ഏറെക്കാലം മുമ്പ് നടന്ന സംഭവമാണ്. ഒരുദിവസം മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് ബന്ധുക്കള്‍ ഒരു യുവതിയുമായി വന്നു. നാലുപേര്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് സുന്ദരിയായ ആ എം.ബി.എ വിദ്യാര്‍ഥിനിയെ മുറിയില്‍ കൊണ്ടുവന്നു കിടത്തിയത്. പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു അവരുടെ വരവ്. അദ്ദേഹത്തിന്റെ റഫറന്‍സ് ലെറ്ററും ഉണ്ടായിരുന്നു. ശാരീരിക പരിശോധനയിലോ, നടത്തിയ ക്ലിനിക്കല്‍ ടെസ്റ്റുകളുടെ ഫലങ്ങളിലോ ഒരുവിധത്തിലുള്ള പ്രശ്‌നങ്ങളും കാണാതിരുന്നതിനാലാണ് ന്യൂറോളജിസ്റ്റ് യുവതിയെ മനോരോഗ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തത്. 

To advertise here,

നില്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന ആ യുവതിയെ ബാധിച്ചിരുന്നത് ഒരുതരം മനോജന്യ ശാരീരിക രോഗമായിരുന്നു. ഡിസോസിയേറ്റീവ് ഡിസോഡര്‍ അല്ലെങ്കില്‍ കണ്‍വേര്‍ഷന്‍ ഡിസോഡര്‍ Dissociative/ conversion disorder (അഭിനയത്തോട് സാമ്യമുള്ള മാനസിക പ്രശ്‌നങ്ങള്‍) എന്ന മാനസികപ്രശ്‌നമായിരുന്നു യുവതിയെ പിടികൂടിയിരുന്നത്. ശാരീരിക ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന മാനസിക രോഗങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. പണ്ട് ഹിസ്റ്റീരിയ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നവര്‍ അത്തരം അവസ്ഥകളെ അനാരോഗ്യകരമായ മാനസിക പ്രക്രിയകളിലൂടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അത് അവരറിയാതെ തന്നെ ശാരീരികരോഗലക്ഷണങ്ങളായി മാറ്റപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്.

ഇത്തരത്തിലുള്ള അനാരോഗ്യകരമായ മാനസിക പ്രതിരോധം വഴി അവര്‍ നിലവില്‍ അനുഭവിക്കുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ കുറയുന്നതായും കണ്ടുവരാറുണ്ട്. ചിലരാവട്ടെ ഇതൊരു അനുകൂല അവസ്ഥയായി പരിഗണിച്ച് രോഗവിമുക്തി ആഗ്രഹിക്കാതെ കഴിയുന്നു. ഉദാഹരണമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുക, വീട്ടുജോലിയില്‍നിന്ന് രക്ഷനേടുക, വിദ്യാര്‍ഥികളാണെങ്കില്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് ഒഴിവാക്കപ്പെടുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ചിലരാകട്ടെ തങ്ങളെ ബാധിച്ച രോഗലക്ഷണങ്ങളെ പറ്റി വേവലാതിപ്പെടാതെ സന്തുഷ്ടരായി കാണപ്പെടാറുമുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങള്‍ മറ്റുള്ളവരില്‍നിന്ന് അനുകരിക്കുന്നതായും കണ്ടുവരാറുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള ചില വ്യതിയാനങ്ങളും രോഗകാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍

മനോരോഗ വിഭാഗത്തിലെ ഏകദേശം നാലു പതിറ്റാണ്ട് നീണ്ടുനിന്ന ജോലിക്കിടയില്‍ നിരവധിപേരെ ഇത്തരം പ്രശ്‌നങ്ങളുമായി കണ്ടിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. സൈക്യാട്രി പഠനകാലത്ത് വലതുകൈ കുഴഞ്ഞു പോയി എന്ന് പറഞ്ഞുവന്ന കൗമാരക്കാരനായ ക്രിക്കറ്റ് കളിക്കാരന്‍ മുതല്‍ വിറയലും കൈകാല്‍ കുടയുന്ന ചലനങ്ങളുമായി ന്യൂറോളജി വിഭാഗത്തില്‍ നിന്ന് റഫര്‍ ചെയ്യപ്പെട്ട 17 വയസ്സുകാരി, ഇ.എന്‍.ടി. പരിശോധനയില്‍ കാര്യമായ തകരാറുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടും സംസാരിക്കാന്‍ ബുദ്ധിമുട്ടുമായെത്തിയ നാൽപ്പതുകാരി, ബന്ധുക്കള്‍ അപസ്മാരം എന്ന്  തെറ്റിദ്ധരിച്ച് സ്വാഭാവികമാല്ലാത്ത രീതിയിലുള്ള കൈകാല്‍ ചലനങ്ങളും ബോധമില്ലാത്തതു പോലെയുള്ള കിടപ്പും കാരണം അത്യാഹിത വിഭാഗത്തിലും മനോരോഗവിഭാഗം ഒ.പിയിലും എത്തിപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം നേരത്തെ സൂചിപ്പിച്ച രോഗാവസ്ഥയായിരുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് ഒ.പി യിലെത്തിയ ഒരഞ്ചുവയസ്സുകാരി കണ്ണുകാണില്ലെന്ന് പറഞ്ഞുവെങ്കിലും കണ്‍സള്‍ട്ടേഷന്‍ മുറിയിലെ വാഷ്‌ബേസിനില്‍ പോയി മുഖം കഴുകാന്‍ പറഞ്ഞപ്പോള്‍, അതനുസരിച്ച് അവള്‍ ഒറ്റയ്ക്ക് തപ്പിതടഞ്ഞ് പോയി മുഖം കഴുകി തിരിച്ചു വന്നു. നേത്രരോഗ വിഭാഗത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചായിരുന്നു അവര്‍ വന്നത്. ചില കേസുകളില്‍ രോഗികള്‍ പെട്ടെന്ന് നിലത്തുവിഴുകയും മിണ്ടാതെ ബോധംകെട്ടപോലെ കിടക്കുകയും ചെയ്യാറുണ്ട്. നടക്കാന്‍ കഴിയില്ലെന്ന് പരാതിയുമായി ആടിയാടി നടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നടക്കുമ്പോള്‍ ആടുമെങ്കിലും നിലത്ത് വീഴുകയോ മുറിവേല്‍ക്കുകയോ ചെയ്യാറില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവരെല്ലാവരും തന്നെ രോഗലക്ഷണങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരെ സമീപിച്ച് രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ശരീരത്തിന് പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പുവരുത്തിയാണ് വരുന്നത്. ഇങ്ങനെയെത്തുന്നവരുമായും ബന്ധുക്കളുമായും സംസാരിക്കുമ്പോള്‍ ഇവരെല്ലാവര്‍ക്കും തന്നെ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇത്തരം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പറയാറുണ്ട്?. 

രോഗലക്ഷണങ്ങള്‍ പലവിധത്തിലാണെങ്കിലും ഡിസോസിയേറ്റീവ് ഡിസോഡര്‍ അല്ലെങ്കില്‍ കണ്‍സര്‍വേഷന്‍ ഡിസോഡര്‍ എന്ന രോഗമാണ് പലപ്പോഴും കണ്ടെത്താറ്. അപൂര്‍വമായി ചിലര്‍ പ്രത്യേക കാര്യങ്ങള്‍ മറക്കുക (Amnesia), സ്ഥലകാലബോധത്തോടെ പ്രത്യേക ഉദ്ദേശമില്ലാതെ യാത്ര ചെയ്യുക (Fugue), പലതരം വ്യക്തിത്വങ്ങള്‍ വിട്ടുവിട്ടു പ്രകടിപ്പിക്കുക (Identify  disorder), ചുറ്റും നടക്കുന്നതൊന്നും അറിയാത്തതുപോലെ കുറച്ചു നേരത്തേക്ക് മാത്രം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക (Trance) എന്നിവയും കാണപ്പെടാറുണ്ട്. 

പൊതുവെ 10-നും 35-നും വയസ്സിനിടയിലുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലുമാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് പെട്ടെന്നാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. വ്യക്തിത്വത്തില്‍ ചില പ്രത്യേകതയുള്ളവരിലാണ് രോഗസാധ്യത കൂടുതലുള്ളത്. ഉദാഹരണമായി ബാഹ്യനിര്‍ദ്ദേശങ്ങളാലോ പ്രേരണകളാലോ സ്വാധീനിക്കപ്പെടുന്ന 'സജസ്റ്റബിലിറ്റി ഡ്രമാറ്റിക് ബിഹേവിയര്‍' (Suggestibility dramatic behavior), മറ്റുള്ളവരുടെ ശ്രദ്ധയോ അനുകമ്പയോ പിടിച്ചുപറ്റാന്‍ വേണ്ടി നടത്തുന്ന 'അറ്റന്‍ഷന്‍ സീക്കിംഗ് ബിഹേവിയര്‍'  (Attention seeking behavior), സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി (Antisocial personality), പരാശ്രയത്വ സ്വഭാവം (Dependent) തുടങ്ങിയവയുള്ളവരിലാണ് ഈ രോഗം സാധാരണയായി  ഉണ്ടാകുക. 

ചികിത്സകള്‍

രോഗിയെ കേള്‍ക്കുക എന്നതാണ് ഇതിന്റെ ചികിത്സയില്‍ ഏറ്റവും പ്രധാനമായി ചെയ്യാനുള്ളത്.  കൗണ്‍സിലിംഗ്, സൈക്കോ തെറാപ്പി എന്നീ ചികിത്സകളുടെ ആദ്യപടിയാണിത്. രോഗത്തെക്കുറിച്ച് ബോധവത്കരിക്കുകവഴി ബന്ധുക്കളുടെ ഉത്കണ്ഠയും ആശങ്കയും ഇല്ലാതാക്കുകയും തുടര്‍ന്ന് അവര്‍ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്താല്‍  രോഗിയില്‍നിന്ന് ലക്ഷണം കുറയാനോ ഇല്ലാതാവാനോ സാധ്യതയുണ്ട്. 

രോഗിയുടെ വ്യക്തിത്വം, സപ്പോര്‍ട്ട് സിസ്റ്റം, രോഗലക്ഷണങ്ങള്‍, മാനസിക സംഘര്‍ഷകാരണം തുടങ്ങിയവ അനുസരിച്ചാണ് സൈക്കോതെറാപ്പിസ്റ്റ് ചികിത്സാരീതി തീരുമാനിക്കേണ്ടത്. ചുരുക്കത്തില്‍ വ്യക്തിയിലെ അനാരോഗ്യകരമായ മാനസിക പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തി മാറ്റിയെടുക്കുക, സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യാനുള്ള ആരോഗ്യപരമായ രീതികള്‍ പരിശീലിപ്പിക്കുക, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രായോഗികമായ രീതികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് തെറാപ്പിയിലൂടെ രോഗി നേടിയെടുക്കേണ്ടത്. 

വ്യക്തിത്വത്തിലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകങ്ങള്‍ മാറ്റുവാന്‍ രോഗിയെ സജ്ജമാക്കേണ്ടതുണ്ട്. കൂടാതെ രോഗത്തെക്കുറിച്ച് പൂര്‍ണ്ണമായ ഉള്‍ക്കാഴ്ച നേടിയെടുക്കാന്‍ രോഗിയെ സഹായിക്കുകയും വേണം. ഇതിനുപുറമെ മനസ്സിലെ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന  റിലാക്‌സേഷന്‍ ടെക്‌നിക്കുകളും ബിഹേവിയര്‍ തെറാപ്പിയും പ്രയോഗിക്കാറുണ്ട്. ഇത്തരം ചികിത്സക്കാണ് മുന്‍ഗണ നല്‍കേണ്ടതെങ്കിലും ചിലപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ആവശ്യമായി വരാറുണ്ട്. 

മറ്റ്ചില മനസികരോഗങ്ങളുടെ ഭാഗമായും നേരത്തെ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണാറുണ്ട്. ഉദാഹരണമായി ഉത്കണ്ഠ രോഗങ്ങള്‍, വിഷാദരോഗം, ഉന്മാദരോഗം തുടങ്ങിയവയില്‍. ഇത്തരം സാഹചര്യത്തില്‍ രോഗം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചികിത്സയുടെ ഭാഗമായി ഇത്തരം മാനസികപ്രശ്‌നങ്ങള്‍ കുറയുമ്പോള്‍ ഡിസോസിയേറ്റീവ് ഡിസോഡര്‍ അല്ലെങ്കില്‍ കണ്‍സര്‍വേഷന്‍ ഡിസോഡര്‍ രോഗലക്ഷണങ്ങളും കുറയാറുണ്ട്.