അച്ഛന്റെ അമ്മയെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അമ്മയുടെ അമ്മയാണ് എന്റെ മനസ്സിലെ അമ്മൂമ്മ. വടവട്ടത്ത് ഗൗരി അമ്മ. എന്റെ സ്വന്തം അമ്മൂമ്മ. ഇരിഞ്ഞാലക്കുടയിലെ കുട്ടിക്കാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. അഞ്ചാമത്തെ വയസ്സില്‍ നേരെ 3-ാം ക്ലാസില്‍ ചേര്‍ന്നതിനാല്‍ 6 വയസ്സ് മാത്രം പ്രായം. കൂടെ ചേച്ചിയുമുണ്ടായിരുന്നു. അച്ഛനും അമ്മയും അന്ന് അങ്ങ് ദൂരെ... തിരുപ്പൂരില്‍. അവരെ പിരിഞ്ഞിരിക്കുന്ന കൊച്ച് ഗംഗയുടെ മനസ്സിലെ ദുഃഖം ഒരു പരിധി വരെ അകറ്റിയിരുന്നത് അമ്മൂമ്മയുടെ സ്‌നേഹമായിരുന്നു, ഞങ്ങളോടുള്ള സമീപനമായിരുന്നു.
വെളുത്ത് മെലിഞ്ഞ് ചെമ്പന്‍ മുടിയുള്ള അമ്മൂമ്മയുടെ നെറ്റിയില്‍ നീണ്ട ഒരു ഭസ്മക്കുറി കാണും എപ്പോഴും. മുഖത്ത് സൗമ്യ ഭാവം. ചുണ്ടില്‍ മായാത്ത പുഞ്ചിരി. അമ്മയുടെ അതേ മുഖഛായ. കഴുത്തില്‍ ഒരു വലിയ മുഴയുണ്ടായിരുന്നു. മുറുക്കാന്‍ ചെല്ലം അരികില്‍ വെച്ച് കാലും നീട്ടിയിരിക്കുമ്പോള്‍ അമ്മൂമ്മ പറയും. 'ഒരു ദിവസം ഈ മുഴ പൊട്ടും. അന്ന് ഞാന്‍ തീരും'. അടക്ക ചെരണ്ടിക്കൊണ്ടിരുന്ന ഞാന്‍ പേടിച്ച് അമ്മൂമ്മയുടെ കയ്യില്‍ പിടിച്ച് കരയും. 'പേടിച്ചുപോയി അല്ലേ? ഞാന്‍ തമാശ പറഞ്ഞതല്ലേടാ. നിങ്ങളെ വിട്ടിട്ട് ഞാന്‍ പോകുമോ? എനിക്കെങ്ങിനെ പോകാന്‍ കഴിയും'. 'ഞങ്ങളെ തനിയെ വിട്ടിട്ട് അമ്മൂമ്മ എങ്ങും പോകില്ല'. ഞങ്ങള്‍ അമ്മൂമ്മയെ കെട്ടിപ്പിടിക്കും.
Also Read
മൂന്നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മൂമ്മയുടെ കഴുത്തിലെ മുഴ പൊട്ടി. കുറെ രക്തവും ദ്രാവകവും പുറത്തേക്കൊഴുകിയത് ഞാന്‍ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. എറണാകുളത്തെ ലിസി ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയപ്പോള്‍ കൂട്ടിനുണ്ടായിരുന്നത് ഞാനും അമ്മയുമാണ്. അമ്മൂമ്മ ഞങ്ങളെ വിട്ട് പോയില്ല. പൂര്‍വ്വാധികം ആരോഗ്യവതിയായി ഇരിഞ്ഞാലക്കുടയില്‍ തിരിച്ചെത്തി.
'കളി കഴിഞ്ഞ് വന്നതല്ലേ. കുളത്തില്‍ പോയി കാലും മുഖവും കഴുകി വന്നിരുന്ന് നാമം ചൊല്ല്'. സന്ധ്യാ ദീപം... ദീപം... കയ്യില്‍ വിളക്കുമായി അമ്മൂമ്മ നടന്ന് നീങ്ങും. ഞങ്ങള്‍ അമ്മൂമ്മയുടെ കൂടെ പ്രാര്‍ത്ഥിക്കാന്‍ തയ്യാറായിരിക്കണമെന്നതിനുള്ള സൂചനയാണത്. അമ്പലത്തിലെ അത്താഴപൂജ കഴിഞ്ഞാലുടന്‍ അമ്മൂമ്മയുടെ അടുത്ത വിളി വരും. 'കഞ്ഞി കുടിക്കാറായി. എല്ലാരും വരൂ' കഞ്ഞിയും ചമ്മന്തിയും മുരിങ്ങയിലയും പരിപ്പും ചേര്‍ത്തുള്ള കറിയും... അമ്മൂമ്മയുടെ ഭക്ഷണത്തിന്റെ സ്വാദ്... അതോര്‍ത്താല്‍ തന്നെ ഇപ്പോഴും നാവില്‍ വെള്ളമൂറും. കറി വെക്കാന്‍ അമ്മൂമ്മയ്ക്ക് ധാരാളം പച്ചക്കറിയൊന്നും വേണ്ട. മുരിങ്ങയില, ചീര, ഇരുമ്പമ്പുളി, രണ്ടു പഴ മാങ്ങ, ഉപ്പിലിട്ട രണ്ട് മാങ്ങ... മോരും ഇത്തിരി ഉപ്പും മഞ്ഞളും. ഇതിലേതെങ്കിലും ഒന്ന് മതി അമ്മൂമ്മയ്ക്ക് ഒരു നേരത്തെ സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കാന്‍. 'ഗംഗേ, പത്മജേ...' അമ്മൂമ്മയുടെ വിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
പത്താം ക്ലാസില്‍ പഠിക്കുന്ന കാലം. അമ്മൂമ്മയുടെ ജോലി ഭാരം കുറയ്ക്കാന്‍ വേണ്ടി അച്ഛന്‍ പറഞ്ഞു. 'നിനക്ക് ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരം തയ്യാറാക്കി തന്നുവിടാന്‍ അമ്മൂമ്മ നേരത്തെ എഴുന്നേല്‍ക്കണ്ട'. സ്‌കൂളിന്റെ അടുത്തുള്ള ഒരു ഹോട്ടലില്‍ അച്ഛന്‍ എന്റെ ഉച്ചഭക്ഷണം ഇടപാട് ചെയ്തു. അവിടെ നിന്ന് രണ്ട് വറ്റ് വായിലിട്ട് ഞാന്‍ ഓടും വീട്ടിലേക്ക്. അമ്മൂമ്മയുടെ ഭക്ഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓട്ടത്തിന്റെ വേഗത കൂടും. പതിവ് തെറ്റിക്കാതെ ചോറ് വിളമ്പി അമ്മൂമ്മ കാത്തിരിക്കുന്നുണ്ടാകും. സ്വര്‍ഗസ്ഥനായ എന്റെ പിതാവ് ഇതുവരെ അറിയാത്ത ഒരു രഹസ്യം!
ഗംഗ വലിയ കുട്ടിയായി, കോളേജ് കുമാരനായി, ഹോസ്റ്റലിലാണെങ്കിലും അവധി ദിവസങ്ങളില്‍ അമ്മൂമ്മയുടെ അടുത്തേക്ക് ഓടിയെത്തും. 'മുറി മീശയും കൃതാവും ഉണ്ടെങ്കിലും നീ ഇപ്പോഴും എനിക്ക് കൊച്ചുകുട്ടിയാണ്, വികൃതിക്കുട്ടി' - മൃദുലമായ കൈവിരല്‍ കൊണ്ട് എന്റെ മുഖത്ത് തലോടിക്കൊണ്ട് അമ്മൂമ്മ പറയും. 'നിങ്ങളൊക്കെ ഇങ്ങിനെ ഓടിയെത്തുന്നതാണ് അമ്മൂമ്മയുടെ ഏക സന്തോഷം. ഇനി എത്ര നാള്‍ എന്നറിയില്ല. കാലും നീട്ടിയിരിക്കുകയല്ലേ പോകാന്‍...' ആ വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ ഞാന്‍ അമ്മൂമ്മയുടെ പല്ലില്ലാത്ത വായ പൊത്തും. അമ്മൂമ്മ ഞങ്ങളെ വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ ആ ഓര്‍മ്മകള്‍ക്ക് ഇന്നും എന്നും മരണമില്ല എന്നതാണ് സത്യം.
80 വയസ്സിനോടടുത്ത് പ്രായമുള്ള ജാനകിയമ്മ കഴിഞ്ഞ ആഴ്ച കീമോതെറാപ്പി ചികിത്സയ്ക്കായി ആശുപത്രിയില്‍ വന്നപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത് അമ്മൂമ്മയുടെ മുഖമാണ്. ചെമ്പിച്ച മുടി. അതേ ഭസ്മക്കുറി. ഐശ്വര്യമാര്‍ന്ന മുഖം. അതേ ചിരി മുഖത്ത്, ഞാനറിയാതെ ജാനകിയമ്മയുടെ കട്ടിലിനരികിലേക്ക് നടന്നടുക്കുകയായിരുന്നു. 'മോന്‍ ഇവിടെയിരിക്ക്' അവര്‍ എന്റെ കൈ പിടിച്ച് അടുത്തിരുത്തി. 'ഇവളെക്കണ്ടോ'... തൊട്ടടുത്ത് നിന്നിരുന്ന ഒരു ന്യൂജെന്‍ കുട്ടിയെ ചൂണ്ടിക്കാട്ടി അവര്‍ തുടര്‍ന്നു. 'എന്റെ കൊച്ചുമോളാണവള്‍. ഉദ്യോഗസ്ഥയാണ്. പക്ഷേ എന്നെ ഇടോം വലോം തിരിയാന്‍ സമ്മതിക്കില്ല. കൂടെ നടന്ന് കൊച്ചുകുട്ടിയോടെന്നപോലെ ഇരുപത്തിനാലു മണിക്കൂറും എന്റെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കും. എനിക്ക് അസുഖം വന്നതോടെ ഉറക്കവും എന്റെ കൂടെത്തന്നെ. ഇവള്‍ തമ്മില്‍ ഭേദമാ... ഇളയവളൊരുത്തിയുണ്ട്. പുറത്ത് നില്‍ക്കുന്നുണ്ട്. ആ കാന്താരിയെ വിളിച്ചോണ്ട് വാ, ഡോക്ടര്‍ കാണട്ടെ. ചൂരല്‍ അടുത്ത് വെച്ച് ഭീഷണിപ്പെടുത്തിയാ അവളെന്നെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നെ. ഡോക്ടറല്ലേ കഴിഞ്ഞ പ്രാവശ്യം പറഞ്ഞേ, രണ്ട് മണിക്കൂര്‍ ഇടവിട്ട് എനിക്ക് എന്തെങ്കിലും ആഹാരം കൊടുത്തുകൊണ്ടിരിക്കണമെന്ന്. 2 മണിക്കൂര്‍ ഇടവിട്ട് അലാറം വെച്ച് അവള്‍ എന്നെ കഴിപ്പിക്കും. ഇല്ലെങ്കില്‍ പിച്ചും നുള്ളും എല്ലാം കിട്ടും'. മാസ്‌ക് ധരിച്ച് കൊണ്ട് ഒരു ന്യൂജെന്‍ പെണ്‍കുട്ടി മുറിയിലേക്ക് കടന്നുവന്നു. രംഗത്തിന് കൊഴുപ്പുകൂട്ടാനെന്ന മട്ടില്‍ ഞാന്‍ എഴുന്നേറ്റ് തൊഴുതുനിന്നു. 'മാസ്‌ക്ക് മാറ്റ്, ഡോക്ടര്‍ നിന്റെ മുഖമൊന്ന് കാണട്ടെ'. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു സുന്ദരിക്കുട്ടിയെയാണ് ഞാന്‍ കണ്ടത്. 'പറഞ്ഞാല്‍ അനുസരിക്കില്ല, അതാ ചെറിയ പോലീസ് മുറയൊക്കെ...' അവള്‍ അമ്മൂമ്മയുടെ അടുത്ത് വന്നിരുന്നു. 'എന്റെ മോള്‍ വിദേശത്താ... ഈ രണ്ട് പേരക്കുട്ടികളെയും എന്നെ ഏല്പിച്ചിട്ടാണ് അവള്‍ പോയത്. ഇവര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം എന്റെ കൂടെ നിന്നാണ്. അതുകൊണ്ടാ ഈ സ്‌നേഹം എന്നോട്'. ജാനകിയമ്മയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു. ആനന്ദക്കണ്ണീര്‍ കവിളിലേക്ക് ഒലിച്ചിറങ്ങി. മേല്‍മുണ്ടു കൊണ്ട് കണ്ണീര്‍ തുടച്ചുകൊണ്ടവര്‍ പറഞ്ഞു. 'ശാസിച്ചും ശിക്ഷിച്ചുമൊക്കെയാ ഞാന്‍ ഇവരെ വളര്‍ത്തിയെ... നിങ്ങളതൊക്കെ ഇപ്പോള്‍ അമ്മൂമ്മയ്ക്ക് തിരികെ തരുകയല്ലേടീ...' പേരക്കുട്ടികളെ നോക്കി അവര്‍ ചിരിച്ചു. 'അമ്മൂമ്മേ...' പേരക്കുട്ടികള്‍ ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ വിളിച്ചു. ആ വിളിയില്‍ അവരുടെ അഗാധമായ സ്‌നേഹം അലിഞ്ഞ് ചേര്‍ന്നിരുന്നു.
'ഞങ്ങളുടെ ജീവിതം ഇങ്ങനെയൊന്നുമല്ല. പട്ടണത്തില്‍ വളരുന്ന കൊച്ചുമക്കള്‍ക്ക് പഴഞ്ചരായ ഞങ്ങളെ കാണുകയേ വേണ്ട'. അത് കുറെ അമ്മൂമ്മമാരുടെ ശബ്ദമായിരുന്നു. അതിലൊരു ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. അത് രോഗിയായ മറിയാമ്മയുടെതായിരുന്നു. 'ഞാന്‍ ഒറ്റയ്ക്കാണ് ഡോക്ടറെ... ഇടയ്‌ക്കൊക്കെ മോള്‍ കാണാന്‍ വരും. കൊച്ചുമോള്‍ടെ കണ്ണ് വെട്ടിച്ചാണവള്‍ വരുന്നത്. പത്താം ക്ലാസുകാരിയായ കൊച്ചുമോളും ഒരു ദിവസം എന്നെ കാണാന്‍ വന്നിരുന്നു'... മോളും കൊച്ചുമോളുമായുള്ള ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ ആ മുറിക്കടുത്തേക്ക് ചെന്നത്. 'ആ തള്ളയെ നോക്കിക്കൊണ്ട് നടന്നോ? എന്റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മയ്ക്ക് സമയമില്ല. എല്ലാ ആഴ്ചയിലും അമ്മയ്ക്ക് ഇവിടെ ഓടിയെത്തണം, ഈ തള്ളയെ ശുശ്രൂഷിക്കാനായിട്ട്'. മുറിയടച്ച് പുറത്തേക്കിറങ്ങിയ അവള്‍ എന്നെക്കണ്ട് മുഖം തിരിച്ചുനടന്നു.
വേനലവധിയാകാറായി. മൂന്നാറിലും തേക്കടിയിലും ഊട്ടിയിലും സിംലയിലും മാത്രമല്ല, വിദേശത്ത് വരെ പോകാന്‍... അവധി കൊഴുപ്പിക്കാന്‍, തയ്യാറെടുക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക... ഈ അവധിക്കാലം കാത്തിരിക്കുന്ന അപ്പൂപ്പനമ്മൂമ്മമാര്‍ നിങ്ങളില്‍ പലര്‍ക്കുമുണ്ടാകും. വഴിയിലേക്ക് കണ്ണുംനട്ട് കൊച്ചുമക്കളെയും മക്കളെയും കാത്തിരിക്കുന്ന പഴയ തലമുറക്കാര്‍. അവരുമൊത്ത് കഥകള്‍ പറഞ്ഞും കേട്ടും കുറച്ചുദിവസങ്ങള്‍. കൈപിടിച്ച് വഴിയിലൂടെ നടന്നുപോകുമ്പോള്‍ കണ്ടുമുട്ടുന്ന കൂട്ടുകാരോട് അപ്പൂപ്പന്‍ അഭിമാനത്തോടെ പറയും. 'ഇത് എന്റെ കൊച്ചുമക്കള്‍... ബാലന്റെ മക്കള്‍... ഞങ്ങളെ കാണാന്‍ വന്നതാ...' അമ്മൂമ്മയോടൊപ്പം അടുക്കളപ്പടിയിലിരുന്ന് വീട്ടിലേയും സ്‌കൂളിലെയും വിശേഷങ്ങള്‍ പങ്കിടുമ്പോള്‍... അമ്മൂമ്മ പറയും. 'എന്റെ കുട്ട്യോളേ എനിക്കിതൊന്നും അറിയില്ല. മനസ്സിലാവില്ല...' അമ്മൂമ്മ സ്‌നേഹത്തോടെ വിളമ്പിത്തരുന്ന ആഹാരത്തിന്റെ സ്വാദുണ്ടല്ലോ അത് സ്‌നേഹം അതില്‍ ചാലിച്ചരച്ചതുകൊണ്ടാണ്. അച്ഛനമ്മമാര്‍ അത് മക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ഒരവസരമാണിത്.
പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും. നാട്ടുനടപ്പാണത്. ഓര്‍ക്കുക. നാളത്തെ അപ്പൂപ്പനും അമ്മൂമ്മയും നിങ്ങളാണ്. നിങ്ങള്‍ക്കും കൊച്ചുമക്കളുണ്ടാകും. കാത്തിരുപ്പിന്റെ വേദന ദുഃസഹമാണ് മക്കളേ. ഞാന്‍ എന്റെ മനസ്സ് തുറന്നതാണ്, ഒരു അപ്പൂപ്പന്റെ മനസ്സ്.
Content Highlights: dr vp gangadharan column about grandparents
Published: 18 Mar 2025, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented