കുട്ടിക്കാലം എന്നാൽ യാതൊരുവിധ ഉത്തരവാദിത്തങ്ങളോ ആകുലതകളോ ഇല്ലാത്ത, കളിയും ചിരിയും മാത്രം നിറഞ്ഞ ഒരു പ്രായമാണെന്നാണ് സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാൽ മുതിർന്നവരെപ്പോലെ തന്നെ, അല്ലെങ്കിൽ അവരേക്കാൾ തീവ്രമായി കുട്ടികളും നിശബ്ദമായി മാനസിക സമ്മർദ്ദം (സ്ട്രെസ്) നേരിടുന്നുണ്ട് . നവംബർ 4 മുതൽ 8 വരെയുള്ള അന്താരാഷ്ട്ര സമ്മർദ്ദ ബോധവൽക്കരണ വാരത്തിൽ (International Stress Awareness Week), ചെറിയ ശരീരങ്ങളിലെ വലിയ വികാരങ്ങൾ എന്ന വിഷയം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം അവരുടെ ശാരീരിക വളർച്ചയെയും ഭാവിയെയും എങ്ങനെ ബാധിക്കുന്നുവെന്നും, അതുപോലെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
കുട്ടികളിലെ സമ്മർദ്ദം പ്രധാനമായും മൂന്ന് രീതികളിലായാണ് പ്രകടമായി കാണാൻ കഴിയുന്നത്. ഇവ തുടർച്ചയായി കാണപ്പെടുന്നുവെങ്കിൽ തീർച്ചയായും മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്:
1. ശാരീരിക ലക്ഷണങ്ങളും അസ്വസ്ഥതകളും
മറ്റ് ശാരീരിക രോഗങ്ങളൊന്നുമില്ലാതെ പെട്ടെന്നുണ്ടാകുന്ന വയറുവേദന, തലവേദന എന്നിവ കുട്ടികളിലെ സമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങലിലൊന്നാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ: ഭക്ഷണം കഴിക്കുന്നതിൽ പെട്ടെന്നുണ്ടാകുന്ന അമിതമായ കുറവ് അല്ലെങ്കിൽ സാധാരണയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്ന പ്രവണത.
ഉറക്കക്കുറവ്: ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, രാത്രിയിൽ പേടിസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുക, അല്ലെങ്കിൽ അമിതമായി ഉറങ്ങുക.
ശാരീരിക പിന്മാറ്റം: ഊർജ്ജസ്വലത നഷ്ടപ്പെടുക, അകാരണമായ ക്ഷീണം പ്രകടിപ്പിക്കുക.
2. പെരുമാറ്റ വ്യതിയാനങ്ങളും വൈകാരിക അമിതഭാരവും
കുട്ടികൾ പെട്ടെന്ന് അകാരണമായി ദേഷ്യപ്പെടുക, സാധനങ്ങൾ വലിചെറിയുക, അമിതമായ വാശി കാണിക്കുക എന്നിവ ചെയ്യുന്നത് പലപ്പോഴും വൈകാരിക അമിതഭാരം കൊണ്ടാണ്.
ഒട്ടിനിൽക്കൽ: മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള ഭയം കാരണം എപ്പോഴും കൂടെ വേണമെന്ന് നിർബന്ധം പിടിക്കുക.
ഉൾവലിയൽ: മുൻപ് ഏറെ ഇഷ്ടപ്പെട്ടിരുന്ന കളിപ്പാട്ടങ്ങളോടും വിനോദങ്ങളോടും പെട്ടെന്ന് താല്പര്യമില്ലായ്മ കാണിക്കുക, കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാതെ തനിച്ചിരിക്കാൻ കൂടുതൽ താത്പര്യം കാണിക്കുക.
3. കളിയിലും സ്കൂൾ പ്രവർത്തനങ്ങളിലുമുള്ള ബുദ്ധിമുട്ടുകൾ
സ്കൂളിലെ അന്തരീക്ഷവും പഠനഭാരവും കുട്ടികളിൽ വലിയ രീതിയിൽ സമ്മർദ്ദമുണ്ടാക്കാറുണ്ട്.
ശ്രദ്ധക്കുറവ്: ഒരു കാര്യങ്ങളിലും കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, പരീക്ഷകളിൽ മാർക്ക് പെട്ടന്ന് കുറയുക.
സ്കൂൾ വിമുഖത: സ്കൂളിൽ പോകാൻ നിരന്തരമായി മടി കാണിക്കുക, പുതിയ കളികൾ പഠിക്കാനോ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കടുക്കാനോ ആത്മവിശ്വാസമില്ലായ്മ കാണിക്കുക
മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ
കുട്ടികളിൽ സ്വയംനിയന്ത്രണം രൂപപ്പെടുന്നത് മാതാപിതാക്കളുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ്. ഇതിനായി സഹായിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി കുട്ടികളോട് പെരുമാറാം.
വികാരങ്ങളെ സാധൂകരിക്കുക: "ഇതൊരു ചെറിയ കാര്യമല്ലേ, ഇതിനാണോ ഈ കിടന്നു കരയുന്നത്?" എന്ന് ചോദിച്ച് അവരുടെ വിഷമങ്ങളെ തള്ളിക്കളയരുത്. പകരം, അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് വിഷമം എന്തുകൊണ്ടുണ്ടായി എന്ന് മനസ്സിലാക്കാനും അത് വ്യക്തമാക്കാനും ശ്രമിക്കുക.
ആശ്വാസം നൽകുക: കുട്ടി അമിതമായി ദേഷ്യപ്പെടുമ്പോഴോ കരയുമ്പോഴോ മാതാപിതാക്കൾ ശാന്തത പാലിക്കുകയും കുട്ടിയെ സുരക്ഷിതമായി കൂടുതൽ ചേർത്തുപിടിക്കുകയും വേണം. മാതാപിതാക്കളുടെ ശാന്തമായ പ്രതികരണങ്ങൾ കുട്ടിയുടെ ശരീരത്തെയും തലച്ചോറിനെയും വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും.
മുൻകൂട്ടി പ്രവചിക്കാവുന്ന ദിനചര്യ: ഭക്ഷണത്തിനും ഉറക്കത്തിനും കളിസമയത്തിനും കൃത്യമായ ചിട്ട നൽകുന്നത് കുട്ടികളിൽ സുരക്ഷിതത്വബോധം വളർത്തുകയും സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കേൾക്കാൻ തയ്യാറാവുക: ദിവസവും കുറച്ചു സമയം കുട്ടികളുമായി സംസാരിക്കാൻ മാറ്റിവെക്കുക. അവരെ ചോദ്യം ചെയ്യാതെ അവർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ ശ്രമിക്കുക
കുട്ടികളിലെ വാശിയും ദേഷ്യവും വെറും കുസൃതിയോ അനുസരണക്കേടോ അല്ല; മറിച്ചു അവരുടെ ചെറിയ ശരീരങ്ങൾക്ക് താങ്ങാൻ കഴിയാത്തത്ര വലിയ വികാരങ്ങൾ പ്രകടമാക്കുന്ന ശാസ്ത്രീയ ലക്ഷണങ്ങളാണ്. ഒരു ലക്ഷണം മാത്രം കണ്ടതുകൊണ്ട് കുട്ടിക്ക് വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീരുമാനിക്കാനും കഴിയില്ല. പക്ഷെ ഈ ബുദ്ധിമുട്ടുകൾ തുടർച്ചയായി കാണപ്പെടുകയോ കുട്ടിയുടെ പഠനം, കളി, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ തീർച്ചയായും വിദഗ്ദ്ധരുടെ സഹായം തേടാൻ മടി കാണിക്കരുത് .ബുദ്ധിമുട്ടുകൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകുന്നതിലൂടെ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കും.
(കൊച്ചി പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനുമാണ് ലേഖകൻ)
Content Highlights: Explore how childhood stress affects children, including tantrums and behavior changes, and learn key signs parents should watch for in their kids.
Published: 05 Nov 2026, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented