''സാറിനെ കണ്ടിട്ട് ഒത്തിരി നാളായി'' എന്ന മുഖവുരയോടെയാണ് രാജേന്ദ്രന്‍ പരിശോധനാമുറിയിലേക്കു കടന്നുവന്നത്. സ്വന്തം വീട്ടിലെ 'ചക്കിലാട്ടിയ വെളിച്ചെണ്ണ' കൈയിലെ തുണിസഞ്ചിയില്‍നിന്ന് രണ്ട് കുപ്പി പുറത്തെടുത്ത് അയാള്‍ മേശപ്പുറത്തു വെച്ചു. 'കോവിഡിനു മുന്‍പ് ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്ന് സാറിനെ കണ്ടതാണ്. അന്ന് എന്റെ കൂടെ വന്ന രോഗി... സാറ് ഓര്‍ക്കുന്നുണ്ടോ- ദാമോദരന്‍. അയാള്‍ ഒരു മാസത്തിനകം മരിച്ചു. ചികിത്സിക്കാവുന്ന സ്റ്റേജ് കഴിഞ്ഞു എന്നാണല്ലോ സാറും അന്ന് പറഞ്ഞിരുന്നത്. എന്തായാലും അധികകാലം കിടക്കേണ്ടി വന്നില്ല. ഇന്ന് ഒരു പുതിയ രോഗിയെയും കൊണ്ടാണ് ഞാന്‍ സാറിനെ കാണാന്‍ വന്നിരിക്കുന്നത്. ബാലാ... അകത്തേക്ക് കേറിവാ...' വാതില്‍ക്കല്‍ നിന്ന ബാലനെ അയാള്‍ അകത്തേക്ക് വിളിച്ചു.

To advertise here,

തെല്ലൊരു സങ്കോചത്തോടെ ബാലന്‍ മുറിയിലേക്കു വന്നു. 'ഇനി നീ കാര്യം പറ...' അതുപറഞ്ഞ് രാജേന്ദ്രന്‍ കൈയിലിരുന്ന ദിനപത്രം വിടര്‍ത്തി അതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ബാലനെ ഞാന്‍ ശ്രദ്ധയോടെ കേട്ടു. പരിശോധിച്ചു. ഇനിയും ചില പരിശോധനകള്‍ വേണം. അതിനായി ആശുപത്രിയിലേക്കു വരാനും നിര്‍ദേശിച്ചു.

'പിന്നെ... എന്തൊക്കെയാ രാജേന്ദ്രാ വിശേഷങ്ങള്‍!'
എന്റെ ചോദ്യം കേട്ട് രാജേന്ദ്രന്‍ പത്രത്തില്‍നിന്ന് മുഖം ഉയര്‍ത്തി. 'എന്തു വിശേഷം സാറേ! ഒറ്റത്തടിയായി ജീവിതം അങ്ങനെ മുന്നോട്ടു തള്ളിനീക്കുന്നു. വയസ്സ് 66 ആയില്ലേ! ഇനി കുറച്ചുനാള്‍ മാത്രം ബാക്കി. അതും ജീവിച്ചു തീര്‍ക്കണം.' ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ പറഞ്ഞു.

'ചായക്കടയൊക്കെ എങ്ങനെ പോകുന്നു? ഞാന്‍ അവിടെ വന്നിരുന്ന് ചായയും പരിപ്പുവടയും കഴിച്ചത് ഓര്‍ക്കുന്നോ?' ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. 'അതൊക്കെ എങ്ങനെ മറക്കും സാറേ... സതി പോയതോടെ എന്റെ എല്ലാം പോയി. അവളായിരുന്നു എന്റെ ജീവനാഡി. ഇതാ...എന്റെ ഈ കൈകളില്‍ കിടന്നാണ് അവള്‍ അന്ത്യശ്വാസം വലിച്ചത്. സാറിന്റെ ചികിത്സയില്‍ ഒരിക്കല്‍ അവള്‍ രക്ഷപ്പെട്ടതല്ലേ. പക്ഷേ, അസുഖം വീണ്ടും അവളെ...' അയാള്‍ക്ക് പറഞ്ഞ് മുഴുമിപ്പിക്കാനായില്ല. സതിയും അവളുടെ രണ്ടു കൊച്ചു മക്കളും... എല്ലാവരുടെയും മുഖം എന്റെ മനസ്സില്‍ മിന്നി മറഞ്ഞു.

'മക്കള്‍ എന്തു പറയുന്നു? എന്തൊക്കെയുണ്ട് അവരുടെ വിശേഷങ്ങള്‍?' ഈ കുശലാന്വേഷണങ്ങള്‍ രാജേന്ദ്രന്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയെന്നു തോന്നുന്നു. അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

'അവരൊക്കെ ഈ കിഴവന്‍ അച്ഛനെ ഉപേക്ഷിച്ച് അവരുടെ വഴിക്കു പോയി സാറേ... രണ്ടു പേരും വിദേശത്ത് സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞറിഞ്ഞു. ഇളയവന്‍ അപൂര്‍വമായെങ്കിലും വിളിക്കാറുണ്ടായിരുന്നു, രണ്ടു മൂന്നു വര്‍ഷം മുമ്പു വരെ. 'പൈസയ്ക്കു വേണ്ടിയാണ് അവന്‍ വിളിക്കുന്നതെങ്കിലും ഞാന്‍ അതും പ്രതീക്ഷിച്ച് ഇരിക്കുമായിരുന്നു. ഇപ്പോള്‍ അവന് അവിടെ ജോലിയായി. ഇനിയെന്തിന് ഈ അച്ഛന്‍ എന്ന് അവനും തോന്നിക്കാണും. ഇപ്പോള്‍ അവന്റെ വിളിയും ഇല്ല. സാറിനറിയാമല്ലോ എല്ലാം... അല്ലേ! ഞാനും സതിയും ചോരനീരാക്കി പണിചെയ്താണ് രണ്ടു മക്കളെയും പഠിപ്പിച്ചതും വളര്‍ത്തി വലുതാക്കിയതും. മുണ്ടു മുറുക്കിയുടുത്ത് വിശപ്പടക്കിയാണ് ഞാന്‍ മൂത്തവളെ പഠിപ്പിക്കാനുള്ള പണം സ്വരൂപിച്ചിരുന്നത്. സാറ് ഓര്‍ക്കുന്നില്ലേ അവളെ എന്‍ട്രന്‍സ് കോച്ചിങ്ങിന് വിടാന്‍ പെട്ട പാട്! സതിയുടെ ചികില്‍സയും ഇവരുടെ പഠനവും എല്ലാം കൂടി ഞാന്‍ തകര്‍ന്നുപോയിരുന്നു. പക്ഷേ, മനസ്സില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു- മക്കള്‍ വളര്‍ന്ന് വലിയവരാകുന്ന ആ ദിവസം. അതു വരെ മതിയല്ലോ ഈ പ്രാരാബ്ധങ്ങളൊക്കെ എന്ന്. എന്നാല്‍, എല്ലാം വെറുതെയായി ഡോക്ടറേ... സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയായി എന്നു തിരിച്ചറിഞ്ഞ നിമിഷം തന്നെ അവര്‍ ഞങ്ങളെ ഉപേക്ഷിച്ച് ചിറകു വിടര്‍ത്തി പറന്നു പോയി. എവിടെയായാലും അവര്‍ സുഖമായി ജീവിക്കുന്നു എന്നറിഞ്ഞാല്‍ മതി. അതു മാത്രം മതി ഡോക്ടറേ... എനിക്ക് സന്തോഷമാണ്...'

രാജേന്ദ്രന്റെ മനസ്സ് ഒന്നു ശാന്തമായെന്നു തോന്നുന്നു. ഒരു അച്ഛന്റെ വിലാപം. എന്റെ മനസ്സിലെ അച്ഛനും അസ്വസ്ഥനാകുന്നുണ്ടായിരുന്നു.

'ഭര്‍ത്താവും മരിച്ചാലും ഒരു സ്ത്രീ ജീവിതവുമായി മുന്നോട്ടുപോകും. പക്ഷേ, ഭാര്യ മരിച്ചാല്‍ പുരുഷന്‍ ഒറ്റയ്ക്ക് അധികകാലം മുന്നോട്ടു പോകാനാവില്ല.' അമ്മയുടെ ശബ്ദമാണ് എന്റെ ചെവിയില്‍ അപ്പോള്‍ മുഴങ്ങിയത്. അതിന്റെ കൂടെത്തന്നെ ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു - വര്‍ഷങ്ങള്‍ക്കു മുമ്പ് ചികില്‍സ തേടിയെത്തിയ സതിയുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു. കാല്‍നടയായി വീടുവീടാന്തരം കയറിയിറങ്ങി തുണിക്കച്ചവടം നടത്തിയിരുന്നവള്‍. തയ്യലും അറിയാവുന്നതു കൊണ്ട് കുറേ മെച്ചമുണ്ട് സാറേ- സതി പറയുമായിരുന്നു. ആറാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു മക്കള്‍ അവര്‍ക്ക് ജീവനായിരുന്നു.

കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ രാപകലില്ലാതെ കഷ്ടപ്പെട്ടിരുന്ന ആ അമ്മ തളര്‍ന്നുപോയ വേളയിലാണ് അവര്‍ ചികില്‍സ തേടി എന്റെയടുത്തെത്തിയത്. കുട്ടികളെ വളര്‍ത്തി വലുതാക്കാനുള്ള വെമ്പലിനെക്കുറിച്ച് അവര്‍ പറയുമ്പോള്‍ ഞാന്‍ പറയാറുണ്ട് - കുറച്ചൊക്കെ സ്വന്തം ആരോഗ്യം നോക്കണ്ടേ... ആരോഗ്യമുണ്ടെങ്കിലല്ലേ മക്കളെ നന്നായി നോക്കാനാവൂ...

അപ്പോള്‍ ഒരു ചിരിയോടെ സതി പറയും. ഓടയില്‍ നിന്ന് എന്ന പുസ്തകത്തിലെ പപ്പുവിനെ സാറ് ഓര്‍ക്കുന്നില്ലേ! ഞാനും അതുപോലെ ഓട്ടമാണ്. റിക്ഷ ഇല്ല എന്നേയുള്ളൂ. ചികില്‍സയൊക്കെ പൂര്‍ത്തിയായെങ്കിലും സാറിനെ ഞാന്‍ ഇടയ്ക്കിടെ കാണാന്‍ വരുന്നത് എന്റെ മനസ്സിലെ ഭാരം ഒന്ന് ഇറക്കി വെക്കാനാണ്. എന്റെ പരാധീനതകള്‍ കേട്ട് സാറിന് ബോറടിക്കുന്നുണ്ടാവും അല്ലേ...

സതി ചോദിക്കുമ്പോള്‍ ഒന്നു ചിരിക്കാനല്ലാതെ ഒന്നും പറയാന്‍ എനിക്ക് കഴിയാറില്ല. എന്റെ കഷ്ടപ്പാടിന് ഫലമുണ്ടായി സാറേ... മകള്‍ നഴ്‌സിങ് പാസ്സായപ്പോള്‍ സതി ആ സന്തോഷം പങ്കിടാന്‍ ഓടിയെത്തി. ആശുപത്രിയിലുടനീളം ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി നടന്ന് എല്ലാവരോടും അവര്‍ ആ ആഹ്ലാദം പങ്കു വെക്കുന്നുണ്ടായിരുന്നു. മകള്‍ക്ക് വിദേശത്ത് ജോലി കിട്ടിയപ്പോളും ആഹ്ലാദം പങ്കുവെച്ച് സതി ഓടിയെത്തിയിരുന്നു. സാറേ... ഞാന്‍ എന്റെ കഷ്ടപ്പാടുകള്‍ പറയാനാണ് ഓടിയെത്താറുള്ളത്. ഇനി അതു വേണ്ടി വരില്ല. അമ്മുവിന് ജോലിയായി. ഇനി ഒന്നു നടുനിവര്‍ത്താം... ചിരിച്ചു കൊണ്ടാണ് അന്ന് അവര്‍ യാത്ര പറഞ്ഞിറങ്ങിയത്.

'പറക്കാറായപ്പോള്‍ അവള്‍ എന്നെ വിട്ട് പറന്നകന്നു സാറേ...' മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം കണ്ണീരോടെയാണ് അവര്‍ മുറിയില്‍ വന്നത്. കൂടെ ജോലി ചെയ്തിരുന്ന ഒരാളെയും വിവാഹം കഴിച്ച് ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് മകള്‍. അതുകൊണ്ട് ഇപ്പോള്‍ അമ്മയെ സഹായിക്കാവുന്ന അവസ്ഥയല്ല എന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. എനിക്കു വേണ്ടിയല്ല സാറേ ഞാന്‍ പണം ചോദിച്ചത്. അവളുടെ അനിയനെ എന്‍ജിനീയറിങ്ങ് പഠനത്തിനു ചേര്‍ക്കാന്‍ പണം വേണമായിരുന്നു. അവളുടെ സ്വന്തം അനിയനു വേണ്ടിയാണല്ലോ എന്നോര്‍ത്താണ് ഞാന്‍ ചോദിച്ചത്. അവനെയും സാറിന് അറിയാമല്ലോ. ഉഴപ്പാതെ പഠിച്ചിരുന്നെങ്കില്‍ അവന് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയേനേ. ഇനി അവനാണ് ഒരാശ്വാസം... രണ്ടാമത്തെ മകന്റെ വിശേഷങ്ങള്‍ പറഞ്ഞ് ആ അമ്മ യാത്ര പറഞ്ഞിറങ്ങി.

സതിയുടെ ഓട്ടത്തിന് മാറ്റമൊന്നുമുണ്ടായില്ല. മോന്‍ ഫൈനല്‍ ഈയര്‍ ആയി. ഈ വര്‍ഷം കൂടെ ഒന്നു കഴിഞ്ഞു കിട്ടിയാല്‍ മതി. പക്ഷേ, സാറേ... അവന് എന്നെ പുച്ഛമാണ്. തയ്യല്‍ക്കാരിയും തുണിക്കച്ചവടക്കാരിയുമായ അമ്മയെ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവന് നാണക്കേട്. പിന്നെ, ഇടിഞ്ഞു പൊളിഞ്ഞ ഞങ്ങളുടെ വീടും. അതിനാല്‍, രാത്രി വളരെ വൈകി ഉറങ്ങാന്‍ മാത്രമേ അവന്‍ വീട്ടിലെത്താറുള്ളൂ. പിന്നെ അവനാവശ്യപ്പെട്ട ബൈക്ക് വാങ്ങിക്കൊടുക്കാന്‍ എന്റെ കൈയില്‍ പൈസയുമില്ലായിരുന്നു. അതോടെ അവന് എന്നോട് ശത്രുതയുമായി. ശപിക്കപ്പെട്ട ഒരു ജീവിതമാണല്ലേ സാറേ എന്റേത്. അവര്‍ സങ്കടത്തോടെ ചോദിച്ചത് ഉത്തരത്തിനു വേണ്ടിയായിരുന്നില്ലല്ലോ.

എന്‍ജിനീയറിങ്ങ് പൂര്‍ത്തിയാക്കുമ്പോഴേക്കു തന്നെ ആ മകനും ജോലിയായി. സ്‌കൂള്‍ കാലം മുതലേ ഉള്ളതാണ് അവന്റെയൊരു പ്രണയം. അവളുടെ അച്ഛനമ്മമാര്‍ വിദേശത്താണ്. അവനും കല്യാണം കഴിച്ച് അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. ഞാന്‍ എന്തു പറയും സാറേ. ആ അമ്മ സ്വയമറിയാതെ നിന്ന് കരയുകയായിരുന്നു.

മക്കള്‍ തിരസ്‌കരിച്ചതിന്റെ വേദന കൊണ്ടു കൂടിയാവണം. ആ അമ്മയ്ക്ക് രോഗത്തെ അതിജീവിക്കാനായില്ല. രണ്ടു മക്കളും വിദേശത്ത് നല്ല നിലയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ രാജേന്ദ്രന്‍ ഒറ്റയ്ക്കായിപ്പോയി. രോഗം കൊണ്ടു വലയുന്നവര്‍ക്ക് ഒരു സഹായിയായി, ചെറിയ കച്ചവടങ്ങളും വലിയ ഓര്‍മകളുമായി ആ അച്ഛന്‍.