ചെറിയൊരു സഹായം ചോദിക്കുമ്പോഴും മറ്റൊരാളോട് അഭിപ്രായം പറയുമ്പോഴും സ്വന്തം ആവശ്യങ്ങൾ തുറന്നുപറയുമ്പോഴുമെല്ലാം 'സോറി' പറയുന്നവരുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മര്യാദയായിരിക്കാം പലരും ഇതിനെ കാണുന്നത്. എന്നാൽ തെറ്റൊന്നും ചെയ്യാത്ത സാഹചര്യങ്ങളിൽപ്പോലും നിരന്തരം ക്ഷമ ചോദിക്കുന്നത് വെറും വിനയത്തിന്റെ ലക്ഷണമാകണമെന്നില്ല. ചിലപ്പോൾ കുട്ടിക്കാലത്തെ അനുഭവങ്ങളും മറ്റുള്ളവരെ പിണക്കുമെന്ന ഭയവും സ്വന്തം ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാനുള്ള മടിയുമാകാം ഈ ശീലത്തിന് പിന്നിൽ.എന്തുകൊണ്ടാണ് ചിലർ എല്ലാത്തിനും ക്ഷമ ചോദിക്കുന്നതെന്ന് വിശദീകരിക്കുകയാണ് മെറ്റൽ ഹെൽത്ത് വിദഗ്ധയായ ഡോ. ചാന്ദ്‌നി തുഗ്‌നൈത്. ഒരു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വിശദീകരിച്ചത്.
ക്ഷമ ചോദിക്കുന്നത് എപ്പോഴും നല്ല ശീലമാണോ?
തെറ്റ് സംഭവിച്ചാൽ അത് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ബന്ധങ്ങൾക്ക് ആവശ്യമാണ്. എന്നാൽ തെറ്റൊന്നും ചെയ്യാത്തപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നിരന്തരം ക്ഷമ ചോദിക്കേണ്ടിവരുന്നത് വ്യത്യസ്തമായ സാഹചര്യമാണ്.ഒരു ചോദ്യം ചോദിച്ചതിനോ സ്വന്തം അഭിപ്രായം പറഞ്ഞതിനോ മറ്റൊരാളുടെ സമയം ആവശ്യപ്പെട്ടതിനോ പോലും ക്ഷമ ചോദിക്കുന്നവരെ നമുക്കുചുറ്റും കാണാനാകുമെന്ന് ഡോ. ചാന്ദ്‌നി പറയുന്നു.
പുറമേ നോക്കുമ്പോൾ ഇത് അമിതമായ മര്യാദയായി തോന്നാം. എന്നാൽ നിരന്തരം ക്ഷമ ചോദിക്കുന്ന ശീലത്തിന് പിന്നിൽ പലപ്പോഴും മുൻകാല അനുഭവങ്ങളും അവ മനസ്സിൽ സൃഷ്ടിച്ച പെരുമാറ്റരീതികളുമുണ്ടാകാമെന്നാണ് വിദഗ്ധയുടെ വിശദീകരണം.ഇത്തരമൊരു ശീലം അസാധാരണമല്ലെന്നും നിരവധി ആളുകളിൽ ഇത് കാണപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വഴക്കുകളും തർക്കങ്ങളും ഒഴിവാക്കാനുള്ള ശ്രമം
ചിലർക്ക് ക്ഷമ ചോദിക്കുന്നത് മറ്റുള്ളവരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനുള്ള മാർഗമാണ്. ഈ ശീലം കുട്ടിക്കാലത്തുതന്നെ രൂപപ്പെട്ടതാകാമെന്ന് ഡോ. ചാന്ദ്‌നി പറയുന്നു. വീട്ടിൽ എപ്പോൾ വേണമെങ്കിലും വഴക്കുണ്ടാകാവുന്ന സാഹചര്യമുണ്ടായിരുന്നവരോ മാതാപിതാക്കളുടെ മാനസികാവസ്ഥ പെട്ടെന്ന് മാറുന്ന അന്തരീക്ഷത്തിൽ വളർന്നവരോ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ക്ഷമ ചോദിക്കുന്നത് ശീലിച്ചിരിക്കാം.മറ്റുള്ളവരെ അനുസരിച്ചാൽ മാത്രമേ സ്‌നേഹവും അംഗീകാരവും ലഭിക്കൂ എന്ന അനുഭവവും ഇതിന് കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് 'സോറി' പറയുന്നത് പ്രശ്‌നങ്ങൾ വഷളാകാതിരിക്കാനുള്ള ഒരു മാർഗമായി പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ പിന്നീട് സുരക്ഷിതമായ അന്തരീക്ഷത്തിലേക്ക് മാറിയാലും പഴയ പ്രതികരണരീതി തുടരാം.അതുകൊണ്ടുതന്നെ ചെറിയൊരു അഭിപ്രായവ്യത്യാസം ഉണ്ടായാൽപ്പോലും സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കിലും ക്ഷമ ചോദിക്കാൻ ചിലർ തയ്യാറാകുന്നു.
താൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്ന തോന്നൽ
സ്വന്തം ആവശ്യങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ചിന്തയും അമിതമായി ക്ഷമ ചോദിക്കുന്നതിന് കാരണമാകാം.ഒരു സഹായം ചോദിക്കുമ്പോഴോ സംശയം ഉന്നയിക്കുമ്പോഴോ സ്വന്തം ആവശ്യങ്ങൾ അറിയിക്കുമ്പോഴോ പോലും ചിലർക്ക് കുറ്റബോധം അനുഭവപ്പെടാം.മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്തുകയാണോ, താൻ പറയുന്നത് അവർക്ക് ഇഷ്ടപ്പെടുമോ, തന്റെ സാന്നിധ്യം അവരെ അസ്വസ്ഥരാക്കുമോ തുടങ്ങിയ ചിന്തകൾ ഇവരെ അലട്ടാം.ഇത്തരം സാഹചര്യങ്ങളിൽ ക്ഷമ ചോദിക്കുന്നത് മറ്റുള്ളവരുടെ നിരസനത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമായി മാറുന്നു.സ്വന്തം ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും മറ്റുള്ളവരുടേതുപോലെ പ്രാധാന്യമുണ്ടെന്ന കാര്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുന്നതും ഈ ശീലത്തെ ശക്തിപ്പെടുത്താം.
എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമം
മറ്റുള്ളവരോട് ദയയോടെയും പരിഗണനയോടെയും പെരുമാറുന്നതും എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതും ഒരുപോലെയല്ല.എന്നാൽ ചിലർ ഇവ രണ്ടും തമ്മിൽ ആശയക്കുഴപ്പത്തിലാകാറുണ്ടെന്ന് വിദഗ്ധ പറയുന്നു.മറ്റൊരാൾക്ക് അസ്വസ്ഥതയുണ്ടാകാതിരിക്കാൻ സ്വന്തം അഭിപ്രായം മാറ്റിവയ്ക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കും സമ്മതം പറയുക, അനാവശ്യമായി ക്ഷമ ചോദിക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ ഇതിന്റെ ഭാഗമാകാം. മറ്റുള്ളവരുടെ സന്തോഷത്തിനും സൗകര്യത്തിനും അമിതമായ പ്രാധാന്യം നൽകുമ്പോൾ സ്വന്തം ആവശ്യങ്ങൾ നിരന്തരം അവഗണിക്കപ്പെടാം. എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമം ഒടുവിൽ സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും തുറന്നുപറയാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നയിച്ചേക്കാം.മറ്റുള്ളവരോട് കരുതലുള്ള വ്യക്തിയായിരിക്കുക എന്നത് സ്വന്തം ആവശ്യങ്ങൾ ഉപേക്ഷിക്കണമെന്നല്ല അർഥമാക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം പരിധികൾ നിശ്ചയിക്കാനുള്ള ഭയം
മറ്റുള്ളവരോട് 'ഇല്ല' എന്ന് പറയാൻ ബുദ്ധിമുട്ടുന്നവരിലും നിരന്തരം ക്ഷമ ചോദിക്കുന്ന ശീലം കാണാം.സ്വന്തം ആവശ്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മുൻപ് തർക്കങ്ങളോ പ്രതികൂല അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ പിന്നീട് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചിലർ ശ്രമിച്ചേക്കാം.ഉദാഹരണത്തിന്, ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് പറയുമ്പോൾപോലും അതിന് മുമ്പും ശേഷവും പലതവണ ക്ഷമ ചോദിക്കുന്നവരുണ്ട്.മറ്റുള്ളവരെ നിരാശപ്പെടുത്തുമെന്ന ഭയം കാരണം സ്വന്തം പരിധികൾ വ്യക്തമാക്കാതിരിക്കുന്നവരുമുണ്ട്.ഇങ്ങനെ ക്ഷമ ചോദിക്കുന്നത് മറ്റുള്ളവരുടെ പ്രതികരണം മയപ്പെടുത്താനുള്ള ശ്രമമായി മാറാം. എന്നാൽ സ്വന്തം ആവശ്യങ്ങൾക്കും സമയത്തിനും പ്രാധാന്യം നൽകാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഈ ശീലം എങ്ങനെ മാറ്റാം?
നിരന്തരം ക്ഷമ ചോദിക്കുന്ന ശീലം മാറ്റുക എന്നത് മറ്റുള്ളവരോടുള്ള കരുതലും പരിഗണനയും കുറയ്ക്കുക എന്നതല്ലെന്ന് ഡോ. ചാന്ദ്‌നി വ്യക്തമാക്കുന്നു.സ്വന്തം സാന്നിധ്യത്തിനോ ആവശ്യങ്ങൾക്കോ നിരന്തരം വിശദീകരണം നൽകേണ്ടതില്ലെന്ന വിശ്വാസം പതുക്കെ വളർത്തിയെടുക്കുകയാണ് പ്രധാനം. ക്ഷമ ചോദിക്കാൻ തോന്നുമ്പോൾ യഥാർഥത്തിൽ താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് സഹായകരമായേക്കാം. തെറ്റില്ലാത്ത സാഹചര്യങ്ങളിൽ അനാവശ്യമായി ക്ഷമ ചോദിക്കുന്നതിന് പകരം ആവശ്യങ്ങൾ വ്യക്തമായും മാന്യമായും പറയാൻ പരിശീലിക്കാം.ഉദാഹരണത്തിന്, സഹായം ചോദിച്ചതിന് ക്ഷമ പറയുന്നതിനുപകരം സഹായിച്ച വ്യക്തിയോട് നന്ദി പറയാം. സ്വന്തം അഭിപ്രായം മറ്റൊരാളുടേതിൽനിന്ന് വ്യത്യസ്തമാണെന്ന കാരണത്താൽ മാത്രം ക്ഷമ ചോദിക്കേണ്ടതില്ല. അതുപോലെ, തനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളോട് മാന്യമായി 'ഇല്ല' എന്ന് പറയാനും പഠിക്കാം.
Content Highlights: Constant apologizing is not always a sign of politeness or humility., Root causes include childhood experiences, fear of conflict, and low self-priority., People-pleasing and fear of setting boundaries often trigger excessive sorry-saying., Practical tips to break the habit include replacing apologies with gratitude and learning to say no.
Published: 28 Oct 2026, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented