പ്രിയപ്പെട്ട സാറിന്,
ഞാന്‍ നിര്‍മല. പത്തുവര്‍ഷം മുമ്പ് സാറിന്റെ ചികിത്സയിലുണ്ടായിരുന്ന, മരിച്ചുപോയ പത്മിനിയുടെ മകള്‍. എന്റെ ഇളയ സഹോദരി സുമിയും ഞാനും കൂടിയാണ് അമ്മയെയും കൊണ്ട് സാറിനെ കാണാന്‍ വരാറുണ്ടായിരുന്നത്. ഞങ്ങള്‍ രണ്ടു പേരും വിദേശത്താണ്. ചികിത്സയുടെ സമയത്തെല്ലാം ഞങ്ങളിലൊരാള്‍ അമ്മയുടെ കൂടെ നാട്ടിലുണ്ടാകുമായിരുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ അതിന് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. അത് ഒരു ഭാഗ്യം തന്നെയായിരുന്നു. അക്കാലമത്രയും ഞങ്ങളുടെ കൊച്ചുമക്കളെ അവര്‍ അമ്മയുടെ അഭാവത്തിലും പൊന്നുപോലെ നോക്കുമായിരുന്നു. അമ്മയുടെ മരണ ശേഷം ഞങ്ങള്‍ വിദേശത്തേക്ക് തിരികെ പോന്നു. പ്രായമായ ഞങ്ങളുടെ അച്ഛന്‍ ജനിച്ചു വളര്‍ന്ന നാടുവിട്ട് എങ്ങും പോകാന്‍ തയ്യാറല്ലായിരുന്നു. അച്ഛന്റെ കൂടെ താമസിക്കാനും ശുശ്രൂഷിക്കാനും ബന്ധുക്കള്‍ക്കിടയില്‍ മത്സരം തന്നെയായിരുന്നു. അമ്മയുടെ ചികിത്സയുടെ സമയത്തു തന്നെ ഇത് ആരംഭിച്ചിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. അവരുടെയെല്ലാം ഉദ്ദേശം അച്ഛന്റെ പേരിലുള്ള സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും തട്ടിയെടുക്കുക എന്നതു തന്നെയായിരുന്നു. അതില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചു എന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞത് രണ്ടുമാസംമുമ്പ് നാട്ടില്‍ വന്നപ്പോഴാണ്. അന്യവീട്ടില്‍ വന്ന ഒരനുഭവമായിരുന്നു അന്നെനിക്ക്. അച്ഛന്‍ അവരുടെ കൈയിലെ ഒരു കളിപ്പാവയായി മാറിക്കഴിഞ്ഞിരുന്നു. വീട്ടില്‍ നിറയെ അച്ഛന്റെ ബന്ധുക്കള്‍. അച്ഛന്റെ സ്ഥാപനങ്ങളിലെല്ലാം അവരുടെ ഇളയ തലമുറക്കാര്‍. ഞാന്‍ എങ്ങുനിന്നോ വലിഞ്ഞുകയറി വന്ന ഒരു സ്ത്രീ - അതായിരുന്നു അവരുടെ ഭാവം. രണ്ടു വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ എന്റെ സഹോദരിയെയും എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഒറ്റയ്ക്കായി. ഇനി നാട്ടിലേക്കില്ല. ഞാന്‍ ഈ മെസേജ് അയക്കാനുള്ള കാരണം എന്താണെന്നറിയാമോ! സാറ് കാന്‍സറിനെക്കുറിച്ചും ചികിത്സകളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന ആളാണല്ലോ. ഞാന്‍ എഴുതിയ അനുഭവവും കാന്‍സറിന്റെ പാര്‍ശ്വഫലമാണ്. നിങ്ങള്‍ ഡോക്ടര്‍മാര്‍ അറിയാതെ പോകുന്ന പാര്‍ശ്വഫലം.

To advertise here,

ഒരു കുടുംബമേ തകര്‍ക്കപ്പെടുകയാണ്. സമൂഹം കല്‍പ്പിച്ചു നല്‍കുന്ന പാര്‍ശ്വഫലമാണിത്. ഇനി എല്ലാ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സിലും സാറ് ഇതും കൂടി പറയണം. ഈ നീണ്ട ഇ മെയില്‍ സന്ദേശത്തിനു ശേഷം നിര്‍മല ഒരു സോറിയും കൂടി പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു നീണ്ട കുറിപ്പ് എഴുതിയതിന്.

********************************************

നിര്‍മലയുടെ സന്ദേശം വായിച്ച് ഒരു നിമിഷം ഓര്‍മയിലാണ്ടിരുന്നപ്പോള്‍ മറ്റൊരു മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ഞാന്‍ ഇനി സാറിനെ കാണാന്‍ വരണോ? അഞ്ചു വര്‍ഷമായി ചികിത്സയൊക്കെ കഴിഞ്ഞിട്ട്. ടിന്റുവിന്റെ ഈ ചോദ്യത്തിന് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. സാറിന്റെ ചിരി കണ്ടിട്ട് എനിക്ക് ദേഷ്യമൊന്നും വരുന്നില്ല. പണ്ടത്തെ സ്വഭാവത്തിലായിരുന്നെങ്കില്‍ ഞാന്‍ സാറിനെ കടിച്ചു കീറിയേനേ! ഇപ്പോള്‍ അങ്ങനെയല്ല. കാന്‍സര്‍ എന്റെ സ്വഭാവത്തെ പാടേ മാറ്റിക്കളഞ്ഞു. അല്ലെങ്കില്‍ ഞാനും ഇവനും ഇങ്ങനെ ഒറ്റയ്ക്കു ജീവിക്കില്ലായിരുന്നു - മകനെ ചൂണ്ടി ടിന്റു തുടര്‍ന്നു. സാറിന്റെയടുത്ത് ചികിത്സയ്‌ക്കെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. പലവട്ടം സാറിനോട് എല്ലാം തുറന്നു പറയാന്‍ തുടങ്ങിയതാണ്. അപ്പോഴൊക്കെ അതിന് തടസ്സം പറയാറുള്ളതും എന്റെ ഈ മകന്‍ തന്നെയാണ്. എന്തിനാണ് നമ്മുടെ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് ഡോക്ടറുടെ സമയം കളയുന്നത് എന്നാണ് അവന്‍ എപ്പോഴും ചോദിക്കുക. അമ്മ അതൊക്കെ മറന്നുകള- പ്രായോഗിക ബുദ്ധിയില്‍ എന്നേക്കാള്‍ മിടുക്ക് അവനാണെന്ന് ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കു തോന്നാറുണ്ട്.
ഒരു ചെറിയ മൗനത്തിനു ശേഷം ടിന്റു വീണ്ടും പറയാന്‍ തുടങ്ങി. വയ്യ സാറേ... സാറിനോട് എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞാല്‍ എന്റെ മനസ്സിന്റെ ഭാരമെങ്കിലും കുറഞ്ഞു കിട്ടും.

ഞാനും ഭര്‍ത്താവും ഈ മോനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഞാനും ഭര്‍ത്താവും പണ്ടേ അയല്‍പക്കക്കാരായിരുന്നു. രണ്ടു പേരുടെയും അടുത്ത ബന്ധുക്കളും അടുത്തു തന്നെയാണുള്ളത്. അച്ഛന്‍, അമ്മ, അമ്മായിയമ്മ, അമ്മായിയച്ഛന്‍, സഹോദരന്മാര്‍, സഹോദരിമാര്‍... ആ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. എനിക്ക് ഈ അസുഖം ബാധിക്കുന്നതു വരെ വളരെ സൗഹൃദത്തില്‍ ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ടിന്റു ഒരു നെടുവീര്‍പ്പെടെ തുടര്‍ന്നു. ഇന്ന് പരസ്പരം മിണ്ടാട്ടമില്ല. കണ്ടാല്‍ ഒന്നു ചിരിച്ചാലായി. അതും അപൂര്‍വമായി മാത്രം. ഞാന്‍ സാറിന്റെയടുത്ത് ചികിത്സയ്ക്കു വന്ന ദിവസം മുതല്‍ തുടങ്ങിയതാണ് പ്രശ്‌നം.

അയ്യോ! അപ്പോള്‍ ഞാനാണ് പ്രശ്‌നക്കാരന്‍ അല്ലേ... ചിരിച്ചു കൊണ്ടാണ് ഞാനതു ചോദിച്ചതെങ്കിലും അത്യന്തം അത്ഭുതത്തോടെയാണ് ഞാന്‍ ടിന്റുവിന്റെ മുഖത്തേക്കു നോക്കിയത്.

ഒരു ഭാവഭേദവുമില്ലാതെ അവള്‍ തുടരുകയായിരുന്നു. അല്ല... അത് സാറിന്റെ കുഴപ്പം കൊണ്ടൊന്നുമല്ല. സാറിനോട് വിരോധമൊന്നുമുള്ളതു കൊണ്ടല്ലെന്ന് അറിയാമല്ലോ. ഞാന്‍ അവര്‍ പറഞ്ഞതൊന്നും അനുസരിച്ചില്ല. അതില്‍ അവരോരോരുത്തരും അവരുടെ അതൃപ്തി അറിയിച്ചു. അലോപ്പതി ചികില്‍സയ്ക്ക് പോകരുതെന്ന് ഉപദേശിച്ച് കുറച്ചു പേര്‍. തിരുവനന്തപുരത്തെ ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചവര്‍. എറണാകുളത്തു തന്നെ മറ്റൊരു ഡോക്ടറെ കാണാന്‍ തീയതി നിശ്ചയിച്ചവര്‍. ഇതിനൊന്നും ചെവി കൊടുക്കാതെ ഞാന്‍ സാറിന്റെയടുത്തു തന്നെ വന്നില്ലേ! അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്.

അവള്‍ക്ക് എല്ലാം സ്വന്തം ഇഷ്ടം മാത്രം! നിഷേധി... ഞാന്‍ കേള്‍ക്കാതെ അവര്‍ എന്നെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
എന്റെ ഭര്‍ത്താവ് ഒരു പാവമാണ് സാറേ. സാധു മനുഷ്യന്‍. എനിക്ക് അസുഖമാണെന്നറിഞ്ഞ നിമിഷം അദ്ദേഹം മാനസികമായി തകര്‍ന്നുപോയി. സ്വയം എന്തെങ്കിലും തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം പരുങ്ങുന്നതു കണ്ട് ഞാന്‍ ഒറ്റയ്ക്ക തീരുമാനമെടുത്തു. അങ്ങനെയാണ് സാറിന്റെയടുത്ത് എത്തിയത്.

ഞാന്‍ ഒരു പഴയ കായികതാരമാണ്. അതായിരിക്കാം എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തിയത്. ഓരോ പ്രാവശ്യം സാറിനെ കാണുമ്പോഴും മനസ്സു തുറക്കാന്‍ ആഗ്രഹിച്ചതാണ്. ചികിത്സയൊക്കെ കഴിഞ്ഞ് അസുഖം ഭേദമായി. ഇനി മൂന്നു മാസം കഴിഞ്ഞു വന്നാല്‍ മതിയെന്ന് സാറും പറഞ്ഞപ്പോഴാണ് ഞാന്‍ ഇന്ന് എന്നെക്കുറച്ച് തുറന്നു പറയാമെന്ന് തീരുമാനിച്ചത്. സാറിന്റെ വിലപ്പെട്ട ഇത്രയും സമയം അപഹരിച്ചതിന് സോറി.
ചികിത്സയുടെ പാര്‍ശ്വഫലങ്ങളൊക്കെ സാറ് വിശദീകരിച്ചു തന്നപ്പോള്‍ സാറിനും അറിയാത്ത ഇത്തരം ചില പാര്‍ശ്വഫലങ്ങള്‍ കാന്‍സറിന് ഉണ്ടെന്ന് ബോധ്യപ്പെടുത്തണമെന്നു തോന്നി. അതു കൊണ്ട് പറഞ്ഞു പോയതാണ്.

ടിന്റുവിന്റെ കണ്ണുകളില്‍ നനവു കാണാമായിരുന്നു. ധൈര്യമായിരിക്കൂ... എല്ലാം ശരിയാകും..ഒരു കായിക താരത്തിന്റെ നിശ്ചയ ദാര്‍ഢ്യം നിനക്ക് ഉണ്ടല്ലോ. എന്റെ വാക്കുകള്‍ കേട്ട് അവള്‍ ചിരിച്ചു. പതുക്കെ എന്റെ കൈയിലൊന്നു പിടിച്ച് അവള്‍ ചിരിയോടെ നടന്നു നീങ്ങി.

***********************************************

ഡോക്ടറേ... ഒരു കാര്യം പറഞ്ഞാല്‍ ചെയ്യുവോ...കട്ടിലില്‍ തൊട്ടടുത്തു പിടിച്ചിരുത്തി ചിന്നു ആവശ്യപ്പെട്ട ഒരു സഹായം ഓര്‍മയില്‍ തെളിഞ്ഞു വന്നു.

ചികിത്സയുടെ സമയത്ത് ഉടനീളം ഞാന്‍ എന്റെ വീട്ടിലായിരുന്നു. എന്റെ സ്വന്തം അച്ഛനമ്മമാരുടെ കൂടെ. നാലു വയസ്സുകാരി മോളും എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഭര്‍ത്താവിന് ബിസിനസ്സാണ്. അത് ഇട്ടെറിഞ്ഞ് എന്റെ കൂടെ വരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഞങ്ങളുണ്ടാക്കിയ കൊച്ചുവീട്ടില്‍ ഇക്കാലമത്രയും അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ആഹാരം കഴിക്കാന്‍ തൊട്ടടുത്തു തന്നെ താമസിക്കുന്ന അച്ഛനമ്മമാരെ ആശ്രയിച്ചുളള ജീവിതം. കുറച്ചു ദിവസമായി അദ്ദേഹം അവിടെ ആഹാരം കഴിക്കാന്‍ പോകാറില്ല. സ്വതവേ വഴക്കാളികളായ അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ എനിക്ക് കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തോടു പറഞ്ഞത്രേ- അവള്‍ക്ക് അങ്ങനെ തന്നെ വേണം, അവളുടെ സ്വഭാവത്തിന് കാന്‍സര്‍ വന്നില്ലെങ്കിലേ അതിശയമുള്ളൂ. അവളിങ്ങു വരട്ടെ, ആ മുഖത്തു നോക്കി രണ്ടു വാക്കു പറയണം എന്ന്. അതിനു വേണ്ടി കാത്തിരിക്കുകയാണ് അവര്‍.

ഡോക്ടര്‍ ഒരു ഉപകാരം ചെയ്യണം. ആരും എന്നെ കാണാന്‍ വീട്ടിലേക്കു വരരുതെന്ന് പറയണം. പ്രത്യേകിച്ചും എന്റെ ഭര്‍ത്താവിനോടു പറഞ്ഞ് അദ്ദേഹത്തിന്റെ പ്രായമായ അച്ഛനമ്മമാരോട് ഞങ്ങളുടെ വീട്ടിലേക്കു വരരുതെന്ന് പറഞ്ഞ് ഏര്‍പ്പാടാക്കണം. ഡോക്ടര്‍ എപ്പോഴും പറയാറില്ലേ, കാന്‍സര്‍ ചികില്‍സിച്ചു ഭേദമാക്കാവുന്ന അസുഖമാണെന്ന് എന്റെ കാന്‍സര്‍ ഭേദമായെന്നും എനിക്കറിയാം. പക്ഷേ, സമൂഹത്തിന്റെ മനസ്സിലെ കാന്‍സര്‍ മാറില്ല ഡോക്ടറേ! സാറല്ല, ഒടയ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും അത് മാറ്റാന്‍ സാധിക്കില്ല സാറേ- അവള്‍ പൊട്ടിക്കരഞ്ഞു.
കാന്‍സര്‍ മരുന്നിനെക്കാള്‍ പ്രശ്നക്കാരാണ് മനുഷ്യര്‍. പാര്‍ശ്വഫലങ്ങള്‍ മരുന്നുകളെക്കാള്‍ തീവ്രതയുള്ളതാണ് എന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞു. ചികില്‍സ വേണം... ആ പ്രശ്‌നത്തിനും ചികില്‍സ വേണം... ഉറക്കെ വിളിച്ചു പറയണമെന്നാണ് എനിക്കു തോന്നിയത്.