
ആധുനിക വൈദ്യശാസ്ത്രരംഗത്തുണ്ടായ പുരോഗതികള്‍ക്ക് മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം നല്ലതോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും അതോടൊപ്പം ഉയര്‍ന്നുവന്ന ഒരു വെല്ലുവിളിയാണ് വാര്‍ധക്യ സംബന്ധമായ രോഗങ്ങള്‍. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ''ഡിമെന്‍ഷ്യ'' അഥവാ മറവിരോഗം. 60-65 വയസ്സിനുശേഷം മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളില്‍ സംഭവിക്കുന്ന അപചയങ്ങളുടെ ഭാഗമായാണ് പൊതുവില്‍ മറവിരോഗങ്ങള്‍ കണ്ടുവരുന്നതെങ്കിലും ഡിമെന്‍ഷ്യ പലതരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രായമേറുന്നതിനനുസരിച്ച് ചെറിയ തോതില്‍ കണ്ടുവരുന്ന ഓര്‍മക്കുറവുകളെ അപേക്ഷിച്ച് ദൈനംദിന ജീവിതത്തെ താളംതെറ്റിക്കുന്ന രീതിയില്‍ ഈ ഓര്‍മ്മപ്പിശക് വൃക്തിയെ ബാധിച്ചുതുടങ്ങുമ്പോഴാണ് അതിനെ ''മറവിരോഗം'' എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ആഗോളതലത്തില്‍ 55 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുുള്ള ഈ രോഗം 2030 ആകുമ്പോഴേക്കും 78 ദശലക്ഷവും 2050 ആകുമ്പോള്‍ 137 ദശലക്ഷവുമായി ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഭൂരിഭാഗം പേരിലും മറവിരോഗം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ കഴിയാറില്ല, എന്നുമാത്രമല്ല ക്രമേണ വര്‍ഷങ്ങള്‍ കഴിയുന്നതോടെ രോഗം മൂര്‍ച്ചിച്ച് ജീവിതത്തിലെ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാവാതെ മരണത്തിന് കീഴടങ്ങേണ്ടിവരികയും ചെയുന്നു. മസ്തിഷ്‌കം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ അപേക്ഷിച്ച്, അവ ചെയ്യാത്തവരില്‍ മറവിരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് എഴുത്ത്, വായന, കലാകായിക പ്രവര്‍ത്തനങ്ങള്‍, വിനോദങ്ങള്‍ എന്നിവയില്‍നിന്നെല്ലാം വിട്ടുനില്‍ക്കുന്നവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.
Also Read
പൊതുവില്‍ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. പാരമ്പര്യവും വയസ്സ് കൂടിവരുന്നതും പ്രധാനഘടകങ്ങളാണ്. ഇതുകൂടാതെ വര്‍ദ്ധിച്ചുവരുന്ന ആയുര്‍ ദൈര്‍ഘ്യം, കൂട്ടുകുടുംബ വ്യവസ്ഥിതിയിലുള്ള തകര്‍ച്ച, കുറയുന്ന സാമൂഹ്യബന്ധങ്ങള്‍, അന്തരീക്ഷ മലിനീകരണം, ജീവിതശൈലി മാറ്റങ്ങള്‍, പ്രത്യകിച്ച് വ്യായാമക്കുറവും ഭക്ഷണരീതികളിലെ വ്യത്യാസവും, ലഹരിയുപയോഗം, നിരന്തരമുള്ള മാനസിക സമ്മര്‍ദ്ദം, മറ്റ് ശാരീരിക-മാനസിക രോഗങ്ങള്‍ തുടങ്ങിയവയെല്ലാം രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
അതേസമയം, മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതചര്യകള്‍ പിന്തുടരുകയും മനസ്സില്‍ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയുവാന്‍ കഴിയും.
എന്താണ് മറവിരോഗം?
തലച്ചോറിനകത്തെ നാഡീകോശങ്ങളുടെ നാശവും ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുമാണ് മറവിരോഗത്തിന് കാരണമെന്ന് പൊതുവായി പറയാം. അതേസമയം ഇത് ഒരു വൃക്തിക്ക് പ്രായക്കൂടുതലുമായി ബന്ധപ്പെട്ടുണ്ടാവുന്ന സ്വാഭാവികമായ ഓര്‍മ്മക്കുറവുകളേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യും. അന്നന്ന് നടന്ന കാര്യങ്ങള്‍ ഉടന്‍തന്നെ മറന്നുപോകുക, സംഭാഷണങ്ങള്‍ക്കിടയില്‍ കേട്ടകാര്യങ്ങള്‍ മറന്ന് അത് തുടരാനാവാതിരിക്കുക, പറഞ്ഞുകേട്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുക തുടങ്ങിയവയെല്ലാം രോഗത്തിന്റെ തുടക്കത്തില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. രോഗത്തിന്റെ തീവ്രത കൂടുന്നതോടെ പരിചയമുള്ള സ്ഥലങ്ങളെയും വ്യക്തിികളെയും ഓര്‍മ്മിക്കാന്‍ കഴിയാതെ വരികയോ തെറ്റായി പറയുകയോ ചെയ്യാം. അതുകൊണ്ടുതന്നെ ഡിമെന്‍ഷ്യ രോഗികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വഴിതെറ്റിപോകുന്നത് സാധാരണയാണ്. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയാതാവുക, ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കാനോ തീരുമാനമെടുക്കാനോ കഴിയാതിരിക്കുക തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായി കണ്ടുവരുന്ന ലക്ഷണങ്ങളാണ്. സാധനങ്ങള്‍ വെച്ച സ്ഥലങ്ങള്‍ മറന്നു പോകുന്നതുകൊണ്ട് ഇവരില്‍ വൈകാരിക സമ്മര്‍ദം സാധാരണയാണ്. രോഗം കൂടുതല്‍ വഷളാവുന്നതോടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം വേണ്ടി വന്നേക്കും. തുടര്‍ന്ന് കിടപ്പിലായി മരണം സംഭവിക്കുകയും ചെയ്യും. അപൂര്‍വമായി ചില രോഗികളില്‍ അപസ്മാരവും കണ്ടുവരാറുണ്ട്.
എല്ലാത്തരം മറവി രോഗങ്ങളിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാകുമെങ്കിലും ഡിമെന്‍ഷ്യയുടെ സ്വഭാവം അനുസരിച്ച് തുടക്കത്തിലും പിന്നീടും കാണുന്ന ലക്ഷണങ്ങളിലും രോഗത്തിന്റെ മുന്നോട്ടുള്ള ഗതിയിലും വ്യത്യാസമുണ്ടാകാം. ഉദാഹരണത്തിന് സംസാരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പുറമെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാവാം. ഇതിന്റെ ഭാഗമായി ഉള്‍വലിയല്‍, വൈകാരികമായ നിയന്ത്രണങ്ങളില്ലായ്മ, ചിലതരം മറവി രോഗങ്ങളില്‍ തുടക്കത്തില്‍ വസ്തുക്കളുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതിരിക്കുക എന്നിയും കണ്ടുവരുന്നുണ്ട്.
പെരുമാറ്റത്തിലും മാനസികാവസ്ഥയിലുമുള്ള വൃത്വാസങ്ങള്‍ (BPSD)
ഡിമെന്‍ഷ്യ ബാധിതരായ രോഗികളുടെ സ്വഭാവത്തിലും മനോനിലയിലും കണ്ടുവരുന്ന ചില പ്രത്യേകതകള്‍ (Behavioral and Psychological Symptoms of Dementia) എന്തൊക്കെയാണെന്ന് നോക്കാം. മറവിരോഗത്തോടൊപ്പം പ്രതൃക്ഷപ്പെടുന്ന പൊതുവായ ലക്ഷണങ്ങള്‍ക്ക് (cognitive synonyms) പുറമെ രോഗികളുടെ പെരുമാറ്റത്തിലും മാനസികാവസ്ഥയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാം. രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഇവയില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണുമെങ്കിലും ഏതുതരം ഡിമെന്‍ഷ്യ ആയാലും മറവിരോഗം ഉള്ളവരില്‍ 80 മുതല്‍ 90 ശതമാനം ആളുകള്‍ക്കും രോഗത്തിന്റെ പല ഘട്ടങ്ങളിലും ഇതുണ്ടാകും. ഇവ രോഗിയുടെ മാത്രമല്ല അവരെ പരിചരിക്കുന്നവരുടെയും ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറവിരോഗ ചികിത്സയില്‍ സ്വഭാവത്തിലും മനോനിലയിലും കണ്ടുവരുന്ന പ്രത്യേകതകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
എന്തൊക്കെയാണ് പ്രത്യേകതകള്‍
1, ഡെല്യൂഷന്‍സ് (Delusions): അകാരണവും അടിസ്ഥാനമില്ലാത്തതുമായ സംശയങ്ങളെയാണ് ''ഡെല്യൂഷന്‍'' എന്ന് പറയുന്നത്. മറവിരോഗം പിടിപെട്ടവരില്‍ ചിലര്‍ക്കിത് ആരംഭകാലത്ത് തന്നെ ഉണ്ടാകും. അവരുടെ സാധനങ്ങള്‍ മറ്റുള്ളവര്‍ എടുക്കുന്നു എന്ന സംശയം ഉയര്‍ന്നു വന്നേക്കാം. വീട്ടിലുള്ളവരെക്കുറിച്ചും അടുത്തുള്ളവരെക്കുറിച്ചുമൊക്കെ ഇത് പറയാം. ചിലര്‍ കള്ളന്മാര്‍ വന്ന് എടുത്തുകൊണ്ടു പോകുന്നു എന്ന് പറയാറുണ്ട്. കൂടാതെ ഭയം ജനിപ്പിക്കുന്ന രീതിയിലുള്ള സംശയങ്ങളും പേടികളും ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്.
2. ഹാലൂസിനേഷന്‍സ് (hallucinations): ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത വസ്തുക്കളെയോ ആളുകളെയോ കാണുക തുടങ്ങി അടിസ്ഥാനമില്ലാത്ത അനുഭവങ്ങളെയാണ് ഹാലൂസിനേഷന്‍സ് അഥവാ ഭ്രമാത്മക്ത എന്നു പറയുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന ഒരവസ്ഥയാണ്. അതുകൊണ്ടു തന്നെ ഇത് അവരില്‍ ഭയവും അസ്വസ്ഥതകളും സൃഷ്ടിച്ചേക്കും. പല രോഗികളും ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ വ്യക്തികള്‍ വന്നിരിക്കുന്നു, വന്നുപോയി, നില്‍ക്കുന്നു എന്നൊക്കെ പറയാറുണ്ട്.
3. വൈകാരിക വിക്ഷോഭവും പെരുമാറ്റത്തിലുള്ള അസ്വസ്ഥതയും (Mental and behavioral /motor agitation): രോഗികളുടെ പെരുമാറ്റത്തിലും സംസാരത്തിലും വൈകാരിക ഭാവങ്ങളിലും സംഭവിക്കുന്ന പെട്ടെന്നുള്ള മാറ്റങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പെട്ടെന്ന് വൈകാരികമായി തളര്‍ന്നു പോകുക, ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുക, മറ്റുള്ളവരുമായി വാശിപിടിക്കുക, പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുക, സാധനങ്ങള്‍ ഒളിപ്പിച്ചു വെക്കുക, കാരണമില്ലാതെ ഉലാത്തുക, അകാരണമായി അലറുകയും കരയുകയും ചെയ്യുക, ആവശ്യമില്ലാതെ പലതരം ശബ്ദങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നിവയെല്ലാം രോഗികളില്‍ കണ്ടെന്നിരിക്കും. രോഗബാധിതര്‍ അവരെ പരിചരിക്കാന്‍ വരുന്നവരോട് നിസ്സഹകരിക്കുന്നതും സാധാരണമാണ്. കുളിക്കുക, വസ്ത്രംമാറുക, മുടിചീകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനെത്തുന്നവരോട് മോശമായി പെരുമാറുക,പുറത്തിറങ്ങി പോകാന്‍ ശ്രമിക്കുക, ദേഷ്യത്തോടെ ശബ്ദങ്ങളുണ്ടാക്കുക, ചീത്ത വാക്കുകള്‍ ഉപയോഗിക്കുക എന്നിവ സാധാരണമാണ്.
ഇതിനെല്ലാം പുറമെ എപ്പോഴും സങ്കടപ്പെട്ടിരിക്കുക, കരയുക, എന്തിനെക്കുറിച്ചും വേവലാതി തോന്നുക, മറ്റുള്ളവരുടെ പുറകെ ആവശ്യമില്ലാതെ നടക്കുക, കാരണമില്ലാതെ ടെന്‍ഷനടിക്കുക എന്നിവയെല്ലാം കാണാം. ചിലരാവട്ടെ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലാതെയും നിസംഗതയോടെ ഉരിക്കാറുണ്ട്. കൂടാതെ സ്ഥലകാലബോധമില്ലാതെ, നഗ്‌നമായും ലൈംഗിക ചേഷടകളോടെയും അശ്ലീലവാക്കുകള്‍ ഉപയോഗിച്ചും സംസ്‌കാരത്തിന് നിരക്കാത്ത രീതിയില്‍ പെരുമാറുന്നതും സ്വാഭാവികമാണ്. ഒരുകാരണവുമില്ലാതെ പെട്ടെന്ന് പെട്ടെന്ന് ദേഷ്യം വരുക, വൈകാരികസ്ഥിരതയില്ലാതെ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുക ചെയ്യുക എന്നതും രോഗികളില്‍നിന്ന് അപ്രതീക്ഷിതമായി ഉണ്ടാവുന്ന പെരുമാറ്റങ്ങളാണ്.
4. പ്രവര്‍ത്തികള്‍ ആവശ്യമില്ലാതെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക: ഉദാഹരണമായി തുപ്പി കൊണ്ടിരിക്കുക, സ്വന്തം ശരീരത്തില്‍ അടിക്കുക, വായില്‍ വിരലിടുക, പല്ല് ഞെരിക്കുക, കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുക എന്നിവയെല്ലാം മസ്തിഷ്കത്തിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറുകള്‍കൊണ്ട് സംഭവിക്കുന്നതാണ്.
5, രാത്രികാലത്തെ പെരുമാറ്റം: ഉറക്കം കുറവ്, ഉറക്കത്തില്‍ നിന്ന് എണീറ്റ് നടക്കുക, കട്ടിലില്‍ കയറി നില്‍ക്കുക, പുറത്തിറങ്ങി പോവുക തുടങ്ങിയവയെല്ലാം ഇക്കൂട്ടര്‍ ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഇത് രോഗിക്ക് അപകടം വരുത്തുകയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.
കാരണങ്ങള്‍
ഇത് പ്രധാനമായും രോഗിയെ സംബന്ധിച്ച ഘടകങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച ഘടകങ്ങള്‍, പരിചാരകരെ സംബന്ധിച്ച ഘടകങ്ങള്‍ എന്നിവയാണ്.
1, രോഗിയെ സംബന്ധിച്ചവ: ഡിമെന്‍ഷ്യയുടെ സ്വഭാവം, രോഗിയുടെ വ്യക്തിത്വം, ശാരീരികവും മാനസികവുമായ രോഗങ്ങള്‍, പെട്ടെന്നുണ്ടായ ശാരീരിക അസുഖങ്ങള്‍ (ഉദാഹരണമായി മലബന്ധം, പനി, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ) എന്നിവയൊക്കെകൊണ്ട് ബിഹേവിയറല്‍ ആന്‍ഡ് സൈക്കോളജിക്കല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാം. കൂടാതെ വിശക്കുമ്പോള്‍ ഭക്ഷണം കിട്ടാതിരിക്കുക, കുളിക്കണം എന്ന് തോന്നുമ്പോള്‍ കുളിക്കാന്‍ കഴിയാതിരിക്കുക, ടോയ്‌ലറ്റില്‍ പേകേണ്ടിവരുമ്പോള്‍ അതിന് കഴിയാതിരിക്കുക തുടങ്ങി രോഗിയുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുകയും വേദന സഹിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നതെല്ലാം രോഗിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇതൊക്കെ ഓരോ രോഗിയിലും വ്യത്യാസമായിരിക്കും. ചിലപ്പോഴൊക്കെ കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.
2. സാഹചര്യങ്ങളെ സംബന്ധിച്ചവ: തീരെ ശ്രദ്ധിക്കാതിരിക്കുകയോ പരിചരിക്കാതിരിക്കുകയോ ചെയ്യുന്നതും എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും അവരുടെ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുകയും ചെയുന്നതും രോഗിക്ക് ഒരുപോലെ ബുദ്ധിമുട്ടുണ്ടാകും. അതേസമയം തങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ആരും ഇല്ലെന്ന തോന്നലും സുരക്ഷിതത്വക്കുറവും ഇവര്‍ക്കുണ്ടാവാനും പാടില്ല. അത് ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. വീടുകള്‍ക്കുള്ളില്‍ ഇവര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഇടങ്ങളിലെ വെളിച്ചക്കുറവ്, നടക്കുന്ന ഭാഗങ്ങളിലെ തടസങ്ങള്‍, ടോയ്‌ലറ്റിലെ സൗകര്യക്കുറവ്, ടോയ്‌ലറ്റിലേക്ക് ഇറങ്ങാനും കയറാനുമുള്ള പടികള്‍ തുടങ്ങിയവ രോഗികളുടെ സുഖകരമായ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്നവയാണ്.
3 പരിചരിക്കുന്നവരെ സംബന്ധിച്ച ഘടകങ്ങള്‍
രോഗികളുടെ പരിചരണം ഏറ്റെടുക്കൂന്നവര്‍ക്കും ചില ഗുണങ്ങള്‍ അത്യാവശ്യമാണ്. രോഗത്തെക്കുറിച്ചും രോഗികളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള അറിവ്, സേവനസന്നദ്ധത, സ്‌നേഹം, ദയ, കാരുണ്യം, ക്ഷമ എന്നീ വികാരങ്ങള്‍ പരിചാരകര്‍ക്ക് ഉണ്ടായിരിക്കണം. പരിചാരകരില്‍ ചിലര്‍ക്ക് സഹാനുഭൂതി, സ്‌നേഹം തുങ്ങിയ നല്ലഗുണങ്ങള്‍ തീരെ ഉണ്ടാവില്ല. ആശയവിനിമയശേഷിയും കുറവായിരിക്കും. ചിലര്‍ക്കാവട്ടെ രോഗിയെ പരിചരിക്കുന്നതോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാനുണ്ടാവും. ഇത് അവരില്‍ മാനസിക സമ്മര്‍ദ്ദവും മടുപ്പും സൃഷ്ടിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയും പരിചരണത്തിന് വിഘാതമാകുന്ന ഘടകമാണ്.
ചികിത്സ
ഇതിന്റെ ചികിത്സയില്‍ ഏതൊന്നിന്റെ ചികിത്സയിലും എന്നപോലെ അതിനു പിറകിലെ കാരണം അറിയണമല്ലോ? അതിലെ പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ് നേരത്തെ സൂചിപ്പിച്ചത്. ഇവയില്‍ ചില ഘടകങ്ങള്‍ മാറ്റാന്‍പറ്റുമെങ്കില്‍ അതാണ് ആദ്യം ചെയ്യേണ്ടത്.
ഈ ലക്ഷണങ്ങള്‍ വളരെ തീവ്രം അല്ലെങ്കില്‍ തുടക്കത്തില്‍ മരുന്നു കൂടാതെയുള്ള ചികിത്സമാര്‍ഗങ്ങള്‍ (Nonpharmacological) ആണ് നല്ലത്. അതേസമയം മരുന്നുകള്‍ വളരെ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സക്ക് ഏറെ ഫലം ലഭിക്കാറുണ്ടെങ്കിലും ഇതോടൊപ്പം മികച്ച പരിചരണവും രോഗിക്കിണങ്ങിയ ചുറ്റുപാടുകളും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സമൂഹവുമായി എപ്പോഴും ഇടപഴകുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് രോഗിക്ക് ചെയ്തുുകൊടുക്കേണ്ട പ്രധാനപ്പെട്ട കാര്യം. ഇതിന് കഴിയാത്തവരെ അങ്ങോട്ടുപോയി സന്ദര്‍ശിക്കാനും സംസാരിക്കാനും സമയം കണ്ടെത്തണം. ഏകാന്തതയെ മറികടക്കാന്‍ ഇവര്‍ക്ക് വളര്‍ത്തു മൃഗങ്ങളുമായി സഹവസിക്കാനുള്ള സംവിധാനം (Pet therapy) ഒരുക്കുകയുമാവാം.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം രോഗികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനും തലച്ചോറിന് വ്യായാമം നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ ചിലതാണ് ''ന്യൂറോ കോക്കനിറ്റീവ് ടെക്ടിക്ട് ഉപയോഗിച്ചുള്ള തെറാപ്യൂടിക് റോബോട്ടുകള്‍. ഗെയിമിംഗ് കണ്‍സോള്‍, ടാബ്ബറ്റ്, കമ്പ്യൂട്ടര്‍ എന്നിവ ഉദാഹരണങ്ങളാണ്. കൂടാതെ ലളിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി കളറിംഗ് ബുക്കുകള്‍, ക്രയോണുകള്‍, പസിലുകള്‍ (Puzzles) എന്നിവയും നല്‍കാം. പഴയ ആല്‍ബങ്ങള്‍ കാണാന്‍ നല്‍കുക, സംഗീതം ആസ്വദിക്കാനും ഓഡിയോ ബുക്കുകള്‍, പ്രസംഗങ്ങള്‍ എന്നിവ കേള്‍പ്പിക്കുക തുടങ്ങിയവയും മികച്ച ഫലം ചെയും.
സുഗന്ധങ്ങള്‍ ഉപയോഗിച്ചുള്ള അരോമ തെറാപ്പി, മ്യൂസിക് തെറാപ്പി, ഇന്‍ഡോര്‍ ആന്‍ഡ് ഓട്‌ഡോര്‍ ഗെയിംസ്, മനസ്സിനെ പ്രചോദിപ്പിക്കുന്ന നിറങ്ങളും വെളിച്ചവും കാഴ്ചകളും ക്രമീകരിച്ചുള്ള മുറികള്‍ (Snoezelen room) എന്നിവയെല്ലാം രോഗികളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. തുടക്കത്തില്‍തന്നെ സമാന്തര ചികിത്സകളായ യോഗ, അക്യൂപങ്ചര്‍, ലൈറ്റ് തെറാപ്പി, പരിചയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും ശബ്ദങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടുള്ള ചികിത്സ (simulated presence therapy) എന്നിവയും ഗുണം ചെയ്‌തേക്കും.
രോഗിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനായി വീടിനുള്ളില്‍ നല്ല വെളിച്ചവും വിശാലമായ ഇടവും ഒരുക്കണം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ചിട്ടയും പുതിയ കാര്യങ്ങള്‍ പരിചപ്പെടാനുള്ള സാഹചര്യവും ഒരുക്കണം. അതേസമയം രോഗിക്ക് പെട്ടെന്ന് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും അതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണം.
പരിചാരകര്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും
പരിചാരകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം രോഗത്തെക്കുറിച്ച് കഴിയുന്നത്ര അവര്‍ മനസ്സിലാക്കുക എന്നുള്ളതാണ്. അത് ഒരു പരിധിവരെ അവരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കും. രാത്രിയിലും പകലിലും രോഗികളെ പരിചരിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ പകരം പരിചാരകരെ തയ്യാറാക്കി നിര്‍ത്തണം. ചുരുക്കത്തില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ശാരീരികവും മാനസികവുമായി വിശ്രമം നല്‍കാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതിനായി കൃത്യമായ ഇടവേളകളില്‍ ഇവര്‍ക്ക് അവധിയും മറ്റ് മാനസികോന്മേഷം ലഭിക്കാനുള്ള അനുവാദവും നല്‍കണം.
ഇതോടൊപ്പം രോഗിയുടെ പെരുമാറ്റങ്ങളില്‍ മാറ്റാന്‍ പറ്റുന്ന ഘടകങ്ങള്‍ കണ്ടുപിടിച്ച് മാറ്റാനും, പരിചാരകര്‍ക്ക് പ്രശ്‌നപരിഹാര കഴിവ് വര്‍ദ്ധിപ്പിക്കാനുള്ള കാണ്‍സിലിങ്ങും ഒരുക്കണം. കൂടാതെ ഇത്തരം പരിചാരകരുടെ ഗ്രുപ്പുകളുണ്ടാക്കി പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുകയും അനുഭവങ്ങള്‍ കൈമാറുകയും ചെയ്യുകവഴി ഇവരുടെ വൈകാരികവസ്ഥ മെച്ചപ്പെടുത്താനാവും. ഇവര്‍ക്ക് ആവശ്യമായ ശാസ്ത്രീയ പരിശീലനവും ബോധവത്കരണവും നല്‍കുന്നതും സേവനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഡിമെന്‍ഷ്യ രോഗികളുടെട കാര്യത്തില്‍ ഏറ്റവും പ്രധാനം ഫലപ്രദമായ ആശയവിനിമയമാണ്. ഇത് പരിചാരകരുടെ വ്യക്തിത്വവുമായി ബന്ധപ്പെടുതാണെങ്കില്‍ കൂടി, അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പരിശീലനങ്ങള്‍ക്ക് കഴിയും. പരിചാരകര്‍ എപ്പോഴും ശാന്തമായ പുഞ്ചിരിയോടെ മൃദുവായ സ്പര്‍ശനംകൊണ്ട് രോഗികളുമായി ഇടപെടാനും പരസ്പരംം കണ്ണുകളില്‍ നോക്കി ആശയവിനിമയം നടത്താനും ശ്രദ്ധിക്കണം. വ്യക്തികളെ പരിചയപ്പെടുത്തുമ്പോള്‍ ''ഇത് ആരാണ്.. എന്ന് ചോദിക്കുന്നതിന് പകരം ഇത് ഇന്നയാളാണ് എന്ന് പറയണം. ഉദാഹരണമായി നിങ്ങളുടെ മകള്‍ യശോദയാണ് എന്ന് പറയുക. വളരെ സാവധാനത്തില്‍ ചെറിയ വാചകങ്ങളില്‍ ആയിരിക്കണം രോഗികളോട് സംസാരിക്കേണ്ടത്
അതുപോലെ ''ഭക്ഷണം വേണോ. എന്നരീതിയില്‍ ലളിതമായ ചോദ്യങ്ങള്‍ ചോദിക്കണം. മറിച്ച് നിങ്ങള്‍ക്ക് ചോറോ കഞ്ഞിയോ എന്താ വേണ്ടത്..: എന്ന് ചോദിക്കരുത്. അത് അത് രോഗിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കും. അതുപോലെ ചോദ്യങ്ങള്‍ രോഗിയെ ആയാസപ്പെടുത്തുന്നത് ആയിരിക്കാനും പാടില്ല. ഇന്ന് എന്തൊക്കെ ചെയ്യാനാണ് ഇഷ്ടം..'' എന്ന് ചോദിക്കുന്നതിന് പകരം ഇന്ന് ചീട്ടു കളിച്ചുകുടെ..: എന്ന് ചോദിക്കാം.
നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ വസതുക്കള്‍ കാണിച്ചുകൊടുത്തുകൊണ്ട് പറയണം. അതായത് ബ്രഷ് എടുക്കൂ എന്ന് പറയാതെ വസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രഷ് എടുക്കുന്നതായി ആംഗ്യം കാണിച്ചുകൊണ്ട് പറയണം. രോഗിക്ക് ദേഷ്യമുള്ള സമയത്ത് അവരെ തിരുത്തുവാനോ അവര്‍ പറയുന്നത് തെറ്റാണെന്ന് പറഞ്ഞ് മനസ്സിലാക്കാനോ ശ്രമിക്കരുത്. കഴിയുന്നതും ''അരുത്'' എന്ന് പറയാതിരിക്കുകയാണ് നല്ലത്. രോഗികള്‍ അവരുടെ ദേഷ്യം അല്ലെങ്കില്‍ സംശയം വാക്കിലോ പ്രവര്‍ത്തിയിലോ കാണിക്കുമ്പോള്‍ അത് വൃക്തിപരമായി എടുക്കുന്നതിന് പകരം അസുഖത്തിന്റെ ലക്ഷണമായി മാത്രം കാണാന്‍ ശ്രമിക്കണം.
ചെറിയ കാര്യങ്ങളില്‍ അവരെ സഹായിക്കേണ്ടി വരുമ്പോള്‍ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കുകയാണ് നല്ലത്. ക്ഷമയോടെ രോഗികളെ ശ്രദ്ധിക്കുകയും അവര്‍ പറയുന്നത് പ്രോത്സാഹിപ്പിക്കുകയും വേണം. അവര്‍ പറയുന്നകാര്യങ്ങള്‍ സുഗമമാക്കാന്‍ അവരെ സഹായിക്കുകയും പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് അതങ്ങിനെയല്ലേ എന്ന് വ്യക്തതവരുത്തുകയും വേണം. രോഗിയുടെ ഭാഗത്തുനിന് നല്ല പ്രവര്‍ത്തികളും പെരുമാറ്റവും ഉണ്ടാവുമ്പോള്‍ അവരെ നന്നായി പ്രോത്സാഹിപ്പിക്കണം. അത് അവരുടെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും.
മറവിരോഗം പാരമ്പര്യ ഘടകങ്ങള്‍ ചേര്‍ന്നതും പ്രായം കൂടിവരുന്നതിനനുസരിച്ച് പ്രതൃക്ഷപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടും പൂര്‍ണ്ണമായി ചികിത്സിച്ചുമാറ്റാന്‍ കഴിയാത്തുകൊണ്ടും ജീവിതശൈലി ക്രമപ്പെടുത്തി ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അസുഖം പിടിപെട്ടുകഴിഞ്ഞാല്‍ രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യംകൂടി കണക്കിലെടുത്തുള്ള ചികിത്സാ സംവിധാനമാണ് അഭികാമ്യം.
Content Highlights: symptoms causes treatment of dementia
Published: 29 Aug 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented