ന്യൂഡൽഹി: ക്യാമ്പസിലെ വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനായും പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായും നിർണായക പരിഷ്കാരങ്ങളുമായി ഐ.ഐ.ടി. ഡൽഹി. സ്വതന്ത്ര 'സ്റ്റുഡന്റ് ഗ്രീവൻസ് ഓംബുഡ്‌സ്‌പേഴ്‌സൺ' നിയമനം, കൂടുതൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും റിക്രൂട്ട്‌മെന്റ്, അധ്യാപകർക്കും ഭരണനിർവഹണ ജീവനക്കാർക്കുമായി നിർബന്ധിത എംപതി (സഹാനുഭൂതി) പരിശീലനം എന്നിവയാണ് പുതിയ നടപടികളിലെ പ്രധാന ഘടകങ്ങൾ.

To advertise here,

ദീർഘകാല അവധിക്കുശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക റീ-എൻട്രി പ്രോട്ടോക്കോളുകളും സ്ഥാപനം നടപ്പിലാക്കും.

ഓഗസ്റ്റ് 22-ന് ക്യാമ്പസിൽ വിദ്യാർഥിയായ ഋഷികേശ് കുമാർ മരണപ്പെട്ട സംഭവത്തെത്തുടർന്ന് അന്വേഷണത്തിനായി രൂപീകരിച്ച സമിതിയുടെ ശുപാർശകൾ പ്രകാരമാണ് നടപടി. റിട്ടയേർഡ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്താ ഗുപ്തയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ എയിംസിലെ മുതിർന്ന വിദഗ്ദ്ധനും രണ്ട് വിദ്യാർഥി പ്രതിനിധികളും അംഗങ്ങളായിരുന്നു.

ഹോസ്റ്റൽ ജീവനക്കാർ, ഭരണനിർവഹണ ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർക്ക് വിദ്യാർഥികളോട് കൂടുതൽ സഹാനുഭൂതിയോടെ പെരുമാറുന്നതിനും അവരുടെ മാനസികാരോഗ്യം മനസ്സിലാക്കുന്നതിനുമായി പ്രത്യേക പരിശീലനം നിർബന്ധമാക്കി.

നിലവിലെ മാനസികാരോഗ്യ വെൽനസ് നയങ്ങൾ പരിശോധിക്കാൻ രണ്ട് മുതിർന്ന മാനസികാരോഗ്യ വിദഗ്ദ്ധരും ഒരു വെൽഫെയർ പ്രൊഫഷണലും വിദ്യാർഥി പ്രതിനിധികളും അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

നവംബർ മൂന്നിന് ചേർന്ന സ്റ്റുഡന്റ് അഫയേഴ്‌സ് കൗൺസിൽ യോഗത്തിൽ വിദ്യാർഥികളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സമയബന്ധിതമായ കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പ്രൊഫഷണൽ ക്ലിനിക്കൽ പരിചരണം, പരാതി പരിഹാര സംവിധാനം, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം എന്നിവ ഏകോപിപ്പിച്ചുകൊണ്ട് വിദ്യാർഥി ക്ഷേമം കൂടുതൽ ശക്തമാക്കാനാണ് ഐഐടി ഡൽഹി ലക്ഷ്യമിടുന്നത്.