
'സാറിന് ഇന്ന് രാവിലെ വീട്ടില്‍ ഒ.പിയുണ്ടോ? രോഗികളെ പരിശോധിക്കുന്നുണ്ടോ? സാര്‍ എത്ര മണിവരെ വീട്ടില്‍ കാണും?' ഓമന ഫോണിലൂടെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പതിവുപോലെ താമസിച്ച് വരാനല്ലേ. കച്ചവടം നേരത്തെ അവസാനിപ്പിച്ച് പത്ത് മണിക്ക് മുമ്പ് ഇവിടെയെത്തിയേക്കണം. ഞാന്‍ കുറച്ച് നേരത്തെ ഹോസ്പിറ്റലിലേക്ക് പോകും'. എന്റെ മറുപടിക്ക് ചെവി കൊടുക്കാതെ അവള്‍ ഫോണ്‍വിളി അവസാനിപ്പിച്ചു.
ഞാന്‍ ഫോണിലേക്ക് കണ്ണോടിച്ചു. ഓമന ചപ്പാത്തി എന്ന് പേര് സ്‌ക്രീനില്‍ തെളിഞ്ഞുകണ്ടു. 'സാറിന്റെ ഫോണിലെ പേരുകളൊക്കെ ഇങ്ങിനെയല്ലേ. തോണ്ടി ടോം, സീരിയസ് മത്തായി, കള്ളു തോമാ, കഥകളി ശശി, തൊരപ്പന്‍ രവി...' രമ്യയുടെ ശബ്ദം ചെവിയില്‍ മുഴങ്ങി. 'എന്തിനാ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നേ?' രമ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. ഫോണ്‍ മേശപ്പുറത്ത് വെച്ചിട്ട് ഞാന്‍ പത്രവായന തുടര്‍ന്നു. അപ്പോഴും കൂട്ടുകാരുടെ ഇരട്ടപ്പേരുകള്‍ മനസ്സില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു.
Also Read
എട്ടുമണിയോടെ ഞാന്‍ വീട്ടിലെ പരിശോധനാമുറിയില്‍ രോഗികളെ പരിശോധിച്ച് തുടങ്ങി. മൂന്നാമത്തെ രോഗിയായി കടന്ന് വന്ന ഓമനയെക്കണ്ട് ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'ഇന്ന് നാട്ടുകാരെയൊക്കെ നേരത്തെ പറ്റിച്ചു അല്ലേ? ഇത്ര നേരത്തെയൊക്കെ ചപ്പാത്തിയൊക്കെ വിറ്റുകഴിഞ്ഞോ?' എൻ്റെ ചോദ്യത്തിന് നീണ്ട ഒരു മൗനമായിരുന്നു മറുപടി. അവളുടെ മുഖത്ത് കാണാറുള്ള പ്രസരിപ്പും ചിരിയും അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്തുപറ്റി ഇന്ന്? സാധാരണ കാണാറുള്ള ഓമനയല്ലല്ലോ മുന്‍പിലിരിക്കുന്നതെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.
'എന്തെങ്കിലും അസുഖം തോന്നുന്നുണ്ടോ? പനി, വേദന...' ഞാന്‍ യാന്ത്രികമായി ചോദിച്ചുകൊണ്ടിരുന്നു. 'അതൊന്നുമില്ല സാറെ... മനസ്സിന് ഒരു സുഖവുമില്ല.' അവളുടെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തോ പറയാന്‍ മടിക്കുന്നത് പോലെ. അവള്‍ എന്നെത്തന്നെ കുറച്ചുനേരം നോക്കിയിരുന്നു. 'എന്റെ പ്രശ്നങ്ങളെല്ലാം എന്തിനാണ് സാറിന്റെ മുന്നില്‍ വെളമ്പുന്നത് എന്നോര്‍ത്താണ് ഞാന്‍ വന്നത്. സാറിന്റെ നല്ലൊരു ദിവസം ഞാനായിട്ട് രാവിലെ തന്നെ...' അവള്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല. 'അത് സാരമില്ല. ഓമനയുടെ പ്രശ്നങ്ങള്‍ പറഞ്ഞോളൂ. എനിക്കെന്തെങ്കിലും പരിഹാരം കണ്ടെത്താനായാലോ'. ഞാന്‍ അവളുടെ വിരലുകളില്‍ പിടിച്ച് ധൈര്യം പകരാന്‍ ശ്രമിച്ചു.
'അങ്ങിനത്തെ പ്രശ്നമൊന്നുമില്ല സാറേ. ഞാന്‍ എന്റെ ചപ്പാത്തിക്കട എന്നന്നേക്കുമായി പൂട്ടി താക്കോല്‍ കെട്ടിട ഉടമസ്ഥനെ ഏല്പിച്ചിട്ട് വന്നതാ'. അവള്‍ കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. 'എന്തുപറ്റി? നന്നായി നടന്നിരുന്ന സ്ഥാപനമല്ലേ, ആരെങ്കിലും കളിപ്പിച്ചോ?' അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. 'ഞങ്ങളെ ആരും കളിപ്പിച്ചില്ല. കളിപ്പിക്കപ്പെടുന്നത് പൊതുജനങ്ങളാണ്'.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവള്‍ വാചാലയായി. 'ഒരു മായവും ചേര്‍ക്കാതെ ഞാനുണ്ടാക്കുന്ന ചപ്പാത്തി പൊതുജനത്തിന് വേണ്ട. അത് കൊണ്ട് തന്നെ കടക്കാര്‍ക്കും വേണ്ട. 24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ചപ്പാത്തി ആര്‍ക്കും വേണ്ട. വിറ്റഴിക്കാന്‍ സാധിക്കാതെ കടക്കാര്‍ അടുത്ത ദിവസം അതെല്ലാം ഞങ്ങളെ തിരിച്ചേല്‍പ്പിക്കും. കേടുവരാതിരിക്കാനും മറ്റും ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയ ചപ്പാത്തി പായ്ക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത് കാണുമ്പോള്‍ അത് വാങ്ങിക്കൊണ്ട് പായുന്ന ജനങ്ങളെ കാണുമ്പോള്‍ സങ്കടം വരും.
നല്ല ശുദ്ധമായ ഭക്ഷണം കഴിക്കാന്‍ വിധിക്കപ്പെടാത്തവര്‍ എന്ന് മനസ്സ് പറയും. പഴവും പച്ചക്കറിയും അരിയും ഗോതമ്പും എല്ലാ ഭക്ഷ്യവസ്തുക്കളും ഇതുപോലെ തന്നെയല്ലേ സാറെ. നല്ല ഭക്ഷണം കൊടുക്കണം. അമിത വില ഈടാക്കാതെ, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് നല്‍കണം ഇതൊക്കെയായിരുന്നു മനസ്സിലെ ആഗ്രഹം. നടപ്പില്ല സാറെ. ഇതൊന്നും ഇവിടെ ആര്‍ക്കുംവേണ്ട. കാശുണ്ടാക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യര്‍. അവര്‍ക്ക് ഇതൊക്കെ ചിന്തിക്കാന്‍ എവിടെ സമയം. അതുകൊണ്ട് സാറിന്റെയടുത്തെത്തുന്ന രോഗികളുടെ എണ്ണം അനുദിനം കൂടിവരുകയല്ലേ?' അവള്‍ മുറിവിട്ട് പുറത്തേക്കിറങ്ങി.
കാനഡയിലേക്ക് ചേക്കേറിയ രാംകുമാറിന്റെ ചിത്രം എന്റെ മനസ്സിലേക്കോടിയെത്തി. പാചകകലയില്‍ പഠനം പൂര്‍ത്തിയാക്കി കുറച്ച് വര്‍ഷം കപ്പലിലും വിദേശത്തും ജോലി ചെയ്ത ഒരു മിടുക്കന്‍ ചെറുപ്പക്കാരന്‍. നാട്ടുകാര്‍ക്ക് നല്ല ഭക്ഷണം നല്‍കണം എന്ന സദുദ്ദേശത്തോടെ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങി. ആദ്യമായി ബിരിയാണി അരി വാങ്ങാന്‍ കടയിലെത്തിയ അവന്‍ നല്ല ഇനം അരി തന്നെ തിരഞ്ഞെടുത്തു. കുശലാന്വേഷണത്തിനിടെ വൃദ്ധനായ കടക്കാരന്‍ ചോദിച്ചു.
'മോന്റെ വീട്ടിലെ ആവശ്യത്തിന് എന്തിനാ ഒരു ചാക്ക് അരി'. ഹോട്ടലിലെ ആവശ്യത്തിനാണെന്ന് പറഞ്ഞ ഉടനെ വൃദ്ധന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'ഈ മേഖലയില്‍ പുതുമുഖമാണല്ലേ. ഇത്രയും വില കൂടിയ അരിയൊന്നും ഹോട്ടലില്‍ വിളമ്പാന്‍ സാധിക്കുമോ? അതിനുള്ള സാധനം അകത്തെ മുറിയിലുണ്ട്' എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്രെ. രാംകുമാര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലായിരുന്നു. മാസങ്ങള്‍ക്കകം ഹോട്ടല്‍ അടച്ചുപൂട്ടേണ്ടി വന്നു. കട ബാധ്യതയുമായി അവന്‍ കാനഡയിലേക്ക് പറന്നു.
'നൂറു ദിവസം മാത്രം ആയുസ്സുള്ള എന്റെ അരി ആര്‍ക്കും വേണ്ട. എനിക്ക് നഷ്ടം വന്നാലും സാരമില്ല. ജൈവകൃഷിയിലൂടെ മാത്രം ഞാന്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കുത്തിയ ഈ അരി കുറെപ്പേര്‍ക്കെങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം ധന്യമായി'. ഭുവനേശ്വരിയുടെ മനസ്സാണത്. 'ലാഭമൊന്നുമില്ലയെന്ന് അറിഞ്ഞിട്ടും ഞാന്‍ കൃഷി തുടരുന്നതെന്തു കൊണ്ടാണെന്നറിയാമോ ഡോക്ടര്‍ക്ക്. ഞാന്‍ കൃഷിഭൂമിയെ സ്നേഹിക്കുന്നു. കൃഷിയെ സ്നേഹിക്കുന്നു'. ഭുവനേശ്വരി വിളഞ്ഞുനില്‍ക്കുന്ന പാടത്തേയ്ക്ക് നോക്കി പലവട്ടം എന്നോട് പറഞ്ഞിട്ടുള്ള വരികള്‍ മനസ്സില്‍ തെളിഞ്ഞുവന്നു.
'പ്രതീക്ഷിക്കാത്ത മഴയും കാലാവസ്ഥാ വ്യതിയാനവും ചതിച്ചാലും ഞാന്‍ തകരില്ല. കൃഷിയാണെന്റെ ജീവന്‍. അതില്ലാതെ... ഷാജിമോന്റെ കണ്ഠമിടറി. ഭൂമിദേവി ചതിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മളെ കൈപിടിച്ചുയര്‍ത്തും'. നെറ്റിയിലെ വിയര്‍പ്പു തുള്ളികള്‍ കൈകൊണ്ട് വടിച്ചു കളയുമ്പോള്‍ ഷാജിമോന്റെ കണ്ണുകളില്‍ തിളക്കം. 'പക്ഷേ കൃഷിക്കാരനാണെന്ന് പറഞ്ഞാല്‍ എല്ലാവരുടേയും കണ്ണില്‍ പുച്ഛമാണ്. ജോലിയില്ലാത്തവന്‍. വിദ്യാഭ്യാസമില്ലാത്തവന്‍ എന്നൊക്കെയാണ് പലരുടെയും കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ പഠിച്ച മക്കളൊന്നും ഈ പണിക്കിറങ്ങില്ല സാറേ. അവര്‍ക്കൊക്കെ ഉദ്യോഗസ്ഥരായാല്‍ മതി'.
'നാന്‍ വ്യവസായി സാര്‍... ഊരിലെ വ്യവസായം പണ്ണറേന്‍ സാര്‍...' അഭിമാനത്തോടെ ഇത് പറയുന്ന ഒരു കൂട്ടര്‍ നമ്മുടെ അയല്‍ക്കാരായുണ്ട്- തമിഴ്നാട്ടുകാര്‍. അവര്‍ കൃഷിക്കാരന്‍ എന്ന് പറയുന്നത് അഭിമാനത്തോടെയാണ്. അവര്‍ കൃഷിയില്‍ നിന്ന് ലാഭം കൊയ്യുന്നു. കൃഷിക്കാരനായി അന്തസ്സോടെ അഭിമാനത്തോടെ ജീവിക്കുന്നു. സര്‍ക്കാര്‍ കൃഷി പ്രോത്സാഹിപ്പിക്കാനായി അവര്‍ക്ക് ധാരാളം ഇളവുകള്‍ നല്‍കുന്നു. അവരുടെ ഉത്പന്നങ്ങള്‍ സ്വയം വിറ്റഴിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാതെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരു 'വ്യവസായി' എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു.
സിമന്റ് തറയില്‍ ചമ്രം പടിഞ്ഞിരുന്ന് കുപ്പിപ്പിഞ്ഞാണത്തില്‍ വിളമ്പിയ ചൂട് കഞ്ഞി കുമ്പിള്‍ കെട്ടിയ പ്ലാവില കൊണ്ട് ആര്‍ത്തിയോടെ വാരികുടിച്ചിരുന്ന കുട്ടിക്കാലം ഓര്‍മ്മയില്‍ വന്നു. കഞ്ഞിയില്‍ ഞെരടാന്‍ ഉപ്പുമാങ്ങയും ഇടക്ക് കടിക്കാന്‍ പപ്പടവും തൊട്ടുനക്കാന്‍ മാങ്ങാക്കറിയും ഉണ്ടെങ്കില്‍ അന്ന് ഗംഗക്ക് അത്താഴം സുഭിക്ഷം. പക്ഷേ ഇന്നോ? നാം മാറിപ്പോയിരിക്കുന്നു. നമ്മുടെ ഭക്ഷണശീലങ്ങള്‍ മാറിയിരിക്കുന്നു. പരിണതഫലമോ? 'സാറിന്റെയടുത്തെത്തുന്ന രോഗികളുടെ എണ്ണം കൂടിവരുകയല്ലേ' അത് ഓമനയുടെ ശബ്ദമായിരുന്നു.
Content Highlights: dr vp gangadharan remembering conversations he had on unhealthy food
Published: 14 Sept 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented