കുറച്ചു നാൾ മുൻപ് സംഗീതസാന്ദ്രമായ ടോക്സിക് പ്രണയകഥയിലെ നായികാനായകന്മാരെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിച്ചു വിളിച്ചതായിരുന്നു അയാൾ; പണ്ടും ഇങ്ങനെയൊക്കെ നടന്നിരുന്നു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി മാത്രം.

പ്രണയപ്പകയാണ് വിഷയം. ചോരമണമുള്ള ഇന്നത്തെ പകയല്ല. അൽപ്പം പൈങ്കിളിത്തം കൂടി കലർന്ന പഴയ കാലത്തെ പ്രണയപ്പക. ഗായകനാണ് കഥാപുരുഷൻ. കാമുകി ഗാനാസ്വാദകയും. കോളേജ് ജീവിത കാലത്ത് പരസ്പരം പരിചയപ്പെട്ട് അനുരക്തരായവർ. 1980-കളുടെ തുടക്കത്തിലെ ക്യാമ്പസ് അന്തരീക്ഷവുമായി ചേർന്നുനിന്നു അവരുടെ നിശ്ശബ്ദ പ്രണയം. ഒരേ സമുദായത്തിൽ പിറന്ന, ഒരേ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന രണ്ടു പേർ തമ്മിലുള്ള പ്രണയം പൂവണിയാതെ പോകാറില്ല അന്ന്. ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി പാട്ടുള്ളപ്പോൾ വിശേഷിച്ചും.
എന്നാൽ ഈ പ്രണയകഥയുടെ ക്ലൈമാക്സിൽ കഥ മാറി. ചെറിയൊരു സൗന്ദര്യപ്പിണക്കമാണ് കാമുകിയെ കാമുകനിൽ നിന്നകറ്റിയത്. ഈഗോ പ്രശ്നം എന്ന് പറയും കാമുകൻ. അസ്ഥാനത്തുള്ള തന്റെ ഒരു വാക്പ്രയോഗം വരുത്തിവെച്ച വിന. അതോടെ കാമുകനെ കണ്ടാൽ മിണ്ടാതായി കാമുകി. കാമുകനാകട്ടെ, മാനസികമായി തളർന്നു. "പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ" എന്ന് പാടി നാടൊട്ടുക്കും അലഞ്ഞില്ലെങ്കിലും ഏതാണ്ട് അതേ മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം.
കുറ്റം ഏറ്റുപറഞ്ഞു; മാപ്പപേക്ഷിച്ചു; കരഞ്ഞു നിലവിളിച്ചു; ജീവിതമൊടുക്കും എന്ന് ഭീഷണിപ്പെടുത്തി. എന്ത് ഫലം ? കാമുകിയുണ്ടോ കുലുങ്ങുന്നു.
വീട്ടുകാർ കൊണ്ടുവന്ന അകന്ന ബന്ധത്തിൽപെട്ട ഒരു പട്ടാളക്കാരന്റെ വിവാഹാലോചന കഥാനായിക സന്തോഷപൂർവം സ്വീകരിക്കുകകൂടി ചെയ്തതോടെ ആകെ തകർന്നു മുൻ കാമുകൻ. ഉള്ളിൽ പ്രണയപ്പകയുടെ വിത്തുകൾ മുളപൊട്ടിയ നിമിഷം. അത്രയ്ക്കങ്ങ് സന്തോഷിക്കേണ്ടതില്ല തന്നെ "തേച്ച്" മുങ്ങിയവൾ എന്നായിരുന്നു അയാളുടെ ദൃഢനിശ്ചയം. പ്രഥമരാത്രി മണിയറയിലേക്ക് പ്രവേശിക്കും മുൻപ് ഭർത്താവിനെ ലാൻഡ് ഫോണിൽ വിളിച്ചത് ആ തീരുമാനം നടപ്പാക്കാൻ വേണ്ടിയാണ്; ദുഷ്ടലാക്കോടെയുള്ള വിളി.
സ്വയം പരിചയപ്പെടുത്താൻ നിൽക്കാതെ ഞൊടിയിടയിൽ വിഷയത്തിലേക്ക് കടന്നു തിരസ്കൃത കാമുകൻ: "താങ്കളുടെ ഭാര്യ എന്റെ കാമുകിയായിരുന്നു രണ്ടു വർഷത്തോളം."
ഫോണിന്റെ മറുതലക്കൽ നിമിഷ നേരത്തെ മൗനം. ഞെട്ടിത്തരിച്ചു പോയിരിക്കും നവവരൻ, തീർച്ച -- കാമുകൻ അനുമാനിച്ചു. ഇനി എന്തും പ്രതീക്ഷിക്കാം; ഒരു പൊട്ടിത്തെറി വരെ. എന്നാൽ മൗനത്തിനൊടുവിൽ കേട്ടത് നിസ്സംഗമായ ഒരു മറുചോദ്യമാണ് : "അതിന്?"
കാമുകനൊന്ന് ഞെട്ടി. പ്രതീക്ഷിക്കാത്ത ഉത്തരമാണല്ലോ. കാര്യഗൗരവം ശരിക്കും പിടികിട്ടിയിരിക്കില്ല ഭർത്താവിന്. അതാവും കാരണം. എന്നാൽപ്പിന്നെ അടുത്ത ഡയലോഗിൽ അൽപ്പം മസാല കൂടി കലർത്തിയേക്കാം: "ഞങ്ങൾ ഒരുമിച്ചു ദൂരയാത്ര പോയിട്ടുണ്ട്. ഒരേ ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്. സെക്കന്റ് ഷോ കണ്ടിട്ടുണ്ട്. വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്."
വീര്യം കൂട്ടാൻ തകർപ്പനൊരു ക്ലൈമാക്സ് കൂടി ഇട്ടു കാമുകൻ : "ആദ്യത്തെ കുട്ടിക്ക് ഇടാനുള്ള പേര് കൂടി ഞങ്ങൾ കണ്ടുവെച്ചിരുന്നു."
ഇത്തവണയും പ്രതീക്ഷിച്ച ഞെട്ടലുണ്ടായില്ല മറുപുറത്ത്. പകരം അൽപ്പം കൂടി കനത്ത ശബ്ദത്തിലായിരുന്നു പ്രതികരണം: "അതിനിപ്പോ ഞാനെന്ത് വേണം?"
തിരക്കഥയിലില്ലാത്ത ആ ട്വിസ്റ്റ് എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ചു നിന്നു നമ്മുടെ ദുഷ്ടകാമുകൻ. ഇയാളോടിനി എന്താണ് പറയുക? പൊട്ടനാണോ ? സ്വന്തം ഭാര്യയെ കുറിച്ച് ഇത്രയൊക്കെ കേട്ടിട്ടും മൈൻഡ് ചെയ്യാതെ....
തേയ്ക്കപ്പെട്ടവന്റെ മനസ്സ് വായിച്ചിട്ടെന്നോണം അതാ വരുന്നു നവവരന്റെ അടുത്ത വെടിയുണ്ട. അതൊരു താക്കീതിന്റെ രൂപത്തിലായിരുന്നു:
"വേണമെങ്കിൽ ഇവിടെ വന്ന് അവളെ വിളിച്ചുകൊണ്ടു പൊക്കോ. എങ്ങാനും അവൾ ഇറങ്ങിവരാൻ കൂട്ടാക്കിയില്ലെങ്കിൽ ഒരു കാര്യം ഇപ്പോൾ തന്നെ പറഞ്ഞേക്കാം: തന്റെ കാല് ഞാൻ തല്ലിയൊടിക്കും."
ഫോൺ കാതോട് ചേർത്തുപിടിച്ചുകൊണ്ടുതന്നെ അറിയാതെ സ്വന്തം കാലുകളിലേക്കൊന്ന് നോക്കിപ്പോയി കാമുകൻ. കുറേക്കാലം കൂടി നടത്തിക്കൊണ്ടു പോകേണ്ട അവയവങ്ങളാണ്. വല്ലവന്റെയും അടികൊണ്ട് കാലപുരി പുക്കേണ്ടവരല്ല. തൽക്ഷണം ഫോൺ വെച്ച് അപ്രത്യക്ഷനായി അദ്ദേഹം; ഗുഡ് നൈറ്റ് പോലും പറയാതെ.
ആ ഒരൊറ്റ കോളോടെ പക എന്നന്നേക്കുമായി ഉപേക്ഷിച്ച കഥാപുരുഷൻ ഇപ്പോൾ ഭാര്യയും മക്കളും പേരക്കുട്ടികളുമായി സമാധാനപൂർണമായ കുടുംബ ജീവിതം നയിക്കുന്നു.
കുറച്ചു നാൾ മുൻപ് സംഗീതസാന്ദ്രമായ ടോക്സിക് പ്രണയകഥയിലെ നായികാനായകന്മാരെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിച്ചു വിളിച്ചതായിരുന്നു അയാൾ; പണ്ടും ഇങ്ങനെയൊക്കെ നടന്നിരുന്നു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി മാത്രം. "ഈ കഥക്കൊരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്, കേൾക്കണ്ടേ ?"
"പിന്നല്ലാതെ, കേട്ടേ പറ്റൂ" എന്ന് ഞാൻ.
"നാൽപ്പത് വർഷത്തിന് ശേഷം പൂർവ്വകാമുകിയെ അടുത്തിടെ യാദൃച്ഛികമായി വീണ്ടും കണ്ടു; ലുലു മാളിൽ വെച്ച്."
"എന്നിട്ടോ? തിരിച്ചറിഞ്ഞോ നിങ്ങളെ?"
"തിരിച്ചറിഞ്ഞു എന്ന് മാത്രമല്ല, മനോഹരമായ ഒരു ചിരി സമ്മാനിക്കുക കൂടി ചെയ്തു എനിക്ക്" -- മുൻ കാമുകന്റെ മറുപടി. രൂപം കൊണ്ട് ഏറെ മാറിയിരുന്നെങ്കിലും കണ്ണുകളിലെ പ്രണയഭാവത്തിന് തെല്ലുമില്ല മങ്ങൽ. ചെറിയൊരു ചമ്മൽ കലർന്ന ചിരി തിരിച്ചു നൽകി സ്ഥലത്തുനിന്ന് മുങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കൂടെയുള്ള എക്സ് മിലിട്ടറിയുടെ നോട്ടം അത്ര ശരിയല്ലെന്നൊരു തോന്നൽ.
എന്നാൽ അതിനിടെ തീർത്തും അപ്രതീക്ഷിതമായ ഒരക്രമം ചെയ്തുകളഞ്ഞു "തേപ്പു"കാരി. ഭർത്താവിന് മുൻ കാമുകനെ പരിചയപ്പെടുത്തി; ഒപ്പം പഠിച്ചയാൾ എന്ന വിശേഷണത്തോടെ.
കഥയിലില്ലാത്ത ഒരു ട്വിസ്റ്റ് കൂടി. ഇത്തവണ ശരിക്കും ഞെട്ടി എക്സ് കാമുകൻ; ചമ്മി. "ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു ഞാൻ. വാ തുറന്നുപോലുമില്ല. ശബ്ദം കേട്ട് നമ്മളെ തിരിച്ചറിഞ്ഞാലോ ? വിദൂര സാധ്യതയാണ്. എന്നാലും പൂർണ്ണമായി തള്ളിക്കളയാൻ പറ്റില്ലല്ലോ."
പരുങ്ങി നിന്ന ഭാര്യയുടെ സഹപാഠിയുടെ കൈപിടിച്ച് കുലുക്കി പാതി നരച്ച കൊമ്പൻ മീശക്കിടയിലൂടെ ഒരു മുരടൻ ചിരി ചിരിച്ച് മുൻ പട്ടാളക്കാരൻ ചോദിച്ചു: "പഴയ കോളേജ് മേറ്റിനെയൊക്കെ അങ്ങനെ മറക്കാമോ? ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങിക്കൂടേ കൂട്ടുകാരാ ?"
എന്ത് മറുപടി പറയാൻ? മുൻ കാമുകിയുടെ മുഖത്തേക്ക് തഞ്ചത്തിൽ ഒന്ന് പാളിനോക്കിയപ്പോൾ നേർത്തൊരു ചിരി അവിടെ മിന്നിമറഞ്ഞ പോലെ.
"കാല് ഞാൻ തല്ലിയൊടിക്കും" എന്ന ഡയലോഗാണ് ഓർമ്മവന്നതെന്ന് കഥാപുരുഷൻ. പിന്നെ സമയം പാഴാക്കിയില്ല. തൽക്ഷണം രംഗത്തു നിന്ന് അന്തർദ്ധാനം ചെയ്തു അദ്ദേഹം.
Content Highlights: A witty and nostalgic 1980s Malayalam story recounting a jilted singer's failed attempt to sabotage his ex-girlfriend's wedding night over a landline call—only to be hilariously outsmarted by her army-officer husband and unexpectedly reunited with the couple 40 years later at Lulu Mall.
Published: 14 Nov 2026, 10:09 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented