
ഈ വര്‍ഷത്തെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2023 നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കേരളത്തില്‍ നിന്നുള്ള ഗംഗാധരന്! ആദ്യത്തെ 40 റാങ്കില്‍ കേരളത്തില്‍നിന്നുള്ള പത്തുപേര്‍ ഇടം നേടി.അതില്‍ ഏഴുപേരും പെണ്‍കുട്ടികള്‍. കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗംഗാധരനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗംഗാധരന്റെ വീട്ടിലെത്തി വിദ്യാഭ്യാസ മന്ത്രി അഭിനന്ദനം അറിയിച്ചു...
എനിക്കു വിശ്വസിക്കാനാകുന്നില്ല! ഒന്നാം റാങ്കോ! എനിക്കോ! എല്ലാ ദിനപത്രങ്ങളിലും ഒന്നാം പേജില്‍ത്തന്നെ ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ മുഖം. പത്രങ്ങളും ഒരു മലയാളിയുടെ വിജയത്തില്‍ ആഹ്ലാദിക്കുകയാണ്. പത്രങ്ങള്‍ വിവിധ തലക്കെട്ടില്‍ വാര്‍ത്തയെഴുതി. വിജയിക്ക് അമ്മയുടെ ചക്കരമുത്തം, ആഹ്ലാദം പങ്കുവെച്ച് അച്ഛന്‍ മധുരം നല്‍കുന്നു. പത്താം ക്ലാസ്സില്‍ രണ്ടു വട്ടം തോറ്റിട്ടും പതറാതെ മുന്നേറിയ ഗംഗാധരന്‍! റാങ്ക് മെച്ചപ്പെടുത്തി രണ്ടാം പ്രാവശ്യം വിജയിച്ചു മുന്നേറിയ ഒരു കൊച്ചുമിടുക്കന്‍, തെരുവുവിളക്കിനടിയില്‍ ഇരുന്ന് പഠിച്ച് റാങ്ക് നേടിയ നാട്ടുകാരുടെ കൊച്ചു ഗംഗ, പകല്‍ തട്ടുകട, രാത്രി പഠനം-ഒന്നാം റാങ്ക് നേടി കൊച്ചുമിടുക്കന്‍. കോച്ചിങ് സെന്ററിലൊന്നും പോകാതെ ഒന്നാം റാങ്ക്, അമ്മയാണ് ഗുരു! കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ
എ.ഐ.ഐ.എം.എസിലേക്ക്... തലക്കെട്ടുകള്‍ അങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടിരുന്നു.
Also Read
എന്റെ വീട്ടിലേക്ക് നാട്ടുകാരും വീട്ടുകാരും കക്ഷിരാഷ്ട്രീയം മറന്ന് രാഷ്ട്രീയക്കാരും ഇരച്ചു കയറി. റോസാപ്പൂക്കളുമായാണ് പഞ്ചായത്തു പ്രസിഡന്റും മെമ്പര്‍മാരും എത്തിയത്. അടുത്ത പഞ്ചായത്തിലെ പ്രസിഡന്റും വന്നത് ഒറ്റയ്ക്കല്ല. പരീക്ഷ കഴിയുന്നതുവരെ നീ താമസിച്ചിരുന്നത് ഞങ്ങളുടെ പഞ്ചായത്തിലല്ലേ! ഇവന്‍ ഞങ്ങളുടെ കുട്ടിയാണ്. എവിടെ പൊന്നാട? പൊന്നാട അണിയിച്ചു കൊണ്ട് പ്രസിഡന്റ് അവകാശം ഉന്നയിച്ചു.
വിവിധ കോച്ചിങ് സെന്ററുകളുടെ പ്രതിനിധികള്‍ നിരനിരയായി വീട്ടിനുള്ളിലേക്കു കടന്നുവന്നു. കൈയിലൊരു മൈക്കും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി ഓരോ കോച്ചിങ് സെന്ററിനു വേണ്ടിയും സുന്ദരിക്കുട്ടികള്‍ എത്തിയിരുന്നു. ഞങ്ങളുടെ പൊന്‍മുത്ത്... ഈ മിടുക്കന്‍. നാല്പതു വര്‍ഷമായി എല്ലാക്കൊല്ലവും ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്ഥാപനം ഈ വര്‍ഷവും മാറ്റു തെളിയിച്ചു. കുട്ടി ഏതായാലും ഞങ്ങളുടെ സ്ഥാനപനത്തിലെത്തിയാല്‍... രണ്ടാം വട്ടം ഒന്നാം റാങ്ക്- കോച്ചിങ് സെന്റര്‍ മാറിയപ്പോള്‍ റാങ്ക് ഒന്നായിമാറി.. ചിട്ടയായ പഠനവും പരീക്ഷയും അതാണ് ഞങ്ങളുടെ വിജയമന്ത്രം...
സുന്ദരിക്കുട്ടികള്‍ അവതരണത്തിലെ തങ്ങളുടെ കഴിവു തെളിയിച്ചു കൊണ്ടിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന അരനിക്കറുകാരന്‍ അത് വീഡിയോയിലേക്കു പകര്‍ത്തുന്നുണ്ടായിരുന്നു. ഞാനും ഒട്ടും മോശക്കാരനായില്ല. ഉരുവിട്ടു പഠിച്ചതു പോലെ സുന്ദരിക്കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. ദിവസവും അന്നന്നത്തെ പാഠങ്ങള്‍ മുടങ്ങാതെ പഠിക്കും. അതു മതി പരീക്ഷയില്‍ വിജയിക്കാന്‍. ഒരിക്കലും ഒന്നാം റാങ്കു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിനു നന്ദി! റാങ്കുണ്ടാവുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഒന്നാം റാങ്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല...
''തരികിട'' കോച്ചിങ് സെന്ററാണ് എന്റെ വിജയശില്പി. അവിടത്തെ അന്തരീക്ഷവും എന്നെ പഠിപ്പിച്ച സാറന്മാരും എന്റെ കൗണ്‍സിലര്‍മാരും മെന്റര്‍മാരും- ഞാന്‍ അവരോട് നന്ദി പറയുന്നു. ഏതു പാതിരാത്രിക്കും എനിക്ക് വിളിക്കാന്‍ സ്വാതന്ത്ര്യം തരികയും എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരികയും ചെയ്തുകൊണ്ടിരുന്ന ഗൗതമന്‍ സാറിന് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. എന്റെ പഠനത്തില്‍ എന്നെ സഹായിച്ചു കൊണ്ടിരുന്ന അച്ഛന്‍, അമ്മ, ചേച്ചി, എന്റെ അനിയന്‍, എനിക്കു വേണ്ടി പ്രാര്‍ഥിച്ച അയല്‍ക്കാര്‍, നാട്ടുകാര്‍... എല്ലാവരോടും നന്ദി അറിയിക്കുന്നു. തൊഴുകൈയോടെ ഞാന്‍ വാക്കുകള്‍ മനസ്സില്‍ പറഞ്ഞു- നിങ്ങളില്ലെങ്കില്‍ ഞാനില്ല. നിങ്ങളില്ലാതെ എനിക്കെന്തു നീറ്റും എം.ബി.ബി.എസും!
അടുത്ത ദിവസത്തെ ദിനപത്രങ്ങളുടെ ആദ്യ പേജ് കീഴടക്കിയത് നീറ്റ് പരീക്ഷാ കോച്ചിങ് സെന്ററുകളായിരുന്നു. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരുടെ ചിത്രങ്ങളെക്കാള്‍ അവരുടെ വിജയത്തിന്റെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള കോച്ചിങ് സെന്ററുകളുടെ പേരുകളാണ് തെളിഞ്ഞു കണ്ടത്. കണ്ണട വീണ്ടും വീണ്ടും തുടച്ചു കൊണ്ട് ഞാന്‍ നോക്കി. എല്ലാ കോച്ചിങ് സെന്ററുകളും എന്റെ വിജയത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത് വിശ്വസിക്കാനാകുന്നില്ല.
ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി. അതേ, ഒന്നാം റാങ്കിന്റെ താഴെ എന്റെ പേരു തന്നെ. ഞങ്ങളുടെ മിടുക്കന്‍... വീണ്ടും ഞങ്ങള്‍ നേടി. തോല്‍ക്കില്ല ഞങ്ങള്‍... വര്‍ഷങ്ങളുടെ പരിചയസമ്പത്തില്ല..പക്ഷേ, ഞങ്ങള്‍ നേടി. തളരാത്ത അധ്യാപകരാണ് ഞങ്ങളുടെ വിജയം. പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കില്ല ഞങ്ങള്‍... തലക്കെട്ടുകള്‍ ഓരോന്നായി വായിച്ചു കൊണ്ടിരുന്ന ഞാന്‍ ഞെട്ടിപ്പോയി. എല്ലായിടത്തും എന്റെ മുഖമാണ്. പക്ഷേ, ഒരിടത്തും എന്റെ മുഖം പൂര്‍ണമായി കാണിച്ചിട്ടില്ല.
ഒരിടത്ത് എന്റെ രണ്ടു കണ്ണുകള്‍ മാത്രം. എല്ലാ റാങ്കുകാരുടെയും അങ്ങനെ തന്നെ എന്നു കണ്ടപ്പോള്‍ സമാധാനമായി. ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ, - അല്ല, ഞങ്ങളുടെ ചുണ്ടുകള്‍ മാത്രം മറ്റൊരിടത്ത്. ഈ കാല്‍പ്പാദങ്ങള്‍ പിന്തുടരുക, നിങ്ങള്‍ക്കും നേടാം ഉന്നത റാങ്കുകള്‍. അവിടെ ഞങ്ങളുടെ കാല്‍പ്പാദങ്ങള്‍ മാത്രമേ ചിത്രങ്ങളായുണ്ടായിരുന്നുള്ളൂ. തങ്ങള്‍ നുണ പറഞ്ഞ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ല എന്നു സ്ഥാപിക്കാനുള്ള ഒരു എളിയ ശ്രമമായിട്ടേ ഞാന്‍ അതിനെ കണക്കാക്കിയുള്ളൂ.
ഞങ്ങള്‍ക്കു മാത്രമായി ഒരു എക്സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ തരണം. കുടുംബാംഗങ്ങള്‍ എല്ലാവരും വേണം. നാളെ രാവിലെ പത്തുമണിക്ക് ഞങ്ങള്‍ വീട്ടില്‍ വരാം. പ്രമുഖ ചാനലിന്റെ ഈ ക്ഷണം എനിക്കു നിരസിക്കാനായില്ല. എന്നോടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ എന്ത് ഉത്തരം പറയും എന്ന വെപ്രാളം അമ്മയ്ക്കായിരുന്നു. രാത്രി മുഴുവന്‍ അച്ഛനും അമ്മയും കഴിഞ്ഞ വര്‍ഷത്തെ റാങ്കുജേതാക്കളുടെ ഉത്തരങ്ങള്‍ മനപ്പാഠമാക്കുകയായിരുന്നു.
സമയം രാവിലെ പത്തുമണി. ഞാന്‍, അച്ഛന്‍, അമ്മ, ചേച്ചി, അനിയന്‍ എല്ലാവരും കുളിച്ചൊരുങ്ങി അഭിമുഖത്തിനു തയ്യാറായി നിന്നു. രണ്ടാം റാങ്കുകാരിയുടെ വീട്ടിലായിപ്പോയി. അതാണ് വരാന്‍ താമസിച്ചത് എന്ന ക്ഷമാപണ മുഖവുരയോടെയാണ് ഒരു സുന്ദരിക്കുട്ടിയടക്കം നാലു പേര്‍ പൂമുഖത്തേക്കു കയറിയത്.
ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് 2023-ലെ നീറ്റ് പരീക്ഷാ ജേതാവ് ഗംഗാധരന്റെ വീട്ടിലാണ്. സുന്ദരിക്കുട്ടി തപ്പലും തടസ്സവുമില്ലാതെ കൈയിലുണ്ടായിരുന്ന മൈക്ക് അല്പം ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു. ഇതാ ഈ വീടു മുഴുവനും കളിയിലും പഠനത്തിലും ഒരു പോലെ മിടുക്കനായ ഗംഗാധരനു ലഭിച്ച കപ്പുകളും മെഡലുകളും കൊണ്ടു നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് നിങ്ങള്‍ കാണുന്നത്.
കൂടെ വന്ന അരനിക്കറുകാരന്റെ ക്യാമറ ചുമരുകളിലേക്കു തിരിഞ്ഞു. ഇതൊന്നും ചേട്ടന്റെയല്ല... കളങ്കമില്ലാത്ത മനസ്സിനുടമയായ നാലാം ക്ലാസ്സുകാരന്‍ അനിയന്‍ വിളിച്ചു പറഞ്ഞത് ആരും കേട്ടില്ലെന്നു തോന്നുന്നു. അതേ കേള്‍ക്കാത്ത ഭാവത്തില്‍ നിന്നതോ എന്നറിയില്ല. ബാക്കി പറയാന്‍ സമ്മതിക്കാതെ അമ്മ അവന്റെ വായ് പൊത്തി.
ഒരു ഡോക്ടറാകണം എന്ന ആഗ്രഹം ആദ്യമായി ഗംഗാധരന്‍ പ്രകടിപ്പിച്ചത് എന്നാണ്?
ഇതിനുത്തരം അമ്മ തന്നെ പറയട്ടെ! സുന്ദരിക്കുട്ടി അമ്മയുടെ നേരേ തൊടുത്തുവിട്ട ഒന്നാമത്തെചോദ്യം.
പ്രതീക്ഷിച്ചിരുന്ന ചോദ്യം പോലെ അമ്മയൂടെ മുഖത്ത് ഒരു പുഞ്ചിരി. കൈയിലിരുന്ന കടലാസ് നിവര്‍ത്തിനോക്കി അമ്മ പറഞ്ഞു- അവന്‍ എന്റെ വയറ്റില്‍, ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്നപ്പോള്‍ത്തന്നെ. ഉത്തരം കേട്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി. അമ്മ വീണ്ടും കൈയിലിരുന്ന കടലാസിലേക്കു നോക്കി. തെറ്റുപറ്റിയിട്ടില് എന്ന് ഉറപ്പാക്കി അമ്മ വീണ്ടും പറഞ്ഞു- പൂര്‍ണ ഗര്‍ഭിണിയായിരുന്ന എന്റെ വയറ്റത്തു കൈ വെച്ചു കൊണ്ട് അദ്ദേഹം പറയുമായിരുന്നു ഈ വയറ്റില്‍ കിടക്കുന്നത് മോനാണെങ്കില്‍ അവനെ പഠിപ്പിച്ചു പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്ന്.
അതു കേട്ട് അവന്‍ അകത്തു കിടന്ന് മൂളുമായിരുന്നു. തെറ്റാതെ പറഞ്ഞു തീര്‍ത്തോഎന്ന് ഉറപ്പു വരുത്താന്‍ അമ്മ വീണ്ടും കടലാസിലേക്കു നോക്കി. പത്മവ്യൂഹത്തിന്റെയും അഭിമന്യുവിന്റെയും കാര്യം പറയുന്നതു പോലെ... പുരാണങ്ങളിലെ തന്റെ പാണ്ഡിത്യം കൂടി തെളിയിക്കാന്‍ ശ്രമിച്ചു അമ്മ.
പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു- പത്മവ്യൂഹം... പത്മവ്യൂഹം... അഭിമന്യു... അഭിമന്യു.. പുറത്തു കടക്കണം... അലറിക്കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. ചുറ്റും ചാനലുകാരില്ല. അച്ഛനും അമ്മയുമില്ല... അമ്മേ.. ഞാന്‍ അറിയാതെ വിളിച്ചു പോയി.
സമാധാനത്തോടെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ... മൂടിപ്പുതച്ച് സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന രമയും എഴുന്നേറ്റു. ഞാന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ രമ പറഞ്ഞു- ഓരോ ക്ലാസ്സിലും ജാക്കി വെച്ച് പൊക്കി കയറ്റിവിട്ടിരുന്ന ആളാണ്. എന്നിട്ടിപ്പോള്‍ നീറ്റ് റാങ്ക് കിട്ടിയത് സ്വപ്നം കാണുന്നു. കഷ്ടം തന്നെ കാര്യം! വയസ്സ് എഴുപതാകാറായി. താടിയും മുടിയും നരച്ചു. എന്‍ട്രന്‍സ് പരീക്ഷയെക്കുറിച്ചു സ്വപ്നംകാണാന്‍ പറ്റിയ പ്രായം തന്നെ.
മധുര സ്വപ്നങ്ങള്‍ കാണാന്‍ പ്രായപരിധിയൊന്നുമില്ലല്ലോ എന്നു പറയാന്‍ ഞാന്‍ തുടങ്ങിയതാണ്. അതിനു സാവകാശം തരാതെ, രമ പറഞ്ഞു- കുട്ടിയല്ലേ.. പ്രാര്‍ഥിച്ചിട്ട് കിടന്ന് ഉറങ്ങാന്‍ നോക്ക്. രമ പുതപ്പിനടിയിലേക്കു കയറി സുഖമായി ഉറങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു.
Content Highlights: dr vp gangadharan sharing experience snehaganga column
Published: 21 Jul 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented