
'പമ്പി, ഒരു പേപ്പര്‍ താ... പടം വരയ്ക്കാന്‍'- കൊച്ചുമകള്‍ കുഞ്ചിയുടെ ശബ്ദം. എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ മേശപ്പുറത്തു നിന്ന് കടലാസ് വലിച്ചു കീറിയെടുത്ത് അവള്‍ ഓടുമെന്നറിയാവുന്നതു കൊണ്ട് വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്താതെ ഞാന്‍ പറഞ്ഞു, 'പോടീ... നിനക്ക് പേപ്പറൊന്നും തരില്ല.'
'പോടീ'..എന്ന വിളി കേട്ടാല്‍ അവള്‍ക്ക് കലിയിളകുമെന്ന് എനിക്കറിയാമായിരുന്നു. 'പമ്പീ, ചട്ടമ്പീ... പേപ്പര്‍ താ...' അവള്‍ എന്റെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് അലറി. 'ഇതാ പേപ്പര്‍'-ഞാന്‍ അവളുടെ നേരെ നീട്ടിയത് ഒരു മിഠായിക്കടലാസായിരുന്നു. പക്ഷേ എന്റെ മുന്നില്‍ അതു വാങ്ങാന്‍ കുഞ്ചി ഇല്ലായിരുന്നു.
Also Read
'ഒറ്റയ്ക്കിരുന്ന് ആരോടാ സംസാരിക്കുന്നേ?' അടുത്ത മുറിയില്‍ നിന്ന് രമ കടന്നുവന്നു. 'ഞാന്‍ ഒരു പകല്‍സ്വപ്നം കണ്ടതാ.' അതിന്റെ വിവരണം കേട്ട് രമ പറഞ്ഞു. 'ഇപ്പോള്‍ ഈ വീട്ടില്‍ നമ്മള്‍ മാത്രമാകുമ്പോള്‍ ബോറടിക്കുന്നു അല്ലേ?' ഒരു വര്‍ഷമായി ഉമ വീട്ടില്‍ പോയിട്ടില്ല. ഉമയുടെ അമ്മയ്ക്കും കുഞ്ചു കൊച്ചുമകളല്ലേ? രണ്ടു ദിവസം മുന്‍പല്ലേ അവര്‍ ധന്‍ബാദിലേക്കു പോയത്! അപ്പുവും ദേതുവും രണ്ടു ദിവസത്തെ അവധിക്കാല യാത്രയ്ക്ക് ഇന്നലെ രാവിലെ അല്ലേ പോയത്! രമ സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
വീട്ടിലെ ഏകാന്തത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നതു പോലെ തോന്നി. എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് മക്കളെ വിട്ടുപിരിഞ്ഞിരിക്കേണ്ടി വന്ന അച്ഛനമ്മമാരുടെ മുഖങ്ങളാണ്, അവരുടെ അനുഭവങ്ങളാണ്, അവരുടെ പരിഭവങ്ങളാണ്. അവര്‍ ഞങ്ങളക്കാള്‍ ദുഃഖിതരായിരുന്നു. ഞങ്ങളുടെ ആശ്വാസം ഞങ്ങളുടെ ജോലിയായിരുന്നു. രോഗികളെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയമില്ലാത്ത പകലുകളായിരുന്നു ഞങ്ങളുടെ ആശ്വാസമെന്ന് ഞാന്‍ തിരിച്ചറിയുന്നു.
വറീത് ചേട്ടന്റെ മുഖമാണ് എന്റെ മനസ്സില്‍ ആദ്യം തെളിഞ്ഞു വന്നത്. എഴുപതിനോടടുത്ത പ്രായം. കൃഷിക്കാരന്‍. അധ്വാനി. കൈവശമുള്ള ഭൂസ്വത്തും ആവശ്യത്തിലേറെയുള്ള ധനവും ദൈവത്തിന്റെ കൃപാകടാക്ഷം കൊണ്ടുമാത്രം ലഭിച്ചതെന്നു വിശ്വസിക്കുന്ന ഒരു തികഞ്ഞ ദൈവവിശ്വാസി. വലതുകൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന ആശയത്തിലൂന്നി ചുറ്റുവട്ടത്തുള്ളവരെയൊക്കെ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന ഒരു മനുഷ്യസ്നേഹി.
ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. മക്കളില്‍ മൂത്തത് മകന്‍. അവന് ആറും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍. കുസൃതികള്‍. രണ്ടാമത്തേത് മകള്‍. അവള്‍ക്കുമുണ്ട് രണ്ടു കുട്ടികള്‍. കോവിഡ് കാലം കഴിയാന്‍ കാത്തിരുന്നതാണെന്നു തോന്നുന്നു. ഒന്നര വര്‍ഷം മുമ്പ് മക്കളെയും കൊണ്ട് അവള്‍ ദുബായിലേക്ക് ചേക്കേറി. കെട്ടിയോന്‍ അവിടെയായിപ്പോയില്ലേ? അപ്പോള്‍ അവള്‍ക്ക് പോയല്ലേ പറ്റൂ. വീട് ഉറങ്ങിപ്പോയി ഡോക്ടറേ! എന്നാലും നിസ്സംഗതയോടെ വറീതു ചേട്ടന്‍ അത് അംഗീകരിച്ചു.
മൂത്തവന്‍ കുടുംബസമേതം കാനഡയ്ക്കു പോകാനുള്ള തയ്യാറെടുപ്പിലാ. ഇന്നോ നാളെയോ എല്ലാവര്‍ക്കും വിസയും മറ്റു കടലാസുകളും കിട്ടുമെന്നാ പറയണേ. നാല് മാസം മുമ്പ് ഒരിക്കല്‍ ബാങ്കില്‍ വെച്ചു കണ്ടപ്പോള്‍ വറീതു ചേട്ടന്‍ പറഞ്ഞു. ബാങ്കിലെ കുറച്ച് കടലാസുകളും ശരിയാക്കാനുണ്ട്. രണ്ടു കൈകളിലും തൂങ്ങിക്കിടന്ന കുസൃതികളെയും കൊണ്ട് അദ്ദേഹം നടന്നകന്നു. അടുത്ത ആഴ്ച തന്നെ വീട്ടില്‍ ഒരു യാത്രയയപ്പും സല്‍ക്കാരവും ഉണ്ടായിരുന്നു. സന്തോഷത്തോടെ ഓടി നടന്ന് എല്ലാവരെയും പതിവു പോലെ സല്‍ക്കരിക്കുന്ന വറീത് ചേട്ടനെയാണ് അന്ന് അവിടെ കണ്ടത്. യാത്ര പറഞ്ഞു പോകാനിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഉപ്പുതൊട്ട് കര്‍പ്പൂരെ വരെ എന്നു വേണ്ട ഒരു മാസം സുഖമായി ഭക്ഷിക്കാനുള്ള സാധനങ്ങളെല്ലാം തയ്യാറാക്കി പെട്ടിയില്‍ വെച്ചു കൊടുത്തിട്ടുണ്ട്. അവര്‍ പോയി സുഖമായി ജീവിക്കട്ടെ അല്ലേ! അദ്ദേഹത്തിന്റെ സ്വരത്തിലെ പതറിച്ച ഞാനും മക്കളും തിരിച്ചറിഞ്ഞു.
അടുത്ത ദിവസം രാവിലെ ഞാന്‍ ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു. അകത്തേക്കു കയറി വന്ന വറീതു ചേട്ടന്റെ മുഖത്ത് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. പിള്ളേര്‍ക്ക് കൊണ്ടുപോകാന്‍ കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങാനുണ്ടായിരുന്നു. ആ വഴി ഡോക്ടറെ കൂടി കണ്ടേച്ചു പോകാം എന്നു വെച്ചു. 'ഉം...എന്നാ ഇറങ്ങുകയല്ലേ...' പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു. 'ഇവരും കൂടി പോയാല്‍ പിന്നെ ഞാന്‍... കുഞ്ഞുങ്ങളെ ഞാന്‍ അത്രമാത്രം സ്നേഹിച്ചു പോയി ഡോക്ടറേ... അവരുടെ കൂടെയുള്ള കളിയും ചിരിയും വഴക്കും കിടപ്പും... കടയില്‍ പോകുമ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഞാന്‍ മറക്കാതെ വാങ്ങി ഒളിച്ചുവെക്കും. അവര്‍ അതു കണ്ടുപിടിച്ച് പാത്രം കാലിയാക്കും. എന്നിട്ട് എന്നെ പറ്റിക്കാന്‍ മണ്ണും കല്ലും നിറച്ചു വെക്കും. നാലു തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള വക ദൈവം ഞങ്ങള്‍ക്കു തന്നിട്ടുണ്ട്. ഞാന്‍ മക്കളുടെ ഒരാഗ്രഹത്തിനും തടസ്സം നില്‍ക്കാറില്ലെന്നു മാത്രം. മോളും കുട്ടികളും പോയപ്പോള്‍ എന്റെ ഒരു കൈ പോയി. ഇപ്പോള്‍ മറ്റേ കൈയും. ഇനി മുന്നോട്ടുള്ള ജീവിതം ആരുമില്ലാത്ത ജീവിതമാണ് ഡോക്ടറേ.' അദ്ദേഹം തേങ്ങിത്തേങ്ങിക്കരഞ്ഞു. ആരുമറിയാതെ മനസ്സു തുറന്ന് ഒന്നു കരയാന്‍ വേണ്ടിയാണ് ഞാന്‍ ഡോക്ടറെ കാണാന്‍ വന്നത്. ക്ഷമിക്കണം. വറീതു ചേട്ടന്‍ എന്റെ തോളില്‍ മുറുകെ പിടിച്ചു.
ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. സ്വന്തം മക്കളെപ്പോലെ എന്നും കൂടെയുണ്ടാകും. എന്ന് ആശ്വസിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തെ യാത്രയാക്കിയത്. സുഖം തേടി മരുപ്പച്ചയിലേക്ക് യാത്ര തിരിക്കുന്നവര്‍ രക്തബന്ധങ്ങളുടെ ആഴം തിരിച്ചറിയാറില്ല, അറിയാന്‍ മെനക്കെടാറില്ല.
'ഇന്ന് നേരത്തേ പരിശോധിച്ചതിന് നന്ദി ഡോക്ടറേ. അതിയാന് ഇരുട്ടിയാല്‍ വണ്ടിയോടിക്കാന്‍ ബുദ്ധിമുട്ടാണ്. വഴിയാണെങ്കില്‍ മുഴുവന്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്.' കായംകുളത്തുകാരി ആനിയുടെ വാക്കുകളാണ് ഓര്‍മയില്‍ വന്നത്. വര്‍ഷങ്ങളായി ഒരുദിവസം പോലും തെറ്റിക്കാതെ പരിശോധനയ്ക്കു വരുന്ന ആനിയുടെയും കൂട്ടുവരുന്ന ഭര്‍ത്താവിന്റെയും മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. കൂടെ വരുന്ന മകനെവിടെ? ചോദ്യത്തിനു മറുപടി പറഞ്ഞത് ആനിയുടെ ഭര്‍ത്താവാണ്. 'അഞ്ചാറു മാസം മുമ്പ് അവനും കാനഡയിലേക്ക് കടന്നു. എത്ര മക്കളുണ്ടായിട്ട് എന്താ കാര്യം! വയസ്സാംകാലത്ത് ഞങ്ങള്‍ ഒറ്റയ്ക്കായി. എനിക്ക് അവളും അവള്‍ക്ക് ഞാനും. ഞങ്ങളിലൊരാള്‍ പോയാല്‍...' അദ്ദേഹത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
കഴിഞ്ഞ പ്രാവശ്യം ആശുപത്രിയില്‍ നിന്ന് പോയപ്പോള്‍ ഇരുട്ടിയിരുന്നു. കുറേ ബുദ്ധിമുട്ടി വീട്ടിലെത്താന്‍. അതാണവള്‍ സാറിനോട് നന്ദി പറഞ്ഞത്- ഇപ്രാവശ്യം നേരത്തേ കാണാന്‍ പറ്റിയതിന്. രണ്ടു മണിക്ക് പോയാല്‍ മതിയോ? എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതുമതി എന്ന അര്‍ഥത്തില്‍ ചിരിച്ചു കൊണ്ട് തലയാട്ടി. രണ്ടു മണിക്ക് കാണാനുള്ള അനുവാദം കാണിക്കുന്ന ഒരു കുറിപ്പ് നല്‍കുന്നതിനിടയില്‍ ലത സിസ്റ്റര്‍ പറഞ്ഞു - കഷ്ടമാണ് ഇവരുടെ കാര്യം സാറേ. ഉച്ചയ്ക്ക് ബണ്ണും കാപ്പിയും കഴിച്ച് വയറു നിറയ്ക്കുന്നതു കാണാം. കൈയിലെ തുണിസഞ്ചിയില്‍ കരുതി വെക്കുന്ന ആഹാരം പങ്കുവെക്കുന്നതു കണ്ടാല്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഞങ്ങള്‍ കഞ്ഞി വാങ്ങി കൊടുക്കാറുണ്ട്. അപ്പോള്‍ അവരുടെ കണ്ണുനിറയുന്നതു കാണാം. ഞാന്‍ ശ്രദ്ധിച്ചത് സിസ്റ്ററിന്റെ കണ്ണുകള്‍ ഈറനണിയുന്നതാണ്.
310-ാം റൂമിലെ ഗീതയ്ക്ക് കൂട്ടിന് ഞങ്ങളാരെങ്കിലും കൂടെയിരിക്കണമെന്നു പറഞ്ഞ് ലഹള കൂട്ടുകയാണ് സാറേ. ഡ്യൂട്ടിക്കിടയില്‍ അത് എങ്ങനെ സാധിക്കും! മാറിമാറി അവരുടെ മുറിയില്‍ വരുന്ന ബന്ധുക്കള്‍ സന്ദര്‍ഭം കിട്ടിയാല്‍ അവരെ കൊല്ലുമെന്ന ഭീതിയിലാണ് അവര്‍. ഇന്നലെ രാത്രി വന്ന ഒരു ബന്ധു മദ്യപിച്ചിട്ടുണ്ടായിരുന്നു. വല്ല സൈനൈഡും കൊടുത്ത ഇവളെ കൊല്ല് സിസ്റ്ററേ എന്ന് വിളിച്ചു പറഞ്ഞിട്ടാണ് പോയത്. ഞങ്ങള്‍ക്കു പേടിയായിരുന്നു. അങ്ങനെ ആരെങ്കിലും എന്തെങ്കിലും ചെയ്തുപോയാല്‍ ഞങ്ങളും കുടുങ്ങില്ലേ സാറേ... വാര്‍ഡിലെ നഴ്സ് ഫോണില്‍ വിളിച്ച് പറഞ്ഞതാണിത്.
അവരെ തല്‍ക്കാലം ഐ.സി.യു. വിലേക്ക് മാറ്റിയിട്ട് മക്കളോടോ ഭര്‍ത്താവിനോടോ വരാന്‍ പറയണം. അതിനുശേഷം തിരികെ മുറിയിലേക്ക് മാറ്റിയാല്‍ മതി. ലഘുവായി പരിഹരിക്കാവുന്ന പ്രശ്നം എന്ന മട്ടില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. സാറേ ഇത് ഞങ്ങളും പറഞ്ഞതാ. ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലാണ്. വീട്ടില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തിയിട്ടാണ് വന്നത് എന്നാണ് ഗീത പറഞ്ഞത്. മക്കളെല്ലാം വിദേശത്താണ്. സ്‌കൂള്‍ അവധിയാകാന്‍ വരാന്‍ നോക്കാം എന്നാണത്രെ പറഞ്ഞത്. അവര്‍ ഇടയ്ക്ക് ഞങ്ങളെയും വിളിക്കാറുണ്ട്. അമ്മയ്ക്ക് നല്ല ചികില്‍സ കൊടുക്കണം എത്ര പണം ചെലവാക്കാനും ഞങ്ങള്‍ തയ്യാറാണെന്ന് സാറിനോടു പറയാനും പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും മറുപടി പറയാന്‍ ഞാന്‍ വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സിസ്റ്റര്‍ പറഞ്ഞു - രാത്രി ഞങ്ങള്‍ എങ്ങനെയെങ്കിലും കൈകാര്യം ചെയ്തോളാം സാറേ.. അടുത്ത ദിവസം അവരുടെ ഒരു ബന്ധു വന്ന് ഗീതയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ചെറിയ സ്വകാര്യാശുപത്രിയില്‍ ഫിസിഷ്യന്‍ ആയി ജോലി ചെയ്തിരുന്നു. പെട്ടെന്ന് ആ കാലം മനസ്സില്‍ തെളിഞ്ഞു വന്നു. എല്ലാ മാസവും ഒന്നാമത്തെ ആഴ്ച ആശുപത്രിയില്‍ വലിയ തിരക്കാണ്. മുടങ്ങാതെ രക്തപരിശോധനയ്ക്കും രക്തസമ്മര്‍ദം പരിശോധിക്കാനും ഇ.സി.ജി. എടുക്കാനും വരുന്ന വയോധികര്‍. അവര്‍ എന്തിനാണ് എല്ലാ മാസവും കൃത്യമായി വരുന്നത് എന്ന് ഡോക്ടര്‍ക്ക് അത്ഭുതം തോന്നുന്നുണ്ട് അല്ലേ! റിപ്പോര്‍ട്ടുകളെല്ലാം കൃത്യമായി എടുത്ത് വിദേശത്തുള്ള മക്കള്‍ക്ക് അയച്ചു കൊടുക്കണം. കൂടെയുണ്ടായിരുന്ന കുട്ടിഡോക്ടര്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
മക്കളില്ലാത്തവര്‍ ഭാഗ്യവാന്മാര്‍ അല്ലേ സാറേ! സിസ്റ്ററിന്റെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്. അവര്‍ ആ സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശീലിച്ചു കഴിഞ്ഞിരിക്കും. പണത്തില്‍ മാത്രം ഒതുങ്ങുന്ന രക്തബന്ധത്തിന്റെ വേദന ജീവിതത്തിന്റെ അവസാന കാലത്ത് അവരെ അലട്ടുകയില്ലല്ലോ...സിസ്റ്റര്‍ പറഞ്ഞതിനോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
Content Highlights: dr vp gangadharan column snehaganga
Published: 22 Apr 2024, 12:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented