''ആദിയിൽ സ്ത്രീ സൂര്യനായിരുന്നു. സ്വതന്ത്രവും സമ്പൂർണ്ണവുമായ വ്യക്തിത്വമുള്ളവളായിരുന്നു. എന്നാൽ ഇന്ന് അവൾ ചന്ദ്രനാണ്. ക്ഷീണിച്ച, വിളറിയ ചന്ദ്രൻ; മറ്റൊരാളെ ആശ്രയിക്കുന്ന, മറ്റൊരാളുടെ പ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്ന ഒന്ന്.''
ജപ്പാനിലെ ആദ്യ ഫെമിനിസ്റ്റ് സാഹിത്യമാസികയായ 'സെയ്തോ' (Seito -Bluestocking) യുടെ ആദ്യലക്കത്തിന്റെ മുഖക്കുറിപ്പായിരുന്നു ഈ വരികൾ. 1911-ൽ ഹിരാത്സുക റൈചോ ടോക്കിയോയിൽ നിന്ന് പുറത്തിറക്കിയ സെയ്തോ മാസികയിലെ ഈ വരികൾ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചു.
അന്ന് ജപ്പാനിൽ സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരുന്നു. നിയമപരമായ അവകാശങ്ങൾ തീരെ കുറവ്. വോട്ടവകാശമില്ല. സ്വത്തവകാശമോ പീഡിപ്പിക്കുന്ന ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനോ പോലും അവകാശമില്ല. ബാല്യകൗമാരങ്ങളിൽ പിതാവിന്റെയും പിന്നീട് ഭർത്താവിന്റെയും അധീനതയിൽ കഴിയേണ്ട, ജീവിതകാലം മുഴുവൻ പ്രായപൂർത്തിയാകാത്തവരായി സ്ത്രീകളെ കണക്കാക്കിയിരുന്ന കാലം. അക്കാലത്താണ് തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ റൈചോ സെയ്തോ തുടങ്ങുന്നത്. പൊതുവേദികളിൽ നിന്ന് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ടിരുന്ന അക്കാലത്ത്, സ്വന്തം മാസികയിലൂടെ റൈചോ സ്ത്രീകൾക്ക് വേണ്ടി ഭാഷയും ഇടവും സൃഷ്ടിക്കുകയും അവരുടെ ജീവിതങ്ങൾക്ക് തിളക്കമേകാൻ പരിശ്രമിക്കുകയും ചെയ്തു.
അധികാരികൾ റൈചോയെ അപകടകാരിയായി മുദ്ര കുത്തി. സമൂഹത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് സെയ്തോ മാസിക അടച്ചുപൂട്ടാൻ ശ്രമിച്ചു. റൈചോയുടെ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തു. റൈചോയെപ്പോലുള്ളവരെ നിശ്ശബ്ദരാക്കാൻ പ്രത്യേക നിയമങ്ങൾ പോലും കൊണ്ടുവന്നു.
പക്ഷേ റൈചോ പിന്മാറിയില്ല. സ്ത്രീകൾ പുരുഷന്മാരുടെ വിളറിയ പ്രതിഫലനങ്ങളല്ല; അവർ സ്വയം പ്രകാശമുള്ള സൂര്യന്മാരാകേണ്ടവരാണ് എന്ന് ജാപ്പനീസ് സമൂഹത്തോട് നിരന്തരം പ്രഖ്യാപിക്കുകയും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു.
1886-ൽ ടോക്കിയോയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് ഹിരാത്സുക റൈചോ ജനിച്ചത്. പെൺമക്കൾക്കും വിദ്യാഭ്യാസം നൽകണമെന്ന് വിശ്വസിച്ചിരുന്ന പുരോഗമന ചിന്താഗതിയുള്ള റൈചോയുടെ പിതാവ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്ന അപൂർവമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജപ്പാൻ വിമൻസ് യൂണിവേഴ്സിറ്റിയിൽ റൈചോയെ ഹോം ഇക്കണോമിക്സ് പഠിപ്പിക്കാൻ ചേർത്തു. ആ കാലഘട്ടത്തിൽ പതിവില്ലാത്ത, ധീരവും അസാധാരണവുമായ ഒരു തീരുമാനമായിരുന്നു അത്. പഠനത്തോടൊപ്പം പുസ്തക വായനയും റൈചോയ്ക്ക് ആവേശമായി. പാശ്ചാത്യ തത്വചിന്തയും സാഹിത്യവും യൂറോപ്പിലും അമേരിക്കയിലും രൂപപ്പെട്ടുകൊണ്ടിരുന്ന സ്ത്രീസ്വാതന്ത്ര്യചിന്തകളും അവരെ ആകർഷിച്ചു. സ്ത്രീകളുടെ അവകാശം, വ്യക്തിസ്വാതന്ത്ര്യം, സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം തുടങ്ങിയ പുതിയ ആശയങ്ങളിലേക്ക് വായന അവരെ നയിച്ചു.
വിദ്യാഭ്യാസം കൊണ്ട് മാത്രം സ്ത്രീ സ്വതന്ത്രയാവില്ലെന്ന് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ റൈചോ തിരിച്ചറിഞ്ഞിരുന്നു. പഠിക്കാനുള്ള അവസരത്തിനൊപ്പം സ്വന്തം ചിന്തകളെക്കുറിച്ച് സംസാരിക്കാനും എഴുതാനും അവൾക്ക് ഇടം വേണം. സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ എഴുതുകയും സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് പുരുഷന്മാർ തീരുമാനിക്കുകയും ചെയ്തിരുന്ന ഒരു ലോകത്തിൽ സ്ത്രീകൾ സ്വയം എഴുതേണ്ട സമയമായെന്ന് റൈചോയ്ക്ക് തോന്നിയിരുന്നു. എന്നാൽ അന്നത്തെ ജാപ്പനീസ് സമൂഹത്തിൽ അത്തരം അവസരങ്ങൾ ഉണ്ടായിരുന്നില്ല.
1908-ൽ, ഇരുപത്തിരണ്ടാം വയസ്സിൽ, സാഹിത്യവിദ്യാർത്ഥിയായ സോഹെയ് മൊറിതയുമായി റൈചോ പ്രണയത്തിലായി. വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും സ്വതന്ത്രമായി ഇടപഴകുന്നത് അനുവദിക്കാത്ത കാലമായിരുന്നു അത്. കുടുംബം നിശ്ചയിക്കുന്ന വിവാഹത്തിനു പുറത്തുള്ള പ്രണയത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. പ്രണയവും ലൈംഗികതയും വ്യക്തിജീവിതവുമെല്ലാം കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തിലായിരുന്ന സാഹചര്യത്തിൽ റൈചോയുടെയും മൊറിതയുടെയും ബന്ധം കടുത്ത എതിർപ്പുകൾക്ക് കാരണമായി. മനംനൊന്ത് മലയുടെ മുകളിൽ കയറി അവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
റൈചോയുടെയും മൊറിതയുടെയും ആത്മഹത്യാശ്രമം വിജയിച്ചില്ല. സമൂഹം ഇളകി മറിഞ്ഞു. പത്രങ്ങളിൽ വലിയ വാർത്തയായി. അധാർമ്മികയായും കുടുംബത്തിന് അപമാനമുണ്ടാക്കിയവളായും റൈചോ ചിത്രീകരിക്കപ്പെട്ടു.
ഇത്തരമൊരു സംഭവത്തിനുശേഷം ഒരു സ്ത്രീയിൽ നിന്ന് സമൂഹം പ്രതീക്ഷിച്ചിരുന്നത് നിശ്ശബ്ദമായ പിന്മാറ്റമായിരുന്നു. സ്വന്തം പേര് വീണ്ടെടുക്കാൻ ഒരു വിവാഹം കഴിച്ച് പൊതുജീവിതത്തിൽ നിന്ന് അപ്രത്യക്ഷയാകുക എന്നതായിരുന്നു അവൾക്കു മുന്നിലുണ്ടായിരുന്ന സുരക്ഷിതമായ വഴി. പക്ഷേ റൈചോ തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു.
മരണത്തെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് വഴിയൊരുക്കിയ സാമൂഹികവ്യവസ്ഥ അവരെ അസ്വസ്ഥയാക്കി. പ്രണയിക്കുവാനുള്ള സ്വാതന്ത്ര്യം അപമാനമാണെന്ന് സമൂഹം കരുതുന്നുവെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടത് ആ ധാരണയാണ് എന്നവർക്ക് തോന്നി. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം ഇല്ലാത്തതിനാൽ മരണം സ്വാതന്ത്ര്യത്തേക്കാൾ എളുപ്പമാണെന്ന തോന്നലുയർത്തുന്ന സാമൂഹികവ്യവസ്ഥ മാറേണ്ടതല്ലേ എന്ന ചോദ്യം റൈചോയുടെ ഉള്ളിലുയർന്നു.
സ്വകാര്യദുരന്തത്തെ വാർത്തയാക്കി വിചാരണ ചെയ്ത മാധ്യമലോകത്തെയും റൈചോയ്ക്ക് ഉൾക്കൊള്ളാനായില്ല. സ്ത്രീകളുടെ ജീവിതകഥകൾ വിധിപ്രസ്താവങ്ങളാക്കി മാറ്റുന്ന മാധ്യമ ലോകത്തെ എതിർക്കണമെന്ന് റൈചോ തീരുമാനിച്ചു. സ്ത്രീകൾക്ക് സ്വന്തം കഥകൾ പറയാനും സംസാരിക്കാനും കഴിയുന്ന ഒരു ഇടം ഉണ്ടാക്കാൻ റൈചോ തീരുമാനിച്ചു.
1911-ൽ, ആത്മഹത്യാശ്രമത്തിന് മൂന്നു വർഷങ്ങൾക്കുശേഷം, റൈചോ സെയ്തോ-ഷാ (Bluestocking Society) സ്ഥാപിക്കുകയും 'സെയ്തോ' മാസിക ആരംഭിക്കുകയും ചെയ്തു.
'ബ്ലൂസ്റ്റോക്കിംഗ്' എന്ന പേരിന് പിന്നിലും ഒരു ചരിത്രമുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സാഹിത്യവും കലയും രാഷ്ട്രീയവും ഉൾപ്പെടെയുള്ള ബൗദ്ധികവിഷയങ്ങൾ ചർച്ച ചെയ്യാൻ ഒത്തുകൂടിയ വിദ്യാസമ്പന്നരായ സ്ത്രീകളെ 'ബ്ലൂസ്റ്റോക്കിംഗ്സ്' എന്ന് കളിയാക്കി വിളിച്ചിരുന്നു. പരിഹാസത്തോടെ വിളിച്ചിരുന്ന ആ പേരിനെ റൈചോയും കൂട്ടുകാരികളും അഭിമാനത്തിന്റെ അടയാളമായി ഏറ്റെടുത്തു.
'സെയ്തോ' ഒരു സാധാരണ സാഹിത്യ മാസികയായിരുന്നില്ല. സ്ത്രീകൾ എഴുതിയ കവിതകളും കഥകളും ലേഖനങ്ങളും നിരീക്ഷണങ്ങളും അതിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകളുടെ ജീവിതത്തെ സ്ത്രീകളുടെ തന്നെ കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിച്ചു.
പ്രണയം, വിവാഹം, മാതൃത്വം, ലൈംഗികത, ശരീരം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി അതുവരെ സ്ത്രീകൾ പരസ്യമായി സംസാരിക്കരുതെന്ന് കരുതിയിരുന്ന പല വിഷയങ്ങളും സെയ്തോ ചർച്ചയ്ക്കെടുത്തു. വീട്ടുകാർ നിശ്ചയിച്ച് നടത്തുന്ന വിവാഹത്തെയും സ്ത്രീയുടെ അനുസരണയെ മഹത്വവത്കരിച്ച കുടുംബസങ്കൽപ്പത്തെയും പുരുഷന് അനുവദിച്ച സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിച്ച ഇരട്ടനീതിയെയും സെയ്തോ ചോദ്യം ചെയ്തു. സ്ത്രീ എഴുത്തുകാരെ കണ്ടെത്താനും അവരുടെ രചനകൾ പ്രസിദ്ധീകരിക്കാനും റൈചോ പ്രത്യേക ശ്രദ്ധ നൽകി. സ്ത്രീകൾക്ക് എഴുതാൻ കഴിയുമെന്നു മാത്രമല്ല സ്വന്തം ജീവിതങ്ങളെക്കുറിച്ച് തീരുമാനിക്കാനും ശേഷിയുണ്ടെന്ന് സെയ്തോ തെളിയിച്ചു. അക്കാലംവരെ സ്വകാര്യമായി കരുതപ്പെട്ടിരുന്ന സ്ത്രീജീവിതത്തിലെ പല അനുഭവങ്ങളും പൊതുചർച്ചയുടെ ഭാഗമായി.
ആദ്യ ലക്കത്തിൽ റൈചോ എഴുതിയ ''ആദിയിൽ സ്ത്രീ സൂര്യനായിരുന്നു'' എന്ന പ്രഖ്യാപനം ജപ്പാനിലെ പുരുഷാധിപത്യ സാമൂഹികചിന്തയ്ക്കെതിരായ വെല്ലുവിളിയായി മാറി.
സ്ത്രീകളെ ദുർബലരും കഴിവില്ലാത്തരുമായി മുദ്രകുത്തുന്നതിനെതിരെ റൈചോ സംസാരിച്ചു കൊണ്ടേയിരുന്നു. സ്വതന്ത്രരും സമ്പൂർണ്ണരും സ്വന്തം പ്രകാശമുള്ളവരുമായിരുന്ന സ്ത്രീ സമൂഹത്തെ സാമൂഹികവ്യവസ്ഥയാണ് മറ്റൊരാളുടെ പ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്ന ചന്ദ്രനാക്കി മാറ്റിയതെന്നും നഷ്ടപ്പെട്ട ആ പ്രകാശം സ്ത്രീക്ക് തിരിച്ചുപിടിക്കാമെന്നുമുള്ള പ്രത്യാശ റൈചോ മുന്നോട്ടുവച്ചു.
സെയ്തോ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അതേ വേഗത്തിൽ ആക്രമിക്കപ്പെടുകയും ചെയ്തു. യാഥാസ്ഥിതിക സമൂഹം മാസികയെ കുടുംബ സംവിധാനത്തിനും ജാപ്പനീസ് സംസ്കാരത്തിനും എതിരെയുള്ള ഭീഷണിയായി ചിത്രീകരിച്ചു. സെയ്തോയിലെ എഴുത്തുകളും അതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ജീവിതരീതിയും പൊതുസമൂഹത്തിൽ നിരന്തരം വിവാദമായി.
സെയ്തോ യുമായി ബന്ധപ്പെട്ട സ്ത്രീകളെ 'പുതിയ സ്ത്രീകൾ' (New Women )എന്ന് വിമർശകർ മുദ്രകുത്തി. തങ്ങളെ പരിഹസിക്കാനായി ഉപയോഗിച്ച വിശേഷണത്തെ അഭിമാനത്തോടെ ഏറ്റെടുത്ത് റൈചോയും കൂട്ടുകാരികളും ആവേശത്തോടെ മുന്നോട്ടുപോയി. അവരുടെ വസ്ത്രധാരണം മുതൽ സൗഹൃദങ്ങളും പ്രണയവുംവരെ വാർത്തയായി. മുടി മുറിച്ചും പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചും പുരുഷന്മാരുമായി പൊതുസ്ഥലങ്ങളിൽ സ്വതന്ത്രമായി ഇടപഴകിയും അവർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്ത്രീ ശരീരത്തെയും ലൈംഗികതയെയും കുറിച്ച് തുറന്നുസംസാരിച്ചു.
ഇതെല്ലാം കേവലം ജീവിതശൈലിയിലെ മാറ്റങ്ങളായി സ്വീകരിക്കാനുള്ള സാമൂഹ്യാവസ്ഥ അന്നത്തെ ജപ്പാനിൽ ഉണ്ടായിരുന്നില്ല. സ്ത്രീ എങ്ങനെ നടക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, ആരോടു സംസാരിക്കണം, ആരെ പ്രണയിക്കണം എന്നതുവരെ നിർണ്ണയിച്ചിരുന്ന സാമൂഹികക്രമത്തോട് സെയ്തോ ഉയർത്തിയ വെല്ലുവിളികളായി ഇവ കണക്കാക്കപ്പെട്ടു.
സെയ്തോയെയ്ക്കെതിരെയുള്ള എതിർപ്പ് ശക്തമായി. ചില ലക്കങ്ങൾ സർക്കാർ നിരോധിച്ചു. അശ്ലീലമെന്നും സാമൂഹികക്രമത്തിന് ഹാനികരമെന്നും ആരോപിച്ച് പ്രസിദ്ധീകരണത്തിന് സെൻസർഷിപ്പും നിയമനടപടികളും ഏർപ്പെടുത്തി. എന്നാൽ പിന്മാറാൻ റൈചോ തയ്യാറായിരുന്നില്ല.
ഒരു പത്രാധിപയുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് റൈചോ വ്യക്തമാക്കി. സമൂഹം കേൾക്കാൻ ആഗ്രഹിക്കുന്നതു മാത്രം പ്രസിദ്ധീകരിക്കുകയല്ല പത്രാധിപയുടെ ജോലി; സമൂഹം കേൾക്കേണ്ടതും അറിയേണ്ടതും പറയണം. സ്ത്രീകളുടെ അനുഭവങ്ങളെ നിശ്ശബ്ദമാക്കാൻ സമൂഹം ശ്രമിക്കുമ്പോൾ അവയ്ക്ക് ഇടം നൽകുക എന്നതാണ് പത്രാധിപ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമെന്ന് അവർ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.
വാർത്തകളും സാഹിത്യവും പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമമെന്നതിലുപരി സമൂഹത്തിന്റെ ചിന്താരീതിയെ മാറ്റുന്ന വേദിയായി ഒരു മാസികയെ മാറ്റാമെന്നും റൈചോ തെളിയിച്ചു.
എഴുത്തിലൂടെ മാത്രം സ്ത്രീകളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന് കാലം കടന്നപ്പോൾ അവർ തിരിച്ചറിഞ്ഞു. പത്രപ്രവർത്തനത്തിനും സാഹിത്യത്തിനും അറിവും അവബോധവുമുണ്ടാക്കാൻ കഴിയുമെങ്കിലും നിയമങ്ങൾ മാറ്റാനും അവകാശങ്ങൾ നേടിയെടുക്കാനും രാഷ്ട്രീയരംഗത്തെ പ്രവർത്തനം ആവശ്യമാണെന്നവർ തിരിച്ചറിഞ്ഞു.
അന്നത്തെ ജപ്പാനിൽ സ്ത്രീകൾക്ക് വോട്ടവകാശമില്ലായിരുന്നു. രാഷ്ട്രീയയോഗങ്ങളിൽ പങ്കെടുക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. നിയമത്തിനുമുന്നിൽ സ്വതന്ത്ര വ്യക്തികളെന്ന പദവി സ്ത്രീകൾക്ക് പൂർണ്ണമായി ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ച രാഷ്ട്രീയാവകാശത്തിനായുള്ള പോരാട്ടത്തിലേക്ക് മറ്റേണ്ടതുണ്ടെന്ന് റൈചോ മനസ്സിലാക്കി.
1920-ൽ മറ്റു സ്ത്രീവിമോചന പ്രവർത്തകരോടൊപ്പം അവർ ന്യൂ വിമൻസ് അസോസിയേഷൻ ( New Women's Association) സ്ഥാപിച്ചു. സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തത്തിനും നിയമപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള ജപ്പാനിലെ ആദ്യകാല സംഘടിതശ്രമങ്ങളിലൊന്നായിരുന്നു അത്.
പത്രാധിപയിൽ നിന്ന് സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെ നേതാവായി റൈചോ വളർന്നു.
വോട്ടവകാശത്തിൽ മാത്രമൊതുങ്ങി നിൽക്കാതെ മാതൃത്വത്തിന്റെ അവകാശങ്ങൾ, സ്ത്രീകളുടെ സാമൂഹികസുരക്ഷ, കുടുംബത്തിനുള്ളിലെ സ്ത്രീയുടെ സ്ഥാനം തുടങ്ങിയ വിഷയങ്ങളിലും അവർ ഇടപെട്ടു. സ്ത്രീയുടെ സ്വാതന്ത്ര്യം പൊതുരംഗത്ത് മാത്രം ലഭിക്കേണ്ട ഒന്നല്ലെന്നും സ്വകാര്യജീവിതത്തിലും കുടുംബത്തിലും മാതൃത്വത്തിലും അതുണ്ടാകണമെന്നും അവർ വാദിച്ചു.
രണ്ടാം ലോകമഹായുദ്ധം റൈചോയുടെ പ്രവർത്തനങ്ങളുടെ ദിശ മാറ്റി. യുദ്ധം മനുഷ്യജീവിതത്തിനും പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാക്കിയ നാശം അവരെ സമാധാനപ്രസ്ഥാനങ്ങളിലേക്ക് നയിച്ചു. യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലും സമാധാനത്തിനായുള്ള പ്രചാരണങ്ങളിലും റൈചോ സജീവയായി.
1971-ൽ ഹിരാത്സുക റൈചോ അന്തരിച്ചു.
സെയ്തോ യുടെ പേജുകളിൽ ആരംഭിച്ച ചർച്ചകൾ ജാപ്പനീസ് സ്ത്രീചരിത്രത്തിൽ ദീർഘകാലം നിലനിന്നു. സ്ത്രീക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാമെന്നും, സ്വന്തം ശരീരത്തെക്കുറിച്ച് സംസാരിക്കാമെന്നും, വിവാഹത്തെ ചോദ്യം ചെയ്യാനും, പ്രണയിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും രാഷ്ട്രീയാവകാശങ്ങൾക്ക് അർഹതയുണ്ടെന്നും, സ്വന്തം ജീവിതത്തിന്റെ രചയിതാവാനാകാൻ കഴിയുമെന്നും മറ്റുമുള്ള നിരവധി ചിന്തകൾക്ക് സെയ്തോ കാരണമായി.
മാറ്റത്തിന്റെ വെളിച്ചം കടന്നുവരുന്നത് മഹാപ്രസ്ഥാനങ്ങളിലൂടെയാകണമെന്നില്ല, സ്വന്തം ചിന്തകളിൽ വിശ്വാസമുള്ള ചില മനുഷ്യർ ആത്മാർത്ഥമായി ചെയ്യുന്ന കാര്യങ്ങളിലൂടെയുമാകാമെന്ന് ഹിരാത്സുക റൈചോ സെയ്തോയിലൂടെ തെളിയിക്കുകയായിരുന്നു.
Published: 14 Nov 2026, 01:29 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented