപ്രഷന്റെ ഇരുണ്ട നാളുകൾ. ഒന്നര വർഷത്തിലേറെയായി അയാൾ ആ അവസ്ഥയിലൂടെ കടന്നുപോയി.
“ആരെയും വിഷമിപ്പിക്കണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല ഡോക്ടർ… പക്ഷേ എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിഞ്ഞില്ല.”
ഏകദേശം രണ്ടുവർഷമായി കിരൺ പുകവലി നിർത്താൻ ശ്രമിക്കുകയായിരുന്നു. ഓൺലൈൻ കൗൺസിലിങ്… ഗൂഗിളിലെ ഉപദേശങ്ങൾ…
നിക്കോട്ടിൻ ഗം… നിക്കോട്ടിൻ പാച്ചുകൾ… എല്ലാം പരീക്ഷിച്ചു. പക്ഷേ പരാജയം മാത്രം.
“ജീവിതം തന്നെ മടുത്തുപോയിരുന്നു…”
പണ്ട് ഒരു ബോധവത്കരണ ക്ലാസിൽ പങ്കെടുത്തിരുന്ന കിരണിന്റെ അധ്യാപകനാണ് എന്നെ കാണാൻ പറയുന്നത്. അങ്ങനെയാണ് കിരൺ എന്റെ ക്ലിനിക്കിലെത്തുന്നത്. കൗൺസിലിങ്ങും ശരിയായ ചികിത്സയും അതിലുപരി കിരണിന്റെ ആത്മാർത്ഥമായ പരിശ്രമവും ചേർന്നപ്പോൾ ഏകദേശം ആറുമാസത്തിനുള്ളിൽ അദ്ദേഹം പുകവലി പൂർണ്ണമായും ഉപേക്ഷിച്ചു.
അദ്ദേഹത്തിന്റെ വിജയത്തിൽ എനിക്കും അതിയായ സന്തോഷമുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്കുശേഷം ഫോളോ-അപ്പിനായി വീണ്ടും വന്നു.
“ഡോക്ടർ… ഇടത് വശത്തെ കഴുത്തിൽ ഒരു ചെറിയ മുഴ പോലെ തോന്നുന്നുണ്ട്. വേദനയൊന്നുമില്ല… പക്ഷേ പോകുന്നില്ല.” പരിശോധിച്ചപ്പോൾ ഇടത് സബ്‌മാൻഡിബുലർ ഭാഗത്ത് ചെറിയൊരു ലിംഫ് നോഡ് സ്പർശിച്ച് അറിയാൻ കഴിഞ്ഞു. കഴുത്തിലെ ആ മുഴ കണ്ടതോടെ വായ മുഴുവൻ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.
ഇടതുകവിളിന്റെ അകത്തെ ഭാഗത്ത്, താഴത്തെ പിൻപല്ലുകൾക്ക് സമീപമായി ഏകദേശം ഒരു സെന്റീമീറ്റർ മാത്രം വലിപ്പമുള്ള, ഭേദമാകാതെ കിടക്കുന്ന ചെറിയൊരു അൾസർ ശ്രദ്ധയിൽപ്പെട്ടു. ചുറ്റുമുള്ള ഭാഗത്തിന് നേരിയ കാഠിന്യവുമുണ്ടായിരുന്നു.
“ഡോക്ടർ… അത് പല്ല് കൊണ്ടുള്ള മുറിവായിരിക്കുമെന്നാണ് ഞാൻ കരുതിയത്. വേദനയൊന്നും ഇല്ലായിരുന്നു…”
ബയോപ്സി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. റിപ്പോർട്ട് വന്നപ്പോൾ അത് വളരെ പ്രാരംഭഘട്ടത്തിലുള്ള ഓറൽ സ്ക്വാമസ് സെൽ കാർസിനോമ ആണെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് കൈയിൽ വാങ്ങി കിരൺ കുറച്ചുനേരം മിണ്ടാതിരുന്നു. ഞാൻ ഒരു വാചകം മാത്രം പറഞ്ഞു.
“കിരൺ… നമ്മൾ ഇത് വളരെ നേരത്തെ കണ്ടെത്തി.”
ആ ഒരു വാചകമാണ് അയാളുടെ കണ്ണുകളിൽ വീണ്ടും പ്രതീക്ഷ നിറച്ചത്. ആവശ്യമായ ചികിത്സകൾ പൂർത്തിയായി. ഇന്ന് കിരൺ ആരോഗ്യത്തോടെ ജീവിക്കുന്നു. ഫോളോ-അപ്പിനായി വരുമ്പോഴെല്ലാം അയാൾ പറയുന്ന ഒരു വാചകമുണ്ട്.
“ഡോക്ടർ… അന്ന് കഴുത്തിലെ ആ ചെറിയ മുഴ ഞാൻ അവഗണിച്ചിരുന്നെങ്കിൽ, ഇന്ന് ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല.”
കിരണിന്റെ കഥ ഒറ്റപ്പെട്ട ഒരു കഥയല്ല. നമ്മുടെ ചുറ്റുപാടുകളിൽ ഇത്തരത്തിലുള്ള നിരവധിപേരുണ്ട് . വായിൽ ഒരു ചെറിയ മുറിവ്. കഴുത്തിൽ വേദനയില്ലാത്ത ഒരു മുഴ. ശബ്ദത്തിലെ ചെറിയ മാറ്റം. “ഇത് നിസ്സാരമാണ്” എന്ന് കരുതി മാസങ്ങളോളം ചികിത്സ തേടാതെ നടക്കുന്നതാണ് പലരുടെയും പതിവ്. അവിടെയാണ് പലപ്പോഴും സമയം നഷ്ടമാകുന്നത്.
എന്താണ് ഹെഡ് ആൻഡ് നെക്ക് കാൻസർ?
ജൂലൈ 27 ലോകമെമ്പാടും ലോക ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം (World Head and Neck Cancer Day) ആയി ആചരിക്കുന്നു. ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം തലയിലും കഴുത്തിലുമുണ്ടാകുന്ന കാൻസറുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയുമാണ്.
വായ, ചുണ്ട്, നാവ്, കവിൾ, മോണ, തൊണ്ട, ശബ്ദപേടകം (ലാരിങ്ക്സ്), മൂക്ക്, പരാനാസൽ സൈനസുകൾ, ഉമിനീർ ഗ്രന്ഥികൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസറുകളെ പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസറുകൾ എന്ന് വിളിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളിൽ പ്രധാന സ്ഥാനമാണ് ഈ വിഭാഗത്തിനുള്ളത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കാൻസറുകളിൽ ഏകദേശം മൂന്നിലൊന്ന് വരെ ഹെഡ് ആൻഡ് നെക്ക് കാൻസറുകളാണ്. പുകയിലയുടെ ഉപയോഗം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്.
പുകയില ഉപയോഗം, മദ്യപാനം, HPV അണുബാധ, ചില തൊഴിൽപരമായ രാസവസ്തു സമ്പർക്കങ്ങൾ, പോഷകക്കുറവ് എന്നിവയാണ് പ്രധാന അപകടഘടകങ്ങൾ.
എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം. ഹെഡ് ആൻഡ് നെക്ക് കാൻസറുകളിൽ ഭൂരിഭാഗവും നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗങ്ങളാണ്.
പ്രധാന അപകടഘടകങ്ങൾ
പുകയിലയും മദ്യവും
ഹെഡ് ആൻഡ് നെക്ക് കാൻസറുകളുടെ ഏറ്റവും പ്രധാന കാരണങ്ങൾ പുകയിലയും മദ്യവുമാണ്. സിഗരറ്റ്, ബീഡി, ചവയ്ക്കുന്ന പുകയില, പാൻമസാല, ഗുട്ക തുടങ്ങിയ എല്ലാ പുകയില ഉൽപ്പന്നങ്ങളും അപകടകരമാണ്. പുകയിലയും മദ്യവും ഒരുമിച്ച് ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത പലമടങ്ങ് വർധിക്കുന്നു.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV)
പ്രത്യേകിച്ച് HPV-16 ഓറോഫാരിൻജിയൽ കാൻസറുമായി ബന്ധപ്പെട്ട പ്രധാന അപകടഘടകമാണ്. ഇന്ത്യയിൽ പുകയിലയുമായി ബന്ധപ്പെട്ട കാൻസറുകളാണ് ഇപ്പോഴും കൂടുതലെങ്കിലും HPV-യുമായി ബന്ധപ്പെട്ട തൊണ്ടയിലെ കാൻസറുകൾ വർധിച്ചുവരുന്നുണ്ട്. HPV വാക്സിനേഷൻ ഈ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
തൊഴിൽപരമായ സമ്പർക്കം
മരപ്പൊടി, ആസ്ബസ്റ്റോസ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നവർക്ക് ചില ഹെഡ് ആൻഡ് നെക്ക് കാൻസറുകളുടെ സാധ്യത കൂടുതലാണ്.
ഭക്ഷണരീതിയും ജീവിതശൈലിയും
പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമം, പോഷകക്കുറവ്, മോശം വായ് ശുചിത്വം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ജനിതക ഘടകങ്ങൾ
വളരെ അപൂർവമായി ചില ജനിതക സിൻഡ്രോമുകൾ ഹെഡ് ആൻഡ് നെക്ക് കാൻസറിന് കാരണമാകാറുണ്ട്. എന്നാൽ ഭൂരിഭാഗം രോഗികളിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
- വായിൽ രണ്ടാഴ്ചയിലധികം ഭേദമാകാത്ത മുറിവ്
- വായിലോ നാവിലോ കവിളിലോ വെള്ളയോ ചുവപ്പോ നിറത്തിലുള്ള പാടുകൾ
- കഴുത്തിൽ വേദനയില്ലാത്ത ഒരു മുഴ
- വിഴുങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന
- രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന തൊണ്ടവേദന
- ശബ്ദം മാറുക അല്ലെങ്കിൽ പരുക്കനാകുക
- വായ തുറക്കാൻ ബുദ്ധിമുട്ട്
- ചെവിവേദന, പ്രത്യേകിച്ച് വ്യക്തമായ കാരണമില്ലാതെ തുടരുകയാണെങ്കിൽ
- മൂക്കിൽ നിന്ന് ആവർത്തിച്ച് രക്തസ്രാവം അല്ലെങ്കിൽ മൂക്കടപ്പ്
- മുഖത്തോ താടിയിലോ നീണ്ടുനിൽക്കുന്ന വീക്കം
ഇവയിൽ ഏതെങ്കിലും ലക്ഷണം രണ്ടാഴ്ചയിലധികം തുടർന്നാൽ നിർബന്ധമായും വിദഗ്ധ ഡോക്ടറെ സമീപിക്കണം.
രോഗനിർണയം
രോഗിയുടെ വിശദമായ ചരിത്രവും ശാരീരിക പരിശോധനയും നടത്തിയ ശേഷമാണ് തുടർപരിശോധനകൾ തീരുമാനിക്കുന്നത്.
വായിലെ മുറിവുകളോ അസാധാരണമായ ഭാഗങ്ങളോ ഉണ്ടെങ്കിൽ ബയോപ്സി നടത്തി രോഗം സ്ഥിരീകരിക്കും. കഴുത്തിലെ മുഴകൾ വിലയിരുത്താൻ സാധാരണയായി FNAC (Fine Needle Aspiration Cytology) നടത്തുന്നു.
ആവശ്യമെങ്കിൽ അൾട്രാസൗണ്ട്, സി.ടി. സ്കാൻ, എം.ആർ.ഐ., അല്ലെങ്കിൽ പി.ഇ.ടി. സ്കാൻ എന്നിവ ഉപയോഗിച്ച് രോഗത്തിന്റെ വ്യാപ്തിയും സ്റ്റേജും വിലയിരുത്തും. കാൻസർ സ്ഥിരീകരിച്ചതിനുശേഷമാണ് ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്.
ചികിത്സ
രോഗത്തിന്റെ സ്റ്റേജും സ്ഥാനവും രോഗിയുടെ ആരോഗ്യസ്ഥിതിയും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
- ശസ്ത്രക്രിയ (Surgery)
- റേഡിയേഷൻ തെറാപ്പി
- കീമോതെറാപ്പി
- ടാർഗെറ്റഡ് തെറാപ്പി
- ഇമ്യൂണോതെറാപ്പി
ഇന്ന് ചികിത്സാരംഗത്ത് ഉണ്ടായ പുരോഗതി കാരണം, പ്രത്യേകിച്ച് രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ, നിരവധി രോഗികൾക്ക് പൂർണമായും രോഗമുക്തി നേടാൻ കഴിയുന്നുണ്ട്.
എങ്ങനെ പ്രതിരോധിക്കാം?
- ഏതൊരു രൂപത്തിലുള്ള പുകയിലയും ഉപയോഗിക്കാതിരിക്കുക.
- മദ്യപാനം പരമാവധി ഒഴിവാക്കുക.
- HPV വാക്സിനേഷൻ സ്വീകരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ സമീകൃത ഭക്ഷണക്രമം പിന്തുടരുക.
- നല്ല വായ് ശുചിത്വം പാലിക്കുക.
- വായിൽ രണ്ടാഴ്ചയിലധികം ഭേദമാകാത്ത മുറിവുകളോ കഴുത്തിലെ മുഴകളോ ഒരിക്കലും അവഗണിക്കരുത്.
- പുകയില ഉപയോഗിക്കുന്നവരും ഉയർന്ന അപകടസാധ്യതയുള്ളവരും വർഷത്തിലൊരിക്കൽ കാൻസർ സ്ക്രീനിംഗ് നടത്തുന്നത് നല്ലതാണ്.
- മാസത്തിൽ ഒരിക്കലെങ്കിലും സ്വയം വായയും കഴുത്തും പരിശോധിക്കുന്ന ശീലം വളർത്തുക.
ഓർമിക്കാം
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾ ഭയപ്പെടേണ്ട രോഗമല്ല. നേരത്തെ കണ്ടെത്തുകയാണ് ഏറ്റവും വലിയ ചികിത്സ. വായിൽ ഭേദമാകാത്ത ഒരു ചെറിയ മുറിവോ, കഴുത്തിലെ ഒരു ചെറിയ മുഴയോ, ശബ്ദത്തിലെ ഒരു മാറ്റമോ—ഇവയെല്ലാം ശരീരം നൽകുന്ന മുന്നറിയിപ്പുകളാകാം.
ലക്ഷണങ്ങളെ അവഗണിക്കരുത്. സമയത്ത് പരിശോധന നടത്തൂ. കാരണം, നേരത്തെയുള്ള തിരിച്ചറിവ് ഒരു ജീവിതം തന്നെ രക്ഷിച്ചേക്കാം.
Content Highlights: Significance of July 27th as World Head and Neck Cancer Day., Importance of early detection for high cure rates in oral and neck cancers., Identification of key risk factors: tobacco, alcohol, and HPV., List of warning symptoms like persistent ulcers or neck lumps.
Published: 27 Jul 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented