
ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ആറര മണിയായി. നിനക്ക് തിരികെ വീട്ടിലെത്തേണ്ടേ? അമ്മൂമ്മ കാത്തിരിക്കുകയായിരിക്കും. ഇതുകേട്ട് ലയ ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു. 'ഇനിയും അരമണിക്കൂര്‍ ബാക്കിയുണ്ട്. രാവിലെ പത്ത് മണി മുതല്‍ രാത്രി 7 മണി വരെ -9 മണിക്കൂര്‍. അത്രയും സമയം ഞാന്‍ ഡോക്ടറെ അനുഗമിക്കണം -ഡോക്ടറുടെ കൂടെയുണ്ടാകണം. ഇതാണ് എനിക്ക് സ്‌കൂളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.'
ഷാഡോയിങ്ങ് അല്ലേയുള്ളു. നീ ഏഴു മണിവരെ ഇവിടെ ഇരിക്കുന്നുണ്ടോ, ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ ആര് നിരീക്ഷിക്കാനാണ്. നീ പഠിക്കുന്ന ഗള്‍ഫിലെ സ്‌കൂളിലെ ഒരു ഈച്ചപോലും ഈ പ്രദേശത്തൊന്നുമില്ല. ദിവസം മുഴുവനും ലുലുമാളില്‍ പോയി കറങ്ങിയിട്ട് ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ പോലും ആരറിയാന്‍.
Also Read
ഞാന്‍ വിജയ ഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു. ഇല്ല, ഒരിക്കലുമില്ല. ഐ ഹാവ് ടു സിറ്റ്... എനിക്കങ്ങനെ ചെയ്യാന്‍ സാധിക്കില്ല. ഒരിക്കലുമില്ല -ഒരിക്കലുമില്ല -അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ നിന്റെ വായില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചതു തന്നെ നീ പറഞ്ഞു -അവളുടെ പുറത്ത് തട്ടിക്കൊണ്ടു ഞാന്‍ പറഞ്ഞു.
സത്യസന്ധത, ആത്മാര്‍ത്ഥത ഇതൊക്കെ അന്യംനിന്നു പോയ ഒരു കാലഘട്ടത്തിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. എന്നാലും ലയയെപ്പോലെ ചുരുക്കം ചിലരെങ്കിലും ഉണ്ടാകുമല്ലോ..
പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് മറ്റൊരു മുഖമായിരുന്നു. അടുത്ത് ഇടപഴകിയവര്‍ക്കാര്‍ക്കും മറക്കാന്‍ സാധിക്കാത്ത ഒരു മുഖം. അത് ഇരുപത് വര്‍ഷത്തോളം എന്റെ കൂടെ ജോലി ചെയ്ത ഡോക്ടര്‍ ലിസ്സിയുടേതായിരുന്നു.
രാവിലെ ഒന്‍പതു മണി എന്നൊരു സമയമുണ്ടെങ്കില്‍ ലിസ്സി ആശുപത്രിയില്‍ എത്തിയിരിക്കും. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തുന്ന ചുരുക്കം ചില ഡോക്ടര്‍മാരില്‍ ഒരാള്‍. താന്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ കൃത്യതയോടെ, ആത്മാര്‍ഥതയോടെ, സത്യസന്ധമായി, സന്തോഷത്തോടെ ചെയ്തു തീര്‍ക്കണമെന്ന നിര്‍ബന്ധങ്ങള്‍ ലിസ്സിയെ മറ്റ് ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പല കുട്ടി ഡോക്ടര്‍മാരുമായി ലിസ്സിക്കുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയും ഇതിന്റെ പേരില്‍ത്തന്നെയായിരുന്നു.
'സാറേ, ഇപ്പോഴത്തെ പിള്ളേര്‍ ഭയങ്കര ഉഴപ്പാണ്. ഒരാളും കൃത്യസമയത്ത് ഒ.പി.യില്‍ വരില്ല. രോഗികളെ പരിശോധിക്കില്ല. കേസ് ഷീറ്റില്‍ എന്തെങ്കിലുമൊക്കെ എഴുതിവെക്കും. ഇതാ, ഇതു കണ്ടോ.' കയ്യിലിരിക്കുന്ന ഫയല്‍ എന്റെ നേരെ നീട്ടിക്കൊണ്ട് ലിസ്സി പറയും. 'ആരും വഴക്ക് പറയാത്തതുകൊണ്ടാ ഇങ്ങനെ അവരൊക്കെ ഉഴപ്പുന്നത്. സാറെന്താ ഒന്നും മിണ്ടാത്തേ... ഇനി രാവിലെ നേരത്തെ വരില്ല. ഉഴപ്പാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്തിനാ ഞാന്‍ മാത്രം ഇങ്ങനെ കഴുതയെപ്പോലെ പണിയെടുക്കുന്നത്...' ഒരു ദീര്‍ഘനിശ്വാസത്തോടെ ലിസ്സി പറഞ്ഞു തീർക്കും. പക്ഷെ അടുത്ത ദിവസം രാവിലെ ഒന്‍പതു മണിക്ക് കൃത്യമായി ലിസ്സി ഓഫീസില്‍ എത്തിയിരിക്കും.
'നമ്മളൊന്നും ഇങ്ങനെയല്ലായിരുന്നു അല്ലേ സാറേ? രോഗികളെയെല്ലാം പരിശോധിച്ച് കഴിയാതെ നമ്മള്‍ സൊറ പറഞ്ഞിരിക്കാനോ ചായ കുടിക്കാനോ പോവാറില്ല. കുട്ടി ഡോക്ടര്‍മാര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല. തോന്നുമ്പോള്‍ വരും. തോന്നുമ്പോള്‍ പോകും. എല്ലാം അവര്‍ക്ക് തോന്നുന്നപോലെ. ഇവരൊക്കെ ഭാവിയില്‍ എന്താകുമോ എങ്ങിനെ ആകുമോ.. '
ഞാന്‍ മൗനം ഭജിച്ചിരുന്നാല്‍ ലിസ്സിയുടെ മുഖം ചുവന്ന് തുടുക്കും. കണ്ണും നിറയും. 'ഞാന്‍ പറഞ്ഞു മടുത്തു. സാറെന്തെങ്കിലും ചെയ്യ്...'
ദേഷ്യത്തോടെ പുറത്തേക്കിറങ്ങിപ്പോകുന്ന ലിസ്സി അഞ്ച് മിനിറ്റിനകം തിരികെ വരും.
ലിസ്സി ഡോക്ടര്‍ ഇല്ലാത്ത ആശുപത്രിയിലേക്ക് വരാന്‍ മനസ്സ് അനുവദിക്കുന്നില്ല. കഴിഞ്ഞ ആഴ്ച ഗുരുവായൂരില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ലളിത പറഞ്ഞു. വാര്‍ഡ് നമ്പര്‍ ഏഴില്‍ കിടന്ന് ചികിത്സ കഴിഞ്ഞുപോയ രോഗികളുടേയും ബന്ധുക്കളുടേയും മനസ്സ് അങ്ങനെ തന്നെയായിരിക്കും. ആ വാര്‍ഡിന്റെ ചുമതല ലിസ്സിക്കായിരുന്നു. ഓരോ രോഗിയുടെയും മനസ്സ് അടുത്തറിഞ്ഞുകൊണ്ട് അവരുമായി ഇടപഴകിയതുകൊണ്ട് അവരുടെ മനസ്സില്‍ ഒരിക്കലും ഓര്‍മയായി ആ മുഖം തെളിഞ്ഞു നിന്നു.
ക്ഷീണം, നടുവേദന എന്നൊക്കെ പറയുന്ന ദിവസങ്ങളില്‍പ്പോലും തന്റെ ജോലി മുടക്കമില്ലാതെ ചെയ്തിരുന്നതുകൊണ്ട് ലിസ്സിക്ക് എന്തെങ്കിലും അസുഖമുള്ളതായി ഞങ്ങളാരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ 'മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം സ്ഥിരീകരിച്ചപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അത്ഭുതമായിരുന്നു.
'ഞാന്‍ ഓര്‍ത്തോയെ കണ്ടു സാറേ.' രണ്ട് കാലിലും നെയിലിങ് ചെയ്യേണ്ടിവരും. അല്ലെങ്കില്‍ ഒടിയാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇനി കുറച്ചു ദിവസത്തേക്ക് ഞാന്‍ ആശുപത്രിയില്‍ വരില്ല -ലിസ്സിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞ് അഞ്ചാം ദിവസം വീല്‍ ചെയറില്‍ ഡോക്ടര്‍ ലിസ്സി എത്തിയത് ആശുപത്രി ജീവനക്കാര്‍ക്കെല്ലാം അത്ഭുതമായിരുന്നു. ഞാന്‍ ഒ.പി.യില്‍ ഇരുന്ന് രോഗികളെ നോക്കിക്കോളാം. എനിക്ക് വയ്യ ഇവിടെ നിന്ന് മാറിനില്‍ക്കാന്‍. വരേണ്ടെന്ന് സാറ് പറയരുത്.
ലിസ്സിയുടെ മനസ്സ് അറിയാവുന്ന ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു -ലിസ്സിയുടെ ലൈഫ് ആശുപത്രിയും രോഗികളുമാണ്. അതുകൊണ്ട് ആശുപത്രിയില്‍ വരണം. ഞങ്ങളെല്ലാവരും കൂടെയുണ്ട്. റേഡിയേഷനും കീമോ തെറാപ്പിയും വേദനസംഹാരികളുമായി ചികിത്സ തുടര്‍ന്നു. കര്‍മമാണ് തന്റെ ധര്‍മം എന്ന് തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കാം ഇതൊന്നും ലിസ്സിയുടെ ശരീരത്തെയും മനസ്സിനെയും തളര്‍ത്തിയില്ല.
വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. ഇടക്കിടെ ചെറിയ ചികിത്സകള്‍ ഉണ്ടായിരുന്നെങ്കിലും അസുഖത്തെക്കുറിച്ച് ലിസ്സിക്ക് ഭയമില്ലായിരുന്നു. ഓര്‍മിപ്പിക്കാന്‍ ഞങ്ങളും ശ്രമിക്കാറില്ലായിരുന്നു.
ഓണം, ക്രിസ്മസ്സ്, വിഷു, ആശുപത്രി ദിനാഘോഷം, പിറന്നാളുകള്‍ എല്ലാ ആഘോഷാവസരങ്ങളിലും ഒന്നാം വരിയില്‍ ഒരു ചെറുപുഞ്ചിരിയോടെ ആ മുഖമുണ്ടായിരുന്നു. എല്ലാ പരിപാടിക്കും കേക്ക് മുറിക്കാന്‍ ഇപ്പോള്‍ സാറ് എന്നെത്തന്നെയാണ് വിളിക്കുന്നത്. അടുത്ത വര്‍ഷം ഞാന്‍ 'കാണില്ല' എന്ന് വിചാരിച്ചിട്ടായിരിക്കുമെന്നു തോന്നുന്നു ഒരു നിമിഷം ഞങ്ങളെല്ലാവരും സബ്ധരായി നിന്നുപോയി. അങ്ങനെ പറയരുത് ലിസ്സി മേഡം -പലരുടേയും സ്വരം ഉച്ചത്തില്‍ കേള്‍ക്കായിരുന്നു.
അറംപറ്റിയ വാക്കുകള്‍. മാസങ്ങള്‍ക്ക് ശേഷം ലിസ്സിയുടെ അസുഖം പൂര്‍വാധികം ശക്തിയോടെ തിരികെ വന്നു.
കഴിഞ്ഞൂ സാറേ..., ഇനി ഞാന്‍ രക്ഷപ്പെടില്ല - ലിസ്സിയുടെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ ശ്രദ്ധിച്ചു.
'മാഡം അങ്ങനെ പോയാല്‍ പറ്റില്ല. ഇവിടെ രാവിലെ രോഗികളെ കാണാന്‍ ആരെങ്കിലും വേണ്ടേ?' രതി സിസ്റ്റര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. 'മാഡം എവിടെ പോകാന്‍.. ആശുപത്രിയെക്കുറിച്ച് ചിന്തിച്ചു കൊണ്ട് എവിടെപ്പോയാലും മാഡം തിരികെ വരും.' സബീന സിസ്റ്റര്‍ പറഞ്ഞു. 'രണ്ടാഴ്ചത്തെ മരുന്ന് കൊണ്ട് പ്രശ്‌നങ്ങളൊക്കെ മാറും -മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ അല്ലേ സാറേ...' മേഴ്‌സി സിസ്റ്റര്‍ ചിരിയടക്കിക്കൊണ്ട് പറഞ്ഞു. സാറെന്നോട് വീട്ടില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞ് വിടരുത്. ആശുപത്രിയില്‍ വരാതിരുന്നാല്‍, ജോലി ചെയ്യാതിരുന്നാല്‍... ഞാന്‍ ശ്വാസംമുട്ടി മരിച്ച് പോകും. ലിസിയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.
ലിസ്സിയുടെ ഹിതം പോലെ തന്നെ ഒരു ദിവസം പോലും അവധിയെടുക്കാതെ ചികിത്സ തുടര്‍ന്നുകൊണ്ടേയിരുന്നു. വെള്ളിയാഴ്ച കുത്തിവെപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങുന്ന സമയത്താണ് ഞാന്‍ ലിസ്സിയുടെ മുറിയിലേക്ക് ചെന്നത്. 'ഇന്നെനിക്ക് വളരെ ആശ്വാസമുണ്ട്. ഈ കോഴ്‌സ് മരുന്ന് കഴിഞ്ഞല്ലോ. ഞാന്‍ തിങ്കളാഴ്ച ഒ.പിയില്‍ വരാം. ശനിയും ഞായറും വിശ്രമമെടുക്കട്ടെ.' ലിസ്സി പതിവിനേക്കാള്‍ പ്രസന്നവതിയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറു മണിയായിക്കാണും, 'സാറേ മേഡത്തിന് നെഞ്ചുവേദനയും ശ്വാസംമുട്ടും. സാറൊന്ന് സംസാരിക്കൂ....' ലിസ്സിയുടെ ജോലിക്കാരിയുടെ ഫോണ്‍ കോളായിരുന്നു. 'ഞാന്‍ ആസ്പത്രിയില്‍ എത്തുമെന്ന് തോന്നുന്നില്ല. പോവുകയാ...' പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല.
'നീ ലിസ്സി ഡോക്ടറെ ഓര്‍ക്കുന്നുണ്ടോ?' ഏതോ സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നുപോയ ഞാന്‍ ലയയെ നോക്കിചോദിച്ചു. 'കൃത്യമായി ഓര്‍ക്കുന്നു. ഞാന്‍ ആസ്പത്രിയില്‍ ചികിത്സക്കായി കിടക്കുന്ന സമയത്ത് ഡോക്ടര്‍ എന്നും കാണാന്‍ വരുമായിരുന്നു. മിക്കവാറും എനിക്കുള്ള ഒരു മിഠായിയും കോട്ടിന്റെ പോക്കറ്റില്‍ കാണും.'
നിനക്കന്ന് ഒമ്പത് വയസ്സുപ്രായം. നിന്റെ അസുഖം എന്തായിരുന്നുവെന്ന് അറിയാമോ? 'അക്യൂട്ട് ലിംഫൊസൈറ്റിക് ലൂക്കീമിയ.' എന്റെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലായിരുന്നു.
'ലിസ്സി ഡോക്ടര്‍ മരിച്ചത് ഞാനറിഞ്ഞത് ഇന്നലെയാണ്. കുറേ കരഞ്ഞു. അമ്മയാണ് കുറേ നേരം കൂടെയിരുന്ന് എന്നെ ആശ്വസിപ്പിച്ചത്.'
നീ ലിസ്സി ഡോക്ടറെപ്പോലെയാകണം. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യണം. അമ്മയുടെ ആ വാക്കുകള്‍ ഞാന്‍ നിറവേറ്റും. ലയയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഊന്നലുണ്ടായിരുന്നു.
നിനക്ക് നല്ലതേ വരൂ. ഞാന്‍ ലയയുടെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു. ഡോക്ടറുടെ പ്രാര്‍ഥനയും അനുഗ്രഹവും എന്നും എനിക്ക് വേണ്ടി ഉണ്ടാകണം. ചിരിച്ചു കൊണ്ട് അവള്‍ നടന്നു നീങ്ങി.
Content Highlights: dr vp gangadharan column snehaganga
Published: 30 Jul 2023, 04:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented