
കഴിഞ്ഞയാഴ്ച്ച ഒരു ടി.വി. ചാനലിൽ കണ്ട ചർച്ചയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. എല്ലാ സ്വകാര്യ ആശുപത്രികളും കഴുത്തറപ്പൻ കച്ചവട സ്ഥാപനങ്ങളാണ് എന്നു പറഞ്ഞാണ് ആ ചർച്ച തുടങ്ങിയതു തന്നെ. എല്ലാ ഡോക്ടർമാരും കച്ചവടലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്നവരാണ്. ഡോക്ടർമാർ രോഗികളോട് അസുഖത്തിന്റെ യഥാർഥ സ്ഥിതി വിവരിച്ചു കൊടുക്കണം, രോഗികളുടെ ബന്ധുക്കളോടും എല്ലാം തുറന്നു പറയണം... ആ ചർച്ച അങ്ങനെ നീണ്ടു നീണ്ടു പോകുന്നുണ്ടായിരുന്നു. ആ വേദിയിൽ ചില കാര്യങ്ങൾ പറയാൻ പറ്റിയിരുന്നെങ്കിലെന്ന് എനിക്കു തോന്നിപ്പോയി. ഒരു ഡോക്ടർ പോലും ചർച്ചയിൽ ഇല്ലല്ലോ എന്ന് ചിന്തിച്ചു പോയി.
എല്ലാ ആശുപത്രികളും ദേവാലയങ്ങളാണെന്നോ എല്ലാ ഡോക്ടർമാരും വിശുദ്ധരാണെന്നോ സ്ഥാപിക്കാനല്ല ഞാൻ ഇതെഴുതുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ അനുദിനം കടന്നു പോകുന്ന സാഹചര്യങ്ങൾ അറിയുന്നതു കൊണ്ട് ഇത്തരം ചർച്ചകളുടെ മറുവശമുണ്ട് എന്ന സത്യാവസ്ഥ കുറച്ചു പേരെങ്കിലും അറിയുന്നത് നന്നായിരിക്കും എന്നു തോന്നിയതു കൊണ്ടു മാത്രമാണ് ഇവിടെ ഈ വരികളെങ്കിലും കുറിച്ചിടണം എന്നു തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ ഒരു ഡോക്ടറുടെ നിസ്സഹായവസ്ഥ കൂടി ആളുകൾ അറിയേണ്ടതുണ്ട് എന്നു തോന്നി.
Also Read
*************************************
രോഗി എന്റെ അച്ഛനാണ്... സാറ് അച്ഛനോട് രോഗത്തെക്കുറിച്ച് ഒന്നും തുറന്നു പറയരുതേ. മനസ്സിന് ഒട്ടും ധൈര്യമില്ലാത്തയാളാണ്. അസുഖമാണെന്നറിഞ്ഞാൽ അതോടെ എല്ലാം തീരും. ഇതൊന്നും താങ്ങാനുള്ള ശേഷി അദ്ദേഹത്തിനില്ല. ഈ മുഖവുരയോടെ ചികിത്സയ്ക്കായി എന്റെയടുത്തെത്തുന്ന ആളുകൾ നിരവധിയാണ്. രോഗി അമ്മയോ ഭാര്യയോ മക്കളോ സഹോദരീ സഹോദരന്മാരോ ആരു വേണമെങ്കിലുമായേക്കാം എന്നു മാത്രം.
രോഗിയോട് എന്തെങ്കിലും സംസാരിച്ചു തുടങ്ങുമ്പോൾത്തന്നെ ഒന്നും പറയരുത് എന്ന് ആംഗ്യം കാണിച്ച് കൈകൂപ്പുന്ന ബന്ധുക്കൾ മിക്കപ്പോളും ചുറ്റിലുമുണ്ടാകും. രോഗിയെ പുറത്ത് ഇരുത്തിയിട്ട് ബാക്കികാര്യങ്ങൾ സംസാരിക്കാം എന്നു ശഠിക്കുന്നവരുമുണ്ട്. പുറത്തിരിക്കുന്ന രോഗിയുടെ ആകാംക്ഷയോ ആശങ്കയോ മാനസികാവസ്ഥയോ ഒന്നും അവർക്ക് പ്രശ്‌നമല്ല. എല്ലാം ശരിയാകും, അസുഖം മാറും എന്നു മാത്രം ഡോക്ടർ പറഞ്ഞാൽ മതി എന്ന് നമുക്ക് നിർദേശവും തരും.
ഡോക്ടർ പറയേണ്ട കാര്യം ഞാനല്ലേ പറയേണ്ടത്, അതിലങ്ങനെ നുണ പറയാനൊന്നും പറ്റില്ല എന്ന് ഒഴിഞ്ഞു മാറേണ്ടി വന്ന അവസരങ്ങൾ വളരെയേറെ.
*********************************
രോഗിക്ക് സാറിനെ അറിയാം. സാറാണ് ചികിൽസിക്കുന്നത് എന്നറിഞ്ഞാൽ, കാൻസറാണെന്ന് മനസ്സിലാകും. അതു കൊണ്ട് സാറിന് രോഗിയെ കാണാതെ ചികിൽസിക്കാൻ പറ്റിയാൽ നന്നായിരുന്നു. അസുഖം ഇതാണെന്ന് അറിഞ്ഞാൽ... ' ശരി ' എന്ന എന്റെ ഉത്തരം പ്രതീക്ഷിച്ചു നിൽക്കുന്നവരും അപൂർവമല്ല.
മണിക്കൂറുകൾക്കുള്ളിൽ മാറി മാറി വരുന്ന ബന്ധുക്കളാണ് മറ്റൊരു പ്രശ്‌നം. എല്ലാവർക്കും രോഗിയെക്കുറിച്ച് എല്ലാം അറിയണം. അവർക്കിടയാലാണെങ്കിലോ പരസ്പരം സംസാരിക്കാറില്ലാത്തവരും ഒക്കെയുണ്ടാവുകയും ചെയ്യും. കൂട്ടത്തിൽ പരസ്പര വൈരികളുണ്ടെങ്കിൽ വിഷയം വീണ്ടും സങ്കീർണമാകും. ഡോക്ടർ അവളോട് ഒന്നും തുറന്നു പറയണ്ട. അമ്മയുടെ മരണശേഷം സ്വത്തുക്കൾ അടിച്ചു മാറ്റാൻ നടക്കുന്നവളാണവൾ. എന്റെ കൂടെപ്പിറപ്പായിപ്പോയി. ഇല്ലെങ്കിൽ ഞാൻ അവളെ... രോഷം പലപ്പോളും ഒരു പല്ലുകടിയിൽ ഒതുങ്ങും. അത്തരത്തിൽ ഒരു വഴക്കിനിടയിൽ പെട്ട് കോടതി കയറേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട് എനിക്ക്.
മരണാസന്നമായ നിലയിൽ കിടക്കുന്ന സ്വന്തം ഡാഡിയെയോ മമ്മിയെയോ ഒരു നോക്കു കാണണമെന്ന ഉദ്ദേശ്യത്തോടെ ഓടിയെത്തുന്ന പ്രവാസികളാണ് മറ്റൊരു കൂട്ടർ. അവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചൊന്നും വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
അമേരിക്കയിൽനിന്നോ മറ്റോ വരുന്ന പ്രവാസിയാണെങ്കിൽ പ്രശ്‌നം അതിരൂക്ഷമായിരിക്കും. ഇന്ത്യയിലെ ഡോക്ടർമാരെയും ആശുപത്രികളെയും പരമപുച്ഛമായിരിക്കും അവർക്ക്. അമേരിക്കയിലെ ആശുപത്രികളെക്കുറിച്ചും ചികിൽസാ രീതികളെക്കുറിച്ചും വാതോരാതെ പറഞ്ഞു കൊണ്ടിരിക്കും. ഐ.സി.യുവിൽ കിടക്കുന്ന രോഗിയെ കാണാതെ തന്നെ തന്റെ സുഹൃത്തായ ഡോക്ടർ അമേരിക്കയിൽനിന്ന് നിർദേശിച്ച ചികിൽസാ രീതികളൊക്കെ നടപ്പാക്കണമെന്ന് അവർ ശഠിക്കും. അതിനു വിസമ്മതിച്ചാൽ ഡോക്ടർക്കെതിരേ ആരോപണങ്ങളായി, പരാതികളായി. ഒരാഴ്ചയ്ക്കകം ഇത്തരക്കാർ അപ്രത്യക്ഷരാവുകയും ചെയ്യും. തിരികെ പോകാനുള്ള വിമാന ടിക്കറ്റുമായി എത്തുന്ന ഇക്കൂട്ടർ ഒരു കാരണവശാലും യാത്ര മാറ്റി വെക്കാറില്ല എന്നതാണ് ആശ്വാസം. സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ മാസങ്ങളോളം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്ന കാര്യം അവർ സൗകര്യപൂർവം മറക്കും.
******************************
രോഗി അത്യാസന്ന നിലയിലാണ്, വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നു എന്നു മാത്രമേയുള്ളൂ. എപ്പോൾ വേണമെങ്കിലും അപകടമാകാം... എന്നൊക്കെയുള്ള കാര്യങ്ങളെല്ലാം വിശദമായിത്തന്നെ ഒരു രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചു. എല്ലാം കാര്യമായി കേട്ടു മനസ്സിലാക്കിയ ശേഷം അവർ ചോദിച്ചത് എന്നാലും കുഴപ്പമൊന്നുമില്ലല്ലോ അല്ലേ ഡോക്ടർ എന്നാണ്. രോഗിയുടെ നില അല്പമൊന്നു മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞു പോയാൽ പിന്നെ പ്രശ്‌നം അതിലും രൂക്ഷമാവും. ആ രോഗി മരണപ്പെട്ടാൽ ബന്ധുക്കൾ കയർക്കും- അപ്പോൾ ഡോക്ടറല്ലേ പറഞ്ഞത് അസുഖം മാറിയെന്ന്. എന്നിട്ട് ഇപ്പോൾ...
****************************
ചിലർ ഏതു പരിശോധനയെയും മരുന്നുകുറിപ്പുകളെയും സംശയത്തിന്റെ നിഴലോടെ മാത്രം കാണുന്നവരാണ്. എല്ലാ ഡോക്ടർമാരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ. അതെ, സമൂഹം മാറി. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പാടേ മാറി. ഡോക്ടർമാരും മാറിക്കൊണ്ടിരിക്കുന്നു. സ്വന്തം രക്ഷയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു തരം ഡിഫൻസീവ് മെഡിസിൻ എന്നു പറയാവുന്ന ചികിൽസാ രീതി സ്വീകരിക്കേണ്ടി വരുന്ന ഡോക്ടർമാരുടെ ഈ മാറ്റം ആരോഗ്യരംഗത്തിനു തന്നെ അപകടമാണ്.
***************************
ഇതൊക്കെയാണെങ്കിലും ഡോക്ടർമാരാകാൻ തയ്യാറെടുക്കുന്നവരും കുട്ടി ഡോക്ടർമാരും അറിയാൻ വേണ്ടി, ഇതെഴുതുന്ന നിമിഷം വരെയുള്ള എന്റെ അനുഭവം മുന്നിൽ നിർത്തി പറയട്ടേ, നമുക്ക് ജീവിതത്തിൽ ഇത്രമാത്രം സന്തോഷം തരുന്ന മറ്റൊരു പ്രൊഫഷൻ ഇല്ല. നിങ്ങളുടെ ചികിൽസയിലൂടെ ജീവിതത്തിലേക്കു തിരികെ എത്തുന്ന ഓരോ രോഗിയും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അവർ നിങ്ങളെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഒരു വിഭാഗം പേരാകട്ടെ നിങ്ങളെ ആരാധിക്കുന്നു. നമുക്കെതിരേ തിരിയുന്നവർ നന്നേ വിരളമായിരിക്കും. ബഹുഭൂരിഭാഗം പേരും നമുക്കൊപ്പം തന്നെയായിരിക്കും. അത് മനസ്സിൽ കുറിച്ചിടുക. കഴിഞ്ഞ 45 വർഷത്തെ എന്റെ അനുഭവത്തിൽനിന്ന് ഞാൻ പറയുന്നു- നിങ്ങൾക്ക് ഒരൊറ്റ രോഗിയെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്താനായാൽ മതി, അതു കൊണ്ടു തന്നെ ജീവിതം ധന്യമാകും. അതിനുള്ള അവസരങ്ങൾ നിറഞ്ഞതാണ് ഡോക്ടറുടെ ജീവിതം.
Content Highlights: dr vp gangadharan column on challenges faced by doctors
Published: 06 Jun 2023, 12:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented