
അച്ഛന്‍ 75 വയസ്സായി. വയറുവേദനയായിട്ടാണ് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയത്. ഇതുവരെ ചികിത്സയ്ക്കായി ഒരു ആശുപത്രിയിലും അച്ഛന്‍ പോയിട്ടില്ല. ഒരു അലോപ്പതി മരുന്നും കഴിച്ചിട്ടുമില്ല. ചിട്ടയായ ജീവിതം. ഭക്ഷണം വീട്ടില്‍ നിന്നു മാത്രമേ കഴിക്കാറുള്ളൂ. അതും വീട്ടില്‍ സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റും മാത്രം. കൃത്യസമയത്ത് കുളി, ഭക്ഷണം, വ്യായാമം, ഉറക്കം... പിന്നെ എങ്ങനെ ഈ അസുഖം വന്നു... ഒരു ഫയല്‍ എന്റെ നേരേ നീട്ടിക്കൊണ്ട് രാജന്‍ അവിശ്വസനീയമായൊരു കാര്യം പോലെ ചോദിച്ചു.
ഫയല്‍ പരിശോധിച്ച ശേഷം ഞാന്‍ അദ്ദേഹത്തോട് അച്ഛനെ അകത്തേക്കു വിളിക്കാന്‍ പറഞ്ഞു. അച്ഛന്‍ വന്നിട്ടില്ല സാര്‍. ഞാന്‍ അച്ഛനെ കൊണ്ടു വന്നിട്ടില്ല. രാജന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ തുടര്‍ന്നു. 'സാറിനെ അച്ഛന്‍ അറിയും. കണ്ടും കേട്ടും അറിയും. അച്ഛനോട് അസുഖം കാന്‍സറാണെന്ന് പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അച്ഛന്‍ തകര്‍ന്നു പോകും സാര്‍... അച്ഛനെയും കൂട്ടി സാറിന്റെ അടുത്തു പോയാല്‍... ബാക്കി എനിക്ക് ഊഹിക്കാനാവുന്നതായിരുന്നു.' കാന്‍സര്‍ രോഗി എന്ന മുദ്രകുത്തലും രക്ഷപ്പെടില്ല എന്ന ധാരണയും അച്ഛനെ മാനസികമായി തകര്‍ക്കുമെന്ന് ഒരു മകന്‍ വിചാരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
Also Read
കാന്‍സര്‍ എന്ന അസുഖത്തിന്റെ ദുഷ്‌കീര്‍ത്തിക്ക് ഇതാ മറ്റൊരു അനുഭവം സാക്ഷി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന കാലത്ത് ഞാന്‍ ചികിത്സിച്ച ഒരു കൊച്ചു മിടുക്കി. വിവാഹക്ഷണക്കത്തും എനിക്കുള്ള ദക്ഷിണയുമായി അവള്‍ എന്നെ കാണാന്‍ വന്നത് ആശുപത്രിയിലാണ്. അവളുടെയും അമ്മയുടെയും മുഖത്തെ പരിഭ്രാന്തി മറയ്ക്കാനുള്ള ശ്രമം വിഫലമായിരുന്നു. എന്റെ കാലുകള്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി നടന്നു നീങ്ങിയ അവള്‍ ഒരു നിമിഷം തിരിഞ്ഞു നിന്നു. 'അങ്കിളേ, ഞാന്‍ അസുഖത്തിന്റെ കാര്യം ചെറുക്കന്റെ വീട്ടുകാരോട് വെളിപ്പെടുത്തിയിട്ടില്ല. അതു കൊണ്ട് സാറ്...' അതു പറഞ്ഞു നിര്‍ത്തിയത് അമ്മയായിരുന്നു. സാറിനെ എനിക്ക് നേരിട്ടു പരിചയമില്ല. കേട്ടു പരിചയം മാത്രമേയുള്ളൂ സാറിനെ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. ഒരിക്കലും കാണാന്‍ ഇടവരുത്തരുതേ എന്നാണ് ദൈവത്തോടു പ്രാര്‍ഥിക്കാറ്... എത്രയെത്ര ഇടങ്ങളില്‍ ഈ വാക്കുകള്‍ മുഴങ്ങി കേട്ടിരിക്കുന്നു!
ഒരു കല്യാണത്തിന് ഗംഗാധരനെ കണ്ടാല്‍ ആകെ പ്രശ്‌നമാണ്. വിവാഹ ബന്ധം അലസിപ്പിരിയാന്‍ വരെ സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്റ്റേജില്‍ കയറി വധുവിനെയോ വരനെയോ ആശംസിക്കുകയാണെങ്കില്‍! എങ്ങനെയാണ് ഡോക്ടര്‍ ഇവിടെ... ഇവള്‍ക്ക് കാന്‍സറായിരുന്നോ വരന്‍ വധുവിനെ സംശയിക്കും. അമ്പടാ, ഇവന് കാന്‍സറായിരുന്നു അല്ലേ! അതു മറച്ചുവെച്ചാണ് കല്യാണം അല്ലേ- വധുവിനും സംശയിക്കാം. വധൂവരന്മാരുടെ വീട്ടുകാര്‍ക്കും തമ്മില്‍ സംശയിക്കാം.
ഞാന്‍ ഇതുവരെ പറഞ്ഞതും എഴുതിയതുമെല്ലാം പഴങ്കഥകള്‍. അങ്ങനെ വിശ്വസിക്കാനാണ് എനിക്കുമിഷ്ടം. പക്ഷേ, സത്യം അതല്ല. കുറേയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കാന്‍സറിന്റെ ചിഹ്നമായ ഞണ്ട് ഇപ്പോളും ഭീതി വിതയ്ക്കുന്നു മനുഷ്യ മനസ്സുകളില്‍. കാന്‍സറിന്റെ സ്റ്റിഗ്മ വലിയമാറ്റമില്ലാതെ സമൂഹത്തില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അതിനിടയില്‍ വ്യത്യസ്തയായ ഒരു യുവതി. ഒരു പെണ്‍കുട്ടിയുടെ അമ്മ, ചെറുപ്രായത്തില്‍ തന്നെ വിധവയാകാന്‍ വിധിക്കപ്പെട്ടവള്‍. മകളുമൊത്ത് ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിക്കുന്ന അവള്‍ സ്വന്തം വീട്ടുകാരോടു പറഞ്ഞു, ചില അടുത്ത സുഹൃത്തുക്കളോടു പറഞ്ഞു- തനിക്ക് രക്താര്‍ബുദമാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി അതിനുള്ള മരുന്നുകള്‍ ഗുളിക രൂപത്തില്‍ കഴിച്ചു കൊണ്ട് ജീവിക്കുകയാണെന്നും. അവള്‍ കഴിഞ്ഞ 10 വര്‍ഷമായ ഞാനുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടുമായിരുന്നു. പലവട്ടം നേരില്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതെല്ലാം അവളുടെ അമ്മയുടെ അസുഖത്തെക്കുറിച്ചു സംസാരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്റെ അമ്മയുടെ രക്തത്തിന്റെ അളവ് കുറവാണല്ലോ ഡോക്ടറേ...ഇഎസ് ആര്‍ കുറച്ച് കൂടുതലാണല്ലോ- പ്രശ്‌നമാകുമോ... ഇതെല്ലാം അവളുടെ സ്ഥിരം സംശയങ്ങളായിരുന്നു. എനിക്കെന്റെ അമ്മയെ എത്ര കാലം കൂടെ കിട്ടും - പറ. അഞ്ചു വര്‍ഷം? പത്തു വര്‍ഷം? ഞാന്‍ മൗനം തുടരുമ്പോള്‍ അവള്‍ ശബ്ദമുയര്‍ത്തി ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കും. അവളുടെ മുഖം തുടുക്കും കണ്ണുകള്‍ നിറഞ്ഞൊഴുകും. ചുണ്ടുകള്‍ വിതുമ്പും. അമ്മയില്ലാത്തൊരു ജീവിതം... അവള്‍ മുഖം തുടയ്ക്കും.
ആ ദിവസം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. അന്നും അതേ ചോദ്യങ്ങളുമായാണ് അവള്‍ എന്റെ അടുത്തെത്തിയത്. കൂടെ അമ്മയും അച്ഛനുമുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഇവള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചു മാത്രം ചിന്തിക്കാറേയില്ല. ഡോക്ടര്‍ക്കറിയാമോ ഇവള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോട്ടയത്തെ ഒരു ആശുപത്രിയില്‍ ചികില്‍സയിലാണ്. അസുഖം... അതു മുഴുമിക്കാന്‍ സമ്മതിക്കാതെ അവള്‍ അച്ഛന്റെ വായ പൊത്തിപ്പിടിച്ചു. ഇതൊക്കെ എന്തിനാ ഡോക്ടറോട് എഴുന്നള്ളിക്കുന്നത്! ക്ഷുഭിതയായി അവള്‍ മുറിവിട്ട് പുറത്തേക്കിറങ്ങി. ഞാന്‍ ഡോക്ടറെ വിളിക്കാം എന്നു പറഞ്ഞ് ആ അച്ഛനും അമ്മയുടെ കൈ പിടിച്ച് നടന്നു നീങ്ങി. അടുത്ത ദിവസം തന്നെ അച്ഛന്റെ ഫോണ്‍ വന്നു. എനിക്കിനി സാറിനോടു പറയാതെ വയ്യ. അവളുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഇതുവരെ ഇതൊക്കെ മറച്ചുവെച്ചത്. അവള്‍ക്ക് രക്താര്‍ബുദമാണത്രെ. ഒരു വര്‍ഷംമുമ്പ് ചികില്‍സ തുടങ്ങിയതാണ്. ആരംഭകാലത്ത് അസുഖം മൂര്‍ഛിച്ച് ഐ.സി.യു.വിലായിരുന്നെന്നും മൂന്നു ദിവസം ബോധമില്ലാതെ കിടന്നു എന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും പറഞ്ഞു. കൂട്ടുകാരികളാണത്രെ ആ സമയത്ത് സഹായത്തിനായി കൂടെ ഉണ്ടായിരുന്നത്. ഇപ്പോഴും ഇടയ്ക്കിടെ പോയി രക്തം കയറ്റുന്നുണ്ട് എന്നും ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ കുറച്ച് മാനസികാസ്വാസ്ഥ്യമുള്ളതു കൊണ്ട് അതിനും കുറച്ചു മരുന്ന് കഴിക്കുന്നുണ്ട്. അമ്മ നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ ഡോക്ടറെ കാണാന്‍ വരാം എന്നു പറഞ്ഞത്. ചികില്‍സയുടെ കടലാസുകളും ഡോക്ടറെ കാണിക്കാന്‍ സമ്മതിച്ചു.
അടുത്ത ദിവസം തന്നെ അവളെയും കൂട്ടി ആ അച്ഛന്‍ വീണ്ടും വന്നു. ഒരു അടുക്കും ചിട്ടയുമില്ലാതെ കുറേ റിപ്പോര്‍ട്ടുകള്‍. കോട്ടയത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ രക്തം പരിശോധിച്ച റിപ്പോര്‍ട്ടുകളും ഒരിക്കല്‍ മജ്ജ പരിശോധിച്ച റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന് ആ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുമുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തലയുടെ ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍ പെട്ടു. ആ റിപ്പോര്‍ട്ടില്‍ മാത്രം പക്ഷേ, രോഗിയുടെ പേരില്ലായിരുന്നു. ഇത് ആരുടെ സ്‌കാന്‍ റിപ്പോര്‍ട്ടാണ് എന്നു ചോദിച്ചയുടനെ അവള്‍ പറഞ്ഞു- ഞാന്‍ ബോധമില്ലാതെ ഐ.സി.യു വില്‍ കിടന്ന സമയത്തെ സ്‌കാനാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബോധം തെളിഞ്ഞു. അടുത്ത ദിവസം തന്നെ പേരുവെട്ടി വീട്ടിലേക്കു പോവുകയും ചെയ്തു. ഞാന്‍ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഒരു ഭാവവ്യത്യാസവും ആ മുഖത്ത് ഇല്ലായിരുന്നു. ഇത്രയും വര്‍ഷത്തെ എന്റെ അനുഭവജ്ഞാനത്തിലൂടെ ഒരു കാര്യം തീര്‍ച്ചയായിരുന്നു- ഇത് അവളുടെ സ്‌കാനല്ല. ഈ സ്‌കാനിന്റെ ഉടമ ഇന്ന് ജീവിച്ചിരിക്കാന്‍ സാധ്യത തന്നെ കുറവ്. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ത്തന്നെ ശരീരം തളര്‍ന്ന് ഒരു ജീവച്ഛവമെന്നോണം കഴിയാനേ സാധ്യതയുള്ളൂ. ഇതില്‍ നിന്റെ പേരില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു പ്രിന്റ് എടുത്തപ്പോള്‍ വിട്ടുപോയിക്കാണും. എത്ര ചോദിച്ചിട്ടും ചികില്‍സിച്ച ഡോക്ടറുടെ പേരു പറയാന്‍ അവള്‍ വിസമ്മതിച്ചു. വിശദമായി പരിശോധിച്ച ശേഷം ഞാന്‍ അവള്‍ക്ക് രക്തക്കുറവുണ്ടെന്നും രക്തം ഒന്നു പരിശോധിക്കണമെന്നും പറഞ്ഞു. പരിശോധനയില്‍ പക്ഷേ, അസുഖത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടില്ല!
കഴിക്കുന്ന മരുന്നുകളുടെ കുറിപ്പുകള്‍ക്കിടയില്‍ ആശുപത്രിയിലെ ഒരു കാര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടു. ആ കാര്‍ഡിലെ നമ്പര്‍ ഞാന്‍ ശ്രദ്ധയോടെ മനസ്സില്‍ കുറിച്ചിട്ടു. എന്റെ സുഹൃത്തുക്കള്‍ ആ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. കാര്‍ഡ് നമ്പറും പേരും വിളിച്ചു പറഞ്ഞപ്പോള്‍ ഉടനെ തന്നെ അതിലൊരാള്‍ പറഞ്ഞു- ഈ സ്ത്രീ പലവട്ടം ഓ.പി.യില്‍ വന്ന് എന്നെ കാണാന്‍ ചീട്ടെടുത്തിട്ടുണ്ട്. പക്ഷേ, പേരു വിളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഓ.പി.യില്‍ അവരുണ്ടായിരുന്നില്ല. ഇത് ആവര്‍ത്തിച്ചിട്ടുള്ളതിനാല്‍ നല്ല ഓര്‍മയുണ്ട്. അതിനാല്‍, അടുത്ത പ്രാവശ്യം വരുമ്പോള്‍ എന്നെ അറിയിച്ചിട്ട് ചീട്ടുകൊടുത്താല്‍ മതി എന്നു പറഞ്ഞിട്ടുമുണ്ട്.
അടുത്തയാഴ്ച അമ്മയുടെ കൂടെ വീണ്ടും അവര്‍ എന്നെ കാണാന്‍ വന്നു. അമ്മയുടെ ചികിത്സയുടെ ഭാഗമായുള്ള ഒരു സന്ദര്‍ശനമായിരുന്നു അത്. അമ്മയ്ക്കുള്ള മരുന്നുകള്‍ കുറിച്ചു കൊടുത്ത ശേഷം ഞാന്‍ അവളോടു പറഞ്ഞു- നിന്റെ ചികില്‍സ ഇത്രയും കാലം തുടര്‍ന്നതല്ലേ, അതുകൊണ്ട് നമുക്ക് നിന്റെ മജ്ജ ഒന്നു പരിശോധിച്ചാലോ! ചിലപ്പോള്‍ മരുന്നുനിര്‍ത്താനാകും. അതിന് അവള്‍ പ്രതികരിച്ചത് എന്നെ അത്ഭുതപ്പെടുത്തി- ഞാന്‍ ഡോക്ടറുടെ അടുത്ത് ടെസ്റ്റ് ചെയ്യില്ല. മുംബൈയിലെ ഒരു ആശുപത്രിയുടെ പേര് അവള്‍ തന്നെ മുന്നോട്ടുവെച്ചു. അതുമതി എന്ന് ഉത്തരം പറയാന്‍ എനിക്ക് ആലോചിക്കേണ്ടി വന്നില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛന്‍ മുംബൈയില്‍ നിന്ന് വിളിച്ചു. അവിടത്തെ ഡോക്ടര്‍ക്ക് എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് എന്റെ സംശയങ്ങള്‍ വിശദീകരിച്ചു. അദ്ദേഹവും എന്റെ അതേ അഭിപ്രായങ്ങള്‍ തന്നെ പങ്കുവെച്ചു. നാളെ ഏതായാലും മജ്ജ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്.
അടുത്ത ദിവസം അതിരാവിലെ തന്നെ അവളുടെ അച്ഛന്റെ ഫോണ്‍ വന്നു. 'അവള്‍ നമ്മളെയൊക്കെ കളിപ്പിക്കുകയായിരുന്നു ഡോക്ടറേ. അവള്‍ എല്ലാം ഇന്ന് തുറന്നു പറഞ്ഞു. അവള്‍ക്ക് രോഗമൊന്നുമില്ല. എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമായിരുന്നു എന്നും അവള്‍ പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നതിനു മാത്രം ഉത്തരമില്ലായിരുന്നു. ഞാനിവളെ എന്തു ചെയ്യണം ഡോക്ടറേ... സോറി ഡോക്ടറേ... ഡോക്ടറുടെ കുറേ സമയം ഞാന്‍ കളഞ്ഞു.' അത് മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. സാരമില്ല... അങ്ങനെയൊരു രോഗം അവള്‍ക്ക് ഇല്ല എന്നറിഞ്ഞതു തന്നെ ഭാഗ്യമല്ലേ! ബാക്കി നമുക്ക് പിന്നീട് ചോദിച്ചു മനസ്സിലാക്കാം. നന്ദി..ഒരായിരം നന്ദി ഡോക്ടര്‍ക്ക് എന്നു പറഞ്ഞ് അദ്ദേഹം വിതുമ്പി.
മാസങ്ങള്‍ കടന്നുപോയി. അവളോ അച്ഛനോ പിന്നീട് എന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. കാണാന്‍ വന്നതുമില്ല. എന്തുകൊണ്ടെന്നറിയില്ല, അവളുടെ അമ്മയുടെ ചികില്‍സയ്ക്കായിപ്പോലും എന്നെ സമീപിച്ചിട്ടില്ല. ഞാന്‍ കാത്തിരിക്കുകയായിരുന്നു. എനിക്കുമുണ്ട് ആ ജിജ്ഞാസ. എന്തിനായിരിക്കും അവള്‍ തനിക്കു കാന്‍സറാണെന്ന് ഉറ്റവരോടും ഉടയവരോടും വിളിച്ചു പറഞ്ഞത്! അതും കാന്‍സറില്ലാത്ത ഒരവസ്ഥയില്‍!
അതിനൊരുത്തരം തന്നത് അവള്‍ തന്നെ ആയിരുന്നു. സോറി ഡോക്ടര്‍ ഞാന്‍ മനഃപൂര്‍വം കളിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഒരു രണ്ടാം വിവാഹത്തില്‍ നിന്ന് ഒളിച്ചോടാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. എന്റെ ശിഷ്ടജീവിതം മോള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഫോണിലൂടെയുള്ള ഈ സന്ദേശത്തിൽ അവളുടെ മനസ്സ് ഞാന്‍ തിരിച്ചറിഞ്ഞു. ചെയ്തത് ശരിയോ തെറ്റോ- സ്വന്തം മനസ്സിനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച ഒരു ചോദ്യമായിരുന്നു അത്.
Content Highlights: oncologist dr vp gangadharan column on cancer
Published: 21 Aug 2023, 03:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented