
ആഹ്ളാദത്തോടൊപ്പം ആശങ്കകളും മനസ്സിനെ തേടിയെത്തുന്ന മാസങ്ങളാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗർഭകാലം. താനൊരു അമ്മയാവാൻ പോകുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുന്നതോടെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സ് സന്തോഷംകൊണ്ട് നിറയുക സ്വാഭാവികമാണ്. വ്യക്തി മാത്രമല്ല, ജീവിതപങ്കാളിയടക്കമുള്ള കുടുംബാംഗങ്ങളും ഒന്നടങ്കം ഈ സന്തോഷത്തിൽ പങ്കുചേരുന്നു. അതേസമയം അമ്മയാവാൻ പോകുന്ന വ്യക്തിയുടെ മനസ്സിൽ ഭയം കലർന്ന ആശങ്കകൾ കൂടി നിറയുന്ന ഒരു കാലഘട്ടം കൂടിയാണിത്. ആദ്യമായി ഗർഭിണിയാവുന്ന വ്യക്തികളിലാവട്ടെ ഇത്തരം ആശങ്കകൾ അൽപം കൂടുതലായും കണ്ടേക്കാം.
ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന ദിവസം മുതൽ പ്രസവം നടക്കുന്നതുവരെയുള്ള കാലയളവിൽ ഗർഭിണികൾ പൊതുവെ ശാരീരികവും മാനസികവുമായി ആരോഗ്യവതികളായിരിക്കണമെന്നാണ് വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്നത്. ഇത് ഗർഭിണിയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തിന് വേണ്ടിയാണ്. നമ്മുടെ നാട്ടിലാവട്ടെ പരമ്പരാഗതമായി ഗർഭിണികൾക്ക് പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ട്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയ്ക്ക് പുറമെ ചിലതരം നാട്ടുമരുന്നുകളും പ്രാദേശിക വ്യത്യാസങ്ങളോടെ നൽകിവരാറുണ്ട്. ഇതെല്ലാം ഗർഭിണികളുടെ ശാരീരിക ആരോഗ്യത്തെ ലക്ഷ്യമിട്ട് മാത്രമുള്ളതാണ്. അതേസമയം അവരുടെ മാനസികാരോഗ്യത്തെ ചെറിയ തോതിലെങ്കിലും പരിഗണിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ചടങ്ങുകളോ ആചാരങ്ങളോ ഉള്ളതായി കേട്ടിട്ടില്ല. ഇതിന്റെയെല്ലാം ഫലം പലപ്പോഴും ഗർഭിണിയുടെ മാനസികാരോഗ്യത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ്.
Also Read
ചെക്കപ്പിന്റെ കൂടെ മനസ്സും പരിശോധിക്കണം
മറ്റു സമയങ്ങളെ അപേക്ഷിച്ച് ഗർഭകാലത്ത് മാനസികമായ പല ബുദ്ധിമുട്ടുകൾക്കും സാധ്യതയേറെയാണ്. സമൂഹത്തിന് ഇക്കാര്യത്തിൽ വേണ്ടത്ര അവബോധം ഇല്ലാത്തതിനാൽ തന്നെ ഗർഭിണികളിൽ ചിലരെങ്കിലും നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് പലപ്പോഴും ചികിത്സ ലഭിക്കാറില്ല.
ഇതിനുള്ള പരിഹാരം ഗർഭകാലത്ത് പതിവായി നടത്തുന്ന ചെക്കപ്പിനോടനുബന്ധിച്ച് വ്യക്തികളുടെ മാനസികാവസ്ഥയും പരിശോധിക്കപ്പെടുക എന്നതാണ്. കുഞ്ഞിന്റെയും അമ്മയുടെയും ശാരീരിക ആരോഗ്യത്തിന് വേണ്ട നിർദേശങ്ങളും മരുന്നുകളും കൊടുക്കുന്നതിനോടൊപ്പം തന്നെ അമ്മയുടെ മാനസികോല്ലാസത്തിന് എന്തൊക്കെ ചെയ്യണമെന്ന് ചികിത്സകർ നിർദ്ദേശിക്കേണ്ടതുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ മാനസിക വളർച്ചക്ക് കൂടി അത്യാവശ്യമാണ്. ഗർഭകാലത്തിന്റെ ഓരോ ഘട്ടങ്ങളിലും മാനസികാവസ്ഥ പരിശോധിച്ച് ആശങ്കകൾ ഇല്ലാതാക്കാനും കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിനായി മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് നൽകേണ്ടതുമുണ്ട്. വ്യക്തിയിൽ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടുകയും വേണം.
കാരണങ്ങൾ
അമ്മയാകാൻ പോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പാരമ്പര്യം, പൊതുവെയുള്ള മാനസികാരോഗ്യം, മുൻകാലങ്ങളിലെ മാനസികരോഗത്തിന്റെ സാന്നിധ്യം, ചെറുപ്പകാലത്തെ അനുഭവങ്ങൾ, അവർ നേരിട്ട പീഢനങ്ങളും ചൂഷണങ്ങളും, വ്യക്തിത്വം, ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ, കുടുംബത്തിൽനിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന മാനസിക പിന്തുണ എന്നിവയെല്ലാം ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. ഇതിൽ ജീവിതപങ്കാളിയുടെ പിന്തുണയാണ് ഏറ്റവും പ്രധാനം. തീരുമാനിച്ചുറപ്പിച്ചശേഷം ഗർഭിണി ആയതാണോ, അപ്രതീക്ഷിത ഗർഭമാണോ എന്നതിനും പ്രാധാന്യമുണ്ട്.
ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന സ്വാഭാവികമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വ്യക്തിയുടെ കഴിവുകുറവും മാനസികപ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. പ്രസവം എന്ന പ്രക്രിയയെ കുറിച്ച് വിശദമായി അറിയുന്നതും അത് ഒരു രോഗാവസ്ഥയല്ല എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. മറ്റുള്ളവരിൽ നിന്നുള്ള അനാരോഗ്യകരമായ ഇടപെടലുകൾ, പ്രസവശേഷം ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ, വീട്ടിലെ സൗകര്യക്കുറവ്, സ്വകാര്യത ഇല്ലായ്മ, പരിസര ശുചിത്വക്കുറവ് എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠകളെല്ലാം ഗർഭിണിയുടെ മനസ്സിനെ ആലോസരപ്പെടുത്താറുണ്ട്. ശരീരത്തിലും മനസ്സിലുമുണ്ടാവുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ അടക്കം ഒരുപാട് മാറ്റങ്ങളാണ് ഗർഭകാലത്ത് സംഭവിക്കുക. അതുകൊണ്ടുതന്നെ ഈ കാലത്ത് അലസമായ ജീവിതശൈലി ഒഴിവാക്കി ശാരീരികവും മാനസികവുമായി ആരോഗ്യപ്രദമായ ശൈലികൾ സ്വീകരിക്കേണ്ടതുണ്ട്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം
അമ്മയുടെ ശാരീരിക ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ മാനസികാരോഗ്യത്തിൻറെ കാര്യത്തിൽ ഈ അറിവ് അത്രതന്നെയില്ല. പലപ്പോഴും ശാരീരികാരോഗ്യത്തോളം തന്നെ അല്ലെങ്കിൽ അതിനേക്കാൾ പ്രധാനമാണ് മാനസികാരോഗ്യം. കാരണം നല്ല മാനസികാരോഗ്യമുള്ളയാൾക്കേ ശാരീരിക ആരോഗ്യം പരിപാലിക്കാൻ കഴിയു. ഗർഭകാലമാനസികാരോഗ്യം സുഖപ്രസവത്തിന് വഴിവെക്കുന്നത് പോലെ തന്നെ കുഞ്ഞിൻറെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അമ്മയുടെ മാനസികാരോഗ്യം അത്യന്താപേക്ഷിതമാണ്. മാത്രമല്ല പ്രസവം മുതൽ അമ്മയും കുഞ്ഞുമായുള്ള മാനസികമായ അടുപ്പത്തിനും ഇത് അത്യാവശ്യമാണ്. ഗർഭകാലത്ത് മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് പ്രസവാനന്തരം മാനസിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മാനസിക പ്രശ്നങ്ങൾ
ഗർഭധാരണം, ഗർഭകാലം, പ്രസവം എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ഗർഭിണികളിലും അടുത്ത ബന്ധുക്കളിലും സാധാരണമാണ്. ഗർഭിണികളിൽ 15 മുതൽ 60 ശതമാനം പേരിലും ചെറിയതോതിൽ ഇത്തരം ആശങ്കകൾ കണ്ടുവരാറുണ്ട്. 20 മുതൽ 30 ശതമാനം ആളുകളിൽ ഉത്കണ്ഠയും വിഷാദരോഗവും ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ ചികിത്സ തേടേണ്ടതുണ്ട്. തീവ്രമല്ലാത്ത ഉത്കണ്ഠകൾക്കും വിഷാദാവസ്ഥകൾക്കും കൗൺസിലിംഗ്, സൈക്കോതെറാപ്പി തുടങ്ങിയ ചികിത്സകൾ മതിയാവുമെങ്കിലും ചിലപ്പോഴെല്ലാം മരുന്നുകളും ആവശ്യമായി വരാറുണ്ട്. വിദഗ്ധരായ മനോരോഗ ചികിത്സകരുടെ മേൽനോട്ടത്തിൽ ശ്രദ്ധയോടെ വേണം ഇത്തരം ഘട്ടങ്ങളിൽ മരുന്ന് നൽകാൻ. ചില ഘട്ടങ്ങളിൽ ഇ.സി.ടി പോലുള്ള ചികിത്സാരീതികളും ഫലപ്രദമാണ്.
ലക്ഷണങ്ങൾ
ഉറക്കത്തിൽ ചെറിയ വ്യതിയാനങ്ങൾ ഗർഭകാലത്ത് സാധാരണയായി ഉണ്ടാകാറുണ്ടെങ്കിലും സ്ഥിരമായും നീണ്ടുനിൽക്കുന്നതുമായ ഉറക്കക്കുറവിനെ രോഗലക്ഷണമായി കണേണ്ടതുണ്ട്. അതുപോലെത്തന്നെ അമിതമായ ഉത്കണ്ഠ, നെഞ്ചിടിപ്പ്, മാനസികമായും ശാരീരികമായ വിശ്രമാവസ്ഥ ഇല്ലായ്മ അല്ലെങ്കിൽ എപ്പോഴും മാനസിക സമ്മർദ്ദം അനുഭവപ്പെടുക, പ്രസവവുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കും..? മരിച്ചു പോകുമോ....? കുഞ്ഞ് എങ്ങനെ ആയിരിക്കും..? തുടങ്ങിയ ആശങ്കപ്പെടുത്തുന്ന ചിന്തകൾക്ക് നിരന്തരം വിധേയമാകുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കുഞ്ഞിനേക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളായ കുഞ്ഞിൻറെ ആരോഗ്യം, എന്തെങ്കിലും കാര്യമായ രോഗങ്ങൾ ഉണ്ടായിരിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ അമിതമായി ഉണ്ടാവുന്നത് ഒരു മാനസിക രോഗത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മറ്റ് ചിലർക്കാകട്ടെ കൂടെക്കൂടെ സങ്കടം വരിക, കരയുക, പതിവിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടുക, ഒന്നിനും താൽപര്യമില്ലായ്മ ഉണ്ടാവുക, ജീവിതത്തെക്കുറിച്ച് നിരാശാബോധം, ജീവിതം കൊണ്ട് കാര്യമില്ല എന്ന് തോന്നുക, മരിക്കുകയാണ് പരിഹാരം എന്ന തോന്നൽ എന്നിവയൊക്കെ പൊതുവിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങളായാണ് പരിഗണിക്കുക. ചിലരിൽ ആത്മഹത്യാ പ്രവണതയും കാണാറുണ്ട്. ഇത്തരം അവസ്ഥയിൽ വിദഗ്ധ ചികിത്സ നിർബന്ധമാണ്.
ഗർഭം ധരിക്കുന്നതിന് മുമ്പേ മാനസികരോഗം ഉണ്ടായിട്ടുള്ളവർ
മുൻകാലത്ത് മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. അവരെ ചികിത്സിക്കുന്ന ഡോക്ടറുടെ, അല്ലെങ്കിൽ മനോരോഗ വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കണം ഗർഭധാരണത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ അശ്രദ്ധ കാണിച്ചാൽ ഗർഭകാലത്ത് മരുന്നുകൾ കഴിക്കേണ്ടിവരും. മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന മരുന്നുകളിൽ ചിലത് ഗർഭസ്ഥശിശുവിനെ ബാധിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഗർഭം ധരിച്ച ആദ്യത്തെ മൂന്നു മാസം മരുന്നുകൾ ഒഴിവാക്കാൻ ഡോക്ടർമാർ ശ്രമിക്കുമെങ്കിലും ചില ആളുകളിൽ അവരുടെ രോഗാവസ്ഥ കണക്കിലെടുത്ത് വളരെ സൂക്ഷ്മതയോടെ മരുന്നുകൾ കൊടുക്കാറുണ്ട്. ഗർഭകാലത്ത് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ ശാരീരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അതേസമയം വിദഗ്ദ്ധരായ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സാധാരണ പോലെയുള്ള പ്രസവവും പ്രസവാനന്തരകാലവും മുന്നോട്ടുകൊണ്ടുപോകൻ ഒരു പ്രയാസവും ഉണ്ടാവില്ല.
Content Highlights: Addressing anxiety and depression during pregnancy
Published: 18 Feb 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented