
വന്ദേഭാരതില്‍ വെയിറ്റിങ് ലിസ്റ്റില്‍ 17, രാജധാനി എക്‌സ്പ്രസ്സില്‍ സീറ്റൊഴിവുണ്ട്. ടിക്കറ്റ് എടുത്തേക്കട്ടേ... ഓ.കെ. എന്റെ ഉത്തരം ശ്രദ്ധിക്കാതെ അപ്പു തുടര്‍ന്നു- അഞ്ചു മിനിറ്റ് താമസിച്ച് എറണാകുളത്തുനിന്ന് യാത്ര തിരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് രാജധാനിയെക്കാള്‍ ഒരു മണിക്കൂര്‍ നേരത്തേ കോഴിക്കോട്ട് എത്തും. വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് എടുത്തേക്കട്ടേ.. അതിലെ തിരക്ക് അറിയാവുന്ന ഞാന്‍ വേണ്ടെന്നു പറഞ്ഞു. ഒരു ചെറിയ നിരാശ തോന്നി. എന്നാലും രാജധാനിയിലല്ലേ യാത്ര! മനസ്സ് സമാധാനിപ്പിച്ചു.
രാത്രി കോഴിക്കോട്ട് എത്തിയേ തീരൂ. ആശുപത്രിയില്‍ ജോലി തീര്‍ത്ത് തീവണ്ടി സമയത്തിന് 15 മിനിറ്റ് മുമ്പേ തന്നെ ഞാന്‍ സ്റ്റേഷനിലെത്തി. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിൽ ഒരു തീവണ്ടി കിടക്കുന്നുണ്ടായിരുന്നു. സാറേ വേഗം ചെല്ല്- രാജധാനിയാ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നത്. പരിചയക്കാരനായ പോര്‍ട്ടര്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. മിടുക്കന്‍. നേരത്തേ ഓടിയെത്തിയല്ലോ! രാജധാനി രാജാവു തന്നെ - മനസ്സിലോര്‍ത്തു. നീണ്ടുനിവര്‍ന്നു കിടക്കുന്ന തീവണ്ടിയുടെ ഒന്നാമത്തെ ബോഗി വരെ എനിക്ക് നടന്നെത്തണമായിരുന്നു. ചെറിയ ചാറ്റല്‍മഴ വകവെക്കാതെ ഞാന്‍ വേഗത്തില്‍ നടന്നു.
അന്തര്‍ ആയിയേ സാബ് (അകത്തേക്ക് വരൂ സാര്‍) എന്റെ ഇരിപ്പിടത്തിലേക്കുള്ള വഴി കാണിച്ചു തന്നു ഹിന്ദിക്കാരനായ ഒരു ചെറുപ്പക്കാരന്‍.
ക്യാ പിയേംഗേ സാബ്? ചായ് യാ കാഫി? ( കുടിക്കാന്‍ എന്തു വേണം സാര്‍ കാപ്പിയോ ചായയോ?) എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കൂപ്പെയുടെ വാതിലടച്ച് അവന്‍ നടന്നു നീങ്ങി. പറഞ്ഞു പഠിപ്പിച്ച, ശീലിപ്പിച്ച കുറച്ചു വാക്കുകള്‍... അതാണ് അവന്‍ എന്നോടും ആവര്‍ത്തിച്ചത്- മനസ്സ് പറഞ്ഞു. കൃത്യസമയത്തു തന്നെ തീവണ്ടി യാത്ര ആരംഭിച്ചു. എന്റെ കൂപ്പെയില്‍ ഞാന്‍ മാത്രം. കിടക്കവിരിയും തലയണും അടുത്തു തന്നെ വച്ചിരുന്നു. സുഖമായി കിടന്നുറങ്ങാം. വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടാഞ്ഞത് നന്നായി. മനസ്സില്‍ സന്തോഷം തോന്നി. അതിവേഗം പായുന്ന തീവണ്ടി. ജാലകത്തിലൂടെ അതിവേഗം പിന്നോട്ടോടുന്ന മരങ്ങള്‍. താരാട്ടുപാടി ഉറക്കുന്ന തീവണ്ടി. കണ്ണുകള്‍ മെല്ലെ അടഞ്ഞു. പുതപ്പു വലിച്ച് ദേഹത്തോട്ടിട്ട് ഞാന്‍ ഉറങ്ങി.
തീവണ്ടിയുടെ താരാട്ട് നിന്നുപോയതു കൊണ്ടായിരിക്കും ഞാന്‍ ഉറക്കമുണര്‍ന്നു. കണ്ണു തുറന്നപ്പോള്‍ കൈയിലൊരു ട്രേയുമായി ഹിന്ദിക്കാരന്‍ മുന്നില്‍. ആപ് കാ ഡിന്നര്‍ റെഡി. ആരാം സേ ഖാവോ. മേം വാപസ് ആ ജാവൂംഗാ... (താങ്കളുടെ ഡിന്നര്‍ റെഡി. സാവധാനം കഴിച്ചോളൂ. ഞാന്‍ പിന്നീട് വരാം.)
ഞാന്‍ പതുക്കെ കണ്ണു തിരുമ്മി എഴുന്നേറ്റു. ജനലിലൂടെ പുറത്തേക്കു നോക്കി. എങ്ങും ഇരുട്ട് മാത്രം. ആ ഇരുട്ട് വളരെ പരിചയമുള്ളതു പോലെ തോന്നി.
ആപ് കാ പാനി ഫൂല്‍ ഗയാ സാബ്... (താങ്കള്‍ക്കുള്ള വെള്ളം മറന്നു പോയി സാര്‍...) ഹിന്ദിക്കാരന്‍ വീണ്ടും.
യെ കോന്‍സാ സ്റ്റേഷന്‍ ഹൈ? ( ഇത് ഏതു സ്റ്റേഷനാണ്?) ഞാന്‍ തിരക്കി.
പതാ നഹി ഹൈ സാബ് (അറിയില്ല സാര്‍..)
ഹിന്ദിക്കാരന്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അടുത്തെങ്ങോ നിന്ന് ഒരു മലയാളി ശബ്ദം - ഇപ്പോള്‍ ഇതൊരു പതിവാ സാറേ. 15 മിനിറ്റോളം ഇനി ഇവിടെ കിടക്കും സാറേ, മൈലുകള്‍ താണ്ടേണ്ട ഈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്! വന്ദേഭാരത് എക്‌സ്പ്രസ്സിന് വഴി കൊടുക്കാനാണ് ഈ കിടപ്പ്. അതും ഒരേ ദിശയില്‍ പോകേണ്ട തീവണ്ടിക്കു വേണ്ടി. അതാകട്ടെ ഈ വണ്ടിയെ അപേക്ഷിച്ച് വളരെകുറച്ചു മാത്രം ഓടുന്ന വണ്ടിയും. കഷ്ടം! റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്തോന്ന് പ്ലാനിങ്ങാണിത്! സ്റ്റോപ്പുള്ള ഒരു സ്‌റേറഷനിലെങ്കിലും കൊണ്ടിട്ടിരുന്നെങ്കില്‍! എന്തൊക്കെയോ മുറുമുറുത്തു കൊണ്ട് അയാള്‍ നടന്നു നീങ്ങി.
അയാള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിവെച്ചു കൊണ്ട് ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വന്ദേഭാരത് അടുത്ത ട്രാക്കിലൂടെ കടന്നുപോയി. ഇതെന്തോന്ന് സൂപ്പര്‍ എക്‌സ്പ്രസ് എന്ന മട്ടില്‍ ഒരു ഹോണ്‍ അടിച്ച് രാജധാനിയെ കളിയാക്കി കണ്ണിറുക്കി കാണിച്ചുകൊണ്ടാണ് അതു പോയതെന്നു തോന്നി. നിമിഷങ്ങള്‍ക്കകം ഇരുട്ടിനെ തള്ളിമാറ്റിക്കൊണ്ട്, ഞാന്‍ യാത്ര ചെയ്തിരുന്ന തീവണ്ടിയും പതുക്കെ നീങ്ങിത്തുടങ്ങി. നേര്‍ത്ത വെളിച്ചത്തില്‍ ആ സ്റ്റേഷന്റെ ബോര്‍ഡ് വായിച്ചു-ഇരിഞ്ഞാലക്കുട. വെറുതെയല്ല ആ ഇരുട്ടു പോലും എനിക്ക് സുപരിചിതമായി തോന്നിത്തുടങ്ങിയത്. മനസ്സിന്റെ കോണില്‍ എന്റെ കുട്ടിക്കാലം തെളിഞ്ഞുവന്നു.
കോഴിക്കോട്ട് എത്തിയിട്ട് ഭക്ഷണം കഴിച്ചാല്‍ പോരേ? ഒരു ശങ്ക മനസ്സില്‍. കഴിഞ്ഞ രണ്ടു യാത്രകളില്‍ വന്ദേഭാരതിലെ ഭക്ഷണം '' പണി'' തന്നത് ഭീതിയോടെ ഓര്‍ത്തു. എന്തായാലും കഴിച്ചുനോക്കാം. തീരുമാനം ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഭക്ഷണം വളരെ നല്ലതായിരുന്നു. കോഴിക്കോട്ട് കുറച്ചു താമസിച്ച് എത്തിയാലെന്താ! വന്ദേഭാരതിനേക്കാള്‍ നല്ല ഭക്ഷണം കിട്ടിയില്ലേ! അതില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ല എന്ന മട്ടില്‍ പഴയ തമിഴ് പാട്ടിലെ വരികള്‍ ഞാന്‍ മൂളിക്കൊണ്ടിരുന്നു- പോനാല്‍ പോഹട്ടും പോടാ!
വീണ്ടും ഉറങ്ങാന്‍ കിടന്നു. തീവണ്ടി പതുക്കെ നിരങ്ങി നീങ്ങുകയാണെന്നു തോന്നി. ആരോടോ വാശി തീര്‍ക്കുന്ന പോലെ. എന്നാലും വണ്ടിയുടെ ആ ചെറിയ താരാട്ടു മതിയായിരുന്നു എന്നെ ഉറക്കത്തിലേക്കു തള്ളിവിടാന്‍.
തീവണ്ടികള്‍ക്കൊക്കെ ജീവന്‍ വെച്ചെന്നു തോന്നുന്നു. അവ പരസ്പരം വിരല്‍ ചൂണ്ടുന്നതും കളിയാക്കുന്നതും മനസ്സില്‍ തെളിഞ്ഞു വന്നു. വീണ്ടും വന്ദേഭാരതിനെ കാത്തു കിടക്കുന്ന രാജധാനി എക്‌സ്പ്രസ്. മണിക്കൂറൊന്നായി അവളെയും കാത്തുള്ള ഈ കിടപ്പ്. ഇതിലും ഭേദം തിരുവനന്തപുരത്തു തന്നെ കിടക്കുന്നതായിരുന്നു. അവള്‍ പോന്നിട്ട് പോന്നാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ കടന്നുപോകുമ്പോളുള്ള ജാടയും കാണണം. കേള്‍ക്കുമ്പോള്‍ കലിവരും. മുന്നിലെ ചുവന്ന വെളിച്ചം അവഗണിച്ചുകൊണ്ട് ഓടിക്കാണിച്ചു കൊടുത്താലോ എന്നു വരെ തോന്നിയിട്ടുണ്ട്. ദാ! വന്നെത്തിയെന്നു തോന്നുന്നു.
എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് രാജധാനി അവളെ കാണാത്ത മട്ടില്‍ മറുവശത്തേക്കു നോക്കിക്കൊണ്ടിരുന്നു. നോക്കെടാ... എന്ന മട്ടില്‍ മുന്‍വശത്തെ ലൈറ്റ് ചിമ്മിത്തെളിച്ചു കൊണ്ട് അട്ഞ്ഞ ശബ്ദത്തിലാണെങ്കിലും ഒരു കൂവലോടെ അവള്‍ കടന്നു പോയി. അതിനിടയില്‍ ആരൊക്കെയോ അവളുടെ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും രാജധാനി കണ്ടു. അവളുടെ ഈ സൗന്ദര്യമൊന്നും ശാശ്വതമല്ലല്ലോ. പണ്ട് ഞാന്‍ എത്ര സുന്ദരനായിരുന്നു! ചന്ദനക്കുറിയും പൂമാലയും ഒക്കെയുള്ള കന്നിയാത്ര! ഇപ്പോളോ... ദേഹമാകെ ചെളി പുരണ്ട്, തൊലിപ്പുറത്തെ വ്രണങ്ങളുമായി ആര്‍ക്കും വേണ്ടാതെ... അവളും ഒരുനാള്‍ എന്നെപ്പോലെയാകും! രാജധാനിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു തുളുമ്പി.
പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും... നീ ചിരിച്ചപ്പോള്‍ ഞങ്ങള്‍ അന്നു പറഞ്ഞില്ലേ... പരിചയമുള്ള കുറേ ശബ്ദങ്ങള്‍ കേട്ട് രാജധാനി കണ്ണീരോടെ തിരിഞ്ഞു നോക്കി. മുന്നില്‍ നിന്നിരുന്നത് കേരളാ എക്‌സ്പ്രസാണ്. ഞാന്‍ തിരുവനന്തപുരം മുതല്‍ ന്യൂഡെല്‍ഹി വരെ പച്ച ഉടുപ്പുമിട്ട് നല്ല ആഹാരവും നല്‍കി എന്നാല്‍ കഴിയുന്നത്ര വേഗത്തില്‍ എത്ര വര്‍ഷം മുമ്പേ ഓടിത്തുടങ്ങിയതാണ്! ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ഓടിയിരുന്ന ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി യാത്ര എല്ലാ ദിവസവുമാക്കി. അതുവരെ എറണാകുളത്തുനിന്ന് ഹസ്രത് നിസാമുദ്ദീന്‍ വരെ വലിയ വേഗമൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന ജയന്തി ജനതയെ ഞാന്‍ കളിയാക്കാറുണ്ടായിരുന്നു എന്നത് സത്യം! തമിഴ്‌നാട് എക്‌സ്പ്രസ്, എ.പി. എക്‌സ്പ്രസ്, കര്‍ണാടക എക്‌സ്പ്രസ്... അങ്ങനെ ഞങ്ങള്‍ രാജ്യതലസ്ഥാനത്തു നിന്ന് തെക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പറന്നെത്തിയിരുന്ന സഹോദരങ്ങളായ ഞങ്ങളുടെയൊക്കെ പ്രതാപം കെട്ടടങ്ങിയില്ലേ നിന്റെ വരവോടെ! ഇനി നീ അനുഭവിക്ക്... കേരള എക്‌സ്പ്രസ് പറഞ്ഞു നിര്‍ത്തി.
അങ്ങനെ വലിയ ധര്‍മിഷ്ഠനൊന്നും ചമയേണ്ട കേരള ചേട്ടാ! കുറേ ശബ്ദങ്ങള്‍ ഒരുമിച്ചു കേട്ടു. ചെന്നൈ മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, കോവൈ എക്‌സ്പ്രസ്, ചേരന്‍ എക്‌സ്പ്രസ്, - ഞങ്ങളെല്ലാം മൈലുകള്‍ താണ്ടിയുള്ള നിന്റെ പാച്ചിലിനെ അഭിനന്ദിച്ചിരുന്നവരാണ്. നിന്റെ വഴിക്ക് തടസ്സം സൃഷ്ടിക്കാതെ മാറി നിന്നവരുമാണ്. എന്നിട്ടും പരസ്പരം കടന്നുപോകുമ്പോള്‍ രാത്രിയാണെങ്കില്‍പോലും നീ ഞങ്ങളെ ഇരുത്താന്‍ വേണ്ടി ഒരു തരം ചിരിയോടെ കടന്നു പോകുന്നത് ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.
ചേട്ടന്മാരേ... നിങ്ങളും ശുദ്ധമനസ്‌കരൊന്നുമല്ല. ഞങ്ങള്‍ നീലഗിരി എക്‌സ്പ്രസ്, മംഗലാപുരം മെയില്‍... അങ്ങനെ പഴമക്കാര്‍ എത്രകാലമായി നിങ്ങളുടെ ആട്ടും തുപ്പും കേട്ട് കരഞ്ഞുകൊണ്ട് ജീവിക്കുന്നു എന്നറിയാമോ. ഞങ്ങള്‍ക്ക് ആരോടും ഒരു പരാതിയുമില്ല. ജനിച്ചു വീണപ്പോളേ അവഗണിക്കപ്പെട്ടവര്‍ - മലബാര്‍ എക്‌സ്പ്രസ്, കണ്ണൂര്‍ എക്‌സ്പ്രസ്... എന്നെ മംഗലാപുരം വരെ നീട്ടി എന്നതൊഴിച്ചാല്‍ സ്ഥിതി ഇപ്പോളും പഴയതു തന്നെ. കണ്ണൂര്‍ എക്‌സ്പ്രസ് കൂടുതല്‍ ഉച്ചത്തിലാണ് സംസാരിച്ചത്. ഇഴയാന്‍ വിധിക്കപ്പെട്ടവര്‍! അവര്‍ നെടുവീര്‍പ്പിട്ടു. ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല. വലിയ ശബ്ദങ്ങളില്ലാതെ ഓടാനുള്ള സംവിധാനം മാത്രം ഉണ്ടാക്കിത്തന്നാല്‍ മതി. ശൗചാലയങ്ങളിലെ ദുര്‍ഗന്ധം മാത്രം മാറ്റിത്തന്നാല്‍ മതി. ഞങ്ങള്‍ എവിടെ വേണമെങ്കിലും ഇപ്പോഴത്തെപ്പോലെ തന്നെ മണിക്കൂറുകള്‍ കാത്തുകിടന്നോളാം. ധൃതിയുള്ളവര്‍ പൊയ്‌ക്കോട്ടെ.
ഞാന്‍ ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്. അന്ന് എല്ലാവര്‍ക്കും എന്റെ കൂടെ യാത്ര ചെയ്താല്‍ മതിയായിരുന്നു. രണ്ടു നിലയുമായി കേരളത്തില്‍ ഓടിയിരുന്ന ഒരേയൊരു തീവണ്ടി എന്ന ഖ്യാതിയും എനിക്കവകാശപ്പെട്ടതായിരുന്നു. പെട്ടെന്നു തന്നെ എല്ലാവരും കൂടി എന്റെ സൗന്ദര്യം നശിപ്പിച്ചു. എന്റെ ശക്തി നശിച്ചു. ഓടാന്‍ കെല്പില്ലാതെ ഇഴഞ്ഞിഴഞ്ഞാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇങ്ങനെ ഇനി എത്ര കാലമെന്നറിയില്ല. അവസാനമായി എന്നെ നശിപ്പിച്ചത്... നശിപ്പിച്ചത് ഈ ജനശതാബ്ദിയാണ്. കൈ ചൂണ്ടിക്കൊണ്ട് വേണാട് എക്‌സ്പ്രസ് സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് പറഞ്ഞത്.
അതുവരെ മിണ്ടാതിരുന്ന ജനശതാബ്ദി പറഞ്ഞു- എനിക്കൊരു പരാതിയുമില്ല. എ.സി. കോച്ചുകള്‍ എന്ന പേരില്‍ കൂടുതല്‍ ചാര്‍ജ് വാങ്ങിയിട്ടും വടി പോലെ അതില്‍ ഇരിക്കേണ്ടി വരുന്ന ആളുകളെ ഓര്‍ത്ത് പറയുകയാണ്. ആ കോച്ചുകള്‍ മാറ്റിത്തരണമെന്നൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. അതിലെ സീറ്റുകള്‍ ഒന്നനക്കാന്‍ സാധിച്ചിരുന്നെങ്കില്‍... എത്ര യാത്രക്കാരാണെന്നോ നടുവേദനയുമായി ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നത്!
എനിക്ക് ഗുരുവായൂരപ്പനെ കണ്ടു വണങ്ങി എന്നും യാത്ര ആരംഭിക്കാം. തിരികെ ഓടിയെത്തുമ്പോള്‍ ഒരു സമയമാകുമെന്നു മാത്രം. - ഇന്റര്‍ സിറ്റി സന്തോഷവാനാണ്. ഇടയ്ക്കിടയ്ക്ക് ആരുടെയൊക്കെയോ സൗകര്യം മുന്‍നിര്‍ത്തി പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും മാറിമാറി ഞാന്‍ ആരോരുമില്ലാത്തവനെപ്പോലെയാണ് ഇപ്പോള്‍ ഓടുന്നത്. പണ്ട് മേട്ടുപ്പാളയം- തിരുച്ചി- എറണാകുളം ട്രെയിനില്‍ എറണാകുളത്തെത്തുന്ന യാത്രക്കാര്‍ ഓടി വരുമായിരുന്നു എന്റെ കൂടെ യാത്ര തുടരാന്‍. ആഹാ.. ആ ത്രില്ലൊക്കെ പോയി. ചെന്നൈ മെയിലിനായി ചെന്നൈയില്‍ കാത്തു കിടക്കുന്ന കൊറാമണ്ഡല്‍ എക്‌സ്പ്രസ് കണക്കെയാണ് ഞാന്‍ എന്നൊക്കെ അഹങ്കരിച്ചിട്ടുണ്ട്. പറഞ്ഞു നടന്നിട്ടുമുണ്ട്. അതൊക്കെ അന്തക്കാലം! വഞ്ചിനാട് എക്‌സ്പ്രസ് നെടുവീര്‍പ്പിട്ടു. ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന മട്ടില്‍ മാവേലിച്ചേട്ടന്‍ ദൂരെയെങ്ങോ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
സാബ്... ആപ് കാലിക്കറ്റ് ഉതര്‍നാ ഹൈ നാ? ദസ് മിനിറ്റ് മേം പഹൂംജ് ജായേഗാ... (സര്‍, താങ്കള്‍ക്ക് കോഴിക്കോട്ടല്ലേ ഇറങ്ങേണ്ടത്? പത്തു മിനിറ്റിനകം എത്തും)
എന്നെ വിളിക്കാന്‍ ആള്‍ എത്തിയപ്പോളും രാജധാനി പതുക്കെത്തന്നെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അരമണിക്കൂര്‍ വൈകിയാണ് കോഴിക്കോട്ട് എത്തിയത്. എന്റെ ബാഗുമെടുത്ത് നടന്നു നീങ്ങുമ്പോള്‍ ജാഫര്‍ പറഞ്ഞു- വന്ദേഭാരത് ഇപ്പോള്‍ പോയതേയുള്ളൂ. തൊട്ടു പിറകേ കണ്ണൂര്‍ ഇന്റര്‍സിറ്റിയും ഉണ്ടായിരുന്നു. ജാഫറിന്റെ വാക്കുകള്‍ രാജധാനി കേട്ടെന്നു തോന്നുന്നു. നിനക്ക് അങ്ങനെ തന്നെ വേണം എന്ന് രാജധാനി പറയുന്നതു പോലെ ഒന്നു നീട്ടിക്കൂവിയിട്ട് രാജധാനി ഇളകിയോടാന്‍ തുടങ്ങി. അവന്റെ പിണക്കമൊക്കെ തീര്‍ന്നിട്ടുണ്ടാകണം.. ഞാന്‍ ചിരിച്ചു കൊണ്ട് മനസ്സിലോര്‍ത്തു. തീവണ്ടികള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു പങ്കുവെക്കാന്‍ എന്തുമാത്രം അനുഭവങ്ങളും കഥകളും ഉണ്ടാകുമായിരുന്നേനേ...!
Content Highlights: dr vp gangadharan column snehaganga
Published: 26 Oct 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented