
തിരക്കുള്ള ഒരു തിങ്കളാഴ്ച. മധ്യവയസ്‌കരായ രണ്ട് സ്ത്രീകള്‍ എന്നെ കാണാന്‍ ആശുപത്രിയിലായ ഒ.പി. മുറിയിലേക്ക് കടന്നുവന്നു. ഡോക്ടറുടെ സുഹൃത്ത് അജി പറഞ്ഞിട്ടാണ് ഞങ്ങള്‍ വരുന്നതെന്ന മുഖവുരയോടെയാണ് അവര്‍ കടന്നുവന്നത്. എന്റെ മുന്നിലെ കസേരയില്‍ ഇരുന്ന അവര്‍ പരസ്പരം നോക്കി പുറകിലോട്ട് ചാരിയിരുന്നു. ആരാണ് രോഗി? എന്താണ് പ്രശ്‌നം? എന്റെ ചോദ്യം കേട്ട അവരില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന സ്ത്രീ കൈയിലിരുന്ന ബാഗില്‍ നിന്ന് ഒരു ഫയലെടുത്ത് എന്റെ നേരേ നീട്ടി. എന്റെ ഭര്‍ത്താവിനാണ് അസുഖം. സാറിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി വന്നതാണ്. കൂടെ വന്നിരിക്കുന്നത് ആരാണ് എന്ന എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ അവര്‍ തുടര്‍ന്നു. ഇത് ടീന എന്റെ സഹോദരിയാണ്. ഇവള്‍ വിദേശത്ത് നഴ്‌സാണ്. കുറച്ചു ദിവസത്തെ അവധിയില്‍ ഓടിയെത്തിയതാണ്. സാറ് ഫയല്‍ നോക്ക്. വളരെ ചിട്ടയോടെ തീയതി ക്രമത്തില്‍ അടുക്കി വെച്ചിരിക്കുന്ന ഫയല്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതില്‍ ശ്രദ്ധിക്കേണ്ട റിപ്പോര്‍ട്ടുകള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
ഏതൊരാശുപത്രി ഫയലിനെക്കാളും.... ഞാന്‍ പറഞ്ഞു തീരും മുമ്പേ അവര്‍ പറഞ്ഞു- ഞാനും വിദേശത്ത് നഴ്‌സായിരുന്നു സാര്‍...
ഭര്‍ത്താവും ഞാനും 20 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തു. തിരികെ നാട്ടിലെത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. രണ്ടു മക്കള്‍. അവര്‍ രണ്ടു പേരും വിദേശത്ത് ഡോക്ടര്‍മാരായി ജോലി ചെയ്യുന്നു. അപ്പോഴാണ് ഭര്‍ത്താവിന്... അവര്‍ക്ക് വാചകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
Also Read
ആ ഫയലിലെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും മറിച്ചു നോക്കിക്കൊണ്ടിരുന്നു. 2022 ഡിസംബറില്‍ കാന്‍സര്‍ സ്ഥിരീകരിച്ചതായുള്ള ഒരു റിപ്പോര്‍ട്ടിനുശേഷം ഇന്നലത്തെ ഒരു സ്‌കാനിങ്ങ് റിപ്പോര്‍ട്ട് മാത്രമേയുള്ളൂ. പത്തു മാസത്തിനു ശേഷമുള്ള ഒരു റിപ്പോര്‍ട്ട്. ചികില്‍സയുടെ കടലാസുകള്‍ ഒന്നും ഇതില്‍ കാണാനില്ലല്ലോ... ഫയല്‍ ചെയ്യാന്‍ മറന്നു പോയോ എന്നു വിചാരിച്ചാണ് ചോദിച്ചത്. അവര്‍ പരസ്പരം നോക്കി ചിരിച്ചു. എല്ലാ പേപ്പറും ആ ഫയലിലുണ്ട്. രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ചികിത്സയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതിലില്ലല്ലോ... ഫയല്‍ വീണ്ടും മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.
അതിനു ഞങ്ങള്‍ ചികിത്സയൊന്നും എടുത്തിട്ടില്ലല്ലോ! അവരുടെ വാക്കു കേട്ട് അത്ഭുതത്തോടെ ഞാന്‍ അവരെ നോക്കി.
അതെന്തു പറ്റി? എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞത് ടീനയാണ്. ചികിത്സ വേണ്ടെന്നു തീരുമാനിച്ചു. ഇപ്പോള്‍ അസുഖം കൂടി എന്നു തോന്നിയപ്പോളാണ് സ്‌കാന്‍ ചെയ്ത് സാറിന്റെ അഭിപ്രായം അറിയാന്‍ വന്നത്.
ശരിയാണ്. സ്‌കാനില്‍ അസുഖം വളരെ കൂടിയതായാണ് കാണുന്നത്. രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആ സ്‌റ്റേജൊക്കെ കടന്നുപോയി. പത്തു മാസത്തിനു മുമ്പായിരുന്നെങ്കില്‍ ഒരു പക്ഷേ..., ഞങ്ങള്‍ക്കതു കേള്‍ക്കണ്ട സാറേ! അവര്‍ ഇടയ്ക്കു കയറിപ്പറഞ്ഞു. ഞങ്ങള്‍ അന്ന് ചികില്‍സ വേണ്ടെന്നു തീരുമാനിച്ചതാണ്. ഇനി ഒരു പോസ്റ്റ്‌മോര്‍ട്ടം വേണ്ടാ.
അവര്‍ രണ്ടു പേരും അസ്വസ്ഥരാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്നാലും നിങ്ങള്‍ രണ്ടു പേരും ആരോഗ്യപ്രവര്‍ത്തകരായിട്ട്... നഴ്‌സുമാരായിട്ട്... ചികിത്സ വേണ്ടെന്നു വെച്ചത് കഷ്ടമായിപ്പോയി. അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും അല്ലേ? ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
അദ്ദേഹത്തിന്റെ തീരുമാനമല്ല സാറേ. ഞങ്ങളുടെയും തീരുമാനമല്ല. ദൈവത്തിന്റെ തീരുമാനമായിരുന്നു. ദൈവം പറഞ്ഞു ചികിത്സിക്കേണ്ടെന്ന്. ഞങ്ങള്‍ അനുസരിച്ചു. അത്രയേ ഉള്ളൂ. ഞാന്‍ അത്ഭുതത്തോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു പോയി. അവരുടെ മുഖത്ത് ഒരു കുറ്റബോധവുമില്ലായിരുന്നു. പകരം ഒരു ചാരിതാര്‍ഥ്യമുള്ള മുഖഭാവമായിരുന്നു.
ഇനി ഇപ്പോള്‍... ചികിത്സിച്ചാലും രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുനാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കും. അതറിഞ്ഞു കൊണ്ട് ചികിത്സിക്കുന്നതു തന്നെയാണ് നല്ലത്. എന്റെ വാക്കുകള്‍ അവര്‍ക്ക് സുഖിച്ചില്ലെന്നു തോന്നുന്നു.
ഇല്ല സാറേ. ഞങ്ങള്‍ സാറിന്റെ അഭിപ്രായം കേള്‍ക്കാന്‍ വേണ്ടി മാത്രം വന്നതാണ്. ഇപ്പോഴും തീരുമാനം ചികിത്സിക്കേണ്ട എന്നു തന്നെയാണ്. ഇതും ദൈവത്തിന്റെ തീരുമാനം തന്നെയാണ്. ഞങ്ങള്‍ അത് അനുസരിക്കും.
ഞങ്ങളൊക്കെ ദൈവവിശ്വാസികള്‍ തന്നെയാണ്. ഓരോ ദിവസവും ആശുപത്രിയിലേക്ക് ഇറങ്ങും മുമ്പ് ദൈവത്തോട് പ്രാര്‍ഥിക്കും- ദൈവമേ എന്റെ രോഗികളെ കാത്തോളണേ എന്ന്. എന്റെ കൈയബദ്ധം മൂലം ഒരു രോഗിക്കും ആപത്തുണ്ടാവരുതേ എന്ന്. പഠിച്ച ശാസ്ത്രം വേണ്ട സമയത്ത് വേണ്ട വിധത്തില്‍ പ്രയോഗിക്കാന്‍ ബുദ്ധിയും ശക്തിയും തരണേ എന്ന്. ഞാന്‍ എല്ലാ രോഗികളോടും പറയാറുണ്ട് പ്രാര്‍ഥിക്കണം, ദൈവത്തോടു പ്രാര്‍ഥിക്കണം എന്ന്. നിങ്ങള്‍ ദൈവവിശ്വാസിയല്ലെങ്കില്‍, നമുക്കു മേലേ ഒരു ശക്തിയുണ്ട് എന്നു വിചാരിച്ച് പ്രാര്‍ഥിക്കണം എന്ന്. പക്ഷേ, അസുഖം വരുമ്പോള്‍ നിങ്ങള്‍ എടുത്ത തീരുമാനം ദൈവത്തിന്റെ പേരിലാക്കുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. അതിനോട് യോജിക്കാനുമാവില്ല. രോഗശുശ്രൂഷയ്ക്കും രോഗശാന്തിക്കുമായാണ് ദൈവം ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നത്. ചികിത്സയ്ക്കുള്ള സാധ്യത ഉണ്ടായിട്ടും ചികിത്സിക്കാതെ ഒഴിഞ്ഞുമാറുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ദൈവനിന്ദയാണ്. ദൈവത്തെ ധിക്കരിക്കുന്ന ഒരവസ്ഥയാണ്... എന്റെ പ്രസംഗം ഒരു അധികപ്രസംഗമായോ എന്നു സംശയിച്ച് ഞാന്‍ ധന്യ സിസ്റ്ററിന്റെ മുഖത്ത് നോക്കി.
സാറ് എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ദൈവത്തിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സാറിന്റെ അഭിപ്രായം എന്തായിരിക്കും എന്നറിയാന്‍ വേണ്ടി മാത്രം വന്നതാണ്. നീരസഭാവത്തോടെയാണ് അവര്‍ പുറത്തിറങ്ങിപ്പോയത്.
ഇത്തരത്തില്‍ എത്രയെത്ര ജീവിതങ്ങള്‍ ദൈവത്തിന്റെ പേരില്‍ ഹോമിക്കപ്പെടുന്നു എന്നോര്‍ത്തപ്പോള്‍ മനസ്സിലൊരു ഭാരം. പ്രാര്‍ഥന കൊണ്ടു മാത്രം കാന്‍സര്‍ മാറും എന്ന് പറഞ്ഞുകൊണ്ടു നടന്നിരുന്ന ഒരു സ്തനാര്‍ബുദരോഗിയുടെ മുഖം മനസ്സില്‍ തെളിഞ്ഞുവന്നു. രക്തം വാര്‍ന്നുകൊണ്ടിരുന്ന വ്രണങ്ങള്‍ നെഞ്ചത്തു പേറി നടക്കുമ്പോളും അവര്‍ക്ക് മറിച്ചു ചിന്തിക്കാനാവില്ലായിരുന്നു. താങ്ങാനാകാത്ത വേദനയുമായാണ് അവസാനം അവര്‍ എന്നെ കാണാന്‍ വന്നത്. നട്ടെല്ലിനെ ബാധിച്ച രോഗാവസ്ഥയിലും അവരുടെ വിശ്വാസത്തില്‍ മാറ്റമില്ലായിരുന്നു. വേദന കുറയാനുള്ള ചികിത്സയ്ക്ക് സമ്മതിച്ചെന്നു മാത്രം.
ഓതിക്കെട്ടിയ ചരടുനല്‍കി കാന്‍സര്‍ രോഗം മാറ്റുന്നവര്‍, സമൂഹപ്രാര്‍ഥനയ്ക്കിടയില്‍ അവരുടെയിടയില്‍ നിന്ന് ഒരു കാന്‍സര്‍ രോഗിയുടെ പേരു വിളിച്ചു പറഞ്ഞ് സൗഖ്യം പ്രഖ്യാപിക്കുന്നവര്‍, ഹിമാലയത്തില്‍ നിന്നുള്ള ഉപ്പും തീര്‍ഥജലവും കൊടുത്ത് ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ രോഗം സുഖപ്പെടുത്തുന്നവര്‍,...ആ പട്ടിക അങ്ങനെ നീണ്ടു നീണ്ടു പോകുന്നു. ഇവരെല്ലാം ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ എന്നാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്. തങ്ങളുടെ അസുഖം മാറി എന്നു കരുതിയിരിക്കുന്ന ഇവര്‍ അവസാനഘട്ടത്തില്‍ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്.
നിന്റെയടുത്തെത്തുന്ന എല്ലാ കാന്‍സര്‍ രോഗികളെയും നീ രക്ഷപ്പെടുത്താറുണ്ടോ...- ഈ ചോദ്യം ഉയര്‍ന്നത് എന്റെ മനസ്സില്‍ നിന്നു തന്നെ ആയിരുന്നു. ഉത്തരവും എന്റെ മനസ്സിന്റേതു തന്നെ ആയിരുന്നു. - ഇല്ല, ഒരിക്കലുമില്ല. ഞാന്‍ പഠിച്ച ഒരു ശാസ്ത്രം വേണ്ട സമയത്ത് വേണ്ട വിധത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം അമാനുഷികമായ ഒരു കഴിവുമില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. മരണവും ജീവിതവും എന്റെ കൈകളിലല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിലൂടെ മാത്രമേ ഒരു ഡോക്ടര്‍ പക്വതയുള്ള ഡോക്ടറായി രൂപാന്തരപ്പെടുന്നുള്ളൂ. തന്റെ വിജയങ്ങളില്‍ അമിതമായി സന്തോഷിക്കാതെയും പരാജയങ്ങളില്‍ വഴിവിട്ട് മനസ്സ് മനസ്സ് തളരാതെയും ഡോക്ടറുടെ പ്രൊഫഷനല്‍ ജീവിതം മുന്നോട്ടുപോകുന്നതു തന്നെ നിയന്ത്രിക്കാന്‍ ഒരു അദൃശ്യശക്തിയുണ്ടെന്ന വിശ്വാസത്തിലൂന്നിത്തന്നെയാണ്. ആ ശക്തി ഒരു മനുഷ്യന്റെയും സ്വകാര്യ സ്വത്തല്ല. എല്ലാ മനുഷ്യര്‍ക്കും എല്ലാ മതങ്ങള്‍ക്കും അവകാശപ്പെട്ടതു തന്നെ അത്. പല പേരില്‍ പല രൂപത്തില്‍ അറിയപ്പെടുന്നു എന്നു മാത്രം.
നാം സ്വയം എടുക്കുന്ന ചില തീരുമാനങ്ങള്‍, പ്രത്യേകിച്ചും അത് തെറ്റായിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ ആ പഴി ഈ മഹാശക്തിയുടെ തീരുമാനമാണ് എന്ന് നാം വ്യാഖ്യാനിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമാണ്. അതു തന്നെയാണ് ഇവിടെ നിന്റെ രോഗിയും ചെയ്തിരിക്കുന്നത്.... എനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത കുറേ ശബ്ദങ്ങള്‍ ചെവിയില്‍ മുഴങ്ങി... തെല്ലിട ഞാന്‍ കണ്ണടച്ച് ധ്യാനത്തിലെന്നോണം ഇരുന്നുപോയി.
Content Highlights: dr vp gangadharan on faith based medical neglect
Published: 07 Nov 2023, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented