
ഗംഗാധരാ, ലാസറാ... ആ പതിനഞ്ചുകാരി പെണ്‍കുട്ടിയില്ലേ, അവളുടെ കാല്... രക്ഷപ്പെടുത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. മുറിച്ചു കളയേണ്ടി വരും. അതും മുട്ടിനുമുകളില്‍ വെച്ച്. അത് അവരോടു പറയാന്‍ എനിക്ക് പറ്റില്ല... ഞാന്‍ സൂചിപ്പിച്ചു... ബാക്കി ഗംഗാധരന്‍ പറയണം...
അത് ഒരു അസ്ഥിരോഗ വിദഗ്ധന്റെ മനസ്സല്ലായിരുന്നു, വാക്കുകളല്ലായിരുന്നു, ശബ്ദമല്ലായിരുന്നു... ശുഭ്രവസ്ത്രധാരിയായ ആര്‍ദ്രമനസ്സിനുടമയായ ഒരു നിഷ്‌കളങ്കന്റെ മനസ്സും വാക്കുകളുമായിരുന്നു. . അതായിരുന്നു അകാലത്തില്‍ നമ്മളെ വിട്ടു പോയ ഡോ.ലാസര്‍.അഥവാ ഡോ.ലാസര്‍ ചാണ്ടി.
Also Read
വര്‍ഷങ്ങളുടെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയം കാഠിന്യമുള്ളതാക്കിയില്ല എന്നതിലുപരി നൈര്‍മല്യമുള്ളതാക്കി എന്നതാണ് സത്യം. വിദഗ്ധനായ ഒരു അസ്ഥിരോഗ ചികിത്സകനായി ജീവിക്കുമ്പോഴും ഹൃദയനൈര്‍മല്യം കാത്തുസൂക്ഷിച്ച ഒരു അപൂര്‍വ ഭിഷഗ്വരന്‍.
ഇരുപതു വര്‍ത്തെ സുഹൃദ്ബന്ധം. ലാസറെ പരിചയപ്പെട്ട ദിവസം ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. ജോലി ചെയ്യുന്ന ആശുപത്രിയുടെ ആദ്യകാലഘട്ടം. ഡോക്ടര്‍മാര്‍ തമ്മില്‍ പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ധാരാളം സമയം. കാപ്പികുടിയും ഊണുമെല്ലാം ഒരുമിച്ച് ആശുപത്രി കാന്റീനില്‍. ഞാന്‍ ഗംഗാധരന്‍, ലാസറിന്റെ മുറിയിലേക്ക് കയറിച്ചെന്നത് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ്. വെള്ള പാന്റ്സും വെള്ള ഷര്‍ട്ടും ധരിച്ച ഒരു സുന്ദരന്‍ എഴുന്നേറ്റു നിന്ന് കൈകള്‍ നീട്ടി. ഞാന്‍ ഗംഗാധരനെ അറിയും... നേരത്തേ തന്നെ അറിയും. അശോകന്റെ ക്ലാസ്സ്‌മേറ്റല്ലേ എം.ബി.ബി.എസിന്? അശോകനും ഞാനും എം.എസിന് ഒരുമിച്ചായിരുന്നു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഗംഗാധരന്‍ എറണാകുളത്തേക്ക് ചേക്കേറുന്നെന്ന് അശോകന്‍ പറഞ്ഞിരുന്നു. വെല്‍ക്കം ടു എറണാകുളം... ലാസര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. മുറി നിറയെ ചിട്ടയായി അടുക്കി വെച്ച പുസ്തകങ്ങള്‍. ഒരു വശത്ത് ലാസറിനു ലഭിച്ച അവാര്‍ഡുകളും മെഡലുകളും ഫലകങ്ങളും. പിന്നണിയില്‍ നിന്ന് ഒഴുകി വരുന്ന സംഗീതം. മലയാളം, തമിഴ്, ഹിന്ദി പാട്ടുകള്‍.
ലാസറിന് പഴയ മെലഡികള്‍ ഇഷ്ടമാണ് അല്ലേ?
പാട്ടില്ലാതെ ലാസര്‍ സാറില്ല- ഉത്തരം പറഞ്ഞത് മുറിയിലുണ്ടായിരുന്ന നഴ്‌സുമാരാണ്. രോഗികളെ പരിശോധിക്കുമ്പോളും അല്ലറചില്ലറ പരിപാടികള്‍ ചെയ്യുമ്പോളും സാറിന് ഒരു താളമുണ്ടാകും.
അതു കേട്ട് ലാസര്‍ ചിരിച്ചു.
ലാസറിനെ കാണാന്‍ എന്തൊരു ഭംഗി അല്ലേ സാറേ! ശരിക്കും സുന്ദരന്‍. ചെറുപ്പത്തില്‍ ഇതിലും സുന്ദരനായിരുന്നു. ഒരു സിനിമാ നടനെക്കാള്‍ സുന്ദരന്‍. മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെകൂടെയുണ്ടായിരുന്ന ഡോ.ലിസ്സി പറഞ്ഞു. മമ്മുട്ടിയെക്കാള്‍ സുന്ദരന്‍ അല്ലേ ഡോ.ലിസ്സി വര്‍ണന തുടര്‍ന്നു. കുറേ ലേഡി ഡോക്ടര്‍മാര്‍ ലാസറിനെ കല്യാണം കഴിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ലിസ്സിയുമുണ്ടായിരുന്നോ അക്കൂട്ടത്തില്‍ ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു
ഇല്ല സാറേ, എന്റെ കല്യാണം കഴിഞ്ഞിരുന്നു. നാണത്തില്‍ പൊതിഞ്ഞ ഒരു ചിരിയോടെ ലിസ്സി മറുപടി പറഞ്ഞു. ഞങ്ങള്‍ രണ്ടു മൂന്നുവര്‍ഷം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എ പെര്‍ഫെക്റ്റ് ജെന്റില്‍മാന്‍.
ഒരു തികഞ്ഞ മാന്യന്‍ - ലിസിയുടെ നിഗമനം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു എനിക്ക് പിന്നീടുണ്ടായ അനുഭവങ്ങളെല്ലാം. ചൂടേറിയ വാഗ്വാദങ്ങള്‍ അരങ്ങേറുന്ന പല സന്ദര്‍ഭങ്ങളിലും സംയമനത്തോടെ കാര്യകാരണങ്ങള്‍ നിരത്തി എല്ലാവരെയും തണുപ്പിക്കുന്ന ലാസറിന്റെ ശൈലി കാണേണ്ടതു തന്നെയായിരുന്നു. ഒരിക്കല്‍ പോലും ദേഷ്യത്തോടെയോ ആത്മസംയമനം നഷ്ടപ്പെട്ടോ സംസാരിക്കുന്ന ലാസറിനെ കണ്ടിട്ടില്ല.
ഓര്‍ത്തോ വിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍, ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അവരോടൊക്കെ ഡോ. ലാസര്‍ പെരുമാറുന്നത് കണ്ടു പഠിക്കേണ്ടതാണ്, ഒരു മാതൃകയാക്കേണ്ടതാണ് - എന്റെ മകന്‍ അപ്പു പറഞ്ഞ വാക്കുകളാണിത്.
സാറിനെക്കാള്‍ വര്‍ഷങ്ങള്‍ ചെറുപ്പമായ എന്നോട്, പ്രൊഫഷനില്‍ ഒരു ശിശുവായ എന്നോടു പോലും രോഗികളെക്കുറിച്ചും അവരുടെ ചികിത്സയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നതും അഭിപ്രായങ്ങള്‍ ചോദിക്കുന്നതും ഒക്കെ തുല്യരാണെന്ന മട്ടിലാണ്.
മറ്റു പല സീനിയര്‍ ഡോക്ടര്‍മാരുടെയും പെരുമാറ്റം കാണുമ്പോളാണ് ലാസര്‍ സാറിന്റെ മഹത്വം മനസ്സിലാകുന്നത്. തൊഴില്‍ നൈതികത, ധാര്‍മികത, ഇതൊക്കെ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ലാസര്‍ വ്യത്യസ്തനായി നിലകൊള്ളുന്നു എന്ന് അപ്പു പറയാതെ പറയുന്നത് എനിക്ക് വ്യക്തമായി.
ആശുപത്രിയില്‍ നടക്കാറുള്ള എല്ലാ പരിപാടികളിലും മുന്‍നിരയില്‍ത്തന്നെ ലാസര്‍ കാണും. സ്റ്റേജിലിരിക്കുന്നവരുടെ കണ്ണുകള്‍ ആദ്യം ചെന്നെത്തുക ലാസറിലായിരിക്കും. തൂവെള്ള വസ്ത്രവും അതിനോടു കിടപിടിക്കുന്ന നിറവും സൗന്ദര്യവും- അതായിരിക്കാം ഒരു ക്രിസ്മസ് ആഘോഷത്തിനിടയില്‍ മുഖ്യാതിഥിയായി എത്തിയ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കണ്ണുകളും ലാസറില്‍ കുടുങ്ങിക്കിടന്നത്. സ്വതസിദ്ധമായ നര്‍മത്തില്‍ ചാലിച്ച പ്രസംഗത്തിനിടയില്‍ ജീവിതത്തിലെ സുഖത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും കടന്നു. ലാസറിനെ ചൂണ്ടിക്കാട്ടി തിരുമേനി പറഞ്ഞു - ജീവിതത്തില്‍ സുഖം എന്താണെന്ന് ഈ സുന്ദരനോട് ചോദിക്കാം. അല്ലെങ്കില്‍ വേണ്ട, പെണ്ണു കെട്ടിയ ഈ ഡോക്ടറോട് സുഖത്തെക്കുറിച്ചു ചോദിച്ചിട്ട് കാര്യമുണ്ടാവില്ല. പെണ്ണു കെട്ടാത്ത ഞാന്‍ തന്നെ ഉത്തരം തരാം- തിരുമേനി തുടര്‍ന്നു.
പൊട്ടിച്ചിരിക്കുന്ന ലാസറിനെ കണ്ട് ചിരിയോടെ തിരുമേനിയും പറഞ്ഞു; എന്നോട് ഡോക്ടര്‍ക്ക് അസൂയയൊന്നുമില്ലെന്നു തോന്നുന്നു, ആ ചിരി കണ്ടാലറിയാം. അസൂയ ഒരിക്കലും ആരോടുമുണ്ടായിരുന്നില്ല ലാസറിന്. ആരോടും വ്യക്തിവൈരാഗ്യവും വെച്ചുപുലര്‍ത്തിയിട്ടില്ല. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത് ആ നല്ല മനസ്സിന്റെ ഉടമയെയാണ്. അദ്ദേഹം അകാലത്തിലാണ് ഞങ്ങളെ വിട്ടുപോയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വേര്‍പാട്.
അതിനു മുമ്പ് ഒരാഴ്ചയോളം ഡോ.ലാസര്‍ ക്ഷീണിതനായിരുന്നു. ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ഡോക്ടറുടെ സ്ഥാനത്ത് ക്ഷീണിതനായി കസേരയിലിരുന്ന് ഉറങ്ങിപ്പോയ ഡോക്ടറെ കണ്ടപ്പോള്‍, കൂടെ ജോലിചെയ്തിരുന്ന നഴ്‌സുമാരെല്ലാം പലവട്ടം പറഞ്ഞതാണ് സാറ് വിശ്രമമെടുക്കണമെന്ന്. മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരെ കണ്ട് മരുന്നു വാങ്ങിക്കണമെന്നും.
എനിക്കൊന്നുമില്ല, ചെറിയൊരു പനിയുടെ പ്രശ്‌നമേയുള്ളൂ എന്നു പറഞ്ഞ് കൈയിലുള്ള ചില മരുന്നുകള്‍ കഴിച്ചുകൊണ്ട് അദ്ദേഹം ജോലി തുടരുകയായിരുന്നു. അന്നത്തെ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ റെജി സിസ്റ്ററിന് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം തീര്‍ത്തും വയ്യാതായാപ്പോളാണ് ' ഞാന്‍ അഡ്മിറ്റ് ആകാന്‍ പോവുകയാണ് എന്നു പറഞ്ഞ് ഓ.പി.യില്‍ നിന്ന് ഇറങ്ങിയത്. അടുത്ത ദിവസം മുറിയിലെത്തിയ സിസ്റ്റര്‍ റെജിയോട് ലാസര്‍ പറഞ്ഞത് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്നു തോന്നുന്നില്ല സിസ്റ്ററേ എന്നായിരുന്നു. അറം പറ്റിയ പോലെയായി ആ വാക്കുകളെന്ന് പറഞ്ഞ് സിസ്റ്റര്‍ വിതുമ്പലടക്കാന്‍ ശ്രമിച്ചു.
ഇനി ഞങ്ങള്‍ ഡോ.ലാസറിനും പകരം ആരെ കാണും സാറേ... രോഗികളുടെ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
ഇത്രയും സ്വാതന്ത്ര്യത്തോടെ നമുക്ക് ആരുടെ അടുത്തേക്കാണ് രോഗികളെ വിടാന്‍ പറ്റുക? അത് എന്റെ മാത്രമല്ല, സഹപ്രവര്‍ത്തകരുടെയും ചോദ്യമാണ്. ഒരു പ്രശ്‌നം കാര്യമായി സംസാരിക്കണമെങ്കില്‍ ഇനി ആരെ കാണും... അത് എന്റെ മനസ്സില്‍ ഉയര്‍ന്നുവന്ന ചോദ്യമായിരുന്നു. അസഹ്യമായ നടുവേദന കാലിലേക്ക് ഊര്‍ന്നിറങ്ങിയ അവസ്ഥയില്‍ രോഗിയായി ഞാനും ലാസറിന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. അത്യാവശ്യമായി ഒരു യാത്ര പോകാനുണ്ടായിരുന്ന കാര്യം ലാസറിനോട് തുറന്നു പറഞ്ഞു. ഒന്നു നോക്കിയിട്ട് ലാസര്‍ പറഞ്ഞു- 'ഞാന്‍ ഒരു കുത്തിവെപ്പ് തരാം. ഏശുമോ എന്ന് ഉറപ്പില്ല. ഫലം എത്രസമയം നില്‍ക്കുമെന്നും അറിയില്ല. എന്നാലും നോക്കാം...'
അന്ന് ലാസറിന്റെ കൈയില്‍ നിന്ന് ആ കുത്തിവെപ്പ് എടുത്ത് പുറത്തിറങ്ങിയ എനിക്ക് പിന്നീട് ഈ നിമിഷം വരെ ആ വേദന അുഭവപ്പെട്ടിട്ടില്ല. ഏറെക്കഴിഞ്ഞ് ഒരിക്കല്‍ ഈ അനുഭവം ഞാന്‍ ലാസറിനോടു തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ ചിരിച്ചുകൊണ്ടാണ് ലാസര്‍ പറഞ്ഞത്- അത് ഗംഗാധരന്റെ ഭാഗ്യം. ഒരു പച്ചയായ മനുഷ്യന്റെ സ്‌നേഹം നിറഞ്ഞ ചിരിയായിരുന്നു ലാസര്‍ എല്ലായ്‌പ്പോഴും.
മരിച്ചു കിടക്കുന്ന ലാസറിനെ കാണാന്‍ പോകുന്നില്ല എന്നാണ് ഞാന്‍ തീരുമാനിച്ചത്. ലാസറിന്റെ ചരമശുശ്രൂഷകള്‍ നടക്കുന്ന സമയങ്ങളില്‍ ഞാന്‍ വെറുതേ ഇരുന്നു. മരിച്ചു കിടക്കുന്ന ലാസറിനെ കാണണ്ട. ആ ദൃശ്യം എന്റെ മനസ്സില്‍ പതിയരുതെന്ന് ഞാന്‍ തീരുമാനിച്ചു. നിറഞ്ഞ ചിരിയോടെ സുന്ദരനായി നില്‍ക്കുന്ന ലാസറാണ് എന്നും എനിക്കൊപ്പമുള്ളത്.
Content Highlights: dr vp gangadharan column about dr lazar
Published: 17 Feb 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented