
ഗീതയ്ക്ക് മൂന്നു മാസം കൂടെ ലീവ് വേണം. ആറു മാസത്തെ ലീവ് നാളെ തീരും. കൈയിലിരുന്ന കടലാസ് എന്റെ നേരേ നീട്ടിക്കൊണ്ട് രമ്യ സിസ്റ്റര്‍ പറഞ്ഞു. ഇനിയെന്തിനാ ലീവ്? കീമോ തെറാപ്പി കഴിഞ്ഞിട്ട് ഒരു മാസത്തിലധികമായല്ലോ! പോയി ജോലി ചെയ്യാന്‍ പറയൂ... മടിയാണെല്ലാവര്‍ക്കും ജോലി ചെയ്യാന്‍. മനുഷ്യസഹജമായ മടി. ശമ്പളം നഷ്ടപ്പെടാതെയുള്ള ലീവാണെങ്കില്‍ എന്തു നുണ പറഞ്ഞും അതെടുത്തിരിക്കും! ശരിയല്ലേ സിസ്റ്ററേ ഞാന്‍ പറഞ്ഞത്?
ശരിയാണ്, ഡോക്ടര്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു - ആ പഴയ സിനിമാ ഡയലോഗിലെ ചിന്താഗതിയാണ് എല്ലാവര്‍ക്കും. പക്ഷേ, ഞാന്‍ അത്തരക്കാരിയല്ല കേട്ടോ ഡോക്ടറേ! ചിരിച്ചു കൊണ്ട് ഗീത മുറിയിലേക്കു കടന്നുവന്നു. വീട്ടിലെ മുറിയിലാണെങ്കില്‍ ഞാന്‍ ചുമരില്‍ തൊട്ടുതൊട്ട് നടക്കില്ലായിരുന്നു കേട്ടോ...
Also Read
സോറി... ഗീത സോറി. എന്റെ ശബ്ദം ഇടറിയത് അവര്‍ മനസ്സിലാക്കിയെന്നു തോന്നുന്നു. സാരമില്ല ഡോക്ടറേ, അങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല.
ഞാന്‍ ഇവിടെയിരിക്കട്ടേ എന്നു പറഞ്ഞുകൊണ്ട് ഗീത എന്റെ മുന്നിലെ കസേരയില്‍ വന്നിരുന്നു.
എങ്ങനെയാണ് ഗീതയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടത്? ഇളിഭ്യത മറച്ചു വെച്ച് ഞാന്‍ സംഭാഷണം ആരംഭിച്ചു. അതൊരു വലിയ കഥയാണ് ഡോക്ടറേ. ഡോക്ടര്‍ ഫ്രീയാണെങ്കില്‍, എന്റെ കഥ കേള്‍ക്കാമെങ്കില്‍, ഞാന്‍ പറയാം. എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ അവള്‍ പറഞ്ഞു തുടങ്ങി.
ജനിച്ചു വീണപ്പോള്‍ത്തന്നെ ഇടതു കണ്ണിനു കാഴ്ചയില്ലായിരുന്നു. വലതു കണ്ണിന്റെ കാഴ്ച മതിയായിരുന്നു കുട്ടിക്കാലം ആസ്വദിച്ചു ജീവിക്കാന്‍. എട്ടാംക്ലാസ്സു വരെ സ്‌കൂളിലെ മിടുക്കിക്കുട്ടി ഞാനായിരുന്നു. കളിയിലും ഡാന്‍സിലും പഠിത്തത്തിലും ഒക്കെ ഒന്നാമത് ഞാന്‍ തന്നെ. പതുക്കെ പതുക്കെ വലതു കണ്ണിലെ മങ്ങുന്നത് ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. ദാരിദ്ര്യത്തിനിടയിലും എന്നെയുംകൊണ്ട് അച്ഛന്‍ കയറിയിറങ്ങാത്ത ആശുപത്രികളില്ല. കാണാത്ത കണ്ണുഡോക്ടര്‍മാരുമില്ല. അവര്‍ക്കാര്‍ക്കും പക്ഷേ, എന്റെ കാഴ്ച രക്ഷിക്കാനായില്ല. ആ കൊല്ലം വേനലവധി കഴിഞ്ഞപ്പോഴേക്കും വെളിച്ചം എനിക്ക് അന്യമായിക്കഴിഞ്ഞിരുന്നു. ഒരുനെടുവീര്‍പ്പോടെ ഗീത തുടര്‍ന്നു.
ഒരു വര്‍ഷം... നീണ്ട ഒരു വര്‍ഷം മുഴുവന്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നു. ജീവിതത്തിലും ഇരുട്ടു വീണ ഒരു വര്‍ഷം. പക്ഷേ, തോറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പങ്ക പിടിച്ച് തഴമ്പിച്ച അച്ഛന്റെ കൈകളില്‍ മുറുകെ പിടിച്ച് ഞാന്‍ പറഞ്ഞു - എനിക്കു പഠിക്കണം. എങ്ങനെയെങ്കിലും പഠിച്ച് ഒരു ഡിഗ്രി നേടണം. അന്തസ്സായി ജോലി ചെയ്ത് ജീവിക്കണം. തളരാത്ത മനസ്സുമായി നടുക്കടലില്‍ കടലിനോടും പ്രതികൂലം കാലാവസ്ഥയോടും മല്ലിടുന്ന അച്ഛന്റെ മനസ്സിലും മറിച്ചൊരു ചിന്തയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അങ്ങനെ ഞാന്‍ അന്ധര്‍ക്കായുള്ള സ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ബ്രെയ്‌ലി ലിപിയില്‍ എഴുത്തും വായനയും വേഗം പഠിച്ചെടുത്തു. പിന്നീടൊരു തിരിച്ചുപോക്കുണ്ടായിട്ടില്ല. മഹാരാജാസ് കോളേജില്‍ നിന്ന് ഡിഗ്രി നേടി.
ഞാനും മഹാരാജാസ് പാര്‍ട്ടിയാണ് - ഗീതയുടെ കൈപിടിച്ചു കുലുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. അച്ഛനും അമ്മയും ആറ്റുനോറ്റുണ്ടായ മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ഞാന്‍. ചേച്ചിക്ക് ഇപ്പോഴും കാഴ്ചയുണ്ട്. അനിയത്തിക്ക് പിറന്നു വീണപ്പോഴേ കാഴ്ചയില്ലായിരുന്നു. ഗീത തുടര്‍ന്നു. ബി.എഡ്ഡിനും ഉപരിപഠനത്തിനുമൊക്കെ പോകണം എന്നുണ്ടായിരുന്നു മനസ്സില്‍. ദാരിദ്ര്യവും ജീവിത സാഹചര്യങ്ങളും അതിനനുവദിച്ചില്ല. ഒരു സുഹൃത്തിന്റെ സഹായത്തില്‍ സ്‌കൂളില്‍ ടീച്ചറായി ജോലി കിട്ടി. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ജോലി. സത്യത്തില്‍ അത് ഒരു ജോലിയല്ല ഡോക്ടറേ, ഒരു പുണ്യകര്‍മം. ഞാന്‍ ഇന്ന് അത് ഒരു പുണ്യകര്‍മമായാണ് കാണുന്നത്. സ്‌കൂളിലെ ആദ്യനാളുകളില്‍ കയ്‌പേറിയ ധാരാളം അമുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സഹപ്രവര്‍ത്തകരില്‍ നിന്ന്. കണ്ണുപൊട്ടി, ഇവളെന്തു പഠിപ്പിക്കാന്‍ എന്നു പറഞ്ഞ് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ആരുമറിയാതെ ഒറ്റയ്ക്കിരുന്ന് കരഞ്ഞ എത്രയോ രാത്രികള്‍! അമ്മയുടെ അഭാവത്തിലും ഞങ്ങള്‍ക്ക് സ്‌നേഹവും ധൈര്യവും തന്ന് വളര്‍ത്തിയ അച്ഛനായിരുന്നു എന്നും എന്റെ മനസ്സിലെ ഹീറോ. ആ നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കേള്‍ക്കുന്ന നെഞ്ചിടിപ്പ്- അത് ഉറക്കെ വിളിച്ചു പറയുന്നതു പോലെ തോന്നും - തോല്‍ക്കരുത്, ജീവിതത്തില്‍ തോല്‍വി എന്നൊന്നില്ല. ജയം, ജയം മാത്രമായിരിക്കണം ലക്ഷ്യം.
താമസിയാതെ ഞാന്‍ സഹപ്രവര്‍ത്തകരുടെ ഉറ്റ കൂട്ടുകാരിയായി മാറി. കുട്ടികളുടെ കണ്ണിലുണ്ണിയും. സ്വരത്തിലൂടെയും തലോടുകളിലൂടെയും ഓരോകുട്ടിയെയും ഞാന്‍ തിരിച്ചറിഞ്ഞു. കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍, കണ്ണുകളെന്തിനു വേറേ... എന്ന വരികള്‍ അന്വര്‍ഥമാക്കിക്കൊണ്ട് എന്റെ കൈപിടിക്കാന്‍ ഒരു വലിയ മനുഷ്യന്‍ എത്തി. ഞങ്ങള്‍ ഒന്നായി. ഞങ്ങളുടെ മകന്‍- ഇന്ന് അവന്‍ അഞ്ചാം ക്ലാസ്സുകാരനാണ്. അതും ഒരു വലിയ കഥയാ ഡോക്ടറേ... സമയമുണ്ടോ ഇതൊക്കെ കേള്‍ക്കാന്‍! മറുപടിക്കു കാത്തുനില്‍ക്കാതെ അവള്‍ തുടര്‍ന്നു.
2004ലെ ആദ്യദിവസം എങ്ങനെ മറക്കും! കേരളത്തില്‍ സുനാമി ആഞ്ഞുവീശിയ ദിവസമായിരുന്നു. അന്നാണ് എന്റെ മോള്‍ ജനിച്ചുവീണത്. വീട്ടിലോ നാട്ടിലോ ഒന്നും ഒരു സന്തോഷവുമില്ലാതിരുന്ന ആ ദിവസം. അതിലുമപ്പുറം വീട്ടില്‍ ഒരു ശ്മശാന മൂകത. അച്ഛനെവിടെ? എന്റെ ചോദ്യത്തിന് ആരും ഒരു മറുപടിയും പറയുന്നില്ലായിരുന്നു. അച്ഛന്റെ ശബ്ദമേ കേള്‍ക്കാനില്ല... അച്ഛനെവിടെ?
വീണ്ടും മൂകത മാത്രം. അടുത്തിരുന്ന ചേച്ചിയുടെ കൈയില്‍പിടിച്ച് ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. അച്ഛന്‍ നാട്ടുകാര്‍ക്കൊപ്പം പുറത്തുണ്ട്- ചേച്ചിയുടെ സ്വരത്തിലെ പതറിച്ച എനിക്ക് തിരിച്ചറിയാമായിരുന്നു. നുണ പറയാതെ. അച്ഛനെവിടെ?
അച്ഛന്‍ കടലിലാ ചേച്ചീ. നടുക്കടലില്‍... കൂടെപ്പോയ പല വള്ളങ്ങളും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാ.. അച്ഛന്റെ വള്ളം വന്നിട്ടില്ല...
രണ്ടു ദിവസം പിന്നിട്ടിട്ടും അച്ഛന്റെ വള്ളം തിരികെ വന്നില്ല. അച്ഛനെ കടലമ്മ കൊണ്ടുപോയിക്കാണുമെന്ന് നാട്ടുകാരും വീട്ടുകാരും കരുതി. ആരും പിന്നെ കാര്യമായി തിരക്കിയതു പോലുമില്ല.
തോല്‍ക്കരുത് മക്കളേ.. ജയിച്ചു കയറണം അച്ഛന്‍ പറയാറുണ്ടായിരുന്ന വാക്കുകള്‍ പലപ്പോഴും ഞാന്‍ സ്വയമറിയാതെ എന്റെ മനസ്സില്‍ വരുമായിരുന്നു. അച്ഛന്‍ തിരിച്ചു വരും... തിരിച്ചു വരും. തോല്‍ക്കില്ല... ഒരു ശക്തിക്കു മുന്നിലും അച്ഛന്‍ തോറ്റുകൊടുക്കില്ലെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു.
മൂന്നാം ദിവസം അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ എനിക്ക് ഒരതിശയവും തോന്നിയില്ല. അച്ഛന്‍ വരുമെന്ന് എനിക്ക് അത്രയും ഉറപ്പുണ്ടായിരുന്നല്ലോ. എന്നാല്‍ നാട്ടിലും വീട്ടിലും എല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു.
ഗീതയുടെ മോന്‍ ഏതു സ്‌കൂളിലാ പഠിക്കുന്നത്? ഇടയ്ക്കു കയറി ഞാന്‍ ചോദിച്ചപ്പോള്‍ ഗീത ഒന്നു നിര്‍ത്തി.
കഥ കേട്ട് സാറിനു ബോറടിച്ചു അല്ലേ? അതല്ലേ കഥ മാറ്റിവിടാനുള്ള ഈ ചോദ്യം! ഗീതയുടെ മുഖത്ത് പുഞ്ചിരി. എന്നാലും അതെന്നാ ചോദ്യമാ ഡോക്ടറേ? എന്റെ സ്‌കൂളിലല്ലാതെ ഞാന്‍ മോനെ വേറേ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുമോ? അമ്മ പഠിപ്പിക്കുന്ന സ്‌കൂള്‍ വേറേ, സ്വന്തം മക്കള്‍ പഠിക്കുന്ന സ്‌കൂള്‍ വേറേ... അതൊരു നല്ല മാതൃകയല്ലല്ലോ ഡോക്ടറേ!
ഗീത പറഞ്ഞതു കേട്ട് ഞാന്‍ അന്ധാളിച്ച് ഇരുന്നുപോയി. ഈ തത്ത്വം നമ്മുടെ സമൂഹം മനസ്സിലാക്കിയിരുന്നെങ്കില്‍!
സ്‌കൂളാണ് ഡോക്ടറേ എന്റെ ലോകം. അവിടത്തെ കുട്ടികളാണ് എന്റെ ജീവന്‍. അവര്‍ക്കും ഞാന്‍ വേണം. എല്ലാ കുട്ടികള്‍ക്കും എന്റെ ക്ലാസ്സ് മതി. ടീച്ചറേ എന്നാണ് തിരികെ വരുന്നത്... ടീച്ചറെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ടീച്ചര്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു... ഫോണ്‍ എന്റെ നേരേ നീട്ടിക്കൊണ്ട് ഗീത പറഞ്ഞു-ഡോക്ടര്‍ നോക്കൂ, ഇതിലുണ്ട് എന്റെ കുട്ടികളുടെ സന്ദേശങ്ങള്‍.
ഗീതയുടെ കണ്ണുകളില്‍ നിന്ന് രണ്ടിറ്റു കണ്ണീര്‍ എന്റെ കൈയില്‍ വീണു. സന്തോഷത്തിന്റെ രണ്ടു തുള്ളികള്‍.
എനിക്ക് സ്‌കൂളിലേക്കു പോണം ഡോക്ടറേ. വേഗം തന്നെ പോകണം. പക്ഷേ, കീമോ തെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലമായി എന്റെ കൈവിരലുകളുടെ സ്പര്‍ശന ശക്തി കുറഞ്ഞിട്ടുണ്ട്. ബ്രെയ്ലി ലിപി വായിക്കാന്‍ ഇപ്പോള്‍ നല്ല വിഷമമാണ്. പ്രശ്‌നം താല്‍ക്കാലികമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നല്ലോ. അത് ശരിയാകുമെന്ന് എനിക്കറിയാം. എന്നാലും പക്ഷേ, അത് ശരിയാകാതെ സ്‌കൂളിലേക്ക് പോകാനാവില്ല. ഒരു മാസത്തെ ലീവുകൂടി വേണം. ഗീത ഒരു കടലാസ് എന്റെ നേരേ നീട്ടി.
കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല ഗംഗേ...അമ്മയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. വീണ്ടും രണ്ടു തുള്ളി കണ്ണീര്‍ എന്റെ കൈവെള്ളയില്‍ വീണു. അത് എന്റെ തന്നെ കണ്ണീരായിരുന്നു. പശ്ചാത്താപത്തിന്റെ കണ്ണീര്‍. ക്ഷമ ചോദിക്കുന്നു ഗീതേ... മനസ്സില്‍ പിന്നെയും മാപ്പു ചോദിച്ചുകൊണ്ട് ഗീതയുടെ അപേക്ഷയില്‍ ഞാന്‍ ഒപ്പിട്ടു.
Content Highlights: dr vp gangadharan on cancer patients
Published: 15 Jun 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented