
ഒരു ഔദ്യോഗിക സമ്മേളനത്തിനു ശേഷം കാസർകോട്ടുനിന്ന് എറണാകുളത്തേക്കുള്ള തീവണ്ടിയാത്രയിലായിരുന്നു ഞാൻ. വിമാനയാത്രകളെ അനുസ്മരിപ്പിക്കുന്ന അനുഭവം. മൂകമായ അന്തരീക്ഷം- ഞാൻ മനസ്സിലോർത്തു. ജനൽപ്പാളികൾക്കരികിൽ ഇരിക്കുന്നവർ ജാലകങ്ങളിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു. ന്യൂജെൻ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സെൽഫോൺ സ്‌ക്രീനിൽ മുഴുകിയിരിക്കുന്നവരായിരുന്നു. കൊഴുത്തു തടിയന്മാരായ കുറേ കുട്ടികൾ ഇടതടവില്ലാതെ എന്തോ ചവച്ചു കൊണ്ടേയിരുന്നു. ആരും പരസ്പരം സംസാരിക്കുന്നില്ല. പരിചയം നടിക്കുന്നില്ല. എല്ലാവരുടെയും മുഖത്തെ ചിരി എങ്ങോ മാഞ്ഞു മറഞ്ഞതു പോലെ. പതുക്കെപ്പതുക്കെ എന്റെ കണ്ണുകളും അടഞ്ഞുതുടങ്ങി. അതിനിടയിൽ എന്റെ മനസ്സിൽ ഒരായിരം കുസൃതിച്ചിരികളുടെ ചെപ്പ് തുറന്നുകഴിഞ്ഞിരുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ ചിരിക്കാനുള്ള സംഭാഷണങ്ങൾ, സന്ദർഭങ്ങൾ, പ്രസംഗങ്ങൾ, വിശേഷങ്ങൾ... എന്റെ മനസ്സിലെ സ്‌ക്രീനിൽ ഇതെല്ലാം ഒന്നൊന്നായി തെളിഞ്ഞു വന്നുകൊണ്ടിരുന്നു.
സാറിന്റെ കൈയക്ഷരം വായിക്കാൻ കഴിയില്ല, തലേലെഴുത്തു പോലെയാണ്- ഫിലോമിന സിസ്റ്ററിന്റെ വാക്കുകൾ. അതു കേൾക്കേണ്ട താമസം, സിന്ധു സിസ്റ്റർ വാചാലയായി. സാറിന്റെ പ്രേമവിവാഹവും സംഭവിച്ചത് അങ്ങനെയാണ്. എന്തോ മരുന്നിന്റെ പേര് എഴുതിക്കൊടുത്തതാണ്, പക്ഷേ, ചിത്ര മാഡം അത് തെറ്റി വായിച്ചു, ഐ ലവ് യൂ എന്ന്. അങ്ങനെ പ്രേമവും തുടങ്ങി. കേട്ടു നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. ഒരു ചെറിയ ചമ്മലോടെയാണെങ്കിലും ഞാനും ആ ചിരിയിൽ പങ്കു ചേർന്നു.
Also Read
***************************
സാറേ നമ്മുടെ ക്ലോക്ക് പണി മുടക്കി. പുതിയ ഒരെണ്ണം വാങ്ങണം. രമ്യ സിസ്റ്ററിന്റേതാണ് ന്യായമായ ഈ ആവശ്യം. ഫയലുകൾ അടുക്കി വെച്ചുകൊണ്ടിരുന്ന ശ്രുതി സിസ്റ്റർ ഇതുകേട്ട് എന്തോ മുറുമുറുക്കുന്നുണ്ടായിരുന്നു.
ഞാൻ സാറിനോടു ചോദിച്ചത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ? രമ്യയുടെ ഈ ചോദ്യം കേട്ട് ശ്രുതി സിസ്റ്റർ എന്നെ നോക്കിപ്പറഞ്ഞു- ഒന്നുമില്ല സാറേ, ജോലിയെടുത്ത് മടുത്തു. സാറ് ക്ലോക്ക് വാങ്ങുമ്പോൾ ചെറിയതേ വാങ്ങാവൂ. ഇവിടെയിരിക്കുന്ന പോലെ വലിയ ക്ലോക്ക് വാങ്ങരുത് കേട്ടോ! അതിന്റെ സൂചി തിരിഞ്ഞു വരുമ്പോഴേക്കും ഒരു നേരമാകും. എല്ലാവരും ഒരു നിമിഷം ഒന്ന് അമ്പരന്നു. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്തിനാ എല്ലാവരും ചിരിക്കുന്നത് എന്ന മട്ടിൽ ഒന്നു തലപൊക്കി നോക്കി ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ശ്രുതി ജോലി തുടർന്നു.
*********************************
ഒരു രോഗിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു. സാറേ.. എന്താ എന്റെ പ്രശ്‌നം? സീരിയസാണോ... അദ്ദേഹത്തിന്റെ ചോദ്യം സാധാരണ ഒന്നായിരുന്നു.
വലിയ പ്രശ്‌നമൊന്നുമില്ല. കുറച്ചു നാളത്തെ ചികിത്സ വേണം. അത്രേയുള്ളൂ. പൂർണമായി സുഖപ്പെടും. കീമോതെറാപ്പി എടുക്കണം - എന്റെ ഉത്തരവും അസാധാരണമല്ലായിരുന്നു.
അതെന്തിനാ സാറേ കീമോതെറാപ്പി... കൊതുകിനെ കൊല്ലാൻ എ.കെ. 47 തോക്ക് എന്തിനാ സാറേ ഉപയോഗിക്കുന്നേ...? അത് ചെയ്താൽ അവസാനം എന്റെ മുഖം.... അയാൾ സംസാരം നിർത്തി നന്നായി ചിരിച്ചു. എന്റെ മുഖവും കണ്ണുകളും മത്തങ്ങായിൽ രണ്ട് എൽ.ഇ.ഡി. ബൾബുകൾ കുത്തി നിർത്തിയപോലെയിരിക്കും. ഇലക്ട്രീഷനായ ഞാൻ എങ്ങനെ ജോലി ചെയ്യും സാറേ...അദ്ദേഹത്തോടൊപ്പം ഞങ്ങളെല്ലാവരും ചിരിക്കുന്നതിനിടെ ദിവ്യയുടെ ശബ്ദം- കുഴപ്പമില്ല ചേട്ടാ.. ജോലി ചെയ്യുമ്പോൾ ആ എൽ.ഇ.ഡി. ബൾബുകളും തെളിഞ്ഞു കത്തും. ദിവ്യ അതു പറഞ്ഞതും ചിരിയുടെ അമിട്ടു പൊട്ടി.
**********************************************
ചിരിക്കാൻ... ഓർത്തോർത്ത് ചിരിക്കാൻ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത് വേദികളിൽ അതിഥിയായി ഇരിക്കുമ്പോളാണ്. ചിരി അടക്കി ഇരിക്കേണ്ട സാഹചര്യമാണെങ്കിലും മനസ്സിൽ ചിരിയുടെ കുമിളകൾ പൊട്ടും. സദസ്സിന് എന്നെ പരിചയപ്പെടുത്തുന്ന സന്ദർഭങ്ങളായിരിക്കും അതിൽ ഭൂരിഭാഗവും എന്നത് ശ്രദ്ധേയമാണ്.
നമ്മുടെ ഇന്നത്തെ മുഖ്യാതിഥി ഡോ. വി.പി. ഗംഗാധരൻ, ഈ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന രോഗികളെ ഇതിനു വേണ്ടി ആത്മാർഥമായി സഹായിക്കുന്ന ഡോക്ടർ... സിസ്റ്റർ ലോററ്റിന്റെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോളും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പതിനഞ്ചു വർഷം മുമ്പ് ഒരു വിമൻസ് കോളേജിലെ പ്രിൻസിപ്പൽ നടത്തിയ ആ പരിചയപ്പെടുത്തലിന്റെ ഞെട്ടലിൽനിന്ന് ഞാൻ ഇനിയും വിമുക്തനായിട്ടില്ലെന്നതാണ് സത്യം.
*******************************************
ഞാൻ ഡോ. ഗംഗാധരനെ ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. പലവട്ടം ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. എന്റെ പഞ്ചായത്തിലെ രോഗികളുടെ ചികിൽസയ്ക്കായി ശുപാർശക്കായാണ് ആ വിളികൾ. അദ്ദേഹം അവരെയൊക്കെ സഹായിച്ചിട്ടുണ്ട്. നേരിട്ട് അദ്ദേഹത്തെ കാണാൻ ഒരിക്കലും ഇടവരുത്തരുതേയെന്ന് ദൈവത്തോട് അകമഴിഞ്ഞ് ഞാൻ പ്രാർഥിച്ചിട്ടുമുണ്ട് - പഞ്ചായത്തു പ്രസിഡന്റ് എന്നെ നോക്കി ചിരിച്ചു. പക്ഷേ, എന്തൊക്കെയായാലും കാൻസറിന്റെ ഒരു പര്യായം തന്നെയാണ് ഈ ഇരിക്കുന്ന ഡോക്ടർ. നമുക്ക് ഏറെ പ്രിയപ്പെട്ട ഡോ. വി.പി. ഗംഗാധരൻ. ജനം കൈയടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
വാർഡ് മെംബർമാരും പ്രസംഗകലയിൽ ഒട്ടും മോശക്കാരല്ലെന്നു തെളിയിച്ച സന്ദർഭങ്ങളുമുണ്ട്.
കാൻസറിന്റെ ചിഹ്നം എന്താണ്- മെമ്പർ സദസ്സിനെ നോക്കി ചോദിച്ചു.
ഉത്തരം പലയിടത്തുനിന്നും വന്നു - ഞണ്ട്. ഞണ്ടാണ് കാൻസറിന്റെ ചിഹ്നം.
ഞണ്ടിനെ കാണുമ്പോളൊക്കെ ഡോ. ഗംഗാധരന്റെ മുഖം എന്റെ മനസ്സിൽ വരും! കാരണമെന്താണെന്നോ കാൻസറിന്റെ മുഖമായി നമ്മൾ കേരളീയർ ഡോ. ഗംഗാധരനെ ഓർക്കുന്നതു കൊണ്ടാണത്.
മെമ്പർ വിശദീകരിച്ചപ്പോൾ ഞാൻ അമ്പരപ്പോടെ ഇരുന്നു പോയി. സദസ്സിലാകെ ചിരിയും.
******************************************
ഒരു ആത്മീയാചാര്യൻ പ്രസംഗിച്ചത് ഇങ്ങനെ- മുനിവര്യനായ ഒരു സ്‌റ്റെതസ്‌കോപ്പ് ധാരി... ആചാര്യൻ ഒരു ഔദാര്യഭാവത്തോടെ എന്നെ നോക്കിക്കൊണ്ട് തുടരുകയാണ്. ''ഡോക്ടറുടേത് ഒരു കാൻസർ കുടുംബമാണ്... ഭാര്യ സർജനാണ്. മകൻ ഡോക്ടറുടെ പിൻഗാമിയാണ്...'' ദൈവമേ...., ഞാൻ അറിയാതെ വിളിച്ചു പോയി!
*****************************************************
നിങ്ങൾ കാൻസർ വാർഡിൽ പോയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കൽ പോകണം. ഇത് ഒരു രാഷ്ട്രീയക്കാരന്റെ പ്രസംഗമായിരുന്നു. അദ്ദേഹം തുടരുകയാണ്- ഞാൻ ഒരിക്കൽ പോയിരുന്നു. മാസങ്ങൾക്കു മുൻപ്. അഞ്ചും ആറും വയസ്സുള്ള കൊച്ചു കുഞ്ഞുങ്ങൾ സ്തനാർബുദം ബാധിച്ച് നിലവിളിക്കുന്ന ആ കാഴ്ച... (ഇത്ര ചെറിയ പ്രായത്തിൽ സ്തനാർബുദം വരില്ലാ... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് എന്റെ മനസ്സായിരുന്നു...)
നിങ്ങൾക്കറിയാമോ-കാൻസർ രോഗികളിൽ ഭൂരിഭാരവും ഇന്ന് മരിക്കുകയാണ് ചെയ്യുന്നത്. ഇന്ന് നമ്മോടൊപ്പം ഇവിടെ സന്നിഹിതനായിരിക്കുന്ന ഡോ. ഗംഗാധരൻ എന്റെ സുഹൃത്താണ്. ഇത്തരത്തിലുള്ള കാൻസർ ചികിൽസയിൽ സന്തോഷം കണ്ടെത്തുന്ന അപൂർവം ഡോക്ടർമാരിൽ ഒരാളാണ് അദ്ദേഹം എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
ഗംഗയെ - ഗംഗാനദിയെ - അധരത്തിലേറ്റി നടക്കുന്നവൻ ഗംഗാധരൻ! കാൻസറിന്റെ മുഖമുദ്രയാണ് ഡോക്ടർ. അദ്ദേഹം ജപിക്കുന്നതു തന്നെ കാൻസർ, കാൻസർ എന്നാണ്. അദ്ദേഹത്തിന്റെ ഓരോ നിശ്വാസത്തിലും കാൻസറുണ്ട്. സ്വയം കാൻസറിനെക്കുറിച്ച് അനുഭവ സമ്പത്തുള്ള ഡോക്ടറും കുടുംബവും... വിശേഷണങ്ങൾക്ക് അന്ത്യമില്ലായിരുന്നു. ചിരിക്കും അന്ത്യമില്ല- മനസ്സ് ഏറ്റു പറഞ്ഞു.
*****************************************
അവിടെനിന്ന് മനസ്സ് ഓടിയെത്തിയത് ഒരു കാർ യാത്രയിലെ സംഭവവികാസങ്ങളിലേക്കും ചിരിയിലേക്കുമാണ്. എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള ഒരു കാർ യാത്ര. ചാലക്കുടിയിലെ മേൽപ്പാലം സ്വപ്‌നമായി തുടങ്ങിയിട്ടു മാത്രമുണ്ടായിരുന്ന കാലഘട്ടം. സമയം അഞ്ചര മണിയായി. ഏഴു മണിക്കെങ്കിലും തൃശൂരെത്തണം- ഞാൻ സാരഥിയോടു പറഞ്ഞു. പാലം പണി നടക്കുന്നതു കൊണ്ട് നമുക്ക് ഈ വണ്ടിയുടെ പിറകേ ഇടത്തോട്ടു തിരിഞ്ഞു പോകാം. പറഞ്ഞു തീർന്നതും വണ്ടി ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞു.
മുന്നിൽ പോകുന്ന വണ്ടിയും തൃശൂർക്കായിരിക്കും. അവർക്ക് വഴി അറിയാമെന്നു തോന്നുന്നു- ഒരു ശങ്കയും കൂടാതെ സാരഥി ആ വണ്ടിയെ പിന്തുടർന്നു. അനുസരണക്കാരിയായ ഭാര്യ ഭർത്താവിനെ പിന്തുടരുന്നതു പോലെ! അന്ന് എന്റെ മനസ്സിൽ തോന്നിയത് അങ്ങനെയായിരുന്നു. ഒരു മണിക്കൂറോളം ആ വാഹനത്തെ പിന്തുടർന്നു കാണും. പ്രധാന വഴികളും ഊടുവഴികളും പിന്നിട്ട് ആ വാഹനം ഒരു റോഡിലെ അവസാനത്തെ വീടിനു മുന്നിൽ നിർത്തി. ഗേറ്റു തുറന്ന് വണ്ടി അകത്തേക്കു കയറിപ്പോയി! അത് ഓടിച്ചിരുന്ന ഒരു ഇരുനിറക്കാരനോട് സാരഥി തലനീട്ടി ചോദിച്ചു- ഇവിടുന്ന് തൃശൂർക്ക് എങ്ങനെ പോകും? പിന്നെ വാക്കുകൾ സാരഥിയുടെ തൊണ്ടയിൽ കുരുങ്ങി. സാറ്... കാറ്... ഇവിടെ... തൃശൂർക്ക്...
ഇത് എന്റെ വീടാണ്. ഇതുവഴി അരമണിക്കൂർ പോയാൽ തൃശൂർ റോഡിലെത്താം. അദ്ദേഹം ഔദാര്യത്തോടെ വഴി കാണിച്ചു തന്നു. കൃത്യമായിരുന്നു അദ്ദേഹം പറഞ്ഞ സമയം. വഴിയും. അദ്ദേഹം കാണിച്ച വഴിയിലൂടെ കൃത്യം അര മണിക്കൂറു കൊണ്ട് ഞങ്ങൾ ചാലക്കുടിയിൽ പാലം പണി നടക്കുന്ന ഇടത്തു തന്നെ എത്തിച്ചേർന്നു.ആദ്യം ഞങ്ങൾ ഇടത്തോട്ടു തിരിഞ്ഞ് ആ വണ്ടിക്കു പിന്നാലെ വെച്ചുപിടിച്ച വഴിയിൽനിന്ന് ഒരു നൂറു മീറ്ററോളം മുന്നോട്ടു മാറി മറ്റൊരു വഴിയിലൂടെയാണ് തിരികെ എത്തിയതെന്നു മാത്രം! സാരഥിക്ക് ഒട്ടും ചിരി വന്നിരുന്നില്ല. എനിക്ക് ചിരി നിർത്താനായില്ല, കാറിൽ കൂടെയുണ്ടായിരുന്ന എന്റെ മകൻ ചിരിയിൽ എനിക്ക് കമ്പനി തന്നു.
****************************************************
സാറേ കാപ്പി... ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്. യാത്രക്കാരുടെയെല്ലാം മുഖത്ത് ചിരി, സന്തോഷം. മുന്നിലെ ട്രേയിലിരിക്കുന്ന പഴം പൊരിയും ബിസ്‌കറ്റും കണ്ടായിരിക്കാം സന്തോഷം- മനസ്സ് പറഞ്ഞു. ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിലേക്ക് അടുക്കുന്നു - തീവണ്ടിയിലെ അറിയിപ്പും ചിരിക്കാൻ വകയുള്ളതായിരുന്നു. ഇനി കോഴിക്കോട് സ്‌റ്റേഷൻ വിടുമ്പോൾ അറിയിപ്പ് എന്തായിരിക്കും! ഞാനോർത്തു. കേൾക്കാൻ കാത്തിരുന്നു. ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിൽ നിന്ന് അകലുന്നു. വാതിലുകൾ അടഞ്ഞു. വന്ദേഭാരത് കുതിപ്പ് തുടങ്ങിയതേ ഉള്ളൂ. അതാ വരുന്നു അടുത്ത അറിയിപ്പ്. അടുത്ത സ്റ്റോപ്പ് ഷൊർണൂർ റെയിൽവേ സ്റ്റേഷനാണ്. അതിനടുത്ത സ്റ്റോപ്പ് തൃശൂർ ബസ് സ്റ്റാൻഡായിരിക്കും - ഞാൻ മനസ്സിലോർത്ത് സ്വയം ചിരിച്ചു.
പാതി അടഞ്ഞ മിഴികളോടെ മുന്നിലെ സ്‌ക്രീനിൽ ഞാൻ കണ്ണോടിച്ചു. അതിൽ അക്ഷരങ്ങൾ ഓടി മറയുന്നുണ്ടായിരുന്നു. ബ്രീഫ്‌കേസ്, ബാഗ്, തെർമോസ്, ട്രാൻസിസ്റ്റർ എന്നിങ്ങനെ ശ്രദ്ധിക്കപ്പെടാത്തതോ സംശയാസ്പമായതോ ആയ വസ്തുക്കൾ ബോംബ് ആയിരിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ളവയെ പേടിച്ച് കണ്ണു തുറന്ന ഞാൻ ബാക്കി വായിച്ചില്ല. എന്റെ മനസ്സിലെ സ്‌ക്രീനിൽ തെളിഞ്ഞു വന്നത് മറ്റൊന്നാണ്. നിങ്ങളുടെ അടുത്തിരിക്കുന്ന വ്യക്തി ചിലപ്പോൾ മനുഷ്യബോംബ് ആയിരിക്കാം. സംശയം തോന്നിയാൽ ഉടനെ അയാളെ തള്ളി പുറത്തിടുക. ഒരു കുസൃതിച്ചിരി വന്നത് ഞെട്ടലായി മാറിയപ്പോൾ മനസ്സിലെ സ്‌ക്രീൻ പൊടുന്നനെ അപ്രത്യക്ഷമായി.
ചിരിക്കാം, ചിരിക്കാം... ചിരിച്ചു കൊണ്ടിരിക്കാം... ചിരിയുടെ അമിട്ടിന് തിരി കൊളുത്താം. പെട്ടെന്ന് ഒരു അമിട്ടു പൊട്ടുന്നത് മനസ്സിൽ വന്നപ്പോൾ ചിരി നിലച്ചുപോയല്ലോ എന്നോർത്തപ്പോൾ പതുക്കെ എനിക്ക് മനസ്സിൽ ഒരു നേർത്ത ചിരി നാമ്പിട്ടു...
Content Highlights: dr vp gangadharan column
Published: 05 Mar 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented